ADVERTISEMENT

നവതിയിലേക്ക് അടുക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മധു. സംവിധായകൻ, നടൻ, നിർമാതാവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിച്ച മലയാള സിനിമയിലെ അതികായൻ. തിരശ്ശീലയിൽ ചിന്തിപ്പിച്ചും  ചിരിപ്പിച്ചും മുന്നേറുന്ന മധുവിനെക്കുറിച്ച് പ്രിയപ്പെട്ടവർ സംസാരിക്കുന്നു.

പകരം വയ്ക്കാനില്ലാത്ത മധുരം: മോഹൻലാൽ

പിതൃല്യനാണ്‌ എനിക്കു മധു സാർ; സിനിമയിലും ജീവിതത്തിലും. അഭിനയ ജീവിതം കൊണ്ടും അഭിനയിക്കാത്ത ജീവിതം കൊണ്ടും എന്നെ ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു തന്ന ആൾ. പ്രായത്തിനപ്പുറം എനിക്കു സുഹൃത്തായി, ഗുരുവായി മാറുന്ന ഒരാൾ. കുറെ സിനിമകളിൽ ഞങ്ങൾ അച്ഛനും മകനുമായി. മികച്ച രസതന്ത്രം എന്നു ഞങ്ങളുടെ ആകാരം കൊണ്ടും അഭിനയം കൊണ്ടും പലരും പറഞ്ഞു കേൾക്കാറുമുണ്ട്‌. എന്നെ സംബന്ധിച്ച്‌ സിനിമ കണ്ടു തുടങ്ങുന്ന കാലം മുതൽ സ്ക്രീനിൽ അങ്ങനെ നിറഞ്ഞു നിൽക്കുന്ന മഹാമേരുക്കളിൽ ഒരാളാണു മധു സാർ. നമ്മുടെയൊക്കെ ബാല്യകൗമാരങ്ങളെയും യൗവനത്തെയും ത്രസിപ്പിച്ച്‌ എത്രയെത്ര സിനിമകളാണ്‌, എത്രയെത്ര മനോഹരവേഷങ്ങളാണ്‌.

ആദ്യത്തെ അരമണിക്കൂറെങ്കിലും മധുസാർ എന്ന മഹാനടന്റെ ചുമലിൽ മാത്രം താങ്ങി നിൽക്കുന്ന ഭാർഗവീനിലയത്തിലെ സാഹിത്യകാരനെ ഓർത്തു നോക്കൂ. തിരയിൽ ഒരു നടൻ മാത്രം നിറഞ്ഞാടുന്ന നിമിഷങ്ങൾ. പ്രേക്ഷകർക്ക്‌ അരോചമാകാഞ്ഞതിന് വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിലെ ഇന്ദ്രജാലത്തിനൊപ്പം നടന്റെ അനിഷേധ്യമായ സാന്നിധ്യത്തെ കൂടി പരിഗണിക്കണം.

ചെമ്മീനിലെ കൊച്ചുമുതലാളിയുടെ പ്രണയദുരന്തത്തിൽ നോവാത്ത, ഓളവും തീരത്തിലെ ബാപ്പൂട്ടിയുടെ ദുർവിധിയിൽ തേങ്ങാത്ത, ഹൃദയം ഒരു ക്ഷേത്രത്തിലെ ഡോക്ടറുടെ ജീവത്യാഗത്തിൽ വേദനിക്കാത്ത മനസ്സുകളുണ്ടായിട്ടില്ല അക്കാലത്ത്‌. ഞാൻ രംഗത്തു വരുന്നത്‌ വില്ലൻ വേഷത്തിലൂടെയാണല്ലോ. പതിയെ പ്രതിനായകനായി, പിന്നീടു നായകനും. ഒരു പക്ഷേ എന്റെയൊക്കെ മനസ്സിൽ ഞാനറിയാതെ മധുസാർ പ്രേരണയും പ്രചോദനവുമായിരുന്നിരിക്കാം എന്നു തോന്നിയിട്ടുണ്ട്‌. കാരണം, നമുക്കൊക്കെ വഴിവിളക്കുമായി മധുസാർ വളരെ മുൻപേ നടന്നു.

 സംവിധാനം ചെയ്ത ആദ്യ സിനിമ ‘പ്രിയ’യിൽ അദ്ദേഹം സ്വയം വില്ലനായി. പിൽക്കാലത്ത്‌ സ്വന്തം സംവിധാനത്തിലുള്ള ‘കാമം മോഹം ക്രോധം’ എന്ന ചിത്രത്തിലും തീക്കനൽ എന്ന സിനിമയിലും പ്രതിനായകനായി.

ഐ.വി. ശശി–പത്മരാജൻ ടീമിന്റെ ‘ഇതാ ഇവിടെവരെ’യിൽ പൈലി എന്ന കൊടും വില്ലനായി. എന്റെയൊക്കെ യൗവനകാല ന്യൂജനറേഷൻ സിനിമകളിലൊക്കെ മധുസാറുണ്ടായിരുന്നു. മലയാള സിനിമയുടെ തലവര മാറ്റിയ അടൂർ സാറിന്റെ സ്വയംവരത്തിലും മലയാളത്തിന്‌ ദേശീയ അംഗീകാരം നേടിത്തന്ന ചെമ്മീനിലും മധുസാറുണ്ടായിരുന്നു. വിൻസന്റ് മാഷിന്റെ ‘ചെണ്ട’, പി.എൻ.മേനോന്റെ ചെമ്പരത്തി, ‘നഖങ്ങൾ’ അങ്ങനെ എത്രയെത്ര സിനിമകൾ!

പി.ചന്ദ്രകുമാറിനെപ്പോലെ എത്രയോ സംവിധായകരെ അദ്ദേഹം കൈപിടിച്ചുയർത്തിയിരിക്കുന്നു. നിർമാതാവെന്ന നിലയ്ക്കും സ്റ്റുഡിയോ ഉടമ എന്ന നിലയ്ക്കും മലയാള സിനിമയെ സമഗ്രമായി കേരളത്തിലേക്കു പറിച്ചു നടുന്നതിൽ നിർണായക പങ്കുവഹിച്ച ആൾ എന്ന നിലയിൽ കൂടി മധുസാർ അംഗീകാരമർഹിക്കുന്നു.

