ADVERTISEMENT

ഇതു രണ്ടു സഖാക്കളുടെ ജീവിതമാണ്. ഒരാൾ സജീവ പാർട്ടിക്കാരനായിരുന്നു. മൂന്നു തവണ കേരളത്തിൽ നിന്നു ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാപ്രവർത്തനം കുറവായിരുന്നെങ്കിലും, സ്വന്തം കർമമേഖലയിൽ തിരക്കിലായിരുന്നെങ്കിലും സ്വജീവിതം കൊണ്ട് കമ്യൂണിസത്തെ ഇപ്പോഴും അടയാളപ്പെടുത്തുന്നയാളാണു മറ്റൊരാൾ. എറണാകുളം പുതുവൈപ്പ് ഓച്ചൻതുരുത്തിലെ കൊച്ചുവീട്ടിൽ കൊടിയൻ–താര ദമ്പതികളുടെ മകനായി പിറന്നു ഡൽഹിയിലേക്കു വളർന്ന എംപിയുടെ പേര് പി.കെ. കൊടിയൻ. എംപിയുടെ പത്നിയെന്ന മേൽവിലാസം ലഭിക്കും മുൻപേ ഡൽഹിയിൽ വേരുറപ്പിച്ച സിസിലി അവരുടെ കഥ പറയുമ്പോൾ ഒരുകാലം മുന്നിൽ തെളിഞ്ഞുവരും.

കൊടിയനെക്കുറിച്ച്..

സഖാവ് കൊടിയൻ ജീവിച്ചിരുന്നെങ്കിൽ കഴിഞ്ഞദിവസം നൂറാം പിറന്നാൾ ആഘോഷിക്കേണ്ടതായിരുന്നു. പുതിയ തലമുറ കമ്യൂണിസ്റ്റുകൾക്ക് ഒരുപക്ഷേ, കൊടിയൻ മാസ്റ്റർ അത്ര പരിചിതനായിരിക്കില്ല. നാട്ടിലേക്കു മടങ്ങണമെന്നും നാട്ടുകാർക്കുവേണ്ടി കൂടുതൽ എന്തെങ്കിലും ചെയ്യണമെന്നും തീവ്രമായി ആഗ്രഹിച്ചിട്ടും പാർട്ടിക്കുവേണ്ടി ഡൽഹിയിൽ തുടരേണ്ടിവന്ന കമ്യൂണിസ്റ്റ്. ഇന്ത്യൻ പാർലമെന്റിന്റെ ആരംഭദശയിൽ എകെജിയെപ്പോലെ പേരുകേട്ടവർക്കൊപ്പം നാടിനായി നിവർന്നുനിന്ന യുവശബ്ദമായിരുന്നു കൊടിയന്റേത്. പഴയ മാവേലിക്കര, അടൂർ മണ്ഡലങ്ങളിൽ നിന്നായി മൂന്നു തവണ ലോക്സഭയിലെത്തി.

എറണാകുളംകാരാണെങ്കിലും സിസിലിയും കൊടിയനും ഒന്നായ കഥ തുടങ്ങുന്നത് ഇരുവരും ഡൽഹിയിലെത്തിയ ശേഷമാണ്. അതറിയാൻ 1957–ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കൊടിയന്റെ വിജയം മുതൽ തുടങ്ങണം. ജനിച്ചതും വളർന്നതും എറണാകുളം ജില്ലയിലാണെങ്കിലും മാവേലിക്കര ദ്വയാംഗ മണ്ഡലത്തിൽ സ്ഥാനാർഥിയാകാനാണു പാർട്ടി നിയോഗിച്ചത്. 1952ലെ കന്നി മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 1957–ൽ മികച്ച വിജയവുമായി എ.കെ.ഗോപാലൻ, പി.ടി.പുന്നൂസ്, കെ.കെ.വാര്യർ, വി.പി.നായർ, എം.കെ.കുമാരൻ, പി.കെ.വാസുദേവൻ നായർ തുടങ്ങിയ പ്രഗത്ഭരായ എംപിമാരുടെ നിരയിലേക്കു കൊടിയനും നടന്നു കയറി. മഹാരാജാസ് കോളജിൽ പഠിച്ച്, സർവകലാശാലയിലെ തന്നെ ഉയർന്ന മാർക്കോടെ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ കൊടിയൻ കാര്യങ്ങൾ പഠിച്ചവതരിപ്പിച്ചു കത്തിക്കയറുന്ന യുവ എംപിയായി.

