ADVERTISEMENT

ഉപേക്ഷിക്കപ്പെട്ട പുരാതന കല്ലറകൾക്കു ചുറ്റും കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഏബ്രഹാം ബെൻഹർ ഉണ്ട്. മണ്ണടിഞ്ഞിട്ടില്ലാത്ത മഹാശിലായുഗ സ്മാരകങ്ങളിൽ ഉയിർത്തെഴുന്നേൽപ്പു കാത്തുകിടക്കുന്ന ചരിത്രം തേടിയുള്ള യാത്രയിലാണു ബെൻഹർ. ഇപ്പോഴും തുടരുന്ന യാത്ര. വയനാട്ടിലെ കാപ്പിത്തോട്ടത്തിലും ഇസ്രയേലിലെ ഗോലാൻ കുന്നുകളിലും പാക്കിസ്ഥാനിലെ കറാച്ചിയിലും ഒരേപോലുള്ള ശിലായുഗ സ്മാരകങ്ങൾ വന്നതെങ്ങനെയെന്ന ചോദ്യത്തിനുത്തരം തേടിയുള്ള സഞ്ചാരം. കല്ലറകളിലെ ചരിത്ര ശേഷിപ്പുകൾക്കായി ഈ 78 വയസ്സുകാരൻ കടന്നുചെല്ലാത്ത സ്ഥലങ്ങളില്ല. വയനാട് കൃഷ്ണഗിരിയിലെ ബെൻഹറിന്റെ കാപ്പിത്തോട്ടത്തിൽ കണ്ടെത്തിയ ഏഴു കല്ലറകളിൽനിന്നാണു യാത്രയുടെ തുടക്കം. അവിടെനിന്നു മറ്റു ജില്ലകളിലേക്കും തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും ആന്ധ്രാപ്രദേശിലേക്കുമെല്ലാം കല്ലറകൾ തേടി ബെൻഹർ പുറപ്പെട്ടു. ചരിത്രത്തിന്റെ ഇരുൾമൂലകളിലേക്കു തിരിവെളിച്ചം കൊളുത്തിവച്ച ആ കൽക്കൂനകളെക്കുറിച്ചു പഠനമാരംഭിച്ചു. ഇസ്രയേലിൽനിന്നാരംഭിച്ച മനുഷ്യമഹാപ്രയാണത്തിന്റെ ബാക്കിപത്രമാണ് ഈ ശിലാസ്മാരകങ്ങളെന്നു ബെൻഹർ അനുമാനിക്കുന്നു. കാലപ്രവാഹത്തിലെവിടെയോ നഷ്ടപ്പെട്ടുപോയ ഒരു ജനപഥത്തിന്റെ അറിയാക്കഥകൾ അടക്കം ചെയ്ത സ്മാരകശിലകൾ! വർഷങ്ങൾ നീണ്ട യാത്രകളിലൂടെയും ഗവേഷണത്തിലൂടെയും ബെൻഹർ എത്തിച്ചേർന്ന നിഗമനങ്ങൾ ഏറെ കൗതുകകരം.