പക്ഷേ, എന്നെ വിസ്മയിപ്പിച്ച മറ്റൊരു മധുസാറുണ്ട്‌. അതദ്ദേഹത്തിന്റെ ഹാസ്യവേഷങ്ങളാണ്‌. കൈനിക്കര കുമാരപിള്ള സാറിന്റെ ‘മാനൃശ്രീ വിശ്വാമിത്രൻ’, നസീർസാറുമൊത്ത്‌ ചെയ്ത ‘അങ്കം’, ‘സിംഹവാലൻ മേനോൻ’, സേതുമാധവൻ സാറിന്റെ ‘ആരോരുമറിയാതെ’...ഈ സിനിമകളിലൊക്കെ എത്ര അനായാസമായാണ്‌ അദ്ദേഹം നർമം ചെയ്തത്‌. അദ്ദേഹത്തെപ്പോലെ ഗൗരവ പ്രതിഛായ പതിഞ്ഞൊരു നടനിൽ നിന്ന്‌ ഒരിക്കലും പ്രതീക്ഷിക്കാത്ത സിനിമകളായിരുന്നു അവ. അടുത്തിടപഴകിയിട്ടുള്ളവർക്കറിയാം, ഗൗരവത്തിന്റെ പുറന്തോടിനുള്ളിൽ നല്ല നർമം കേട്ടാൽ ഉറക്കെ ചിരിക്കുന്ന, കുറിക്കുകൊള്ളുന്ന കൗണ്ടറുകളടിക്കുന്ന രസികനാണു മധുസാറെന്ന്‌. ആ വലിയ ശരീരത്തിനുള്ളിൽ കുസൃതിക്കുടുക്കയായൊരു കൊച്ചുകുട്ടി എല്ലായ്പ്പോഴുമുണ്ട്‌. എന്തെങ്കിലും കുസൃതി ഒപ്പിക്കുമ്പോൾ, കുറിഞ്ഞിപ്പൂച്ച കുറുമ്പു കാട്ടുമ്പോഴെന്നപോലെ ആ കണ്ണുകൾ ഇറുകും, വശങ്ങളിൽ ത്രികോണാകൃതിയിൽ രണ്ടു ചുളിവുണ്ടാവും. കാണാൻ തന്നെ സന്തോഷമാണ്‌ നിഷ്കളങ്കമാർന്ന ആ ഭാവം.

അഭിനേതാവെന്നതിൽ കവിഞ്ഞ ഒരു ആത്മബന്ധമുണ്ടാക്കിയെടുക്കാൻ സാധിച്ച എനിക്ക്‌ ആരും കാണാത്ത മധുസാറിന്റെ അങ്ങനെയൊരു വശം  നേരിട്ടനുഭവിക്കാനായിട്ടുണ്ട്‌. ആ പരിഗണന അദ്ദേഹം എനിക്കനുവദിച്ചു തന്നിട്ടുമുണ്ട്‌. ഒരിക്കൽ അദ്ദേഹത്തിന്റെ മകൾ ഉമ എന്നോടു പറഞ്ഞു– ‘വല്ലപ്പോഴുമൊക്കെ അച്ഛനെ വിളിക്കണം. അദ്ദേഹത്തിനു വലിയ കാര്യമാണ്‌ താങ്കളെ’ എന്ന്‌. ജീവിതത്തിൽ കിട്ടിയ വലിയ ബഹുമതിയായി ആ പരിഗണനയെ ഞാൻ കണക്കാക്കുന്നു. സമയമുള്ളപ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ വിളിക്കാറുണ്ട്‌. തിരുവനന്തപുരത്തു വരുമ്പോഴെല്ലാം പോയി കാണാറുമുണ്ട്‌. തീർത്തും വ്യക്തിഗതമായൊരു സൗഭാഗ്യത്തെപ്പറ്റി കൂടി പറഞ്ഞ്‌ അവസാനിപ്പിക്കാം. ഞാൻ നിർമിച്ച കാണ്ഡഹാറിൽ അഭിനയിക്കാൻ മഹാനടൻ അമിതാഭ്‌ ബച്ചൻ സാർ എത്തിയപ്പോൾ ഉണ്ടായതാണിത്.

