ADVERTISEMENT

മലപ്പുറം കൽപകഞ്ചേരി പഞ്ചായത്തിൽനിന്ന് ദുബായിലേക്ക് മൂവായിരത്തോളം കിലോമീറ്റർ ദൂരമുണ്ട്. എന്നാൽ, ദുബായ് ഭരണാധികാരിയുടെ കൊട്ടാരത്തിൽനിന്ന് കൽപകഞ്ചേരിയിലേക്ക് ഒരു വിളിയുടെ ദൂരമേയുള്ളൂ. സ്നേഹത്തിന്റെ ഒറ്റവിളി. ആ വിളി കേട്ട് കൽപകഞ്ചേരിക്കാർ കടൽ കടക്കാൻ തുടങ്ങിയിട്ട് അര നൂറ്റാണ്ട് തികയുകയാണ്. അൻപതു വർഷത്തിനിടെ ദുബായ് ഭരണാധികാരികളുടെ കൊട്ടാരത്തിലും അനുബന്ധ മജ്‌ലിസുകളിലുമായി കൽപകഞ്ചേരി പഞ്ചായത്തിൽനിന്നു ജോലി ചെയ്തത് അഞ്ഞൂറിലേറെപ്പേരാണ്. ഇപ്പോഴും നൂറുകണക്കിനു കൽപകഞ്ചേരിക്കാർ ഇവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. തിരൂർ താലൂക്കിൽനിന്നു ദുബായ് കൊട്ടാരത്തിൽ ജോലിയെടുത്തവരുടെ കണക്ക് ആയിരത്തിനു മേലെയാണ്.

1974ൽ ഒരു ലോഞ്ച് യാത്ര

എഴുപതുകളിലെ ശരാശരി മലപ്പുറത്തുകാരന്റെ സ്വപ്നം എങ്ങനെയെങ്കിലും കടൽ കടന്ന് മണലാരണ്യത്തിൽ എത്തുക, അവിടെ ജോലി ചെയ്യുക എന്നതാണ്. കൽപകഞ്ചേരി മണ്ണിൽ മൊയ്തീൻകുട്ടി മുസല്യാരുടെയും സ്വപ്നത്തിനു മാറ്റമുണ്ടായില്ല. അങ്ങനെ മൊയ്തീൻകുട്ടി മുസല്യാർ 1974ൽ മുംബൈയിൽനിന്നു ലോഞ്ചിൽ കയറി ദുബായിയിലെത്തി. ജോലി അന്വേഷിച്ചു നടക്കുന്നതിനിടെയാണ് ദുബായിയുടെ പ്രഥമ ഭരണാധികാരിയായ ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ ഔദ്യോഗിക വസതിയായ സാബീൽ പാലസിൽ ചെറിയ ജോലിയുണ്ടെന്നറിഞ്ഞത്. അവിടെയെത്തി ഇന്റർവ്യൂവിൽ പങ്കെടുത്തതോടെ പാലസിൽ ചെറിയ ജോലി കിട്ടി. ദുബായ് ഭരണാധികാരിയുടെ കൊട്ടാരത്തിലെ ആദ്യത്തെ മലയാളി ജോലിക്കാരനായി മൊയ്തീൻകുട്ടി മുസല്യാർ അങ്ങനെ ജീവിതം തുടങ്ങി.

ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ ഔദ്യോഗിക വസതി ആയിരുന്നു അന്നു സാബീൽ പാലസ്. ഭരണാധികാരിയെ കാണാനെത്തുന്ന അതിഥികളെ സ്വീകരിക്കാനും ഭരണപരവും കുടുംബപരവുമായ കൂടിയാലോചനകൾ നടത്താനും പാലസിനു കീഴിൽ കൊട്ടാരസമാനമായ ഒട്ടേറെ മജ്‌ലിസുകളുമുണ്ട്.

