ADVERTISEMENT

വന്ദേഭാരത് ട്രെയിൻ കണ്ടു വണ്ടറടിച്ചു നിൽക്കുന്നവരോടു കൂടിയാണ്. ‘വെൻ യൂ നീഡ് ദ റൈഡ് ഓഫ് എ ലൈഫ് ടൈം, യൂ നീഡ് സ്വിറ്റ്സർലൻഡ്– ‘ഒരു ജീവിതകാലത്തെ ഏറ്റവും മനോഹര യാത്രയ്ക്ക് സ്വിറ്റ്സർലൻഡിലേക്കു പോന്നോളൂ’. പറയുന്നതു മറ്റാരുമല്ല. ടെന്നിസിൽ സ്വിസ്റ്റസർലൻഡ് സംഭാവന ചെയ്ത മുൻ ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ. സ്വിസ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായ ഫെഡറർ സ്വിറ്റ്സർലൻഡിലെ ആഡംബര ട്രെയിനായ ഗോൾഡൻ പാസ് എക്സ്പ്രസിനു വേണ്ടി ചെയ്ത പരസ്യചിത്രം അവസാനിക്കുന്നത് ഈ വാചകത്തോടെയാണ്.

ഫെഡറർ മാത്രമല്ല, വാച്ചും ചോക്ലേറ്റും വൈനും മുതൽ ‘സ്വിസ് മേഡ്’ എന്നു മുദ്രകുത്തിയതൊന്നും മികച്ചതല്ലാതിരുന്നിട്ടില്ല. അക്കൂട്ടത്തിലാണു ലോകം ഇന്നു സ്വിസ് ടൂറിസത്തെയും അടയാളപ്പെടുത്തുന്നത്. സ്വിസ് മേഡ് ടൂറിസത്തിനായി ഈ രാജ്യം പുതിയതായി അവതരിപ്പിച്ചതാണു ഗോൾഡൻ പാസ് എക്സ്പ്രസ്. മഞ്ഞു പുതച്ചു നിൽക്കുന്ന ആൽപ്സ് പർവതനിരകളിലേക്കു സഞ്ചാരികളെ ക്ഷണിക്കുക മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച യാത്രാ അനുഭവം അവർക്കു നൽകുക കൂടിയാണ്. സഞ്ചാരികളുടെ എണ്ണം കൂടുന്നതനുസരിച്ചു സൗകര്യവും കൂട്ടുന്നു. ലോകടൂറിസം ഭൂപടത്തിൽ പർവതസമാനമായി ഈ രാജ്യം തല ഉയർത്തി നിൽക്കുന്നതിനു കാരണവും ഇതുതന്നെ. ‘ദിൽവാലാ ദുൽഹനിയാ ലേ ജായേംഗേ’യിൽ ഷാരൂഖ് ഖാനും കജോളും ചേർന്നു ‘സറാ സാ ഝൂംലൂം മേം’ എന്നു പാടിപ്പരിചയപ്പെടുത്തിയതിൽ നിന്നു ബഹുദൂരം മുന്നേറിക്കഴിഞ്ഞു സ്വിസ് ടൂറിസം.

2002ൽ കേരളത്തിൽനിന്നു മാത്രം സ്വിറ്റ്സർലൻഡിലെത്തിയത് എണ്ണായിരത്തോളം പേരാണ്. ഈ വർഷം കേരളത്തിലെ ട്രാവൽ ഏജൻസികൾക്കു ലഭിച്ച ബുക്കിങ് നോക്കിയാൽ ഇത് ഇരട്ടിയാകും. ആൽപ്സ് പർവതങ്ങളുടെ സൗന്ദര്യം കാണാൻ ഇന്ത്യൻ ടൂറിസ്റ്റുകൾ ഇതുവരെ തിരഞ്ഞെടുത്തിരുന്നത് ഏംഗൽബർഗിലെ മൗണ്ട് ടിട്ലിസ് ആയിരുന്നു. സമുദ്രനിരപ്പിൽനിന്നു 3239 മീറ്റർ ഉയരം. എന്നാൽ ഇന്നു പ്രിയം ഇതിലും ഉയരമുള്ള (3463 മീ.) യുങ്ഫ്രോ പർവതമാണ്. സ്വിറ്റ്സർലൻഡിന്റെ സാഹസിക തലസ്ഥാനമെന്നു വിളിക്കാവുന്ന ഇന്റർലേക്കനു സമീപത്തെ ഈ പർവതത്തിലേക്കുള്ള യാത്രാ സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ സഞ്ചാരികളുടെ ഒഴുക്കാണ് ഇങ്ങോട്ട്.

സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്, യൂങ്ഫ്രോ മൗണ്ടൻ ഇന്റർലേക്കൻ, ഗ്ലേഷ്യാ 3000 എന്നിവ ചേർന്നു സംഘടിപ്പിച്ച ഫാം ടൂറിൽ കണ്ട സ്വിസ് കാഴ്ചകൾ ഇതാ...

സ്കീയിങ് പ്രേമികളുടെ പറുദീസയായ ഗ്ലേഷ്യാ 3000

ടോപ്പ് ഓഫ് യൂറോപ്പ്

യുങ്ഫ്രോ, ഏയ്ഗർ, മോങ് പർവതങ്ങൾ ഉൾപ്പെടുന്ന ഇന്റർലേക്കൻ റീജിയൻ യുനെസ്കോയുടെ ലോക പൈതൃക പദവി നേടിയതാണ്. ഇന്റർലേക്കനിൽ താമസിച്ചാണു സഞ്ചാരികൾ യുങ്ഫ്രോ പർവതത്തിലേക്കു യാത്ര ചെയ്യുക. ഇന്റർലേക്കനിൽനിന്നു പുലർച്ചെ മുതൽ ട്രെയിനുകളുണ്ട്. മൂന്നരമണിക്കൂർ ട്രെയിൻ യാത്ര നടത്തി ഗ്രിൻഡൽവാളിൽ ഇറങ്ങണം. ഒരു രാജ്യാന്തര വിമാനത്താവളത്തിലെത്തിയാൽ എന്തെല്ലാം സംവിധാനമുണ്ടാകുമോ അതെല്ലാമുണ്ട് ഗ്രിൻഡൽവാൾ ടെർമിനലിൽ. ഷോപ്പിങ് ഏരിയ, ലോഞ്ച്, വൃത്തിയുള്ള ശുചിമുറി, സൂപ്പർമാർക്കറ്റ്, ചോക്ലേറ്റ് സ്റ്റോർ, സുവനീർ ഷോപ്, റസ്റ്ററന്റ് അങ്ങനെയെല്ലാം.

ഇവിടെനിന്നു യുങ്ഫ്രോ പർവതത്തിലേക്ക് ഇത്രനാളും ട്രെയിൻ മാത്രമായിരുന്നു ആശ്രയം. രണ്ടു മണിക്കൂറിലധികം സമയമെടുത്തിരുന്നു. എന്നാൽ 2020 ഡിസംബറിൽ ഏയ്ഗർ എക്സ്പ്രസ് എന്ന പേരിൽ കേബിൾ കാർ സർവീസ് തുടങ്ങിയതോടെ ലാഭിച്ചത് 47 മിനിറ്റാണ്. ലോകത്തിലെ ഏറ്റവും ഭാരമേറിയതും ആധുനികവുമായ ട്രൈ കേബിൾ വേ എന്ന വിശേഷണം ഇതിനുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തെത്താം. വരി നിൽക്കുന്ന പരിപാടിയേ ഇല്ല. ഓരോ 45 സെക്കൻഡിലും കേബിൾ കാറുണ്ട്. താഴെ പഞ്ഞിക്കെട്ടുകൾ പോലെ കിടക്കുന്ന മഞ്ഞിനു മുകളിലൂടെയാണ് ആകാശ സഞ്ചാരം. ഏയ്ഗർ ഗ്ലേഷ്യ വരെ കേബിൾ കാറിൽ പോകാം. അവിടെനിന്നു ട്രെയിനിൽ കയറണം. യൂങ്ഫ്രോ പർവതം ടോപ് ഓഫ് യൂറോപ്പ് എന്നറിയിപ്പെടുന്നതു യൂറോപ്പിലെ ഏറ്റവും ഉയരത്തിലായതുകൊണ്ടല്ല, യൂറോപ്പിൽ ഏറ്റവും ഉയരത്തിലെ റെയിൽവേ സ്റ്റേഷനുള്ളതുകൊണ്ടാണ്.

ഏയ്ഗർ എക്സ്പ്രസ് കേബിൾ കാറിൽ സ്വിറ്റ്സർലൻഡിലെ യൂങ്ഫ്രോ പർവതത്തിലേക്കുള്ള യാത്ര

ട്രെയിൻ സഞ്ചരിക്കുന്ന 9.34 കിലോമീറ്ററിൽ ഏഴു കിലോമീറ്ററും തുരങ്കപാതയാണ്. 16 വർഷമെടുത്ത് 1912ൽ പൂർത്തിയാക്കിയ ഈ റെയിൽപാത എൻജിനീയറിങ് രംഗത്തെ നിത്യവിസ്മയമാണ്. 30 തൊഴിലാളികളാണു നിർമാണത്തിനിടെ ജീവത്യാഗം ചെയ്തത്. ഇവരുടെയെല്ലാം ഓർമകളും അന്നുപയോഗിച്ച പണിയായുധങ്ങളുമെല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