സിസിലിയെക്കുറിച്ച്..

സ്വന്തം സഖാവിന്റെ ജീവിതാഗ്രഹം പോലെ, 94–ാം വയസ്സിലും സിസിലി സജീവമായി നാടിനെ സേവിക്കുന്നു. ഡൽഹി ദ്വാരകയിലെ റസിഡൻഷ്യൽ ഫ്ലാറ്റുകളിലെ വനിതകൾക്കായി തുടക്കമിട്ട ‘അസോസിയേഷൻ ഓഫ് നെയിബർഹുഡ് ലേഡീസ് ഗെറ്റ് ടുഗെതർ’ ഇന്നിവിടത്തെ വലിയ സംഘടനകളിലൊന്നാണ്; അയ്യായിരത്തോളം അംഗങ്ങൾ. ഗ്രന്ഥശാല നടത്തിപ്പും പരിസ്ഥിതി പ്രവർത്തനവുമൊക്കെയായി സിസിലി പ്രവർത്തനം തുടരുന്നു.

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ കൊടിയൻ സജീവമായ കാലത്തു കൊല്ലം എസ്എൻ കോളജിൽ ഗണിതശാസ്ത്ര ബിരുദ വിദ്യാർഥിയായിരുന്നു സിസിലി. അന്നത്തെ 51 രൂപ സ്കോളർഷിപ്പോടെ പഠിച്ചിരുന്ന മിടുക്കി. അച്ഛൻ ബി.എച്ച്. ശങ്കരൻ ശ്രീനാരായണ ധർമ പരിപാലന യോഗം നേതാവ്, അടിയുറച്ച കമ്യൂണിസ്റ്റ്. പേരു കൊണ്ടുപോലും മതം തിരിച്ചറിയരുതെന്ന നിർബന്ധമായിരുന്നു സിസിലിയെന്ന പേരിനു പിന്നിൽ; സിസിലിയുടെ സഹോദരന്റെ പേര് സലിം എന്നാണ്.

കൃഷിഭൂമി കർഷകനെന്ന ആഹ്വാനം മുഴങ്ങിക്കേട്ട കാലമാണത്. അതിന്റെ തുടർച്ച കുടുംബത്തിലുമുണ്ടായി. കുടുംബസ്വത്ത് അവിടെ പാട്ടത്തിനു ജോലി ചെയ്തിരുന്ന ആൾക്കു കൊടുക്കാനുള്ള ശങ്കരന്റെ നീക്കം അദ്ദേഹത്തിന്റെ അമ്മതന്നെ ആ നീക്കം തടഞ്ഞു. തുടർന്നു കുടുംബത്തിലുണ്ടായ അസ്വാരസ്യങ്ങൾ കാരണം സിസിലിയുടെ അമ്മ ഭവാനിക്കു വീട്ടിൽ നിന്നിറങ്ങേണ്ടി വന്നു. സംഘടനാ പ്രവർത്തനത്തിന് ശങ്കരൻ മലബാറിലായിരുന്നതിനാൽ ഭവാനിക്ക് അഭയമൊരുക്കിയത് കോടനാട്ടെ പാർട്ടിക്കാരാണ്.

വീട്ടിലെ പുകിലൊന്നും കൊല്ലത്തു കോളജിലായിരുന്ന സിസിലി അറിഞ്ഞിരുന്നില്ല. ഒരാഴ്ച കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ വാടകവീട്ടിലേക്കു മാറ്റപ്പെട്ട കുടുംബം. വീട്ടിലെ പ്രതിസന്ധികൾ കൂടിവന്ന അക്കാലത്തു ജോലി തേടിപ്പോകാൻ സിസിലി തീരുമാനിച്ചു. ബോംബെയിലേക്കു കല്യാണം കഴിഞ്ഞു പോയ സുഹൃത്തിനടുത്തേക്കു പോയി. ഇടതു സൈദ്ധാന്തികൻ പി.ഗോവിന്ദപ്പിള്ള വഴി സിപിഐ മുൻ ജനറൽ സെക്രട്ടറി ഡോ. ഗംഗാധർ അധികാരിയെ ബന്ധപ്പെട്ടു. അദ്ദേഹം വൈഡബ്യുസിഎ ഹോസ്റ്റലിൽ താമസം ശരിയാക്കി. അവിടെ സെന്റ് ഫിലോമിനാസ് സ്കൂളിൽ ജോലി ശരിയായെങ്കിലും വീട്ടിലേക്കു മിച്ചം പിടിക്കാൻ പോന്ന വരുമാനമുണ്ടായിരുന്നില്ല. ഗോവിന്ദപിള്ളയ്ക്കു സിസിലി കത്തെഴുതി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഡൽഹിയിലെത്തി.

