ADVERTISEMENT

ഡൽഹിയിലെ ലോധി കോളനിയിലുള്ള ചാറ്റർജിയുടെ ക്വാർട്ടേഴ്സിലേക്കു ഞാൻ താമസം മാറി. ചാറ്റർജിയും  ഭാര്യയും രണ്ടു കുട്ടികളും ( മൂത്തത് മകൾ ഇളയത് മകൻ ) അടങ്ങുന്ന കുടുംബത്തിലേക്ക് പുതിയ ഒരംഗമായി ഞാനും കൂടി. 

ചാറ്റർജി നല്ല ഒരു കലാകാരനും സംഘാടകനും ആസ്വാദകനുമൊക്കെയായിരുന്നു. പോരാത്തതിനു ലോധി കോളനിയിലെ ബംഗാളി അസോസിയേഷന്റെ ശക്തനായ പ്രവർത്തകനും. ചാറ്റർജിയുടെ വീടിന്റെ ടെറസിലാണു മിക്കവാറും കലാപരിപാടികളുടെ റിഹേഴ്സൽ നടന്നിരുന്നത്. വൈകുന്നേരങ്ങളിൽ നടക്കുന്ന ഇൗ പരിശീലനങ്ങൾ കണ്ടിരിക്കാൻ ഞാനും ടെറസിൽ പോകുമായിരുന്നു. നാടകം പഠിക്കാൻ എത്തിയ ആൾ എന്ന ഒരു ഇഷ്ടവും വാത്സല്യവും ചാറ്റർജിയുടെ  എന്നോടുള്ള പെരുമാറ്റത്തിലുണ്ടായിരുന്നു. പുതിയ താമസ സ്ഥലവുമായി എനിക്കു പെട്ടെന്ന് ഇണങ്ങിച്ചേരാൻ സാധിച്ചു. 

ഇവിടെ നിന്നു ട്രെയിനിൽ തന്നെയാണ് സ്കൂൾ ഓഫ് ഡ്രാമയിലേക്കു പോകേണ്ടിയിരുന്നത്. ട്രെയിനിൽ എന്നോടൊപ്പം എൻഎസ്ഡിയിലേക്കു വരാൻ ഹീര ചഡ്ഡ എന്ന പെൺകുട്ടിയും ഉണ്ടായിരുന്നു. അലഹബാദുകാരിയായ പഞ്ചാബി. ഹീരയുമായിട്ടുള്ള ആശയവിനിമയത്തിന് എന്നെ സഹായിച്ചത് ഹിന്ദിയാണ്. ട്രെയിനിലെ ഒറ്റയ്ക്കുള്ള അറുബോറൻ യാത്രയിൽ നിന്ന് എന്നെ രക്ഷിച്ചത് ഹീരയാണ്.  

നാടകപഠനം എന്നു കേൾക്കുമ്പോൾ എന്തെല്ലാം ചിന്തകളാണോ മനസ്സിൽ ഉണ്ടാകുക അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തവും രസകരവുമായിന്നു സ്കൂൾ ഓഫ് ഡ്രാമയിലെ സിലബസ്. അഭിനയം പഠിപ്പിക്കുന്നതിന്റെ ചീഫ് ഷീല ഭാട്യ ആയിരുന്നു.  അക്കാലത്തു തന്നെ പ്രശസ്തമായ പല നാടകങ്ങളും നിർമിക്കുകയും സംവിധാനം ചെയ്യുകയുമൊക്കെ ചെയ്തിരുന്ന അപൂർവം വനിതകളിൽ ഒരാളായിരുന്നു ഭാട്യ. അഭിനയത്തിനും നാടകസാഹിത്യത്തിനും പുറമേ വസ്ത്രാലങ്കാരം, സെറ്റ് ഒരുക്കം നിർമാണം, ശിൽപനിർമാണം, പെയ്ന്റിങ്, ഡാൻസ്, വോയ്സ് കൾചർ, യോഗ തുടങ്ങിയ വിവിധ കാര്യങ്ങൾ പഠിക്കുകയും ചെയ്യുകയും വേണം.

