പാട്ടിന്റെ വീട്
Mail This Article
ലോകമാകെ സംഗീതമാണെന്നാകും മലപ്പുറത്തെ ഈ കൊച്ചുവീട് കരുതിയിട്ടുണ്ടാവുക. കാരണം, ആ വീട് പറച്ചിലുകളെക്കാൾ പാട്ടുകളാണ് കേട്ടിട്ടുള്ളത്. അത്രയേറെ പാട്ടുകൾ... ഗസലുകൾ, ഖവാലികൾ, കീർത്തനങ്ങൾ, പാടിപ്പതിഞ്ഞ സിനിമാപ്പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, ഹിന്ദുസ്ഥാനിയുടെ രാഗവിസ്താരങ്ങൾ, മുഹമ്മദ് റഫിയും മുകേഷും കിഷോറും മന്നാഡേയും സൈഗളും തലത്ത് മഹ്മൂദും മെഹ്ദി ഹസനും പിന്നെ ബാബുരാജും, തബലയുടെ മുഴക്കം, ഹാർമോണിയത്തിന്റെ മധുരഗീതങ്ങൾ. വയലിനിന്റെ വിഷാദശ്രുതികൾ, ഗിറ്റാർ, സിത്താർ, മാൻഡലിൻ, കീ ബോർഡ്, ദോലക്, പിയാനോ... ആ ചുമരിൽ ചെവി ചേർത്താൽ ചിലപ്പോൾ സദാ മുഴങ്ങുന്നൊരു ശ്രുതി കൂടി കേൾക്കാനായേക്കും.
ഇവിടെ ഒരു ഉപ്പയും ഒൻപതു മക്കളും അവരുടെ മക്കളുമൊക്കെ പാടിക്കൊണ്ടേയിരിക്കുകയാണ്. അവർക്കു വഴങ്ങാത്തൊരു സംഗീതോപകരണവുമില്ല. അവരെല്ലാം ഒന്നിച്ചിരുന്നാൽ ആ വീടൊരു സംഗീതസഭയാകും. മലപ്പുറത്തെ പഴയ പാട്ടുകാരൻ അസീസ് ഭായിയുടെ പൂക്കോട്ടൂർ–മഞ്ചേരി റോഡിലെ മാരിയാട്ടെ വീടാണിത്. ഒരു കാലത്ത് മലപ്പുറത്തെ സംഗീതസദസ്സുകളെ ഹിന്ദിപ്പാട്ടുകൾ കൊണ്ട് നിറച്ചയാളാണ് മങ്ങാട്ടുപുലം മുതുകാട്ടിൽ അബ്ദുൽ അസീസ് എന്ന അസീസ് ഭായ്. കല്യാണവീടുകളിലും കമ്യൂണിസ്റ്റ് പാർട്ടി വേദികളിലും എത്രയോ സംഗീതസദസ്സുകളിലും ക്ലബ്ബുകളുടെ തട്ടിൻപുറങ്ങളിലും പാടിപ്പാടി നടന്ന് ജീവിതം തന്നെ പാട്ടായി മാറിയയാൾ. എന്നാൽ ഇന്നിപ്പോൾ അസീസ് ഭായിയോടു സംസാരിക്കുമ്പോൾ അദ്ദേഹം തന്റെ പാട്ടിനെക്കുറിച്ചല്ല പറയുക. സംഗീതത്തിൽ താൻ നട്ടുപടർത്തിയ പാട്ടിന്റെ വൃക്ഷത്തെപ്പറ്റിയാണ്.
ഒൻപതു മക്കൾ, ഒൻപതുപേരും പാട്ടുകാരോ സംഗീതോപകരണങ്ങൾ വായിക്കുന്നവരോ ആണ്. വെറുതേ പാടിപ്പോയവരല്ല. പാടിപ്പതിഞ്ഞവർ, തങ്ങളുടെ സംഗീതോപകരണങ്ങളെ ആഴത്തിലറിഞ്ഞവർ, ലോകവേദികളിൽ വരെ സാന്നിധ്യമറിയിച്ചവർ, യേശുദാസിനു മുതൽ ഹിന്ദുസ്ഥാനി സംഗീതജ്ഞർക്കു വരെ സംഗീതോപകരണങ്ങൾകൊണ്ട് കൂട്ടായവർ. വർഷങ്ങളോളം അവരുടെ ശിഷ്യരായിരുന്നവർ. അവരിൽ പ്രശസ്ത ഗസൽ, ഹിന്ദുസ്ഥാനി ഗായിക നിസ അസീസി മുതൽ ചലച്ചിത്ര പിന്നണി ഗായകനും സൂഫി, ഖലാവി പാട്ടുകാരനുമായ ഇമാം മജ്ബൂർ വരെയുണ്ട്. ഇവരുടെ മൂന്നാം തലമുറയും പാട്ടിന്റെ വഴിയിൽ തന്നെയാണ്. ഇപ്പോൾ എൺപത്തിരണ്ടാം വയസ്സിൽ, ഒരു വേദിയിൽ പാടിയിട്ട് ഇരുപതു വർഷമായെന്ന് അസീസ് ഭായ് പറയുമ്പോഴും പാട്ടൊന്നും നിലച്ചുപോയിട്ടില്ലെന്ന ആഹ്ലാദം ആ വാക്കുകളിലുണ്ട്. തന്നിലൂടെ, മക്കളിലൂടെ അവരുടെ മക്കളിലൂടെ പാട്ട് തുടരുക തന്നെയാണ്.
മുഹമ്മദ് അബ്ദുറഹിമാന്റെ മരണം, ഒരു പാട്ടുകാരന്റെ ജനനം
1945ൽ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ അകാലത്തിൽ വിടപറഞ്ഞപ്പോൾ അതു നാടിന്റെയും സങ്കടമായിരുന്നു. അന്നു മലപ്പുറം കോഡൂരിനടുത്ത മങ്ങാട്ടുപുലത്ത് ഓത്തുപള്ളിയുടെ ഭാഗമായ എൽപി സ്കൂളിൽ പഠിക്കുകയാണ് അബ്ദുൽ അസീസ്. വല്യുപ്പയുടെ ഓത്തുപള്ളിയാണത്. രാവിലെ മദ്രസയും അതു കഴിഞ്ഞ് അവിടത്തന്നെ സ്കൂൾ പഠനവും. അബ്ദുറഹിമാൻ സാഹിബ് മരിച്ച സമയത്ത് ഒരു ഹാർമോണിയം കഴുത്തിൽ തൂക്കി സ്കൂളിൽ വന്നയാൾ പാടിയ പാട്ട് അസീസ് ഭായിക്ക് ഇന്നും ഓർമയുണ്ട്.
ബഹുമാനികളേ ശ്രീമാൻ,
മുഹമ്മദബ്ദുറഹിമാൻ
സരസീരുഹമാം മരണം
സഹിക്കാത്ത ഒരു വ്യസനം..
