ADVERTISEMENT

ഇതായിരുന്നില്ല രഞ്ജുമോളുടെ മുഖം. പക്ഷേ, ഈ മുഖമാണ് അവരെ ഇപ്പോൾ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്സ് ക്യാംപസിലെത്തിച്ചിരിക്കുന്നത്. പൊള്ളൽ മനസ്സിലുണ്ടാക്കിയ ഉണങ്ങാത്ത മുറിവിനൊന്നും അവളുടെ ഇച്ഛാശക്തിയെ തടഞ്ഞുനിർത്താനായില്ല. വീട്ടമ്മയുടെ ഭാരിച്ച ഉത്തരവാദിത്തത്തിലേക്ക് മാത്രം മാറിപ്പോകുമായിരുന്ന സ്വന്തം ജീവിതത്തെ കലാരംഗത്തേക്കു തിരിച്ചുവിട്ടത് പുതിയമുഖം നൽകിയ പ്രചോദനമായിരുന്നു. 

മലപ്പുറം വളാഞ്ചേരി കൊടുമുടി ചെമ്പ്രമ്മാരി രഞ്ജുമോൾക്ക് രണ്ടുമുഖമുണ്ടായിരുന്നു. 2012ൽ പൊള്ളലേൽക്കുന്നതിനു മുൻപുള്ള മുഖം. അതിനുശേഷമുള്ള ഇപ്പോഴത്തെ മുഖം. അങ്ങനെ രണ്ടായി പകുത്തെടുക്കാവുന്നതാണ് അവരുടെ ജീവിതവും. ആദ്യജീവിതം കുറഞ്ഞ വാക്കുകളിൽ അവസാനിപ്പിക്കാൻ കഴിയും. ചെമ്പ്രമ്മാരി സുബ്രഹ്മണ്യൻ–ശോഭന ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തവൾ. അനുജൻ ബൈജു. പാലക്കാട്, മലപ്പുറം ജില്ലകളിലായി പഠനം. ഡിഗ്രി പൂർത്തിയായതോടെ പഠനം അവസാനിച്ചു. ഇഷ്ടപ്പെട്ടയാൾക്കൊപ്പം ഒന്നിച്ചു ജീവിച്ചു. വിനയയുടെ അമ്മയായി. ഒന്നിച്ചുള്ള ജീവിതത്തിലെ താളപ്പിഴ അവസാനിപ്പിക്കാൻ അവൾ അഗ്നിയെ ശരണം പ്രാപിച്ചു. മുഖവും ഇരുകയ്യും പൊള്ളി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 35 ശതമാനത്തോളം പൊള്ളലേറ്റ് മാസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. ശപിക്കപ്പെട്ട ഒരു നിമിഷത്തെ തോന്നൽ ആയിരുന്നു അത്. ലോകത്തോടു തന്നെ വെറുപ്പുനിറഞ്ഞ നാളുകളിലൂടെ അവൾ വേദന കടിച്ചമർത്തി ജീവിച്ചു. മറ്റുള്ളവർ മുഖംതിരിക്കുന്ന രൂപമായി തന്റെ മുഖം മാറിവരുന്നത് അവളറിഞ്ഞു. ‘‘ നിന്നെ രാത്രി കണ്ടാൽ പേടിയാകുമെന്ന’’ ഹൃദയത്തിൽ മുറിവേൽപിക്കുന്ന വാക്കുകൾ കേൾക്കേണ്ടി വന്നു. കൈവിട്ടുപോയ ജീവിതത്തെ ഒരിക്കലും തിരിച്ചുപിടിക്കാനാവില്ലെന്ന് കണ്ണാടിയിലെ കാഴ്ച അവളോടു വേദനയോടെ പറഞ്ഞു.

