ADVERTISEMENT

എടപ്പാൾ സ്വദേശിയും ദുബായിലെ പ്രോപ്പർട്ടി ഡവലപ്പറുമായ ദിലീപ് (54). എടപ്പാൾ ആദ്യാട്ടുവളപ്പിൽ ദിലീപ് കുട്ടിക്കാലത്തു കുറെ സ്വപ്നങ്ങൾ കണ്ടു. ഒരിക്കലും നടക്കില്ലെന്നുറപ്പിച്ച വലിയ വലിയ സ്വപ്നങ്ങൾ. സ്വപ്നം കാണുക മാത്രമല്ല, അതിനു വേണ്ടി ദിലീപിന്റെ ഉറക്കം കുറെ നഷ്ടപ്പെടുകയും ചെയ്തു. സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ നടത്തണമെന്ന് അതിതീവ്രമായി ദിലീപ് ആഗ്രഹിച്ചപ്പോൾ സ്വപ്നങ്ങൾ ഒന്നൊന്നായി യാഥാർഥ്യമാക്കാൻ പ്രപഞ്ചം മുഴുവൻ അദ്ദേഹത്തിനൊപ്പം നിന്നു.

സിവിൽ എൻജിനീയറിങ് ഡിപ്ലോമയുമായി, ലേബർ വീസയിൽ ദുബായിലെത്തിയ ആ 22 വയസ്സുകരൻ 32 വർഷം കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് അവിശ്വസനീയമായ ജീവിതാദ്ഭുങ്ങളാണ്.

900 ദിർഹം മാസ ശമ്പളത്തിന് നിർമാണത്തൊഴിലാളിയായി ദുബായിൽ ജീവിതം തുടങ്ങിയ ദിലീപ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ഫ്ലാറ്റ് വാങ്ങുന്ന ആദ്യ മലയാളിയായി. ദുബായിൽ അതിസമ്പന്നർ മാത്രം താമസിക്കുന്ന എമിറേറ്റ്സ് ഹില്ലിൽ വില്ല സ്വന്തമാക്കിയ ആദ്യ യുവ ഇന്ത്യക്കാരനായി. ഗോൾഫ് ക്ലബ്ബിൽ അംഗത്വം നേടാൻ ഗോൾഫ് പഠിച്ച ദിലീപ് രണ്ടു തവണ യുഎഇയെ പ്രതിനിധീകരിച്ച് രാജ്യാന്തര ഗോൾഫ് ചാംപ്യൻഷിപ്പിൽ മത്സരിച്ചു. ഐപിഎല്ലിൽ ആദ്യ കേരള ടീമിന്റെ ഉടമകളിലൊരാളായി. രണ്ടു വർഷത്തെ മുഴുവൻ ശമ്പളവും സ്വരൂപിച്ച് ആദ്യ കാർ വാങ്ങിയ ദിലീപ് കോടികൾ വിലമതിക്കുന്ന 12 അത്യാഢംബര കാറുകളുടെ ഉടമയായി.

അത്യപൂർവവും അമൂല്യവുമായ വാച്ചുകൾ, ലോകോത്തര കായിക താരങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ ബൂട്ടുകൾ, ബാറ്റുകൾ അങ്ങനെ... ജീവിതനേട്ടങ്ങളും അമൂല്യശേഖരവും സമ്പാദ്യമാക്കിയ ദിലീപ് 10 വർഷം മുൻപ് ഒരു തീരുമനമെടുത്തു. ഇനി ‘സെമി റിട്ടയർമെന്റ്’

അംബരചുംബികൾ

കുട്ടിക്കാലത്ത് കളിമണ്ണു കൊണ്ടു മനോഹരമായി കളിവീടുകൾ നിർമിച്ചിരുന്ന ദിലീപ് ആകാശം ചുംബിക്കുന്ന ഒരു കൊട്ടാരത്തിൽ താമസിക്കുന്നതു സ്വപ്നം കണ്ടിരുന്നു. കുറ്റിപ്പുറം ഗവ. ടെക്നിക്കൽ സ്കൂളിലെ പഠനത്തിനു ശേഷം തിരൂർ എസ്എസ്എം പോളി ടെക്നിക്കിൽ തുടർ പഠനത്തിനു ചേർന്നതും ഈ സ്വപ്നം ഉറക്കം നഷ്ടപ്പെടുത്തിയപ്പോഴാണ്. സിവിൽ എൻജിനീയറിങ് ഡിപ്ലോമ നേടിയ ദിലീപ് തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റിയിൽ കുറച്ചു വർഷം താൽക്കാലിക സൂപ്പർവൈസറായി ജോലി ചെയ്തു.

