ADVERTISEMENT

പ്രകൃതിയും കടലും പുഴകളും യാത്രകളും മാത്രമല്ല, വാനവിസ്മയത്തിന്റെ കാഴ്ചകളിലേക്കും കടക്കുകയാണു ടൂറിസം. ചന്ദ്രനെയും മറ്റു നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ക്ഷീരപഥത്തെയും കുറച്ചുകൂടി അടുത്തറിയാൻ കഴിയുന്ന അത്ഭുതസംവിധാനവുമായി അസ്ട്രേ‍ാ ടൂറിസത്തിലേക്കാണു രാജ്യത്തിന്റെ യാത്ര.

പ്രകാശമലിനീകരണം കുറവായ അന്തരീക്ഷത്തിന്റെ പ്രത്യേകതകൾ അനുഭവിച്ചറിയാവുന്ന സംവിധാനത്തേ‍ാടെയാണ് ബെംഗളൂരുവിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒ‍ാഫ് അസ്ട്രോഫിസിക്സിന്റെ (ഐഐഎ) നേതൃത്വത്തിലുള്ള അസ്ട്രേ‍ാടൂറിസം പദ്ധതി പൂർത്തിയാകുന്നത്. ഐഐഎയുടെ ആദ്യവനിതാ ഡയറക്ടറായ മലയാളി ഡേ‍ാ. അന്നപൂർണിയുടെ നേതൃത്വത്തിലുള്ള സംഘമാണിതിനു ചുക്കാൻ പിടിച്ചത്. ലഡാക്കിലെ സരസ്വതി മൗണ്ട്സിലെ ഹാൻലെയിൽ, 22 കിലേ‍ാമീറ്റർ ചുറ്റളവിൽ സ്ഥാപിച്ച ഡാർക്ക് സ്കൈ റിസർവ് പ്രേ‍ാജക്റ്റിലൂടെയാണ് ഈ വാനവിനേ‍ാദസഞ്ചാരം.

പ്രാണവായു ഇവിടെ അപൂർവമാണ്. വായുവിൽ ജലത്തിന്റെ അംശവും തീരെ കമ്മി. ഇതിനിടയിലാണ് അനന്തവും അജ്ഞാതവുമായ ലേ‍ാകം നിരീക്ഷിക്കേണ്ടത്. വാനശാസ്ത്രത്തെക്കുറിച്ചു കേട്ടുകേൾവിപേ‍ാലുമില്ലാത്ത സ്ഥലത്തെ ആദിവാസികളും ‍ഡാർക്ക് സ്കൈ റിസർവ് പദ്ധതിയുടെ ഭാഗമാണെന്നതും പ്രത്യേകതയാണ്. പ്രാദേശിക സാമ്പത്തിക വികസനം ഇതിന്റെ ലക്ഷ്യമാണ്. ലഡാക്ക് സ്വയംഭരണമേഖലാ ഭരണകൂടത്തിന്റെയും വികസന കൗൺസിലിന്റെയും സഹകരണത്തേ‍ാടെയുളള പ്രോജക്ട് ഉടൻ ഔദ്യേ‍ാഗികമായി രാജ്യത്തിനു സമർപ്പിക്കും. നിലവിലുള്ള ഐഐഎ ക്യാംപിനേ‍ാടുചേർന്നാണു പുതിയ സംവിധാനം. സ്വപ്നപദ്ധതിയെക്കുറിച്ച് ഐഐഎ ഡയറക്ടർ ഡേ‍ാ.അന്നപൂർണി സുബ്രഹ്മണ്യം പറയുന്നു.

വാനശാസ്ത്ര ടൂറിസത്തെക്കുറിച്ച്

ആർക്കുവേണെങ്കിലും ലഡാക്കിലെ ഡാർക്ക് സ്കൈ റിസർവിലെത്താം. അവിടെനിന്നുള്ള കാഴ്ചകൾ താരാപഥത്തെയും സൂര്യനെയും ചന്ദ്രനെയും ഇഷ്ടപ്പെടുന്നവർക്കു പ്രത്യേക അനുഭവമായിരിക്കും.

അവയുടെ ഉദയാസ്തമയങ്ങൾ ഇവിടെ നിന്നു വളരെ വ്യക്തമായി നിരീക്ഷിക്കുന്നതിനെ‍ാപ്പം പരിസരത്തെ വന്യജീവിസംരക്ഷകേന്ദ്രത്തിലെ കാഴ്ചകളും ദർശിക്കാം. സഞ്ചാരികൾക്കായി ഇവിടെ വിസിറ്റിങ് സെന്ററുണ്ട്. അവിടെ നിന്നു ഡാർക് സ്കൈ റിസർവിനെക്കുറിച്ച‌ു വ്യക്തമായി അറിയാനാകും. സ്ഥലത്തു നിർമിച്ച ഹേ‍ാംസ്റ്റേകളിലിരുന്നു ടെലിസ്കേ‍ാപ്പുവഴിയും കണ്ണുകൾകെ‍ാണ്ട് നേരിട്ടും നക്ഷത്രങ്ങളെയും ഇതര ഗ്രഹങ്ങളെയും കാണാം.

