നാവികനാണ്; അച്ഛനും

Mail This Article
കപ്പലുകളുടെ ശവക്കോട്ട എന്നൊക്കെയാണ് വിളിപ്പേര്! ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ് (പ്രത്യാശയുടെ മുനമ്പ്) മറികടക്കുന്ന ഏകാന്ത നാവികനു മുന്നിൽ പഴയ കപ്പൽച്ചേതങ്ങളുടെ ഓർമകൾ തിരകളായെത്താറുണ്ട്. ഞാൻ ആദ്യമായിട്ടൊന്നുമല്ല ഗുഡ് ഹോപ് മുനമ്പിലേക്കു വരുന്നത്. അതുകൊണ്ടുതന്നെ രാത്രിയിൽ ഒറ്റയ്ക്കു സെമിത്തേരിയിൽ പോകുന്നയാളുടെ പേടിയൊന്നും എനിക്കുണ്ടായിരുന്നുമില്ല. പക്ഷേ, നല്ല ദേഷ്യം തോന്നി; അത്രയെളുപ്പം കേപ് ഓഫ് ഗുഡ് ഹോപ് ചുറ്റി റേസ് തുടരാൻ സംഘാടകർ അനുവദിക്കാത്തതിന്. ഗുഡ്ഹോപ് ഗേറ്റ് സംഘാടകർ ഒരുക്കിയത് അത്തരമൊരിടത്താണ്. കരയോട് ഏറെ അടുത്തുള്ള ഭാഗത്തുകൂടി സഞ്ചരിക്കണം. ഗുഡ്ഹോപ് മുനമ്പിനു സമീപം കടൽ വളരെ അപകടകാരിയാണ്. ഈ സാഹചര്യത്തിൽ, ഗേറ്റിലേക്കെത്താൻ രാവും പകലും ഒരു പോള കണ്ണടയ്ക്കാതെ കടലിലേക്കു നോക്കിയിരിക്കേണ്ട അവസ്ഥ.
ഗേറ്റിലെത്താൻ എനിക്കു കുറച്ചേറെ സമയം വേണ്ടിവന്നു. എന്റേതല്ലാത്ത കാരണത്താൽ സംഭവിച്ച ഈ പ്രശ്നങ്ങളുടെ പേരിലും വിനിമയ സംവിധാനങ്ങളിലെ അപാകതകളുടെ പേരിലുമെല്ലാം ഞാൻ ചുവന്നു പഴുത്തിരിക്കുന്ന നേരം. അതുവരെയുള്ള റേസിനെക്കുറിച്ചും മറ്റും ചോദിക്കാൻ മറ്റൊരു ബോട്ടിലെത്തി മൈക്ക് നീട്ടിയ സംഘാടകനു നേർക്ക് ഞാൻ അൽപം ദേഷ്യപ്പെടുക തന്നെ ചെയ്തു!
ലോകത്തു നടക്കുന്ന മുഴുവൻ വിവരങ്ങളും റേഡിയോ ഓൺ ചെയ്തു വച്ചാൽ വഞ്ചിയിൽ അറിയാൻ പറ്റും. പക്ഷേ, സ്വന്തം വീട്ടിലെ വിവരങ്ങളറിയാൻ ഒരു മാർഗവുമില്ല! ഇതെന്തു നിബന്ധനയാണ്? കേപ് ഓഫ് ഗുഡ് ഹോപ്പിലെ ഇത്രയും അപകടം പിടിച്ച സ്ഥലത്ത് ഇങ്ങനെയൊരു ഗേറ്റ് ഒരുക്കിയത് എന്തിനു വേണ്ടിയാണ്? ഈ കടൽപ്പാതയിൽ വഞ്ചിക്ക് ഒരു അപകടം സംഭവിച്ചാൽ ആരാണ് ഉത്തരവാദി?