ക്രൂഷ്ചേവിനൊപ്പം കോടനാട്ടുകാരി

ആ സമയത്തു ഡൽഹിയിൽ നടന്ന രാജ്യാന്തര വ്യാപാര മേളയിലെ ഒരു സ്റ്റാളിന്റെ ചുമതലയായിരുന്നു ആദ്യ ജോലി. പ്രദർശന നഗരിയിലെ തന്റെ പവലിയനിലേക്കു സോവിയറ്റ് യൂണിയന്റെ അനിഷേധ്യ നേതാവ് നികിത ക്രൂഷ്ചേവ് കടന്നു വന്നത് ഇന്നും സിസിലിയുടെ മനസ്സിലുണ്ട്. അച്ഛന് അയച്ച കത്തിൽ ഇക്കാര്യം അറിയിച്ചിരുന്നു. മകൾ ക്രൂഷ്ചേവിനെ കണ്ടുമുട്ടിയത് അച്ഛൻ ശങ്കരൻ അഭിമാനത്തോടെ നാട്ടുകാരോടു പറഞ്ഞതായി സിസിലി ഓർക്കുന്നു. ഡൽഹിയിൽ വർക്കിങ് ഗേൾസ് ഹോസ്റ്റലിലായിരുന്നു താമസം. അവിടെ കൂട്ടായി ഒട്ടേറെ ഗവേഷണ വിദ്യാർഥികൾ. അവർക്കൊപ്പം ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് ലൈബ്രറിയിൽ പോകുന്ന പതിവ് സിസിലിക്കുണ്ടായിരുന്നു. പിന്നീട് താൽക്കാലിക അസിസ്റ്റന്റ് ലൈബ്രേറിയനായി ജോലി ചെയ്തു. അപ്പോഴും സാമ്പത്തിക പ്രതിസന്ധി അലട്ടി.

sisily-2
സിസിലിയും കൊടിയനും

‘ഒന്നാം നമ്പർ’ ട്യൂഷൻ ടീച്ചർ

ഒരു ദിവസം ലൈബ്രറിയിൽ ഇരിക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ നിന്നൊരു സ്ത്രീയുടെ കരച്ചിൽ കേട്ട് ഓടിച്ചെന്നു. നോക്കുമ്പോൾ പേശിവലിവു മൂലം ഒരു യുവതി നിലത്തിരിക്കുന്നു. അവരെ സഹായിച്ചു. യുഎസിൽ നിന്നു പിഎച്ച്ഡി കഴിഞ്ഞുവന്ന സ്ത്രീയാണ്. സംസാരത്തിനിടെ ജോലിയെക്കുറിച്ചു സംസാരിച്ചപ്പോൾ സുഹൃത്തിന്റെ മക്കൾക്കു ട്യൂഷൻ എടുത്തു നൽകുന്നതിനെക്കുറിച്ചു പറഞ്ഞു. അവരെ കാണാനായി ഒപ്പം വരണമെന്നും ആവശ്യപ്പെട്ടു.

‘ഞങ്ങളെ കൂട്ടാൻ കാറു വന്നു. അതിൽ കയറിച്ചെല്ലുമ്പോൾ എങ്ങോട്ടാണു പോകുന്നതെന്നു പോലും അറിയില്ലായിരുന്നു. കാർ ചെന്നുനിന്നതു രാഷ്ട്രപതി ഭവനിൽ. ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്റെ പേരക്കുട്ടികളായിരുന്നു വിദ്യാർഥികൾ. ‘മാസ്റ്റർണി’യെന്ന് അവർ സന്തോഷത്തോടെ എന്നെ വിളിച്ചു’– സിസിലി ഓർക്കുന്നു.