വാനിഷിങ് പോയിന്റിലെ കാഴ്ച

വീടും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയും മാത്രമായി ചുരുങ്ങിപ്പോയ നാളുകളിലൂടെയാണു രഞ്ജുമോൾ കടന്നുപോയത്. പുറത്തിറങ്ങുന്നത് ആശുപത്രിയിലേക്കു മാത്രം. ആരെയും കാണാൻ ഇഷ്ടപ്പെടാതെ ആരോടും ഒന്നും പറയാതെ നാളുകൾ നീക്കി. ‘‘എനിക്ക് എല്ലാറ്റിനോടും വെറുപ്പാണ്, ഒന്നിനെയും ഇഷ്ടപ്പെടാനാവുന്നില്ല’’’ എന്നു കൗൺസലിങ്ങിനു വന്ന ഡോക്ടറോടു പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ടാണ് അവരതു കേട്ടത്. തന്റെ മുഖത്തുനോക്കി ഇത്രയധികം ഇഷ്ടത്തോടെ ചിരിക്കുന്നൊരാളെ ആ സമയത്ത് അവൾ കണ്ടിരുന്നില്ല. ‘‘ രഞ്ജുവിന് അൽപമെങ്കിലും സന്തോഷമോ ആശ്വാസമോ തോന്നുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അതിലേക്കു മനസ്സുകൊടുക്കുക. പാട്ടുകേൾക്കാനാണെങ്കിൽ അങ്ങനെ. ചിത്രം വരയ്ക്കാനാണെങ്കിൽ അങ്ങനെ’’. ഡോക്ടറുടെ ആശ്വാസവാക്കുകൾ തുടർന്നുകൊണ്ടിരുന്നു. കുട്ടിക്കാലത്ത് വർണങ്ങളുടെ ലോകത്ത് താൻ വരച്ചെടുത്ത ചില ചിത്രങ്ങൾ രഞ്ജുവിന്റെ മനസ്സിലേക്കു പൊടിതട്ടിയെത്തി.

അന്നു തിരിച്ചുപോകുമ്പോഴാണ് എട്ടാം ക്ലാസിൽ വച്ച് ചിത്രംവര നിർത്താനുണ്ടായ സംഭവം ഓർമ വന്നത്. സംസ്ഥാനതല ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യം കാണിച്ചു ചെന്നപ്പോൾ ‘താനൊന്നും പോകണ്ട’ എന്നു പറഞ്ഞു നിരുത്സാഹപ്പെടുത്തിയ അധ്യാപികയെ ഓർമവന്നു. എന്തുകൊണ്ട് അധ്യാപിക അന്നങ്ങനെ പെരുമാറിയെന്ന് അറിയില്ല. അന്നത്തോടെ പെയിന്റും ബ്രഷുമെല്ലാം ഉപേക്ഷിച്ചു. പലരും നിർബന്ധിച്ചെങ്കിലും രഞ്ജു വഴങ്ങിയില്ല. വീണ്ടും ചിത്രംവര തുടങ്ങിയാലോ എന്ന ചിന്തയായി. റോഡരികിലെ ‘വാനിഷിങ് പോയിന്റുകൾ’ തെളിഞ്ഞുവരാൻ തുടങ്ങി. (യാത്രയ്ക്കിടെ മനസ്സിൽ പതിയുന്ന ചില അപൂർവ കാഴ്ചകളെയാണു കലാകാരന്മാർ വാനിഷിങ് പോയിന്റ് എന്നു പറയുന്നത്). ചാലിയാർ പുഴയ്ക്കു കുറുകെയുള്ള പാലം കടക്കുമ്പോൾ പുഴയിൽകണ്ട കൊച്ചുദ്വീപാണ് രഞ്ജു ആദ്യം വരച്ചത്. കൈകളൊന്നും വഴങ്ങുന്നുണ്ടായിരുന്നില്ല. ഏറെനാളത്തെ പരിശ്രമം കൊണ്ട് നിറക്കൂട്ടുകളെല്ലാം കൃത്യമായി വരാൻ തുടങ്ങി. മനസ്സിൽ വർണക്കാഴ്ചകൾ നിറഞ്ഞു. ദേഷ്യം കുറഞ്ഞു, മുഖത്തു ചിരി വരാൻ തുടങ്ങി. വീടിന്റെ അകത്തളത്തുനിന്നു പുറത്തേക്കിറങ്ങാൻ ധൈര്യം വന്നു. ‘‘ നിന്റെ മുഖം കാണുമ്പോൾ പേടിയാകുന്നു’’ എന്നു പറയുന്നവരോടെല്ലാം ചിരിച്ചു. കുടുംബത്തോടൊപ്പം അതിരപ്പിള്ളിയിലും വയനാട്ടിലുമെല്ലാം യാത്ര ചെയ്തു. അവിടെയുള്ള കാഴ്ചകൾ വരച്ചെടുത്തു.

