ADVERTISEMENT

കന്തസ്വാമി അയ്യ. മീനാക്ഷിപുരമെന്ന ഊഷരഭൂമിയിൽ സ്‌നേഹത്തിന്റെ തെളിനീരുറവ. വയസ്സ് 73. ഗ്രാമത്തിനു കാവലാളായും ജീവവായുവായും കഴിഞ്ഞ കാലം മുഴുവൻ നിലകൊണ്ടു. ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക കണ്ണി. 30 വർഷം മുൻപുവരെ 150 കുടുംബങ്ങളിലായി ഏകദേശം 600 പേർ തിങ്ങിപ്പാർത്തിരുന്ന തൂത്തുക്കുടിക്കു സമീപത്തെ മീനാക്ഷിപുരത്ത് ഇപ്പോഴുള്ളതു കന്തസ്വാമി മാത്രം. കൃഷിയും അന്തിച്ചന്തയും സർക്കാർ സ്കൂളും ക്ഷേത്രങ്ങളിലെ പാട്ടും നാട്ടാചാരങ്ങളുമായി തമിഴ്നാട്ടിലെ മറ്റേതൊരു ഗ്രാമത്തെപ്പോലെയും പ്രൗഢി നിലനിന്നിരുന്ന ഗ്രാമം.

വെള്ളവും വഴിയും ഇല്ലാതെ ഒറ്റപ്പെട്ട മീനാക്ഷിപുരത്തു നിന്നു കന്തസ്വാമി ഒഴികെ ബാക്കിയെല്ലാവരും വീടും സ്ഥലവും ഉപേക്ഷിച്ച് വിവിധ നാടുകളിലേക്കു പലായനം ചെയ്തു. അവരാരും പക്ഷേ ഇവിടങ്ങളിലെ സ്ഥലം വിറ്റില്ല. വേരറ്റുപോകാത്ത പൈതൃകത്തിലേക്കു പുതിയ തലമുറയ്ക്കു വികസന സ്വപ്നവുമായി കാൽകുത്താൻ എല്ലാം കാത്തുവച്ചിരിക്കുകയാണ്.

കന്തസ്വാമി വീടിനുമുന്നിൽ	 ചിത്രങ്ങൾ:റിജോ ജോസഫ്∙മനോരമ
കന്തസ്വാമി വീടിനുമുന്നിൽ. ചിത്രം: റിജോ ജോസഫ് ∙ മനോരമ

മീനാക്ഷിപുരത്തു നിന്നു കന്തസ്വാമി വിട്ടുപോകാത്തതിനു രണ്ടു കാരണങ്ങളാണുള്ളത്. 35 –ാം വയസ്സിൽ വിടപറഞ്ഞ ഭാര്യ വീരലക്ഷ്മി അന്തിയുറങ്ങുന്ന മണ്ണാണിത്. ആ മണ്ണിൽത്തന്നെ തനിക്കും അന്തിയുറങ്ങണം. കൃഷിയും കാലിവളർത്തലും ഉപേക്ഷിക്കാൻ കഴിയാത്തതാണു രണ്ടാമത്തെ കാരണം. കന്തസ്വാമിക്കു 4 മക്കളാണ്. രണ്ട് ആണും രണ്ടു പെണ്ണും. എല്ലാവരും വിവാഹിതരാണ്. ഇവരും ഇവിടെയല്ല താമസിക്കുന്നത്.

പരുത്തിയായിരുന്നു ഇവിടങ്ങളിലെ പ്രധാന കൃഷി. പിന്നെ കന്നുകാലി വളർത്തലും. മീനാക്ഷിപുരത്തിനു പുറത്തുള്ള പാടശേഖരങ്ങളിൽ ഇപ്പോഴും ഇതെല്ലാം വ്യാപകമായി നടക്കുന്നുണ്ട്. മീനാക്ഷിപുരത്ത് ഒരു കിണർ പോലുമില്ല. കിണർ കുത്തിയാൽ നേരിയ കറുത്ത നിറമുള്ള മലിന ജലമാണു കിട്ടുക. പിന്നെ കുഴൽക്കിണറായിരുന്നു ആശ്രയം. ഇതിലും മലിന ജലം. ഉപ്പിന്റെ അംശവും രൂക്ഷമായ മാലിന്യവും കാരണം കുഴൽക്കിണറും വേഗം കേടാവുന്നു.