1) മൊയ്തീൻകുട്ടി മുസല്യാർ 2) എ.പി.മുഹമ്മദ് അസ്‌ലം

മൊയ്തീൻകുട്ടി മുസല്യാരുടെ സ്വഭാവം രാജകുടുംബാംഗങ്ങൾക്കു വല്ലാതെ ഇഷ്ടപ്പെട്ടു. അങ്ങനെ, രാജകുമാരൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാര്യങ്ങൾ നോക്കാൻ മൊയ്തീൻകുട്ടിയെ ഏൽപിച്ചു. കൊട്ടാരത്തിൽ പിന്നീടുവന്ന പല ഒഴിവിലേക്കും രാജകുടുംബാംഗങ്ങൾ മലയാളികൾക്കാണു പരിഗണന നൽകിയത്. മലയാളികളെ കൂടുതൽ നിയമിക്കാനുള്ള പ്രധാന കാരണം ജോലിയിലുള്ള സത്യസന്ധതയും മികച്ച സ്വഭാവഗുണവുമായിരുന്നു. മൊയ്തീൻകുട്ടി മുസല്യാർ വഴി കൽപകഞ്ചേരിയിലെയും അയൽ പഞ്ചായത്തുകളിലെയും ഒട്ടേറെപ്പേർ പിന്നീടു പാലസിലെയും മജ്‌ലിസുകളിലെയും ജോലിക്കാരായി ദുബായിലെത്തി.

1990ൽ ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ മരണശേഷം ഭരണാധികാരിയായ സഹോദരൻ ഷെയ്ഖ് മക്തൂം ബിൻ റാഷിദിന്റെ ഔദ്യോഗിക വസതിയായി സാബീൽ പാലസ് മാറി. ഷെയ്ഖ് മക്തൂമിന്റെ മരണശേഷം 2006 ജനുവരി നാലിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധികാരമേറ്റതോടെയാണു സാബീൽ പാലസ് മാറി ‘ഷെയ്ഖ് മുഹമ്മദ് പാലസ്’ ഭരണാധികാരിയുടെ ഔദ്യോഗിക വസതിയായത്.

കുടുംബത്തിൽനിന്ന് ഒരാൾ പാലസിൽ ജോലിക്ക് എത്തിയാൽ മറ്റു ബന്ധുക്കളെയും സുഹൃത്തുക്കളെയും പാലസിൽ എത്തിക്കാൻ പലരും ശ്രമിച്ചു. അങ്ങനെയാണു കൽപകഞ്ചേരിയിൽനിന്നും അയൽ പഞ്ചായത്തുകളിൽനിന്നും ഒട്ടേറെപ്പേർ പാലസിലെ ജോലിക്കാരായി മാറിയത്. പാലസിലെയും അനുബന്ധ മജ്‌ലിസുകളിലെയും ഡ്രൈവർ, തോട്ടക്കാരൻ, പാചകക്കാരൻ തുടങ്ങി ഉയർന്ന തസ്തികകളിൽവരെ കൽപകഞ്ചേരിക്കാർ ജോലി ചെയ്തു.

അസ്‌ലം എന്ന വിശ്വസ്തൻ

ഷെയ്ഖ് മുഹമ്മദ് പാലസിൽ 16–ാം വയസ്സിൽ ഓഫിസ് ബോയ് ആയി എത്തി ദുബായ് ഭരണാധികാരിയുടെ ഓഫിസ് അഡ്മിനിസ്ട്രേറ്റർ വരെ ആയ കൽപകഞ്ചേരിക്കാരനാണ് എ.പി.മുഹമ്മദ് അസ്‌ലം. 20 വർഷം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിശ്വസ്തനിഴൽ പോലെ പ്രവർത്തിച്ച അസ്‌ലം 37–ാം വയസ്സിൽ അപകടത്തെത്തുടർന്നാണു മരിച്ചത്. ദുബായ് ഭരണാധികാരിയുടെ കീഴിൽ ഏറ്റവും ഉയർന്ന തസ്തികയിൽ ജോലി ചെയ്ത മലയാളിയും അസ്‌ലമാണ്.

അസ്‌ലമിന്റെ കുടുംബമായ കൽപകഞ്ചേരി ആനപ്പടിക്കൽ തറവാട്ടിൽനിന്ന് 1977ൽ അസ്‌ലമിന്റെ സഹോദരൻ അബ്ദുറഹിമാൻ ആണ് ആദ്യമായി പാലസിൽ എത്തുന്നത്. അബ്ദുറഹിമാൻ ഇപ്പോഴും കിച്ചൻ ചീഫ് ആയി പാലസിൽ ജോലി ചെയ്യുന്നുണ്ട്. 1979ൽ അസ്‌ലമിന്റെ മൂത്ത സഹോദരൻ എ.പി.അബ്ദുസ്സമദ് പരിചാരകനായി പാലസിലെത്തി. പാലസ് സൂപ്പർവൈസറായാണ് ആണ് അദ്ദേഹം ജോലിയിൽനിന്നു വിരമിച്ചത്. അസ്‌ലമിന്റെ മറ്റൊരു സഹോദരൻ ഷംസുദ്ദീൻ 1980ൽ പാലസിലെത്തി. പഴ്സനൽ സ്റ്റാഫ് അംഗമായാണ് ഷംസുദ്ദീൻ പിന്നീട് വിരമിച്ചത്.