മനസ്സിലെ വർണക്കൂട്ടുകൾക്കനുസരിച്ച് കൈ ചലിക്കാൻ തുടങ്ങിയപ്പോൾ ഒരു മുഖം വരച്ചെടുത്തു. പൊള്ളൽ മാറ്റിമറിച്ച സ്വന്തം മുഖം. പിന്നീട് അതു തന്നെ പല കോണുകളിൽ നിന്നു വരച്ചു. ഈ വരകളെല്ലാം സ്വന്തം മുഖത്തോട് ഇഷ്ടം കൂടാൻ അവളെ സഹായിച്ചു.

മുഖത്തിനു മാത്രമേ പൊള്ളലേറ്റിട്ടുള്ളൂ എന്ന് രഞ്ജു തിരിച്ചറിഞ്ഞപ്പോൾ ചിത്രകലാ പഠനത്തിനായി വളാഞ്ചേരിയിലെയും പട്ടാമ്പിയിലെയും ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ചേർന്നു പഠിച്ചു. വളാഞ്ചേരി വര ഫൈൻ ആർട്സിലെ പ്രിൻസിപ്പൽ സുരേഷ് മേഞ്ചേരിയാണ് തൃപ്പൂണിത്തുറ ആൽഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിനെക്കുറിച്ചു പറഞ്ഞുകൊടുത്തത്. അവിടുത്തെ പഠനത്തിന് പ്രായമൊരു തടസ്സമായിരുന്നില്ല. 2019ൽ അവിടെ പെയിന്റിങ്ങിൽ ഡിഗ്രിക്കു ചേർന്നു. പിന്നീടു ശിൽപനിർമാണകലയിലേക്കു മാറി. അവിടത്തെ അധ്യാപകരുടെ പ്രോത്സാഹനം രഞ്ജുവിനെ ശരിക്കും മാറ്റിമറിച്ചു. അധ്യാപകരായ ബി.എസ്.അനു, വിപിൻ ജോർജ്, ജിതിൻലാൽ, ജഗേഷ്, വിവിഷ് വിജയൻ, സുവിത, സതീഷ് എന്നിവരെല്ലാം തന്നെ ശരിക്കും സഹായിച്ചെന്ന് രഞ്ജു ഓർക്കുന്നു. രഞ്ജുവിന്റെ കണ്ണൊന്നു നിറഞ്ഞാൽ അധ്യാപകർ തിരിച്ചറിയുമായിരുന്നു. പ്രതിസന്ധികളെ നേരിടാൻ അവർ നൽകിയ വാക്കുകൾ ശിൽപംപോലെ ഉറച്ചതായിരുന്നു.

കോവിഡ് വന്നതോടെ ക്ലാസ് നിലച്ചു. വീട്ടിനടുത്തു കിട്ടുന്ന പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് ശിൽപങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ചിതൽപുറ്റുകൾ മുതൽ ചണസഞ്ചിവരെ രൂപാന്തരം സംഭവിച്ച് ചിന്തിപ്പിക്കുന്ന ശിൽപങ്ങളായി.

കഴിഞ്ഞ വർഷം കണ്ണൂർ ശ്രീകണ്ഠപുരം കെ.ജി.സുബ്രഹ്മണ്യൻ കലാകേന്ദ്രത്തിൽ നടന്ന അഖിലേന്ത്യാ വുഡ് കാർവിങ് ക്യാംപിലേക്കു സിലക്‌ഷൻ കിട്ടിയത് പുതിയൊരു വാതിലാണു തുറന്നത്. രാജ്യത്തെ പ്രമുഖ ശിൽപികൾക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു.  പൊള്ളലേറ്റിരുന്നില്ലെങ്കിൽ എന്നു ചിന്തിച്ചുപോയത് അവിടെ വച്ചായിരുന്നു. മത്സങ്ങൾക്കെല്ലാം പങ്കെടുക്കാനുള്ള ആത്മവിശ്വാസത്തോടെയാണ് ആ ക്യാംപിൽ നിന്നു പുറത്തുവന്നത്. കേരള ലളിതകലാ അക്കാദമിയുടെ സോളോ ഗ്രാൻഡ് എക്സിബിഷനുള്ള അരലക്ഷം രൂപയുടെ പുരസ്കാരം ലഭിച്ചു. കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ ജൂലൈയിൽ ആയിരുന്നു ‘കനൽവെളിച്ചം’ എന്നു പേരിട്ട പ്രദർശന നടത്തിയത്. അവിടെ വച്ച 15 ഇൻസ്റ്റലേഷനുകൾക്കു മികച്ച അഭിപ്രായം ലഭിച്ചത് കലാകാരിയെന്ന നിലയ്ക്കുള്ള അംഗീകാരമായിരുന്നു രഞ്ജുവിന്. പ്രകൃദത്തവും മനുഷ്യനിർമിതവുമായ വസ്തുക്കൾ കൊണ്ടായിരുന്നു ശിൽപങ്ങളെല്ലാം നിർമിച്ചത്.