ഊട്ടിയിലാണു ഷൂട്ടിങ്‌. ഒരുദിവസം ഞങ്ങളുടെ സംഭാഷണത്തിലേക്കു മധുസാർ കടന്നുവന്നു. കെ.എ.അബ്ബാസ്‌ സംവിധാനം ചെയ്ത സാഥ്‌ ഹിന്ദുസ്ഥാനിയാണ്‌ മധുസാറിന്റെയും ബച്ചൻ സാറിന്റെയും ആദ്യചിത്രം. ഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ നാടകം പഠിക്കാൻ പോയ മധുസാറിന്‌ ഹിന്ദി-ബംഗാളി സിനിമാക്കാരുമൊക്കെയായി നല്ല ബന്ധമാണ്. മധു സാറിനെപ്പറ്റി പറഞ്ഞ കൂട്ടത്തിൽ അമിതാഭ് ബച്ചൻ സാർ പഴയ കാര്യങ്ങളൊക്കെ ഓർത്തെടുത്തു. തമ്മിൽ കണ്ടിട്ടോ, കേടിട്ടോ വർഷങ്ങളായെന്നും പറഞ്ഞു. അതു കേട്ടപ്പോൾ എനിക്കൊരു കൗതുകം തോന്നി. ഞാൻ എന്റെ മൊബൈലിൽ മധുസാറിനെ വിളിച്ച്‌ ഫോൺ അമിത്ജിക്കു കൊടുത്തു. പിന്നെ കുറെ നിമിഷങ്ങൾ ഞാനവിടെ കണ്ടത്‌ മറ്റൊരു ലോകമാണ്. രണ്ടു പഴയകാല ചങ്ങാതികൾ അവരുടെ പഴയകാലം പരസ്പരം ഓർത്തെടുക്കുന്നു, അതും ഹിന്ദിയിൽ. അനർഗള നിർഗളമാണ്‌ മധുസാർ അമിത്ജിയോടു ഹിന്ദിയിൽ സംസാരിക്കുന്നത്‌. ചിരിയും സന്തോഷവും നിറഞ്ഞ സംഭാഷണത്തിന്റെ രണ്ടു തലങ്ങളിൽ ഇടയിൽ എന്റെ ഫോൺ. എനിക്കപ്പോൾ തോന്നിയത്‌ നിറഞ്ഞ ആത്മഹർഷമാണ്‌. കരിയറിന്റെ തുടക്കത്തിൽ നവോദയയുടെ പടയോട്ടത്തിലാണ്‌ ഞാൻ മധുസാറിനൊപ്പം ആദ്യം അഭിനയിക്കുന്നത്‌. പിന്നീട് ഐ.വി.ശശിയേട്ടന്റെ നാണയം, വർണപ്പകിട്ട് തുടങ്ങി മൾട്ടി സ്റ്റാർ ചിത്രങ്ങളിൽ പലതിലും ഞങ്ങൾ ഒന്നിച്ചിട്ടുണ്ട്‌. ജോഷിസാറിന്റെ നരൻ, നാടുവാഴികൾ, ട്വന്റി–ട്വന്റി, പ്രിയന്റെ ഗീതാഞ്ജലി, സേതുമാധവൻ സാറിന്റെ അറിയാത്ത വീഥികൾ, ബേബിയുടെ കുരിശുയുദ്ധം, പി.ജി. വിശ്വംഭരന്റെ പിൻനിലാവ്‌, വേണു നാഗവള്ളിയുടെ ലാൽസലാം, റാഫി മെക്കാർട്ടിന്റെ ഹലോ, ബി.ഉണ്ണിക്കൃഷ്ണന്റെ മാടമ്പി, രഞ്ജിത്തിന്റെ സ്പിരിറ്റ്‌ എന്നിങ്ങനെ എത്രയോ സിനിമകളിൽ ഞങ്ങളൊന്നിച്ചു. ഓരോന്നും ഓരോ അനുഭവമാണ്‌. അഭിനയത്തിന്റെ കാര്യത്തിൽ പാഠങ്ങളും. അവാർഡുകൾ അർഹിക്കുന്നത്ര കിട്ടാതെ പോയ രണ്ടു മഹാടന്മാരാണ്‌ നസീർ സാറും മധുസാറും. അതുകൊണ്ട്‌ അവർക്കൊന്നും സംഭവച്ചിട്ടില്ല, അവർക്കു നൽകാതെ പോയ പുരസ്കാരങ്ങൾക്കാണു തിളക്കം നഷ്ടപ്പെട്ടത്‌.

madhu-2

മധുസാറിന്റെയൊക്കെ പ്രതിഷ്ഠ പ്രേക്ഷകരുടെ ഹൃദയത്തിലാണ്‌. മലയാള സിനിമയുടെ ചരിത്രം മധുസാറില്ലാതെ എല്ലാ അർഥത്തിലും അപൂർണമാണ്. 

നവതി ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ പാത പിന്തുടരുന്ന ഒരഭിനേതാവെന്ന നിലയിലും അദ്ദേഹത്തെ പിതൃസ്ഥാനത്തു കാണുന്ന ഒരാളെന്ന നിലയിലും ആശംസിക്കാൻ ഒരേയൊരു കാര്യമേയുള്ളൂ. പൂർണ ആരോഗ്യത്തോടെ ഇനിയും ഏറെ ജന്മദിനങ്ങളാഘോഷിക്കാൻ മധുസാറിന്‌ ജഗദീശ്വരൻ ദീർഘായുസ്സു നൽകട്ടെ! 

എന്റെ സൂപ്പർ സ്റ്റാർ, സുന്ദരൻ: മമ്മൂട്ടി

എന്നും എന്റെ സൂപ്പർ സ്റ്റാറാണ് മധു സാർ; എന്റെ സുന്ദരൻ താരം. ഞാൻ ജീവിതത്തിൽ ആദ്യമായി കാണുന്ന നടനും അദ്ദേഹമാണ്. എന്റെ നാടായ വൈക്കം ചെമ്പിനടുത്ത് മുറിഞ്ഞ പുഴയിൽ കാട്ടുപൂക്കളുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണത്. ഞാനന്ന് ആറിലോ ഏഴിലോ പഠിക്കുന്നു. ഷൂട്ടിങ് കാണാനുള്ള കൊതിയിൽ കൂട്ടുകാരനുമൊത്ത് ചെറിയൊരു വള്ളം തുഴഞ്ഞ് അവിടേക്കു പോവുകയാണ്. വള്ളവുമായി കാത്തു നിൽക്കുമ്പോൾ ഒരു സ്വപ്നം പോലെ മധുസാർ അതാ ഞങ്ങളുടെ വള്ളത്തിൽ വന്നു കയറി. അതിൽപ്പരം ഒരു ത്രിൽ ഉണ്ടോ. അതോടെ പിന്നെ അദ്ദേഹം എന്റെ സ്വന്തം താരമായി. 

സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ ആദ്യമായി കത്തെഴുതുന്ന നടനും മധു സാറാണ്. എവിടെനിന്നോ കിട്ടിയ ‘ഗൗരീശപട്ടം’ എന്നൊക്കെയുള്ള ഒരു വിലാസത്തിൽ ‘ഞാൻ അങ്ങയുടെ ആരാധകനാണ്’ എന്നൊക്കെ പറഞ്ഞായിരുന്നു കത്ത്. പണ്ടേ ഞാൻ സ്വപ്നം കാണുന്ന ആളായിരുന്നു മധുസാർ. നമ്മൾക്ക് ഏറെ അടുപ്പമുള്ളവരെയാണല്ലോ സ്വപ്നം കാണുക. വളരെ വേണ്ടപ്പെട്ടൊരാൾ എന്ന് എപ്പോഴും മനസ്സ് പറയുന്നൊരാളാണ് അദ്ദേഹം. 

