ഡൽഹി റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങുമ്പോൾ പ്രതീക്ഷിച്ചതു പോലെ വേലായുധൻനായർ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അപരിചിതമായ സ്ഥലത്തു പരിചയമുള്ള ഒരു മുഖം കാണുന്നത് എത്ര ആശ്വാസകരം. റെയിൽവേസ്റ്റേഷനിൽ നിന്നിറങ്ങി ഞങ്ങൾ ഒരു ടാക്സിയിൽ കയറി. ‘വിനയനഗർ’ എന്നു വേലായുധൻനായർ പറയുന്നതു കേട്ടു. സ്കൂൾ ഓഫ് ഡ്രാമയിൽ അഭിമുഖത്തിനു പോകാൻ വന്നപ്പോൾ വേലായുധൻനായരുടെ താമസസ്ഥലത്തേക്കു സഞ്ചരിച്ച വഴിയേയല്ല പോകുന്നത് എന്നെനിക്കു തോന്നി. ഞാനതു വേലായുധൻനായരോടു ചോദിച്ചു. അപ്പോഴാണു വേലായുധൻനായർ താമസസ്ഥലം മാറിയ കാര്യം എന്നോടു പറയുന്നത്.
ഇപ്പോൾ വിനയനഗറിലെ ക്വാർട്ടേഴ്സിൽ രണ്ടു സുഹൃത്തുക്കളോടൊപ്പം ആണത്രെ വേലായുധൻനായരുടെ താമസം. ‘മാധവൻനായർ വിഷമിക്കേണ്ട അവിടെ നാലോ അഞ്ചോ പേർക്കു താമസിക്കാനും ബുദ്ധിമുട്ടുണ്ടാകില്ല’ എന്നു വേലായുധൻനായർ പറഞ്ഞുവെങ്കിലും എനിക്കതത്ര നല്ല ആശയമായി തോന്നിയില്ല.
യാത്രയ്ക്കിടയിൽ അവിടത്തെ താമസക്കാരെപ്പറ്റി ചെറിയ ഒരു ചിത്രം വേലായുധൻനായർ തന്നു. പ്രധാനിയായ റോസ്കോട്ട് കൃഷ്ണപിള്ള ഓൾ ഇന്ത്യ റേഡിയോയുടെ മലയാള വിഭാഗം തലവനായിരുന്നു. പിന്നെയുള്ളത് അവിടെ തന്നെ വാർത്താ വായനക്കാരനായ മറ്റൊരാൾ. കൃഷ്ണപിള്ളയുടെ ഒൗദ്യോഗികബലത്തിലാണു ക്വാർട്ടേഴ്സ് ലഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബം നാട്ടിലായതിനാൽ ആണു ക്വാർട്ടേഴ്സിൽ ഇവർക്കെല്ലാം താമസിക്കാൻ സൗകര്യം ഉണ്ടായത്.
