ADVERTISEMENT

ഷെറിൽ ബെറി ‌ഇംഗ്ലണ്ടിൽ തന്റെ 25–ാം ഗ്രേറ്റ് നോർത്ത് റൺ ഹാഫ് മാരത്തൺ ഓടുമ്പോൾ ആലപ്പുഴ കഞ്ഞിക്കുഴിയിലെ ‘ഹോപ്’ വില്ലേജിലെ കുട്ടികളും അമ്മമാരും ചെറിയൊരു മാരത്തൺ ഓടും! മതിൽക്കെട്ടിനുള്ളിലെ ആ മാരത്തണിൽ പങ്കെടുത്ത് ഹോപ് വില്ലേജ്, ‘ദ് ഗ്രേറ്റ് റൺ’ മാരത്തണിൽ പങ്കെടുക്കുന്ന ഷെറിൽ ബെറിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കും. അവർക്കറിയാം, ഷെറിൽ ഓടുന്നതു തങ്ങൾക്കു വേണ്ടിയാണെന്ന്.

‘ഹോപ്പി’ലേക്ക്

2011ലാണു ഹോപ്പിലേക്ക് ആദ്യമായി എത്തിയത്. ഇന്നു ഹോപ്പിന്റെ ട്രസ്റ്റികളിൽ ഒരാളാണു ഷെറിൽ ബെറി. ‘ആദ്യ കാഴ്ചയിൽത്തന്നെ ഹോപ്പിനെ ഇഷ്ടപ്പെട്ടു. എത്ര മനോഹരമായാണ് ഈ വില്ലേജ് ഒരുക്കിയിരിക്കുന്നത്. കോവിഡ് ലോക് ഡൗൺ കാലത്തൊഴികെ എല്ലാ വർഷവും ഞാൻ ഹോപ്പിലെത്തി കുട്ടികളെ പഠിപ്പിച്ചു. പ്രഥമ ശുശ്രൂഷയെക്കുറിച്ചും പറഞ്ഞുകൊടുത്തു’.

വയസ്സ് 75; മാരത്തൺ 25

75–ാം പിറന്നാളാഘോഷത്തിന് ഒരുങ്ങുകയാണു ഷെറിൽ ബെറി. ഒപ്പം, 25–ാം മാരത്തണിനായുള്ള പരിശീലനത്തിനും. സെപ്റ്റംബറിൽ നടക്കുന്ന ‘ദ് ഗ്രേറ്റ് റൺ’ മാരത്തണിലെ ഏറ്റവും പ്രായംകൂടിയ മത്സരാർഥി കൂടിയാണു ഷെറിൽ. 50–ാം വയസ്സിലാണ് ആദ്യ മാരത്തൺ‍. ഹോപ് കമ്യൂണിറ്റി വില്ലേജിലെ കുട്ടികൾക്കു വേണ്ടിയാണു ഷെറിൽ മാരത്തണിൽ പങ്കെടുക്കുന്നത്. ലഭിക്കുന്ന തുക മുഴുവൻ ഇവിടെയുള്ള കുഞ്ഞുങ്ങൾക്കായി അയച്ചു നൽകും. 25 വർഷം കൊണ്ട് അവർ അയച്ചത് 75,000 പൗണ്ട്. ഏകദേശം 70 ലക്ഷം ഇന്ത്യൻ രൂപ.

‘ഹോപ്പിന്റെ കുപ്പായമണിഞ്ഞു മാരത്തൺ ഓടുന്നതിൽ വളരെയധികം സന്തോഷമുണ്ട്. അവിടത്തെ കുഞ്ഞുങ്ങൾക്കു വേണ്ടി എന്നെക്കൊണ്ടു ചെയ്യാനാകുന്നതു ചെയ്യുന്നു. അവരുടെ പുഞ്ചിരിയാണ് എനിക്കു കിട്ടുന്ന പ്രോത്സാഹനം’ – ഷെറിൽ പറഞ്ഞു.