വർഷങ്ങൾക്കു ശേഷം ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഒരു കടയിൽ നിൽക്കുമ്പോൾ മാസ്റ്റർണി എന്ന വിളി സിസിലി വീണ്ടും കേട്ടിട്ടുണ്ട്. ദൂരെവച്ചു തന്നെ തിരിച്ചറിഞ്ഞ രാഷ്ട്രപതി ഭവനിലെ ആ പഴയ വിദ്യാർഥി അപ്പോഴേക്കും ഡോക്ടറായി വളർന്നിരുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ‘പ്രഥമ വനിത’യും ഡോ. രാജേന്ദ്ര പ്രസാദിന്റെ ഭാര്യയുമായ രാജ്‌വൻഷി ദേവിക്കും സിസിലിയെ വലിയ ഇഷ്ടമായിരുന്നു. രാഷ്ട്രപതിഭവനിലുണ്ടായിരുന്ന മലയാളിയായ ഷെഫ് കേരളീയ ഭക്ഷണമുണ്ടാക്കുമ്പോൾ അതിലൊരു പങ്ക് തനിക്കും നൽകുമായിരുന്നുവെന്നു പറയുമ്പോൾ സിസിലിയുടെ മുഖത്ത് ഓർമകളുടെ മധുരം.

അവരുടെ കൂടിക്കാഴ്ച

രാഷ്ട്രപതിഭവനിലെ ട്യൂഷൻ ജോലിക്കിടയിലും ലൈബ്രറിയിലെ ചുമതലയും സിസിലി തുടർന്നു. ഒരു ദിവസം വൈകുന്നേരം ഒരു യുവാവ് ലൈബ്രറിയിലേക്കു വന്നു. സുഹൃത്ത് മാത്യു കുര്യനെ (പിന്നീടു രാജ്യസഭാംഗമായി) അന്വേഷിച്ചായിരുന്നു വരവ്. പിന്നാലെ, മാത്യുവിനെയും സുഹൃത്തുക്കളെയും കൂട്ടി ചായകുടിക്കാൻ പോയി. സുഹൃത്തായ മാത്യു കുര്യൻ ക്ഷണിച്ചതിനാൽ ആ ചായസംഘത്തിൽ സിസിലിയും പങ്കാളിയായി. മാത്യുവിനോടു മലയാളത്തിൽ സംസാരിച്ച യുവാവിനെ അങ്ങോട്ടുകയറി പരിചയപ്പെട്ടെന്നു സിസിലി ഓർക്കുന്നു.

നാടു ചോദിച്ചപ്പോൾ എറണാകുളം. അച്ഛനെ അറിയുമോ എന്നായിരുന്നു അടുത്ത ചോദ്യം. ചില വേദികളിൽ ഒന്നിച്ചു പങ്കെടുത്തിട്ടുണ്ടെന്നു യുവാവിന്റെ മറുപടി. അതിൽകൂടുതലൊന്നും പറഞ്ഞില്ല. മടക്കം ടാക്സിയിലാണെന്നറിഞ്ഞപ്പോൾ ഗൗരവപ്പെട്ട ആരോ ആണെന്നു തോന്നിയെന്നല്ലാതെ എംപിയാണെന്ന് അപ്പോഴും അറി‍ഞ്ഞില്ല. പിറ്റേന്നാണു മാത്യു വിവാഹാലോചനയുടെ കാര്യം പറയുന്നത്. സുഹൃത്തുക്കൾ തമ്മിൽ ദിവസങ്ങളായി നടത്തിയ ചർച്ചകളുടെ തുടർച്ചയായിരുന്നു ആ കൂടിക്കാഴ്ച. പെണ്ണുകാണൽ ചടങ്ങിനാണ് ‘യുവ എംപി’ വന്നത്. അയാൾ എങ്ങനെയുണ്ടെന്നാണു മാത്യുവിന് അറിയേണ്ടിയിരുന്നത്. കല്യാണക്കാര്യമായിരുന്നെങ്കിൽ നേരത്തേ പറയണ്ടേ, ജീവിതം മുഴുവൻ ഒപ്പം താമസിക്കേണ്ട ആളല്ലേ എന്നായിരുന്നു സിസിലിയുടെ മറുപടി.

