ADVERTISEMENT

ഹിമാലയ താഴ്‌വരയിൽ ഡാർജിലിങ്ങിനടുത്ത് മോങ്പു ഗ്രാമത്തിൽ സന്ദർശകരെ ആകർഷിച്ച് വിശ്വകവി രവീന്ദ്രനാഥ ടഗോറിന്റെ അദ്ദേഹത്തിന്റെ സ്മൃതിഭവനം. രാജ്യത്തെ ഏക സിങ്കോണത്തോട്ടവും ഇതിനോടു ചേർന്ന്. ഈ വീട്ടിൽ രവീന്ദ്രനാഥ ടഗോർ അതിഥിയായിരുന്നു. പിന്നീടിതു കവിയുടെ പേരിലുള്ള സ്മാരകമായി. ഒടുവിൽ ബംഗാൾ സർക്കാർ ഏറ്റെടുത്ത് രവീന്ദ്ര ഭവൻ മ്യൂസിയമായി പ്രഖ്യാപിച്ചു. 150 വർഷം മുൻപ് മലേറിയ ഓഫിസർക്കു താമസിക്കാൻ നിർമിച്ച ബംഗ്ലാവിനാണ് അക്ഷരഗോപുരമാകാനുള്ള ഭാഗ്യം കിട്ടിയത്.

ടഗോർ ഇവിടെ താമസിച്ച രണ്ടു വർഷക്കാലത്ത് ഉപയോഗിച്ച വസ്തുക്കളാണു മോങ്പു മ്യൂസിയത്തിന്റെ പ്രത്യേകത. 5 വർഷം മുൻപായിരുന്നു ബംഗാൾ സർക്കാരിന്റെ ഇടപെടൽ. സ്മാരകം പുനർനിർമിച്ചു. അദ്ദേഹം തുടക്കമിട്ട ശാന്തിനികേതൻ –വിശ്വഭാരതി സർവകലാശാലയിൽപ്പോലും കിട്ടാത്ത അംഗീകാരം ടഗോറിന് ഇവിടെ ലഭിക്കുന്നു. സ്നേഹാഞ്ജലി അർപ്പിക്കാൻ പലരുമെത്തുന്നു. സാഹിത്യവും കലയും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന സഞ്ചാരികളും വിദേശികളുമാണ് അധികവും. അവരിൽ ആരെങ്കിലും എന്നും അന്നദാനം നടത്തും. ഡാർജിലിങ്ങിൽ നിന്നു ദേശീയപാത– 10 വഴി 31 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ ഹിമാലയൻ വനസ്ഥലിയായി.

∙ കാഞ്ചൻജംഗയുടെ മടിത്തട്ടിലെ ഗ്രാമം

മോങ്പുവിൽ നിന്നാൽ കാഞ്ചൻജംഗ പർവതത്തിന്റെ മഞ്ഞുമൂടിയ തലയെടുപ്പു കാണാം; ടഗോറിന് എന്നും പ്രചോദനമായിരുന്ന കാഴ്ച. മരണത്തിന് ഏതാനും മാസം മുൻപ് 1941 ൽ അവസാന കവിതാ സമാഹാരമായ ‘ജന്മദിൻ’ ഉൾപ്പെടെ രചിച്ചത് ഭാവന മലയിറങ്ങുന്ന മോങ്പുവിലെ ഈ മുറിയിലിരുന്നാണ്. അന്നത്തെ കയ്യെഴുത്തുകളും വരച്ചുകൂട്ടിയ ചിത്രങ്ങളും മറ്റും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 1940 ഓഗസ്റ്റ് 21 നാണ് മോങ്പുവിലേക്കുള്ള കവിയുടെ അവസാന വരവ്.

ഇതിന്റെ 76–ാം വാർഷികത്തിൽ ഇറക്കിയ പോസ്റ്റൽ കവറുകളും സ്റ്റാമ്പുകളും നൊബേൽ സമ്മാനത്തിന്റെ പ്രതിരൂപവും ഇവിടെയുണ്ട്. അദ്ദേഹം എഴുതിയ രണ്ടായിരത്തിലേറെ ഗാനങ്ങളുടെയും മൂവായിരത്തിലേറെ ചിത്രങ്ങളുടെയും നാടകങ്ങളുടെയും കഥകളുടെയും 1913 ലെ നൊബേൽ സമ്മാനത്തിന് അർഹമായ ഗീതാഞ്ജലി ഉൾപ്പെടെയുള്ള കൃതികളുടെയും ഒരു പരിച്ഛേദം ഈ ടഗോർ ഗാലറിയെ ലോകോത്തരമാക്കുന്നു.