യൂങ്ഫ്രോ മൗണ്ടനു മുകളിൽ നിന്നാൽ സ്വിസ് അതിർത്തിക്കു പുറത്ത് ഫ്രാൻസിലെ വോഷ് മൗണ്ടനും ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റും കാണാനാകും. സ്നോ ഫൺ പാർക്ക്, ഐസ് പാലസ്, യൂറോപ്പിലെ ഏറ്റവും ഉയരമുള്ള പോസ്റ്റ് ഓഫിസ്, ഏറ്റവും ഉയരത്തിലുള്ള റിസർച്ച് സ്റ്റേഷൻ എന്നിവയെല്ലാം യൂങ്ഫ്രോ പർവതത്തിലാണ്. ചാർളി ചാപ്ലിന്റെ നാൽപതാം ചരമവാർഷികത്തിൽ നിർമിച്ച ‘ചാപ്ലിൻ ആൻഡ് ദ കിഡ്’ പ്രതിമ ഉൾപ്പെടെ ഐസിൽ കടഞ്ഞ പ്രതിമകളാണ് ഐസ് പാലസിലുള്ളത്. യൂങ്ഫ്രോ റെയിൽവേയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചു 2012ൽ പൂർത്തിയാക്കിയ 250 മീറ്റർ നീളമുള്ള സാഹസിക തുരങ്കമാണു മറ്റൊരാകർഷണം. ‘ലിന്റ് സ്വിസ് ചോക്ലേറ്റ് ഹെവൻ’ എന്ന ലിന്റിന്റെ ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ചോക്ലേറ്റ് സ്റ്റോറും ഇവിടെയാണ്. ഇന്ത്യയിൽനിന്നു പോകുന്നവരെ ആകർഷിക്കുന്ന മറ്റൊന്നുണ്ട്. അതു ബോളിവുഡ് റസ്റ്ററന്റാണ്. ഒട്ടേറെ ബോളിവുഡ് സിനിമകൾ ചിത്രീകരിച്ചതിന്റെ ഓർമയ്ക്കാണ് ഈ പേരിട്ടത്.

Village
ജനീവ റീജനിലെ സ്റ്റാഡ് ടൂറിസ്റ്റ് വില്ലേജ്. ഒട്ടേറെ ബോളിവുഡ്‌ സിനിമകളുടെ ഗാനചിത്രീകരണം ഇവിടെ നടന്നിട്ടുണ്ട്

ടോപ്് ഓഫ് അ‍ഡ്വഞ്ചർ

സ്വിറ്റ്സർലൻഡിലെ മഞ്ഞുപർവതങ്ങളിലെല്ലാം സാഹസിക വിനോദങ്ങൾ പലതുണ്ടെങ്കിലും അതിൽ ഒരു പടികൂടി കടന്നുനിൽക്കും ഗ്രിൻഡൽവാൾ ഫസ്റ്റ് മൗണ്ടനിലേത്. ‘ടോപ് ഓഫ് അഡ്വഞ്ചർ’ എന്ന വിളിപ്പേരു വന്നതും അങ്ങനെയാണ്. യൂങ്ഫ്രോ പർവതത്തിനു സമീപം തന്നെയാണ് ഇതും. സ്കീയിങ്ങിനു വേണ്ടി സ്കീയുമായി നീങ്ങുന്നവരുടെ വൻ നിരതന്നെയുണ്ടാകും ഈ പർവതം കയറാൻ. ജലപ്പരപ്പിലെ മീനുകളെപ്പോലെ മഞ്ഞിൻപരപ്പുകളിലൂടെ സ്കീയുമായി ഇവർ ഒഴുകിനീങ്ങുന്നതു നല്ല ചന്തമുള്ള കാഴ്ചയാണ്.

grindelwald-1
സ്വിറ്റ്സർലൻഡിലെ യൂങ്ഫ്രോ റീജിയനിലെ ‘ടോപ് ഓഫ് അഡ്വഞ്ചർ’ എന്നറിയപ്പെടുന്ന ഗ്രിൻഡൽവാൾ ഫസ്റ്റ് മൗണ്ടനിലെ കാഴ്ചകൾ.

