ADVERTISEMENT

ജീവിതം കീഴ്‌മേൽ മറിഞ്ഞിട്ടും വേദനയുടെ കൊടുങ്കാറ്റിൽ അകപ്പെട്ടിട്ടും കെടാത്ത ജ്യോതിയുടെ നെറുകയിൽ ചുംബനം കൊടുത്തു മതിയാകുന്നില്ല അമ്മ ബേബിക്ക്. ആകാശത്തു നോക്കി തൊഴുതുകൊണ്ട് അമ്മ ബേബി ചോദിച്ചു, ‘അവർ ആദ്യം എന്റെ ഭർത്താവിനെ കൊന്നു. പിന്നെ, എന്റെ മകനെ കൊല്ലാക്കൊല ചെയ്തു. ഇതെന്തു നീതി?’ 

അമ്മയെ ചേർത്തു നിർത്തി മുഖം തുടച്ചുകൊണ്ടു ജ്യോതികുമാർ പറഞ്ഞു, ‘ജീവനോടെ ഞാൻ ഇതുവരെ എത്തിയില്ലേ അമ്മേ? ഇനി നമ്മൾ ഒരുമിച്ചുണ്ടാകും. അന്നു കൈവിട്ട നീതി ഇനി എന്നും കാവലായി ഉണ്ടാകും.’ 

പിതാവിനെ കൊന്നവരെ കണ്ടെത്താൻ ഇറങ്ങിയ ജ്യോതികുമാർ. ഒടുവിൽ അതേ കേസിൽത്തന്നെ പ്രതിക്കൂട്ടിലായി. ജീവപര്യന്തം വിധിയിൽ ഒൻപതര വർഷം തടവിൽ. കഴിഞ്ഞദിവസം ഹൈക്കോടതി സ്ഥിരീകരിച്ചു, മകൻ കൊലപാതകം നടത്തിയതിനു തെളിവുകളില്ല. ജയിലിൽ നിന്ന് ഇറങ്ങിയെങ്കിലും മാറാത്ത വേദനയുടെ തടവറയിൽ തന്നെയാണ് ജ്യോതികുമാർ ഇപ്പോഴും. അൻപതാം വയസ്സില്‍, നഷ്ടജീവിതത്തിന്റെ മായാത്ത മുറിവുകളുമായി കഴിയുന്ന മകൻ...ഭർത്താവ്...അച്ഛൻ.

2004 ഫെബ്രുവരി 14നു രാവിലെ 5.30ന് ഫോൺ കോൾ. കാഞ്ഞിരംകുളം കൂനൻവിള തൻപൊന്നൻകാല എജെ ഭവനിൽ ആരും ഉണർന്നിട്ടുണ്ടായിരുന്നില്ല. ജ്യോതി ഫോൺ എടുത്തപ്പോൾ അപ്പുറത്തുനിന്നു നിർദേശം: ‘ഞാൻ വിൽഫ്രഡാ, മറ്റന്നാൾ രാവിലെ അഞ്ചേമുക്കാലിനു വീട്ടിൽ വന്നാൽ പണം കൊണ്ടുപോകാമെന്നു വിൽസനോടു പറഞ്ഞേക്കണം.’ 

സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറായ ജ്യോതി ജോലിക്കു പോകാൻ ഇറങ്ങുന്നതിനിടെ, വിൽഫ്രഡ് വിളിച്ച കാര്യം അമ്മ ബേബിയോടു പറഞ്ഞു. വീടിനു മുൻവശത്തു നിന്ന വിൽസനോട് ബേബി ചോദിച്ചു, ‘വിൽഫ്രഡും നിങ്ങളും തമ്മിൽ പണമിടപാടുണ്ടോ? ഒരുപാടുണ്ടോ തരാൻ?’ പലചരക്കു കട തുറക്കാൻ പോകുന്നതിനു മുൻപു കുളിക്കാൻ തയാറെടുക്കുന്നതിനിടെ വിൽസൻ പറഞ്ഞു, ‘ഒരു ലക്ഷമുണ്ട്. ഉടനെ തരും.’ തീയതിയും സമയവും വിൽസൻ തെറ്റിച്ചില്ല. ഇപ്പോ വരാമെന്നു പറഞ്ഞു 16ന് അഞ്ചരയ്ക്കുശേഷം വിൽസൻ വീട്ടിൽ നിന്നിറങ്ങിയപ്പോൾ ബേബി അടുക്കളിയിലേക്കു നടന്നു, മടങ്ങിവരുമ്പോൾ ചൂടോടെ ചായ കൊടുക്കാൻ. അടുക്കളയിൽ നിൽക്കുമ്പോൾ കാണാം, ഒരാൾ ഓടിവരുന്നുണ്ട്. അയാൾ പറഞ്ഞു, വിൽസനു മാരകമായി കുത്തേറ്റു. അതു കേട്ടതും ജ്യോതിയും ബേബിയും വീട്ടിൽ നിന്നിറങ്ങി വിൽഫ്രഡിന്റെ വീട്ടിലേക്ക് ഓടുകയായിരുന്നു. 

ജ്യോതി ഓർക്കുന്നു: അരക്കിലോമീറ്റർ അകലെയുള്ള വിൽഫ്രഡിന്റെ വീടിനു മുന്നിൽ ഏതാനും പേർക്കൊപ്പം നിൽക്കുകയായിരുന്നു പിതാവ്. അടുത്തെത്തി നോക്കിയപ്പോൾ കഴുത്തിനു കുറുകെ വലിയൊരു മുറിവ്. പ്രായം 57 ആയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യം ചെറുപ്പം വിട്ടിരുന്നില്ല. മുറിവിന്റെ ആഴം കാരണം വാക്കുകൾ മുറിഞ്ഞുവീണു. വൈകാതെ കാർ വന്നു. വിൽഫ്രഡിന്റെ ബന്ധുവും സിപിഎം പ്രാദേശിക നേതാവുമായ ഡി.ജെ.സൈമണാണ് കാർ ഏർപ്പാട് ചെയ്തത്. കാറിൽ കയറാൻ വിസമ്മതിച്ച പിതാവ് വിൽഫ്രഡിനെതിരെ പാഞ്ഞടുക്കുകാൻ ശ്രമിക്കുകയായിരുന്നു. തൊണ്ട മുറുകുമ്പോഴൊക്കെ ചോര പുറത്തേക്കു കുതിക്കും. ആ രംഗം വിവരിക്കുമ്പോൾ ജ്യോതിക്കു സങ്കടം സഹിക്കാനാകുന്നില്ല. 

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വിൽസൻ പത്തു ദിവസം തികച്ചില്ല. 26നു മൃതദേഹം വീട്ടിൽ എത്തിയശേഷം കൂനൻവിള മുത്തൻവാഴ്ക റജി കോട്ടേജിൽ റിട്ട.ജയിൽ സൂപ്രണ്ട് ജെ.വിൽഫ്രഡിനെയും(68) മകനും പൂവാർ ഡിപ്പോയിലെ എംപാനൽ കണ്ടക്ടറുമായ റോളണ്ട് വിൽഫ്രഡിനെയും (36) പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ പൊലീസ് ഒരു വാൻ പിടിച്ചെടുത്തു. മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നായിരുന്നു പൊലീസിന്റെ ഉറപ്പ്. അറസ്റ്റിലായവർ പുറത്തിറങ്ങിയിട്ടും മറ്റു പ്രതികൾ അകത്തായില്ല. പരാതികൾ നിരന്തരമായപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ഡിവൈഎസ്പിമാർ ഇടയ്ക്കിടെ ജ്യോതിയെ വിളിപ്പിക്കും. പ്രതികളെ ഉടൻ പിടിക്കുമെന്ന് അവർ ആവർത്തിക്കും. വൈകാതെ തെളിവില്ലെന്നു പറഞ്ഞു കൈമലർത്തും. 