ആദ്യ പീരിയഡ് എല്ലാ ദിവസവും ഡാൻസ് ആണ്. മികച്ച ഒരു നർത്തകി തന്നെയാണ് അതു പഠിപ്പിക്കാൻ എത്തിയിരുന്നത്. നാട്ടിൽ സ്ത്രീകൾക്കുള്ള കലാരൂപം എന്ന മട്ടിൽ ഞാൻ തഴഞ്ഞിട്ടിരുന്ന സർവ നൃത്തരൂപങ്ങളും അവർ ഞങ്ങളെ പഠിപ്പിക്കാൻ ശ്രമിച്ചിരുന്നു. ശരീരം ഫ്ലെക്സിബിൾ ആക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഡാൻസിൽ ഞാനൊരു സമ്പൂർണവിജയമായിരുന്നില്ല. പിൽക്കാലത്ത് സിനിമയിലും നൃത്തരംഗം വരുമ്പോൾ ഞാൻ ബുദ്ധിമുട്ടുമായിരുന്നു. എന്റെ ശരീരം അതിന് അനുയോജ്യമായിരുന്നില്ല. അനുയോജ്യമാക്കാൻ ഞാനൊട്ടു ശ്രമിച്ചുമില്ല. 

എന്നിട്ടും ചില സംവിധായകർ അവരെക്കൊണ്ടാവും വിധം എന്നെ ന‍ൃത്തം ചവിട്ടിച്ചിട്ടുണ്ട്. സംവിധായകൻ ജോഷി ഒരുദാഹരണമാണ്. അദ്ദേഹത്തിന്റെ ആരംഭം എന്ന ചിത്രത്തിൽ പ്രേംനസീറിനോടും ഉമ്മറിനോടും ഒപ്പം ‌ഒരു പാട്ടുസീനിൽ എന്നെക്കൊണ്ട് ഡാൻസ് ചെയ്യിക്കുന്നുണ്ട്. അതിനെ ഡാൻസ് എന്നു വിശേഷിപ്പിക്കാമോ എന്ന് എനിക്കിപ്പോഴും സംശയമാണ്. ചേലൊത്ത പുതുമാരൻ.....എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പമായിരുന്നു എന്റെ ചുവടുവയ്പ്. 

സ്കൂൾ ഓഫ് ഡ്രാമയിലെ നൃത്താധ്യാപിക കർക്കശക്കാരിയാണ്. അവർ ഞങ്ങൾ 18 പേരുടെയും നൃത്തം സൂക്ഷ്മമായി വിലയിരുത്തുമായിരുന്നു. എന്നെക്കാൾ പ്രായമുള്ള മറ്റു പല നാടകവിദ്യാർഥികളും അത്യാവശ്യം നന്നായി നൃത്തം ചെയ്യുമ്പോഴും ഞാൻ ഉഴപ്പുകയാണെന്ന് അവർക്കു തോന്നി. എന്റെ കയ്യും കാലും ഒന്നും അവർ ഉദ്ദേശിക്കുന്ന വേഗത്തിലും രീതിയിലും ചലിച്ചിരുന്നില്ല. 

കുറച്ചു ദിവസം എനിക്കു കൂടുതൽ എക്സർസൈസ് ഒക്കെ അവർ തന്നു നോക്കി. പിന്നീട് അവർ എന്നെ നൃത്തം പഠിപ്പിച്ചേ ‌അടങ്ങൂ എന്ന വാശി ഉപേക്ഷിച്ചു. വെറുതേ നടക്കാത്ത കാര്യത്തിനു വാശി പിടിച്ചിട്ടു വല്ല കാര്യവുമുണ്ടോ. എന്റെ ഡാൻസിന്റെ കാര്യത്തിൽ അവരുടെ പിടിവാശി കുറഞ്ഞുവന്നു. ഒടുവിൽ അത് തീരെ ഇല്ലാതായി.  ഇതു പോലെ ആയിരുന്നു വോയ്സ് കൾചർ എന്ന പീരിയഡും. തൊണ്ട പരമാവധി തുറന്നുവരുന്നതിനുള്ള  പ്രയോഗങ്ങളായിരുന്നു ഇവിടത്തെ പ്രധാനശിക്ഷണം. 