മൗണ്ടൻ കാർട്ട്, ഹൈക്കിങ്, സൈക്ലിങ് ഇങ്ങനെ ഒറ്റയ്ക്കും കൂട്ടായും ചെയ്യാവുന്ന പല വിനോദങ്ങളുണ്ട്. ചെങ്കുത്തായ മഞ്ഞുപർവതത്തിൽനിന്നു താഴേക്കു സൈക്കിളുമായി നിരങ്ങി നീങ്ങുന്നവരുണ്ട്. ഇതിനൊന്നും കഴിയാത്തവർ സാഹസികരല്ലെന്നു ധരിക്കേണ്ട. അവർക്കുള്ളതാണു ക്ലിഫ് വാക്ക്. പാറക്കൂട്ടങ്ങൾക്കു ചേർന്നു കെട്ടിയ ഇരുമ്പു പാലത്തിലൂടെ പർവതം ചുറ്റാം. താഴെയും മുകളിലും നോക്കെത്താ ദൂരത്തുമെല്ലാം മഞ്ഞാണ്. മേഘങ്ങളെ വകഞ്ഞുമാറ്റി ആകാശത്തൂടെ നടക്കുന്ന അനുഭവമാണ്. തലയിലേക്കു മഞ്ഞു പെയ്തുകൊണ്ടിരിക്കും. താഴേയ്ക്കു നോക്കുമ്പോൾ കാലൊന്നു തെറ്റിയാലോ എന്ന ഭയം തോന്നാം. പക്ഷേ, ഒന്നിലും വ്യാജൻ കലരാത്ത സ്വിസ് മേഡിൽ വിശ്വസിക്കാം. അത്രയ്ക്കു ബലമാണ്.

ക്ലിഫ് വാക്ക് കഴിഞ്ഞെത്തിയതിന്റെ അമ്പരപ്പകറ്റാൻ സമുദ്രനിരപ്പിൽനിന്നു 2200 മീറ്റർ ഉയരത്തിലുള്ള ഫസ്റ്റ് മൗണ്ടൻ ഇൻ റസ്റ്ററന്റിൽനിന്നു ചൂടുള്ളൊരു കപ്പുച്ചീനോയാകാം. മഞ്ഞുമഴ പെയ്യുമ്പോൾ ഓപ്പൺ റസ്റ്ററന്റിലാണ് ഇരിപ്പെങ്കിൽ കപ്പ് ടേബിളിൽ വയ്ക്കുന്നതേ ഓർമയുണ്ടാകൂ. നിമിഷങ്ങൾകൊണ്ട് അതു മഞ്ഞിൽ ഒളിക്കും.

ഓപ്പൺ എയറല്ല, സ്നോപ്പൺ എയർ

മഞ്ഞിനു മുകളിൽ കൂടി നേരേ ചൊവ്വെ നടക്കാൻതന്നെ ബുദ്ധിമുട്ടുള്ളപ്പോൾ പാട്ടും പാടി കൂട്ടമായി നൃത്തം ചെയ്യുന്നത് ആലോചിച്ചു നോക്കൂ. ഗ്രിൻഡൽവാളിൽനിന്ന് ഒരു കേബിൾ കാറിന്റെ ദൂരമേയുള്ളൂ മൻലിഷനിലേക്ക്. ഇവിടെ ഇടക്കിടെ ‘സ്നോപ്പൺ എയർ’ കലാപരിപാടികൾ അരങ്ങേറും. യൂറോപ്പിലെ പ്രധാനപ്പെട്ട ബാന്റുകളൊക്കെ എത്താറുണ്ട്. ഇവിടെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അരങ്ങേറുന്ന ഡിജെ പാർട്ടിയുടെ മറ്റൊരു രൂപം. പരിപാടിയുള്ള ദിവസം ഇതിനു പ്രത്യേക ടിക്കറ്റ് കിട്ടും. നൃത്തം ചെയ്യേണ്ടവർക്ക് അതാകാം. അല്ലാത്തവർക്ക് അൽപം ബിയറോ, വൈനോ നുണഞ്ഞ്, രുചിയുള്ള ഭക്ഷണവും കഴിച്ച് കണ്ടാസ്വദിക്കാനുള്ള സൗകര്യവുമുണ്ട്.

Lake
സ്വിറ്റ്സർലൻഡിലെ തടാകങ്ങളിലൊന്ന്.

ടോപ് ഓഫ് ഇന്റർലേക്കൻ

മഞ്ഞുപർവതങ്ങളുടെ താഴ്‌വാരത്തിലുള്ള ഗ്രാമമാണ് ഇന്റർലേക്കൻ ഈസ്റ്റ്. എങ്കിലും ഇവിടെ പഞ്ചനക്ഷത്ര ഹോട്ടലുകൾ അടക്കം ഒരു നഗരത്തിനുവേണ്ട എല്ലാ സൗകര്യവുമുണ്ട്. റാഡോയും ടിസ്സോട്ടും ഉൾപ്പെടെ സ്വിസ് മേഡ് വാച്ചുകളുടെ ഷോറൂമുകളാണു റോഡിന്റെ ഒരുവശം നിറയെ. സൈക്കിൾ യാത്രക്കാർക്കു പ്രത്യേക ട്രാക്കുണ്ട്. ഓരോ 20 മീറ്റർ നടക്കുമ്പോഴും മാലിന്യവീപ്പ. ഒരു തുണ്ടു കടലാസു പോലും വഴിയിലിടാൻ മനസ്സു വരില്ല. ഇത്രയും മനോഹരമായി ഒരു വീഥിയെ എങ്ങനെ നിലർത്തുന്നുവെന്ന് അൽഭുതം തോന്നിപ്പോകും. കർശനമായ നിയമം മാത്രമല്ല, ഉയർന്ന ജീവിതനിലവാരം ആഗ്രഹിക്കുന്ന ഒരു ജനതയുടെ സാംസ്കാരിക ഔന്നത്യവും ഇതിനു പിന്നിലുണ്ട്.