നഷ്ടപ്പെട്ട ദശഗോത്രങ്ങൾ

ക്രിസ്തുവിന് 722 വർഷം മുൻപുള്ള സംഭവമാണ്. ഇസ്രയേലിൽ അസീറിയൻ ചക്രവർത്തിയായ സർഗോൻ രണ്ടാമന്റെ ആക്രമണമുണ്ടാകുന്നു. പതിനായിരക്കണക്കിന് ഇസ്രയേലികളെ ബന്ദികളാക്കി അസീറിയൻ സാമ്രാജ്യത്തിലെ ഹാബോരിലും ഗോസാൻ നദീതീരത്തും മേദ്യയിലും സർഗോൻ രണ്ടാമൻ താമസിപ്പിച്ചു. ആർക്കും പിന്നീടു സ്വദേശത്തേക്കു തിരിച്ചുപോകാനായില്ല. നഷ്ടപ്പെട്ട ദശഗോത്രങ്ങൾ എന്നറിയപ്പെട്ട ആ ജനതതി പിന്നീട് അഫ്ഗാനിസ്ഥാനിലേക്കും ചൈനയിലേക്കും ജപ്പാനിലേക്കും ഇംഗ്ലണ്ടിലേക്കും കൊറിയയിലേക്കുമെല്ലാം പോയി. ഒരുകൂട്ടർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുമെത്തി. അങ്ങനെ ലോകമെമ്പാടും പടർന്ന പുരാതന ജൂതന്മാർ അവശേഷിപ്പിച്ച ചരിത്ര അടയാളങ്ങളാണു വെട്ടുകൽ ഗുഹകളായും മുനിയറകളായും തൊപ്പിക്കല്ലുകളായും കുടക്കല്ലുകളായും വീരക്കല്ലുകളായും ഇന്നു വിളിക്കപ്പെടുന്നതെന്നു ബെൻഹർ പറയുന്നു. ഏകദേശം മൂവായിരം വർഷം മുൻപുതന്നെ ഇസ്രയേലിൽനിന്നുള്ള തർശീഷ് കപ്പലുകൾ മൂന്നു കൊല്ലത്തിലൊരിക്കൽ മലബാറിൽ വന്നുപോയിരുന്നു. സ്വർണവും ചന്ദനവും ആനക്കൊമ്പും മയിലും കുരങ്ങുമെല്ലാം മലയാളനാട്ടിൽനിന്നു കടൽകടന്നു. മലമ്പാതകൾ കാൽനടയായി താണ്ടിയും കപ്പലിൽ വ്യാപാരത്തിനുമെത്തിയ ജൂതർ കുറെപ്പേർ പിന്നീട് ഈ നാട്ടിൽ തുടർന്നു. പതിയെ ഇവിടത്തുകാരായി മാറി.