മീനാക്ഷിപുരത്തെ ഗവ.എൽപി സ്കൂളിന്റെ ഉൾവശം
പൊളിഞ്ഞ വീടുകളിലൊന്ന്. ചിത്രം: റിജോ ജോസഫ് ∙ മനോരമ

സെക്കാരക്കുടി ഗ്രാമപ്പഞ്ചായത്തിലാണു മീനാക്ഷിപുരം വാർഡ്. സെക്കാരക്കുടിയിൽ നിന്ന് 6 കിലോമീറ്റർ ദൂരത്തോളം പൈപ്പ് ലൈൻ വലിച്ചാലേ വെള്ളം എത്തിക്കാൻ കഴിയുമായിരുന്നുള്ളു. ഇതിനു പഞ്ചായത്തിനും ഗ്രാമവാസികൾക്കും പണം മുടക്കാൻ ഇല്ലായിരുന്നു. പിന്നെ തൊട്ടടുത്ത പഞ്ചായത്തിൽ മീനാക്ഷിപുരത്തോടു ചേർന്നുള്ള ചൊക്കലിംഗം വാർഡിൽ നിന്നു പൈപ്പ് വഴി വെള്ളമെത്തിക്കാൻ ശ്രമം നടത്തി. അങ്ങനെ ഒരു പൈപ്പ് കണക്‌ഷനും ജലസംഭരണിയും സ്ഥാപിക്കപ്പെട്ടു. എന്നാൽ ഉയരം കൂടിയ സ്ഥലമായതിനാൽ പമ്പിങ്ങിലൂടെ വെള്ളമെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇതോടെ കിലോമീറ്ററുകൾ താണ്ടി സെക്കാരക്കുടിയിൽ നിന്നു വീട്ടുകാർ തലച്ചുമടായി വെള്ളമെത്തിക്കാൻ തുടങ്ങി. വെള്ളമില്ലാത്ത നാടെന്ന ഇരട്ടപ്പേര് ഗ്രാമത്തിനെ തളർത്തി. യുവതീ – യുവാക്കൾക്ക് വധൂവരന്മാരെ കിട്ടാതെയായി. മക്കളുടെ ഭാവിയോർത്ത് തമിഴ്നാട്ടിൽ തന്നെയുള്ള മറ്റു സ്ഥലങ്ങളിലേക്കു പലരും കുടുംബ സമേതം താമസം മാറ്റിത്തുടങ്ങി. തമിഴ്നാടിനകത്തും പുറത്തും ജോലിയുള്ളവർ അവിടേക്കും മാറി. 1990 – കളുടെ തുടക്കം മുതലാണു പലായനം ആരംഭിച്ചത്. പത്തു വർഷം കഴിഞ്ഞപ്പോഴേക്കും കൊഴിഞ്ഞുപോക്കു പൂർണമായി. കടകളും ഗവൺമെന്റ് എൽപി സ്കൂളും സ്വകാര്യ ക്ലിനിക്കും പൂട്ടി.

മേൽക്കൂര പൊളിഞ്ഞകന്ന ആരാധനാലയം
മേൽക്കൂര പൊളിഞ്ഞകന്ന ആരാധനാലയം. ചിത്രം: റിജോ ജോസഫ് ∙ മനോരമ

എന്നാൽ കന്തസ്വാമി വീടു വിട്ടു പോയില്ല. മധ്യവയസ്സിനോടടുത്ത അദ്ദേഹം വീട്ടിൽ തനിച്ചായി താമസം. അന്നൊക്കെ സമീപ ഗ്രാമത്തിൽ നിന്നു വെള്ളം തലച്ചുമടായും മറ്റും കൊണ്ടു വന്നു. കൃഷിയും ഒറ്റയ്ക്കു ചെയ്തിരുന്നു. പിന്നീട് ഇളയ മകൻ ബാലകൃഷ്ണൻ പകൽ സമയങ്ങളിൽ സഹായത്തിനു വന്നു തുടങ്ങി. ബാലകൃഷ്ണൻ മിക്കപ്പോഴും പകൽ വന്നു പോകാറുണ്ട്. ഏകദേശം 15 കിലോമീറ്റർ അകലെയാണു ബാലകൃഷ്ണൻ താമസിക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി രാത്രിയിൽ കന്തസ്വാമി ഒറ്റയ്ക്കാണ്. ലോറി ഡ്രൈവറായ ബാലകൃഷ്ണനാണ് ഇപ്പോൾ കന്നുകാലികളെ വളർത്തുന്നതിന്റെ ചുമതല.