ഇന്റർലേക്കൻ ഈസ്റ്റ് റെയിൽവേ സ്റ്റേഷനു ചേർന്നാണു ഹാഡ കം അഥവാ ടോപ് ഓഫ് ഇന്റർലേക്കൻ. ഇരുവശത്തേക്കും ഓടിക്കാവുന്ന കൊച്ചു മൗണ്ടൻ ട്രെയിനിൽ വനത്തിനുള്ളിലൂടെയാണു മല കയറ്റം. സമുദ്രനിരപ്പിൽനിന്ന് 1332 മീറ്റർ ഉയരം. ഇന്റർലേക്കനിൽ ഇന്നും പ്രചരിക്കുന്ന പല മുത്തശ്ശിക്കഥകളിലും കേന്ദ്രകഥാപാത്രമാണ് ഈ മല. മുകളിലെത്തിയാൽ കാഴ്ച മാറി. യൂങ്ഫ്രോ റീജിയനിലെ പർവതനിരകളും രണ്ടു തടാകങ്ങളും ഒറ്റ ഫ്രെയിമിൽ പകർത്താവുന്ന വ്യൂ പോയിന്റാണ് ഇവിടം. പർവതങ്ങൾക്കിടയിലൂടെ തടാകത്തിലേക്കു സൂര്യൻ ഊർന്നിറങ്ങിപ്പോകുന്നതു കാണാൻ വൈകുന്നേരങ്ങളിലാണ് ആൾത്തിരക്ക്. അപ്പൂപ്പൻതാടികൾ കു‍ടഞ്ഞെറിഞ്ഞപോലെ മഞ്ഞു വീണുകൊണ്ടിരിക്കും. കല്യാണങ്ങൾ പോലും ഇവിടെ വച്ചു നടക്കുന്നത് ഈ ആംബിയൻസ് കൊണ്ടാണ്.

ഇന്റർലേക്കനിൽനിന്ന് ഒരു ബസ് ദൂരത്തിൽ ഒരു വേഗക്കാഴ്ച കൂടിയുണ്ട്. ബ്രീന്‍സ് തടാകത്തിൽ 360 ഡിഗ്രിയിൽ വട്ടം കറക്കുന്ന ജെറ്റ് ബോട്ട് അനുഭവം!

ഗോൾഡൻ പാസിൽ സുവർണയാത്ര

ഇന്റർലേക്കൻ, ജനീവ റീജിയനുകളെ ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ട് കൂടുതലായി സഞ്ചാരികൾ തിരഞ്ഞെടുത്തു തുടങ്ങിയിട്ടുണ്ട്. ഇതിനു പ്രധാന കാരണം കണക്ടിവിറ്റിയാണ്. ഇന്റർലേക്കനെയും ജനീവ റീജിയനിലെ മോന്ത്രായെയും ബന്ധിപ്പിക്കുന്ന ഗോൾഡൻ പാസ് എക്സ്പ്രസിലെ യാത്ര തന്നെ നല്ലൊരു ടൂറിസം അനുഭവമാണ്. ജീവിതയാത്ര പൂർണമാകണമെങ്കിൽ ഒരിക്കലെങ്കിലും ഈ ട്രെയിനിൽ കയറണമെന്നു റോജർ ഫെഡറർ പറഞ്ഞതു വെറുതെയല്ല. യാത്രാ ദിശ അനുസരിച്ച് ഇരുവശത്തേക്കും തിരിക്കാനോ, ചാരിക്കിടക്കാനോ കഴിയുന്ന സീറ്റാണ്. ഓരോ സ്റ്റേഷനെക്കുറിച്ചുമുള്ള അറിയിപ്പുണ്ട്. ഒരു സെക്കൻഡ് വൈകാതെ ട്രെയിൻ പുറപ്പെട്ടിരിക്കും.

