ADVERTISEMENT

‘‘68,500 വർഷങ്ങൾക്കു മുൻപ്, 2,400 തലമുറകൾക്കു മുൻപ്, ഇത്യോപ്യയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന പൂർവിക മനുഷ്യന്റെ സന്തതികളാണ് ഇന്ന് 700 കോടി മനുഷ്യരായി വർധിച്ചിരിക്കുന്നത്. ദ്രാവിഡ ഭാഷാ സമൂഹവും ചെറു നായാട്ടു സംഘങ്ങളായി കടൽത്തീരമാർഗം ആഫ്രിക്കയിൽ നിന്ന് എത്തുകയും നായാട്ടിനു വേണ്ടി ദക്ഷിണേന്ത്യ മുഴുവൻ വ്യാപിക്കുകയും ചെയ്തു. ആ സമൂഹത്തിന്റെ പിൻഗാമികളാണു ചോലനായ്ക്കർ ഉൾപ്പെടെയുള്ള ഗോത്ര സമൂഹവും കേരളത്തിലെ മുഖ്യധാരാ സമൂഹങ്ങളും. ഈ നായാട്ടു സംഘങ്ങളിൽ ഒരു വിഭാഗം കാർഷികവൃത്തിയിൽ ഏർപ്പെട്ട് ഭക്ഷ്യസുരക്ഷയും മിച്ചവും ഉറപ്പാക്കി കേരളത്തിന്റെ പ്രധാന സമൂഹമായി മാറി.’’ (മലയാളി ഒരു ജനിതക വായന – കേരളീയരുടെ ജനിതക ചരിത്രം: കെ. സേതുരാമൻ)

മലയാളിയുടെ ജനിതക രേഖകൾ സൂക്ഷ്മ വിശകലനത്തിനു വിധേയമാക്കി കേരളചരിത്രത്തിന്റെ പുനർവായന നടത്തുകയാണ് ഐപിഎസ് ഓഫിസറായ കെ. സേതുരാമൻ. വൈജ്ഞാനിക സാഹിത്യത്തിനുള്ള ഇത്തവണത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇപ്പോൾ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായ സേതുരാമൻ എഴുതിയ ‘മലയാളി ഒരു ജനിതക വായന – കേരളീയരുടെ ജനിതക ചരിത്രം’ എന്ന പുസ്തകത്തിനാണ്. നാലു വർഷത്തിലേറെ ഒട്ടേറെ ചരിത്രകാരൻമാരുമായും ജനിതകശാസ്ത്രജ്ഞരുമായും ഗവേഷകരുമായും ആശയവിനിമയം നടത്തിയും ആയിരത്തിലേറെ പുസ്തകങ്ങളും ലേഖനങ്ങളും വായിച്ചും നടത്തിയ ആഴത്തിലുള്ള ഗവേഷണത്തിലൂടെ തയാറാക്കിയ പുസ്തകം 2019ലാണു പ്രസിദ്ധീകരിച്ചത്. പൊലീസിലെ മുഖ്യധാരാ ചുമതലകളിൽ നിന്നു മാറി നാലു വർഷം നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസിൽ (എഫ്ആർആർഒ) പ്രവർത്തിച്ച കാലയളവാണു പുസ്തകരചനയ്ക്കായി സേതുരാമൻ ഉപയോഗപ്പെടുത്തിയത്.

മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളായിരുന്ന കറുപ്പയ്യയുടെയും സുബ്ബമ്മയുടെയും മകനായി ജനിച്ച സേതുരാമന്റെ സ്കൂൾ വിദ്യാഭ്യാസം കേരളത്തിലും തമിഴ്നാട്ടിലുമായി തമിഴ്, ഇംഗ്ലിഷ് മീഡിയത്തിലായിരുന്നു. അഞ്ചാം ക്ലാസ് വരെ തമിഴ് മീഡിയത്തിൽ അധ്യയനം നടത്തിയ മൂന്നാറിലെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ആദ്യ രണ്ടുവർഷം ഏകാധ്യാപക വിദ്യാലയത്തിലായിരുന്നു. തുടർന്ന് തമിഴ്നാട്ടിലെ അമരാവതി നഗറിലെ സൈനിക സ്കൂളിൽ ഇംഗ്ലിഷ് മീഡിയത്തിൽ തുടർ വിദ്യാഭ്യാസവും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഡിഗ്രി, പിജി പഠനകാലയളവിലും സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിലെ (സിഡിഎസ്) എംഫിൽ കാലത്തുമാണ് അദ്ദേഹം മലയാള ഭാഷാ സ്വാധീനം നേടിയെടുക്കുന്നത്. സാമ്പത്തികശാസ്ത്രത്തിലായിരുന്നു ബിരുദ, ബിരുദാനന്തര പഠനവും എംഫിലും. കലാലയ കാലത്തു ശീലമായ പുസ്തകവായനയോടൊപ്പം തിരുവനന്തപുരത്തുവച്ചു ധാരാളം കാണുമായിരുന്ന മലയാളം സിനിമകളും മലയാളം നന്നായി ഉപയോഗിക്കാൻ സഹായിച്ചതായി അദ്ദേഹം പറയുന്നു. ആസ്വദിച്ചുകണ്ട തൊണ്ണൂറുകളിലെ മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളുടെ ആരാധകനാണ് സേതുരാമൻ ഇപ്പോഴും. സിവിൽ സർവീസ് പരീക്ഷ പാസായി 2004ലാണ് ഐപിഎസ് തിരഞ്ഞെടുക്കുന്നത്. മലയാള ഭാഷയുടെ ഉറവിടത്തെപ്പറ്റിയും വികാസത്തെപ്പറ്റിയും ചിന്തിക്കുകയും അതിന്റെ നിലനിൽപിനും പുരോഗതിക്കും ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു ചർച്ച ചെയ്യുകയും ചെയ്ത ‘മലയാളത്തിന്റെ ഭാവി’ ആണ് അദ്ദേഹത്തിന്റെ ആദ്യ പുസ്തകം. കേരളത്തെക്കാൾ കുറ‍ഞ്ഞ ജനസംഖ്യയുള്ള വിവിധ ലോകരാജ്യങ്ങൾ നടപ്പാക്കിയിട്ടുള്ള മാതൃഭാഷാ ശാക്തീകരണ നയങ്ങളുടെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ രക്ഷയ്ക്ക് ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന്  പുസ്തകം വിശദീകരിക്കുന്നു.

കേരളത്തിൽ ചരിത്രാതീതകാലത്ത് കുറച്ച് ആദിമനിവാസികൾ മാത്രമാണോ ഉണ്ടായിരുന്നത്? ബ്രാഹ്മണ വിഭാഗവും നായർ വിഭാഗവും വടക്കേ ഇന്ത്യയിൽ നിന്നു കേരളത്തിലേക്കു കുടിയേറിയവരാണോ? ശ്രീലങ്കയിൽ നിന്നു കുടിയേറിയവരാണോ ഈഴവർ? പുലയ വിഭാഗവും ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങളുമുൾപ്പെടെയുള്ള മറ്റു ജാതി, മത സമൂഹങ്ങളുടെ കേരളത്തിലെ ഉൽപത്തിയും വികാസവുമെങ്ങനെയാണ്? ജനിതകപഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ തെളിവുകളുടെ കൂടി വെളിച്ചത്തിൽ നിലവിൽ പ്രചാരത്തിലുള്ള ജാതീയ കുടിയേറ്റ സിദ്ധാന്തങ്ങൾ അപ്പാടെ തള്ളിക്കളയുകയാണു രണ്ടാമത്തെ പുസ്തകമായ മലയാളി ഒരു ജനിതക വായനയിലൂടെ സേതുരാമൻ. ദ്രാവിഡ, ആര്യ വിഭജനം അടിസ്ഥാനമാക്കി പ്രചരിച്ചിട്ടുള്ള നിലവിലുള്ള ചരിത്രാഖ്യാനങ്ങൾ പൊളിച്ചെഴുതേണ്ടതാണെന്ന് അദ്ദേഹം പറയുന്നു. പ്രാചീന ദക്ഷിണേന്ത്യക്കാർ, പ്രാചീന വടക്കേ ഇന്ത്യക്കാർ എന്നീ പദങ്ങളാണു ജീനുകളുടെ വിശകലനത്തിലൂടെ ജനതയുടെ ചരിത്രം പഠിക്കുന്ന ജനിതകശാസ്ത്രശാഖ ഇന്ത്യക്കാരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത്. ശതമാനത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാമെങ്കിലും ഇന്ത്യയിലെ എല്ലാ സമൂഹങ്ങളും തമ്മിൽ കൂട്ടിക്കലർപ്പുകളുമുണ്ടെന്നു സേതുരാമൻ പറയുന്നു. ഇന്ത്യയിലുള്ള ജാതി സമൂഹങ്ങളും ഗോത്രസമൂഹങ്ങളും ഏക ജനിതകപൈതൃകം ഉള്ളവരാണെന്നും ഇരുകൂട്ടരുടെയും ജീനുകളിൽ പുറത്തുനിന്നുള്ള ജനിതക ഘടകങ്ങൾ കാര്യമായി ഇല്ലെന്നുമാണു കണ്ടെത്തൽ.