1) ജോഷി 2) സി.എൻ. ശ്രീകണ്ഠൻ നായർ
1) ജോഷി 2) സി.എൻ. ശ്രീകണ്ഠൻ നായർ

സാരിഗമപധനി....ആരോഹണത്തിലും  അവരോഹണത്തിലും എല്ലാം ഞങ്ങളെക്കൊണ്ടു പാടിച്ചു കൊണ്ടിരുന്നു. അതേതായാലും ഞാൻ നന്നായി ചെയ്തു. കഥാപാത്രങ്ങൾക്കു നല്ല ശബ്ദം അത്യന്താപേഷിതമാണല്ലോ. തൊണ്ടയ്ക്കും ശരീരത്തിനും നല്ല വ്യായാമം എല്ലാ ദിവസവും ലഭിച്ചു. ഡാൻസ് ക്ലാസും വോയ്സ് കൾചർ ക്ലാസും ഞങ്ങളുടെ ശരീരത്തെയും ശാരീരത്തെയും മെരുക്കി മയക്കി ഒരു പരുവമാക്കി.

നാടകം പഠിക്കാൻ വന്ന ‍ഞാൻ മരപ്പണിയും പഠിച്ചു. തടി മുറിക്കാനും അതു കൊണ്ടു നാടകത്തിനാവശ്യമുള്ള സെറ്റ് ഉണ്ടാക്കാനും ‍ഞങ്ങളെ പഠിപ്പിച്ചു. സെറ്റിന് അനുയോജ്യമായ രീതിയിൽ വർണങ്ങൾ തിരഞ്ഞെടുക്കാനും അതിൽ പെയിന്റടിക്കാനും ആയിരുന്നു പിന്നീടുള്ള ശിക്ഷണം. പെയ്ന്റിങ്ങിന്റെ ക്ലാസ് കഴിഞ്ഞ് മോൾഡിങ് എന്ന ശിൽപനിർമാണം. 

കോസ്റ്റ്യൂം ഡിസൈനിങ് എന്ന കോഴ്സ് പഠിച്ചപ്പോൾ ഞാൻ കരുതി തയ്യലും പഠിപ്പിച്ചേ ഇവർ വിടൂ എന്ന്. ഭാഗ്യം പക്ഷേ അതു വേണ്ടിവന്നില്ല.  ചരിത്രകഥാപാത്രത്തെ അവതരിപ്പിക്കേണ്ടി വരുമ്പോൾ അതിനനുയോജ്യമായ വേഷം തിരഞ്ഞെടുക്കേണ്ട വിധം,  അതല്ല മറ്റൊരു സാമൂഹികചുറ്റുപാടിൽ നിന്നു വരുന്ന കഥാപാത്രമാണെങ്കിൽ അവർക്ക്  ഇണങ്ങുന്ന വേഷമേതെന്നു തിരഞ്ഞെടുക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു അവിടെ പഠിപ്പിച്ചിരുന്നത്.

ഇതിനെല്ലാം പുറമേ റീഡിങ് അഥവാ വായന എന്നൊരു പീരിയഡ് ഉണ്ടായിരുന്നു. അവിടെ ആദ്യം ഒരു നാടകമെടുത്ത് ഓരോരുത്തർക്കും ഓരോ കഥാപാത്രത്തെ നൽകും. ആ കഥാപാത്രത്തിന്റെ ഡയലോഗ് അതിന്റെ എല്ലാ വികാരവായ്പോടെയും വായിക്കണം. ഇൗ വായനപ്രക്രിയ ശരിയായി കഴിയുമ്പോൾ ക്ലാസ് തന്നെ സ്റ്റേജ് പോലെ ഒരുക്കി എടുത്തു നാടകമായി അഭിനയിക്കാൻ പഠിപ്പിക്കും. ഞാനേറെ ഇഷ്ടപ്പെട്ടിരുന്നത് ഇ പീരിയഡ് ആയിരുന്നു. 