പ്രിയം അധ്യാപനം

1970ലാണ് അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഗണിതമാണ് ഇഷ്ടവിഷയം. പിഎച്ച്ഡി ചെയ്തതു ബിസിനസ് ആൻഡ് ഇക്കണോമിക്സിലും. 2006ൽ പ്രധാനാധ്യാപികയായി വിരമിച്ചെങ്കിലും വിശ്രമജീവിതം നയിക്കാൻ ഷെറിൽ ഒരുക്കമല്ലായിരുന്നു. സമൂഹത്തിനു വേണ്ടി, കുട്ടികൾക്കു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു.

അംഗീകാരം

2013ൽ ഷെറിലിന് മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ അവാർഡ് ലഭിച്ചു. ചാൾസ് രാജകുമാരനാണ് അവാർഡ് സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ ഇന്നത്തെ രാജാവ്. വിദ്യാഭ്യാസം, ആരോഗ്യം, സന്നദ്ധസേവനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം പരിഗണിച്ചായിരുന്നു അംഗീകാരം.

പഠിച്ചും പഠിപ്പിച്ചും ഷേർലി

വിവാഹമോചനത്തിനു ശേഷം ഷേർലി വിൻസന്റ് ആദ്യം തീരുമാനിച്ചത് യാത്ര പോകാനായിരുന്നു. നേപ്പാളിലേക്കൊരു സാഹസികയാത്ര. അവിടെ വച്ച്, ട്രിപ്പ് ക്യാപ്റ്റൻ പറഞ്ഞു, ‘നിനക്ക് ഒത്തിരി കാര്യങ്ങൾ‍ ചെയ്യാൻ സാധിക്കും. അതിനായി പരിശ്രമിക്കുക’. ഷേർലി അതു തള്ളിക്കളഞ്ഞില്ല. അന്നുമുതൽ അവർ ഒറ്റയ്ക്കു യാത്ര ചെയ്തുതുടങ്ങി. ഇതുവരെ കണ്ടുതീർത്തത് 20 രാജ്യങ്ങൾ. കേരളത്തിലേക്കും നടത്തി യാത്ര. തന്റെ സമ്പാദ്യത്തിൽനിന്നു പണമെടുത്ത് അനാഥാലയത്തിലേക്കു വരിക. അവിടത്തെ കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുക. 7 വർഷമായി ആ യാത്ര മുടക്കമില്ലാതെ തുടരുകയാണ്, ഈ അറുപത്തിയെട്ടാം വയസ്സിലും.

sherly
ഷേർലി വിൻസൻറ്

ഇതെന്റെ ഹോപ്

ഹോപ് കമ്യൂണിറ്റി വില്ലേജിന്റെ ട്രസ്റ്റിമാരിൽ ഒരാളായ ഷെറിൽ ബെറിയെ പരിചയപ്പെടുന്നത് ഒരു ഡാൻസിങ് ഫ്ലോറിൽ വച്ചാണ്. അന്നു ഡാൻസൊക്കെ കഴിഞ്ഞു വിശ്രമിക്കുന്നതിനിടെ ഷെറിൽ ഹോപ്പിനെക്കുറിച്ചു പറഞ്ഞു. കൂടെയൊരു ചോദ്യവും – കേരളത്തിലേക്കു പോരുന്നോ? ആ വർഷത്തെ എന്റെ യാത്ര അങ്ങനെ കേരളത്തിലേക്കായി. 2016 ജനുവരിയിലാണ് ആദ്യം ഹോപ്പിലെത്തിയത്. അടുത്ത വർഷം വീണ്ടുമെത്തി. എന്തുകൊണ്ട് എനിക്കറിയാവുന്ന ഭാഷ ഇവരെ പഠിപ്പിച്ചുകൂടാ എന്നു ചിന്തിച്ചത് ആ യാത്രയിലാണ്.