അതിശയകരമായ സാമ്യങ്ങൾ

കേരളത്തിൽ മിക്ക ജില്ലകളിൽനിന്നും വിവിധ തരം കല്ലറകളും മൃദദേഹസംസ്കാരത്തിനുപയോഗിച്ച നന്നങ്ങാടികളുമെല്ലാം കണ്ടെത്തിയിട്ടുണ്ട്. കല്ലറ, ഭൂഗർഭ കല്ലറ അഥവാ ശ്മശാനഗുഹ, നന്നങ്ങാടി എന്നിങ്ങനെ മൂന്നു തരത്തിലുള്ള സംസ്കാരരീതികൾ ഇവിടെ കാണാനാകും. മറയൂരിലും ചിന്നക്കനാലിലുമുൾപ്പടെ ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലെ മുനിയറകൾക്ക് ഇസ്രയേലിലെ കല്ലറകളോടു നല്ല സാമ്യമുണ്ട്. തൃശൂരിലും വയനാട്ടിലും കണ്ടെത്തിയ കിഴക്കുഭാഗത്ത് ഒന്നരയടി വ്യാസമുള്ള ദ്വാരങ്ങളോടു കൂടിയ കല്ലറകൾ ഇസ്രയേലിലെ ഗോലാൻ കുന്നുകളിലും ജറുസലേം, ജോർദാൻ താഴ്‌വരകളിലും യുക്രെയ്നിലും റഷ്യയിലുമുണ്ട്. കല്ലറകളുടെ മുഖദ്വാരങ്ങളിലൂടെ അകത്തുകടന്നുള്ള തൈലാഭിഷേകവും അസ്ഥികൾ ശേഖരിച്ച് മൺകുടങ്ങളിലാക്കുന്ന രീതിയുമെല്ലാം പുരാതന ജൂതന്മാരുടേതായിരുന്നു. കേരളത്തിൽ കണ്ടെത്തിയ കല്ലറകളിലും ഇതേ രീതി പിന്തുടരുന്നു. ദ്വാരങ്ങൾക്കെല്ലാം ശിലാപാളികൾ കൊണ്ടുള്ള അടപ്പും കാണാം. ഇസ്രയേലിൽ ചുണ്ണാമ്പുകല്ല് ധാരാളമായുള്ള സ്ഥലങ്ങളിൽ അവ തുരന്നു ഗുഹകളുണ്ടാക്കി മൃതദേഹങ്ങൾ സംസ്കരിച്ചു. കേരളത്തിലെത്തിയ ജൂതന്മാർ ചുണ്ണാമ്പുകല്ലിനു പകരം ചെങ്കല്ല് തുരന്ന് ഗുഹാശ്മശാനങ്ങളുണ്ടാക്കി. കരിങ്കല്ല് സുലഭമായ പ്രദേശങ്ങളിൽ കല്ലറകളിലായി സംസ്കാരം. ഇസ്രയേലിലെ മാതൃകയിൽത്തന്നെയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും വയനാട്ടിലെയും മറയൂരിലെയുമെല്ലാം കല്ലറകൾ. തൈലാഭിഷേകം നടത്താനുള്ള ദ്വാരം, അതിന്റെ വ്യാസം, കാലപ്പഴക്കം, മേൽക്കൂരക്കല്ല് എന്നിവയിലെല്ലാം അമ്പരപ്പിക്കുന്ന സാമ്യമുണ്ട്. വലിയ ശിലാപാളികളും ശിലാഖണ്ഡങ്ങളും കൊണ്ടുള്ള നിർമാണരീതിയും ഒരുപോലെ. തൃശൂരിലെ കാട്ടകാമ്പാലിൽ ചെങ്കല്ലിൽ കൊത്തിയ ഗുഹാശ്മശാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. Catacomb അഥവാ ഭൂഗർഭ ഗുഹാശ്മശാനം എന്നർഥം വരുന്ന ഇംഗ്ലിഷ് വാക്കിൽനിന്നാണു കാട്ടകാമ്പാൽ എന്ന സ്ഥലനാമമുണ്ടായതെന്ന് ബെൻഹർ കരുതുന്നു. ഇസ്രയേലിലെ ചുണ്ണാമ്പുകൽമലകളിൽ കണ്ട ഗുഹാശ്മശാനങ്ങൾ (Catacomb)ക്കു സമാനമായ പുരാതന നിർമിതികൾ കണ്ടെത്തിയ സ്ഥലം കാട്ടകാമ്പാൽ ആയി. ഇത്തരം ഗുഹകളിലാണു യേശുവിന്റെയും ലാസറിന്റെയുമെല്ലാം മൃതദേഹം അടക്കം ചെയ്തത്.