ആ പാട്ട് എങ്ങനെയോ മനസ്സിലേക്കു കയറിപ്പറ്റുകയായിരുന്നു. മുഹമ്മദ് അബ്ദുറഹിമാൻ ആരാണെന്നുപോലും അറിഞ്ഞിട്ടല്ല. പണ്ടേ പാട്ടുമൂളി നടക്കുമായിരുന്ന അസീസിന്റെ ചുണ്ടിൽ പിന്നെ ഈ പാട്ടു മാത്രമായി. അന്നു പാട്ടു മൂളുന്നതിനും ചൂളമടിക്കുന്നതിനുമൊക്കെ വിലക്കുണ്ടായിരുന്നു. പ്രത്യേകിച്ച് മൊല്ലാക്കയായിരുന്ന വല്യുപ്പയ്ക്ക്. പക്ഷേ, വല്യുപ്പ മാനേജരായ സ്കൂളിലെ പരിപാടികൾക്കൊക്കെ അസീസ് പാടുമായിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം സ്കൂളിൽ പരിശോധനയ്ക്ക് ഇൻസ്പെക്ടർ വന്നു. ഇൻസ്പെക്ടറുടെ വരവ് അന്ന് വലിയ ആഘോഷമാണ്. കോഴിക്കോട്ടുനിന്നോ പാലക്കാട്ടുനിന്നോ കടവൊക്കെ കടന്നെത്തുന്ന ഇൻസ്പെക്ടർ ഒരു ദിവസം താമസിച്ച് ആതിഥ്യം സ്വീകരിച്ചൊക്കെയാണു മടങ്ങുക. സ്വാഭാവികമായും ഇൻസ്പെക്ടർക്കു മുന്നിൽ കുട്ടികളുടെ കലാപരിപാടി അവതരണവുമുണ്ടാകും. അങ്ങനെയാണ് സ്കൂളിലെ പ്രധാന പാട്ടുകാരനായ അസീസും പാടുന്നത്. പാട്ട് ഇൻസ്പെക്ടർക്കു ബോധിച്ചു. അന്നു രാത്രി മാനേജർ ഒരുക്കിയ വിരുന്നിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ഇൻസ്പെക്ടർ, ഒപ്പമുള്ള പേരക്കുട്ടിയെ ചൂണ്ടിക്കാട്ടി ഇവനല്ലേ, രാവിലെ പാട്ടുപാടിയത് എന്നു മാനേജരോടു ചോദിച്ചു. അതേ എന്നു പറഞ്ഞപ്പോൾ ഇൻസ്പെക്ടർ അവൻ നന്നായി പാടുന്നുണ്ടെന്നും പാട്ടു പഠിപ്പിക്കണമെന്നും പറഞ്ഞു. അപ്പോൾ ശരിയെന്നു പറഞ്ഞെങ്കിലും ഇൻസ്പെക്ടർ പോയ പാടേ, നീ മൂളി നടക്കുന്ന പാട്ടല്ല ഇപ്പറഞ്ഞതെന്നും അത് ’സരിഗമ’ ആണെന്നും അതു നമുക്കു പറ്റിയതല്ലെന്നും വല്യുപ്പ പറഞ്ഞു. പക്ഷേ, അതോടെ താൻ മനസ്സിൽ പാട്ടുകാരനായിക്കഴിഞ്ഞിരുന്നെന്ന് അസീസ് ഭായി പറയുന്നു. പിന്നീടങ്ങോട്ട് സ്കൂൾ വേദികളിലെ സ്ഥിരം പാട്ടുകാരനായി.
അന്നു പാട്ടെല്ലാം കേട്ടുപഠിക്കുകയാണ്. ഗ്രാമഫോൺ റിക്കോർഡുകൾ പ്രചരിച്ചു തുടങ്ങുന്ന കാലമാണത്. മലപ്പുറത്തെ ഹോട്ടലുകളിലൊക്കെ ഗ്രാമഫോണുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പാട്ടുകേൾക്കാൻ ആളുകൾ ഹോട്ടലുകൾക്കു മുന്നിൽ കൂട്ടം കൂടി നിൽക്കും. അസീസും അവരിലൊരാളായി. പാട്ടുകേൾക്കാനായി മാത്രം കാലിച്ചായ ഏറെ കുടിച്ചു. അന്നു ഹിന്ദിപ്പാട്ടുകളുടെ റിക്കോർഡുകൾ മാത്രമാണു ലഭിച്ചിരുന്നത്. ഹിന്ദി സിനിമകൾ റിലീസ് ചെയ്യുന്നതിനൊപ്പം പാട്ടുകളുടെ റിക്കോർഡുകളും പുറത്തിറങ്ങും. ബോംബെയിൽനിന്ന് ഈ റിക്കോർഡുകൾ വൈകാതെ മലപ്പുറത്തുമെത്തും. മലയാളം സിനിമാപ്പാട്ടുകളുടെയും ബാബുരാജിന്റെ പാട്ടുകളുടെയുമൊക്കെ റിക്കോർഡുകൾ പിന്നെയും ഏറെക്കഴിഞ്ഞാണ് എത്തിത്തുടങ്ങിയത്. അതുകൊണ്ടുതന്നെ അസീസ് ആദ്യം കേട്ട പാട്ടുകളെല്ലാം ഹിന്ദിയിലായിരുന്നു. അങ്ങനെ പാടുന്ന പാട്ടുകളും ഹിന്ദിയായി.
1953ൽ ഫസ്റ്റ് ഫോമിൽ (ഇന്നത്തെ ആറാം ക്ലാസ്) ചേരാൻ കോട്ടപ്പടിയിലെ സ്കൂളിലെത്തുന്നതോടെയാണ് ജീവിതം മാറുന്നതെന്ന് അസീസ് പറയുന്നു. അവിടെ പാട്ടിന് കുറെ കൂട്ടുകാരെക്കിട്ടി. അവരുമൊത്ത് കല്യാണവീടുകളിൽ പോകും. അവിടെ ഭക്ഷണത്തെക്കാൾ പ്രിയം മൈക്കിൽ പാടാനുള്ള അവസരമാണ്. പിന്നെപ്പിന്നെ പാട്ടുപാടാനായി മാത്രം കല്യാണങ്ങളിലേക്കു ക്ഷണം കിട്ടിത്തുടങ്ങി. അതിനിടെയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വേദികളിൽ പ്രസംഗങ്ങൾക്കു പിന്നാലെയുള്ള പാട്ടിനുവേണ്ടി വിളിക്കുന്നത്. 14 വയസ്സാകുമ്പോഴേക്കും ആളുകൾ കാത്തിരിക്കുന്ന വിപ്ലവഗാനങ്ങളുടെ പാട്ടുകാരനായി. ഇഎംഎസിന്റെയും എകെജിയുടെയുമൊക്കെ വേദികളിൽ പാടുമ്പോൾ അവർ ആരാണെന്നൊന്നുമറിയില്ലായിരുന്നു. 1960ൽ പെരിന്തൽമണ്ണയിൽ ഉപതിരഞ്ഞെടുപ്പു വന്നപ്പോഴേക്കും അസീസ് പ്രധാന പാട്ടുകാരനായി മാറിയിരുന്നു. വിപ്ലവഗാനങ്ങൾ പാടുമായിരുന്നെങ്കിലും ഹിന്ദിപ്പാട്ടുകളായിരുന്നു അസീസിന് കൂടുതൽ പ്രിയം. അങ്ങനെ, മുഹമ്മദ് റഫിയും മുകേഷും കിഷോറും സൈഗളും തലത്ത് മഹ്മൂദും പങ്കജ് മല്ലിക്കുമൊക്കെ അസീസിന്റെ ശബ്ദത്തിലൂടെ പുനർജനിച്ചു. എല്ലാ കേട്ടുപഠിച്ച പാട്ടുകൾ. അങ്ങനെ ഹിന്ദിപ്പാട്ടു പാടുന്ന അസീസ്, അസീസ് ഭായിയായി. ചില കടുത്ത ആരാധകർ അസീസ് ഇനി മലയാളം പാട്ട് പാടിപ്പോകരുത് എന്നു കൂടി പറഞ്ഞു.