ഞാൻ മഹാരാജാസ് കോളജിൽ പഠിക്കുന്ന കാലം. തേവര എസ്എച്ച് കോളജിനു സമീപം തുലാഭാരം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. വിൻസന്റ് മാഷാണു സംവിധായകൻ. ‘തൊട്ടു തൊട്ടില്ല..’ എന്ന പാട്ടിന്റെ ഷൂട്ടിനിടെ മധുസാറിന്റെ കാൽ ഒന്നു മണ്ണിൽ താഴ്ന്നു പോയി. അബദ്ധത്തിൽ സംഭവിച്ചു പോയതാണെന്ന് മധുസാർ പറ‍ഞ്ഞിട്ടും വിൻസന്റ് മാഷിന് അതേ സീൻ വീണ്ടും കിട്ടണമെന്നായി. രസകരമായ ആ റീടേക്കുകൾ കണ്ടു നിന്ന് ക്ലാസിൽ കയറാനുള്ള സമയം ആയി എന്നു പോലും മറന്നു പോയി.  

പിന്നീട് എത്രയോ സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. പടയോട്ടത്തിന്റെ ഷൂട്ടിങ് സെറ്റിൽവച്ചാണ് ഞാൻ എന്റെ ആരാധന അദ്ദേഹത്തോട് തുറന്നു പറയുന്നത്. അദ്ദേഹത്തിന് എന്നോടുള്ള ആത്മബന്ധത്തിന്റെയും തുടക്കമായിരുന്നു അത്. ഞാൻ മമ്മൂട്ടിയെ സ്നേഹിക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി മമ്മൂട്ടി എന്നെ സ്നേഹിക്കുന്നുണ്ടെന്ന് മധുസാർ തന്നെ പറഞ്ഞിട്ടുണ്ട്. അതു തന്നെ വലിയ അംഗീകാരം.  

പ്രേംനസീറും സത്യനും മലയാള സിനിമയുടെ കേന്ദ്ര സ്ഥാനത്തു നിൽക്കുമ്പോൾ തന്നെ തുല്യമായൊരു സ്ഥാനം നേടിയെടുത്ത ആളാണു മധു സാറും. സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച ആളാണെന്നതൊക്കെ അദ്ദേഹത്തോടുള്ള ആരാധന കൂട്ടുന്നതായിരുന്നു. 

ജീവിതത്തെ വളരെ ലാഘവത്തോടെ കാണുന്ന ആളാണ് അദ്ദേഹം. ഒരിക്കലും ആവശ്യമില്ലാത്ത ഒരു വാക്ക് സംസാരത്തിൽ ഉണ്ടാകാറില്ല. അന്തസോടെയാണ് ഇടപെടൽ. അനാവശ്യമായ കനത്തെ അദ്ദേഹം പറത്തിവിട്ടു.അടുത്തിടെ കണ്ടപ്പോൾ ഞാൻ പറഞ്ഞു; ‘സാറിന്റെ തലയിൽ നിറയെ മുടിയുണ്ടല്ലോ. ഇനി ഡൈ ചെയ്യുന്നതൊക്കെ നിർത്താം’. 

ഞാൻ പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല അദ്ദേഹം ഡൈ ചെയ്യുന്നത് അവസാനിപ്പിച്ചു. പക്ഷേ എന്റെ സുന്ദരൻ സ്റ്റാർ ഈ നവതിയിലും തലയെടുപ്പമുള്ള സുന്ദരൻ തന്നെ. അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. 

madhu3

മധുവെന്ന സുഹൃത്ത്: അടൂർ ഗോപാലകൃഷ്ണൻ

ഞങ്ങളുടെ സൗഹൃദത്തിന് അറുപതു വയസ്സ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിച്ച് പുണെയ്ക്കു പോകുവാൻ തയാറാകുന്ന ദിവസങ്ങളിലൊന്നിലാണ് പുളിമൂട്ടിൽ ഞങ്ങളുടെ വാസസ്ഥലമായിരുന്ന ഫ്ലെച്ചർ ബിൽഡിങ്ങിൽ ആപ്തമിത്രമായ കരമന ജനാർദനൻ നായരുമൊത്ത് മാധവൻ നായരെന്ന മധു (കരമനയുടെ ഭാഷയിൽ മാതവയണ്ണൻ വരുന്നത്). അവരുടെ വരവിന് ഒരു പ്രത്യേകതയുണ്ടായിരുന്നു, മാധവൻ നായർ നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളജിലെ ലക്ചറർ ജോലി രാജിവച്ച് ഡൽഹിയിലെ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരാൻ പോവുകയായിരുന്നു. വൈകിയാണെങ്കിലും തമ്മിൽ പരിചയപ്പെടുത്തണമെന്ന കരമനയുടെ താൽപര്യത്തിലാണ് ഈ അതിഥി അങ്ങോട്ടെത്തിയത്. കേന്ദ്ര സർക്കാരിലെ ഒരു ഭേദപ്പെട്ട ജോലി രാജിവച്ചാണ് ഞാനും പുറപ്പെടുന്നത്. ഒരു രീതിയിൽ ഞങ്ങൾ തുല്യ സാഹസികരായിരുന്നു...