പടയോട്ടങ്ങളുടെ കഥ, രാജാക്കന്മാരുടെയും

വയനാട്ടിൽ ബത്തേരിക്കു സമീപം പാതിരിക്കുന്നിൽ കൊളഗപ്പാറയുടെ താഴ്‌വാരത്താണ് ഏബ്രഹാം ബെൻഹറിന്റെ താമസം. മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളുള്ള കുപ്പക്കൊല്ലിയുടെയും അമ്പുകുത്തിമലയുടെയും എടക്കൽ ഗുഹയുടെയുമെല്ലാം സമീപപ്രദേശം. വീടിനോടു ചേർന്ന കാപ്പിത്തോട്ടത്തിൽ 1970 ലാണ് ആദ്യമായി കല്ലറകൾ കണ്ടെത്തിയത്. ഒട്ടേറെ ഗവേഷകരും ചരിത്രവിദ്യാർഥികളും പഠനങ്ങൾക്കായി വന്നു. കല്ലും ഇരുമ്പും കൊണ്ടുള്ള ആയുധങ്ങൾ, തൈലപ്പെട്ടികൾ, പാത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ കല്ലറകളിലുണ്ടായിരുന്നു. അതിപുരാതന കാലം മുതൽ വയനാട്ടിൽ ജനവാസമുണ്ടായിരുന്നുവെന്നതിന്റെ അടയാളം. മൃതദേഹം സംസ്കരിക്കുന്നതിനോ മരിച്ചവരുടെ ഓർമകൾ നിലനിർത്തുന്നതിനോ വേണ്ടിയുള്ളതാണ് ഈ നിർമിതികളെന്നതിൽ ചരിത്രകാരന്മാർക്കിടയിൽ തർക്കമില്ല. പഠനങ്ങൾ പലതു നടന്നെങ്കിലും ഇവ ഏതു പ്രാചീന ജനസമൂഹത്തിന്റേതായിരുന്നുവെന്നതിന് ഇനിയും കൃത്യമായ തെളിവു ലഭിച്ചിട്ടില്ല. നാലുവശവും കൽപ്പാളികൾ സ്ഥാപിച്ച് മുകളിൽ കൽമേൽക്കൂരയുള്ളതാണ് കൃഷ്ണഗിരിയിലെ സ്മാരകങ്ങൾ. കല്ലറയിലേക്ക് ഒരാൾക്കു നൂണ്ടിറങ്ങാൻ പാകത്തിലുള്ള വഴിയുണ്ട്. കല്ലുകൾ ധാരാളം ലഭിക്കുന്നിടത്ത് ഇത്തരം അറകളിലും കല്ല് കിട്ടാത്തിടത്തു മൺകുടങ്ങളിലുമായിരുന്നു സംസ്കാരം. നന്നങ്ങാടികളിലും കുടക്കല്ലുകളിലും നാട്ടുകല്ലുകളിലും കൽഗുഹകളിലുമൊക്കെ പൂർവികരുടെ മരിക്കാത്ത ഓർമകളുണ്ട്. രാജാക്കന്മാരുടെയും സാമ്രാജ്യങ്ങളുടെയും പടയോട്ടങ്ങളുടെയും കഥകളുറങ്ങുന്നുണ്ട്.