ജീവിതത്തിൽ രക്ഷപ്പെടണമെങ്കിൽ നാടു വിടണമെന്നു മനസ്സ് എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. അങ്ങനെ 22–ാം വയസ്സിൽ 1990ൽ ദിലീപ് മുംബൈയിലേക്കു വണ്ടി കയറി. അവിടെ ആറു മാസം ചെറിയ ജോലികൾ ചെയ്ത് ദുബായിലെ കമ്പനിയിലേക്ക് ഇന്റർവ്യൂവിൽ പങ്കെടുത്തു. ഇന്റർവ്യൂവിൽ വിജയിച്ചതോടെ ലേബർ വീസയിൽ 1991 ഫെബ്രുവരിയിൽ ദുബായിലേക്കു വിമാനം കയറി. നിർമാണക്കമ്പനിയിൽ അസിസ്റ്റന്റ് ക്വാണ്ടിറ്റി സർവേയറായി ജോലി തുടങ്ങി. 900 ദിർഹം ആയിരുന്നു ആദ്യ ശമ്പളം. യൂണിഫോമിട്ട് കമ്പനിയുടെ ബസിൽ ദിവസവും രാവിലെ സൈറ്റിലെത്തും. വൈകിട്ട് ജോലി കഴിഞ്ഞ് ലേബർ ക്യാംപിൽ താമസം. രണ്ടു വർഷം കഴിഞ്ഞപ്പോൾ കമ്പനി ഉടമയായ സായിപ്പിനോട് ശമ്പളം കൂട്ടിത്തരാൻ ആവശ്യപ്പെട്ടു. കുറച്ചു ശമ്പളം കൂട്ടിയ ഉടമ താമസത്തിനു മുറിയും അനുവദിച്ചു. 10 വർഷം ഇതേ കമ്പനിയിൽ തുടർന്നു. ദിലീപ് 2002ൽ Heilbronn എന്ന പേരിൽ സ്വന്തമായി കമ്പനി തുടങ്ങി. ദുബായിൽ ആഢംബംര വില്ലകളുടെയും കെട്ടിടങ്ങളുടെയും ഡിസൈനിങ്ങും നിർമാണവുമാണു കമ്പനി നടത്തിയിരുന്നത്. ഒപ്പം വിദേശ രാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ് ബിസിനസും. തന്റെ സ്വപ്നങ്ങൾ പതുക്കെ ആകാശങ്ങളെ ചുംബിക്കാൻ വെമ്പുന്നതു ദിലീപ് തിരിച്ചറിഞ്ഞു.

മധുരപ്രതികാരം

1991ൽ ദുബായിൽ നിർമാണക്കമ്പനിയുടെ ബസിൽ സൈറ്റിലേക്കു പോകുന്ന സമയത്താണ് റോഡിൽനിന്നു കാണാവുന്ന ദൂരത്ത് ക്രീക്കിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് ദിലീപിന്റെ ശ്രദ്ധയിൽപെട്ടത്. ബസ് ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ശിഹാബ്ക്കയോട് ഒരു ദിവസം ദിലീപ് ചോദിച്ചു.

‘അവിടെ എന്താണ് നിർമിക്കുന്നത്..?’

ശിഹാബ്ക്ക ആദ്യം ‘ഇവനാര്’ എന്ന ഭാവത്തിൽ ദിലീപിന്റെ മുഖത്തേക്കൊന്നു നോക്കി. പിന്നെ നിസ്സംഗതയോടെ പറഞ്ഞു.

‘ദുബായ് ഗോൾഫ് ക്ലബ്ബിന്റെ നിർമാണമാണവിടെ. ആ ക്ലബ്ബിന്റെ നിർമാണം പൂർത്തിയായാലും നിന്റെ 3 വർഷത്തെ ശമ്പളം വേണ്ടിവരും അവിടെ അംഗത്വമെടുക്കാൻ’.

