ADVERTISEMENT

കളിക്കളത്തിലേക്കു പൊടുന്നനെ പ്രവേശനം ഇല്ലാതായപ്പോഴുണ്ടായ നഷ്ടം മറികടക്കാൻ ഒരു വയനാടൻ ഗ്രാമം നടത്തിയ കൈകോർക്കലിന്റെ കഥയാണിത്. സ്ഥലം കണ്ടെത്താൻ ആദ്യം നടത്തിയ ‘ഒരു സെന്റ് സ്പോൺസർഷിപ്’ പദ്ധതി, അതിനു ലഭിച്ച വൻ ജനപിന്തുണ, അതു നടപ്പാക്കിത്തുടങ്ങും മുൻപ് ഒരേക്കർ ഭൂമി വാങ്ങി റജിസ്റ്റർ ചെയ്ത് ഈ കൂട്ടായ്മയ്ക്കു സമ്മാനിച്ച ബീക്കുട്ടി ഉമ്മ, പത്തു സെന്റ് വീതം ഭൂമി വാങ്ങി നൽകിയ മാനിത്തൊടി അബൂബക്കർ, അമരംപറ്റ സുധീഷ് ചന്ദ്രൻ എന്നിവർ. കൂടെ അത്യധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി മികവുറ്റ സ്പോർട്സ് അക്കാദമി ആസൂത്രണം ചെയ്യുന്ന ‘ടീം കവ ബോയ്സും’ ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും.... വയനാട് ബത്തേരി പാപ്ലശേരിക്കു സമീപത്തെ അഴീക്കോടൻ നഗർ–കവലമറ്റം ഗ്രാമം മാതൃകയുടെ പുതിയ അധ്യായരചനയിലാണ്. 

ബ്രിട്ടിഷുകാരുടെ കാലംമുതലേ ഫുട്ബോളും കായികസംസ്കാരവും നിലനിന്ന, മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം മാനവിക ഐക്യവും സാഹോദര്യവും രക്തത്തിലോടിയ പാമ്പ്ര ചേലക്കൊല്ലിയെന്ന ഗ്രാമത്തിന്റെ ചരിത്രമാണ് ഈ അധ്യായത്തിന്റെ മുഖക്കുറിപ്പ്.

നഷ്ടത്തെക്കാൾ വലിയ നേട്ടം

നഷ്ടമായത് ഒരു സെവൻസ് ഫുട്ബോൾ മൈതാനം മാത്രമാണെങ്കിൽ ഇവരുടെ കൂട്ടായ്മ യാഥാർഥ്യമാക്കുന്നതു വിപുലമായ സ്പോർട്സ് അക്കാദമിയാണ്. 

ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൻ കോർട്ടുകൾ, സ്വിമ്മിങ് പൂൾ, ക്രിക്കറ്റ് നെറ്റ്സ്, ജംപിങ് പിറ്റ്, ഹെൽത്ത് ക്ലബ്, മുതിർന്നവർക്കായി വോക് വേ അടക്കമുള്ള വ്യായാമ സൗകര്യങ്ങൾ, ചെറിയ കുട്ടികൾക്കായി മിനി പാർക്ക്, ഓഫിസ് തുടങ്ങിയവയുണ്ടാകും –ദർശന ക്ലബ് പ്രസിഡന്റ് ടി.എസ്.നന്ദഗോപനും സെക്രട്ടറി പി.ആർ.ലൈജുവും പറയുന്നു. 

ചെറിയ കുട്ടികൾ മുതൽ സ്ത്രീകളടക്കമുള്ള വയോജനങ്ങൾവരെ ആരും വ്യായാമം ചെയ്യാത്തവരായി ഈ ഗ്രാമത്തിലുണ്ടാകരുത്, ലഹരിയെ ഈ ഗ്രാമത്തിലേക്ക് അടുപ്പിക്കരുത്–നന്മയുടെ ദർശനങ്ങൾകൂടിയാണു ലക്ഷ്യം.

ഹബീബ് അറയ്ക്കൽ

നഷ്ടമായ കളിക്കളം

പാമ്പ്ര മേഖലയിലെയും പരിസരങ്ങളിലെയും കായിക സംസ്കാരത്തെ പ്രതിഭാധന്യമാക്കിയ കളിക്കളമായിരുന്നു ചേലക്കൊല്ലിയിലേത്. സ്കോട്ട്ലൻഡുകാർ സ്ഥാപിച്ച ബിബിടിസി കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന കാപ്പി എസ്റ്റേറ്റിൽ മൈതാനവും ഫുട്ബോളും വന്നിട്ടു പതിറ്റാണ്ടുകളേറെ ആയി. 