ഇത്രയൊക്കെയാകാമെങ്കിൽ ഇനിയും ആകാമെന്നാണു രഞ്ജുവിന്റെ തീരുമാനം. അങ്ങനെയാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെത്തുന്നത്. മകൾ വിനയയെ അച്ഛനമ്മമാരെ ഏൽപിച്ചാണ് ഹൈദരാബാദിലേക്കു പോയത്. ‘‘കേടുവന്ന മുഖം വച്ച് കലാലോകത്ത് എത്രയൊക്കെ പോകാമോ അത്രയും ഉയരത്തിലേക്കു ഞാൻ പോകാൻ ഒരുക്കമാണ്. ഇതെന്റെ രണ്ടാം ജന്മമാണ്. മരണവക്കിൽ നിന്നു തിരിച്ചെത്തിയ ഒരാളുടെ യാത്ര. വരകളും ശിൽപങ്ങളുമൊക്കെയായി ഞാൻ യാത്ര തുടരും. ഈ യാത്രയിൽ ചിലപ്പോൾ നിങ്ങളുടെ അടുത്തുവന്നിരുന്നെന്നുവരും. ബസിൽ ഞാനിരിക്കുന്ന സീറ്റിനടുത്തു വന്നിരുന്ന് എന്റെ മുഖം കണ്ടു ഞെട്ടി എഴുന്നേറ്റുപോയ എത്രയോ പേരുണ്ട്. ആ ഞെട്ടിയെഴുന്നേൽക്കലിൽ ഞാൻ ചിരിച്ചിട്ടുണ്ട്. ഇനി ചിലപ്പോൾ നിങ്ങളായിരിക്കും എന്നെ ചിരിപ്പിക്കുക. എന്നാലും ഇരിക്കുന്ന സീറ്റിൽ നിന്നു ഞാൻ എഴുന്നേൽക്കില്ല. യാത്ര തുടരും’’– ആത്മവിശ്വാസത്തോടെയാണ് രഞ്ജു പറയുന്നത്.

ശിൽപനിർമാണകലയിൽ പെൺസാന്നിധ്യം കുറവാണ്. നിങ്ങൾക്കിതു കഴിയുമോ എന്നാണു പലരും രഞ്ജുവിനോടു ചോദിച്ചത്. അത്തരം നിസ്സാരവൽക്കരിക്കലിൽ മനസ്സു പതറിപ്പോയിട്ടില്ല. തനതുവസ്തുക്കൾ കൊണ്ടു പുതിയ രൂപം മെനഞ്ഞെടുക്കാനുള്ള യാത്രയിലാണ് രഞ്ജുവിപ്പോൾ.

‘‘ എപ്പോഴെങ്കിലും പഴയ മുഖം വരച്ചിട്ടുണ്ടോ?’’–ചോദ്യം കേട്ട് രഞ്ജു ചിരിച്ചു.

‘‘ പൊള്ളലേറ്റതിനു ശേഷം ഞാൻ ആ മുഖം വരച്ചിട്ടേയില്ല. ആ രൂപം എന്റെയുള്ളിലുണ്ടെങ്കിലും വരയ്ക്കാൻ മനസ്സുവരില്ല. പുതിയമുഖം വരച്ചതിനു കണക്കുമില്ല’’. 

English Summary : Sunday special about Malappuram Valanchery native Renjumol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com