ബ്രിട്ടൻ, ജർമനി, ഇറ്റലി, ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 21 ജനിതക ശാസ്ത്രജ്ഞർ ലോകമെമ്പാടുമുള്ള ജനതയുടെ ജനിതക സ്വഭാവം പരിശോധിച്ചതിന്റെ ഫലമായി 60,000 മുതൽ 40,000 വരെ വർഷങ്ങൾക്കു മുൻപ് ആഫ്രിക്കയിൽ നിന്നു സഞ്ചരിച്ചു ദക്ഷിണേന്ത്യയിൽ എത്തിച്ചേർന്നവരാണ് ഇവിടത്തെ ദ്രാവിഡ സമൂഹത്തിന്റെ മുൻഗാമികളെന്ന് തെളിഞ്ഞതായി സേതുരാമൻ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നു കണ്ടുകിട്ടിയ ശിലായുഗകാലത്തെ ഉപകരണങ്ങളും ഈ ആദിമ കുടിയേറ്റത്തെ ശരിവയ്ക്കുന്നു. ജനിതകസൂചനകൾ പ്രകാരം അന്നുണ്ടായിരുന്ന നായാടികളും ഭക്ഷ്യശേഖരണക്കാരുമായിരുന്ന ഒരു ചെറിയ സമൂഹത്തിൽ നിന്നാണു കേരളത്തിലെ ഇന്നത്തെ ആധുനിക സമൂഹങ്ങൾ രൂപപ്പെട്ടതെന്നു പറയുന്ന സേതുരാമൻ മറ്റു ദേശങ്ങളിൽ നിന്ന് ഒരു പ്രത്യേക ജനവിഭാഗത്തിന്റെയോ വിഭാഗങ്ങളുടെയോ വലിയ കുടിയേറ്റം കേരളത്തിലേക്കുണ്ടായിട്ടില്ല എന്നും സ്ഥാപിക്കുന്നു. സേതുരാമനുമായുള്ള സംഭാഷണത്തിൽ നിന്ന്:

k-sethuraman-2

താങ്കളുടെ പഠനങ്ങളുടെ വെളിച്ചത്തിൽ പറയുകയാണെങ്കിൽ ‘മാവേലി നാടു വാണിടുംകാലം മാനുഷരെല്ലാരുമൊന്നു’പോലെ എന്ന വരികളിലെ ‘ഒന്ന്’ യഥാർഥത്തിൽ നമ്മളെല്ലാം ഒരൊറ്റ ജനതയായിരുന്നെന്നും അതിൽ നിന്നു തൊഴിൽ വിഭജനത്തിലൂടെ പിന്നീടു വിവിധ ജാതി, മത സമൂഹങ്ങളായി പരിണമിച്ചതാണെന്നുമായിരിക്കില്ലേ?

