ADVERTISEMENT

2022 സെപ്റ്റംബർ 4.

ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോൻ തീരത്ത് ആരവങ്ങളുയർന്നു.

ഇതാണു നാലുവർഷം മുൻപു ഞാൻ സ്വപ്നം കണ്ട ദിവസം.

2018ലെ ഗോൾഡൻ ഗ്ലോബ് റേസിൽ കടൽക്ഷോഭത്തിൽ പായ്മരം ഒടിഞ്ഞ ‘തുരീയ’ എന്ന വഞ്ചിയിൽ ഒറ്റയ്ക്കു കിടന്ന നേരത്തു ഞാൻ മനസ്സിൽ ആഗ്രഹിച്ച നിമിഷം. ഗോൾഡൻ ഗ്ലോബ് റേസിന്റെ അടുത്ത എഡിഷനിൽ വീണ്ടുമിതാ ഞാൻ രണ്ടാമത്തെ ഉദ്യമത്തിനായി പുറപ്പെടുന്നു. ‌

ഈയൊരു ലക്ഷ്യത്തിലേക്കുള്ള വഴിയിൽ പിന്നിട്ട കഷ്ടപ്പാടുകളുടെ കാലം എനിക്കു മുന്നിൽ ഇപ്പോൾ മുതൽ പുഞ്ചിരിക്കാൻ തുടങ്ങുകയാണ്. കുടിച്ച കയ്പുനീരും അനുഭവിച്ച വേദനകളും ഇപ്പോൾ എനിക്കു മധുരമായി തോന്നുന്നു.

നാവികസേനയിൽനിന്നു വിരമിച്ചതു പോലും ഗോൾഡൻ ഗ്ലോബ് റേസ് എന്ന ഒറ്റലക്ഷ്യത്തിനു വേണ്ടിയാണ്. കോടികൾ ചെലവുവരുന്ന ഈ മത്സരത്തിനു പിന്തുണ നൽകാൻ എനിക്കൊരു സ്പോൺസറെ കിട്ടാനില്ലാത്ത നേരത്താണ് അപ്രതീക്ഷിതമായി അബുദാബിയിൽനിന്ന് ഒരു വിളി വരുന്നത്.

അഭിലാഷല്ലേ? ‌

അതെ.

റേസിനു സ്പോൺസർമാർ വല്ലതുമായോ?

ഇല്ല.

എങ്കിൽ ഒരാഴ്ച വെയ്റ്റ് ചെയ്യണം. ഉടൻ ആരുമായും കമ്മിറ്റ് ചെയ്യേണ്ട..

യുഎഇ കമ്പനി ജി42വിന്റെ മാർക്കറ്റിങ് തലവൻ കോഴിക്കോട് സ്വദേശി ഫഹീം അഹമ്മദ് ആയിരുന്നു അത്.

ജി42വിന്റെ സഹകമ്പനികളിലൊന്നായ ബയാനത്തിന്റെ സിഇഒ: ഹസൻ അൽ ഹുസൈനിക്കൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഫഹീം അഹമ്മദ് എന്റെ കാര്യം പറഞ്ഞത്. സംഗതി കേട്ടപാടെ ഹസൻ അൽ ഹുസൈനി സമ്മതംമൂളി. ഒരു സ്പോൺസർ മാത്രമേ ഈ റേസിനു പാടുള്ളൂവെന്നതായിരുന്നു ഏക നിബന്ധന.

അങ്ങനെ യുഎഇ ആസ്ഥാനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി ബയാനത് എന്റെ സ്പോൺസറായി രംഗത്തുവന്നു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. കോഴിക്കോട്ടുകാരൻ തന്നെയായ കൗഷിക് കൊടിത്തൊടികയുടെ ഉടമസ്ഥതയിലുള്ള ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് കൂടി ഇതുമായി സഹകരിക്കുന്ന കാര്യം ‍ഞാൻ സൂചിപ്പിച്ചു. കൺസർവേഷൻ പാർട്നറായി ജെല്ലിഫിഷ് വാട്ടർ സ്പോർട്സിനെക്കൂടി ഉൾപ്പെടുത്താൻ ധാരണയായി. കൗഷിക്കുമായി വളരെക്കാലത്തെ പരിചയമാണ് എനിക്ക്.