ഒന്നിച്ചിരുന്ന് മാധവൻ നായരും കരമനയും കുളത്തൂർ ഭാസ്കരൻ നായരും ഞാനും ഏറെ നേരം സംസാരിച്ചു. അക്കാലം കരമന എന്റെ നാടകങ്ങളിലെ സ്ഥിരം നായകനായിരുന്നു. സംഭാഷണപ്രിയനായ അദ്ദേഹത്തിനു നേരം പോക്കാൻ പ്രത്യേകം വിഷയമൊന്നും ആവശ്യമായിരുന്നില്ല. അന്നു യാത്രപറഞ്ഞു പോകുന്നതിനുമുമ്പ് മധു ഒരു നിർദേശം മുന്നോട്ടുവച്ചു. നമ്മളിരുവരും പഠനം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ഒരുമിച്ച് ഒരു സിനിമയെടുക്കണം. ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഞാൻ നായകവേഷം അഭിനയിക്കും. തീർച്ചയായും എന്നു ഞാൻ ഉറപ്പുകൊടുത്തു. മൂന്നു കൊല്ലത്തിനുശേഷം പഠനം പൂർത്തിയാക്കി ഞങ്ങളിരുവരും തിരിച്ചെത്തി. അധികം വൈകാതെതന്നെ മുധു സിനിമകളിൽ ഭേദപ്പെട്ട റോളുകളിൽത്തന്നെ പ്രത്യക്ഷപ്പെടുവാൻ തുടങ്ങി.

എന്റെ സ്ഥിതിയാവട്ടെ വളരെ പരുങ്ങലിലും. പഠിച്ചുവന്ന് പടമെടുക്കുക എന്നത് കേട്ടുകേൾവിയായിപ്പോലും ഇല്ലാതിരുന്ന കാലം. ഒരു പയ്യനെ പടമേൽപ്പിക്കുവാൻ  ആരുമേ തയാറായില്ല.

അഞ്ചുവർഷം പോകെ ക്ഷമ കെട്ട് ഒരു പടം ചെയ്യാൻ നടത്തിയ ശ്രമമായിരുന്നു ‘കാമുകി’. പഴയ പരസ്പര ധാരണ മനസ്സിൽക്കണ്ട്, അതിനകം പ്രശസ്തിയിലേക്കുയർന്നു കഴിഞ്ഞിരുന്ന മധുവിനെത്തന്നെ നായകനായി നിയോഗിച്ചു. പുതുമുഖ താരം ഉഷാനന്ദിനി നായികയും. പി.ജെ. ആന്റണി, അടൂർ ഭാസി, ചെങ്ങന്നൂർ പങ്കജവല്ലി തുടങ്ങിയവരെല്ലാം അഭിനേതാക്കളായുണ്ടായിരുന്നു. ആ ചിത്രത്തിന്റെ നിർമാണം സാമ്പത്തികാരിഷ്ടതകൾ കാരണം മുമ്പോട്ടുപോയില്ല. നാലഞ്ചുദിവസത്തെ ഷൂട്ടിങ്ങിനുശേഷം മതിയാക്കുകയായിരുന്നു.

പിന്നെയും രണ്ടുവർഷം കഴിഞ്ഞാണ് ‘സ്വയംവരം’  ആരംഭിക്കുന്നത്. അതിനുമുമ്പ് അഭിനയരംഗത്ത് കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടിയും പയ്യനുമായിരിക്കണം പ്രധാനറോളുകളിൽ എന്നായിരുന്നു തീരുമാനം. പയ്യനെ മിക്കവാറും കണ്ടെത്തി. പക്ഷേ, പെൺകുട്ടിയെ കണ്ടുകിട്ടുക അസാധ്യമായിരുന്നു. ഒടുവിൽ അന്വേഷണങ്ങൾക്കു തിശ്ശീലയിട്ട് പരിചയസമ്പന്നരെയും പരിഗണിക്കാം എന്നു മാറ്റിച്ചിന്തിക്കേണ്ടിവന്നു. അതിലേക്ക് ആദ്യം ബന്ധപ്പെട്ടത് ശാരദയെയാണ്. അവർ ഞങ്ങളുടെ പ്രോഡക്ഷൻമാനേജരോട് ആവശ്യപ്പെട്ട പ്രതിഫലം 25,000 രൂപയായിരുന്നു. ആ തുക ഞങ്ങൾക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നെങ്കിലും സമ്മതിക്കുകയായിരുന്നു. നായകൻ ആരു വേണമെന്നതിനെപ്പറ്റി സംശയമൊന്നും ഉണ്ടായിരുന്നില്ല. മധുവിനെ ഉടനെതന്നെ ബന്ധപ്പെട്ടു. ഇന്നാലോചിക്കുമ്പോൾ അവർ രണ്ടുപേരും തന്നെയാണ് ഏറ്റവും അനുയോജ്യരായവർ എന്ന് ആശ്വാസത്തോടെ തിരിച്ചറിയുന്നു. വെറും പുതുമുഖങ്ങൾക്ക് ചെയ്യാവുന്നതായിരുന്നില്ല ആ റോളുകൾ. ദേശീയ പുരസ്കാരം ശാരദയ്ക്കാണു ലഭിച്ചതെങ്കിലും മധുവും ഒപ്പം അർഹിക്കുന്നതായിരുന്നു ആ ബഹുമതി. മധുവുമൊത്ത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തത് നല്ലൊരോർമയാണ്.

പിന്നീടൊരിക്കലും ഒരു ചിത്രത്തിൽ ഒരുമിക്കുവാനുള്ള സൗകര്യം ഉണ്ടായില്ല. എന്റെ നായക നടന്മാരാരുംതന്നെ മധുവിനു ചേരുന്ന തരത്തിലുള്ളവരായിരുന്നില്ല എന്നതുമാത്രമാണു കാരണം.