ജീവിതം എന്ന വലിയ പാട്ട്
പത്താം ക്ലാസ് കഴിയുമ്പോഴേക്കും അറിയപ്പെടുന്ന പാട്ടുകാരനായി മാറിയിരുന്നു. സ്കൂൾ പഠനം കഴിഞ്ഞതോടെ പാട്ടിനെക്കാൾ വലിയ പ്രശ്നമായി ജീവിതം മാറി. ജോലി അന്വേഷിച്ചു തുടങ്ങുന്നത് അങ്ങനെയാണ്. പട്ടാളത്തിൽ ചേരാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. അപ്പോഴാണ് ആന്ധ്രയിൽ നാഗാർജുന സാഗർ ഡാമിന്റെ പണിക്ക് ആളെ ആവശ്യമുണ്ടെന്നറിയുന്നത്. നേരെ അങ്ങോട്ടു വണ്ടികയറി. എട്ടു വർഷമാണ് അവിടെ കഴിഞ്ഞത്. അതോടെ പാട്ടെല്ലാം അവസാനിക്കുമെന്നാണു കരുതിയത്. പക്ഷേ, അക്കാലത്താണു പാട്ട് ജീവിതത്തിന്റെ ഭാഗമായി കരുതുന്ന കുറെ മനുഷ്യരെ പരിചയപ്പെടുന്നത്. ഉത്തരേന്ത്യയിൽനിന്നു വന്നവരായിരുന്നു അവർ. പാട്ടു പഠിച്ച മുസ്‌ലിംകളെ അസീസ് ആദ്യമായി കാണുന്നത് അവിടെവച്ചാണ്. ആ എട്ടു വർഷക്കാലം കൈവിട്ടുപോകുമായിരുന്ന പാട്ടിന്റെ കനൽ കാക്കാൻ സഹായിച്ചത് അവരായിരുന്നെന്ന് അസീസ് ഭായ് പറയുന്നു.
നാട്ടിലേക്ക്, തിരിച്ച് പാട്ടിലേക്കും
എട്ടു വർഷം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ കോട്ടപ്പടിയിൽ റേഡിയോ സർവീസ് തുടങ്ങിയാണ് ജീവിക്കാനുള്ള വഴികണ്ടത്. ആന്ധ്രയിൽ ഡാമിലെ ജോലിക്കിടയിലെ ഇടവേളയിലാണ് റേഡിയോ റിപ്പയറിങ് പഠിച്ചത്. വിവാഹമൊക്കെ കഴിഞ്ഞ് കുട്ടികളൊക്കെ വളർന്നുതുടങ്ങിയ കാലമാണ്.
പാട്ടെങ്ങനെ തിരിച്ചുപിടിക്കുമെന്ന് പേടിയുണ്ടായിരുന്നു. അപ്പോഴാണ് തിരൂർക്കാട്ടൊരു പാർട്ടി പരിപാടിയുണ്ടെന്നും നീ വരണമെന്നും കൂട്ടുകാർ പറയുന്നത്. അതൊരു തിരിച്ചുവരവായിരുന്നു. പണിക്കൊപ്പം പാട്ടും എന്നാണ് പണ്ടേ മനസ്സിലുണ്ടായിരുന്നത്. കോട്ടപ്പടി അതിനു പറ്റിയ ഇടമായി. റേഡിയോ സർവീസ് നടത്തുന്ന കടയോടു ചേർന്നുള്ള മുറി രാഗ്തരംഗ് എന്ന പേരിൽ കലാകാരൻമാരുടെ സംഗമകേന്ദ്രമായി. തബലയും ഹാർമോണിയവുമായിരുന്നു മെയിൻ. പിന്നെ പാട്ടും. കച്ചവടക്കാരൊക്കെയായിരുന്നു ഇവിടുത്തെ പതിവുകാർ.
ഇതേ കാലത്താണ് മലപ്പുറത്ത് ഇടതുപക്ഷക്കാരായ ഏതാനും ചെറുപ്പക്കാർ ചേർന്ന് പ്രോഗ്രസീവ് ആർട്ട് സെന്ററിന് രൂപം കൊടുക്കുന്നത്. കലാകാരൻമാരും ഉദ്യോഗസ്ഥരും വിദ്യാർഥികളുമൊക്കെ അതിൽ പങ്കാളികളായി. പാലോളി മുഹമ്മദ് കുട്ടി, മലപ്പുറം പി.മൂസ, സെയ്ത് എന്നു വിളിച്ചിരുന്ന എം.സെയ്താലി, ഗോപാലൻ കംപൗണ്ടർ തുടങ്ങിയവരൊക്കെയായിരുന്നു മുൻനിരയിൽ. പാട്ടിനൊപ്പം നാടകവും തുടങ്ങുന്നത് ഇക്കാലത്താണ്. ഈ സൗഹൃദം അഭിനയത്തിലേക്കും നയിച്ചു. ’എന്നിട്ടും നിങ്ങളെന്നെ സ്നേഹിക്കുന്നു’ എന്ന നാടകത്തിലെ പാച്ചുപിള്ളയുടെ വേഷത്തിൽ തിളങ്ങിയതോടെ അസീസ് ഭായിയുടെ കൂട്ടുകാർ വിളിക്കുന്ന പേര് പാച്ചു എന്നായി. കണ്ടംബെച്ച കോട്ട്, ഒരു പുതിയ വീട് തുടങ്ങി പിന്നെയും വന്നു നാടകങ്ങൾ.
പാട്ടുപാടലും നാടകവും മാത്രമായിരുന്നില്ല. ഇടയ്ക്ക് തനിക്കു പാടാൻ പാട്ടെഴുതുകയും അതു ചിട്ടപ്പെടുത്തുകയും ചെയ്തു. നാലു പതിറ്റാണ്ടു മുൻപ് അസീസ് ഭായ് എഴുതിയ പല പാട്ടുകളും പിന്നെ സംഗീതപരിപാടികളിലെ സ്ഥിരം പാട്ടുകളായി. പലതും ഇപ്പോഴും അത് ആരെഴുതിയതാണെന്നു പോലുമറിയാതെ പഴയ പാട്ടുകളുടെ വേദികളിൽ പാടിപ്പോകുന്നുണ്ട്്. പ്രത്യേകിച്ച് ആലമാകെ പടച്ച ഇലാഹേ, മദീനാ മുനവ്വറ സൗദമേ മഹമൂദിൻ മഖ്ബറ കാക്കണേ, നീലമേലാപ്പിൽ നിന്നും വെള്ളിത്താരങ്ങൾ മിന്നും രാവിൽ ഈ കല്യാണരാവിൽ... തുടങ്ങിയ പാട്ടുകൾ.