അദ്ദേഹത്തിന്റെ മറുപടി കേട്ടതോടെ ദിലീപിന്റെ മനസ്സിൽപിന്നെ ഗോൾഫ് മാത്രമായിരുന്നു കളി. ഒഴിവുള്ള സമയങ്ങളിൽ ഗോൾഫ് കളിക്കാൻ പഠിച്ചു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ദുബായ് ഗോൾഫ് ക്ലബ്ബിൽ അംഗമായി. രണ്ടു തവണ യുഎഇയെ പ്രതിനിധീകരിച്ച് 2006ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ബിഎംഡബ്ല്യു ലോക അമേച്ചർ ഗോൾഫ് കപ്പിലും 2019ൽ തുർക്കിയിൽ നടന്ന ടർക്കിഷ് എയർലൈൻസ് ലോക അമേച്ചർ ഗോൾഫ് കപ്പിലും മത്സരിച്ചു. അന്ന് ഗോൾഫ് ക്ലബ് നിർമാണത്തെക്കുറിച്ചു പറഞ്ഞുതന്ന ബസ് ഡ്രൈവർ ശിഹാബ്ക്കയെ വർഷങ്ങൾക്കു ശേഷം ദിലീപ് ഗോൾഫ് ക്ലബ്ബിന്റെ അതിഥിയായി കൊണ്ടുപോവുകയും ചെയ്തു. കുട്ടിക്കാലത്തുതന്നെ കളിപ്രേമിയായിരുന്ന ദിലീപ് ഗോൾഫ് മാത്രമല്ല, മികച്ച ടെന്നിസ്, ചെസ് താരവും കൂടിയാണ്.

ഇതിനിടെ കായിക സംഘാടനത്തിലും ഒരു കൈ നോക്കി. ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ കേരള ടീം ആയിരുന്ന കൊച്ചി ടസ്കേഴ്സ് കേരളയുടെ ആദ്യ ഉമടകളിൽ ഒരാളായിരുന്നു ദിലീപ്. എട്ടു മാസത്തിനു ശേഷം ‘ഈ കളി തനിക്കു പറ്റിയതല്ല’ എന്നു മനസ്സിലാക്കിയതോടെ ആ മൈതാനം വിട്ടു.

ഫെരാരി, ലംബോർഗിനി

ഡ്രൈവിങ് ലൈസൻസ് കിട്ടാനുള്ള പ്രായം 18 വയസ്സു തികഞ്ഞതോടെ ദിലീപ് ഡ്രൈവിങ് പഠിക്കാൻ തുടങ്ങി. അയൽവാസിയായ കുട്ടേട്ടനാണ് ദിലീപിനെ വളയം പിടിക്കാൻ പഠിപ്പിച്ചത്. അന്ന് എടപ്പാളിൽ നാഷനൽ വർക്ക്ഷോപ് നടത്തുകയായിരുന്ന കുട്ടേട്ടന്റെ സുഹൃത്തായിരുന്നു, ദിലീപിന്റെ പിതാവ് നാരായണൻ. പിതാവിന്റെ കൂടെ വർക്കഷോപ്പിലേക്കു പോകാറുണ്ടായിരുന്ന ദിലീപിന്റെ ആഗ്രഹം മനസ്സിലാക്കിയാണ് കുട്ടേട്ടൻ ഡ്രൈവിങ് പഠിപ്പിക്കാൻ തുടങ്ങിയത്. ദിലീപടക്കം എടപ്പാളിലെയും പരിസരത്തെയും അഞ്ഞൂറിലേറെ പേരുടെ ഡ്രൈവിങ് ഗുരുവായ എൺപത്തിയഞ്ചുകാരനായ കുട്ടേട്ടനെ കാണാനാണ് അവസാനമായി ദിലീപ് ദുബായിൽനിന്നു നാട്ടിലെത്തിയത്.