സിബിഐ അന്വേഷണത്തിനു കോടതിയെ സമീപിച്ചാലോ? വസ്തു വിറ്റും കടമെടുത്തും കോടതി  യുദ്ധത്തിനൊടുവിൽ അന്വേഷണം സിബിഐക്കു വിട്ടു. ആ വിധി കണ്ടപ്പോൾ പ്രതികൾ അറസ്റ്റിലായെന്ന വിശ്വാസമായിരുന്നു ജ്യോതിക്കും വീട്ടുകാർക്കും. അന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥൻ കൈമൾ മിക്ക ദിവസങ്ങളിലും ജ്യോതിയെ വിളിച്ചുവരുത്തും. ഓരോന്നു ചോദിച്ച ശേഷം പറഞ്ഞയയ്ക്കും. കെഎസ്ആർടിസി പാപ്പനംകോട് ഡിപ്പോയിൽ എംപാനൽ കണ്ടക്റായിരുന്നു ജ്യോതി അപ്പോൾ. സഹോദരൻ ഷാജി തൃശൂരിൽ പൊലീസ് ട്രെയിനിങ്ങിൽ. സഹോദരി ഷീജ ആശുപത്രി ജോലിയിലും. 

ജ്യോതി നിത്യേനെ ഉദ്യോഗസ്ഥരെ കാണും. അവർക്ക് ആദ്യത്തെ ആവേശമൊന്നുമില്ല. തെളിവുണ്ടെങ്കിൽ കൊണ്ടുവരൂ എന്നായി പിന്നീട്. പ്രതികൾ സ്വതന്ത്രരായി നടക്കുമ്പോൾ സാറ് ഇങ്ങനെ ഓരോന്നു പറഞ്ഞാലോ? ജ്യോതിയുടെ ചോദ്യം കൈമളിനും സഹ അന്വേഷകർക്കും സഹിച്ചില്ലത്രെ. ഒടുവിൽ അവർ പറഞ്ഞു, ‘പ്രതികളെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾക്കു തെളിവുകളില്ല!’ ദേഷ്യവും സങ്കടവുമെല്ലാം നിറച്ചു ജ്യോതി സിബിഐ ഡയറക്ടർക്കു പരാതി അയച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ ജ്യോതിയുടെ വീട്ടുമുറ്റത്ത് സിബിഐയുടെ വാഹനം വന്നു നിന്നു. ബേബി ജീപ്പിന് അടുത്തേക്കു ചെന്നപ്പോൾ അകത്തിരുന്ന ഉദ്യോഗസ്ഥൻ സ്നേഹത്തോടെ ചോദിച്ചു, ‘ജ്യോതികുമാർ ഇല്ലേ?’ പുറത്തേക്കു വന്ന ജ്യോതിയോട് ഷർട്ടിട്ട് ജീപ്പിൽ കയറാൻ പറഞ്ഞു. 

ജ്യോതിയുമായി വാഹനം സിബിഐ ഓഫിസിലേക്കു കുതിച്ചു. തന്നെ കൊണ്ടുവന്നത് എന്തിനാണെന്നു ജ്യോതി ചോദിച്ചപ്പോഴൊക്കെ, ‘നിനക്ക് ഒന്നും അറിയില്ല അല്ലേടാ....’ എന്ന മറുചോദ്യവുമായി ഉദ്യോഗസ്ഥർ ആക്രോശിച്ചു. ജ്യോതിയെ കാണാൻ സന്ധ്യയോടെ സൈമൺ വന്നു. വാച്ചും മോതിരവും സൈമനെ ഏൽപിക്കാൻ ജ്യോതിയോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. അപ്പുറത്തെ മുറിയിൽ ആരെയോ ഫോണിൽ വിളിക്കുന്ന കൈമളിന്റെ വാക്കുകളിൽ നിന്നു ജ്യോതി തിരിച്ചറിഞ്ഞു, പിതാവിനെ കൊന്ന കേസിൽ പ്രതിയായിരിക്കുകയാണു ഞാൻ! പണം ചോദിച്ചപ്പോൾ നൽകാത്തതിനു പിതാവിനെ അനുനയത്തിൽ വിളിച്ചുകൊണ്ടുപോയി വിൽഫ്രഡിന്റെ വീട്ടുവളപ്പിൽ കൊണ്ടുവന്നു കൊലപ്പെടുത്തിയ ക്രൂരൻ! 

തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അവർ സമർഥമായി വിശദീകരിച്ചതിനാൽ ഒരു ഭാഗത്തുനിന്നും ചോദ്യങ്ങൾ ഉയർന്നില്ല. രാത്രിയായപ്പോൾ ഉദ്യോഗസ്ഥർ വന്നു സാങ്കൽപിക കസേരയിൽ ഇരിക്കാൻ പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞു ജ്യോതി, ‘ഞാൻ അൽപനേരം നിലത്ത് ഇരുന്നോട്ടെ സാറേ....’എന്നു ചോദിച്ചപ്പോൾ നേരം പുലരുംവരെ നിൽക്കെടായെന്നു കയർത്തു. പുലർന്നപ്പോൾ കൈ ഉയർത്തി ചാടണമെന്നായി നിർദേശം. ഇടയ്ക്കിടെ ഉദ്യോഗസ്ഥർ വന്നു കവിളിൽ ആഞ്ഞടിക്കും. പിറ്റേന്ന് ഉച്ചയായപ്പോൾ വിൽഫ്രഡ് സിബിഐ ഓഫിസിൽ എത്തിയതു കണ്ണീരോടെ ഓർക്കുകയാണു ജ്യോതികുമാർ. വിൽഫ്രഡ് നോക്കി നിൽക്കെ അന്വേഷണ മേധാവി വന്നു തന്റെ കരണത്ത് അടിച്ചു. അപ്പോൾ വിൽഫ്രഡ് ചിരിക്കുകയായിരുന്നു. ആ സംഭവം ഇപ്പോഴും തന്നെ സ്വപ്നരൂപത്തിൽ വേട്ടയാടാറുണ്ട്. 

റിമാൻഡിൽ കഴിയവെ നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്, പോളിഗ്രാഫ് എന്നീ പരിശോധനകൾക്കു ജ്യോതിയെ സിബിഐ വിധേയനാക്കി. പരിശോധനകൾക്കു വിധേയരാകുന്നവരുടെ അനുമതി വേണമെന്ന നിയമമൊന്നും ജ്യോതിക്കു ബാധകമായില്ല. നൂറു ദിവസം കഴിഞ്ഞു ജാമ്യത്തിനു വേണ്ടി ശ്രമിച്ചു. അപ്പോൾ മറ്റൊരു കേസിൽ ജ്യോതിയെ കുരുക്കാനുള്ള തിരക്കിലായിരുന്നു സിബിഐ ഉദ്യോഗസ്ഥർ. 

ജ്യോതിയുടെ ഭാര്യയും നഴ്സുമായ അനിതയുടെ അമ്മയും കാട്ടാക്കട ആര്യൻകോട് സ്വദേശിയുമായ ലീലാഭായി മരിച്ചിട്ട് അപ്പോൾ ആറു മാസം കഴിഞ്ഞിരുന്നു. ആര്യങ്കോട്ടെ വീട്ടിൽ രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു ലീലാഭായിയെ. സിബിഐയ്ക്കൊരു കത്തു കിട്ടിയത്രെ, ജ്യോതിയാണു ലിലാഭായിയുടെ ഘാതകൻ. സ്വത്തിനുവേണ്ടി രാത്രി വിഷം കൊടുത്തു. മൃതദേഹം 15 ദിവസത്തിനകം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന നിർദേശത്തോടെ കോടതി ജ്യോതിക്കു ജാമ്യം അനുവദിച്ചു. ജ്യോതിയുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു. സിബിഐ നൽകിയ വിവരമായിരുന്നതിനാൽ പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻ വിശദമായി പരിശോധിച്ചു. ലീലാഭായുടെ ശരീരത്തിൽ വിഷാംശം കണ്ടെത്താനായില്ല. കേസ് തുടുമ്പോൾ എംപാനൽ കണ്ടക്ടറുടെ വരുമാനമായിരുന്നു ആശ്വാസം. പക്ഷേ, കൊലക്കേസിലെ പ്രതി കോർപറേഷനിൽ ജോലിയിൽ തുടരുന്നതു ശരിയാണോ? എന്ന ചോദ്യവുമായി ഒരു കത്ത് കെഎസ്ആർടിസി മാനേജ്മെന്റിന് ലഭിച്ചു. കത്തും സമ്മർദവും ഒരുമിച്ചായപ്പോൾ പിറ്റേന്നു ജോലിയിൽ നിന്നു പിരിച്ചുവിട്ടു. തന്നെ വേട്ടയാടിയവരാണ് അതിനുപിന്നിൽ, ജ്യോതിക്കു സംശയമില്ല.

