ADVERTISEMENT

നിലമ്പൂർ കാട്ടിലെ ഗുഹയിൽ നിന്ന് നോർവേയിലെ ട്രോമസാേ ആർട്രിച് സർവകലാശാലയിലേക്കുള്ള ദൂരമാണു വിനോദിന്റെ ജീവിതരേഖ. ‘വേട്ടയാടി ജീവിക്കുന്ന സമൂഹത്തിന്റെ വിദ്യാഭ്യാസം’ എന്ന വിഷയത്തിൽ നോർവേയിൽ പോയി പ്രബന്ധം അവതരിപ്പിച്ച് വിനോദ് എന്ന ഗവേഷക വിദ്യാർഥി തിരിച്ചെത്തിയതു സ്വന്തം ഗുഹാജീവിതത്തിലേക്ക്. കാട്ടിലും നാട്ടിലുമായി വിനോദ് കടന്നുപോകുന്നത് ഇരട്ടജീവിതത്തിലൂടെ. 

നിലമ്പൂരിലെ മാഞ്ചീരി കോളനിയിലെ മക്കീവരാളയിൽ(ഗുഹ) ജനിച്ച് പ്രകൃതിയോടു ചേർന്നുള്ള ജീവിതത്തിൽനിന്നു കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ പഠിക്കാനെത്തുമ്പോഴേക്കും വിനോദ് ഇരട്ടജീവിതത്തിന്റെ ആദ്യഭാഗം പിന്നിട്ടിരുന്നു.  കാട്ടിലെ ശാന്തജീവിതവും നഗരത്തിലെ തിരക്കിന്റെ ജീവിതവും. ഒരു മനുഷ്യനെങ്ങനെ രണ്ടുജീവിതം ഒരേപോലെ കൊണ്ടുപോകാൻ സാധിക്കും? ഭാഷ, ഭക്ഷണം, സംസ്കാരം, സംസാരം, വിദ്യാഭ്യാസം എന്നിങ്ങനെ തീർത്തും വ്യത്യസ്തമായ പരിസരത്തുകൂടി വിനോദ് എന്ന വിദ്യാർഥി എങ്ങനെ സഞ്ചരിക്കുന്നു? സമാന്തരമായ രണ്ടു ജീവിതങ്ങളിലൂടെ കടന്നുപോകുന്ന തന്റെ നാളുകളെക്കുറിച്ചാണ് വിനോദ് സംസാരിക്കുന്നത്. 

‘‘നിലമ്പൂർ കരുളായി മാഞ്ചീരി കോളനിയിൽ മണ്ണള ചെല്ലന്റെയും വിജയയുടെയും എട്ടുമക്കളിൽ മൂന്നാമനാണു ഞാൻ. മൂത്തതു രണ്ടു സഹോദന്മാർ. താഴെ അ‍നുജത്തിമാർ. നിലമ്പൂർ വനാന്തരങ്ങളിലെ അളകളിലും പാറമടകളിലും (ഗുഹ) കഴിയുന്ന ചോലനായ്ക്കൻ വിഭാഗത്തിൽപ്പെട്ടവരാണു ഞങ്ങൾ. ആകെ അഞ്ഞൂറിൽതാഴെ മാത്രമേ ഞങ്ങളുടെ സമുദായത്തിൽ ആളുകളുള്ളൂ. അതിൽ 276 പേർ മാഞ്ചീരിയിലാണ്. ഏഷ്യയിലെ ഏക ഗുഹാവാസികളായി നരവംശ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നതു ചോലനായ്ക്കൻ വിഭാഗത്തെയാണ്. 

ചോലനായ്ക്കൻ എന്നാണു രേഖകളിലുള്ളത്. നായ്ക്കർ എന്നും പറയുന്നുണ്ട്. ചോലക്കാർ എന്നാണു പതിനായ്ക്കൻമാർ (കാട്ടുനായ്ക്കന്മാർ) നമ്മെ വിളിച്ചുകൊണ്ടിരുന്നത്. ഡീപ് ഫോറസ്റ്റ് എന്നാണു ചോലയുടെ അർഥം. 