അതെ. ജനിതക പഠനങ്ങൾ പ്രകാരം ഒരു ചെറിയസംഘം നായാടികളും ഭക്ഷ്യശേഖരണക്കാരുമായിരുന്ന ഗോത്രക്കാർ ചരിത്രാതീതകാലത്ത് ഈ ഭൂപ്രദേശത്തു വ്യാപിക്കുകയും പിന്നീടു തൊഴിൽപരമായ വിഭജനം കാരണം വിവിധ ജാതിസമൂഹങ്ങളായി മാറിയിരിക്കാമെന്നുമാണു തെളിഞ്ഞിട്ടുള്ളത്. മലയാളി ബ്രാഹ്മണരുടെ ജനിതകഘടന നോക്കിയാൽ അവർക്കും സാമ്യം ഈ നാട്ടിലെ തന്നെ മറ്റു ജനവിഭാഗങ്ങളുമായിട്ടാണെന്നു കണ്ടെത്താനാകും. പഞ്ചാബി ബ്രാഹ്മണനുമായിട്ടോ കശ്മീരി ബ്രാഹ്മണനുമായിട്ടോ മണിപ്പുരിലെ ബ്രാഹ്മണനുമായിട്ടോ ജനിതകഘടനയിൽ മാത്രമല്ല, വേഷഭൂഷാദികളിലോ ഭക്ഷണശീലങ്ങളിലോ മലയാളി ബ്രാഹ്മണർക്കു കാര്യമായ ഒരു സാമ്യവുമില്ല. മണിപ്പുരിലെ മെയ്തെയ് വിഭാഗത്തിലെ ബ്രാഹ്മണരുടെ ജനിതകഘടനയെടുത്താൽ അതിൽ 65 ശതമാനവും ടിബറ്റ് – ബർമ ജനിതകഘടകമാണ്. അവരിലെ ജനിതകഘടകങ്ങൾ കൂടുതലും അടുത്തു നിൽക്കുന്നത് അവിടത്തെ ഗോത്രവിഭാഗക്കാരായ കുക്കി വംശജരുടേതുമായിട്ടാണ്, അല്ലാതെ രാജ്യത്തെ മറ്റു സ്ഥലങ്ങളിലെ ബ്രാഹ്മണരുടേതുമായിട്ടില്ല. ആര്യ ബ്രാഹ്മണ പൗരോഹിത്യം സ്വീകരിച്ച തദ്ദേശീയ ദ്രാവിഡ സമൂഹമാണു കേരളത്തിലെ നമ്പൂതിരിമാരെന്ന് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നു.

ബ്രാഹ്മണരും ഗോത്രവർഗക്കാരും ഇതര ജാതി, മതക്കാരുമെല്ലാമുൾപ്പെടുന്ന കേരളത്തിന്റെ പൊതുസമൂഹം പ്രാഥമികമായി ദ്രാവിഡ ജനവർഗമാണ്. ആദിമസമൂഹത്തിൽ കൃഷിയുടെ വ്യാപനത്തിലൂടെ ഭക്ഷ്യമിച്ചമുണ്ടാകുകയും ജനസംഖ്യ വർധിക്കുകയു ചെയ്തതോടെ ഇവർ പിന്നീടു മൂന്നു പ്രധാന ധാരകളായി വേർപിരിയുകയായിരുന്നു. കാട്ടുനായ്ക്കർ, പണിയർ, അടിയർ, കുറുമർ, മലപണ്ടാരം എന്നിവരുൾപ്പെടുന്ന ഗോത്രശാഖയാണ് ആദ്യത്തേത്. രണ്ടാമത്തെ ശാഖയായി വരുന്ന പുലയർ അടങ്ങുന്ന വിഭാഗം ഈ ഗോത്രവിഭാഗത്തിന്റെയും പൊതുസമൂഹത്തിന്റെയും മധ്യത്തിൽ നിൽക്കുന്നു. നായാടി നടന്ന ഗോത്രങ്ങളിലെ ഒരു വിഭാഗം കാടുവെട്ടിത്തെളിച്ച് കൃഷിയിൽ വ്യാപൃതരായി കർഷക സമൂഹമായി മാറി. കേരളത്തിലെ പ്രബല സമൂഹങ്ങളായ നമ്പൂതിരി, നായർ, ഈഴവർ, മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടുന്ന മഹാഭൂരിപക്ഷം വരുന്ന സമൂഹങ്ങൾ മൂന്നാമത്തെ ശാഖയാണ്.