അങ്ങോട്ടേക്കാണു ഞാൻ കൂടി ചെല്ലേണ്ടത്. ഞാൻ ഒരധികപ്പറ്റാകുമോ എന്നൊരു സംശയം എനിക്കു തന്നെ ഉണ്ടായി. അത്തരം ചിന്തകൾ ഒന്നും വേണ്ട എന്നെന്നോടു വേലായുധൻനായർ തറപ്പിച്ചു പറഞ്ഞു. അതൊരു ധൈര്യമായി. തൽക്കാലം കയറിക്കിടക്കാൻ ഒരിടം. അങ്ങനെ മാത്രമേ ഞാൻ ആ താമസസ്ഥലത്തെ കരുതിയുള്ളൂ. മറ്റൊരു സ്ഥലം കിട്ടിയാൽ ആരെയും ബുദ്ധിമുട്ടിക്കാതെ മാറിക്കൊടുക്കാമെന്നും മനസ്സിൽ കരുതി. വളരെ വേഗം ക്വാർട്ടേഴ്സിലെത്തി. അവിടെ റോസ്കോട്ടും എഐആറിലെ സുഹൃത്തും ഉണ്ടായിരുന്നു. ഹാർദമായ സ്വീകരണമാണ് എനിക്കു ലഭിച്ചത്. ഞങ്ങൾ നാലുപേരും കൂടി പരസ്പരം നാട്ടുവിശേഷങ്ങളും കുടുംബവിശേഷങ്ങളും കൈമാറി. സൗഹൃദത്തിന്റെ പുതിയൊരു ലോകം അവിടെ സൃഷ്ടിക്കപ്പെട്ടു. പെട്ടെന്നു കയ്യിൽ ട്രേയും അതിൽ നാലുഗ്ലാസ് ചായയുമായി ഒരു ചെറുപ്പക്കാരൻ കയറി വന്നു. ഒന്നും മിണ്ടാതെ എന്നാൽ തികഞ്ഞ ചിട്ടയോടും ആദരവോടും കൂടി ഗ്ലാസുകൾ ഞങ്ങൾക്കോരോരുത്തർക്കായി നീട്ടി. ഞങ്ങളെല്ലാവരും അതു വാങ്ങി. ഞാനൊരു കവിൾ കുടിച്ചു. ചായ കൊള്ളാം എന്നൊരു കമന്റ് പാസാക്കണം എന്നു കരുതി ഇരിക്കുമ്പോൾ പെട്ടെന്നു റോസ്കോട്ട് കൃഷ്ണപിള്ളയുടെ ശബ്ദം അവിടെ മുഴങ്ങി. ‘ മാധവൻനായർക്ക് ഇൗ യുവകോമളൻ ആരാണെന്നു മനസ്സിലായോ?
ഞാൻ ഒന്നു നോക്കി. അതെങ്ങനെ മനസ്സിലാകും. ആദ്യമായല്ലേ കാണുന്നത്. എന്നാലും ഞാൻ യുവസുന്ദരനെ ഒന്നു സൂക്ഷിച്ചു നോക്കി. നല്ല ടിപ്ടോപ്പായാണു കക്ഷി വേഷം ധരിച്ചിരിക്കുന്നത്. മുട്ടുവരെ എത്തുന്ന നിക്കറും ടീഷർട്ടും. അതു തന്നെ ടക്ക് ഇൻ ചെയ്തിരിക്കുകയാണ്. ഒറ്റനോട്ടത്തിൽ മോശമല്ലാത്ത ഉദ്യോഗമുള്ള ഒരു ചെറുപ്പക്കാരൻ എന്നാർക്കും തോന്നാവുന്ന വേഷവും പ്രകൃതവും.
പുറത്തേക്കു പോകാൻ നിൽക്കുകയാണെന്നു തോന്നുന്നു. കൃഷ്ണപിള്ളയുടെ വല്ല ബന്ധുവോ മറ്റോ ആണോ ? എനിക്കു സംശയമായി. എന്റെ ഉത്തരം ‘പെട്ടെന്നങ്ങോട്ടു മനസ്സിലായില്ല... ’ എന്നായിരുന്നു. ഉടനെ കൃഷ്ണപിള്ള പറഞ്ഞു, ‘മാധവൻനായർ ഇതാണു നമ്മുടെ ചീഫ് കുക്ക്. പാലക്കാട്ടുകാരൻ സന്തോഷ്കുമാർ... മാധവൻനായർക്ക് എന്തുവേണമെന്നു പറഞ്ഞാൽ മതി അതുണ്ടാക്കി തരും. അതിപ്പോൾ വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ എന്ന ഭേദമേ യില്ല. രണ്ടിലും കക്ഷി എക്സ്പർട്ടാണ്...’ നല്ല കുക്കാണെന്നതു ചായ ഒരു കവിൾ കുടിച്ചപ്പോഴേ എനിക്കു ബോധ്യപ്പെട്ടു. ഇൗ ഡൽഹിയിൽ നിന്ന് ഇങ്ങനെയൊരാളെ എങ്ങനെ സംഘടിപ്പിച്ചെടുത്തു കൃഷ്ണപിള്ള? ചായ കുടിച്ചു തീർത്തിട്ടും അതിനുള്ള ഉത്തരം കിട്ടിയില്ല. സന്തോഷ്കുമാർ കൂടുതൽ ഭവ്യതയോടെ കുടിച്ച ഗ്ലാസുകളെല്ലാം വാങ്ങി ട്രേയിൽ വച്ച് അകത്തേക്കു പോയി. സന്ദർഭവശാൽ ഒരു കാര്യം ഓർത്തുപോകുന്നു. വർഷങ്ങൾക്കു ശേഷം കൈനിക്കര കുമാരപിള്ളയുടെ മാതൃകാമനുഷ്യൻ എന്ന നാടകം ഞാൻ ‘മാന്യശ്രീ വിശ്വാമിത്രൻ’ എന്ന പേരിൽ സിനിമയാക്കി. അതിൽ പ്രധാനകഥാപാത്രമായ മാർത്താണ്ഡൻ തമ്പിയുടെ വീട്ടിൽ ഒരു കുക്ക് ഉണ്ടായിരുന്നു. അടൂർ ഭാസി ആയിരുന്നു ആ വേഷം ചെയ്തത്. ആ കഥാപാത്രവും ഏതാണ്ടു സന്തോഷ്കുമാറിനെ പോലെ വൃത്തിയായി വസ്ത്രധാരണം ചെയ്ത് വെടിപ്പായി മാത്രമേ അടുക്കളയിൽ കയറിയിരുന്നുള്ളൂ. മാർത്താണ്ഡൻ തമ്പിയുടെ ചിട്ടയ്ക്കനുസരിച്ചു ജീവിക്കാൻ പാടുപെടുന്ന പാവം പാചകക്കാരൻ. തിയറ്ററിൽ ആ കഥാപാത്രം ഏറെ കയ്യടി നേടി. സന്തോഷ്കുമാർ അകത്തേക്കു പോയപ്പോൾ കൃഷ്ണപിള്ള പറഞ്ഞു, ‘ആകാശവാണിയിൽ ജോലി തേടി വന്നതാണു കക്ഷി. എന്തുജോലിയും ചെയ്യാൻ സന്നദ്ധൻ. പാചകം അറിയാമെന്നു പറഞ്ഞപ്പോൾ പാവം മലയാളിയല്ലേ ഒന്നു സഹായിച്ചുകളയാമെന്നു കരുതി കൂടി കൂട്ടിയതാ. സത്യം പറയാമല്ലോ. ആൾ ഒന്നാംതരം കുക്കാ. ചിലപ്പോൾ ചില കറികൾ ഇൗ ചെറുപ്പക്കാരൻ വയ്ക്കുന്നതു കൂട്ടിയാൽ പിന്നെ അന്നത്തെ ദിവസം അമൃത് കിട്ടിയാലും നമുക്കു വേണ്ടെന്നു തോന്നിപ്പോകും.
കൃഷ്ണപിള്ള കുക്കിനെ പുകഴ്ത്തിപ്പറഞ്ഞു പറഞ്ഞു പാചകത്തിലെ മറ്റൊരു നളനാക്കിമാറ്റി. അത്രയധികം പുകഴ്ത്തേണ്ടതുണ്ടോ എന്നൊരു തോന്നൽ സ്വാഭാവികമായും എനിക്കുണ്ടായി. ചായ ഇഷ്ടപ്പെട്ടതു കൊണ്ടു ഞാനതു ചോദ്യം ചെയ്യാൻ പോയില്ല.
ഞാൻ അവിടെച്ചെന്നത് ഒരു ശനിയാഴ്ച വൈകിട്ടാണ്. പിറ്റേന്നു ഞായറാഴ്ചയും കൃഷ്ണപിള്ളയ്ക്ക് ആകാശവാണിയിൽ പോകണമായിരുന്നു. പകൽ വേലായുധൻനായർക്കൊപ്പം ആയിരുന്നു എന്റെ കറക്കം.