ആലോചിക്കുമ്പോൾ മധുവോളം ബൗദ്ധികയോഗ്യതയുള്ള മറ്റൊരാളും നമ്മുടെ നായകനിരയിലുണ്ടായിട്ടില്ല. തിരുവനന്തപുരത്തെ അമച്വർ നാടകവേദിയിലുള്ള ദീഘകാല പരിചയം (ജി.ശങ്കരപ്പിള്ളസാറും മറ്റും സൗഹൃദപൂർവം മാധവൻകുട്ടിയെന്നാണ് മധുവിനെ വിളിച്ചിരുന്നത്), അധ്യാപനകാലം, പ്രശസ്ത നാടകാചാര്യനായിരുന്ന അൽക്കാസിക്കു കീഴിൽ ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിലെ മൂന്നുവർഷത്തെ നാടകപരിശീലനം, കെ.എ.അബ്ബാസിന്റെ സാഥ് ഹിന്ദുസ്ഥാനിയിലെ വേഷം, മലയാളത്തിലുണ്ടായിട്ടുള്ള വഴിമാറിയുള്ള സിനിമകളിലെയെല്ലാംതന്നെ നായകൻ, ചെമ്മീനിലെ പരീക്കുട്ടി തുടങ്ങിയ പ്രശസ്തമായ വേഷങ്ങൾ, തകഴിയുടെ സിനിമയാക്കിയ ഏതാണ്ടെല്ലാ കഥകളിലെയും നായകവേഷം, കന്നിപ്പടക്കാരുടെ പ്രിയനടൻ, കൃതഹസ്തനായ സംവിധായകൻ, നിർമാതാവ്, ഉത്പതിഷ്ണുവായ സ്റ്റുഡിയോ ഉടമ എന്നിങ്ങനെ മലയാളസിനമയുടെ നെടുംതൂണുകളിലൊന്നാണ് നമ്മുടെ പ്രിയപ്പെട്ട മധു. നവതിയിലെത്തുന്ന എന്റെ മാന്യസ്നേഹിതന് ആയുസ്സും ആരോഗ്യവും നേരുന്നു.

മധുവിനൊപ്പം മലയാള സിനിമ:

രാജീവ് ഗോപാലകൃഷ്ണൻ (rajeevgopalakrishnan@mm.co.in)

1963 ഫെബ്രുവരി 22. തിരുവനന്തപുരത്തെ ചിത്ര തിയറ്ററിൽ ടെൻഷനോടെ ‘നിണമണിഞ്ഞ കാൽപാടുകൾ’ എന്ന സിനിമ കാണാനിരുന്ന പി.മാധവൻനായർ സ്ക്രീനിൽ ഉറ്റുനോക്കി. പ്രേംനസീറിനൊപ്പം പ്രാധാന്യമുള്ള വേഷം ചെയ്ത ആ സിനിമയുടെ ടൈറ്റിൽ കാർഡിൽ തന്റെ പേരു കണ്ടില്ല. പക്ഷേ, സിനിമയിൽ കർക്കശക്കാരനായ പട്ടാളക്കാരൻ സ്റ്റീഫൻ എന്ന കഥാപാത്രമായി മാധവൻ നായർ അഭിനയിച്ചിട്ടുമുണ്ട്.

പരാതി പറയാൻ വിളിച്ചപ്പോൾ ശോഭന പരമേശ്വരൻ നായരിൽ നിന്നാണ് മാധവൻ നായർ ആ സത്യം മനസ്സിലാക്കിയത്– ഇനി ‘മാധവൻ നായർ’ ഇല്ല, പകരം ‘മധു’ ജനിക്കുകയായിരുന്നു അവിടെ.

പി.ഭാസ്കരനാണ് മാധവൻ നായരുടെ പേര് മധു എന്നു ചുരുക്കിയത്. പേരിൽ മാത്രമേ മാധവൻ നായർ ചുരുങ്ങിയുള്ളൂ; പിന്നീടുള്ള ആറു പതിറ്റാണ്ട് മധുവിനൊപ്പം മലയാള സിനിമ വളരുകയായിരുന്നു.

മലയാള സിനിമയുടെ മധു നവതിയിലേക്കെത്തുകയാണ്. 1933 സെപ്റ്റംബർ 23 ന് തിരുവനന്തപുരം കണ്ണമ്മൂലയിൽ ആർ.പരമേശ്വരപിള്ളയുടെയും കമലമ്മയുടെയും മൂത്തമകനായി ജനിച്ച മധു നാഗർകോവിലിലെ കോളജ് അധ്യാപകൻ എന്ന ജോലി ഉപേക്ഷിച്ചാണ് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നത്. പ്രേംനസീറും സത്യനും നിറഞ്ഞു നിന്ന സിനിമാ ലോകത്ത് ‘നിണമണിഞ്ഞ കാൽപാടുകൾ’ എന്ന സിനിമയിലൂെട മധു കാൽപാട് പതിപ്പിക്കുകയായിരുന്നു. വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ധൈര്യമാണ് മധുവിനെ മറ്റു നടന്മാരിൽ നിന്നു വേറിട്ടു നിർത്തിയത്. അതുകൊണ്ടു തന്നെ മലയാളസിനിമയുടെ നാഴികക്കല്ലുകളിൽ എല്ലാം അദ്ദേഹത്തിന്റെ നാമം ചേർത്തുവയ്ക്കപ്പെട്ടു.

മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിലേക്കെത്തിച്ച രാമു കാര്യാട്ടിന്റെ ‘ചെമ്മീനി’ലെ പരീക്കുട്ടി, മലയാളത്തിലെ ആദ്യ ഹൊറർ സിനിമയെന്നു വിശേഷിപ്പിക്കപ്പെടുന്ന എ.വിൻസെന്റ്– വൈക്കം മുഹമ്മദ് ബഷീർ ടീമിന്റെ ബ്ലാക് ആൻഡ് വൈറ്റ് അദ്ഭുതം ‘ഭാർഗവീനിലയ’ത്തിലെ കഥാകൃത്തിന്റെ വേഷം, സ്റ്റുഡിയോ ഫ്ലോറുകളിൽ നിന്ന് മലയാള സിനിമയെ പൂർണമായി ഔട്ട്ഡോർ ചിത്രീകരണത്തിന്റെ മാസ്മരികതയിലേക്കു നയിച്ച പി.എൻ.മേനോൻ– എം.ടി.വാസുദേവൻ നായർ കൂട്ടുകെട്ടിന്റെ ‘ഓളവും തീരവും’ എന്ന ചിത്രത്തിലെ ബാപ്പുട്ടി, മലയാള സിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവര’ത്തിലെ വിശ്വം, ഇന്ത്യയിൽ നിർമിച്ച ആദ്യ 70 എംഎം സിനിമയായ ‘പടയോട്ട’ത്തിലെ ദേവൻ എന്നിങ്ങനെ മലയാള സിനിമയുടെ വളർച്ചയുടെ പ്രധാന വഴിത്തിരിവുകളിലെല്ലാം മധുവുണ്ടായിരുന്നു.‌