ലെ സാബ്‌ലെ ദെലോനിൽ എന്നെ യാത്രയാക്കാൻ ജി42 സിഇഒ ഹസൻ അൽ ഹുസൈനി, ഫഹിം അഹമ്മദ്, റിഷൻഡ എന്നിവർ എത്തിയിരുന്നു. ഇവർക്കൊപ്പം കൗഷിക്കും ഉണ്ടായിരുന്നു. 2018ലെ റേസിലും എന്നെ യാത്രയാക്കാൻ കൗഷിക് എത്തിയിരുന്നു.

16 വഞ്ചികളാണ് റേസിൽ പങ്കെടുക്കുന്നത്. ഓരോ വഞ്ചികളായി സ്റ്റാർട്ടിങ് ലൈനിലേക്കു നീങ്ങി. മത്സരാർഥികൾ എല്ലാവരും അപ്പോഴേക്കും അടുത്തു പരിചയപ്പെട്ടിരുന്നു. ചെറിയ കനാൽ കടന്നാണു കടലിലേക്കു വഞ്ചിയിറങ്ങേണ്ടത്. കനാലിന്റെ ഇരുകരയിലും വിവിധ രാജ്യങ്ങളുടെ പതാകകളുമായി ഒട്ടേറെപ്പേർ അണിനിരന്നു. അക്കൂട്ടത്തിൽ നമ്മുടെ ത്രിവർണപതാകയും പാറിക്കളിക്കുന്നതു കണ്ടപ്പോൾ എന്റെ മനസ്സു നിറ‍ഞ്ഞു.

ആരവങ്ങൾക്കിടയിലൂടെ വഞ്ചിയിലെ മോട്ടർ പ്രവർത്തിപ്പിച്ചു കടലിലേക്ക് ഇറങ്ങുകയാണ്. ബയാനത് ടീമിനൊപ്പം എന്റെ സഹോദരൻ അനീഷ് ടോമിയും കൗഷിക്കും മറ്റുള്ളവരും എന്നെ യാത്രയാക്കാൻ ഒരു വലിയ ബോട്ടിൽ ഒപ്പമെത്തി

ചെറിയ തണുപ്പുള്ള കാലാവസ്ഥയാണ്. കടൽ ശാന്തമാണ്. വരും ദിവസങ്ങളിൽ അൽപം പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട് എന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.

കടലിലേക്കു പ്രവേശിച്ചയുടൻ വഞ്ചിയുടെ പായകൾ വിടർത്തി. റേസിനു തുടക്കമായി. ഇനിയങ്ങോട്ടു ഞാനും ബയാനതും മാത്രം. ഞങ്ങൾക്കിടയിൽ ഇനി അകന്നു പോകുന്ന കരയില്ല. അവിടത്തെ മനുഷ്യരില്ല. ഇവിടേക്കു തിരിച്ചു വരും വരെ ഇനി ഞങ്ങൾ മാത്രം.

അറ്റ്ലാന്റിക് സമുദ്രം പടിഞ്ഞാറൻ യൂറോപ്പുമായി കൈകോർക്കുന്ന ബേ ഓഫ് ബിസ്കേ പിന്നിട്ടുവേണം യാത്ര തുടങ്ങാൻ. തണുപ്പുകാലത്ത് നാവികരുടെ പേടിസ്വപ്നമാകുന്ന തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളുണ്ടാകുന്ന കടൽമേഖലയാണ് ഫ്രാൻസും സ്പെയിനുമായി അതിർത്തി പങ്കിടുന്ന ഇവിടം. ‘മരണത്തിന്റെ താഴ്‌വര’ എന്നൊക്കെയുള്ള വിശേഷണങ്ങൾ ലഭിച്ചിട്ടുള്ള ബേ ഓഫ് ബിസ്കേയിൽ ഒരു കാലത്ത് അസംഖ്യം കപ്പൽ അപകടങ്ങളുണ്ടായിട്ടുണ്ട്.