കാട്ടിൽപോയി വനവിഭവങ്ങൾ ശേഖരിച്ചുകൊണ്ടുവന്നാണു ഞങ്ങളിൽ ഭൂരിഭാഗം പേരും കുടുംബം പുലർത്തുന്നത്. തേൻ, കുന്തിരിക്കം, ശതാവരിക്കിഴങ്ങ്, ജാതിക്ക, കുടമ്പുളി എന്നിവയൊക്കെ കാട്ടിൽ നിന്നു ശേഖരിച്ചു വനംവകുപ്പിനു കീഴിലുള്ള വനസംരക്ഷണ സമിതിക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വിൽപന നടത്തും. പണ്ടുകാലത്തു ഗിരിജൻ സൊസൈറ്റിയായിരുന്നു വനവിഭവങ്ങൾ ശേഖരിച്ചിരുന്നത്. പിന്നീടത് വനസംരക്ഷണ സമിതിയായി. വനവിഭവങ്ങൾ വിൽപന നടത്തിയാണ് അച്ഛൻ കുടുംബത്തിനുള്ള വരുമാനം കണ്ടെത്തുന്നത്. 

ഞാൻ ജനിച്ചത് ഗുഹയിലാണ്. ഞങ്ങളെല്ലാവരും കാട്ടിൽതന്നെ പെറ്റുവീണവരാണ്. എന്നാൽ ഇന്നിപ്പോൾ ഈ സാഹചര്യത്തിനു മാറ്റം വന്നിട്ടുണ്ട്. സർക്കാർ ഇടപെടലിലൂടെ ഞങ്ങളൊക്കെ ആശുപത്രികളെ ആശ്രയിക്കാൻ തുടങ്ങി. ഇപ്പോൾ തൊണ്ണൂറു ശതമാനം പ്രസവവും ആശുപത്രികളിലാണ്. എങ്കിലും സാഹചര്യം കുറെക്കൂടി മെച്ചപ്പെടാനുണ്ട്. ചോലനായ്ക്കൻ വിഭാഗത്തിലെ ഗർഭിണികളിൽ ഭൂരിഭാഗവും ശാരീരികമായി അവശരാണ്. മെലിഞ്ഞ പ്രകൃതമാണ്. ഗർഭിണികൾക്കൊക്കെ ശരിയായ പോഷകാഹാരം കിട്ടാറില്ല. റേഷനരിയൊക്കെ വീട്ടിൽ കൊണ്ടുവരും. പക്ഷേ, ഉണ്ടാക്കികഴിക്കുന്നതു അപൂർവമായിരിക്കും. 

ഞങ്ങളെങ്ങനെ ഇങ്ങനെയായി..

പൂർണമായും ഞങ്ങൾ കാട്ടിലെ വിഭവങ്ങൾ കഴിച്ച്, കാട്ടിൽ തന്നെ ജീവിച്ചുവന്നവരാണ്. എൺപതുകളിൽ കോളനിവൽക്കരണത്തോടെയാണു ചോലനായ്ക്കരെ ഒരുമിച്ചു കൊണ്ടുവരുന്നത്. ഞങ്ങളുടെ മുത്തച്ഛന്മാരെ മാഞ്ചീരി കോളനിയിൽ പാർപ്പിച്ചു. പിന്നെ അതായി ഞങ്ങളുടെ മേൽവിലാസം. കുറച്ചുകാലം കഴിഞ്ഞപ്പോൾ കോളനിക്കു സമീപം പുറത്തുനിന്നുള്ളവർ കൃഷി ചെയ്യാൻ എത്തി. അവിടെ ആദിവാസികളെ പണിയെടുപ്പിച്ചു. പുറത്തുനിന്നുള്ളവർ അരിഭക്ഷണം കൊണ്ടുവന്നു. അതുവരെ കാട്ടുവിഭവങ്ങൾ മാത്രം കഴിച്ചവർക്ക് അരിഭക്ഷണം പുതുമയുള്ളതായി. പിന്നീട് അരി ജീവിതത്തിന്റെ ഭാഗമായി. പുറംലോകത്തുള്ള പലതും ജീവിതത്തിലേക്കു കടന്നുവന്നു. അതിന്റെ ഭാഗമായി അസുഖങ്ങളൊക്കെ കാട്ടിലും വരാൻ തുടങ്ങി. ചോലനായ്ക്കരുടെ ചരിത്രം മാറ്റിയത് ഈ കോളനിവൽക്കരണമാണ്. 

കോളനിവൽക്കരണം നടക്കുന്നതുവരെ ഞങ്ങൾ ഇപ്പോഴത്തെപോലെ ഒന്നിച്ചു താമസിക്കാറൊന്നുമില്ല. കാട്ടിൽ കാണുന്ന ഗുഹകളിൽ ഓരോ കുടുംബം കഴിയും. കോളനിവൽക്കരണ സമയത്ത് ചോലനായ്ക്കർ അതിനെ പ്രതിരോധിച്ചത് കാട്ടിൽ ഓടിയൊളിച്ചായിരുന്നു. ഞങ്ങളധികവും വനാന്തരത്തിലായിരുന്നു കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ളവർക്കു ഞങ്ങളെ കണ്ടെത്താൻ പ്രയാസമായിരുന്നു. 