അച്ഛനുമായി അടുപ്പമുള്ള പികെവിയോടു പി.കെ. കൊടിയൻ എംപിയെക്കുറിച്ചു ചോദിച്ചപ്പോൾ നല്ല അഭിപ്രായം. ഇതിനിടെ മാത്യു വിവരം സിസിലിയുടെ കുടുംബത്തെ അറിയിച്ചതോടെ കാര്യങ്ങൾ മുറുകി. മകളുടെ സമ്മതം കൂടി ഉണ്ടാകുമെന്നു കരുതിയാകും അച്ഛൻതന്നെ വിവാഹത്തീയതി നിശ്ചയിച്ചു.

എംപിയായ ‘പയ്യൻ’

പുതുവൈപ്പിലെ എടവനക്കാട്ടാണു കൊടിയൻ ജനിച്ചത്. സ്കൂൾ കാലത്തു തന്നെ സ്വാതന്ത്ര്യ സമരത്തിൽ തൽപരനായ അദ്ദേഹം ഗാന്ധിജിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ്രോയിക്കു ടെലിഗ്രാം അയച്ചതു പ്രസിദ്ധമാണ്. സുഹൃത്തും സഹപാഠിയുമായിരുന്ന എ.കെ. ദാമോദരനുമായി നാടുനീളെ നടന്ന് 14 അണ പിരിച്ചെടുത്താണ് ഇവർ ഗാന്ധിജിയുടെ മോചനം ആവശ്യപ്പെട്ടത്.

വിദ്യാർഥി ഫെഡറേഷനിൽ അംഗമായിരുന്ന കൊടിയൻ, സാമൂഹികനീതിക്കായി പോരാടിയിരുന്ന സമസ്‌ത കൊച്ചി പുലയ മഹാസഭയിലും പ്രവർത്തിച്ചു. പിന്നീടു കൊച്ചി-കണയന്നൂർ താലൂക്കിൽ കർഷക–തൊഴിലാളി സംഘടന കെട്ടിപ്പടുക്കാൻ യത്നിച്ചു. എറണാകുളം ജില്ലയിൽ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിലും സജീവമായി. ഒളിവിലും ജയിലിലുമൊക്കെയായി അദ്ദേഹം യാതനകൾ നേരിട്ടു. ഇടപ്പള്ളിക്കേസിൽ അറസ്‌റ്റുചെയ്യപ്പെട്ടു; പൊലീസ് മർദനത്തിന് ഇരയായി. അഗ്നിപരീക്ഷകളിലൂടെയാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലേക്ക് ഉയർന്നത്. ‘പയ്യനു’മായി നേരത്തേ പല കമ്യൂണിസ്റ്റ് വേദികൾ പങ്കിട്ടിട്ടുള്ള ശങ്കരനു ജാതിഭേദം പ്രശ്നമായില്ല. എന്നാൽ, മറ്റു ബന്ധുക്കളുടെ മനോഭാവം അതായിരുന്നില്ല. പക്ഷേ, പാർട്ടി മുൻകയ്യെടുത്ത കല്യാണവേദിയിൽ എതിർപ്പുകൾ മാറിനിന്നു.

കാർമികനായി ഇഎംഎസ്

ഫെബ്രുവരി നാലിനു കല്യാണമെന്നു നിശ്ചയിച്ചെങ്കിലും കല്യാണപ്പെണ്ണിനു നാട്ടിലേക്ക് എത്തുന്നതിലെ തടസ്സമായിരുന്നു അടുത്ത പ്രതിസന്ധി. രാഷ്ട്രപതി ഭവനിൽനിന്ന് അനുമതി കിട്ടിയാലും അവിടത്തെ കുട്ടികൾ സമ്മതിക്കാത്ത അവസ്ഥ. അക്കൊല്ലം ജനുവരി 26നു നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ കുട്ടികൾക്കൊപ്പം പോകേണ്ടതുണ്ട്. ഒടുവിൽ പരേഡ് കഴിഞ്ഞ് 28നു നാട്ടിലേക്കു തിരിച്ചു. അതും മദ്രാസ് വരെ ഒരു ട്രെയിനിലും അവിടെ നിന്നു മറ്റൊന്നിലും. 4 ദിവസത്തെ യാത്ര.