ഇവിടെയും എന്റെ ഹിന്ദി പഠനം എന്നെ സഹായിച്ചു. അത്യാവശ്യം നല്ലതു പോലെ ഹിന്ദി പറയുമെന്നതു കൊണ്ടും മറ്റു നടൻമാരെക്കാൾ താരതമ്യേന ചെറുപ്പമായതു കൊണ്ടും പല നാടകങ്ങളിലും ഹീറോ വേഷം എനിക്കു തരാനായിരുന്നു അധ്യാപകർക്ക് താൽപര്യം. അതൊരു അംഗീകാരവും അനുഗ്രഹവുമായി കരുതി ഞാൻ അഭിനയിക്കുകയും ചെയ്തു. പലപ്പോഴും നാടകരംഗത്തെ പ്രഗത്ഭരായിട്ടുള്ള പലരും നാടകപാഠശാലയിൽ ഞങ്ങൾക്കു പ്രത്യേക ക്ലാസെടുക്കാൻ വരുമായിരുന്നു. 

1) ഉത്പൽ ദത്ത് 2) നെഹ്റു
1) ഉത്പൽ ദത്ത് 2) നെഹ്റു

അങ്ങനെ വന്നിട്ടുള്ള പ്രഗത്ഭൻമാരിൽ ബംഗാളിൽ സ്വന്തം നാടകട്രൂപ്പ് നടത്തിയിരുന്ന ശംഭുമിത്രയും ഭാര്യയും, പ്രശസ്ത സിനിമാനടനൊക്ക ആയി തീർന്ന ഉത്പൽ ദത്ത്, ​അൽക്കാസിങ് തുടങ്ങി നിരവധി പേർ ഉണ്ടായിരുന്നു. ഐഫക്സ് ഹാൾ  ഡൽഹിയിലെ പ്രശസ്തമായ തിയറ്ററാണ്. മിക്കവാറും മികച്ച നാടകങ്ങളൊക്കെ ഇവിടെ ആയിരുന്നു അവതരിപ്പിച്ചിരുന്നത്. ഇന്ത്യയുടെ നാനാഭാഗത്തു നിന്നുള്ള നാടകസംഘങ്ങൾ ഇവിടെ വന്നു നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് ഒരിക്കൽ പി.കെ.വിക്രമൻനായരും സംഘവും ഇവിടെ വന്ന് സി.എൻ.ശ്രീകണ്ഠൻനായരുടെ കാഞ്ചനസീത അവതരിപ്പിച്ച  കാര്യവും എനിക്ക് ഓർമയുണ്ട്. ഐഫക്സ് ഹാളിൽ  അവതരിപ്പിക്കുന്ന എല്ലാ നാടകങ്ങളും കാണാനും വിലയിരുത്താനും വേണ്ടി വന്നാൽ നാടകസംഘങ്ങളെ സഹായിക്കാൻ ചെല്ലാനും ഞങ്ങൾ നാടകവിദ്യാർഥികൾക്കു പ്രത്യേക നിർദേശമുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ഒരേ മനസ്സോടെ അനുസരിച്ചിരുന്ന ഒരു നിർദേശം ഇതുമാത്രമായിരുന്നു. 

അങ്ങനെയിരിക്കെ അവിടെ ഒരു പുതിയ നാടകം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു വരുന്ന വിവരം ഞങ്ങൾക്കു് ലഭിച്ചു. അന്നു ഞങ്ങൾ നേരത്തേ ഹാളിലെത്തി. നെഹ്റുവിനെ വളരെയടുത്ത് കാണാൻ കിട്ടുന്ന അവസരമല്ലേ? പറഞ്ഞ സമയത്തു തന്നെ പ്രധാനമന്ത്രി നെഹ്റു വേദിയിലെത്തി. ഒൗപചാരികമായ ഉദ്ഘാടനവും തുടർന്നുള്ള പ്രധാനമന്ത്രിയുടെ ഹ്രസ്വമായ പ്രസംഗവും കഴിഞ്ഞു. നാടകം ആരംഭിക്കാറായി. പ്രധാനമന്ത്രിക്ക് മറ്റൊരിടത്ത് അത്യാവശ്യമായി എത്തേണ്ടതുണ്ട്. എങ്കിലും  സംഘാടകരുടെ സ്നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങി കുറച്ചു നേരം അദ്ദേഹം നാടകം  കാണാമെന്നേറ്റു. അത്യാവശ്യം മുന്നിലായി തന്നെ ഞാനും സീറ്റ് പിടിച്ചു. ഏതാണ്ട് മധ്യഭാഗത്തായി മുൻപിലാണു പ്രധാനമന്ത്രി നെഹ്റു ഇരുന്നിരുന്നത് . 