എസ്റ്റേറ്റ് ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും മക്കൾക്കുമെല്ലാമായി ഒരു ക്ലബ്ബും മൈതാനവും. പാമ്പ്രയിലെ ഫുട്ബോൾ ടീം പതിറ്റാണ്ടുകൾക്കു മുൻപുതന്നെ വയനാട്ടിലും ഊട്ടിയിലും കുടകിലും മറ്റും എസ്റ്റേറ്റുകളിൽ കളിക്കാൻ പോകുമായിരുന്നു. ഉടമകൾ മാറിയപ്പോഴും കളിയെ മികച്ച രീതിയിൽ പ്രോൽസാഹിപ്പിച്ചുവന്നു. പിന്നെയും ഒട്ടേറെ ടൂർണമെന്റുകൾക്കു ചേലക്കൊല്ലി മൈതാനം സാക്ഷ്യം വഹിച്ചുവെന്ന് ഓർക്കുന്നു കവലമറ്റം നിവാസിയും പാമ്പ്ര എസ്റ്റേറ്റ് മുൻ ജീവനക്കാരനുമായ സി.പത്മനാഭൻ.

തലമുറകളിലേക്കു കായിക സംസ്കാരവും കാൽപന്തുകളി പ്രേമവും പകർന്നുകിട്ടി. ഇവിടെനിന്നു മികച്ച കാൽപന്തുകളിക്കാരുണ്ടായി. ആ മൈതാനത്താണ് ഇനി പ്രവേശനം അനുവദിക്കില്ലെന്ന് ഏതാനും മാസം മുൻപു തീരുമാനമുണ്ടായത്. ഇതിന് ഉടമകൾക്ക് അവരുടേതായ ന്യായീകരണമുണ്ടായിരുന്നു. 

എന്നാൽ, ജീവിതത്തിന്റെ ഭാഗമായ കളി നിർത്തേണ്ടി വരുമോ എന്ന ആശങ്കയിലായി യുവാക്കളും നാട്ടുകാരും. ചെറിയ കുട്ടികൾക്കും കളിക്കാർക്കുമായി നിത്യവും കോച്ചിങ് ക്യാംപ് നടത്തിയിരുന്നു ഇവിടെ. പതിവു സായാഹ്നങ്ങളിലെ കളികൾക്കൊപ്പം ക്യാംപ് മുടങ്ങിയതും വേദനയായി.

ഇനിയെന്ത്?

യുവത്വത്തിന്റെ പ്രസരിപ്പും പന്തുകളി ആവേശത്തിന്റെ കാൽത്തരിപ്പും മാത്രമാണു കൈമുതൽ. പന്തു കളിക്കാതെയുള്ള ജീവിതത്തെക്കുറിച്ച് ഓർക്കാൻ പോലുമാകില്ല. കളിക്കളം വേണം. എങ്ങനെയും ഒരു മൈതാനമുണ്ടാക്കണം. സ്ഥലം കണ്ടെത്താൻ ശ്രമങ്ങൾ തുടങ്ങി. സ്ഥലമുണ്ട്. കുറഞ്ഞ വിലയിൽതന്നെ ലഭിക്കും. പക്ഷേ, പണം വേണ്ടേ? ‘കവ ബോയ്സിന്റെ’ ആവേശം പുതിയ വഴികൾ തേടി. ഇവർകൂടി ഭാഗമായ അഴീക്കോടൻ നഗർ ദർശന ക്ലബ് പൂർണ പിന്തുണയുമായെത്തി. നാട്ടിൽ സാധിക്കുന്ന എല്ലാവരിൽനിന്നും ഓരോ സെന്റ് ഭൂമിയെങ്കിലും സ്പോൺസർ ചെയ്യിക്കുക. കുറെപ്പേർ മുന്നോട്ടുവന്നു. യുവാക്കളുടെ കൂട്ടായ്മയുടെ ശ്രമം നാടാകെയറിഞ്ഞു. സമുഹമാധ്യമക്കൂട്ടായ്മകളിൽ അവരുടെ ആവേശം പ്രചരിച്ചു.