മക്കളുടെ പാട്ട്
മൂത്ത മക്കളായ റഹ്മത്തുന്നീസയും മുജീബ് റഹ്മാനും മുഹമ്മദ് സലീലുമൊക്കെ സ്കൂളിൽ പോയിത്തുടങ്ങിയ കാലമാണ്. വൈകിട്ട് അവർ സ്കൂൾ വിട്ടുവരുന്നത് റേഡിയോ ഷോപ്പിലേക്കാണ്. താമസിക്കുന്ന വാടകവീട്ടിൽ കറന്റില്ലായിരുന്നതിനാൽ രാഗ്തരംഗിന്റെ മുറിയിൽ അവർ എഴുത്തും വായനയുമൊക്കെയായി കഴിയും. വൈകിട്ട് പാട്ടുകാരെത്തുമ്പോൾ അവർക്കിടയിലും കുട്ടികളുണ്ടാകും. അങ്ങനെ അവരും പാട്ടിന്റെ കൂട്ടുകാരായി. അങ്ങനെയാണ് രാഗ്തരംഗിലേക്ക് ഒരു ഗുരുവിനെ എത്തിക്കുക എന്ന ആശയം ഉണരുന്നത്. ആ അന്വേഷണം ചെന്നെത്തിയത് വിൻസന്റ് മാസ്റ്ററെന്നും ഉസ്താദ് വിൻസന്റെന്നും വിളിക്കപ്പെട്ടിരുന്ന എ.ഇ.വിൻസന്റിലേക്കാണ്. വർഷങ്ങളോളം ഉത്തരേന്ത്യയിൽ അലഞ്ഞ് പ്രശസ്ത ഗുരുക്കൻമാരിൽനിന്ന് ഹിന്ദുസ്ഥാനി സംഗീതം സ്വായത്തമാക്കി കോഴിക്കോട്ട് തിരിച്ചെത്തിയതായിരുന്നു മാസ്റ്റർ. സംഗീതമെന്നാൽ കർണാടക സംഗീതം മാത്രമായിരുന്ന കാലത്ത് കോഴിക്കോട്ടും മലപ്പുറത്തും ഹിന്ദുസ്ഥാനിയുടെ വേരു മുളപ്പിച്ചെടുത്തവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിനു വഴങ്ങാത്ത സംഗീതോപകരണങ്ങളും ഉണ്ടായിരുന്നില്ല. സാരംഗി എന്ന സംഗീതോപകരണം കേരളത്തിനു പരിചയപ്പെടുത്തുന്നതു തന്നെ അദ്ദേഹമാണ്. ഹാർമോണിയം, തബല, സിത്താർ, ദിൽരുബ തുടങ്ങിയ ഉപകരണങ്ങളിലും അദ്ദേഹം മാസ്റ്ററായിരുന്നു.
വിൻസന്റ് മാസ്റ്റർ എത്തിയതോടെ രാഗ്തരംഗിലെ സംഗീതക്കൂട്ടായ്മയുടെ സ്വഭാവം മാറി. സംഗീതോപകരണങ്ങൾക്കു മുന്നിൽ വിടർന്ന കണ്ണുകളോടെയിരിക്കുന്ന കുട്ടികളെ ഏതായാലും മാസ്റ്റർക്കു ബോധിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും മാസ്റ്റർ അസീസ് ഭായിയോടു പറഞ്ഞു. ‘‘ഞാനിനി ഇവിടെ വരുന്നത് ഈ കുട്ടികളെ പഠിപ്പിക്കാനാണ്. എനിക്ക് വഴിച്ചെലവു തരാൻ നീ പാടുപെടുന്നുണ്ടെന്ന് എനിക്കറിയാം. അതിനു വേണമെങ്കിൽ നിനക്ക് ആരെയെങ്കിലും ചേർക്കണമെങ്കിൽ ചേർക്കാമെന്നു മാത്രം’’. അങ്ങനെ രാഗ്തരംഗ് സംഗീതവിദ്യാലയമായി. സിത്താറും ഹാർമോണിയവും തബലയുമൊക്കെ പഠിക്കാൻ പലരുമെത്തി. ഏറെയും സാധാരണക്കാർ.
അതിനിടയിൽ അസീസ് ഭായ് വിൻസന്റ് മാസ്റ്ററോട് ഒരാഗ്രഹം പങ്കുവച്ചു. തനിക്കും ഹിന്ദുസ്ഥാനി പഠിക്കണം. പാട്ടിനു പ്രായമില്ലെന്നു പറഞ്ഞ മാസ്റ്റർ സന്തോഷത്തോടെ കുട്ടികൾക്കൊപ്പം പിതാവിനെയും പാട്ടുപഠിക്കാൻ കൂട്ടി. അങ്ങനെയാണ് കേട്ട ഹിന്ദിപ്പാട്ടുകൾ അതുപോലെ പാടി നടന്ന അസീസ് ഭായി പാട്ടിന്റെ അതുവരെ അറിയാത്ത സൂക്ഷ്മതലങ്ങൾ അറിയുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിലേക്കുള്ള ചുവടുവയ്പും അവിടെനിന്നായിരുന്നു. റഹ്മത്തുന്നീസ ചില വേദികളിലൊക്കെ പാടിത്തുടങ്ങി. മുജീബാണെങ്കിൽ തബലയിൽ അദ്ഭുതവേഗത്തിലാണു മുന്നേറിയത്. അവന്റെ വിരലുകളുടെ ചലനവേഗം കണ്ടുനിന്നവരെ അതിശയിപ്പിച്ചു. റേഡിയോ ഷോപ്പിലെ ചെറിയ വരുമാനം കൊണ്ട് മക്കളെപ്പോറ്റാനും സംഗീതപഠനത്തിനുമൊക്കെ വഴികണ്ടെത്തുക എളുപ്പമായിരുന്നില്ല.
ദൈവമയച്ച പാട്ടുകാർ
ദൈവം തന്റെ മക്കളുടെ കൈപിടിക്കാനയച്ച പാട്ടുകാരിൽ അസീസ് ഭായ് ആദ്യമോർക്കുന്നത് മലപ്പുറത്തെ കർണാടക സംഗീതജ്ഞനായിരുന്ന കെ.ജി.മാരാരെയാണ്. മലപ്പുറത്ത് സ്കൂളിൽ സംഗീതാധ്യാപകനായിരുന്ന മാരാർ പിന്നീട് ആകാശവാണിയിൽ ജോലികിട്ടിപ്പോയി. അതിനിടയ്ക്കാണ് പൂക്കോട്ടൂർ സ്കൂളിൽ ഉപജില്ലാ യുവജനോത്സവം വരുന്നത്. അവിടെ ജഡ്ജായി മാരാരെത്തി. തബലയിൽ മത്സരിക്കാൻ മുജീബ് റഹ്മാനും. മലപ്പുറത്തെ സ്കൂൾ കുട്ടികളുടെ ഒരു വേദിയിൽ വലുതായൊന്നും പ്രതീക്ഷിക്കാതിരുന്ന മാരാരെ ഞെട്ടിക്കുന്നതായിരുന്നു മുജീബിന്റെ പ്രകടനം. ജഡ്ജായിരുന്ന ആൾ രക്ഷിതാവിനെ തേടിപ്പിടിച്ച് മകനെ നമുക്ക് തബല ശാസ്ത്രീയമായി പഠിപ്പിക്കണം എന്നു പറഞ്ഞു ബോധ്യപ്പെടുത്തി.