tagore-2
ജവാഹർലാൽ നെഹ്റു, ടഗോർ

ടഗോർ ഉപയോഗിച്ചിരുന്ന ഹോമിയോ മരുന്നുകുപ്പികളും വസ്ത്രങ്ങളും മെതിയടിയും ഗാലറയിൽ ഭദ്രം. അന്നു ടഗോർ എഴുതാനുപയോഗിച്ച തൂവൽത്തണ്ടു പേനയും മഷിക്കുപ്പിയും ജനലിനോടു ചേർന്നു കിഴക്കോട്ടു തിരിച്ചിട്ട കസേരയും മേശയും കട്ടിലും കത്തിച്ചിരുന്ന നെരിപ്പോടുമെല്ലാം ഇവിടത്തെ നാലഞ്ചു മുറികളിൽ സന്ദർശകരെ കാത്തിരിക്കുന്നു. പഴയ ബാത്റൂമും ടൈലുകളും തടി പാനലുകളുമെല്ലാം അതുപോലെ സംരക്ഷിച്ചിരിക്കുന്നു. 1940 മേയ് ആറിന് വൈശാഖ പൗർണമിക്കു മുൻപായി ടഗോർ 80–ാം പിറന്നാൾ ആഘോഷിച്ചത് മോങ്പുവിലെ ഈ വീട്ടിലാണ്. കവിയുടെ ആഗ്രഹപ്രകാരം പാടാനും ചുവടുവയ്ക്കാനുമായി ഗ്രാമീണരെ ഈ ബംഗ്ലാവ് വളപ്പിലേക്ക് അന്നു ക്ഷണിച്ചു.

∙ കുടുംബസുഹൃത്തും ക്ലോറോക്വിനും

ടഗോറിന്റെ ഉറ്റ സുഹൃത്തും സാഹിത്യകാരിയുമായ മൈത്രേയി ദേവിയും ഭർത്താവ് ഡോ. മൻമോഹൻ സെന്നുമായുള്ള അടുപ്പമാണ് ജീവിത സന്ധ്യാവേളയിൽ ടഗോറിനെ മോങ്പുവിൽ എത്തിച്ചത്. 1862 ൽ ബ്രിട്ടിഷുകാർ ആരംഭിച്ച സിങ്കോണത്തോട്ടത്തിന്റെ ഡയറക്ടറായിരുന്നു ക്വിനോളജിസ്റ്റ് കൂടിയായ ഡോ. മൻമോഹൻ സെൻ.

അദ്ദേഹത്തിനും ഭാര്യയ്ക്കും താമസിക്കാനായി ബ്രിട്ടിഷുകാർ അനുവദിച്ചതാണ് ഈ ബംഗ്ലാവ്. ഇതിനോടു ചേർന്നാണ് ഇന്ത്യയിലെ ഏക സിങ്കോണ തോട്ടവും ക്ലോറോക്വിൻ ഫാക്ടറിയും. സിങ്കോണയുടെ തൊലിയിൽ നിന്നു മലേറിയ മരുന്നായ ക്ലോറോക്വിൻ ഉൽപ്പാദിപ്പിക്കുന്നയാളാണ് ക്വിനോളജിസ്റ്റ്.

∙ ഹാർമോണിയം വിരോധവും റേഡിയോ പ്രക്ഷേപണവും

ഹാർമോണിയത്തിന്റെ സ്വരം ടഗോറിന് ഇഷ്ടമല്ലായിരുന്നു; ജവാഹർലാൽ നെഹ്റുവിനും. എന്നാൽ ആകാശവാണിയിലൂടെ ഇതു പ്രക്ഷേപണം ചെയ്തിരുന്നു. ഇതുമൂലം എഐആറിനോട് ടഗോർ അകലം പാലിച്ചു. ടഗോറിന്റെ 77–ാം ജന്മദിനത്തിൽ ആകാശവാണിയിലൂടെ അദ്ദേഹത്തിന്റെ ഒരു കവിത പ്രക്ഷേപണം ചെയ്താലോ എന്ന് അന്നത്തെ എഐആർ മേധാവി ലയണൽ ഫീൽഡിങ്ങിന്റെ മനസ്സിൽ ആശയമുദിച്ചു. കൊൽക്കത്തയിൽ നിന്നു ലയണൽ മോങ്പുവിലെത്തി. പക്ഷേ കാണാൻ പോലും ടഗോർ തയാറായില്ല. ഹാർമോണിയ വിരോധമാണ് കാരണമെന്ന് അറിയാമായിരുന്ന മൻമോഹൻ സെൻ ഇടപെട്ടു.

കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങി. ടഗോറിന്റെ നിവേദനം സ്വീകരിച്ച എഐആർ മേധാവി ഹാർമോണിയം നിരോധിച്ച് ഉടൻ ഉത്തരവിടാമെന്നു സമ്മതിച്ചു. തുടർന്ന് കലിംപോങ്ങിലെത്തി ടഗോർ കവിത അവതരിപ്പിച്ചു. ആകാശവാണി ഇതു തത്സമയം ഇന്ത്യ മുഴുവൻ കേൾപ്പിച്ചു.

അന്നവതരിപ്പിച്ച ജന്മദിൻ എന്ന കവിത എഴുതാൻ പ്രേരിപ്പിച്ചത് മോങ്പുവിലെ പ്രിയ ആതിഥേയയായ മൈത്രേയി ദേവി ആയിരുന്നു എന്നത് ഇന്നും ഹിമാലയൻ രഹസ്യം. ഹാർമോണിയം ഉൽപാദകരുടെ സമ്മർദത്തെ തുടർന്ന് 1970–ൽ കൊൽക്കത്ത ആകാശവാണി നിരോധനം പിൻവലിച്ചു എന്നതു പിൽക്കാല ചരിത്രം.1861ൽ ജനിച്ച മഹാകവിയുടെ മരണം 1941ലായിരുന്നു; 80ാം വയസ്സിൽ. 

English Summary: Sunday Special about the village of Mongpu that loved Tagore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com