ഒരു വർഷം ഒരു ഡസനിലധികം സിനിമകളിൽ നായകനായി അഭിനയിക്കുന്ന കാലത്താണ് മധു സിനിമ സംവിധാനം ചെയ്തത്. തിരുവനന്തപുരത്ത് ‘ഉമാ ആർട്സ് സ്റ്റുഡിയോ’ എന്ന പേരിൽ സ്റ്റുഡിയോ ആരംഭിച്ചതോടെ മധു ആ മേഖലയിൽ കൈവച്ച മലയാളത്തിലെ ആദ്യ നായക നടനുമായി. ഉമാ ആർട്സ് സ്റ്റുഡിയോയുടെ ബാനറിൽ പി.ചന്ദ്രകുമാർ സംവിധാനം െചയ്ത അസ്തമയം, ശുദ്ധികലശം, രതിലയം, ഞാൻ ഏകനാണ്, പി.എൻ.മേനോൻ സംവിധാനം ചെയ്ത  അർച്ചന ടീച്ചർ, എം.കൃഷ്ണൻനായർ സംവിധാനം ചെയ്ത ഗൃഹലക്ഷ്മി, ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് വൈകി വന്ന വസന്തം തുടങ്ങിയ മനോഹരമായ ചിത്രങ്ങൾ മധു നിർമിച്ചു. ഒടുവിൽ നിർമിച്ച ‘മിനി’ (1995) എന്ന ചിത്രത്തിലൂടെ മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടി.. 

അമിതാഭ് ബച്ചന്റെ ആദ്യ ചിത്രമായ ‘സാഥ് ഹിന്ദുസ്‌ഥാനി’  (1969) ഉൾപ്പെടെ ഹിന്ദി, തമിഴ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പത്മശ്രീയും ജെ.സി.ഡാനിയൽ പുരസ്കാരവും ഉൾപ്പെടെയുള്ള അംഗീകാരങ്ങളും മധുവിനെത്തേടിയെത്തി. 

1) അടൂർ ഗോപാലകൃഷ്ണൻ 2) ഷീല 3) വിധുബാല

ആർക്കും പരാതിയില്ലാത്ത വ്യക്തി: ഷീല

മധു സാറിനൊപ്പം എഴുപതോളം ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ സിനിമകൾക്കു കഥകളെഴുതുകയും സംവിധാനം ചെയ്യുന്നതുമൊക്കെ നാടക പ്രവർത്തകരായിരുന്നതിനാൽ പല സിനിമകളും നാടകങ്ങൾ പോലെ തോന്നിക്കുമായിരുന്നു. അഭിനയവും സംവിധാനവുമൊക്കെ ആധികാരികമായി പഠിച്ചു വന്ന മധു സാർ ഇതിനോട് യോജിച്ചിരുന്നില്ല. ചില രംഗങ്ങൾ അഭിനയിക്കുമ്പോൾ അതിങ്ങനെ വേണമെന്നു തിരുത്തി കാട്ടിത്തരുമായിരുന്നു. ഞാൻ ആദ്യമായി സംവിധാനം ചെയ്ത ‘യക്ഷഗാനം’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി മധുസാറിനെ ക്ഷണിച്ചു. സ്ക്രിപ്റ്റ് കൊടുത്തു വിടാമെന്നു പറഞ്ഞെങ്കിലും എനിക്കു സ്ക്രിപ്റ്റൊന്നും വേണ്ട ഷീല ചെയ്യുന്ന സിനിമയിലെ ഏതു വേഷവും അഭിനയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

സിനിമ പുറത്തിറങ്ങിയ ശേഷം, ഇതു ഷീലയല്ല മധു സംവിധാനം ചെയ്ത ചിത്രമാണെന്നും വെറുതേ എന്റെ പേര് വച്ചതാണെന്നും പ്രചാരണമുണ്ടായി. ഇതോടെ മധുസാർ പത്രസമ്മേളനം വിളിച്ചു കൂട്ടി. ചിത്രത്തിലെ ഒരു ഷോട്ട് പോലും താൻ പറഞ്ഞു കൊടുത്തിട്ടില്ലെന്നും പൂർണമായും ഇതു ഷീലയുടെ സിനിമയാണെന്നും അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞു. പിന്നീട് അദ്ദേഹം ‘മാന്യശ്രീ വിശ്വാമിത്രൻ’ എന്നൊരു സിനിമ സംവിധാനം ചെയ്തപ്പോൾ എന്നെ അഭിനയിക്കാനായി വിളിച്ചു. കഥ കേൾക്കണ്ടേയെന്നു ചോദിച്ചതോടെ ഞാനും പഴയ ഡയലോഗ് ആവർത്തിച്ചു. സാറിന്റെ സിനിമയിലെ ഏതു വേഷമാണെങ്കിലും ചെയ്യാമെന്നും പറഞ്ഞു. സിനിമയിൽ അദ്ദേഹത്തിന്റെ ഭാര്യ കുസുമം എന്ന വേഷമാണു ചെയ്തത്. നന്നായി ‘ബ്ലാക്ക് ഹ്യൂമർ’ പറയാൻ കഴിവുള്ളയാളാണു മധുസാർ.