പുറംലോകത്തേക്ക്

എന്നെ കാട്ടിൽ നിന്നു പുറംലോകത്തേക്കു കൊണ്ടുവന്നപ്പോൾ‍ ഏതോ വിചിത്രലോകത്തെത്തിയതുപോലെയായിരുന്നു. അങ്കണവാടിയിൽ ചേർക്കാനാണു കൊണ്ടുവന്നത്. അവിടെ വച്ചാണു മലയാളം ആദ്യമായി കേൾക്കുന്നത്. കോളനിക്കു പുറത്തുനിന്നുള്ള വത്സല ടീച്ചറാണ് ഞങ്ങളെ പഠിപ്പിക്കുന്നത്. ടീച്ചർ പറയുന്നതൊന്നും ഞങ്ങൾക്കു മനസ്സിലാകില്ല, ഞങ്ങൾ പറയുന്നതു ടീച്ചർക്കും. എനിക്കു വിനോദ് എന്ന പേരിട്ടതുതന്നെ ടീച്ചറാണ്. അപ്പുക്കുട്ടൻ എന്നായിരുന്നു എന്നെ കോളനിയിൽ വിളിച്ചിരുന്നത്. അമ്മയിട്ട പേരായിരുന്നു അപ്പുക്കുട്ടൻ. 1996ൽ ആണ് ഞാൻ ജനിക്കുന്നത്. മഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് ഒന്നാം ക്ലാസിൽ ചേർന്നത്. അത് ആദിവാസി കുട്ടികൾക്കുവേണ്ടി ഉള്ളതായിരുന്നു. 2000ത്തിൽ സ്കൂൾ നിലമ്പൂരിലേക്കു മാറി. പത്താംക്ലാസ് വരെ നിലമ്പൂരിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലായിരുന്നു. 

മഞ്ചേരി എംആർഎസിൽ ചേരുന്നതുവരെ ഗുഹയിലായിരുന്നല്ലോ എന്റെയൊക്കെ താമസം. അവിടെ നിന്ന് സ്കൂളിലേക്കു വന്നപ്പോൾ പിടിച്ചുനിൽക്കാൻ പ്രയാസമായിരുന്നു. മലയാളം പഠിക്കണം. ഞങ്ങളെ സംബന്ധിച്ചിടത്തോളം  അറിയാത്തൊരു ഭാഷയാണത്. മലയാളം കേട്ടിട്ടുണ്ട്. പക്ഷേ, ഞങ്ങൾക്കു മനസ്സിലാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അങ്കണവാടിയിൽ ഭക്ഷണം കഴിക്കാൻ ഭാഷ അറിയേണ്ടതില്ലല്ലോ.  സ്കൂളിലെ ആദ്യകടമ്പ ഭാഷയായി. മലയാളം വലിയൊരു വെല്ലുവിളിയായി. 

ഞങ്ങളുടേത് കന്നഡ, തമിഴ്, മലയാളം മിശ്രിതമായ ലിപിയില്ലാത്ത സംസാര ഭാഷയാണ്. എഴുത്തിന്റെ ആവശ്യം വരുന്നില്ല. അതുകൊണ്ടുതന്നെ മലയാളം പഠിക്കാൻ ഞങ്ങൾക്കു പ്രയാസമായിരുന്നു. ഇംഗ്ലിഷായിരുന്നു കുറച്ചുകൂടി സൗകര്യം. പത്താംക്ലാസിൽ എത്തുന്നതുവരെ മലയാളം ഇതുപോലെ സംസാരിക്കാൻ അറിയില്ലായിരുന്നു. സംസാരിക്കേണ്ട അവസരം വരുമ്പോൾ ഒഴിഞ്ഞുമാറും. ഇംഗ്ലിഷ് പ്രയാസമുണ്ടായില്ല. മലയാളം നാക്കിൽ വഴങ്ങില്ല. 