ഏബ്രഹാം ബെൻഹർ

കുടകുമല താണ്ടിയെത്തിയ ജൂതൻ

കുടകുമല വഴിയെത്തിയ ജൂതവ്യാപാരികൾ വയനാട്ടിലും ഏറെക്കാലം തമ്പടിച്ചിരുന്നുവെന്നു ജീവനിസ്റ്റ് ബുക്സ് പ്രസിദ്ധീകരിച്ച മഹാശിലാസംസ്കാരം എന്ന പുസ്തകത്തിൽ ബെൻഹർ വിശദീകരിക്കുന്നു. വയനാടൻ കാടുകളിൽ സുലഭമായിരുന്ന കുരുമുളകും ചന്ദനവും മഞ്ഞളും ശേഖരിച്ച് വണികസംഘങ്ങൾ വഴി ഉത്തരേന്ത്യയിലേക്കയയ്ക്കുകയായിരുന്നു ലക്ഷ്യം. മൗര്യകാലത്ത് കുടകുമല താണ്ടി വയനാട്ടിൽ വന്നുചേർന്ന ജൂതന്മാർ ഏതുകാലത്തു തിരിച്ചുപോയെന്നതിനു തെളിവില്ല. കേരളത്തിൽ മഹാശിലായുഗസ്മാരകങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളെല്ലാം പ്രവാസികളായ ജൂതവ്യാപാരികളുടെ ആവാസകേന്ദ്രങ്ങളായിരുന്നു. കേരളത്തിലെ ആദിമക്രൈസ്തവർ, തോമാശ്ലീഹായിൽനിന്നു ക്രിസ്തുമത വിശ്വാസം സ്വീകരിച്ച ബ്രാഹ്മണരായിരുന്നുവെന്ന പാരമ്പര്യത്തെയും ബെൻഹർ മറ്റൊരു തരത്തിലാണു വിശദീകരിക്കുന്നത്. തോമാശ്ലീഹ കേരളത്തിലെത്തിയ എഡി 52ൽ ഇവിടെ നമ്പൂതിരിമാർ ഉണ്ടായിരുന്നില്ല. തോമാശ്ലീഹാ കേരളത്തിലേക്കു കപ്പൽ കയറിയത് യഹൂദന്മാരെ സുവിശേഷം അറിയിക്കാനാണ്. കേരളക്കരയിൽ തോമാശ്ലീഹായിൽനിന്ന് ആദ്യമായി ക്രിസ്തുമതം സ്വീകരിച്ചതു ജൂതന്മാരായിരുന്നു. ഇന്ത്യയിലെത്തിയ ദശഗോത്രക്കാർ രത്നം, പട്ട്, കമ്പിളി എന്നിവയുടെ നിർമാണത്തിലൂടെയും വ്യാപാരത്തിലൂടെയും വലിയ സമ്പന്നരായി. അബ്രഹാമിന്റെ പിൻഗാമികൾ എന്ന അർഥത്തിൽ ‘അബ്രാമർ’ എന്നറിയപ്പെട്ട ദശഗോത്ര ഇസ്രയേലുകാർ ആര്യന്മാരുടെ വരവോടെ പിന്നീട് ഭാഷാരീതികളുടെ പ്രത്യേകതകളാൽ ‘ബ്രാഹ്മണർ’ എന്നു വിളിക്കപ്പെട്ടു. ഇസ്രായേൽ ഗോത്രത്തിൽനിന്നു കാണാതെപോയ ആ കുഞ്ഞാടുകളെത്തേടിയാണു തോമാശ്ലീഹാ എത്തിയതെന്നാണു ബെൻഹറിന്റെ ഭാഷ്യം. സഹ്യപർവതമെന്ന പേരിൽപോലും യഹൂദസ്പർശമുണ്ടെന്നും അദ്ദേഹം കരുതുന്നു. ദശഗോത്ര ഇസ്രയേലുകാർ ഉദുമൽപേട്ട, മറയൂർ വഴി ഇടുക്കിയിലെത്തി മലമ്പ്രദേശങ്ങളിൽ വാസമുറപ്പിച്ചു. ആനമല കൊടുമുടി ഉൾപ്പെടുന്ന മലനിരകൾക്ക് അവർ സെഹിയോൻമല എന്നു പേരിട്ടു. സെഹിയോനിൽനിന്നാണു സഹ്യപർവതം എന്ന പേരുണ്ടായതെന്നാണ് ബെൻഹറിന്റെ വ്യാഖ്യാനം. മട്ടാഞ്ചേരിയിലും പറവൂരിലും യഹൂദ കോളനികൾ സ്ഥാപിതമാകുന്നതിനു മുൻപു തന്നെ ഇന്ത്യയിൽ ജൂതന്മാരെത്തിയിരുന്നുവത്രേ. ഈ വാദങ്ങളെല്ലാം തെറ്റാണെന്നു പറയുന്നവർക്കിടയിലും ഐതിഹ്യങ്ങളും മിത്തുകളും ഇഴപിരിയാനാകാത്തവിധം ചേർന്നു കിടക്കുന്ന ശിലായുഗ അവശേഷിപ്പുകൾ കൂടുതൽ സൂക്ഷ്മമായ പഠനങ്ങൾക്കർഹതയുള്ള സ്മാരകങ്ങളാണെന്ന കാര്യത്തിൽ തർക്കമില്ല.