ഹാളിലെ ലൈറ്റ് ഓഫായി. നാടകം ആരംഭിച്ചു. വികാരഭരിതമായ രംഗങ്ങൾ അരങ്ങിൽ ആവിഷ്കരിക്കപ്പെടുകയാണ്. എല്ലാവരുടെയും കണ്ണുകൾ സ്റ്റേജിലെ കഥാപാത്രങ്ങളിൽ തന്നെയാണ്.  പെട്ടെന്ന് ഞാൻ നോക്കുമ്പോൾ ആ ഇരുട്ടത്ത് എന്റെ മുന്നിലൂടെ ഒരാൾ നാലുകാലിൽ ഇഴഞ്ഞു നീങ്ങും പോലെ പുറത്തേക്കു പോകുന്നു.  കാണികൾക്കും സ്റ്റേജിനുമിടയിൽ താൻ എഴുന്നേറ്റ് നിന്നാൽ അതു കാണികളിൽ  വലിയൊരു വിഭാഗത്തിന്റെ ശ്രദ്ധ തിരിക്കും എന്നറിയാവുന്ന പ്രധാനമന്ത്രി ആരോടും പറയാതെ അരങ്ങിനു മുന്നിലൂടെ ഇഴഞ്ഞിഴഞ്ഞ് എന്ന മട്ടിൽ പുറത്തേക്കു പോകുകയായിരുന്നു. 

ശരിക്കും ആ ഉന്നതനായ മനുഷ്യന്റെ, കലാബോധമുള്ള ‌ആ പ്രിയനേതാവിന്റെ ഹൃദയശുദ്ധിയും കലാകാരൻമാരോടുള്ള അദ്ദേഹത്തിന്റെ ആദരവും വ്യക്തമാക്കുന്നതായിരുന്നു ആ പോക്ക്. സംഘാടകരോടു തനിക്കു പോകണമെന്ന് ആവശ്യപ്പെട്ടാൽ ഹ്രസ്വനേരത്തേക്കാണെങ്കിലും നാടകത്തിന്റെ അവതരണം നിലയ്ക്കുമായിരുന്നു. അങ്ങനെ സംഭവിച്ചാൽ അതു അഭിനേതാക്കൾക്കും നാടകം ആസ്വദിക്കാൻ വന്നവർക്കും അരോചകമാകും എന്നു തിരിച്ചറിയാനുള്ള വിവേകം അദ്ദേഹത്തിനുണ്ടായി. ആരുമറിയാതെ ആരോടും പറയാതെ ആരെയും ബുദ്ധിമുട്ടിക്കാതെ ഇരുട്ടിൽ ഇഴഞ്ഞു നീങ്ങാൻ ആ മനുഷ്യൻ തീരുമാനിച്ചത് അതു കൊണ്ടാണ്.  നെഞ്ചോട് ചേർത്ത് എന്നും അദ്ദേഹം കുത്തിയിരുന്ന പനിനീർ പൂവിന്റെ വിശുദ്ധി അദ്ദേഹം മനസിലും സൂക്ഷിച്ചിരുന്നു എന്നതിന്റെ തെളിവായി ആ സംഭവം. ‌മനസ്സു കൊണ്ടു ഞാൻ ആ മനുഷ്യന്റെ എളിമയ്ക്കു മുന്നിൽ കൈക്കൂപ്പി.

English Summary : Madhu Mudrakal by actor Madhu - 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com