ചില അവാർഡ് വേദികളൊക്കെ സ്റ്റേജിൽ ഞങ്ങളിരിക്കുമ്പോൾ മുഖത്തൊരു ഭാവവ്യത്യാസവും കൂടാതെ എന്റെ കാതിൽ ചില തമാശകൾ പറയും. അദ്ദേഹത്തിന്റെ മുഖത്ത് ഒരു ഭാവവും വരില്ല. പക്ഷേ, ഞാൻ അതു കേട്ട് സ്റ്റേജിലിരുന്നു പൊട്ടിച്ചിരിച്ചിട്ടുണ്ട്, പലതവണ. ആളുകൾ നോക്കുമ്പോൾ മധുവിന്റെ അപ്പുറത്തിരുന്നു ഞാൻ വെറുതേ ചിരിക്കുന്നു! വിവാഹം കഴിഞ്ഞ് നേരെ ‘ചെമ്മീൻ’ സിനിമയുടെ സെറ്റിലേക്കാണ് അദ്ദേഹം പുതുപ്പെണ്ണുമായി വന്നത്. അന്നു മുതൽ അദ്ദേഹത്തിന്റെ ഭാര്യയുമായും ഞാൻ ഏറെ അടുത്തു. ഒരാളും മധുസാറിനെക്കുറിച്ചു മോശമായി പറയുന്നത് ഞാൻ കേട്ടിട്ടില്ല. എല്ലാവർക്കും ഇഷ്ടവും ബഹുമാനവുമുള്ള അദ്ദേഹത്തോടുള്ള സൗഹൃദം ഇപ്പോഴും മുറിയാതെ സൂക്ഷിച്ചിട്ടുണ്ട് ഞാൻ. ഇൗശ്വരൻ ഇനിയും ആയുസ്സും ആരോഗ്യവും അദ്ദേഹത്തിന് നൽകട്ടെയെന്നാണു പ്രാർഥന. 

ചിരിയുടെ നായകൻ: വിധുബാല

മധു സാറിനെ അടുത്തറിയാത്തവർക്ക് അദ്ദേഹത്തെക്കുറിച്ച് പൊതുവേയുള്ളൊരു ധാരണ വലിയ ഗൗരവക്കാരനാണെന്നാണ്. പക്ഷേ ഒട്ടും ഗൗരവമില്ലാത്ത അസാമാന്യ രസികത്വമുള്ള ആളാണദ്ദേഹം. ഷൂട്ടിങ്ങിനിടയിലായാലും പൊതു വേദിയിലായാലും അങ്ങനെ തന്നെ. അദ്ദേഹത്തിനൊപ്പം അഭിനയിക്കുക പ്രയാസമാണ്. കാരണം ഒരുമിച്ചുള്ള സീനിൽ ക്യാമറ നമ്മുടെ നേർക്കാണെങ്കിൽ എതിർവശത്തു നിന്ന് അദ്ദേഹം ചുമ്മാ ഗോഷ്ടി കാട്ടും. അതുകണ്ട് ചിരിയടക്കി അഭിനയിക്കുക ബുദ്ധിമുട്ടാണ്. ഡയലോഗൊക്കെ പഠിച്ചു നമ്മൾ സീൻ എടുക്കാൻ തയാറായി നിൽക്കുമ്പോഴാകും അദ്ദേഹം അതേ ഡയലോഡ് തലതിരിച്ചു പറയുക. അതോടെ ആകെ കൺഫ്യൂഷനാകും. അദ്ദേഹമുള്ള സെറ്റിൽ ചിരിക്ക് ഒരു പഞ്ഞവുമുണ്ടാകില്ല. പൊതുപരിപാടികളിലൊക്കെ വേദിയിൽ അടുത്തിരിക്കുമ്പോഴും ചെവിയിൽ ചില രസികൻ തമാശകൾ പറയും. അന്നേരം പ്രസംഗിക്കുന്ന ആളെക്കുറിച്ചൊക്കെയാവും. ആ ഡയലോഗ് കേട്ട് ചിരിയടക്കിപ്പിടിച്ചിരിക്കാനുള്ള പാട് അനുഭവിക്കുന്നവർക്കേയറിയൂ.

മനുഷ്യപുത്രനാണ് അദ്ദേഹത്തിനൊപ്പം ചെയ്ത ആദ്യ ചിത്രം. അതിന്റെ സംവിധാന മേൽനോട്ടവും അദ്ദേഹമായിരുന്നു. അന്നുമുതൽ നല്ല സൗഹൃദമുണ്ട്. പിന്നീട് അദ്ദേഹം നിർമിച്ചതും സംവിധാനം ചെയ്തതുമായ മിക്ക സിനിമകളിലും അവസരം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉമ സ്റ്റുഡിയോയിൽ താമസിക്കാൻ എനിക്കൊരു സ്ഥിരം മുറി പോലുമുണ്ടായിരുന്നു. സംവിധായകനെന്ന നിലയിൽ അഭിനേതാക്കൾക്ക് വലിയ സ്വാതന്ത്ര്യം തന്നിരുന്നു. ആവശ്യമുള്ളതെന്തെന്നു പറയുകയേയുള്ളൂ. ചില സീനുകൾ മാത്രം അഭിനയിച്ചു കാട്ടിത്തരും.

നിർമാതാവ് എന്ന നിലയിലും ആർട്ടിസ്റ്റുകളോടു വലിയ കരുതലാണ്. ഉമ സ്റ്റുഡിയോയിൽ താമസിക്കുമ്പോൾ അവിടെ ഒരു വാൻ ഉണ്ട്. ഷൂട്ടിങ് കഴിഞ്ഞ് രാത്രി സെക്കൻഡ് ഷോ സിനിമ കാണാനൊക്കെ തോന്നുമ്പോൾ ഞങ്ങൾ അദ്ദേഹത്തിനടുത്തെത്തും. അപ്പോൾ തന്നെ അദ്ദേഹത്തിന് കാര്യം മനസ്സിലാകും. ആ വാനിലാണു സിനിമ കാണാൻ പോയി വരിക. അദ്ദേഹത്തിനൊപ്പം ചെയ്ത സിനിമകളിൽ ഭൂമിദേവി പുഷ്പിണിയായി, സിന്ധു, ആരാധന എന്നിവയൊക്കെ ഏറെ പ്രിയപ്പെട്ടവയാണ്. 

English Summary: Sunday Special about actor Madhu 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com