വൈകിട്ടു സന്തോഷ്കുമാർ വച്ച ചായയൊക്കെ കുടിച്ച് ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ സന്തോഷ്കുമാർ പുറത്തു പോകാൻ തയാറായി. എല്ലാ ഞായറാഴ്ചയും വൈകിട്ട് അയാൾ പുറത്തു പോകും. പിന്നെ അന്നു രാത്രി അത്താഴസമയത്തു മാത്രമേ തിരികെ എത്തൂ.
തിങ്കളാഴ്ച രാവിലെ ഞാൻ സ്കൂൾ ഓഫ് ഡ്രാമയിലേക്ക് പോകാൻ തയാറായി. വേലായുധൻനായർ കൂടെ വരാമെന്നു പറഞ്ഞു. ഒറ്റയ്ക്കു പൊയ്ക്കോളാമെന്നു ഞാൻ പറഞ്ഞു. വിനയനഗർ സ്റ്റേഷനിൽ നിന്ന് ഞാൻ നിസാമുദീനിലേക്കു ട്രെയിൻ കയറി. നിസ്സാമുദീൻ സ്റ്റേഷനിൽ ഇറങ്ങി. ഇനി സ്കൂൾ ഓഫ് ഡ്രാമയിലേക്കുള്ള വഴി കണ്ടെത്തണം. അടുത്തു കണ്ട ഒരാളോടു വഴി ചോദിച്ചു. അയാൾ അയാൾക്കറിയാവുന്ന ഇംഗ്ലിഷിൽ വഴി പറഞ്ഞു തന്നു. അതെനിക്കത്ര മനസിലായും ഇല്ല. പെട്ടെന്ന് ഒരു യുവാവ് എന്റെ കയ്യിൽ പിടിച്ചിട്ട് ഇംഗ്ലിഷിൽ ചോദിച്ചു, ‘ നിങ്ങളും സ്കൂൾ ഓഫ് ഡ്രാമയിലേക്കാണോ?’
യെസ് എന്ന മറുപടി കേട്ടതും അയാൾ ആവേശഭരിതനായി പറഞ്ഞു,‘ഞാനും അങ്ങോട്ടാണ്, എന്റെ കൂടെ വരൂ...’
തേടിയ വള്ളി കാലിൽ ചുറ്റിയ അനുഭവം. ഞങ്ങളൊരുമിച്ച് പരസ്പരം പരിചയപ്പെട്ട് സ്കൂൾ ഓഫ് ഡ്രാമ എന്ന മഹത്തായ സ്ഥാപനത്തിലേക്ക് നടന്നുകയറി.
ആദ്യബാച്ചിൽ അഞ്ചു പെൺകുട്ടികൾ ഉൾപ്പെടെ ഞങ്ങൾ 18 പേരാണുണ്ടായിരുന്നത്.
എന്നെക്കാൾ മൂത്തവരായിരുന്നു ഭൂരിഭാഗവും. എല്ലാവരും നല്ല ഒന്നാംതരം നാടകപ്രവർത്തകർ. ചുരുങ്ങിയ ദിവസം കൊണ്ട് എല്ലാവരുമായും പരിചയപ്പെട്ടു. കൂട്ടത്തിൽ ബിഹാറിയും പഞ്ചാബിയും ബംഗാളിയും തെലുങ്കനും മഹാരാഷ്ട്രക്കാരനും എല്ലാം ഉണ്ടായിരുന്നു. ഭാഷ പലതാണെങ്കിലും ഞങ്ങളെ ഒന്നിപ്പിക്കാൻ ‘നാടകം’ എന്ന ത്രൈയക്ഷരി ഉണ്ടായിരുന്നു.
ഛൊബി സെൻ ഗുപ്ത എന്ന കൽക്കട്ടക്കാരിയായ സഹപാഠി ഡിഫൻസിൽ ഉദ്യോഗസ്ഥനായിരുന്ന ഒരാളുടെ ഭാര്യയായിരുന്നു. അവർ ലോധി റോഡിലുള്ള സർക്കാർ ക്വാർട്ടേഴ്സിലാണു താമസം. താമസിക്കാൻ ഒരു സ്ഥലം ഞാൻ അന്വേഷിക്കുന്നതായി അറിഞ്ഞ അവർ എനിക്ക് ഒരു ചാറ്റർജി കുടുംബത്തെ പരിചയപ്പെടുത്തി.