‍രക്തബന്ധുക്കളുടെ വ്യാപനം

പട്ടൻ അഥവാ പട്ടർ, ഭട്ട്, ഭട്ടതിരി തുടങ്ങിയ പദങ്ങളെല്ലാം പഠാൻ അഥവാ പത്താൻ എന്ന പഷ്തൂൺ വാക്കിൽനിന്നാണുത്ഭവിക്കുന്നതെന്നും ഇതെല്ലാം ഇസ്രയേലിലെ 10 ഗോത്രങ്ങളെയാണു സൂചിപ്പിക്കുന്നതെന്നും ബെൻഹർ പറയുന്നു. അഫ്ഗാനിസ്ഥാനിൽ ഇന്നും ഉപയോഗത്തിലുള്ള ബ്രാഹുയി എന്ന ദ്രാവിഡഭാഷയിൽ പത്തിനു തമിഴിലും മലയാളത്തിലുമെന്നതുപോലെ പത്ത് എന്നു തന്നെയാണു പറയുക. ഇതിൽനിന്നാണ് ദശഗോത്രങ്ങളെ സൂചിപ്പിക്കാൻ പഷ്ത്തൂണിൽ പത്താൻ എന്ന വാക്ക് രൂപപ്പെട്ടതെന്ന് പദോൽപ്പത്തി ശാസ്ത്രം. നീലഗിരിയിലെ ഗോത്രവർഗക്കാരായ തോഡരും യഹൂദപാരമ്പര്യമുള്ളവരാണെന്നും ബെൻഹറിന് അഭിപ്രായമുണ്ട്. മോശ എഴുതിയ 5 പുസ്തകങ്ങളുടെ പൊതുനാമമായ തോറയിൽനിന്നാണ് തോഡർ എന്ന വാക്ക് ഉണ്ടായതത്രേ. തോറ പിന്തുടർന്നവർ തോഡർമാരായി. യഹൂദരുടെ പിൻഗാമികളായ തോഡരുടെ വാസസ്ഥലം ജൂതമണ്ഡലം എന്ന അർഥത്തിൽ ഉദകമണ്ഡലം (ഊട്ടി) എന്നു വിളിക്കപ്പെട്ടു! ഈ ജനസമൂഹത്തിൽനിന്ന് ഒരുകൂട്ടർ ഊട്ടിയിൽനിന്നു മലയിറങ്ങി പൊള്ളാച്ചിക്കടുത്ത് വാസമുറപ്പിച്ചപ്പോൾ ആ ദേശം ജൂതമലപേട്ട അഥവാ ഉദുമൽപേട്ടയായി. ഇവിടെനിന്നു ജൂതർ മറയൂരിലേക്കു നീങ്ങിയതിന്റെ തെളിവാണ് അവിടെ കാണപ്പെടുന്ന കല്ലറക‌ൾ. തോ‍‍ഡർമാരുടെ നീണ്ട ശരീരവും തവിട്ടുനിറവും തടിച്ചുയർന്ന മൂക്കും രോമക്കെട്ടുള്ള ദേഹപ്രകൃതിയും ചൂണ്ടിക്കാട്ടിയാണ് അവരുടെ യഹൂദപാരമ്പര്യം ബെൻഹർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

പൂർവപിതാക്കന്മാരെത്തേടി

കേരളത്തിലെ മാർത്തോമാ പാരമ്പര്യം അവകാശപ്പെടുന്ന നസ്രാണികൾ, അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ഖാൻമാർ, കശ്മീരിലെയും ഉത്തരാഖണ്ഡിലെയും ഹിന്ദു-മുസ്‌ലിം വിഭാഗക്കാരായ ഭട്ട്മാർ, ബംഗാളിലെ ഭട്ടാചാര്യമാർ, കർണാടകയിലെ കുടകർ തുടങ്ങിയവരെല്ലാം യഹൂദപാരമ്പര്യത്തിന്റെ പിന്മുറക്കാരാണെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. ഒരു വിഭാഗം ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൂർവപിതാക്കന്മാർ ഒന്നായിരുന്നുവെന്ന സാക്ഷ്യപ്പെടുത്തൽ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രസക്തമാണു താനും. വടക്കേ ഇന്ത്യയിലെ പഠാൻമാർ, തെലുങ്കുനാട്ടിലെ റാവുമാരും റാവുത്തർമാരും, തമിഴ് ബ്രാഹ്മണർ എന്നിവരിലെല്ലാം പുരാതന യഹൂദൻ നരവംശ ശാസ്ത്രപരമായി നിലനിൽക്കുന്നുവെന്നാണു ബെൻഹർ കണ്ടെത്തുന്നത്‍. എന്നാൽ, ഇത്തരം സിദ്ധാന്തങ്ങൾക്കൊന്നും മുഖ്യധാരാ ചരിത്രകാരന്മാർക്കിടയിലും പുരാവസ്തുഗവേഷകർക്കിടയിലും അംഗീകാരമില്ല. തെളിവുകളുടെയും വിശദമായ പഠനങ്ങളുടെയും അഭാവവും ചരിത്രരചനാസങ്കേതങ്ങളിലെ പോരായ്മകളും ചൂണ്ടിക്കാട്ടി ബെൻഹറിന്റെ നിഗമനങ്ങൾ തള്ളിക്കളയുന്നവരാണേറെയും. ബെൻഹർ അതു വകവയ്ക്കുന്നുമില്ല. ചരിത്രസെമിനാറുകളും പുസ്തകരചനയും പഠനങ്ങളുമൊക്കെമായി മുന്നോട്ടുതന്നെ.