ഇരട്ടജീവിതം

കാട്ടിൽനിന്നു പുറത്തുവന്നതോടെ ശരിക്കും ഇരട്ടജീവിതം തന്നെയായി. ചോലനായ്ക്കന്മാരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിനു വലിയ പ്രാധാന്യമുണ്ട്. കാട്ടിൽ ഞങ്ങളെ നിയന്ത്രിക്കാൻ ആരുമില്ല. ഇഷ്ടംപോലെ ജീവിക്കാം. എന്നാൽ കാടിനു പുറത്തെത്തുന്നതോടെ നിയന്ത്രണങ്ങൾ വന്നു. സ്കൂളിൽ പഠിക്കുന്ന സമയം, മൂത്രമൊഴിക്കാൻ തോന്നുന്നു. അന്നേരം നമ്മുടെ ഇഷ്ടത്തിനനുസരിച്ചു മൂത്രമൊഴിക്കാൻ പോകാൻ പറ്റില്ല. അവിടെ അധ്യാപികയുടെ അനുവാദം വേണം. അപ്പോഴാണു ഞങ്ങൾ പ്രയാസപ്പെടുക. അധ്യാപിക വേണ്ടെന്നു പറ‍ഞ്ഞാൽ പോകാൻ പറ്റില്ല. കാട്ടിലാണെങ്കിൽ ആരോടും ചോദിക്കേണ്ട ആവശ്യമില്ലല്ലോ. അങ്ങനെയുള്ള കാര്യങ്ങളിലായിരുന്നു ആദ്യമായി പ്രയാസം തോന്നിയത്. മനുഷ്യസഹജമായ കാര്യങ്ങൾ ചെയ്യാൻ പുറത്തു പരിമിതിയുണ്ടാകുമ്പോൾ ഞങ്ങൾക്കു പേടിയാണ്. നിയന്ത്രണം വരുന്നതു ഇഷ്ടപ്പെടില്ല. പഠനത്തിൽ നിയന്ത്രണം സമ്മതിക്കാം. പക്ഷേ, മുൻപു പറഞ്ഞതുപോലെയുള്ള കാര്യങ്ങളിലാകുമ്പോഴോ? സ്കൂളിലെ ആദ്യകാലത്തൊന്നും പഠനത്തിനായിരുന്നില്ല പ്രാധാന്യം. ഭക്ഷണമായിരുന്നു മുഖ്യം. ഭക്ഷണം കഴിക്കാനുള്ള സമയം ഞങ്ങൾക്കു കൃത്യമായി അറിയാൻ പറ്റുമായിരുന്നു. വെയിലു നോക്കി സമയം കണക്കാക്കും. കാട്ടിൽ നിന്നു പഠിച്ചതാണത്. ഭക്ഷണം കഴിക്കാറാകുമ്പോൾ ഞങ്ങൾ വാതിലിനടുത്തുപോയി നിൽക്കും. ബെല്ലടിച്ചാൽ ഓടും. ടീച്ചർമാർ ശരിക്കും കഷ്ടപ്പെട്ടു. ഭാഷ അറിയാതെ എങ്ങനെ ഞങ്ങളെ പഠിപ്പിക്കും?

വെറുതെയിരിക്കുക എന്നതു ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രയാസമാണ്. ക്ലാസിൽ രണ്ടുമണിക്കൂറൊക്കെ ഇരിക്കാൻ പ്രയാസമായിരുന്നു. ചോലനായ്ക്കൻ കുട്ടികൾക്ക് എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം. അതു ജനിതകമായ ഒരു പ്രത്യേകതയാണ്. 

പത്താംക്ലാസ് കഴിഞ്ഞ് പത്തനംതിട്ട വടശ്ശേരിക്കര എംആർഎസിൽ ചേർന്നു. ഹ്യുമാനിറ്റീസ് ആയിരുന്നു വിഷയം. അവിടെ നിന്നാണു മലയാളം ശരിക്കും പഠിക്കുന്നത്. എഴുത്തു നേരത്തേ പഠിച്ചിരുന്നു. ചോലനായ്ക്കന്മാരുടെ ഒരു പ്രത്യേകത കായികമായി എന്തും വേഗം പഠിച്ചെടുക്കും എന്നതാണ്. അക്ഷരങ്ങൾ എഴുതി പഠിക്കാൻ പ്രയാസമുണ്ടായില്ല. പക്ഷേ, വായിക്കാനും പറയാനുമായിരുന്നു പ്രയാസം. മലയാളം, ഇംഗ്ലിഷ്, ഹിന്ദി എന്നീ ഭാഷകളൊക്കെ പ്ലസ് ടുവിനാണു നന്നായി പഠിക്കുന്നത്. 

ഞങ്ങളുടെ കമ്യൂണിറ്റിയിൽ നിന്ന് ആദ്യമായി പത്താം ക്ലാസ് ജയിക്കുന്നത് എം.ബാലൻ എന്നയാളാണ്. ഇപ്പോൾ വനംവകുപ്പിൽ ജോലി ചെയ്യുകയാണ് അദ്ദേഹം. അവരുടെ ജയം ആ പ്രായത്തിലുള്ളവർക്ക് ഒരു പ്രചോദനം തന്നെയായിരുന്നു.