ഇവിടെയുള്ള വീടുകളെല്ലാം സംരക്ഷണമില്ലാതെ ഇടി‍ഞ്ഞു പൊളിഞ്ഞു. മിക്ക വീടുകളുടെയും ഭിത്തി പശയുള്ള മണ്ണുകുഴച്ചുണ്ടാക്കിയതാണ്. മേൽക്കൂര ഓടു കൊണ്ടുള്ളതും. സർക്കാർ സ്കൂൾ കെട്ടിടം കോൺക്രീറ്റ് ചെയ്തതാണ്. അതും ഇടിഞ്ഞു. സ്കൂൾ ഹാളിനുള്ളിൽ ഒരു ഭിത്തിയോടു ചേർന്നുള്ള കറുത്ത ബോർഡിൽ അധ്യാപകർ നല്ല കയ്യക്ഷരത്തിൽ ചോക്കു കൊണ്ടെഴുതിയ പാഠഭാഗം മായാതെ കിടപ്പുണ്ട്.

മീനാക്ഷിപുരത്തെ ഗവ.എൽപി സ്കൂളിന്റെ ഉൾവശം
മീനാക്ഷിപുരത്തെ ഗവ.എൽപി സ്കൂളിന്റെ ഉൾവശം. ചിത്രം: റിജോ ജോസഫ് ∙ മനോരമ

കന്തസ്വാമിയുടെ വീടു മാത്രം ഇടിഞ്ഞു വീണിട്ടില്ല. വീടെന്നു പറയാനാകില്ല. ഒരു കിടപ്പു മുറിയും അതിനോടു ചേർന്ന് അരഭിത്തി കൊണ്ടു തിരിച്ച അടുക്കളയും. ഇതിനു പിന്നിലായി ചെറിയ വാതിൽപ്പഴുതിട്ട് കന്നുകാലികളെ കെട്ടുന്ന തൊഴുത്താണ്. അടുത്തനാളിൽ കന്തസ്വാമിയുടെ വലതു കാൽപാദത്തിനു മുകളിൽ കല്ലു വീണു മുറിഞ്ഞു വ്രണമായി. ചികിത്സിക്കാൻ പോലും പുറത്തു പോയില്ല. നാട്ടുമരുന്നുമായി കഴിയുകയാണ്. ഇവിടെ അമ്മൻകോവിലും പെരുമാൾ കോവിലുമുണ്ട്. പൂജയ്ക്കു മേൽശാന്തിമാർ വന്നു പോകുന്നുണ്ട്. സമീപ ഗ്രാമങ്ങളിൽ നിന്നുള്ള ഭക്തരാണ് ഇവിടെയെത്തുന്നത്.