1958 ഫെബ്രുവരി നാലിനു വിവാഹം. പെരുമ്പാവൂർ എസ്എൻഡിപി ഹാളിലായിരുന്നു ചടങ്ങ്. നേതാക്കൾ ഒട്ടേറെ വന്നു. മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടാണ് സിസിലിക്കു വരണമാല്യം എടുത്തു നൽകിയത്; കൊടിയന് പാർട്ടി ജില്ലാ സെക്രട്ടറി പി.ഗംഗാധരനും. ധനമന്ത്രി സി.അച്യുതമേനോൻ ഉൾപ്പെടെ വേറെയും നേതാക്കളും. കല്യാണച്ചടങ്ങിനു വന്നവർക്കു വിരുന്നുസൽക്കാരം പോലുമുണ്ടായില്ല. സിസിലിയുടെ വീട്ടിൽ ചെന്നശേഷം പുതുവൈപ്പിൽ പയ്യന്റെ വീട്ടിലേക്കുള്ള യാത്രയായിരുന്നു അടുത്ത കടമ്പ. ബോട്ടിലാണു യാത്ര. അതിൽ കയറാൻ പോലും മടിച്ചും പേടിച്ചും നിന്ന സിസിലിയെ പാർട്ടിക്കാരാണു കൈപിടിച്ചു കയറ്റിയത്. എംപിയുടെ വീടായിരുന്നെങ്കിലും പരിമിതികൾ നിറഞ്ഞ ഇടമായിരുന്നു അത്. ശുചിമുറി സൗകര്യം പോലും ഇല്ലായിരുന്നുവെന്നു സിസിലി പറയുന്നു.

വീണ്ടും ഡൽഹിയിലേക്ക്

പിറ്റേന്നു വീട്ടിലേക്കു മടങ്ങിയെത്തിയശേഷം ഡൽഹിയിലേക്കുപോകാനുള്ള ഒരുക്കങ്ങളും തുടങ്ങി. മാർച്ച് 9നു തുടങ്ങുന്ന പാർലമെന്റ് സമ്മേളനമായിരുന്നു കാരണം. നാലു ദിവസം മുൻപേ പുറപ്പെട്ടു. ആദ്യം താമസിച്ചതു സിപിഐ ഓഫിസിന്റെ ഭാഗമായ മുറിയിലാണ്. മറ്റ് എംപിമാരൊക്കെ താമസിച്ചിരുന്ന കൊടിയന്റെ വീട് ഒഴിഞ്ഞു കിട്ടാ‍ൻ പിന്നെയും ദിവസങ്ങളെടുത്തു. പ്രഥമ വനിത രാജ്‌വൻഷി ദേവിയുടെ ക്ഷണപ്രകാരം രാഷ്ട്രപതി ഭവനിൽ ചെന്നു വിരുന്നു സ്വീകരിച്ചു. നോർത്ത് അവന്യുവിലെ തങ്ങളുടെ എംപി വസതിയിലേക്ക് തൊട്ടടുത്തുള്ള രാഷ്ട്രപതി ഭവനിൽ നിന്നു കുട്ടികൾ വരുമായിരുന്നുവെന്നും സിസിലി പറയുന്നു.

ഇറക്കി വിട്ട ബസവ

1962 വരെ എംപിയായി തുടർന്ന കൊടിയൻ വീണ്ടും ജനവിധി തേടിയെങ്കിലും ജയിക്കാനായില്ല. പാ‍ർട്ടി സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിച്ച കൊടിയൻ പൂർണമായി നാട്ടിലേക്കു മാറിയതുമില്ല. പ്രമുഖ കമ്യൂണിസ്റ്റ് നേതാവും രാജ്യസഭാംഗവുമായ എം.ബസവ പുന്നയ്യയുടെ വീട്ടിലാണ് അപ്പോൾ കൊടിയനും കുടുംബവും താമസിച്ചിരുന്നത്. എന്നാൽ, 1964–ൽ പാർട്ടി പിളർന്നപ്പോൾ മാതൃപാർട്ടിയായ സിപിഐയിൽ ഉറച്ചു നിന്ന കൊടിയനെയും കുടുംബത്തെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടാണ് ബസവ പുന്നയ്യ പ്രതികരിച്ചത്. പുതുതായി രൂപം കൊണ്ട സിപിഎമ്മിൽ അന്നു മുതൽ പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന ബാസവ പുന്നയ്യയോട് ഉൾപ്പെടെ പുതിയ പാർട്ടിയിലെ മിക്ക നേതാക്കളോടും കാര്യമായ സൗഹൃദം പിന്നീട് കൊടിയനുണ്ടായില്ല. എന്നാൽ എകെജി, ഭാര്യ സുശീല ഗോപാലൻ ഉൾപ്പെടെ സിപിഎമ്മിലെ നേതാക്കളുമായി സിസിലി എക്കാലവും സൗഹൃദം തുടർന്നു. ബസവ പുന്നയ്യയുടെ വീട്ടിൽനിന്ന് ഇറങ്ങിയശേഷം താമസിച്ചത് തമിഴ്നാട്ടിൽ നിന്നുള്ള സിപിഐ എംപി കെ.ബാലദണ്ഡായുധത്തിന്റെ വീട്ടിലാണ്.