കാട്ടിലെ യുവാവ്

എന്താണു കാട്ടിലെ ഒരു യുവാവിന്റെ അളവുകോൽ? രാവിലെ നാലുമണിയോടെ എണീക്കും ചായ കുടിച്ചു കാട്ടിലേക്കുപോകും. ചിലപ്പോൾ മീൻ പിടിക്കും, കിട്ടിയാൽ ചുട്ടുതിന്നും. കാട്ടുകിഴങ്ങു കണ്ടാൽ കുഴിച്ചെടുക്കും. രാവിലെ ചായ മാത്രമായിരിക്കും ഗുഹയിൽ നിന്നു കഴിച്ചിരിക്കുക. പിന്നീടുള്ള ഭക്ഷണമെല്ലാം യാത്രയ്ക്കിടയിലായിരിക്കും. വിശക്കുമ്പോൾ അന്നേരം കിട്ടുന്നതു ഭക്ഷിക്കും. കുടുംബനാഥൻ അച്ഛൻ തന്നെയാണ്. കായിക ശക്തിക്കു വളരെയധികം പ്രാധാന്യമുണ്ട് ഞങ്ങൾക്കിടയിൽ. സ്ത്രീകൾക്കു പുരുഷന്മാരെക്കാൾ കൂടുതൽ പ്രാധാന്യം ഉണ്ട്. സ്ത്രീകളുടെ വീട്ടിൽ (ചെമ്മം) ആണു പുരുഷൻ താമസിക്കുക. ഇങ്ങനെ താമസിക്കണമെന്നതു നിർബന്ധമുള്ള കാര്യമല്ല. കൂടുതലാളുകളും ഇഷ്ടപ്പെടുന്നത് അതാണ്. സ്വാതന്ത്ര്യം, സൗകര്യം എന്നിവയ്ക്കാണു പ്രാധാന്യം. നാട്ടിലെപ്പോലെ കുറ്റംപറച്ചിലൊന്നുമില്ല. ഭാര്യവീട്ടിൽ താമസിക്കുന്നുവെന്ന കളിയാക്കലുമില്ല. വീട്ടിലേക്കുള്ള ഭക്ഷണമൊക്കെ പണ്ടുകാലത്തു ശേഖരിക്കാൻ സ്ത്രീയും പുരുഷനും ഒന്നിച്ചുപോകുമായിരുന്നു. അന്നു കുട്ടികളൊക്കെ കുറവാണല്ലോ. 98 ആളുകൾ മാത്രമുണ്ടായിരുന്ന ഒരുകാലമുണ്ടായിരുന്നു. ഇപ്പോൾ കൂടുതൽ ആളുകളായി ഞങ്ങളുടെ മാഞ്ചീരിയിൽ. കുടുംബത്തിലെ അംഗബലം കൂടിയതോടെ സ്ത്രീക്കു കുട്ടികളെ നോക്കേണ്ട സാഹചര്യം വന്നു. അതോടെ പുരുഷൻ മാത്രമായി അന്നംതേടിയിറങ്ങുന്നത്. 

കോളജിലേക്ക്

പ്ലസ്ടുവിനു പഠിക്കുമ്പോൾ ഞാൻ കൽപ്പണിക്കു പോകുമായിരുന്നു. ട്രഞ്ച് കെട്ടാനുള്ള കല്ലു ചുമക്കുന്ന ജോലിയാണ്. അവധിക്കാലത്ത് ജോലിയെടുത്തു ലഭിക്കുന്ന പണമാണു പഠന ആവശ്യത്തിന് ഉപയോഗിച്ചിരുന്നത്. ഒരു ഓണക്കാലം. മാഞ്ചീരിയിലെ കോളനിയിൽ ഓണത്തിനുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരുന്നതു പാലേമാട് വിവേകാനന്ദ കോളജ് മാനേജരായ ഭാസ്കരൻപിള്ള സാറാണ്. പഠിക്കുന്ന കുട്ടികൾ ആരെങ്കിലുമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അവിടെവച്ച് അദ്ദേഹത്തെ പരിചയപ്പെട്ടു. അദ്ദേഹം എന്നെ പാലേമാട് കോളജിൽ ചേർത്തു. ഇക്കണോമിക്സ് ആയിരുന്നു ഡിഗ്രിക്ക്. അദ്ദേഹത്തിന്റെ വീട്ടിൽ മകനെപോലെ പാർപ്പിച്ചായിരുന്നു എന്നെ പഠിപ്പിച്ചത്. 