യേശുദാസിന്റെ സുഹൃത്തായിരുന്നു മാരാർ. മലപ്പുറത്ത് ശ്രുതി സംഗീതസഭയുടെ കച്ചേരിക്ക് യേശുദാസ് വന്നപ്പോൾ മാരാർ അസീസ് ഭായിക്ക് ആളയച്ച് മുജീബിനെ അങ്ങോട്ടുവിടാൻ പറഞ്ഞു. മുജീബും സലീലും അക്ബറും കൂടിയാണ് അന്ന് യേശുദാസിനെക്കാണാൻ പോകുന്നത്. തബലയിലെ അദ്ഭുത ബാലനെന്നു പറഞ്ഞാണ് മാരാർ മുജീബിനെ പരിചയപ്പെടുത്തിയത്. എന്നാൽ ഇവനെ നമുക്കു പഠിപ്പിക്കണം എന്ന് യേശുദാസും പറഞ്ഞപ്പോൾ അത് മുജീബിന്റെ ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു.
മുജീബന്ന് ആറാം ക്ലാസിൽ പഠിക്കുകയാണ്. മകനെ മദ്രാസിൽ യേശുദാസിനടുത്തേക്ക് അയയ്ക്കണമെന്നു മാരാർ പറഞ്ഞപ്പോൾ, അതെത്ര വലിയ വാഗ്ദാനമായിട്ടും സ്വീകരിക്കാൻ അസീസ് ഭായി തയാറായില്ല. പത്താം ക്ലാസ് വരെയെങ്കിലും പഠിക്കാതെ സംഗീതപരിശീലനത്തിനു വിടാനാവില്ലെന്നായിരുന്നു ആ പിതാവിന്റെ നിലപാട്. അതംഗീകരിച്ച മാരാർ പക്ഷേ, ആ നാലുവർഷവും തങ്ങളെ വിടാതെ പിന്തുടരുകയായിരുന്നെന്ന് അസീസ് ഭായ് പറയുന്നു. എല്ലാ ദിവസവുമെന്ന പോലെ അദ്ദേഹം രാഗ്തരംഗിൽ വരും. മക്കളുടെ കാര്യം അന്വേഷിക്കും.
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മാരാർ മുജീബിനെ കൊണ്ടുപോകുമെന്നുറപ്പായിരുന്നു. കോഴിക്കോട്ടൊരു പരിപാടിക്കെത്തിയ യേശുദാസിനു മുന്നിൽ വീണ്ടും മുജീബുമായി മാരാരെത്തി. യേശുദാസിനു മുന്നിൽ തബല വായിച്ചു. അദ്ദേഹം പറഞ്ഞു ‘ഇനിയവനെ മറ്റൊന്നും പഠിപ്പിക്കേണ്ട, ഇതു തന്നെ ജ്ഞാനം, ഇതു തന്നെ ദൈവം, ഇതു തന്നെ അല്ലാഹ്...’ ഉടനെ മദ്രാസിലേക്കു വരാണമെന്നും അദ്ദേഹം നിർദേശിച്ചു. അങ്ങനെ മാരാർക്കും വിൻസന്റ് മാസ്റ്റർക്കുമൊപ്പം മുജീബിനെയും കൊണ്ട് അസീസ് ഭായ് മദ്രാസിലേക്കു പോയി. (മാരാരും വിൻസന്റ് മാസ്റ്ററും തമ്മിൽ ഒരു കർണാടിക്–ഹിന്ദുസ്ഥാനി ശത്രുത പോലും ഉണ്ടായിരുന്നു. പക്ഷേ, മുജീബിനെയും കൊണ്ടുപോകാൻ രണ്ടുപേർക്കും അതു തടസ്സമായില്ലെന്ന് അസീസ് ഭായ് ഓർക്കുന്നു).
മുജീബിനെ തന്റെ ഗുരുകുലത്തിലേക്കു ചേർക്കുമ്പോൾ യേശുദാസ് ഒന്നേ പറഞ്ഞുള്ളൂ. ഇവിടെ നിങ്ങൾ അവന്റെ പഠനകാര്യത്തിനായി ഒന്നും തരേണ്ട. പക്ഷേ, പഠനം തീരുംവരെ അവനിൽനിന്ന് ഒന്നും പ്രതീക്ഷിക്കയുമരുത്. അങ്ങനെ യേശുദാസ് എന്ന വലിയ ഗുരുവിന്റെ ഗുരുകുലത്തിൽ കഴിയുമ്പോളാണ് ഉസ്താദ് അഹമ്മദ് ഹുസൈൻ ഖാൻ അവിടെയെത്തുന്നത്. താമസമെന്തേ വരുവാൻ എന്ന ഗാനത്തിന് സിത്താർ വായിച്ചയാളാണ് അഹമ്മദ് ഹുസൈൻ ഖാൻ. ഉസ്താദിനൊപ്പം പോയി പഠിക്കട്ടെ എന്നു നിർദേശിക്കുന്നത് യേശുദാസാണ്. അങ്ങനെ ബോംബെയിലെ ഉസ്താദിന്റെ ഗുരുകുലത്തിലേക്ക്. അതൊരു നീണ്ട യാത്രയായിരുന്നു. ഉസ്താദിന്റെ ഗുരുകുലത്തിൽ മകനെപ്പോലെ 3 വർഷവും 8 മാസവും. ഉസ്താദിന്റെ സിത്താറിന് തബലയിൽ തുണയായി എത്രയോ വേദികൾ. പിന്നീട് അവിടെ നിന്നു മടങ്ങി. അതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ഈ ഗുരുകുലങ്ങളിൽ ഗുരു മരിച്ചാൽ പിന്നെ, ശിഷ്യൻ ആ മാറാപ്പുമായി ജീവിതകാലം നടക്കണമെന്ന് അസീസ് ഭായിയെ ആരെല്ലാമോ പറഞ്ഞു പേടിപ്പിച്ചു. ഒടുവിൽ മകനെ പിതാവ് നാട്ടിലേക്കു കൂട്ടി.
അതിനു മുൻപ് മൂത്ത മകൾ റഹ്മത്തുന്നീസ പത്താം ക്ലാസ് കഴിഞ്ഞിരുന്നു. മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിൽ പഠനം കഴിഞ്ഞ് എന്താകണമെന്നു ചോദിച്ചപ്പോൾ മ്യൂസിക് ടീച്ചറാകണമെന്നു പറഞ്ഞ കുട്ടിയുടെ രക്ഷിതാവിനെ സ്കൂളിലേക്കു വിളിച്ചുവരുത്തിയാണ് ഹെഡ്മിസ്ട്രസ് ഈ വിചിത്രമായ ആഗ്രഹത്തെക്കുറിച്ചു പറഞ്ഞത്. ഇതറിഞ്ഞ കെ.ജി.മാരാർക്കു പക്ഷേ അതിൽ അതിശയമൊന്നും തോന്നിയില്ല.
പിന്നെ അവരെ കാണുന്നത് പാലക്കാട് ചെമ്പൈ സ്മാരക ഗവ. മ്യൂസിക് കോളജിന്റെ മുറ്റത്താണ്. നെറ്റി നിറച്ച് ഭസ്മക്കുറി പൂശി, നീളൻ ജൂബ ധരിച്ച് ആജാനുബാഹുവായ മാരാരുടെ കൈപിടിച്ച് പാവാടയും ബ്ലൗസുമിട്ട് തലയിൽ സ്ലൈഡ് കുത്തി തട്ടമിട്ട ഒരു പെൺകുട്ടി മ്യൂസിക് കോളജിന്റെ പടികടന്നപ്പോൾ എല്ലാവരും അതിശയത്തോടെയാണു നോക്കിയത്. ആദ്യമായായിരുന്നു ഒരു മുസ്ലിം പെൺകുട്ടി അവിടെ സംഗീതം പഠിക്കാനെത്തിയത്. കീർത്തനം പഠിക്കാൻ പോയ മാപ്പിളപ്പെൺകുട്ടിയെക്കുറിച്ച് നാട്ടിൽ ചെറിയ മുറുമുറുപ്പൊക്കെയുണ്ടായി. അതൊന്നും പക്ഷേ തടസ്സമായില്ല. അവൾ ഗാനഭൂഷണം വോക്കൽ പൂർത്തിയാക്കി.
