ADVERTISEMENT

ഒരിക്കൽ കൈവിട്ടു പോയതാണു സഫറിന്റെ ജീവിതം. രണ്ടു ചെറിയ ചക്രത്തിൽ ബാലൻസ് ചെയ്തു കിലോമീറ്ററുകൾ താണ്ടുന്ന സൈക്കിൾ കൂടെക്കൂടിയപ്പോൾ സഫറിന്റെ ജീവിതത്തിനും ബാലൻസായി. അപത്രീക്ഷിതമായുണ്ടായ അസുഖം കാരണം ആശുപത്രിയും മരുന്നുകളുമായി ജീവിതം ഒതുങ്ങിപ്പോകുന്നതിനു പകരം സ്വയം പുതിയ വഴികൾതേടി അതിനെയെല്ലാം തരണം ചെയ്യുകയാണു സഫർ സത്താർ എന്ന മുപ്പത്തേഴുകാരൻ. കൂട്ടായത് ഒരു സൈക്കിൾ. ഇപ്പോൾ വലിയ നേട്ടങ്ങളിലേക്കു സൈക്കിൾ ചവിട്ടുകയാണു സഫർ.

ജീവിതം തകരാറിൽ

പ്ലസ്ടു പൂർത്തിയാക്കി 2007ൽ സഫർ ഗൾഫിലേക്കു പോയി. മൊബൈൽ ഫോൺ ടെക്നിഷ്യനായും സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായും ജോലി ചെയ്തു. 2012ൽ വിവാഹത്തിനായി തിരിച്ചു വന്നെങ്കിലും 2013ൽ പിതാവ് മരിച്ചതോടെ ചുമതലകൾ കൂടി. അതോടെ സുഹൃത്തായ ഷിഹാബിന്റെ ചിക്കൻ സ്റ്റാളിൽ ജോലി ചെയ്യാൻ തുടങ്ങി.

2017ലാണ് സഫറിന്റെ ഇരുവൃക്കകളും തകരാറിലാണെന്ന് അറിയുന്നത്. ആലപ്പുഴ പാതിരപ്പള്ളിയിലെ ചിക്കൻസ്റ്റാളിൽ സെയിൽസ്മാനായിരിക്കുമ്പോൾ പെട്ടെന്നു സുഖമില്ലാതായി. പരിശോധിച്ചപ്പോൾ വൃക്കകൾ 80 ശതമാനത്തിലധികവും പ്രവർത്തനരഹിതം. അടുത്ത ദിവസം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസ് തുടങ്ങി. ആഴ്ചയിൽ രണ്ടു ദിവസം ഡയാലിസിസിനായി ആശുപത്രിയിലേക്ക്. ജീവിതം തന്നെ മടുത്ത ദിവസങ്ങൾ. ജോലി ചെയ്യാൻ കഴിയാതെ 20 മാസം കടന്നുപോയി. ഡോ. ഗോമതിയാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിച്ചത്.

ശസ്ത്രക്രിയ, നടത്തം

2018ൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സഫറിനു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കു 35 ലക്ഷത്തോളം രൂപ ചെലവാകുമെന്നറിഞ്ഞു. നാട്ടുകാരും പള്ളിക്കമ്മിറ്റികളും സംഘടനകളും ചേർന്നു പണം പിരിച്ചാണു ശസ്ത്രക്രിയ നടത്തിയത്. തുടർന്നു മൂന്നു വർഷം ആശുപത്രി വാസവും പൂർണ വിശ്രമവുമായിരുന്നു. ജീവിതം ഇനിയെങ്ങനെ എന്ന ചോദ്യമായിരുന്നു മനസ്സു നിറയെ. ഡോ. മുഹമ്മദ് ഇക്ബാലാണു ശസ്ത്രക്രിയ മുതൽ ചികിത്സിക്കുന്നത്. മരുന്നു കഴിക്കുന്നതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ഒരു വർഷത്തെ പൂർണ വിശ്രമത്തിനു ശേഷം ദിവസവും നടക്കാൻ ഡോക്ടർ നിർദേശിച്ചു. 7–10 കിലോമീറ്റർ ദിവസവും നടത്തമായി. കുറച്ചു കഴിഞ്ഞപ്പോൾ നടത്തം മടുത്തു.

ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിനു ശേഷം സുഹൃത്ത് നിഹാസിന്റെ ചിക്കൻ സ്റ്റാളിൽ ജോലി തുടങ്ങി. അനാരോഗ്യം മറ്റു പല ജോലികൾക്കും വിലങ്ങുതടിയായിരുന്നു. വൃക്ക തകരാറിലാണെന്ന് അറിയുമ്പോൾ സഫറിന്റെ മക്കൾക്കു നാലും ഒന്നും വയസ്സ്.

ചക്രം തിരിയുന്നു

ജീവിതത്തിൽ എന്തെങ്കിലും മാറ്റം കൊണ്ടുവന്നില്ലെങ്കിൽ ശരിയാവില്ല എന്ന തോന്നലിൽ നിന്നാണു സൈക്കിളിലേക്കു സഫർ തിരി‌ഞ്ഞത്. കൂട്ടുകാരൻ ഹാരിസ് കാസിം സൈക്കിൾ റൈഡറാണ്. അങ്ങനെ സുഹൃത്ത് നിഹാസിന്റെ സഹായത്തോടെ 24,000 രൂപ മുടക്കി റൈഡിങ് സൈക്കിൾ വാങ്ങി. പിന്നെ അതിലായി വ്യായാമം. പതിയെ അതൊരു ഹരമായി. ഹാരിസ് പ്രസിഡന്റായ ബീച്ച് വീലേഴ്സ് ക്ലബ്ബിൽ സഫർ അംഗത്വമെടുത്തു. ക്ലബ് അംഗങ്ങൾക്കൊപ്പം ചെറു റൈഡുകൾക്കു പോയിത്തുടങ്ങി. പിന്നെ തനിച്ചും യാത്രകൾ. ഇപ്പോൾ ദിവസവും രാവിലെ 5.30 മുതൽ 7.30 വരെ 40–50 കിലോമീറ്റർ റൈഡ്. ആലപ്പുഴ ടൗണിൽ നിന്നു ചേർത്തലയിലേക്കാണ് ഒരു ദിവസം പോയതെങ്കിൽ അടുത്ത ദിവസം തോട്ടപ്പള്ളിയിലേക്കാവും. ചിലപ്പോൾ തണ്ണീർമുക്കം. അങ്ങനെ റൂട്ടുകൾ മാറ്റി ജീവതത്തെ പച്ചപിടിപ്പിക്കാനുള്ള യാത്രകളായി. മഴ പോലെയുള്ള തടസ്സമുണ്ടെങ്കിൽ മാത്രമാണു സൈക്ലിങ് ഒഴിവാക്കുക.

കൂടുതൽ ദൂരം

2021 നവംബറിലാണ് ആദ്യമായി സൈക്കിളിൽ ദീർഘയാത്ര ചെയ്യുന്നത്. പാരിസ് ആസ്ഥാനമായിട്ടുള്ള ഒഡാക്സ് ക്ലബ് പരിസിയനിന്റെ കേരളത്തിലെ അംഗീകൃത ക്ലബ്ബായ കൊച്ചിൻ ബൈക്കേഴ്സ് ക്ലബ് നടത്തുന്ന ബിആർഎം എന്ന ഇവന്റിൽ പങ്കെടുത്തു. ആദ്യം 300 കിലോമീറ്റർ 20 മണിക്കൂർ കൊണ്ടു പൂർത്തിയാക്കി. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയും തിരിച്ചുമായിരുന്നു യാത്ര. പിന്നീട് 13 മണിക്കൂർ കൊണ്ട് 200 കിലോമീറ്റർ. കലൂർ സ്റ്റേഡിയത്തിൽ നിന്നു കായംകുളത്തേക്കും തിരിച്ചുമായിരുന്നു യാത്ര. ഇത്രയും ചെയ്തതോടെ ആത്മവിശ്വാസം കൂടി. 600 കിലോമീറ്ററായി അടുത്ത ലക്ഷ്യം. എറണാകുളം, വാളയാർ എത്തി തിരിച്ച് എറണാകുളം വഴി കൊല്ലത്തെത്തി വീണ്ടും എറണാകുളത്തേക്ക്. 37.30 മണിക്കൂറാണ് ഇതിനായി എടുത്തത്.