ഡിഗ്രി കാലഘട്ടത്തിലാണ് എനിക്കീ പുറംലോകത്തെക്കുറിച്ചുള്ള പേടിയൊക്കെ ഇല്ലാതാകുന്നത്. അതുവരെ ആരോടെങ്കിലും സംസാരിക്കാനൊക്കെ പേടിയായിരുന്നു. ഒഴിഞ്ഞുമാറും ഞാൻ. ജീവിതം ചിട്ടയായി. പിള്ളസാറിന്റെ ഭാര്യ സുമതിക്കുട്ടിയമ്മ എനിക്കമ്മയായിരുന്നു. 

ഡിഗ്രി കഴിഞ്ഞപ്പോൾ അവിടെത്തന്നെ പിജിക്കു ചേരാൻ പിള്ള സാർ നിർബന്ധിച്ചിരുന്നു. കോളജിൽ പിജി കോഴ്സ് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം.

ഈ സമയത്താണു ഞാൻ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പ്രവേശനപരീക്ഷ എഴുതുന്നത്. അപ്ലൈഡ് ഇക്കണോമിക്സ്. ഐജിഎംഎംആർഎസിലെ അധ്യാപകൻ ഉണ്ണിക്കൃഷ്ണൻ ആണ് എന്നോട് കുസാറ്റിലെ പ്രവേശനപരീക്ഷ എഴുതാൻ പറഞ്ഞത്. അദ്ദേഹമായിരുന്നു എന്നെ ഗൈഡ് ചെയ്തിരുന്നത്. സാർ എന്നു വിളിക്കുന്നതിനെക്കാൾ അച്ഛൻ എന്നു വിളിക്കാനായിരുന്നു എനിക്കിഷ്ടം. അത്രയ്ക്കു  കരുതലായിരുന്നു എന്നെ. നീ കോളജുകളിൽ മാത്രം പഠിച്ചാൽ പോരാ. അതിനു പുറത്തും ലോകമുണ്ട്. യൂണിവേഴ്സിറ്റികളിൽ പഠിക്കണമെന്നൊക്കെ പറഞ്ഞ് കുസാറ്റിലെ പ്രവേശന പരീക്ഷ എഴുതാൻ നിർബന്ധിച്ചു. പരീക്ഷ എഴുതി. പ്രവേശനം ലഭിച്ചു. മാഷാണ് എന്നെ കുസാറ്റിൽ കൊണ്ടുപോയി ചേർക്കുന്നത്. 

കുസാറ്റ്‌

2016ൽ കുസാറ്റിൽ എത്തിയതോടെ ജീവിതം ശരിക്കു മാറി. 90 ശതമാനത്തിനു മുകളിൽ മാർക്കു ലഭിച്ചവരാണു ക്ലാസിലുള്ളവരെല്ലാം. എനിക്കാണെങ്കിൽ 60 ശതമാനവും. അവരൊക്കെ ഇംഗ്ലിഷിലാണു സ്വയം പരിചയപ്പെടുത്തുന്നത്. ഞാൻ മലയാളത്തിലും. ആദ്യം ഒരമ്പരപ്പുണ്ടായെങ്കിലും സഹപാഠികൾ എന്നെ ശരിക്കും പരിഗണിച്ചു. എന്റെ പശ്ചാത്തലം അവർ മനസ്സിലാക്കിയിരുന്നു. അന്നു പത്രത്തിലൊക്കെ വാർത്ത വന്നിരുന്നു, ചോലനായ്ക്കൻ വിഭാഗത്തിൽ നിന്ന് ആദ്യമായിട്ടൊരാൾ ഉപരിപഠനത്തിനായി പോകുന്നുവെന്ന്. 

എന്നോട് ഇങ്ങോട്ടു സംസാരിച്ചാലേ ഞാൻ അങ്ങോട്ടും സംസാരിക്കാറുള്ളൂ. എന്നാൽ കുസാറ്റിലെത്തിയപ്പോൾ കാര്യങ്ങളിൽ മാറ്റം വന്നു. 20 വിദ്യാർഥികളിൽ മൂന്ന് ആൺകുട്ടികൾ മാത്രമേയൂള്ളു. ഞങ്ങളുടെ സമുദായത്തിലും കൂടുതൽ സ്ത്രീകളാണ്. അതുകൊണ്ട് ക്ലാസിൽ കൂടുതൽ പെൺകുട്ടികളായത് എനിക്കൊരു പ്രശ്നമായി തോന്നിയില്ല. അക്കാദമിക് തലത്തിൽ ഉയരാൻ അവരൊക്കെ എന്നെ ശരിക്കു സഹായിച്ചു.  ട്രൈബൽ ജീവിതം ശരിക്കും അവർക്കു മനസ്സിലാക്കിക്കൊടുത്തു. അതുവരെ ആദിവാസി എന്നു പറഞ്ഞാൽ അവർക്കൊക്കെ ‘ബാംബൂ ബോയ്സ്’ ആയിരുന്നു. സിനിമകൾ ഉണ്ടാക്കിയ മോശം കാഴ്ചപ്പാടായിരുന്നു പലർക്കും. മലയാളത്തിലെ ഒരു സിനിമയിൽ ആദിവാസികളെ കാണിക്കുന്നത്, ചെണ്ട കൊട്ടുന്ന, കാട്ടുഭാഷ സംസാരിക്കുന്ന, കറുത്തനിറമുള്ള, ഇലകൾകൊണ്ടു വസ്ത്രം ധരിക്കുന്ന മനുഷ്യരായിട്ടാണ്. ഇതാണ് ആദിവാസികളുടെ രൂപം എന്നാണു നമുക്കിടയിൽ പൊതുവേയുള്ള ധാരണ. 