‘മലയാളി ഒരു ജനിതക വായന’ എന്ന പുസ്തകം നമ്മുടെ സാമ്പ്രദായിക ചരിത്രരചനയിൽ നിന്നു വ്യത്യസ്തമായിരിക്കുന്നത് എങ്ങനെയാണ്? ഇതിൽ താങ്കൾ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയങ്ങൾ എന്തെല്ലാമാണ്?

കലാലയ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന സമയമായപ്പോഴേക്കും കേരള ചരിത്രം ഞാൻ നന്നായി വായിച്ചിരുന്നു. അതിൽ പറഞ്ഞിരിക്കുന്ന പല ആശയങ്ങളോടും അന്നേ എനിക്കു വിയോജിപ്പുണ്ടായിരുന്നു. ജാതീയ കുടിയേറ്റം എന്ന ആശയം ശരിയല്ലല്ലോ എന്ന് അന്നുതന്നെ തോന്നിയിരുന്നു. വിവിധ ജാതി, മത സമൂഹങ്ങൾ കേരളത്തിലേക്കു കുടിയേറി വന്നതാണെന്ന ചിന്തയിൽ ഒരു വാസ്തവവിരുദ്ധതയും യുക്തിയില്ലായ്മയും എനിക്ക് അനുഭവപ്പെട്ടു. അത്തരം കുടിയേറ്റത്തിനു ബലമേകുന്ന ശാസ്ത്രീയ തെളിവുകളൊന്നും തന്നെയില്ലാതെയാണ് അവ എഴുതപ്പെട്ടതും പ്രചരിച്ചിരുന്നതും. അങ്ങനെയാണു ജനിതകശാസ്ത്രത്തിന്റെ സഹായത്തോടു കൂടി കേരള ചരിത്രത്തെ ഞാൻ പുനരാലോചനയ്ക്കു വിധേയമാക്കിയത്. അതിലൂടെ, ജാതീയ, ആചാരപരമായ നിർബന്ധങ്ങളല്ല, മറിച്ചു ചില സാമ്പത്തിക, രാഷ്ട്രീയ കാരണങ്ങളാണ് ആദിമജനം വിവിധ പേരുകളിലുള്ള സമൂഹങ്ങളായി വേ‍ർപിരിയാൻ ഇടയാക്കിയതെന്നു മനസ്സിലായി. ഇതിലേക്ക് ആഴത്തിൽ പോകുന്നതിനായി ഒട്ടേറെ ചരിത്രഗ്രന്ഥങ്ങളും പുരാതന ലിഖിതങ്ങളും ശാസനങ്ങളും വാമൊഴി സാഹിത്യവുമെല്ലാം പഠനവിധേയമാക്കി.

