ADVERTISEMENT

ആ ഫയൽ പൊടിപിടിച്ചു....: ക്രൈം നമ്പർ: 292/2005; ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ.

ആ പൊടിയിൽ രാഹുലിന്റെ ചിത്രം വരയ്ക്കുകയാണ് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി. 18 വർഷം മുൻപ് ഏഴാം വയസ്സിൽ വീടിനടുത്തു കളിക്കളത്തിൽ നിന്നു കാണാതായ രാഹുൽ, ഇപ്പോൾ, 25–ാം വയസ്സിൽ എങ്ങനെയിരിക്കും? നിർമിത ബുദ്ധിയുടെ (എഐ) പിന്തുണയോടെ ഒരന്വേഷണം... അമ്മ മിനിക്കു വേണ്ടി സിബിഐക്കു വേണ്ടി, കേരള പൊലീസിനും വേണ്ടി കാണാതായ മുഴുവൻ കുഞ്ഞുങ്ങൾക്കും വേണ്ടി....

രാഹുലിന്റെ അമ്മ മിനിയുടെ കാത്തിരിപ്പിനോടു കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്രതികരിച്ചതു നിർമിത ബുദ്ധിയുടെ സ്നേഹവായ്പോടെയാണ്. രാഹുലിന്റെ കുട്ടിക്കാലത്തെ മൂന്ന് ചിത്രങ്ങൾ ഉപയോഗപ്പെടുത്തി ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ അവർ രാഹുലിന്റെ പുതിയൊരു ചിത്രം   നിർമിച്ചു. 25 വയസ്സിൽ രാഹുൽ കാഴ്ചയിൽ എങ്ങനെയിരിക്കും? എന്നതിന്റെ ഉത്തരമാണ് ആ ചിത്രം. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡീനും പ്രഫസറുമായ ഡോ.എസ്.അഷറഫ്, എഐ റിസർച് ആൻഡ് ഡവലപ്മെന്റ് എൻജിനീയർമാരായ ഡോ. ജെ.സനിൽ, ജി.വിദ്യാചന്ദ്രൻ എന്നിവരുടെ സംഘമാണ് ഇതിനു നേതൃത്വം നൽകിയത്.

സിബിഐക്കും പൊലീസിനും എത്താൻ കഴിയാത്ത ഒരിടത്താണ് എന്റെ മോനുള്ളതെങ്കിൽ അവിടെ അവനെ അന്വേഷിച്ചു ചെല്ലാൻ എനിക്കു മാത്രമേ കഴിയൂ...’’ ഇതുപറഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ആലപ്പുഴ സനാതനം വാർഡിൽ രാഹുൽ നിവാസിൽ എ.ആർ. രാജു(52) ആത്മഹത്യ ചെയ്തത്.

‘‘ ഓരോ തവണ കോളിങ് ബെൽ അടിക്കുമ്പോഴും ഓടിവന്നു വാതിൽ തുറക്കുന്നത് അതെന്റെ മോനാവണമെന്ന കൊതിയോടെയാണ്. കുറച്ചു നേരം ആരും കോളിങ് ബെൽ അടിക്കാതിരുന്നാൽ പുറത്ത് അമ്മേയെന്നു വിളിക്കുന്നതായി തോന്നി ഞാനെന്നും വാതിൽ തുറന്നു നോക്കാറുണ്ട്...’’

ഇതു മിനിയുടെ വിശ്വാസമാണ്, ആശ്വാസവും.

1) അച്ഛൻ രാജു 2) അമ്മ മിനി

മിനിയുടേതു വല്ലാത്തൊരു കാത്തിരിപ്പാണ്... ‘‘ മുഖം എത്രതന്നെ മാറിയാലും മോനെ എനിക്കു തിരിച്ചറിയാൻ കഴിയും. ഇടതുകാലിലെ മറുകിനും പ്രത്യേകതയുണ്ട്.’’

2005 മേയ് 18 നു വീടിനടുത്ത പറമ്പിൽ ക്രിക്കറ്റ് കളിക്കാൻ പോയതാണു രാഹുൽ, അന്ന് ഏഴു വയസ്സ്. 18 വർഷങ്ങൾ കടന്നുപോയി, മിനി വിശ്വസിക്കുന്നതു പോലെ രാഹുൽ തിരിച്ചെത്തിയാൽ ഇന്ന് 25 വയസ്സ്.

അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു: ഏഴ് വയസ്സുള്ള കുട്ടിയുടെ ഓർമകൾ ശക്തമായിരിക്കും. ക്രിക്കറ്റ് പോലെ ആശയക്കുഴപ്പമുണ്ടാക്കുന്ന കളി നിയമങ്ങളുള്ള കായികവിനോദം അഞ്ചാം വയസ്സു മുതൽ രാഹുൽ ശരിയായി മനസ്സിലാക്കി കളിച്ചിരുന്നു. പ്രമുഖരുടെയും അയൽവാസികളുടെയും ശബ്ദങ്ങളും ചേഷ്ടകളും അതേപടി അനുകരിക്കുമായിരുന്നു രാഹുൽ. 

മാതാപിതാക്കൾ, അടുത്തബന്ധുക്കൾ, കളിക്കൂട്ടുകാർ,  അധ്യാപകർ... എല്ലാവരുടെയും പേരും രൂപവും ഓർത്തിരിക്കും. കൂടുതൽ അടുപ്പമുണ്ടായിരുന്ന അമ്മ മിനി, മുത്തശ്ശി സുശീല ഇവരെ എളുപ്പം തിരിച്ചറിയും. രാഹുൽ പോയതിനു ശേഷം ജനിച്ച സഹോദരി ശിവാനിയെ മാത്രമേ പരിചയമില്ലാതുള്ളൂ. താമസസ്ഥലവും ചുറ്റുപാടുകളും സ്ഥലപ്പേരുകളും ഓർത്തിരിക്കും. ഏറ്റവും കായികക്ഷമതയുണ്ടാവുന്ന പ്രായമാണ് 25 വയസ്സ്, ഏതു പ്രതിസന്ധിയും നേരിടാനുള്ള മനക്കരുത്തും കൈവരും.

1) 3 വയസ്സിൽ 2) 4 വയസ്സിൽ

രാഹുൽ പോവുമ്പോൾ രാജു ഗൾഫിലാണ്. മകന്റെ തിരോധാനത്തിൽ തകർന്നു പോയ രാജു, മകനെ കണ്ടെത്താൻ രാജ്യം മുഴുവൻ അലഞ്ഞു. ഒപ്പം മിനിയുടെ അച്ഛൻ ശിവരാമ പണിക്കർ ചെറുമകനെ കണ്ടെത്താൻ നടത്തിയ നിയമപോരാട്ടവും രാജ്യത്തെ ‘മാൻ മിസിങ്’ കേസുകളിൽ ഒറ്റപ്പെട്ടു നിൽക്കുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയുടെ 3 ടീമുകളും രാഹുലിനെ കണ്ടെത്താൻ നടത്തിയ അന്വേഷണവും നമ്മുടെ കുറ്റാന്വേഷണ ചരിത്രമാണ്. മൊബൈൽ ഫോണുകളെക്കാൾ അധികം എസ്ടിഡി ബൂത്തുകളും ലാൻഡ് ഫോണുകളുമുള്ള കാലം. രാഹുലിനെ കാണാതായ ദിവസങ്ങളിൽ ആലപ്പുഴയിൽ നിന്നു പുറത്തേക്കു പോയ 2 ലക്ഷത്തിൽ അധികം കോളുകൾ പൊലീസ് പരിശോധിച്ചു. 2000 പേരെ നിരീക്ഷിച്ചു. 500 പേരെ ചോദ്യം ചെയ്തു. 300 പേരുടെ മൊഴി രേഖപ്പെടുത്തി. അവസാനം സംശയത്തിന്റെ നിഴലിൽ നാലു പേർ.

അതിലൊരാളെ പ്രതിയാക്കി കേസ് റജിസ്റ്റർ ചെയ്തു. അയാളെ സിബിഐ ഫൊറൻസിക് പരിശോധനകൾക്കു വിധേയനാക്കി. ഒടുവിൽ അവർ നാലുപേരും പ്രതികളല്ലെന്നു സിബിഐ കണ്ടെത്തി. രാഹുൽ തിരോധാനക്കേസിന്റെ കെട്ടഴിക്കാൻ സഹായിക്കുന്നവർക്കു മുഖ്യമന്ത്രി ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കോടതിയുടെ നിർദേശപ്രകാരം അന്വേഷണം ഏറ്റെടുത്ത സിബിഐയും ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചു.

എന്നിട്ടും ആർക്കും രാഹുലിനെ കണ്ടെത്താൻ കഴിഞ്ഞില്ല, പുതിയ തെളിവു ലഭിക്കും വരെ അന്വേഷണം അവസാനിപ്പിക്കാൻ അനുവദിക്കണമെന്നു കാട്ടി സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിനെ മുത്തച്ഛൻ ശിവരാമ പണിക്കർ മൂന്നു തവണ എതിർത്തു തോൽപ്പിച്ചു. തുടരന്വേഷണ സാധ്യതകൾ ചൂണ്ടിക്കാട്ടിയ കോടതി മൂന്നു തവണയും രാഹുലിന്റെ കുടുംബത്തിന്റെ വികാരത്തിനൊപ്പം നിന്നു. പുതിയ അന്വേഷണ ഉദ്യോഗസ്ഥരെ ടീമിലുൾപ്പെടുത്തി ഇൻസ്പെക്ടർ കെ.രാജഗോപാലിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു.