Golden-pass-express
1: ഗോൾഡൻ പാസ് എക്സ്പ്രസ്. 2: ഗോൾഡൻ പാസ് എക്സ്പ്രസിലെ അകം കാഴ്ച

ജീവനക്കാരുടെ അതിഥ്യമര്യാദ എടുത്തുപറയണം. ആവശ്യപ്പെടുന്നത്ര വൈനും ഭക്ഷണവുമായി അവർ യാത്രക്കാരെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കും. കയ്യിലൊരു ഗ്ലാസ് വൈനുമായി ചില്ലുജനാല ചേർന്നിരുന്നാൽ പുറത്ത് മഞ്ഞുകട്ടകളെ വകഞ്ഞുമാറ്റി ട്രെയിൻ കുതിക്കുന്നത് അനുഭവിച്ചറിയാനാകും. കുലുക്കമോ, ശബ്ദമോ ഇല്ല. സ്വിറ്റ്സർലൻഡിൽ പല ട്രെയിനുകളിലും ശബ്ദമുയർത്തി സംസാരിക്കുന്നതുപോലും വിലക്കിയിട്ടുണ്ട്. ഒരാൾ യാത്ര ആസ്വദിക്കുമ്പോൾ അപരന്റെ ചെറുശബ്ദം പോലും ആസ്വാദനം മുറിക്കരുതെന്ന നിർബന്ധബുദ്ധി.

ഷിലോൺ കാസിൽ: നിഗൂഢതകളുടെ കോട്ട

മോന്ത്രായിൽ ട്രെയിൻ ഇറങ്ങിയാൽ അധികം ദൂരത്തിലല്ല ചരിത്ര പ്രസിദ്ധമായ ഷിലോൺ കാസിൽ. യൂറോപ്പിൽ ഏറ്റവുമധികം സഞ്ചാരികൾ എത്തുന്ന കോട്ടകളിലൊന്നാണ്. ജനീവാ തടാകത്തിന്റെ തീരത്തുള്ള ഈ മനോഹര നിർമിതിയുടെ രഹസ്യങ്ങളറിയാനാണു സഞ്ചാരികളെത്തുന്നത്. യൂറോപ്പിലെ സമുദ്രവ്യാപാരത്തിന്റെ ആയിരം വർഷം പഴക്കമുള്ള ചരിത്രം പറയാനുണ്ടു ഷിലോൺ കാസിലിന്.

Switzerland
1: ലോസാനിലെ ഷാലോൺ കാസിൽ കോട്ടയിലെ വൈൻ ടേസ്റ്റിങ്. 2: ഇന്റർലേക്കനിലെ ഫങ്കി ക്ലബ്ബിൽ ചോക്ലേറ്റ് മേക്കിങ് വർക് ഷോപ്.

താമസിക്കാനായും തടവിലിടാനായും ചരക്കും ആയുധവും സൂക്ഷിക്കാനായും ഉപയോഗിച്ചിരുന്ന കോട്ടയാണ് ഇന്നു ടൂറിസത്തിനായി ഉപയോഗിക്കുന്നത്. വൈൻ രുചിക്കാനെത്തുന്നവരുമുണ്ട്. സ്വന്തം വൈൻ യാഡിൽനിന്നുള്ള മുന്തിരി ഉപയോഗിച്ച് ഇവിടെ വൈൻ നിർമിക്കുന്നു. വർഷം പതിനായിരം കുപ്പികൾ മാത്രം. ഇവ വിൽക്കുകയും ചെയ്യും. ഗുണനിലവാരം ഉറപ്പാക്കാനാണു വൈൻ നിർമാണം വിപുലീകരിക്കാത്തത്.
വിക്ടർ ഹ്യൂഗോയും ബൈറണും മേരി ഷെല്ലിയും ഉൾപ്പെടെ റൊമാന്റിക് കാലഘട്ടത്തിലെ എഴുത്തുകാരെ ആകർഷിച്ച ഷിലോൺ കാസിൽ പല സാഹിത്യസൃഷ്ടികളിലും ഇടംപിടിച്ചിട്ടുണ്ട്.

ഗ്ലേഷ്യയിലെ സ്ഫടികരശ്മികൾ

ഗ്ലേഷ്യ 3000 സ്വിറ്റ്സർലൻഡിലെ സ്വപ്നഭൂമികളിലൊന്നാണ്. സമുദ്രനിരപ്പിൽനിന്നു 3000 മീറ്റർ ഉയരം. സ്കീയിങ് പ്രേമികളുടെ പറുദീസയെന്നു വിളിക്കാം. കാറിലോ, ബസിലോ കുന്നും മലയും ചുരവും കയറിയി വേണം ഗ്രേഷ്യയുടെ താഴ്വാരത്തിലെത്താൻ. അവിടെനിന്നു കേബിൾ കാർ. ഉപ്പുപൊടി പോലെ വെളുത്തുകിടക്കുന്ന മഞ്ഞിൻതരികളാണു ഗ്ലേഷ്യാ 3000ത്തിലേത്. സൂര്യരശ്മികൾ വീഴുമ്പോൾ ആ തരികൾ സ്ഫടികം പോലെ തിളങ്ങും. ഇവിടെത്തിക്കഴിഞ്ഞാൽ പിന്നെ സമതലമാണ്. എത്ര ദൂരം വേണമെങ്കിലും നടക്കാം. മുൻപേ നടന്നുപോയവരുടെ കാലടിപ്പാട് നോക്കി നടന്നാൽ വഴി തെറ്റില്ല. സ്ലെഡ്ജിങ് ഡോഗുകളുമായി പാഞ്ഞുപോകുന്നവരെയും സ്നോബസിൽ യാത്ര ചെയ്യുന്നവരെയുമെല്ലാം ഈ നടപ്പിൽ കണ്ടുമുട്ടാം. തെളിഞ്ഞ പ്രദേശമായതിനാൽ ആകാശത്ത് ഇടക്കിടെ സ്വിസ് ആർമിയുടെ സൈനികാഭ്യാസ പ്രകടനങ്ങളുണ്ടാകും.