അപ്പോഴൊരു മാലാഖ

എങ്ങനെയും കളിസ്ഥലമുണ്ടാക്കാനുള്ള വഴികൾ തേടുന്ന യുവാക്കളെ ഒരു ദിവസം ചേലക്കൊല്ലി അറയ്ക്കൽ വീട്ടിൽ പരേതനായ മുഹമ്മദിന്റെ (മമ്മിക്കാക്ക) ഭാര്യ ബീക്കുട്ടിയുമ്മ വീട്ടിലേക്കു വിളിപ്പിച്ചു. പാമ്പ്ര എസ്റ്റേറ്റിലെ തന്നെ തൊഴിലാളിയായിരുന്ന ഉമ്മ കവലമറ്റത്തുതന്നെയാണു താമസം. വീട്ടിലെത്തിയ കവ ബോയ്സ് സംഘത്തോട് അവർ പറഞ്ഞു, ‘കളിക്കളത്തിനായി ഒരേക്കർ സ്ഥലം ഞാൻ വാങ്ങി റജിസ്റ്റർ ചെയ്തുതരാം.’ കാതുകളെ വിശ്വസിക്കാനാകാതെ നിന്നു യുവാക്കൾ. അവർക്കു മുന്നിൽ മാലാഖയായി നിറഞ്ഞുനിന്നു ആ ഉമ്മ.

പന്തുകളിക്കാരനും ടൂർണമെന്റ് സംഘാടകനും നാട്ടിലെ യുവാക്കളുടെ കൂട്ടായ്മയായിരുന്ന ‘പ്രതീക്ഷ’ ക്ലബ്ബിന്റെ അമരക്കാരനുമായിരുന്ന ഹബീബ് അറയ്ക്കലിന്റെ ഉമ്മ. ഇന്നു സൗദി അറേബ്യയിൽ സംരംഭകനായ ഹബീബിന്റെകൂടി പ്രേരണ ബീക്കുട്ടി ഉമ്മയുടെ പ്രഖ്യാപനത്തിനു പിന്നിലുണ്ട്. പഴയ കളിക്കളമുണ്ടായിരുന്ന എസ്റ്റേറ്റിലെ മുൻ തൊഴിലാളിയാണു ബീക്കുട്ടി ഉമ്മ എന്നത് ഈ സ്നേഹസമ്മാനത്തിനു മാറ്റുകൂട്ടുന്നു.

നാട്ടുകാർതന്നെയായ മാനിത്തൊടി അബൂബക്കർ, അമരംപറ്റ സുധീഷ് ചന്ദ്രൻ എന്നീ പ്രവാസികൾകൂടി 10 സെന്റ് വീതം വാങ്ങിക്കൊടുക്കാമെന്നേറ്റു. ഒരേക്കർ 20 സെന്റ് സ്ഥലം ഇന്ന് അക്കാദമിക്കായി സജ്ജം. മികച്ചൊരു മൈതാനമാക്കി ഈ സ്ഥലം മാറ്റിക്കഴിഞ്ഞു. അതിനായി രാപകൽ നീണ്ട അധ്വാനത്തിലേർപെട്ടു കവ ബോയ്സ്. നാട്ടിലെ അയൽക്കൂട്ടം അംഗങ്ങളും സ്വന്തം മക്കളുടെ ഈ ഉദ്യമത്തിൽ കൈകോർത്തു

ബീക്കുട്ടി ഉമ്മയുടെ സ്നേഹം

ഉമ്മ സ്ഥലം വാങ്ങി നൽകിയതു ചെറിയ കാര്യമായേ കരുതുന്നുള്ളൂ എന്നു ഹബീബ് പറയുന്നു. ‘കവ ബോയ്സ് ’എന്ന വിസ്മയത്തിനു മുന്നിൽ, അവരുടെ അത്യധ്വാനത്തിനും ഇച്ഛാശക്തിക്കും മുന്നിൽ ഈ സംഭാവന എത്രയോ ചെറുതാണ്. ഈ നാട്ടിലെ മൈതാനത്തു കളിച്ചു വളർന്നവരാണു ഞങ്ങളെല്ലാം. ഈ നാട്ടിൽനിന്നു മികച്ചൊരു ടീമുണ്ടാകുകയെന്നതു സ്വപ്നമായിരുന്നു. മികച്ച നിലവാരത്തിലുള്ള താരങ്ങൾ ഒട്ടേറെ പേരുണ്ടായിരുന്നു ഇവിടെ. പണ്ട് എസ്റ്റേറ്റിലെ ടീമിനായി കളിച്ചിരുന്ന ശങ്കരൻ, രാജൻ, മണി, ഹംസക്കുട്ടി, നീലകണ്ഠൻ പിന്നീടു വന്ന താരങ്ങളായ മൊയ്തീൻ, സിദ്ദീഖ്, അലി, അശോകൻ, ഗോൾകീപ്പർ സജീവൻ, ജയൻ, സക്കീർ, പ്രസാദ് ഇവരെല്ലാംതന്നെ വയനാട് ജില്ലയ്ക്കായെങ്കിലും കളിക്കേണ്ടവരായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. വീണ്ടെടുക്കലിന്റെ പര്യായമായി കവ ബോയ്സ് വലിയ പ്രതീക്ഷ നൽകുന്നു. അക്കാദമി യാഥാർഥ്യമാകുന്നതോടെ ഫുട്ബോളിൽ മാത്രമല്ല, മറ്റു കായിക ഇനങ്ങളിലും മികച്ച താരങ്ങളുണ്ടാകും–. ഞാനുൾപ്പെട്ട തലമുറയുടെ നടക്കാതെപോയ സ്വപ്നമാണത്–ഹബീബ് പറയുന്നു.