അവളവിടെ പഠനം തുടരുമ്പോഴാണ് മുജീബ് തിരിച്ചെത്തുന്നത്. തബലയിൽ ഇനിയൊന്നും പഠിക്കാനും തെളിയിക്കാനുമില്ലാത്ത കലാകാരനായിക്കഴിഞ്ഞിരുന്നെങ്കിലും ഉസ്താദ് അഹമ്മദ് ഹുസൈൻ ഖാന്റെ ശിഷ്യനെന്ന ഖ്യാതി ഉണ്ടായിരുന്നെങ്കിലും അതൊന്നും അക്കാദമിക് യോഗ്യതയല്ലെന്ന ആശങ്ക അസീസ് ഭായിക്കുണ്ടായിരുന്നു. അങ്ങനെയാണ് സഹോദരിക്കു പിന്നാലെ മുജീബും മ്യൂസിക് കോളജിലെത്തുന്നത്. തബല അവിടെ പഠനവിഷയമല്ലാത്തതിനാൽ മൃദംഗത്തിലാണു ചേർന്നത്.
വിൻസന്റ് മാസ്റ്ററിൽനിന്നു നന്നേ ചെറിയ കുട്ടിയായിരിക്കുമ്പോൾ പഠിച്ചുതുടങ്ങിയ മുഹമ്മദ് സലീലിനു പക്ഷേ, പ്രിയപ്പെട്ട വാദ്യോപകരണം മാൻഡലിനായിരുന്നു. പക്ഷേ, ഈ വാദ്യം സ്കൂൾ യുവജനോത്സവത്തിൽ മത്സരയിനമല്ലാത്തതിനാൽ, വയലിനിൽ മത്സരിച്ചു. ആദ്യ മത്സരത്തിൽ തന്നെ ജില്ലയിലും സംസ്ഥാനത്തും സമ്മാനം നേടി.
ഇതറിഞ്ഞതോടെ മാരാർ വീണ്ടുമെത്തി. അദ്ദേഹമന്ന് കോഴിക്കോട് ആകാശവാണിയിലാണ്. സലീലിനെ കോഴിക്കോട്ട് ജയിൽ റോഡിലെ ചെറിയ ക്വാർട്ടേഴ്സിൽ കഴിഞ്ഞിരുന്ന ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റും ഇന്ത്യയിലെ അറിയപ്പെടുന്ന വയലിനിസ്റ്റുമായ ടി.എസ്.ബാബുവിന്റെ അരികിലേക്ക് എത്തിച്ചു.
കുട്ടി വയലിൻ വായിക്കുന്നത് അൽപനേരം കേട്ട ടി.എസ്.ബാബു പറഞ്ഞു. അവൻ വന്നു പഠിക്കട്ടെ. ഹൈസ്കൂൾ കാലത്തെത്തുമ്പോഴേക്ക് വീട്ടിലെ അവസ്ഥകൾ സലീലിനെയാണ് ഏറ്റവും അസ്വസ്ഥനാക്കിയത്. അതോടെ ഇടയ്ക്കിടെ അവനെ വീട്ടിൽനിന്നു കാണാതാകും. ഇടവേളകളിൽ ഉപ്പയറിയാതെ ഹോട്ടൽ ജോലിക്കും ഓട്ടോറിക്ഷ ഓടിക്കാനുമൊക്കെ പോകുന്നതായിരുന്നു അത്. അതിനിടയിലും ടി.എസ്.ബാബുവിനു കീഴിലുള്ള പഠനം വേണ്ടെന്നുവച്ചില്ല.
നാലാമത്തെ മകൻ അക്ബറിലേക്കെത്തുമ്പോൾ ജ്യേഷ്ഠൻ മുജീബും പിതാവും തന്നെയായിരുന്നു പ്രധാന ഗുരു. തബല പ്രധാന വാദ്യവും. നാലു തവണയാണ് അക്ബർ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ സമ്മാനം നേടിയത്. തുടർന്നുള്ള സഹോദരങ്ങളായ ഹസീനയും മുനീറയും റാഹത് നസീബും ഇമാം മജ്ബൂറും തബ്സുന്നീസയും പിതാവിൽനിന്നും മൂത്ത സഹോദരങ്ങളിൽനിന്നുമാണ് പാട്ടും സംഗീതോപകരണങ്ങളും പഠിച്ചെടുത്തത്.
കെ.ജി.മാരാർ, എ.ഇ.വിൻസന്റ്, യേശുദാസ്, ടി.എസ്.ബാബു, ഉസ്താദ് അഹമ്മദ് ഹുസൈൻ ഖാൻ.. സംഗീതത്തിലെ ഈ അതികായർ എങ്ങനെ തന്റെയും മക്കളുടെയും ജീവിതത്തിലേക്കു വന്നു എന്ന് അതിശയിക്കാറുണ്ട് അസീസ് ഭായ്. അവരിൽ കെ.ജി.മാരാർ നേരത്തേ വിട്ടുപിരിഞ്ഞു. ബാലമുരളീകൃഷ്ണയെ അടക്കം പങ്കെടുപ്പിച്ച് കൂട്ടുകാർ ചേർന്ന് ഒരാദരച്ചടങ്ങൊരുക്കിയതിന്റെ തലേന്ന് വിൻസന്റ് മാസ്റ്റർ ഒരു ട്രെയിനിനു മുന്നിൽ തന്റെ നിസ്വജീവിതം അവസാനിപ്പിച്ചു. ചെറിയ പ്രായത്തിൽ ടി.എസ്.ബാബുവും 7 വർഷം മുൻപ് ഉസ്താദ് അഹമ്മദ് ഹുസൈൻ ഖാനും വിട്ടുപിരിഞ്ഞു. ദൈവമയച്ച ആ പാട്ടുകാരിലൂടെ പാടിയുറച്ച മക്കളുടെ സ്വരം വേറിട്ടുകേൾക്കുമ്പോൾ, അവരുടെയൊക്കെ ഓർമകൾക്കു മുന്നിൽ ആ പിതാവ് കൈകൂപ്പി നിൽക്കുന്നു.
സുഹൃത്തും സിത്താർ വാദകനും പിഡബ്ല്യുഡി എൻജിനീയറുമായ യൂസഫ് ഹാറൂണിനെപ്പോലെ കുട്ടികളുടെ പഠനത്തിനും ജീവിതാവശ്യങ്ങൾക്കും കയ്യയച്ചു സഹായിച്ച സുഹൃത്തുക്കളെയും തിരൂർ ഷാ പോലുള്ള ഇടക്കാലത്തെ ഗുരുക്കൻമാരെയും അയ്യപ്പൻ വൈദ്യർ, അദ്ദേഹത്തിന്റെ മക്കൾ കരുണൻ, ശിവദാസൻ തുടങ്ങിയവരെയുമൊക്കെ അസീസ് ഭായ് ഓർക്കുന്നു.
