ADVERTISEMENT

നാളിത്രയും സഹിച്ച വേദനകളും ത്യാഗങ്ങളും തിരസ്കാരങ്ങളുമെല്ലാം ആ നിമിഷം മുന്നിൽ വന്നുനിന്ന് എന്നെത്തന്നെ ചോദ്യം ചെയ്തു തുടങ്ങി. 2018ൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അജ്ഞാതമായ ഏതോ ഒരു കടൽക്കോണിൽ, വീണുപോയ പായ്മരത്തിന്റെ കീഴിൽനിന്നു തോൽക്കാൻ മനസ്സില്ലെന്നു വിളിച്ചു പറഞ്ഞു ഞാൻ തിരിച്ചുവന്നത് ഇതിനായിരുന്നോ? നട്ടെല്ലിനു പരുക്കേറ്റ്, നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽനിന്നു വാശിയോടെ എഴുന്നേറ്റുനിന്നത് ഒരിക്കൽക്കൂടി തോൽക്കാൻ വേണ്ടിയായിരുന്നോ? ‘ഗോൾഡൻ ഗ്ലോബ് റെയ്സ്’ പായ‍്‌വഞ്ചിയോട്ടം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യക്കാരൻ കമാൻഡർ അഭിലാഷ് ടോമി എഴുതുന്നു...

കഴിഞ്ഞ വർഷത്തെ ഇന്ത്യൻ സ്വാതന്ത്ര്യദിനം. ആയുസ്സിൽ ഒരിക്കലും മറക്കില്ല ആ ദിവസം. വലിയൊരു ശബ്ദം കേട്ടാണു ഞാൻ കണ്ണു തുറന്നത്. എന്തൊക്കെയോ പൊട്ടിത്തകരുന്ന ശബ്ദം. ആരൊക്കെയോ ഉച്ചത്തിൽ കരയുകയോ വിളിച്ചു കൂവുകയോ ചെയ്യുന്നുണ്ട്. ഉറക്കത്തിൽനിന്നു ചാടിയെഴുന്നേറ്റ് കുറച്ചു നിമിഷം കഴിഞ്ഞപ്പോഴാണു കാര്യം മനസ്സിലായത്. വഞ്ചിക്കുള്ളിൽ ചെറിയൊരു മയക്കത്തിലാണു ഞാൻ. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ ഹിഹോൺ തീരത്തുനിന്ന് ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോനിലേക്ക് 2000 നോട്ടിക്കൽ മൈൽ (ഒരു നോട്ടിക്കൽ മൈൽ – 1.852 കിലോമീറ്റർ) ദൈർഘ്യം വരുന്ന ഒരു പരിശീലന റേസിൽ പങ്കെടുക്കുകയാണു ഞങ്ങൾ. എസ്‌വി ബയാനത് എന്ന പായ്‌വഞ്ചിയിൽ ഞങ്ങൾ മൂന്നു പേരുണ്ട്. എന്റെ മാനേജർ (അദ്ദേഹത്തിന്റെ പേര് പറയുന്നില്ല), യൊഹാനസ് ലീ എന്ന ജർമൻ ഫൊട്ടോഗ്രഫർ എന്നിവരാണു മറ്റു രണ്ടു പേർ. മാനേജർക്കു ‘വാച്ച് ഡ്യൂട്ടി’ (കടലിൽ മറ്റു വഞ്ചികളും കപ്പലുകളും നോക്കി വഞ്ചിയോടിക്കുന്ന ജോലി) നൽകി ഞാനും യൊഹാനസും വഞ്ചിക്കുള്ളിൽ മയക്കത്തിലായിരുന്നു.

ഒതുക്കിപ്പിടിച്ച ഞെട്ടലോടെ അതിവേഗം ഞാൻ വഞ്ചിയുടെ ഡെക്കിലേക്കു പാഞ്ഞു. ചെറിയ പടികൾ കയറി മുകളിലെത്തിയ എന്റെ മുന്നിൽ കടലിനെക്കാൾ കടുംനീല നിറത്തിലുള്ള ഒരു ഉരുക്കുമതിൽ. അതൊരു കപ്പലിന്റെ പുറംചട്ടയായിരുന്നു എന്നു മനസ്സിലാക്കാൻ അടുത്ത നിമിഷം ചെവിയിൽ തുളച്ചുകയറിയ വലിയ ഹോൺ മുഴക്കം ധാരാളമായിരുന്നു. വഞ്ചി ഒരു കപ്പലുമായി കൂട്ടിയിടിച്ചിരിക്കുന്നു!!