2014 ജൂൺ 2നു കൊച്ചി സിബിഐ കോടതി ജ്യോതിക്കു ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. വീട്ടുകാർ അപ്പീൽ നൽകാൻ തീരുമാനിച്ചെങ്കിലും ജ്യോതി യോജിച്ചില്ല. ശേഷിക്കുന്ന സ്വത്തു കൂടി വിറ്റാൽ കുടുംബം വഴിയാധാരമാകില്ലേ? എങ്കിലും വീട്ടുകാർ നിയമ പോരാട്ടം തുടർന്നു. അഭിഭാഷകൻ ജയിലിൽ എത്തി ജ്യോതിയുമായി സംസാരിച്ചപ്പോൾ പറഞ്ഞു, അനുമതിയില്ലാതെ നടത്തിയ പരിശോധനകൾ സിബിഐ കോടതി അംഗീകരിച്ചതു മുതൽ പലതിലും വീഴ്ചകൾ ഉണ്ട്. അഴികൾക്കുള്ളിൽ നിന്നു മോചനത്തിനു വഴിയൊരുങ്ങുകയാണോ! പ്രതീക്ഷയുടെ ചെറിയൊരു നാളം ഉയർന്നു ജ്യോതിയുടെ മനസ്സിൽ. പക്ഷേ, നാലു വർഷം കഴിഞ്ഞിട്ടും അപ്പീലിൽ ഒരു നടപടിയും ആയില്ല. ബന്ധുക്കൾ അന്വേഷിച്ചപ്പോൾ അറിഞ്ഞു, അപ്പീൽ ഫയൽ ചെയ്തിട്ടില്ല. പ്രതീക്ഷിച്ച ഫീസ് ലഭിക്കാതെ എങ്ങനെ? അതായിരുന്നു അഭിഭാഷകന്റെ ചോദ്യം. ജ്യോതി പരോളിൽ ഇറങ്ങിയപ്പോൾ നെയ്യാറ്റിൻകര സ്വദേശിയായ അഭിഭാഷകൻ സുനിൽരാജുമായി സംസാരിക്കാനിടയായി. അദ്ദേഹം ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ അഭിഭാഷകനായ സജിൻ എസ്.ഹമീദിനെ ചുമതലപ്പെടുത്തിയതോടെയാണു അഴിക്കു വെളിയിലേക്കുള്ള വഴി തെളിഞ്ഞത്. ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാറും സി.എസ്.സുധയും വിധിച്ചു, ജ്യോതിക്കെതിരായ സിബിഐയുടെ തെളിവുകളൊന്നും പൊരുത്തപ്പെടുന്നില്ല. ഓഗസ്റ്റ് 17നു വിധി വരുമ്പോൾ ജ്യോതി നെയ്യാർ നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിലായിരുന്നു. വിൽഫഡും സൈമനും കൈമളും ഓരോ കാലങ്ങളിലായി മരിച്ച വിവരം അറിയുമ്പോൾ വല്ലാത്ത മരവിപ്പായിരുന്നു ജ്യോതിക്ക്. മോചനം നേടി 18നു പുറത്തിറങ്ങിയെങ്കിലും ആ ചോദ്യം കെടാതെയുണ്ട് ജ്യോതിയുടെ മനസ്സിൽ, തന്റെ പിതാവിനു നീതി ലഭിക്കുമോ? 

English Summary : Sunday Special about acquitted Jyothikumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com