ഫാത്തിമ എന്ന നിതാന്ത ശ്രുതി
ഈ കഥയിൽ ഇതുവരെ പറയാത്തൊരു പേരുകൂടിയുണ്ട്. ഈ ഒൻപതു മക്കളുടെയും ഉമ്മ. ഫാത്തിമ എന്നു പേര്. ഇല്ലായ്മകൾക്കിടയിലും 9 മക്കളെ പോറ്റിവളർത്തിയ ഉമ്മ. ഒന്നും രണ്ടും വയസ്സിന്റെ വ്യത്യാസത്തിൽ പിറന്ന ഒൻപതു മക്കൾ. ആടുകളെയും കോഴികളെയുമൊക്കെ പോറ്റിയായിരുന്നു ആവും വിധം ഭർത്താവിനെ പിന്തുണച്ചത്. വെറുതെ തിളയ്ക്കുന്ന വെള്ളത്തിൽ കയിലിട്ടളക്കി മക്കളെ ആശ്വസിപ്പിച്ച് ഭർത്താവ് അരിയുമായെത്തുന്നതും കാത്തിരുന്ന ദിവസങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. അവർ പക്ഷേ, മനസ്സിൽ പോലും ഒരിക്കലും പാട്ടിനെ പഴിച്ചിട്ടില്ല. സദാ പാട്ടു മുഴങ്ങുന്ന ആ വീട്ടിൽ, എല്ലാ പാട്ടുകൾക്കും പിന്നിൽ സദാ മുഴങ്ങുന്ന ശ്രുതിയായിരുന്നു ആ ഉമ്മ എന്നു പറയാം.
മലപ്രം സദിർ
ഒൻപതു മക്കളും അവരുടെ മക്കളുമൊക്കെ നാടറിയുന്ന പാട്ടുകാരായിരിക്കുന്നു. ഇക്കഴിഞ്ഞ 15ന് മലപ്പുറം ടൗൺ ഹാളിൽ ഈ മക്കളും കൊച്ചുമക്കളും കൂട്ടുകാരും ചേർന്ന് ഹൃദയം കൊണ്ടു പാടിയ പാട്ടുകളാൽ ഈ പിതാവിനെ തങ്ങളുടെ സ്നേഹം പുതപ്പിച്ചു. ‘മലപ്രം സദിർ’ എന്നു പേരിട്ട ആ ‘പാട്ടാദരം’ സംഗീതലോകത്തിലെ തന്നെ അപൂർമായൊരു മുഹൂർത്തമായിരുന്നു. അന്നു പതിറ്റാണ്ടുകൾക്കു ശേഷം അസീസ് ഭായിയും ഒരു വേദിയിൽ പാടി. മക്കളോരോരുത്തരായും കൂട്ടുചേർന്നും മക്കളും പേരക്കുട്ടികളും അസീസ് ഭായിയുമൊക്കെ ചേർന്നും ആ വേദിയെ പാട്ടുകൾ പാടി നിറച്ചു. ആലമാകെ പടച്ച ഇലാഹേ എന്ന അസീസ് ഭായിയുടെ ഗാനത്തിൽ തുടങ്ങി ഗസലുകളും ഖവാലികളും കീർത്തനങ്ങളും ഭജനും ഹിന്ദിയിലും മലയാളത്തിലുമുള്ള ചലച്ചിത്ര ഗാനങ്ങളും പാശ്ചാത്യ സംഗീതവും വരെ ആ വേദിയിൽ നിറഞ്ഞു. എൺപത്തിരണ്ടുകാരൻ മുതൽ ഏഴു വയസ്സുകാരൻ വരെ ഒരു വീട്ടിലെ ഇരുപതിലേറെപ്പേർ നിരന്നുനിന്നു പാടിയ അപൂർവ വേദി. ഒരു കാലത്തിന്റെ പശിപ്പാട്ടുകാരനെ മലപ്പുറത്തെ മനുഷ്യർ സ്നേഹം കൊണ്ടു പൊതിഞ്ഞ ആ രാത്രിയിൽ, മലപ്പുറം ടൗൺ ഹാൾ നിറഞ്ഞുകവിഞ്ഞ പഴയതും പുതിയതുമായ തലമുറയിലെ സംഗീതപ്രേമികൾ അതിശയിക്കുകയായിരുന്നു. ഈ ഭൂമിയിൽ തന്നെ, ഇതുപോലൊരു സംഗീതകുടുംബം മറ്റെവിടെയാണുണ്ടാവുക?
പാട്ടുവീട്ടിലെ പാട്ടുകാർ
നിസ അസീസി
പ്രശസ്ത ഹിന്ദുസ്ഥാനി ഗായിക. ജസ്ബ എ ദിൽ എന്ന ആൽബം പുറത്തിറക്കുന്ന കാലത്താണ് അതുവരെ റഹ്മത്തുന്നീസ ആയിരുന്ന പാട്ടുകാരി നിസ അസീസി എന്നു പേരുമാറ്റുന്നത്. ഗാനഭൂഷണം പൂർത്തിയാക്കിയ ശേഷം ശരത് ചന്ദ്ര മറാഠെ, ഉമർ ഭായ്, ഉസ്താദ് ഫയാസ് ഖാൻ, ഉസ്താദ് റഫീഖ് ഖാൻ, നളിൻ മൂൾജി തുടങ്ങിയ ഗുരുക്കൻമാരിൽനിന്ന് ഹിന്ദുസ്ഥാനി പഠനം തുടർന്നു. കർണാടക സംഗീതവും ഹിന്ദുസ്ഥാനിയും ഒരുപോലെ വഴങ്ങുന്ന അപൂർവം ഗായികമാരിലൊരാൾ. ഇടയ്ക്ക് സംഗീതാധ്യാപികയായി. കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വകുപ്പ് നൽകുന്ന ജൂനിയർ ഫെലോഷിപ് നേടി. യാ മൗലാ എന്ന ഗാനം മലയാളത്തിലെ ആദ്യത്തെ സൂഫി റോക്ക് ഗാനമായാണു കരുതുന്നത്. അറിയാത്ത ഭാഷയിൽ കേൾക്കാത്ത ശബ്ദത്തിൽ എത്ര മധുരമായ് പാടുന്നു നീ , ആറടി മണ്ണിൽ, അവളെ നീ കണ്ടുവോ കാറ്റേ, ഒരു രാത്രി നീ വന്നുറങ്ങിയിട്ടുള്ളൊരു വഴിയോര സത്രമാകാം ഞാൻ തുടങ്ങിയ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. ഇതിൽ പല പാട്ടുകളുടെയും സംഗീതസംവിധാനവും നിർവഹിച്ചത് നിസയാണ്. ഹാർമോണിയവും വയലിനും വായിക്കും. സംഗീതത്തിൽ ഏറെ ശിഷ്യരുള്ള നിസ ഇപ്പോൾ ഓൺലൈൻ സംഗീതക്ലാസുകൾ നടത്തുന്നുമുണ്ട്. ഭർത്താവ് മുസ്തഫ ദേശമംഗലം.
മുജീബ് റഹ്മാൻ
തബലയ്ക്കു പുറമേ ദോലക് പോലുള്ള വാദ്യങ്ങളും വായിക്കും. യുഎഇയിൽ മ്യൂസിക് സ്കൂൾ നടത്തിയ ശേഷം ഇപ്പോൾ നാട്ടിൽ തിരിച്ചെത്തി. സംഗീതപരിപാടികളിലും സജീവം. പ്രഗൽഭരായ പാട്ടുകാർക്കൊപ്പം വേദികൾ പങ്കിട്ടു. നാട്ടിലും വിദേശത്തുമായി തബലയിൽ നൂറുകണക്കിനു ശിഷ്യൻമാരുണ്ട്.