ഒരു കുഞ്ഞ് മനോഹരമായി ഇംഗ്ലിഷിൽ ലേഖനമെഴുതിയിരിക്കുന്നു. പക്ഷേ, വായിക്കാൻ പറഞ്ഞപ്പോൾ നാണം. ഞാൻ ചെറുതായി സഹായിച്ചതേയുള്ളൂ, മനോഹരമായി അവൾ ഇംഗ്ലിഷ് പറഞ്ഞു. ഇവിടെ എല്ലാവർക്കും ഇംഗ്ലിഷ് അറിയാം. പക്ഷേ, പറയാൻ മടിയാണ്. ഫ്രാൻ‍സിലേക്കു പോയപ്പോൾ ഇതേ അവസ്ഥ എനിക്കുമുണ്ടായിരുന്നു. എനിക്കു ഭാഷയറിയാം. പക്ഷേ, പറയാൻ മടി. എന്നാൽ, സംസാരിച്ചു തുടങ്ങുമ്പോൾ ആ പേടി നമ്മിൽനിന്ന് അകലും. അത്രമാത്രമേ ഞാനിവിടെ ചെയ്യുന്നുള്ളൂ – ആ പേടി മാറ്റുക. വർഷത്തിൽ‍ രണ്ടുതവണ ഇവിടെയെത്തും. കുട്ടികളുടെ കൂടെക്കൂടും. 

പൂർണമായും ഹോപ്പിലേക്ക്

ഷെറിൽ ബെറിയാണ് ഹോപ് കമ്യൂണിറ്റി വില്ലേജിന്റെ സ്ഥാപകനായ ജോൺ വിച്ചിനെ പരിചയപ്പെടുത്തുന്നത്. ഹോപ്പിനൊപ്പം ജോലി ചെയ്താൽ കൊള്ളാമെന്നു പറഞ്ഞപ്പോൾ, ധൈര്യമായി മുന്നോട്ടുപോകൂ എന്നായിരുന്നു മറുപടി. പിന്നീട് മറിച്ചൊന്നും ചിന്തിച്ചില്ല. 2018ലെ ക്രിസ്മസിൽ എന്റെ ‘ഹോപ്പായി’ ഈ ഹോപ് വില്ലേജ് മാറി. വൊളന്റിയറാകുക, അല്ലെങ്കിൽ അധ്യാപികയാകുക എന്നൊന്നും ചിന്തിച്ചല്ല ഹോപ്പിലേക്കു വന്നത്. എന്റെ കൊച്ചുകൂട്ടുകാരാണ് ഇവിടത്തെ കുഞ്ഞുങ്ങൾ. കൂട്ടുകാർ പരസ്പരം സഹായിക്കുമല്ലോ. അത്രയേ ഞാനും ചെയ്യുന്നുള്ളൂ. 

കോവിഡ്കാലത്ത് രണ്ടു വർഷം യാത്ര മുടങ്ങി. അന്ന് സ്കൈപ്പിലൂടെയാണു കുട്ടികളോടു സംവദിച്ചത്. രണ്ടു മാസം എല്ലാ ദിവസവും ഓരോ മണിക്കൂർ വീതം ക്ലാസുകളുണ്ടായിരുന്നു. ഓൺലൈൻ‍ ക്ലാസുകൾ ഇവിടെ ആരംഭിച്ചതോടെ ശനിയും ഞായറും ക്ലാസുകളെടുത്തു. ഇതുവരെ 240 ക്ലാസുകളാണ് സ്കൈപ്പ് വഴി നൽകിയത്. 

എന്തുകൊണ്ട് കേരളം?