വഞ്ചിയുടെ മുൻവശം ഒരു ഭീമൻ കപ്പലിന്റെ ഉരുക്കുപാളിയിൽ ഇടിച്ചുകയറി. കാറുകളും മറ്റു വാഹനങ്ങളും കൊണ്ടുപോകുന്ന, നെതർലൻഡ്സിൽനിന്നുള്ള ഒരു ‘റോറോ’ (റോൾ ഓൺ റോൾ ഓഫ്) ഷിപ്പ് ആയിരുന്നു അത്. ആ കപ്പലിൽനിന്നു നോക്കിയാൽ കടലിൽ കടുകുമണിയുടെ വലുപ്പം മാത്രമുള്ള ഈ വഞ്ചി കണ്ടുപടിക്കുക എളുപ്പമല്ല. പക്ഷേ, 150 മീറ്ററോളം നീളമുള്ള ഈ ഭീമൻ കപ്പൽ ‘വാച്ച് ഡ്യൂട്ടി’ക്കാരനായ എന്റെ മാനേജർ കാണാതെ പോയതിലാണ് അതിശയം. അതിനെ ഒരുനിമിഷത്തെ പിഴവ് എന്നു വിളിച്ചുകൂടാ. ഉടൻ വിശദീകരണമുണ്ടായി. അറ്റ്ലാന്റിക് സമുദ്രത്തിലെ തിരക്കേറിയ കപ്പൽച്ചാലിൽകൂടി കടന്നു പോകുന്ന നേരത്തും മാനേജർ വഞ്ചിയുടെ അമരത്തിരുന്ന് ഒരു പുസ്തകം വായിക്കുകയായിരുന്നു!!

ഒന്നുമാലോചിക്കാൻ നേരമില്ല. വഞ്ചിയുടെ മുൻവശത്തെ പായ കെട്ടിനിർത്തുന്ന ഫോർ സ്റ്റേ ഒടിഞ്ഞു തൂങ്ങി. നങ്കൂരം കടലിലേക്ക് ഇറക്കുന്ന ഭാഗത്തെ ഉരുക്കുദണ്ഡ് ഒടിഞ്ഞു പോയി. നിയന്ത്രണം വിട്ട വഞ്ചി ഒടിഞ്ഞു തൂങ്ങിക്കിടക്കുന്ന പായ്മരവും പായയും സഹിതം കടലിൽ വട്ടം കറങ്ങാൻ തുടങ്ങി. ആകെ വട്ടുപിടിച്ച അവസ്ഥ.

നാളിത്രയും സഹിച്ച വേദനകളും ത്യാഗങ്ങളും തിരസ്കാരങ്ങളുമെല്ലാം ആ നിമിഷം മുന്നിൽ വന്നുനിന്ന് എന്നെത്തന്നെ ചോദ്യം ചെയ്തു തുടങ്ങി. 2018ൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അജ്ഞാതമായ ഏതോ ഒരു കടൽക്കോണിൽ, വീണുപോയ പായ്മരത്തിന്റെ കീഴിൽനിന്നു തോൽക്കാൻ മനസ്സില്ലെന്നു വിളിച്ചു പറഞ്ഞു ഞാൻ തിരിച്ചുവന്നത് ഇതിനായിരുന്നോ? നട്ടെല്ലിനു പരുക്കേറ്റ് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽനിന്ന് വാശിയോടെ എഴുന്നേറ്റുനിന്നത് ഒരിക്കൽക്കൂടി തോൽക്കാൻ വേണ്ടിയായിരുന്നോ?

ഗോൾഡൻ ഗ്ലോബ് റേസ് തുടങ്ങാൻ ഇനിയുള്ളതു വെറും 19 ദിവസം. കടലിൽ നേരെ നിൽക്കാൻ പോലും കഴിയാതെ വട്ടം കറങ്ങുന്ന ഈ വഞ്ചിയിൽ എങ്ങനെയാണു ഞാൻ ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ ഒരാളോടും സഹായം ചോദിക്കാതെ മഹാസമുദ്രങ്ങൾ ചുറ്റി ഇവിടേക്കു തന്നെ തിരിച്ചുവരിക?

മനസ്സ് ശൂന്യമായിരുന്നു. വലിയ തിരകളൊന്നുമില്ലാത്ത കടലിലും എന്റെ മനസ്സിലെ കടൽക്ഷോഭം വലുതായിരുന്നു. ഒരു കടൽക്കാറ്റിനും ശമിപ്പിക്കാൻ കഴിയുന്നതായിരുന്നില്ല ഉള്ളിലെ തീ. കടലിൽ ഞാൻ തുടർന്നു നേരിട്ട ഏകാന്തസാഹസങ്ങളെക്കാൾ എത്രയോ സമ്മർദനിമിഷങ്ങളാണു ഞാൻ കരയിൽ നേരിട്ടത്.