മുഹമ്മദ് സലീൽ
വയലിനു പുറമേ, സിത്താർ, ഗിറ്റാർ, സന്തൂർ, മാൻഡലിൻ തുടങ്ങിയ തന്ത്രിവാദ്യങ്ങളും പിയാനോയും ഹാർമോണിയവും വായിക്കും. ദുബായിൽ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയാണിപ്പോൾ. നരേന്ദ്രമോദി യുഎഇ സന്ദർശിച്ചപ്പോൾ, പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തന്റെ വീട്ടിൽ ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ സിത്താർ വായിച്ചു. പ്രശസ്ത ഗായകർക്കൊപ്പം വേദികൾ പങ്കിടുന്നു. സംഗീതത്തിൽ വലിയ ശിഷ്യസമ്പത്തുണ്ട്.
മുഹമ്മദ് അക്ബർ
ഒട്ടേറെ ഖവാലി, ഗസൽ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ള അക്ബർ മികച്ച പാട്ടുകാരനുമാണ്. തബലയാണ് പ്രിയ വാദ്യം. കീ ബോർഡും വായിക്കും. തബലയിൽ ഏറെ ശിഷ്യൻമാരുണ്ട്. സംഗീതവേദികളിൽ സജീവമായിരിക്കുന്നതിനു പുറമേ, ഇപ്പോൾ മലപ്പുറത്ത് റിക്കോർഡിങ് സ്റ്റുഡിയോയും നടത്തുന്നു. മാലിക് സിനിമയിലടക്കം പാടിയിട്ടുണ്ട്. സൂഫി സംഗീതസംഘങ്ങളിലും സജീവം.
ഹസീന
പാട്ടുകാരിയാണ് ഹസീന. പിതാവിൽനിന്നും മൂത്ത സഹോദരിയിൽനിന്നും സംഗീതം പഠിച്ച ഹസീന നിസയ്ക്കൊപ്പം ഒട്ടേറെ സംഗീതപരിപാടികളിൽ പങ്കെടുത്തു. കുറച്ചുകാലം സംഗീതാധ്യാപനവും നടത്തി. ഹാർമോണിയം വായിക്കും.
മുനീറ
നിസയ്ക്കൊപ്പം രണ്ടു വർഷത്തോളം ഹിന്ദുസ്ഥാനി പരിശീലിച്ച മുനീറ വേദികളിലും സജീവമായിരുന്നു. ഒമാനിൽ സംഗീതാധ്യാപികയായും ജോലി ചെയ്തു. ഹാർമോണിയമാണ് പ്രിയ വാദ്യം.
റാഹത് നസീബ്
മുജീബിൽനിന്നും അക്ബറിൽനിന്നും തബലയിൽ പരിശീലനം നേടിയ നസീബ് സംസ്ഥാന യുവജനോത്സവങ്ങളിൽ പലതവണ സമ്മാനം നേടി. ദോലക്, റിഥം പാഡ് എന്നിവയും വായിക്കും. സംഗീതവേദികളിൽ സജീവമാണ്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നു.
ഇമാം മജ്ബൂർ
അസീസ് ഭായിയുടെ ഏഴാമത്തെ മകനായ ഇമാം മജ്ബൂർ അറിയപ്പെടുന്ന ഖവാലി, സൂഫി ഗായകനാണ്. ഫയാസ് അഹമ്മദ് ഖാനിൽ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതത്തിൽ പരിശീലനം നേടിയത്. സമീർ ബിൻസിക്കൊപ്പം സംഗീതവേദികളിലും ആൽബങ്ങളിലും നിറഞ്ഞുനിൽക്കുന്നു. യുട്യൂബിൽ വലിയ ആരാധക പിന്തുണയുള്ള ഗായകൻ. സുഡാനി ഫ്രം നൈജീരിയ, മാലിക്, വലിയ പെരുന്നാൾ തുടങ്ങിയ സിനിമകളിൽ പിന്നണി ഗായകനുമായി. വിദേശവേദികളിലടക്കം സംഗീത പരിപാടികൾ നടത്തുന്നു. സലീലുമായി ചേർന്ന് മഞ്ചേരിയിൽ എസ്എം (സലീൽ, മജ്ബൂർ) റെക്കോർഡിങ് സ്റ്റുഡിയോയും നടത്തുന്നു. ഹാർമോണിയമടക്കമുള്ള സംഗീതോപകരണങ്ങളും വായിക്കും.
തബസുന്നിസ
ഗായിക. ഗുരു പിതാവും മൂത്ത സഹോദരിയും. നിസയുടെ കൂടെ ഒട്ടേറെ വേദികളിൽ പാടി. സംഗീതാധ്യാപികയുമാണ്.
മരുമക്കൾ
സലീലിന്റെ ഭാര്യ മുക്കം സാജിദ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായികയാണ്. എട്ടാം വയസ്സിൽ പാടിയ കിളിയേ, ദിക്ക്റ് പാടിക്കിളിയേ.. എന്ന ഒറ്റപ്പാട്ടുകൊണ്ട് ഓർമിക്കപ്പെടുന്ന പാട്ടുകാരി. നൂറുകണക്കിനു സംഗീതവേദികളിൽ വിളയിൽ ഫസീല അടക്കമുള്ള ഗായികമാർക്കൊപ്പം പാടി. അക്ബറിന്റെ ഭാര്യ സഫൂറ അക്ബറും മികച്ച ഗായികയാണ്. ലത മങ്കേഷ്കറുടെയും ആശ ഭോസ്‌ലെയുടെയുമൊക്കെ പാട്ടുകളിലൂടെ ശ്രദ്ധേയയായ ഗായിക. ഒട്ടേറെ ആൽബങ്ങളിൽ പാടിയിട്ടുണ്ട്.
പേരക്കുട്ടികൾ
നിസയുടെ മകൻ റാസി സിത്താർ വാദകനാണ്. 6 വർഷം ഉസ്താദ് റഫീഖ് ഖാനൊപ്പം പരിശീലനം നേടി. പാശ്ചാത്യ സംഗീതവും പഠിച്ചു. ഇപ്പോൾ പാട്ടെഴുതുകയും സംഗീതസംവിധാനം ചെയ്യുകയും ചെയ്യും. തമിഴ്, തെലുങ്ക് വെബ് സീരീസുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പ്രവർത്തനം. എ.ആർ.റഹ്മാന്റെ സഹോദരി റയ്ഹാനൊപ്പവും പാടിയിട്ടുണ്ട്. സലീലിന്റെ മകൻ അലി അംജദ് പിയാനോയും കീബോർഡും വായിക്കും. മുജീബിന്റെ മകൾ ഷഹാന ഗസൽ ഗായികയാണ്. മുജീബിന്റെ മകൻ ഷഹീനും അക്ബറിന്റെ മകൾ ഫിസാ പർവീണും നിസയുടെ മകൾ റുത്ബ സുൽത്താനയും തബസിന്റെ മകൾ മെഹനാസും പാട്ടുകാരാണ്.
English Summary : Sunday Special about Malappuram native Azees Bhai and family