പൊതുവേ കൂളായ ഞാൻ പൊട്ടിത്തെറിക്കുന്ന വിഡിയോ കണ്ട് കരയിൽ പലരും ആശ്ചര്യപ്പെട്ടതായി പിന്നീട് അറിഞ്ഞു. പക്ഷേ, അതപ്പോൾ അവിടെ പറയേണ്ടത് ഇനിയുള്ള റേസുകളിലെങ്കിലും അവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ കാരണമാകട്ടെ എന്നേ ഞാൻ കരുതിയുള്ളൂ. മറ്റൊരു ബോട്ടിൽ ബയാനത് ടീം എത്തിയിരുന്നു. അവർ എന്റെ വഞ്ചിക്ക് അരികിലേക്കു വന്നു. ഒരാളുടെ കയ്യിൽ തുറന്നുപിടിച്ച ഒരു ലാപ്ടോപ്പുണ്ട്. അതവർ എന്റെ നേരേ കാട്ടി.
അതിലെ കാഴ്ച കണ്ടു ഞാൻ അമ്പരന്നു പോയി. എന്റെ മകൻ അഭ്രനീൽ അന്ന് ആദ്യമായി സ്കൂളിൽ പോവുകയാണ്. അവന്റെ ആദ്യത്തെ സ്കൂൾ ദിവസം. ഒരു അച്ഛനെന്ന നിലയിൽ ഞാൻ അടുത്തുവേണ്ട ദിവസം. സ്ക്രീനിൽ ആ കാഴ്ച കണ്ടു ഞാൻ സന്തോഷത്താൽ നിറഞ്ഞൊഴുകി. അമർഷത്തിൽ നല്ലൊരു പങ്ക് അതിലലിഞ്ഞുപോയി. ലാപ്ടോപ് സ്ക്രീനിൽ ഭാര്യ ഉർമിമാലയുടെ മുഖം കണ്ടു. ഉർമിയോടു കുറച്ചു നേരം സംസാരിച്ചു. വീട്ടിലെ കാര്യങ്ങൾ കുറച്ചൊക്കെ അറിയാൻ സാധിച്ചു. ആശ്വാസമായി, അവിടെ പ്രശ്നമൊന്നുമില്ല. കടലിൽ എന്റെ വിശേഷങ്ങളറിയാനാണ് ഉർമിക്ക് അതിലേറെ താൽപര്യം. ഞാൻ ചിരിച്ചുകൊണ്ട് ഉർമിയെ ആശ്വസിപ്പിച്ചു. ഞാൻ ഡബിൾ ഓകെയാണ്!
രണ്ടു കുട്ടികളുമായി ഫ്രാൻസിലേക്കു വരാൻ പറ്റാത്തതിനാൽ ഗോവയിലെ വീട്ടിലായിരുന്നു ഉർമി ഇക്കാലമത്രയും. റേസ് തുടങ്ങുമ്പോൾ പോലും ഉർമിക്കു വരാൻ പറ്റില്ലെന്നുറപ്പായിരുന്നു. അപകട വാർത്തയൊക്കെ ഫോണിൽ വിളിച്ച് അറിയിച്ചതു മാത്രമേയുള്ളൂ. അതിനെല്ലാമുള്ള ടെൻഷൻ മറുവശത്തുമുണ്ടെന്ന് എനിക്കു നന്നായി അറിയാം.
കേപ് ഓഫ് ഗുഡ് ഹോപ് പിന്നിടുകയാണ്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിനോടു ചേർന്നുള്ള കേപ് ഓഫ് ഗുഡ്ഹോപ്പിൽ അറ്റ്ലാന്റിക് സമുദ്രം ഇന്ത്യൻ മഹാസമുദ്രവുമായി ചേരുന്നു. വഞ്ചിയിൽനിന്നു നോക്കുമ്പോൾ ഈ രണ്ടു കടലുകളുടെയും നിറം ഒന്നാണെങ്കിലും ഭൂമിയിൽനിന്നുള്ള കാഴ്ച അങ്ങനെയല്ല. കേപ്ടൗണിനു സമീപത്ത് ഒരു മലമുകളിൽ കേപ് ഓഫ് ഗുഡ്ഹോപ്പിലെ മഹാസമുദ്രസമാഗമം നേരിൽ കാണാൻ കഴിയുന്ന ടൂറിസം കേന്ദ്രമുണ്ട്. അവിടെനിന്നു താഴെ കടലിലേക്കു നോക്കിയാൽ രണ്ടു മഹാസമുദ്രങ്ങളുടെയും നിറവ്യത്യാസം വ്യക്തമായി കാണാം. കടലുകൾ തമ്മിൽ കൂടിച്ചേരുന്നിടത്ത് ചിലപ്പോഴൊക്കെ അതിർരേഖ പോലെ നുര പതയുന്നുണ്ടാവും.