ഉത്സവമായി ബിരിയാണി ചാലഞ്ച്

മൈതാനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളാൽതന്നെ വലിയൊരു തുക കടബാധ്യതയായി. അതിൽനിന്നു മുക്തി നേടാൻ ഇക്കഴിഞ്ഞ 14നു കവ ബോയ്സും ദർശന ക്ലബ്ബും വലിയൊരു ബിരിയാണി ചാലഞ്ച് നടത്തി. തലേന്നു രാത്രി ഉറക്കമുപേക്ഷിച്ചു രുചികരമായ ബിരിയാണി തയാറാക്കി. നാനാ ഭാഗങ്ങളിൽനിന്ന് ഓർഡർ ലഭിച്ചു. 1850 ബിരിയാണിയാണ് ഈ യുവാക്കൾ തയാറാക്കി എത്തിച്ചുകൊടുത്തത്.

ടീം കവ ബോയ്സ്

മികവിന്റെ അക്കാദമി

ആവശ്യമായ ഔദ്യോഗിക അനുമതികളോടെ മികവിന്റെ അക്കാദമിയാണ് ആസൂത്രണം ചെയ്യുന്നതെന്നു ദർശന ക്ലബ് ഭാരവാഹികളായ നന്ദഗോപനും ലൈജുവും പറയുന്നു. മികച്ച പരിശീലകരെ ലഭ്യമാക്കും. കേന്ദ്ര–സംസ്ഥാന കായിക വകുപ്പുകളുടെയും ഖേലോ ഇന്ത്യപോലുള്ള പദ്ധതികളുടെയും മറ്റും സഹായമുണ്ടെങ്കിൽ മികച്ച പരിശീലകരുടെ സേവനവും മറ്റു സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കാനാകും. പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബുവും വൈസ് പ്രസിഡന്റ് എം.എസ്.പ്രഭാകരനും സ്ഥിര സമിതി അധ്യക്ഷരും അംഗങ്ങളും അടക്കമുള്ളവർ മൈതാനം സന്ദർശിച്ചു പിന്തുണ അറിയിച്ചിരുന്നു.

കളിക്കാൻ ആളില്ലാതെയും ആളുണ്ടെങ്കിൽതന്നെ കളിക്കാനായി തുറന്നുകൊടുക്കാതെയും നശിക്കുന്ന ഒട്ടേറെ കളിക്കളങ്ങളുണ്ടു കേരളത്തിൽ. പല കോളജുകളിലും സ്ഥാപനങ്ങളിലും മറ്റും അത്തരം മൈതാനങ്ങൾ കാണാം. അപ്പോഴാണു സ്പോർട്സിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പറ്റം യുവാക്കളും നാട്ടുകാരും പുതിയൊരു ചിത്രം വരച്ചുകാട്ടുന്നത് അഥവാ കായിക കേരളത്തിന്റെ ചരിത്രത്തിൽതന്നെ പുതിയൊരു അധ്യായം രചിക്കുന്നത്. കൂലിപ്പണിക്കാരും ചെറുകിട കർഷകരും നിറഞ്ഞ ഒരു വയനാടൻ ഗ്രാമം കായിക കേരളത്തിനു മാതൃകയാകുന്ന കാൽവയ്പാണു നടത്തുന്നത്. 

English Summary : Sunday special about history of Chelakolli village Pambra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com