ഒരേസമയം 4 ജോലി

ഡൽഹിയിൽ വന്ന് ആദ്യ കാലത്തുതന്നെ റഷ്യൻഭാഷ പഠിച്ചെടുക്കാൻ സിസിലി ശ്രമിച്ചു. അതിനുള്ള ക്ലാസിലും ചേർന്നു. കൊടിയൻ എംപി അല്ലാതായ ഘട്ടത്തിലും സിസിലിയും മക്കളും ഡൽഹിയിൽ തുടർന്നു. ജീവിതച്ചെലവിനായി ഒരേസമയം 4 ജോലികൾ വരെ ചെയ്തു. ഫിറോസ് ഷാ റോഡിലെ റഷ്യൻ കൾച്ചറൽ സെന്ററിൽ ഭാഷ പഠിപ്പിച്ചു തുടങ്ങുന്ന പ്രഭാതം, പിന്നെ, അടുത്തുള്ളൊരു സ്കൂളിൽ ഗണിതാധ്യാപികയായി, വൈകിട്ടു ലൈബ്രറിയിലെ ജോലി, ഇന്ത്യ–സോവിയറ്റ് സൗഹൃദം ദൃഢമാകുന്ന കാലമായിരുന്നതിനാൽ രാത്രികാലത്ത് പരിഭാഷാ ജോലികൾ. അങ്ങനെ സദാ തിരക്കിൽ. ഇംഗ്ലീഷിലും മലയാളത്തിലുമായി 13 പുസ്തകങ്ങളും രചിച്ചു.

ഡൽഹിയിലെ ഈ അധ്വാനവും ജീവിതവും വഴി മക്കൾക്കു നല്ല വിദ്യാഭ്യാസം നൽകാനായി. മൂത്തമകൾ താര ഷറഫുദ്ദീൻ 1984–ൽ ഐഎഎസ് നേടി കേരള കേഡർ ഉദ്യോഗസ്ഥയായിരുന്നു. പിന്നീടു സിവിൽ സർവീസ് ഉപേക്ഷിച്ചു, നിലവിൽ ലോക ബാങ്കിൽ ജോലി ചെയ്യുന്നു. മനു, ഡോ. മീര (ഇരുവരും യുഎസ്), ബിസിനസുകാരനായ മനോജ് എന്നിവരാണ് മക്കൾ.

ജഗ്ജീവൻ റാം പറഞ്ഞ യോഗ

ഡൽഹി ആർഎംഎൽ ആശുപത്രിയിലെ 4 –ാം നമ്പർ മുറി കൊടിയനു വേണ്ടി പറഞ്ഞുവച്ചതാണെന്ന് ഡൽഹിയിലെ സഖാക്കൾ പറയുമായിരുന്നു. പാർട്ടിക്കു വേണ്ടി രാജ്യം മുഴുവൻ കറങ്ങിത്തിരിഞ്ഞു രോഗബാധിതനായി തിരിച്ചെത്തുന്നതാണു കാരണം. 