അവരും ക്വാർട്ടേഴ്സിലാണു താമസം. അതിലെ ഒരു മുറി വാടകയ്ക്ക് കൊടുക്കാൻ അവർ തയാറായിരുന്നു. അന്നു ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നവരെല്ലാം ഇതു പോലെ ഒരു മുറി വാടകയ്ക്കു നൽകിയിരുന്നു. അതവർക്ക് നല്ലൊരു വരുമാനമായിരുന്നു. എന്നെപ്പോലുള്ള പലർക്കും വലിയ ഉപകാരവും.
ഞാൻ പോയി വീടു കണ്ടു. ഇഷ്ടപ്പെട്ടതിനാൽ ഉടൻ തന്നെ അങ്ങോട്ടു മാറാൻ തീരുമാനിച്ചു.
റോസ്കോട്ട് കൃഷ്ണപിള്ളയോടും വേലായുധൻനായരോടും ഞാൻ എന്റെ തീരുമാനം പറഞ്ഞു. അവർ എതിർത്തില്ല.
അടുത്ത ഞായറാഴ്ച വൈകിട്ട് എന്റെ സാധനങ്ങളെല്ലാം കാറിലാക്കി. സഹായിക്കാൻ സന്തോഷ്കുമാർ കൂടെ ഉണ്ടായിരുന്നു. ഇൗ സാധനങ്ങളെല്ലാം ചുമന്നു കാറിൽ വയ്ക്കുമ്പോഴും അവന്റെ വേഷം ക്ലാസായിരുന്നു. അലക്കിത്തേച്ച പാന്റ്സ്. ടക്ക് ഇൻ ചെയ്തിട്ടിരിക്കുന്ന ഫുൾക്കൈ ഷർട്ട്. ഇടയ്ക്കു ഞാൻ സന്തോഷ് കുമാറിനോടു ചോദിച്ചു, ‘സന്തോഷേ എവിടെയാ എല്ലാ ഞായറാഴ്ചയും വൈകിട്ട് പോകുന്നത്....?
ഒട്ടും മടി കൂടാതെ സന്തോഷ് പറഞ്ഞു, ‘എന്റെ സാറേ അതു ഞാൻ എയർഫോഴ്സിന്റെ മെസിൽ പോകുന്നതാണ്. ആഴ്ചയിൽ ഒരു നേരമെങ്കിലും വായ്ക്ക് രുചിയോടെ എന്തെങ്കിലും കഴിക്കണ്ടേ ?
ആ വാചകം എന്നെ ഞെട്ടിച്ചു കളഞ്ഞു. പാചകത്തിൽ നളന്റെ സ്ഥാനം ഞങ്ങൾ ഓരോരുത്തരും കൽപിച്ചു നൽകിയ സന്തോഷ്കുമാർ പറയുന്നു അവൻ ആഴ്ചയിൽ ഒരു നേരമെങ്കിലും നല്ല ആഹാരം കഴിക്കുന്നതിനു വേണ്ടിയാണു മെസിൽ പോകുന്നത് എന്ന്...
അപ്പോൾ സ്വന്തം പാചകവൈദഗ്ധ്യത്തിന് അവനിട്ട മാർക്കെത്ര ഞങ്ങൾ കൊടുത്ത മാർക്കെത്ര? സ്വയം വട്ട പൂജ്യമിട്ട് നടക്കുന്ന ഒരുവന്റെ പാചകകലയ്ക്കാണല്ലോ ഇൗശ്വരാ ഞങ്ങൾ നൂറിൽ നൂറിട്ടത് എന്നോർത്തപ്പോൾ അത്ഭുതം തോന്നി. നല്ല ദേഹണ്ഡക്കാരൻ നല്ല വായ്ക്കുരുചി ഉള്ളവനാകണമെന്നില്ല എന്ന കയ്ക്കുന്ന സത്യം ഞാൻ അന്നു മനസ്സിലാക്കി.
English Summary : Madhu Mudrakal by actor madhu-19