ഗോൾഡൻ ഗ്ലോബ് റേസ് തുടങ്ങാൻ ഏതാനും മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് എനിക്കൊരു സ്പോൺസറെ ലഭിക്കുന്നത്. യുഎഇ ആസ്ഥാനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി ബയാനത്, 1968ലെ സാങ്കേതികവിദ്യ മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള ഒരു പായ്‌വഞ്ചിയോട്ട മത്സരത്തിന്റെ സ്പോൺസറാകുന്നു! ടെക്നോളജിയിൽ ഓരോ ദിവസവും പുതുമകൾ കൂട്ടിച്ചേർക്കപ്പെടുന്ന ഇക്കാലത്ത്, ഒരു നവീന ടെക്നോളജിയും ഉപയോഗിക്കാൻ പാടില്ല എന്നതാണല്ലോ ഗോൾഡൻ ഗ്ലോബ് റേസ് മത്സരത്തിന്റെ പ്രധാന നിയമം. ആ റേസിൽ പങ്കെടുക്കാനായി 1968 കാലത്തെ ഡിസൈൻ അനുസരിച്ചു നിർമിച്ച ഒരു വഞ്ചി അന്വേഷിച്ചുള്ള ഓട്ടമായിരുന്നു അടുത്തത്. ഏറെ അലച്ചിലുകൾക്കൊടുവിലാണ് യൂറോപ്പിലൊരിടത്തുനിന്ന് ‘റസ്‌ലർ 36’ മോഡലിലുള്ള ഈ വഞ്ചി വാങ്ങുന്നത്. 2018ലെ ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാക്കാൻ കഴിയാതെ പോയ വഞ്ചികളിലൊന്നാണിത്. എന്നാൽ, കരുത്തിലും മികവിലും മഹാസമുദ്രങ്ങളെ കീഴടക്കാൻ ഈ വഞ്ചിക്കു കഴിയുമെന്ന ഉറപ്പിലാണ് ഞാൻ ഇതു വാങ്ങാൻ തീരുമാനിച്ചത്.

2) പരിശീലന യാത്രയ്ക്കിടെ തകർന്ന ബോട്ട്.
2) പരിശീലന യാത്രയ്ക്കിടെ തകർന്ന ബോട്ട്.

പക്ഷേ, എല്ലാം കടലിൽ വരച്ച വര പോലെയാകുമോ? ഇല്ല, ഞങ്ങൾ നാവികർ തോൽവി ശീലിച്ചിട്ടില്ല. കരയിലേക്ക് 120 നോട്ടിക്കൽ മൈൽ ദൂരം കൂടി ബാക്കിയുണ്ട്. വഞ്ചി ഏതുവിധേനയും കരയ്ക്കെത്തിക്കാനുള്ള പരിശ്രമത്തിലായി ഞങ്ങൾ. മൂന്നു പേർ ഒരുമിച്ചു വഞ്ചിയോടിക്കുമ്പോൾ ഓരോരുത്തരായി വാച്ച് ഡ്യൂട്ടി ഏറ്റെടുത്ത് മറ്റുള്ളവർ വിശ്രമിക്കുന്നതാണു പതിവ്. ഇതനുസരിച്ചു ഞാനും യൊഹാനസും നിരീക്ഷണം പൂർത്തിയാക്കിക്കഴിഞ്ഞുള്ള നേരത്തായിരുന്നു മാനേജരുടെ വാച്ച് ഡ്യൂട്ടി. എന്റെ മാനേജരുടെ പേരു പറയുന്നില്ല എന്നതു ഞാൻ മനപ്പൂർവം കൈക്കൊണ്ട തീരുമാനമാണ്. കാരണം, ബ്രിട്ടനിൽനിന്നുള്ള ആ ചെറുപ്പക്കാരന് ഇനി ഇത്തരമൊരു അബദ്ധം സംഭവിക്കണമെന്നില്ലല്ലോ!