1981ൽ പാലസിലെത്തിയ അസ്‌ലമിന്റെ ആകർഷകമായ സ്വഭാവം പെട്ടെന്നുതന്നെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇഷ്ടപ്പെട്ടു. അസ്‌ലമിന്റെ കഴിവും ആത്മാർഥതയും മനസ്സിലാക്കിയ ഷെയ്ഖ് മുഹമ്മദ് അദ്ദേഹത്തെ തന്റെ ഓഫിസ് അഡ്മിനിസ്ട്രേറ്റർ ആക്കി മാറ്റി.

ഈ കാലഘട്ടത്തിലാണ് ദുബായ് എന്ന എമിറേറ്റിന്റെ വിസ്മയകരമായ വളർച്ച ലോകം കണ്ടത്. ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദിന്റെ കൂടെ ഏറ്റവും അടുത്ത സഹായിയായി അസ്‌ലമും ദുബായ് വളരുന്നതു കണ്ടു. ദുബായ് വികസിച്ചതോടെ ഒട്ടേറെ പുതിയ തസ്തികകൾ പാലസിൽ സൃഷ്ടിക്കപ്പെട്ടു. തന്നോടൊപ്പം തന്റെ നാടും നാട്ടുകാരും വളരണമെന്നു സ്വപ്നം കണ്ട അസ്‌ലം കഴിയാവുന്നത്ര തസ്തികകളിലേക്കെല്ലാം സ്വന്തം നാട്ടുകാരെയും മലയാളികളെയും എത്തിച്ചു. അസ്‌ലം വഴി പാലസിലും ദുബായിലെ മറ്റു സ്ഥാപനങ്ങളിലും ജോലി ലഭിച്ച ഒട്ടേറെ മലയാളികളുണ്ട്. 2004ൽ മരിക്കുന്നതുവരെ ദുബായ് മലയാളികൾക്ക് എന്തു സഹായത്തിനും അസ്‍ലം ഒരു വിളിപ്പുറത്ത് ഉണ്ടായിരുന്നു.

ഇക്കാലത്തു കേരളവും ദുബായ് ഭരണാധികാരികളും തമ്മിലുള്ള പല കൂടിക്കാഴ്ചകൾക്കും സഹായങ്ങൾക്കും ഇടനിലക്കാരനായതും അസ്‌ലമാണ്. കേരളത്തിൽ ഒരു സ്മാർട്ട് സിറ്റി എന്ന ആശയം ആദ്യം മൊട്ടിട്ടത് അസ്‌ലമിന്റെ മനസ്സിൽനിന്നാണെന്നു സഹോദരൻ അബ്ദുസ്സമദ് ഓർക്കുന്നു. മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി ഒരിക്കൽ ദുബായ് സന്ദർശനത്തിന് എത്തിയപ്പോഴാണ് അസ്‌ലം ദുബായ് ഭരണാധികാരികളുമായി സഹകരിച്ച് കേരളത്തിൽ സ്മാർട്ട് സിറ്റി തുടങ്ങുന്നതിനെക്കുറിച്ച് ആശയം പങ്കുവച്ചത്. ആന്ധ്രയിൽ സ്മാർട്ട് സിറ്റി തുടങ്ങുന്നതിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു ദുബായ് ഭരണാധികാരികളെ കാണാൻ എത്തിയിരുന്നു. ഇതു മനസ്സിലാക്കിയാണ് അസ്‌ലം ഈ ആശയം കേരളത്തിൽ നടപ്പാക്കുന്നതിനു കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചത്. ആദ്യഘട്ടത്തിൽ സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് അവസരമൊരുക്കിയതും അസ്‌ലമാണെന്ന് അബ്ദുസ്സമദ് പറഞ്ഞു.

മലയാളികളെ സ്നേഹിച്ച ദുബായ്

മലയാളികളെ ഏറെ സ്നേഹിക്കുന്നവരാണു ദുബായ് ഭരണാധികാരികളെന്നും ആത്മാർഥമായി ജോലി ചെയ്താൽ എന്തു സഹായവും അവർ ചെയ്യുമെന്നും പാലസിൽ ജോലി ചെയ്ത സിറാജ് തെയ്യമ്പാട്ടിൽ പറഞ്ഞു.