അടൂരിൽ നിന്നു വീണ്ടും ലോക്സഭയിലേക്കു ജയിച്ച കാലമാണ്.ആന്ധ്രയിലെ ഒരു പാർട്ടിപ്പരിപാടിക്കു പോയിരിക്കുകയായിരുന്നു കൊടിയൻ. അവിടത്തെ പാർട്ടി സെക്രട്ടറി ഫോണിൽ ബന്ധപ്പെട്ട് അറിയിച്ചത് വിമാനമാർഗം കൊടിയൻ ഡൽഹിക്കു മടങ്ങുന്നുവെന്നാണ്. പാർട്ടിയുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോൾ വിമാനത്തിലെ മടക്കം പതിവുള്ളതല്ല. അപകടം മണത്തു. നേരെ വിമാനത്താവളത്തിൽ ചെന്നു. വിമാനമിറങ്ങി കൊടിയൻ നടന്നുവരുന്നതു കണ്ടതു വലിയ ആശ്വാസമായിരുന്നുവെന്നു സിസിലി പറയുന്നു. പക്ഷേ, കൊടിയനു കടുത്ത പനിയുണ്ടായിരുന്നു. പതിവുള്ള ആസ്മ രോഗവും ശക്തമായി. 3 മാസത്തോളം ആശുപത്രിയിൽ തുടർന്നു. ഒരു ഘട്ടത്തിൽ, അറിയിക്കേണ്ടവരെ അറിയിച്ചോളു എന്നു പോലും ഡോക്ടർമാർ പറഞ്ഞു.

കൊടിയന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു പാർലമെന്റിലും അറിയിപ്പുണ്ടായി. ആശുപത്രിയിൽ കൊടിയനെ സന്ദർശിക്കാൻ കേന്ദ്രമന്ത്രി ജഗ്ജീവൻ റാം വന്നിരുന്നു. അദ്ദേഹം വാത്സല്യത്തോടെ സിസിലിയോടു പറഞ്ഞു: ‘സിസിലി ആരോഗ്യം കാക്കാൻ യോഗ ജീവിതത്തിന്റെ ഭാഗമാക്കണം.’ ഇന്ദിരാ ഗാന്ധിയുടെ ഉൾപ്പെടെ യോഗാഗുരുവായിരുന്ന ധീരേന്ദ്ര ബ്രഹ്മചാരിയ്ക്കു ശിഷ്യപ്പെടാൻ നിർദേശിച്ചതും ജഗ്ജീവൻ റാം തന്നെ. അതനുസരിച്ച് യോഗ അഭ്യസിച്ച സിസിലി ഇപ്പോഴും യോഗ ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു.

കൊടിയൻ മാസ്റ്റർ എന്നു സഖാക്കൾ സ്നേഹം ചേർത്തു വിളിച്ചിരുന്ന ‘സഖാവ് കൊടിയൻ’ 2001–ൽ ശ്വാസകോശരോഗ ബുദ്ധിമുട്ടുകളെത്തുടർന്നാണു മരിച്ചത്. ദീർഘകാലം പാർട്ടിയുടെ ദേശീയ കൗൺസിലിലും എക്‌സിക്യൂട്ടീവിലും അംഗമായി. അഖിലേന്ത്യാ കർഷകത്തൊഴിലാളി സംഘടനയുടെ (ബികെഎംയു) ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു. മരണസമയംവരെ അദ്ദേഹം സംഘടനയുടെ പ്രസിഡന്റായിരുന്നു. പക്ഷേ, ശ്വാസകോശരോഗം മൂർച്ഛിച്ച അവസാന നാളുകളിൽ യോഗങ്ങൾക്കും മറ്റും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴും വിപി ഹൗസിലെ താമസസ്ഥലത്തു കാണാനെത്തിയവരോട് അസുഖം വകവയ്ക്കാതെ വിശേഷങ്ങൾ തിരക്കിയും എല്ലാവരെയും ചേർത്തുനിർത്തിയും ജീവിച്ചവരാണു കൊടിയനും ഭാര്യ സിസിലിയുമെന്ന് അക്കാലത്ത് ഇവർക്കൊപ്പം വിപി ഹൗസിലുണ്ടായിരുന്ന മഹിള ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി ആനി രാജ ഓർക്കുന്നു. പാർട്ടിയും പദവിയും നോക്കാതെ എല്ലാവരെയും സ്നേഹത്തോടെ സ്വീകരിച്ചിരുന്നിടമായിരുന്നു ഇവരുടെ വീട്. വിപി ഹൗസും കൊടിയനും വിട്ടുപോയെങ്കിലും ദ്വാരക സെക്ടർ 23ലെ വീട്ടിൽ സ്മരണകളിരമ്പുന്ന പുഞ്ചിരിയുമായി സിസിലിയുണ്ട്.

English Summary : Sunday Special about PK Kodiyan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com