ബയാനത് വഞ്ചി ബേ ഓഫ് ബിസ്കേ പിന്നിടുന്ന നേരത്തു കാലാവസ്ഥ അത്ര അനുകൂലമായിരുന്നില്ല. എതിർദിശയിൽ വീശുന്ന കാറ്റ് (ഹെഡ്‌വിൻ‍ഡ്) ശക്തമായി. ഇതോടെ ഓരോ തിരയിലും കയറി വഞ്ചി ശക്തിയായി താഴേക്കു വീഴുന്നതു പോലെയായി. ഓരോ വീഴ്ചയും ഓരോ ആഘാതമാണ്. എവിടെയെങ്കിലും പിടിച്ചുനിന്നില്ലെങ്കിൽ ഞാനും വീഴും.

കപ്പലുകളുടെ തിരക്കുള്ള മേഖലയാണ് ഇവിടം. എപ്പോഴും കണ്ണു തുറന്നു നോക്കിയിരുന്നില്ലെങ്കിൽ അപകടം സംഭവിച്ചേക്കാം.

19 ദിവസം മുൻപ് അപകടമുണ്ടായ മേഖലയിലേക്കാണ് ബയാനത് പൊയ്ക്കൊണ്ടിരിക്കുന്നത്. രാത്രിയും പകലും വ്യത്യാസമില്ലാതെ കപ്പലുകളുടെ ഹോൺ ശബ്ദം കേൾക്കാം. വഞ്ചിക്ക് അരികിലൂടെ കപ്പലുകൾ കടന്നുപോകുമ്പോഴൊക്കെ നെഞ്ചിലൊരു ആളൽ.

എനിക്കു ടെൻഷൻ കൂടിത്തുടങ്ങി. ഉറക്കം ഇല്ലാതായി. ചെറിയ ഇടവേളകളിൽ ഉറങ്ങുന്നതാണു രീതി. അതും പൊയ്പ്പോയി. സമ്മർദം കൂടിയതോടെ അനുബന്ധ പ്രശ്നങ്ങളും ആരംഭിച്ചു. വയർ സ്തംഭിച്ചു. വിശപ്പില്ലാതായി. എങ്ങനെയെങ്കിലും ഈ മേഖല കടന്നു കിട്ടിയാൽ മതിയെന്നായി മനസ്സിൽ. ഒടുവിൽ, അപകടങ്ങളൊന്നും സംഭവിക്കാതെ, ഒരു കപ്പലിന്റെയും മുന്നിൽച്ചെന്നു ചാടാതെ വിജയകരമായിത്തന്നെ ബയാനത് ബേ ഓഫ് ബിസ്കേ പിന്നിട്ട് അറ്റ്ലാന്റിക് സമുദ്രത്തിന്റെ വിശാലതയിലേക്കിറങ്ങി.

ഇനി വേണം അൽപമൊന്നു വിശ്രമിക്കാൻ. ഇത്രയും ദിവസത്തെ തുടർച്ചയായ അധ്വാനം സഫലമായെങ്കിലും ശരീരത്തിൽ ക്ഷീണം ബാക്കിയുണ്ട്. ഒന്നുറങ്ങിയാൽ തെളിയുമല്ലോ എന്ന് ആശ്വസിച്ചു ഞാൻ അനന്തമായ നീലക്കടലിലേക്കു നോക്കി. ഉറക്കം നഷ്ടപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് വരും ദിവസങ്ങളിൽ കാത്തിരിക്കുന്നത് എന്ന്് ആ നിമിഷം എനിക്ക് അറിയുമായിരുന്നില്ല.

(തുടരും)

English Summary : Sunday Special about golden globe race winner Abhilash Tomy part 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com