ദുബായിലെ നിർമാണക്കമ്പനിയിൽനിന്നു ലഭിച്ച രണ്ടു വർഷത്തെ ശമ്പളം സ്വരുക്കൂട്ടിയാണ് 1994ൽ ദിലീപ് ആദ്യമായി സ്വന്തമായി ചെറിയ കാർ വാങ്ങിയത്. 2007ൽ ആയപ്പോഴേക്കും ആഡംബര കാറുകളായ ഫെരാരിയും ലംബോർഗിനിയും സ്വന്തമാക്കി. ഇന്ന് ലോകത്തെ വിലപിടിപ്പുള്ള 12 അത്യാഡംബര കാറുകളുടെ ഉടമയായ ദിലീപിന്റെ പോർച്ചിലേക്ക് ഒരു വർഷത്തിനകംതന്നെ ആഢംബരക്കാറുകളുടെ അവസാന വാക്കായ Ferrari purosangue, Bugatti എന്നീ സ്പോർട്സ് കാറുകളും എത്തും.

ചരിത്രം പതിഞ്ഞ ശേഖരം

ബഹ്റൈനിൽ എൻജിനീയറായ ചെറിയച്ഛൻ എ.വി.ബാലകൃഷ്ണൻ അവിടെ നിന്നു കൊണ്ടുവന്ന മനോഹരമായൊരു പെൻസിൽ ദിലീപിനു നാലാം വയസ്സിൽ സമ്മാനമായി നൽകിയത് വഴിത്തിരിവായി. വർഷങ്ങൾക്കു ശേഷം ലോകരാജ്യങ്ങളിലേക്കു യാത്രകൾ തുടങ്ങിയതോടെ വിവിധ രാജ്യങ്ങളിലെ പെൻസിലുകളും ദിലീപ് ശേഖരിക്കാൻ തുടങ്ങി. ഗോൾഫ് കളിയിൽ സ്കോർ മാർക്ക് ചെയ്യാനായി ഉപയോഗിക്കുന്ന വിവിധ രാജ്യങ്ങളിലെ പെൻസിലുകളും ഈ ശേഖരിത്തിലുണ്ട്. ലോകത്തുതന്നെ വിലപിടിപ്പുള്ളതും വ്യത്യസ്തവുമായ ഇരുപത്തിയഞ്ചിലേറെ വാച്ചുകൾ ശേഖരത്തിലുണ്ട്. ഫുട്ബോൾ ഇതിഹാസങ്ങളായ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലോകത്തിലെ അതിവേഗ ഓട്ടക്കാരൻ ഉസൈൻ ബോൾട്ട് എന്നിവരുടെ ബൂട്ട്, ലോക കാറോട്ട ജേതാക്കളായ മൈക്കൽ ഷുമാക്കറുടെയും മാക്സ് വെർസ്റ്റപ്പന്റെയും ഹെൽമറ്റ്, ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന്റെ പന്ത്, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ബാറ്റ് തുടങ്ങി നൂറോളം കായിക താരങ്ങൾ ഉപയോഗിച്ച വസ്തുക്കൾ നിധി പോലെ സൂക്ഷിക്കുന്നുണ്ട് ദിലീപിന്റെ വീട്ടിലെ മ്യൂസിയത്തിൽ.

പറക്കുന്ന മോഹങ്ങൾ

ദൂരദർശനിൽ പ്രദർശിപ്പിച്ചിരുന്ന ‘വേൾഡ് ദിസ് വീക്ക്’ എന്ന പ്രതിവാര പരിപാടി വിദ്യാർഥി കാലത്ത് ദിലീപ് മുടങ്ങാതെ കാണുമായിരുന്നു. ഈ പരിപാടിയിലൂടെ കണ്ട രാജ്യങ്ങൾ എന്നെങ്കിലും നേരിട്ട് കാണമെന്ന് വല്ലാതെ കൊതിച്ച ആ വിദ്യാർഥി പിന്നീട് വിവിധ രാജ്യങ്ങൾ സഞ്ചരിക്കാൻ 300 തവണയാണ് വിമാനം കയറിയത്. കഴിയുന്നത്ര രാജ്യങ്ങൾ സഞ്ചരിക്കുക എന്നതല്ല ദിലീപിന്റെ രീതി. ഇഷ്ടപ്പെട്ട രാജ്യങ്ങളിലേക്ക് വീണ്ടും വീണ്ടും പോകുക എന്നതാണ്. ഏറ്റവും ഇഷ്ടപ്പെട്ട ജപ്പാനിലേക്കു 30 തവണയും കൊറിയയിലേക്ക് 20 തവണയും പോയിട്ടുണ്ട്. സ‍‍ഞ്ചരിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് സീഷെൽസ് ഐലൻഡും ലണ്ടനുമാണ്.