സഞ്ചാരികൾക്ക് സ്വന്തമായി ഉപകരണങ്ങൾ കെ‍ാണ്ടുപേ‍ായി അസ്ട്രേ‍ാ ഫേ‍ാട്ടേ‍ാഗ്രാഫി ചെയ്യാൻ അനുവാദമുണ്ട്. ഘട്ടംഘട്ടമായി പദ്ധതി കൂടുതൽ വികസിപ്പിക്കും. ഹേ‍ാംസ്റ്റേ സൗകര്യവും കൂടുതലുണ്ടാക്കും. ഇസ്രേ‍ായുടെയും ബാർക്കിന്റെയും (ഭാഭ ആറ്റേ‍ാമിക് എനർജി കമ്മിഷൻ) ഗവേഷണപദ്ധതികളും ഡാർക്ക് സ്കൈ റിസർവിലുണ്ട്.

ഹാൻലേ തിരഞ്ഞെടുത്തതിന് പിന്നിൽ?

പ്രകാശമലിനീകരണം കുറവായതിനാലും ആകാശം വളരെ വ്യക്തമായി കാണാൻ കഴിയുമെന്നതു കെ‍ാണ്ടുമാണ് അസ്ട്രേ‍ാടൂറിസത്തിനായി ഹാൻലേ തിരഞ്ഞെടുത്തത്. 20 വർഷം മുൻപാണ് ഇവിടെ ഇന്ത്യൻ അസ്ട്രേ‍ാണമിക്കൽ ഒബ്സർവേറ്ററി സ്ഥാപിച്ചത്. ഇവിടം ഉയരത്തിലുള്ള തണുത്ത മരുഭൂമിയായതിനാൽ (കേ‍ാൾഡ് ഡസേർട്ട്) പച്ചപ്പു തീരെയില്ല.

ചാങ്തങ് വന്യജീവിസങ്കേതത്തിന്റെ ഭാഗമാണ് ഹാൻലേ എന്നതിനാൽ അസ്ട്രേ‍ാ ടൂറിസം സങ്കേതത്തിന്റെ സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്. ആദ്യകാലത്ത് ദക്ഷിണേന്ത്യയിൽ മാത്രമാണ് ഒബ്സർവേറ്ററികൾ സ്ഥാപിച്ചത്. എന്നാൽ മഴക്കാലത്ത് അവിടങ്ങളിൽ നിരീക്ഷണം സാധ്യമല്ലാതായിരുന്നു. നീണ്ട അന്വേഷണങ്ങൾക്കെ‍ാടുവിൽ 1990ൽ ഹിമാലയത്തിൽ യേ‍ാജിച്ച സ്ഥലം കണ്ടെത്തി. തുടർന്ന് 2000ത്തിൽ ആദ്യം ലഡാക്കിലെ ഹാൻലേയിൽ ഒ‍ാബ്സർവേറ്ററി സ്ഥാപിച്ചു.

ആദിവാസികളുടെ പങ്കാളിത്തം

പ്രദേശത്ത് എത്തിപ്പെടുന്നത് അത്ര എളുപ്പമല്ല. അതിനാൽ ബെംഗളൂരുവിൽ നിന്നു സാറ്റലൈറ്റ് വഴിയാണു ശാസ്ത്രജ്ഞർ ടെലിസ്കേ‍ാപ്പിന്റെ പ്രവർത്തനം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. പദ്ധതിയുടെ നിയന്ത്രണത്തിനും ഭരണപരമായ കാര്യത്തിനും അവിടെ എൻജിനീയർമാരുൾപ്പെടെ സ്ഥിരം ജീവനക്കാരുണ്ട്. ഭൂമിയുടെ കിടപ്പും, കലാവസ്ഥയും പ്രതികൂലമായതിനാൽ ലഡാക്കിലേക്ക് ആദ്യമ‍െ‍ാന്നും യാത്രക്കാർ എത്തിയിരുന്നില്ല. പിന്നീട് അവിടെ റേ‍ാഡുകളും മറ്റു നിർമാണങ്ങളും വന്നതേ‍ാടെ സഞ്ചാരികളും കൂടി. എന്നാൽ സ്ഥലത്തെ ആദിവാസികളുടെ ജീവിതം മെച്ചമായിരുന്നില്ല. കൃഷിയും കുലത്തെ‍ാഴിലായ ആടുവളർത്തലും കെ‍ാണ്ട് കഷ്ടിച്ചാണ് അവർ ജീവിക്കുന്നത്. ഇപ്പേ‍ാൾ 25 ആദിവാസി യുവജനങ്ങൾക്കു പരിശീലനം നൽകി ഡാർക്ക് സ്കൈ റിസർവിൽ നിയമിച്ചു. അതിൽ പകുതിയും വനിതകളാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്കുളള ഒരു കേന്ദ്രം ആദിവാസികളുടെ നേതൃത്വത്തിലാണ് നടത്തുന്നത്. അവിടെ നിന്നുളള വരുമാനം അവർക്കുള്ളതാണ്. അവരുടെ തനത് ഉൽപന്നങ്ങൾ ഇവിടെ വിൽക്കാം.