ഒരു നാവികന്റെ ജീവിതത്തിലെ നാഴികക്കല്ലുകളാണ് കടൽമുനമ്പുകൾ. മൂന്നു ഗ്രേറ്റ് കേപ്സ് (മഹാമുനമ്പുകൾ) പിന്നിട്ടെങ്കിലേ ഈ യാത്ര പൂർത്തിയാകൂ. അതിൽ ആദ്യത്തേതാണ് കേപ് ഓഫ് ഗുഡ് ഹോപ്. അടുത്തത് ഓസ്ട്രേലിയൻ തീരത്തെ കേപ് ല്യൂവിൻ ആണ്. അറ്റ്ലാന്റിക്– പസിഫിക് സമുദ്രങ്ങൾ കൂടിച്ചേരുന്ന ചിലെയിലെ കേപ് ഹോൺ ആണ് മൂന്നാമത്തേത്. മൂന്നു മുനമ്പുകളും മൂന്നു സ്വഭാവമുള്ളതാണ്. കപ്പലുകളുടെ ശവക്കോട്ടയെന്നു ഗുഡ് ഹോപ് മുനമ്പിനെ വിളിക്കാൻ ഒരു കാരണമുണ്ട്. എതിരൊഴുക്കും അക്രമാസക്തരായ തിരകളും ഒളിച്ചിരുന്നോടിയെത്തുന്ന കൊടുങ്കാറ്റുകളും ഭീമൻ കപ്പലിനെപ്പോലും മറിച്ചിടാൻ പാകത്തിനു നിമിഷാർധത്തിൽ രൂപപ്പെടുന്ന കടൽക്ഷോഭങ്ങളുമെല്ലാം കൂടിക്കലരുന്നതാണ് കേപ് ഓഫ് ഗുഡ്ഹോപ്.
ഞാൻ പലവട്ടം കേപ് ഓഫ് ഗുഡ് ഹോപ് മറികടന്നിട്ടുണ്ട്. സമുദ്ര പരിക്രമണത്തിൽ തന്നെ ഇതു മൂന്നാം തവണയാണ്. നാവികസേനയുടെ സാഗർ പരിക്രമ യാത്രയിലും 2018ലെ ഗോൾഡൻ ഗ്ലോബ് റേസിലും ഇവിടം ചുറ്റിയതിന്റെ ഓർമകൾ ചുറ്റിനും അലയടിച്ചു. അറ്റ്ലാന്റിക് കടന്ന് ഇനി ഇന്ത്യൻ മഹാസമുദ്രത്തിലേക്കാണു യാത്ര. ഇതെന്റെ സ്വന്തം കടലാണ്. ഞാൻ ആദ്യമായി പരിചയപ്പെട്ട കടൽ. ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണ വലയത്തിലുള്ള കടൽ. ഇവിടം എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്.

അതിനൊപ്പം എന്റെയുള്ളിൽ അൽപമല്ലാത്ത ആശങ്ക സൃഷ്ടിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. 2018ലെ റേസിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരിടത്തുവച്ചായിരുന്നു വലിയ കൊടുങ്കാറ്റും അപകടവും ഞാൻ നേരിട്ടത്. അന്നവിടെ ഉപേക്ഷിക്കേണ്ടി വന്ന യാത്രയാണ്, ഏറെ അനിശ്ചിതത്വങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് ഇവിടെ വരെ എത്തിനിൽക്കുന്നത്. അന്നത്തെ അപകടമേഖല കടക്കുന്നിടം വരെ എന്റെയുള്ളിൽ എന്തൊക്കെയോ ആധികളുണ്ടെന്നതു സത്യമാണ്.