ദുബായ് സാബീൽ പാലസിൽ ജോലി ചെയ്തവരുടെ സംഗമത്തിന് എത്തിയവർ.

ജോലിയിൽനിന്ന് വിരമിച്ചു പോയ പലർക്കും ഇപ്പോഴും മാസംതോറും നിശ്ചിതതുക പാലസിൽനിന്നു നൽകുന്നുണ്ട്. വിരമിച്ചതിനു ശേഷവും പലഘട്ടങ്ങളിലായി സഹായം ലഭിച്ചവരുണ്ട്. പാലസിലെ ജോലിക്കാരുടെ ശ്രമഫലമായി ദുബായ് ഭരണകൂടത്തിന്റെ സഹായം മലയാളികൾക്കു വർഷങ്ങളായി ലഭിക്കുന്നുണ്ട്. 12,000 പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷണക്കിറ്റുകളാണ് ഓരോ വർഷവും കേരളത്തിലെ വിവിധ ജില്ലകളിൽ ദുബായ് ഭരണകൂടം എത്തിച്ചു നൽകുന്നത്.

ദുബായ് ഭരണാധികാരിയുടെ ഓഫിസ് അഡ്മിനിസ്ട്രേറ്റർ ആയിരുന്ന സമയത്തുതന്നെയാണ് അസ്‌ലമിന്റെ നേതൃത്വത്തിൽ പാലസിലെ ജീവനക്കാർ ഒരുമിച്ച് ‘ഒരുമ കൽപകഞ്ചേരി’ എന്ന പേരിൽ യുഎഇയിലെ മലയാളികളുടെ കൂട്ടായ്മ രൂപീകരിച്ചത്. 

കൽപകഞ്ചേരി സ്വദേശികളായ പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കൂട്ടായ്മ ഇപ്പോഴും പ്രവർത്തിക്കുന്നു. കോവിഡ് കാലത്ത് ദുബായിൽ കുടുങ്ങിയ കൽപകഞ്ചേരിക്കാരെ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിച്ചതും കോവിഡ് കാലത്ത് കൽപകഞ്ചേരി പഞ്ചായത്തിലെ നിർധനരായ രോഗികളെ സഹായിക്കാൻ ഹോം കെയർ പദ്ധതി തുടങ്ങിയതും ഒരുമയുടെ നേതൃത്വത്തിലാണ്.

അസ്‌ലം മുൻകയ്യെടുത്തു തന്നെയാണ് നാട്ടിലെ നിർധനരെ സഹായിക്കാൻ 2000ത്തിൽ കൽപകഞ്ചേരി കേന്ദ്രമാക്കി ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയത്. ട്രസ്റ്റിനു കീഴിൽ ‘തണൽ’ പലിശരഹിത പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. പാവപ്പെട്ടവർക്ക് 6 മാസത്തേക്ക് 25,000 രൂപ പലിശരഹിത വായ്പ നൽകുന്ന പദ്ധതിയാണിത്. നാലു ജില്ലകളിലെ 3000 കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ്, വീടു നിർമാണം, 240 അനാഥരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായം, ജീവകാരുണ്യ, ചികിത്സാ സഹായങ്ങൾ തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ തണലിനു കീഴിൽ നടപ്പാക്കുന്നുണ്ട്. 

ലഹരി മരുന്നു കേസ് ആരോപിക്കപ്പെട്ടു ജയിലിൽ കഴിയേണ്ടിവന്ന ചാലക്കുടി സ്വദേശിനി ഷീലയ്ക്ക് കഴിഞ്ഞ മാസം പുതിയ ബ്യൂട്ടി പാർലർ തുടങ്ങാനുള്ള സഹായവും തണൽ ആണു നൽകിയത്. എ.പി.അബ്ദുസ്സമദ് ആണ് ഇപ്പോഴത്തെ ട്രസ്റ്റ് ചെയർമാൻ. കൊട്ടാരത്തിൽ പല കാലങ്ങളിലായി ജോലിക്കാരായിരുന്നവരുടെ കൂട്ടായ്മ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ കൽപകഞ്ചേരിക്കാർ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എടക്കുളത്ത് സാബീൽ പാലസിൽ ജോലി ചെയ്ത ഇരുനൂറോളം പേരുടെ സംഗമം നടത്തിയിരുന്നു.

English Summary : Sunday Special about Natives of Malappuram Kalpakancheri who worked in the palace of the ruler of Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com