ഫോർസെയ്‌ൽ പൂർണമായും അഴിച്ചുവിട്ടതോടെ വഞ്ചിയുടെ കറക്കം നിന്നു. പ്രധാന പായ വിടർത്തി ഞങ്ങൾ കരയിലേക്കു യാത്ര തുടങ്ങി. അപകടം നടക്കുമ്പോൾ രണ്ടാം സ്ഥാനത്തായിരുന്ന വഞ്ചി 10–ാം സ്ഥാനത്തു ഫിനിഷ് ചെയ്തു. മറ്റെല്ലാവരും വിശ്രമിക്കാൻ പോയപ്പോൾ ഞാൻ വീണ്ടും ഓട്ടം തുടങ്ങി. വഞ്ചിയുടെ തകരാർ പരിശോധന പൂർത്തിയായി. അറ്റകുറ്റപ്പണിക്കു വേണ്ടി വരുന്ന തുക കേട്ടപ്പോൾ ഞാൻ വീണ്ടും ഞെട്ടി. 50 ലക്ഷം രൂപ! ഒരു വഞ്ചിക്ക് അത്രയും വിലയുണ്ടോ എന്നു ചിന്തിക്കുന്നവരുണ്ടാകാം, ശരിയാണ്. ഇതു യൂറോപ്പാണ്. അവധിക്കാലവും. കുറഞ്ഞ ദിവസത്തിനുള്ളിൽ ഇത്രയും വലിയ തകരാർ പരിഹരിച്ചു തരണമെങ്കിൽ ഇതാണ് അവരുടെ റേറ്റ്. സാധാരണ നിരക്കിൽ വഞ്ചിയുടെ തകരാർ പരിഹരിച്ചാൽ മതിയെങ്കിൽ ഒരു വർഷം വരെ സമയമെടുക്കും.

എനിക്കു മുന്നിൽ അധികം ഓപ്‌ഷനുകളില്ല. എന്നാൽ, എടുത്തു കൊടുക്കാൻ 50 ലക്ഷം രൂപയുമില്ല. കടലി‍ൽ ജീവന്മരണപ്പോരാട്ടത്തിനു പോകുന്ന വഞ്ചിയായതിനാൽ ഇതിന് ഇൻഷുറൻസ് പരിരക്ഷയുമില്ല. ഗോൾഡൻ ഗ്ലോബ് റേസിന് കരാർ അനുസരിച്ചുള്ള പണം മുഴുവൻ സ്പോൺസർ നേരത്തേ തന്നു കഴിഞ്ഞു. ഇത് എന്റെ മാത്രം ഉത്തരവാദിത്തമാണ്. വഞ്ചിയുടെ നിർമാതാക്കളായ റസ്‌ലറിന്റെ യുകെയിലെ യാഡിൽ ബന്ധപ്പെട്ടു. അവർ വഞ്ചി നന്നാക്കാൻ തയാറാണ്. പക്ഷേ, ഡിസംബറിലേ ജോലി പൂർത്തിയാകൂ. എനിക്ക് അതു പോരല്ലോ. സെപ്റ്റംബർ നാലിനു റേസ് തുടങ്ങുന്നതിനു മുൻപ് വഞ്ചി വീണ്ടും നീറ്റിലിറങ്ങണം.

അൺലിമിറ്റഡ് ബജറ്റിന് വഞ്ചി നന്നാക്കാൻ തയാറാണെന്ന് ഒരു ജർമൻ കമ്പനി പറഞ്ഞു. പക്ഷേ, ബജറ്റ് എത്ര വേണമെങ്കിലും വലുതാകാമെന്നതിനാൽ അതും പറ്റില്ല. ഒടുവിൽ, ബൽജിയംകാരനായ ബെഞ്ചമിൻ എന്നയാൾ ബോട്ട് നന്നാക്കാൻ തയാറായി രംഗത്തു വന്നു. ഞാൻ ഓകെ പറഞ്ഞെങ്കിലും ഒരു പ്രശ്നം വീണ്ടും ബാക്കിയായി. വഞ്ചിയുടെ ഒടിഞ്ഞുപോയ ഭാഗങ്ങൾ വീണ്ടും നിർമിക്കാൻ മാതൃകയായി അവർക്കു തകരാറില്ലാത്ത ഒരു ‘റസ്‌ലർ 36’ വഞ്ചി വേണം. അധികം വൈകാതെ അതിനും പരിഹാരമുണ്ടായി. ബൽജിയത്തിൽ അപ്പോ‍ൾ ആകെയുണ്ടായിരുന്ന ഒരേയൊരു റസ്‌ലർ 36 വഞ്ചി ബെഞ്ചമിന്റെ വഞ്ചിപ്പുരയ്ക്ക് അരികെത്തന്നെ ഒരിടത്തുണ്ടായിരുന്നു!!. ആ വിവരം അറിഞ്ഞ നിമിഷം ഞാൻ എന്റെ മനസ്സിൽ തിരയടിച്ചുകൊണ്ടിരുന്ന പഴയ പ്രതിജ്ഞ പുതുക്കി: ഇല്ല, ഇനി ഒരു പിന്മാറ്റമില്ല...

English Summary : Sunday Special about Golden globe race winner Abhilash Tomy part 1

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com