എനിക്കു വീണ്ടും ഉറക്കം കുറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലേക്കു കടന്നതോടെ കാറ്റും കുറഞ്ഞു. പതിയെയായി വഞ്ചിയുടെ പോക്ക്. 2018ലെ അപകടം നടന്നതിനു സമാനമായ വഴിയിലൂടെയാണ് ഇത്തവണയും വഞ്ചി കടന്നുപോകുന്നത്. ഓരോ ദിവസവും മനസ്സിനു കനംകൂടിക്കൂടി വന്നു. ഒടുവിൽ, ഒരുവിധ പ്രശ്നങ്ങളുമില്ലാതെ ആ ‘അപകടമേഖല’ ഞാൻ മറികടന്നു. എവിടെയൊക്കെയോ ഒളിച്ചിരിക്കുകയായിരുന്ന കാറ്റും തിരമാലകളുമെല്ലാം ഓടിയെത്തി എന്റെ വഞ്ചിയെ മുന്നോട്ടു നയിക്കുന്നതു പോലെയായിരുന്നു പിന്നീട്.
ടാസ്മാനിയയിലെ ഹൊബാർട്ട് ഗേറ്റിലേക്കാണ് ഇനിയുള്ള യാത്ര. ഈ ഗേറ്റ് കടന്നാൽ പിന്നീട് കേപ് ല്യൂവിൻ ആണ് അടുത്ത നാഴികക്കല്ല്. ഗുഡ് ഹോപ് ഗേറ്റിൽ, ഞാനെടുത്ത ചിത്രങ്ങളുടെ ഫിലിം റോൾ സംഘാടകർക്കു നൽകിയിരുന്നില്ല. മനപ്പൂർവമാണ് ഇതു ചെയ്തത്. കുറച്ചു കത്തുകൾ മാത്രമാണ് നൽകിയത്. മനസ്സിലെ വലിയ ഭാരമൊഴിഞ്ഞതോടെ ഞാൻ കത്തുകൾ എഴുതിത്തുടങ്ങി. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാം കത്തുകൾ എഴുതി ഹൊബാർട്ട് ഗേറ്റിൽ വച്ചു കൈമാറി.
ഹൊബാർട്ടിലും എന്നെ കാണാൻ ബയാനത് സംഘം എത്തിയിരുന്നു. അവിടെവച്ച് ബയാനത് സിഇഒ: ഹസൻ അൽ ഹുസൈനി എന്നോടു പറഞ്ഞു: ‘അഭിലാഷ്, റേസ് വിജയിച്ചു കഴിഞ്ഞിരിക്കുന്നു. കാരണം, കഴിഞ്ഞ റേസിൽ അപകടമുണ്ടായ സ്ഥലം അഭിലാഷ് പിന്നിട്ടു കഴിഞ്ഞു. ഇപ്പോൾ മുതൽ അഭിലാഷ് ജേതാവാണ്. ഇനി എപ്പോൾ വേണമെങ്കിലും അഭിലാഷിന് ഈ റേസ് അവസാനിപ്പിക്കാം.’
ഞാൻ പക്ഷേ, റേസ് അവസാനിപ്പിക്കാൻ ഒരുക്കമായിരുന്നില്ല. എനിക്കു മുന്നിൽ പസിഫിക് സമുദ്രവും അവിടത്തെ അദ്ഭുതങ്ങളും കാത്തുനിൽക്കുന്നു. അപകടമേഖല കഴിഞ്ഞതോടെ എന്റെ മനസ്സിലെ ഭാരങ്ങളെല്ലാം ഒഴിഞ്ഞു പോവുകയും ചെയ്തിരിക്കുന്നു. ഇനിയിപ്പോൾ ഞാൻ സ്വതന്ത്രനാണ്. എനിക്ക് എന്തെന്നില്ലാത്ത ആവേശം തോന്നി. റേസിൽ പകുതി ദൂരം പിന്നിട്ടു കഴിഞ്ഞു. ശേഷിക്കുന്ന പകുതി ദൂരത്തിൽ ഇതുവരെ നേരിട്ടതിന്റെ പതിന്മടങ്ങ് ബുദ്ധിമുട്ടുകളും തിരിച്ചടികളുമാണ് കാത്തിരിക്കുന്നത് എന്നുമാത്രം എനിക്കപ്പോൾ അറിയില്ലായിരുന്നു.
English Summary : Sunday special about Golden Globe race winner Abhilash Tomy part 4