glacia-4
സ്വിറ്റ്സർലൻഡിലെ ജനീവ റീജിയനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഗ്ലേഷ്യാ 3000ത്തിലെ കാഴ്ചകൾ. സമുദ്രനിരപ്പിൽനിന്ന് 3000 മീറ്റർ ഉയരത്തിലാണു ഗ്ലേഷ്യാ 3000

രണ്ടു കൊടുമുടികളെ ബന്ധിപ്പിക്കുന്ന സസ്പെൻഷൻ ബ്രിജിലൂടെയുള്ള നടത്തം ഹരംപിടിപ്പിക്കും. ഈ തൂക്കുപാലം കടന്നുചെന്നാൽ ഒരു വ്യൂ പോയിന്റാണ്. നമ്മുടെ ഹിൽ ടൂറിസം കേന്ദ്രങ്ങളിൽ ഇതിനെ സൂയിസൈഡ് പോയിന്റ് എന്നു വിളിക്കും. എന്നാൽ ഇവിടെ അങ്ങനെയല്ല. ഇത്രമേൽ സുന്ദരകാഴ്ചകളുടേതാണോ ഈ ജീവിതം എന്ന ചിന്ത മനസ്സിനെ അടിമുടി പോസിറ്റീവാക്കി വയ്ക്കും.

ബിന്ദ്രയുടെ റൈഫിൾ ഇന്ത്യയിലില്ല

വ്യക്തിഗത ഇനത്തിൽ ആദ്യമായി ഒളിംപിക് സ്വർണം നേടുന്ന ഇന്ത്യക്കാരനാണ് അഭിനവ് ബിന്ദ്ര. 2008ലെ ബീജിങ് ഒളിംപ്കിസിൽ ബിന്ദ്രയ്ക്കു സ്വർണം നേടിക്കൊടുത്ത എയർ റൈഫിൾ ഇപ്പോഴുള്ളതു സ്വിറ്റ്സർലൻഡിലാണ്. ലോസാനിലെ ഒളിംപിക് മ്യൂസിയത്തിലാണു ഇതു സൂക്ഷിച്ചിരിക്കുന്നത്. റോജർ ഫെഡറർക്കു പല കിരീട നേട്ടങ്ങൾ നൽകിയ ടെന്നിസ് റാക്കറ്റ് ഉൾപ്പെടെ പല വിശ്വവിഖ്യാത സൂക്ഷിപ്പുകളും ഇവിടെയുണ്ട്. ഒളിംപിക്സുകളുടെ ചരിത്രം മാത്രമല്ല, ഓരോ ഒളിംപിക്സിലെയും മെഡലുകളും ഇവിടെ ഭദ്രം.

കയ്യെത്തിച്ചൊരു ഫ്രഞ്ച് മുത്തം

ഒളിംപിക് മ്യൂസിയത്തിൽ നിന്നു നടക്കാവുന്ന ദൂരമേയുള്ളൂ ബോട്ട് ടെർമിനലിലേക്ക്. അയൽരാജ്യമായ ഫ്രാൻസിലേക്ക് അരമണിക്കൂർ ബോട്ട് യാത്രയുടെ ദൂരവും. സിജിഎൻ ബോട്ടാണ് ഇരു രാജ്യങ്ങളെ കൂട്ടിയിണക്കുന്നത്. ശാന്തമായ യാത്ര. ഫ്രാൻസിൽനിന്ന് ഒട്ടേറെപ്പേർ ലോസാനിലെത്തി ജോലി ചെയ്യുന്നുണ്ട്. സ്വിസ് കറൻസിയായ ഫ്രാങ്കിനു മൂല്യം കൂടുതലുള്ളതിനാൽ ബോട്ട് യാത്ര അവർക്കൊരു നഷ്ടമല്ല. സിജിഎൻ ബോട്ടിൽ കയറിയാൽ ടൂറിസ്റ്റുകൾക്കു ഫ്രഞ്ച് അതിർത്തിയായ ഏവിയാനിലെത്താം. ഇറങ്ങേണ്ടവർക്ക് ഇറങ്ങാം, അല്ലാത്തവർക്ക് ഒരു കയ്യകലത്തിൽ ഫ്രാൻസ് കണ്ട് അതേ ബോട്ടിൽ മടങ്ങാം.