നമ്മുടെ നാടൻപാട്ടുകളും പഴഞ്ചൊല്ലുകളുമെല്ലാം പരിശോധിച്ചാൽ വളരെയടുത്ത കാലഘട്ടംവരെ സമൂഹത്തിൽ അയിത്തം നിലനിന്നിരുന്നില്ല എന്നു മനസ്സിലാകും. മഹാഭൂരിപക്ഷം പാട്ടുകളും അയിത്ത ജാതികളെന്നു പറയുന്നവരുടെ പാട്ടുകളാണ്. കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച തുള്ളൽ സവർണകലയാണെന്നു പറയാമെങ്കിലും അവർണ വിഭാഗക്കാരുടെ കലകളുടെ പുനരാവിഷ്കാരമാണത്. ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്ന പേരുകൾ തന്നെ നോക്കുക. സവർണരെ കണ്ടാൽ തീണ്ടൽ ദൂരം മാറേണ്ട അവർണരെന്നു പറയപ്പെട്ടവരാണു ദേവതമാരുടെ തെയ്യക്കോലം അണിഞ്ഞു വീടുകൾ തോറും സഞ്ചരിച്ചത്. ഇന്ത്യയിൽ വേറൊരു നാട്ടിലും കാണാത്തതരത്തിലുള്ള ഒട്ടേറെ നാടൻകലകളാണു കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ നിലനിന്നിരുന്നതും ഇപ്പോഴുമുള്ളതും. കഠിനമായ അടഞ്ഞ ജാതിവ്യവസ്ഥയും അയിത്തവുമാണു പണ്ടുണ്ടായിരുന്നതെങ്കിൽ നാടൻകലകൾ പ്രതിനിധാനം ചെയ്യുന്ന ജനസമ്പർക്കം സാധ്യമാവുമായിരുന്നില്ല. പല കലകളും വിവിധ വിഭാഗം ജനങ്ങളും ഒരുമിച്ചോ സാമാനരീതിയിലോ അവതരിപ്പിക്കുന്നവയും ആയിരുന്നു. രാഷ്ട്രീയ, സാമ്പത്തികകാരണങ്ങളാൽ പിന്നീടു നമ്മുടെ സമൂഹത്തിലേക്കു കയറിവന്നവയാണ് അയിത്തമുൾപ്പെടെയുള്ള ദുരാചാരങ്ങളെന്നു വ്യക്തമാണ്.

തിരുവല്ല ശിലാശാസനങ്ങൾ പോലുള്ള പഴയ ചരിത്രരേഖകളിലൊന്നും ഇന്നു പ്രചാരത്തിലുള്ള ജാതിപ്പേരുകൾ കാണാനില്ലെന്നതും യാദൃശ്ചികമല്ല. ഏതു സമയത്തായിരിക്കാം ഈ ജാതിവാലുകൾ കയറിവന്നതെന്നു ഞാനാലോചിച്ചു. അതു രാഷ്ട്രീയ, സാമ്പത്തിക അധികാരം നേടുന്നതിന്റെ ഭാഗമായി ചില സമൂഹങ്ങൾ ബോധപൂർവം ഉപയോഗിച്ചവയാണെന്നാണു തെളിയുന്നത്. അതേപോലെ തന്നെ സ്ഥലനാമങ്ങൾ പരിശോധിച്ചാലും ചില ചരിത്രവസ്തുതകൾ മനസ്സിലാക്കാം. അധിനിവേശ ശക്തികളായോ കുടിയേറ്റക്കാരായോ അന്യദേശങ്ങളിൽ താമസമുറപ്പിച്ചവർ അവരുടെ നാമങ്ങൾ സ്ഥലങ്ങൾക്കു നൽകിയതായി ചരിത്രത്തിലുടനീളം കാണാം. ഇന്ത്യയിൽ നൂറ്റാണ്ടുകളായി പടയോട്ടം നടത്തി അധികാരം സ്ഥാപിച്ച ഇസ്‌ലാം മത വിശ്വാസികളായ സുൽത്താൻമാർ അവരുടെ ഭാഷാനാമങ്ങളാണ് അധിവാസകേന്ദ്രങ്ങൾക്കു നൽകിയത്. ദില്ലി, അഹമ്മദാബാദ്, ഹൈദരാബാദ്, അലഹാബാദ് എന്നിങ്ങനെയുള്ള വിവിധ നഗരനാമങ്ങൾ അവരുടെ ഭാഷാനാമങ്ങളാണ്. പിന്നീടു വന്ന ഇംഗ്ലിഷുകാർ ബോംബെയും മദ്രാസും കൽക്കട്ടയും ട്രിവാൻഡ്രവും കാലിക്കറ്റും ആലപ്പിയും പോലുള്ള അവരുടേതായ നാമങ്ങൾ നഗരങ്ങൾക്കു നൽകി. എന്നാൽ കേരളത്തിലേക്ക് ആദ്യമായി കുടിയേറിയതെന്നു പരമ്പരാഗത ചരിത്രരചയിതാക്കൾ അവകാശപ്പെടുന്ന സംസ്കൃത ഭാഷാ സമൂഹമായ ബ്രാഹ്മണരുടെ പരമ്പരാഗത ഗ്രാമങ്ങളുടെ നാമങ്ങൾ ഒന്നും തന്നെ സംസ്കൃതത്തിലല്ല എന്നതു ശ്രദ്ധേയമാണ്. പന്നിയൂരും പയ്യന്നൂരും പോലുള്ള ബ്രാഹ്മണഗ്രാമങ്ങൾക്കെല്ലാം ദ്രാവിഡനാമങ്ങളാണ്. സംഘടിതമായൊരു കുടിയേറ്റം സംഭവിച്ചിട്ടില്ല എന്നും ഇവിടെയുണ്ടായിരുന്ന ആദിമജനത വിവിധ ജനസമൂഹങ്ങളായി പടരുകയും കലരുകയും ചെയ്യുകയായിരുന്നുവെന്നും ഇതിൽ നിന്നു മനസ്സിലാക്കാം. ജനധിപത്യ പ്രക്രിയയിലൂടെ അധികാരം പിടിച്ചെടുക്കാം എന്ന വ്യവസ്ഥ 19–ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളായപ്പോഴേക്കും ഉടലെടുത്തതോടെ ഭരണകൂടത്തിന്റെ ഭാഗമാകാനായി രൂപീകരിക്കപ്പെട്ട സാമൂഹികസംഘടനകളും വിശാലജാതിബോധത്തിന് ആക്കം കൂട്ടി. പതിയെ പതിയെ വിശാല ജാതി സമൂഹങ്ങൾ സൃഷ്ടിക്കപ്പെട്ടത് സർക്കാർ ആനുകൂല്യങ്ങൾക്കും രാഷ്ട്രീയ അധികാര വിലപേശലിനും വേണ്ടിയായിരുന്നു.