അതിനിടയിൽ ശിവരാമപണിക്കർ മരിച്ചു. സിബിഐയും പരാജയം ഏറ്റുപറഞ്ഞു കേസന്വേഷണം അവസാനിപ്പിച്ചു കോടതിയിൽ റിപ്പോർട്ട് നൽകി. ഒരിക്കൽ എറണാകുളം റയിൽവേ പൊലീസ് രാജുവിനെ അറിയിച്ചു; കാഴ്ചയ്ക്കു രാഹുലിനെ പോലെയുള്ള ഒരു കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ കിട്ടിയിട്ടുണ്ട് ഉടൻ ചെല്ലണം. അപ്പോൾ 10 വയസ്സുണ്ടാകുമായിരുന്ന മകന്റെ ഏകദേശ രൂപം മനസ്സിൽ സങ്കൽപ്പിച്ചാണു രാജു എറണാകുളത്ത് എത്തിയത്– അതു മലയാളം സംസാരിക്കുന്ന മറുനാടൻ കുട്ടിയായിരുന്നു.

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി തയാറാക്കിയ രാഹുലിന്റെ എഐ ചിത്രം.

പിന്നീട് പലപ്പോഴായി മുംബൈ, അലഹബാദ്, തൃശൂർ, പത്തനംതിട്ട... എന്നിവിടങ്ങളിൽ നിന്നെല്ലാം ഇത്തരം വിവരങ്ങളും വിളികളും രാജുവിനു വന്നു. എല്ലായിടത്തും രാജു എത്തി കുട്ടികളെ കണ്ടു, അതൊന്നും രാഹുലായിരുന്നില്ല. കോടതിയിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിലും പറയുന്നതു രാഹുലിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ്, രാഹുൽ മരിച്ചതായോ കൊല്ലപ്പെട്ടതായോ തെളിവില്ല.

‘‘ മോനെ അന്വേഷിച്ച മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരോടും സിബിഐ ഉദ്യോഗസ്ഥരോടും ഞാൻ ചോദിച്ചതാണ്, ഏതു സത്യം കേൾക്കാനും എനിക്കിപ്പോൾ കരുത്തുണ്ട്. മകൻ മടങ്ങിവരില്ലെന്ന വിവരം പോലും. പക്ഷേ, അവരെല്ലാം പറഞ്ഞതു രാഹുലിനെ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ലെന്നു മാത്രമാണ്, തിരിച്ചു വരില്ലെന്ന് ഉറപ്പിച്ചു പറയാൻ അവർക്കാവില്ലെന്നും... ഞാൻ കാത്തിരിക്കും. എന്റെ മോൻ വരും.’’

അന്വേഷണ ഉദ്യോഗസ്ഥരെ കൂടി വിശ്വസിച്ചാണു മിനി സ്വന്തം കുഞ്ഞിനെ കാത്തിരിക്കുന്നത്.

∙"നിർമിതബുദ്ധി ഗവേഷണ മേഖലയ്ക്കു 2014 ൽ ഇയാൻ ഗുഡ്ഫെല്ലോ സംഭാവന ചെയ്ത ജനറേറ്റീവ് അഡ്‌വേർസറിയൽ നെറ്റ്‌വർക് (GAN) സങ്കേതം ഉപയോഗപ്പെടുത്തി പുതിയ രൂപപരിണാമ ഡേറ്റസെറ്റ് നൽകിയാണു മലയാളിയായ രാഹുലിന്റെ വംശീയ പ്രത്യേകതകൾ അടക്കം പഠിക്കാനും പകർത്താനും ശേഷിയുള്ള എഐ സങ്കേതം ഡിജിറ്റൽ സർവകലാശാലയിലെ വികസിപ്പിച്ചത്. കുറ്റാന്വേഷണ രംഗത്ത് അന്വേഷണ ഏജൻസികൾക്ക് ഇത് ഏറെ ഉപയോഗപ്പെടുമെന്നു പ്രത്യാശിക്കുന്നു.’’- ഡോ. സജി ഗോപിനാഥ്, വൈസ് ചാൻസലർ, ഡിജിറ്റൽ യൂണിവേഴ്സിറ്റി

English Summary : Sunday Special about Rahul's picture drawn using AI Camera 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com