യാത്ര തുടർന്നു. 27 മണിക്കൂർ കൊണ്ടു 400 കിലോമീറ്റർ ആയിരുന്നു അടുത്ത ലക്ഷ്യം. കലൂർ, വാളയാർ എത്തി തിരിച്ച് കലൂർ വഴി ആലപ്പുഴയിലേക്കും തിരിച്ചു കലൂരിലേക്കും. 2021 നവംബറിൽ തുടങ്ങി അവസാനിച്ചത് 2022 സെപ്റ്റംബറിൽ. ഈ യാത്രകൾ പൂർത്തിയാക്കിയതോടെ സൂപ്പർ റാൻഡോണർ എന്ന പദവിയും നേടി.

92 മണിക്കൂർ, 1200 കിലോമീറ്റർ

എൽആർഎം 1200 (ലെസ് റാൻഡോനേഴ്സ് മോൻഡിയോക്സ്) എന്ന ഇവന്റ് പൂർത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. ഓഗസ്റ്റ് 11നു വൈകുന്നേരം നാലിനു തുടങ്ങിയ യാത്ര അവസാനിച്ചത് 15നു രാവിലെ 10ന്. ആലുവ വൈഎംസിഎയിൽ നിന്നു തുടക്കം. ഇത്തവണ വടക്കൻ കേരളവും യാത്രയുടെ ഭാഗമായി. കോഴിക്കോട്–വയനാട്–നിലമ്പൂർ–പാലക്കാട്– ആലുവ– മൂവാറ്റുപുഴ– അടൂർ– തിരുവനന്തപുരം വഴി കന്യാകുമാരിയിലെത്തി തിരിച്ച് ആലുവയിലേക്ക്. 90 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 11 പേരുടെ ടീമാണു യാത്ര തുടങ്ങിയത്. യാത്രാമധ്യേ സഫറിന്റെ സൈക്കിളിനുണ്ടായ തകരാർ കാരണം 92 മണിക്കൂർ കൊണ്ടാണു യാത്ര പൂർത്തിയാക്കിയത്. യാത്രാ സമയത്തു കൃത്യമായ ഇടവേളകളിൽ ഭക്ഷണവും വിശ്രമവും മരുന്നുമെല്ലാം ആവശ്യമായിരുന്നു. ഡോ. ഇക്ബാലിന്റെ നിർദേശങ്ങളുണ്ടായിരുന്നു. ക്ലബ്ബിലെ സുഹൃത്തുക്കളുടെ പൂർണ പിന്തുണയും ഉണ്ടായിരുന്നു.

സ്വപ്നം – സ്വന്തമായൊരു വീട്

‘സ്വന്തമായൊരു വീടാണു സ്വപ്നം. അതു നേടാനുള്ള കരുത്തും ആത്മവിശ്വാസവും ഇപ്പോഴുണ്ട്.’ –സഫർ പറയുന്നു. ജീവിതമെന്ന റൈഡ് തുടരുകയാണ്. രാവിലത്തെ സൈക്കിൾ യാത്രയ്ക്കു ശേഷം മക്കളെ സ്കൂളിലാക്കി 9നു നേരെ കടയിലേക്ക്. ദിനചര്യയ്ക്കു കൂട്ടായി മരുന്നുകളും. ‘ലണ്ടനിലും പാരിസിലും നടക്കുന്ന രാജ്യാന്തര സൈക്ലിങ് ഇവന്റുകളിൽ പങ്കെടുക്കണമെന്നുണ്ട്. നല്ല പെർഫോമൻസുള്ള റോഡ് ബൈക്ക് വാങ്ങണം കൂടാതെ കശ്മീർ മുതൽ കന്യാകുമാരി വരെ സൈക്കിളിൽ യാത്ര ചെയ്യണമെന്ന ആഗ്രഹവുമുണ്ട്. പണവും സമയവും കണ്ടെത്തുകയെന്ന വെല്ലുവിളിയുണ്ട്’ .

ഉമ്മ ആരിഫയും ഭാര്യ ഫൗസിയും മക്കളായ ഫഹമിയും മുഹമ്മദ് യൂസഫുമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനു സമീപം വാടക വീട്ടിലാണു സഫറിന്റെ താമസം.

English Summary : Sunday Special about Alappuzha native Safar Satar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com