കുസാറ്റിലെ സുഹൃത്തുക്കളും അധ്യാപകരും നൽകിയ നല്ല പരിഗണന എനിക്കു ഗുണം ചെയ്തു. എംഫില്ലും അവിടെത്തന്നെയായിരുന്നു. ഇപ്പോൾ പിഎച്ച്ഡിയും. നോർവേയിൽ പ്രബന്ധം അവതരിപ്പിക്കാൻ പോയപ്പോൾ പേടിയില്ലാതെ സംസാരിക്കാൻ സാധിച്ചത് കുസാറ്റിലെ പരിശീലനം കൊണ്ടായിരുന്നു. 

എട്ടാംവയസ്സിൽ സ്വന്തം വഴി‌

‌ചോലനായ്ക്കരുടെ പ്രധാന ജീവിത ഉപാധി വനവിഭവങ്ങൾ ശേഖരിച്ചു വിൽക്കലാണ്. ഒരു കുട്ടിക്ക് എട്ടു വയസ്സായാൽ ജീവിക്കാൻ പ്രാപ്തനായി എന്നാണു കാഴ്ചപ്പാട്. എട്ടുവയസ്സുള്ള ആളായാൽ അവനോ അവൾക്കോ അച്ഛന്റെ വഴിയോ അമ്മയുടെ വഴിയോ തേടാം. അതോടെ മരത്തിൽ കയറി തേനെടുക്കാനും കാട്ടുകിഴങ്ങുകൾ കണ്ടെത്താനുമൊക്കെ പഠിക്കണം. എന്നാൽ എനിക്കാപ്രായത്തിൽ തേനെടുക്കാൻ പഠിക്കാൻ സാധിച്ചില്ല. 

തേനെടുക്കാൻ പഠിക്കേണ്ട സമയത്ത് ഞാൻ സ്കൂളിലായിരുന്നു. ഡിഗ്രി ഒന്നാം വർഷമായപ്പോഴാണു ഞാൻ തേനെടുക്കാൻ പഠിക്കുന്നത്. മരത്തിൽ കയറി തേൻ ശേഖരിക്കുക വളരെ അപകടം നിറഞ്ഞതാണ്. ഒരു ലീറ്ററിന് 500 രൂപയാണു ലഭിക്കുന്നത്. ജീവൻ പണയംവച്ചാണു ഓരോ മരത്തിലും കയറുന്നത്. ഏറ്റവും ഉയരത്തിലായിരിക്കും തേനീച്ചക്കൂടുണ്ടാകുക. രാത്രിയാണു തേൻ ശേഖരിക്കാൻ പോകുക. ചെമ്മത്തിലെ ആളുകൾ ഒന്നിച്ചുപോകും. മരത്തിൽ ഏണി കെട്ടി കയറാൻ നമ്മെ കൂടെയുള്ളവർ പരിശീലിപ്പിക്കും. എന്നെക്കാൾ അഞ്ചു വയസ്സ് ഇളയ ആളാണ് എന്നെ പഠിപ്പിച്ചത്. ഞാനിപ്പോഴും തേനെടുക്കാൻ പോറാകുണ്ട്. എല്ലാ കൊല്ലവും കുറച്ചുദിവസം തേനെടുക്കാൻ പോകും. കുസാറ്റിൽ നിന്നൊക്കെ ഓർഡർ ഉണ്ടാകും. അവിടെയൊക്കെ വിൽപന നടത്താറുണ്ട്.  സൊസൈറ്റിയിലും തേൻകൊടുക്കും. തേൻ വിൽപനയാണ് ഒരു വരുമാന സ്രോതസ്സ്. 