തിരുനെൽവേലി – തൂത്തുക്കുടി – മധുര 138 ദേശീയ പാതയിൽ പൊട്ടലൂറാണി ഭാഗത്തു നിന്നു 10 കിലോമീറ്റർ അകലെയാണ് സെക്കാരക്കുടി. ഇവിടെ നിന്നു മേലെ സെക്കാരക്കുടി റോഡിലെത്തി മൂന്നര കിലോമീറ്റർ സഞ്ചരിച്ചാൽ മീനാക്ഷിപുരത്തെത്താം. ഈ മൂന്നര കിലോമീറ്റർ ദൂരത്തിൽ വയലിനു നടവിലൂടെ റോഡ് പണിതു കൊണ്ടിരിക്കയാണ്. ഗതാഗത യോഗ്യമായ വഴിയില്ലെന്നതായിരുന്നു മീനാക്ഷിപുരത്തു നിന്ന് ആളുകൾ വിട്ടൊഴിയാനുള്ള മറ്റൊരു പ്രധാന കാരണം. രൂക്ഷമായ ജലക്ഷാമത്തിനും രണ്ടു വർഷം മുൻപ് പരിഹാരമായി. ഗ്രാമത്തിന്റെ ദുര്യോഗം കേട്ടറിഞ്ഞ് വാഹന നിർമാതാവായ ഒരു വ്യവസായി സ്വന്തം ചെലവിൽ സെക്കാരക്കുടിയിൽ നിന്ന് ഒരു പൈപ്പ് കണക്‌ഷൻ കന്തസ്വാമിയുടെ വീടിനു മുൻപിലേക്ക് എടുത്തു നൽകി. മീനാക്ഷിപുരത്തും കൃഷി ഒഴിഞ്ഞ വയലുകൾ കാറ്റാടിപ്പാടങ്ങളായി മാറി. ഇവിടെ അൽപനേരം നിന്നാൽ പ്രതീക്ഷയുടെ വർണപ്പീലികൾ വിരിയിച്ച് മയിലുകൾ പറന്നെത്തുന്നതു കാണാം.

visiting-old-home
എ. പനീറും കുടുംബാംഗങ്ങളും മീനാക്ഷിപുരത്തെ തങ്ങളുടെ ഇടിഞ്ഞുപൊളിഞ്ഞ വീടിനു മുൻപിൽ. ഇവിടം ഉപേക്ഷിച്ചു പോയി 30 വർഷത്തിനു ശേഷമാണ് ഇവർ സന്ദർശിക്കാനെത്തിയത്. ചിത്രം: റിജോ ജോസഫ് ∙ മനോരമ

ഒരു ഗ്രാമത്തിൽ ഒറ്റയ്ക്കു താമസിക്കുന്നുവെന്ന കാരണത്താൽ തന്നെ സെക്കാരക്കുടി ഗ്രാമപ്പഞ്ചായത്തിലും സമീപ ഊരുകളിലും കന്തസ്വാമി സ്റ്റാറാണ്. കേട്ടറിഞ്ഞവരിൽ ചിലർ കന്തസ്വാമിയെ നേരിട്ടു കാണാനെത്തുന്നുമുണ്ട്. കോവിലിൽ നിന്നുള്ള ഭസ്മം നെറ്റിയിൽ നിറയെ വാരി പൂശി വീടിനു മുന്നിൽ ഇരുന്ന് മീനാക്ഷിപുരത്തിന്റെ കഥകൾ പറയാൻ കന്തസ്വാമിക്കു വലിയ ഉത്സാഹമാണ്. ഭാര്യ വീരലക്ഷ്മിയെക്കുറിച്ച് പറയുമ്പോൾ കണ്ണുകൾ ഈറനണിയും. തൊണ്ടയിടറും. 30 വർഷം മുൻപ് ഗ്രാമം വിട്ടുപോയവരും കുട്ടികളെയും പേരക്കുട്ടികളെയും കൊണ്ട് ജന്മനാട് കാണാനെത്തുന്ന വൈകാരികമായ നിമിഷങ്ങൾക്കും ഇവിടം സാക്ഷ്യം വഹിക്കുന്നുണ്ട്. തിരികെ മടങ്ങുമ്പോൾ വീശിയടിക്കുന്ന ആടിമാസക്കാറ്റിനൊപ്പം കവിയുടെ ഈ വരികളും അവരുടെ കാതിൽ മുഴങ്ങുന്നുണ്ടാകും.

‘‘ആ നാട്ടിൽത്തണലുണ്ടാർന്നേ മൺവഴിയിൽ മരമുണ്ടാർന്നേ..മരമൂട്ടിൽ കളിചിരിപറയാൻ  ചങ്ങാതികൾ നൂറുണ്ടാർന്നേ.. ആ നാടിനെ കണ്ടവരുണ്ടോ എങ്ങോട്ടതുപോയറിവുണ്ടോ. ?

EnglishSummary: Sunday Special about meenakshipuram village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com