നാടിന്റെ സൗന്ദര്യം കാണുക മാത്രമല്ല, അവിടത്തെ ജനങ്ങളെ അറിയാനും സംസ്കാരം പഠിക്കാനും ഭക്ഷണം ആസ്വദിക്കാനുമാണ് ദിലീപിന്റെ ഓരോ യാത്രകളും. കൊറിയയിൽനിന്നു കഴിച്ച ജീവനുള്ള നീരാളിയാണ് ദിലീപിന്റെ നാവിൽനിന്ന് ഇപ്പോഴും മാഞ്ഞുപോകാത്ത രുചിവൈവിധ്യം. യാത്രകളിൽ ഭാര്യ മെയ്‌ലിൻ ജോയ്, മക്കളായ ഗൗതം, ആര്യൻ എന്നിവരാണ് ദിലീപിന്റെ കൂട്ട്.

ജീവിതപാഠം

ബിസിനസിന്റെ തിരക്കുകൾക്കും മനസ്സിന്റെ സംഘർഷങ്ങൾക്കും ഒരു അർധവിരാമമിട്ടിരിക്കുകയാണ് ദിലീപ്. ജോലിയും ജീവിതവും പരസ്പരം ബാലൻസ് ചെയ്യുന്ന സെമി റിട്ടർയർമെന്റ് ജീവിതമാണ് 2012 മുതൽ ദിലീപ് ജീവിക്കുന്നത്.

ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷമെടുത്ത ജീവിതത്തിലെ മികച്ച തീരുമാനമായാണ് ദിലീപ് ഇതിനെ കാണുന്നത്.

ഒരുപാട് പണമുണ്ടാക്കി ജീവിക്കാൻ മറന്നുപോകുന്നതിനോട് ഇദ്ദേഹത്തിനു യോജിപ്പില്ല. ബിസിനസിനോടൊപ്പംതന്നെ യാത്രകളും ഹോബികളും വിനോദങ്ങളുമായി കുടുംബത്തോടൊപ്പം ഇഷ്ടപ്പെട്ട ജീവിതം ആസ്വദിക്കുക. ഒപ്പം തന്റെ ജീവിതപാഠങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുക.

കോവിഡ് ബാധിച്ചു കിടന്ന 2022ൽ ആണു ദിലീപ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് (dileepheilbronn) തുടങ്ങുന്നത്. തന്റെ ജീവിതപാഠങ്ങളുടെ പ്രചോദനാത്മകമായ അധ്യായങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് അക്കൗണ്ട് തുടങ്ങിയതുതന്നെ.

ദിലീപ് തന്റെ വിജയകഥയുടെ സൂത്രവാക്യമായി പറയുന്നതിങ്ങനെ.‘അവർക്കു പറ്റുമെങ്കിൽ എന്തുകൊണ്ട് എനിക്കു പറ്റില്ല’ എന്ന ചോദ്യത്തിൽനിന്നാണ് എന്റെ ഓരോ വലിയ ഉത്തരവും രൂപപ്പെട്ടത്. ആ നേട്ടങ്ങൾ ആരുമായും മത്സരിക്കാനല്ല. ആരെയെങ്കിലും മറികടക്കണമെന്ന ലക്ഷ്യവുമില്ല. പ്രശ്നങ്ങളെ നാം എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതാണ് കാര്യം. പോസിറ്റീവ് ആയി പ്രശ്നങ്ങളെ കണ്ടാൽ പ്രതിസന്ധികളെ മറികടക്കാനാകും. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാർഗങ്ങളുമുണ്ട്. പരിഹാര മാർഗങ്ങൾ ഏതെന്നു നാം കണ്ടെത്തുന്നതിലാണു മിടുക്ക്. പ്രതിസന്ധികളിൽ മാനസികാമായി തളരാതെ ചെയ്യുന്നതെല്ലാം സന്തോഷത്തോടെ ചെയ്യുക. ജോലിയും ബിസിനസും ഹോബിയാക്കുക. പണംകൊണ്ട് മാത്രം ഒരിക്കലും സന്തോഷം കണ്ടെത്താൻ കഴിയില്ലെന്നാണ് ജീവിതത്തിൽ പഠിച്ച വലിയ പാഠം.’ 

English Summary : Sunday special about malayali businessman dileep in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com