കാട്ടിലാകുമ്പോൾ താമസിക്കാനുള്ള ഇടത്തെക്കുറിച്ചു ചിന്തിക്കേണ്ടതില്ല. എന്നാൽ നാട്ടിൽ വരുമ്പോൾ താമസ സ്ഥലത്തിന് ആരെയെങ്കിലും ആശ്രയിക്കണം. സ്വന്തമായൊരു വീടില്ല. ഇപ്പോൾ ഭാര്യവീട്ടിലാണു താമസം. യൂണിവേഴ്സിറ്റിയിൽ നിന്നു പത്തുമാസം കഴിയുമ്പോഴാണ് സ്റ്റൈപൻഡ് ലഭിക്കുന്നത്. അതുവരെ ജീവിക്കാനുള്ള പണം സ്വന്തമായി കണ്ടെത്തണം. എന്റെ വീട്ടിലെ എല്ലാ കാര്യവും നോക്കണം. ഇതിലും വലിയ പ്രഷർ വേറെയില്ല. 

വിവാഹം

കാട്ടുനായ്ക്കൻ വിഭാഗത്തിലുള്ള സുമിത്രയെ ആണു ഞാൻ വിവാഹം കഴിച്ചത്. ചോലനായ്ക്കരും കാട്ടുനായ്ക്കരും പരസ്പരം വിവാഹം കഴിക്കും. ഞങ്ങളുടേത് മൂപ്പന്മാർ ആദ്യമേ പറഞ്ഞുവച്ച വിവാഹമായിരുന്നു. അവൾക്കു വിദ്യാഭ്യാസം ലഭിച്ചു, എനിക്കും. അങ്ങനെയാണു വിവാഹം പറഞ്ഞുവയ്ക്കുന്നത്. കാട്ടുനായ്ക്കരുടെ ഇടയിൽ ഗവേഷണം നടത്തുന്ന കീസ്റ്റോൺ എന്ന എൻജിഒയിലാണ് സുമിത്ര ജോലി ചെയ്യുന്നത്. അവരുടെ ഗോത്രത്തിന്റെ ഭാഷ, ഭക്ഷണം എന്നിവയെക്കുറിച്ചാണു ഗവേഷണം. പഠനം തുടരാനാണു എന്റെ തീരുമാനം. ഗോത്രത്തെക്കുറിച്ചുള്ള ഗവേഷണം തുടരണം. പണ്ട്  റേഞ്ച് ഓഫിസർ ആകാനായിരുന്നു എന്റെ ആഗ്രഹം. അതിനു പ്ലസ് ടു സയൻസ് വേണമെന്ന് മനസ്സിലാക്കുന്നത് ഡിഗ്രി കഴിയുമ്പോഴാണ്. അതോടെ അതുപേക്ഷിച്ചു. പിന്നെ സിവിൽ സർവീസായി. അങ്ങനെയുള്ള ആഗ്രഹം വന്നപ്പോഴാണ് സഹോദരിമാരുടെ കാര്യങ്ങളൊക്കെ നോക്കേണ്ടി വരുന്നത്. കാട്ടിൽ തന്നെ കഴിയുകയാണെങ്കിൽ അങ്ങനെയൊരു പ്രയാസം ഉണ്ടാകുമായിരുന്നില്ല. പക്ഷേ, വിദ്യാഭ്യാസത്തിനായി ഞങ്ങളൊക്കെ പുറത്തുവന്നല്ലോ. അപ്പോൾ അവരുടെ പഠനകാര്യമൊക്കെ നോക്കേണ്ടി വന്നു. അതോടെ സിവിൽ സർവീസ് മോഹവും പോയി. ഞാൻ വളരുമ്പോൾ എന്റെ കമ്യൂണിറ്റിയും വളരണമെന്നാണ് എന്റെ കാഴ്ചപ്പാട്. വിദ്യാഭ്യാസം എന്നാൽ ജോലിക്കു മാത്രമല്ല, നമ്മുടെ വളർച്ചയ്ക്കും അതോടൊപ്പം കമ്യൂണിറ്റിയുടെ വളർച്ചയ്ക്കും വേണ്ടിയാകണം. വന്യജീവി സങ്കേതത്തിലാണു ഞങ്ങളൊക്കെ കഴിയുന്നത്. അവിടെ നിന്നൊഴിയാൻ പറയുമ്പോൾ വിദ്യാഭ്യാസമുണ്ടെങ്കിലേ പ്രതികരിക്കാൻ കഴിയൂ. നമ്മളുടെ ന്യായം കൃത്യമായി പറയാൻ വിദ്യാഭ്യാസം വേണം. ഇല്ലെങ്കിൽ പണ്ടത്തെപോലെ ഒളിച്ചോടേണ്ടി വരും. ഒളിച്ചോടുന്നവനെ വെടിവച്ചു വീഴ്ത്തിയെന്നുവരാം.

English Summary : Sunday Special about Life of Vinod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com