Tourist
ഗ്ലേഷ്യാ 3000ത്തിലെ സ്ലെഡ്ജ് ഡോഗിനൊപ്പം വിനോദ സഞ്ചാരി

ആത്മീയതയും ആഘോഷവും കൂടിച്ചേർന്നൊരു നഗരമാണു ലോസാൻ. പഴമയും പുതുമയും ഒരേപോലെ നിലനിർത്തിയിരിക്കുന്ന നഗരം. വിശുദ്ധ മേരിയുടെ പേരിലുള്ള പ്രൊട്ടസ്റ്റന്റ് കത്തീഡ്രൽ നഗരത്തിനു മുകളിൽ തണലായി നിൽക്കുന്നു. കത്തീഡ്രൽ മുറ്റത്തെ ഉയരത്തിൽ നിന്നാൽ താഴെ പുതിയ നഗരവും പഴയ നഗരവും ഒരുമിച്ചു കാണാം, ദൂരെ ഫ്രാൻസും. ലോസാൻ നിശാ ക്ലബ്ബുകളുടെ കേന്ദ്രം കൂടിയാണ്. സൂറിക്കിൽനിന്നും ബേണിൽനിന്നും ജനീവയിൽനിന്നുമെല്ലാമായി ദിവസം അരലക്ഷം യുവാക്കളെങ്കിലും രാത്രിജീവിതം ആസ്വദിക്കാൻ ഇവിടെയെത്തുന്നു.

ഐശ്വര്യത്തിന്റെ സൈറൺ

സ്വിസ് ബാങ്കിനും സ്വിസ് വാച്ചിനും സമാനമാണു സ്വിസ് ചോക്ലേറ്റും. സ്വിസ് ബാങ്ക് ചോദിച്ചു ചെന്നാൽ പല ബാങ്കുകൾ കണ്ടെത്താനാകും. വാച്ചും ചോക്ലേറ്റും അങ്ങനെ തന്നെ. പല ബ്രാൻഡുകൾ ചേർന്നുണ്ടാക്കിയ വിശ്വാസ്യതയിലാണ് ഇവ സ്വിസ് ചേർത്ത് അറിയപ്പെടുന്നത്. സ്വിസ് മേഡ് എന്നതാണ് എല്ലാ വിശ്വാസത്തിന്റെയും അടിസ്ഥാനം. നെസ്‌ലെ, ലിൻഡ്, ടോബ്ലെറോൺ തുടങ്ങിയ ബ്രാൻഡുകളാണു ചോക്ലേറ്റിൽ സ്വിറ്റ്സർലൻഡിന്റെ യശസ്സുയർത്തുന്നത്. നെസ്‌ലെയുടെ മൈസൺ കെയർ ഉൾപ്പെടെയുള്ള ചോക്ലേറ്റ് ഫാക്ടറികളിൽ ടൂറിസ്റ്റുകൾക്ക് സന്ദർശനാനുമതിയുണ്ട്. കൊക്കോയുടെയും പശുവിന്റെയും പാലിന്റെയും കഥ പറഞ്ഞാണു ചോക്ലേറ്റ് പരിചയപ്പെടുത്തുന്നത്. സ്വന്തമായി ചോക്ലേറ്റ് നിർമിക്കാനും ഇവിടെ അവസരം നൽകും. സ്വന്തമായി ഡിസൈൻ ചെയ്ത ചോക്ലേറ്റുമായി മടങ്ങാം.

‘നാടോടിക്കാറ്റ്’ സിനിമയിൽ പശു കരയുന്ന ശബ്ദം കേൾക്കുമ്പോൾ വിജയൻ (ശ്രീനിവാസൻ) ദാസനോടു (മോഹൻലാൽ) പറയുന്നത് ‘ ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നതുപോലുണ്ടല്ലേ’ എന്നാണ്. സ്വിസ് ചോക്ലേറ്റിന്റെ രുചി രഹസ്യം ചോദിച്ചാൽ, തണുത്ത കാലാവസ്ഥയിൽ നല്ല പുല്ലു തിന്നു വളരുന്ന പശുവിന്റെ ഗുണമെന്നാണു സ്വിറ്റ്സർലൻഡുകാരുടെ മറുപടി. ഇവിടെ ഓരോ പശുവും ഐശ്വര്യത്തിന്റെ സൈറൺ മുഴക്കുകയാണ്...

English Summary : Sunday Special about Swiss tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com