ഷെറിൽ ബെറിയെ പരിചയപ്പെടുന്നതിനു മുൻപ് പല സംഘടനകളെയും ഞാൻ സമീപിച്ചിരുന്നു. അവർക്കുവേണ്ടി ജോലി ചെയ്യാൻ താൽപര്യമുണ്ടെന്നറിയിച്ചിരുന്നു. പക്ഷേ, അവർ ചോദിക്കുന്ന ബിരുദയോഗ്യത എനിക്കില്ലായിരുന്നു. ഒരുപക്ഷേ, കേരളമായിരുന്നു എനിക്കു വേണ്ടി മാറ്റിവയ്ക്കപ്പെട്ടത്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും സന്ദർശിച്ചിട്ടുണ്ട്. എങ്കിലും കേരളം എന്നും പ്രിയപ്പെട്ടതു തന്നെ. ചൂട് മാത്രമാണ് ഇപ്പോൾ ബുദ്ധിമുട്ട് (ചിരിക്കുന്നു).

അറുപതാം വയസ്സിൽ 

18,655 അടി ഉയരത്തിൽ

ട്രക്കിങ്ങാണ് ഇഷ്ടം. അതു നൽകുന്ന സന്തോഷം, സംതൃപ്തി പറഞ്ഞറിയിക്കാനാകില്ല. ഈയടുത്ത് ലഡാക്കിലാണ് ട്രക്കിങ്ങിനു പോയത്. എന്റെ കൂടെയുള്ളവരെല്ലാം ചെറുപ്പക്കാർ. വേഗം കൂടുതലുള്ളവർ. ആരോഗ്യമുള്ളവർ. പക്ഷേ, പിന്തിരിയാൻ ഞാൻ തയാറല്ലായിരുന്നു. അങ്ങനെ, ഉയരത്തിലേക്കു നടന്നുകയറി. ഇതുവരെ നടത്തിയ യാത്രകളിലെ ഏറ്റവും വലിയ ഉയരം. 18,655 അടി. 

ഹോപ് വില്ലേജ്

ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന വീടാണ് കഞ്ഞിക്കുഴിയിലെ ഹോപ് കമ്യൂണിറ്റി വില്ലേജ്. ജോൺ വിച്ച് എന്ന യുകെ സ്വദേശി കേരളത്തിലെ തന്റെ വ്യവസായം അവസാനിപ്പിച്ചു പോകുമ്പോൾ ആരും സംരക്ഷിക്കാനില്ലാത്ത കുട്ടികൾക്കായി ആരംഭിച്ചതാണിത്. 8 കുട്ടികളെ പാർപ്പിക്കാൻ ഒരു വീട്, അവർക്കായി ഒരു അമ്മ എന്ന തരത്തിലാണ് ഹോപ് കമ്യൂണിറ്റി വില്ലേജ് പ്രവർത്തിക്കുന്നത്.

28 വർഷമായി പ്രവർത്തിക്കുന്ന ഹോപ്പിൽ നിലവിൽ നൂറോളം കുട്ടികളുണ്ട്. ഇതുവരെ 178 കുട്ടികളാണ് ഇവിടെനിന്നു പഠിച്ചു പുറത്തിറങ്ങിയത്. എംബിബിഎസ് പഠനത്തിനായി ജോർജിയയിലെ ടീച്ചിങ് യൂണിവേഴ്സിറ്റി ഓഫ് ജിയോമെഡിൽ ഇവിടെ നിന്നുള്ള ദയയ്ക്കു പ്രവേശനം ലഭിച്ചത് കുറച്ചു ദിവസങ്ങൾക്കു മുൻപാണ്.

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത ഇത്തരം സ്ഥാപനങ്ങളിലേക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവു പ്രകാരമാണ് കുട്ടികളെ പുനരധിവാസത്തിന് അയയ്ക്കുന്നത്. ആലപ്പുഴ ജില്ലയിൽ ഇത്തരം 26 സ്ഥാപനങ്ങളുണ്ട്. ഇവയുടെ മേൽനോട്ടവും കുട്ടികളുടെ ക്ഷേമവും ഉറപ്പുവരുത്തുന്നത് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്ന സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമാണ്.  കലക്ടറാണു പദ്ധതിയുടെ ജില്ലാതല മേധാവി.

English Summary : Sunday special about Sheryl Berry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com