നിയന്ത്രണങ്ങൾ എത്രത്തേ‍ാളം

സമുദ്രനിരപ്പിൽ നിന്ന് 4200 മീറ്റർ ഉയരത്തിലുളള പ്രദേശമായ ലഡാക്കിൽ പ്രാണവായുപേ‍ാലും ശരിക്കു ലഭിക്കാൻ സാധ്യതയില്ല. ഡാർക്ക് സ്കൈ റിസർവിൽ ചില കർശന നിയന്ത്രണങ്ങളുണ്ട്. അന്തരീക്ഷത്തിൽ പ്രകാശമലിനീകരണം ഇല്ലാതാക്കാൻ ലൈറ്റുകൾക്കു ഷെയ്ഡ് ഉപയേ‍ാഗിക്കും. ആകാശത്തേക്കു പ്രകാശം പരക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ പരിസരങ്ങളിലും ചെയ്യേണ്ടതുണ്ട്. മുറികളിൽ കർട്ടൻ നിർബന്ധമാണ്. വൈകുന്നേരത്തേ‍ാടെ വാഹനങ്ങൾക്കും നിയന്ത്രണമുണ്ടാകും.

അടുത്തത് സൂര്യദൗത്യം

ഇസ്രോയുമായി ചേർന്നു സൂര്യനെയും ബാഹ്യവലയങ്ങളെയും കൂടുതൽ പഠിക്കാൻ ആദിത്യ എൽ–1 ദൗത്യമാണ് ഐഎഎയുടെ അടുത്തപ്രേ‍ാജക്ട്. സൂര്യനെക്കുറിച്ച് ഇതുവരെ അറിഞ്ഞതിൽ കൂടുതൽ കാര്യങ്ങൾ ലഭ്യമാക്കാനുളള ഇത്തരത്തിലുളള ആദ്യശ്രമമാണിത്.

ജൂലൈയിൽ പിഎസ്എൽവി റേ‍ാക്കറ്റിൽ ഇതു വിക്ഷേപിക്കാനാണ് തയാറെടുപ്പ്. ഐഐഎയുടെ ഹേ‍‍ാസാനക്കേ‍ാട്ടയിലെ ഫീൽഡ് സ്റ്റേഷനായ സെന്റർഫേ‍ാർ റിസർച് ആൻഡ് എജ്യുക്കേഷൻ ഇൻ സയൻസ് ആൻഡ് ടെക്നോളജി ക്യാംപസിൽ 15 വർഷത്തിലധികം നീണ്ട കഠിശ്രമങ്ങൾക്കു ശേഷമാണു വിക്ഷേപണത്തിനാവശ്യമായ വിഇഎൽസി പേലേ‍ാഡ് നിർമിച്ചത്.

ഭൂമിക്കും സൂര്യനും ഇടയിലുള്ള സ്ഥലത്തെയാണ് എൽ 1 എന്ന് വിശേഷിപ്പിക്കുന്നത്. സാധാരണ സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ശ്രമങ്ങൾക്കു ഭൂമിയുടെ നിഴൽ തടസ്സങ്ങളുണ്ടാക്കുമെങ്കിലും എൽ–1 ൽ നിന്നുള്ള പഠനത്തിന് ഇതുണ്ടാകില്ലെന്നതാണു ദൗത്യത്തിന്റെ നേട്ടം. എൽ–1 ൽ നിന്നു സൂര്യനെ കൃത്യവും വ്യക്തവുമായി കാണാനാകും. മൈസൂരുവിൽ 80 കേ‍ാടി രൂപ ചെലവിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയേ‍ാഗിച്ച് പ്ലാനറ്റേറിയം നിർമിക്കാനുളള പദ്ധതിക്കും നടപടി തുടങ്ങി.

ഡോ. അന്നപൂർണി

ഡോ. അന്നപൂർണി

പാലക്കാട് താരേക്കാട്ടെ സംഗീതവിദ്വാൻ കെ.എസ്.നാരായണസ്വാമിയുടെയും ചെമ്പൈ സംഗീതകേ‍ാളജ് അധ്യാപികയായിരുന്ന പരേതനായ ആർ.രമണിയുടെയും ഏക മകളായ അന്നപൂർണി മികച്ച വയലിൻ വായനക്കാരി കൂടിയാണ്. ഭർത്താവ് സേ‍ാഫ്റ്റ് വെയർ എൻജിനീയർ പാലാ സ്വദേശി രമേഷ് സുബ്രഹ്മണ്യം. മകൾ ലക്ഷ്മി ജർമനിയിൽ ഗണിതശാസ്ത്രത്തിൽ പിജി വിദ്യാർഥിയാണ്. മകൻ കാർത്തിക് എൻജിനീയറിങ്ങിനു പഠിക്കുന്നു. 

English Summary :Sunday Special abot tour to sky

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com