മനുഷ്യൻ, സമൂഹം, മതം, ആധുനികം എന്നീ നാലു ഭാഗങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. മലയാളി ജനിതകം, മലയാളി ശരീരം, ആദിമ കുടിയേറ്റം, ആദിമ ചേരൻമാർ, ആര്യ–ദ്രാവിഡ സമ്പർക്കം, സാമൂഹികഘടന, ഹിന്ദുമതം, ശ്രമണദർശനം, ഇസ്‌ലാം, ക്രിസ്തുമതം, പാശ്ചാത്യരുടെ വരവ്, യുദ്ധമുറ, രാഷ്ട്രീയഘടന, ഭാഷാപരിണാമം എന്നിങ്ങനെ 467 പേജുകളിൽ 25 അധ്യായങ്ങളിലായി ആഫ്രിക്കയിൽ നിന്നുൽഭവിച്ചു ദക്ഷിണേന്ത്യൻ തീരത്തെത്തിയ ചരിത്രാതീത കുടിയേറ്റം മുതൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കേരള സമൂഹ നിർമിതി വരെയുള്ള അതിബൃഹത്തായ ചരിത്രവസ്തുതകളെ ജനിതകശാസ്ത്രത്തിന്റെയും മറ്റു ശാസ്ത്രീയ ഗവേഷണരീതികളുടെയും പിൻബലത്താൽ വിലയിരുത്തി തന്റെ നിഗമനങ്ങൾ അവതരിപ്പിക്കുകയുമാണു സേതുരാമൻ. അടിയുറച്ചുപോയ പല ധാരണകളുടെയും പൊളിച്ചെഴുത്തിനു നമ്മളെ പ്രേരിപ്പിക്കും മലയാളി ഒരു ജനിതകവായന എന്ന പുസ്തകം.

English Summary : Sunday Special about K Sethuraman IPS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com