അടിയന്തരാവസ്ഥക്കാലത്ത് കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷണവിദ്യാർഥിയായിരിക്കെ കക്കയം ക്യാംപിൽ അതിക്രൂര മർദനത്തിനിരയായതു വഴിയാണ് ഏബ്രഹാം ബെൻഹർ അറിയപ്പെടുന്നത്. അക്കാലത്ത് സോഷ്യലിസ്റ്റ് വിദ്യാർഥി നേതാവായിരുന്നു. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് നക്സൽ ബന്ധമാരോപിച്ച് ബെൻഹറിനെ പിടികൂടി കക്കയം ക്യാംപിലെത്തിച്ചു. ഉരുട്ടൽ അടക്കമുള്ള പൊലീസിന്റെ മർദനമുറകൾക്ക് ബെൻഹറും വിധേയനായി. ഗവേഷണം മുടങ്ങി. 14 മാസത്തിനു ശേഷം ജയിൽമോചിതനായ ബെൻഹർ 1977 ഏപ്രിൽ 21ന് കോഴിക്കോട്ടു നടത്തിയ പത്രസമ്മേളനത്തിലാണ് കക്കയം ക്യാംപിലെ ക്രൂരതകളും പൊലീസ് മർദനത്തെത്തുടർന്ന് രാജൻ കൊല്ലപ്പെട്ട വിവരവും പുറത്തു പറയുന്നത്. പുറത്തിറങ്ങിയ ബെൻഹർ സാമൂഹികപ്രവർത്തനങ്ങളിൽ സജീവമായി. കാപ്പിക്കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ഒട്ടേറെ സമരങ്ങൾ നടത്തി. പച്ച നിറത്തിലെ പട്ടാളയൂണിഫോം സ്ഥിരവേഷമാക്കി.

മൂവാറ്റുപുഴയിൽ ജനിച്ച് 1950ൽ മാതാപിതാക്കൾക്കൊപ്പം വയനാട്ടിലേക്കു കുടിയേറിയ ഏബ്രഹാം ബെൻഹർ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തരബിരുദം നേടി. വിദ്യാർഥിയായിരിക്കെ ആനുകാലികങ്ങളിൽ ലേഖനമെഴുതുമ്പോൾ ഒരു വ്യത്യസ്തതയ്ക്കായി എം.എം. ഏബ്രഹാം എന്ന 'സാധാരണ' പേര് ഏബ്രഹാം ബെൻഹർ എന്നാക്കി. 1997ൽ ദേശീയ പുരസ്കാരം നേടിയ ‘റാബിയ ചലിക്കുന്നു’ എന്ന ഡോക്യുമെന്ററിയുടെ നിർമാതാവാണ്. ഭാരതത്തിലെ ജൂതക്രിസ്ത്യാനികൾ, മഹാശിലാസംസ്കാരം, ജൂതഭാരതം, തോമാപ്പാതയിലെ ഏഴരപ്പള്ളികൾ തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ. ഭാര്യ: ആനി, മകൻ: നിത്യൻ

English Summary : Sunday Special about  historic lessons from tomb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com