ADVERTISEMENT

പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുന്ന കാലം. വിഷുവിന്റെ തലേദിവസം വല്യമ്മയുടെ മകൻ കിഷോറേട്ടൻ ഒരു കൂട്ടുകാരനെയും കൂട്ട‌ി വീട്ടിൽ വന്നു. പേര് അജിത്. മഞ്ഞ പട്ടുപാവാടയും ചുവന്ന ബ്ലൗസും കൈനിറയെ കുപ്പിവളകളുമണിഞ്ഞ് ആരെയും കൂസാത്ത ഭാവത്തിൽ നടക്കുന്ന എന്നെ ചേട്ടന്റെ കൂട്ടുകാരൻ ശ്രദ്ധിക്കുന്നതേയില്ല. തെല്ലു നിരാശയിൽ ഞാൻ പിറുപിറുത്തു; ഓ! ഇയാൾക്കെന്താ എന്നെ പിടിച്ചില്ലേ? മീശയില്ലാത്ത വഴുക്കൻ മുട്ട!

പിറ്റേന്നു വിഷു. എല്ലാവരും മുറ്റത്തു പടക്കം പൊട്ടിക്കുകയാണ്. വിളക്കെണ്ണ എടുക്കാൻ ഞാൻ പൂജാമുറിയിലേക്കു വന്നു. തിരിച്ചിറങ്ങുമ്പോൾ ഇടുങ്ങിയ പൂജാമുറിയുടെ വാതിൽക്കൽ അയാളുണ്ട്. കൈയിലിരുന്ന കടലാസ് അയാളെനിക്കു നീട്ടി. ഈശ്വരാ... അമ്മയെങ്ങാനും കണ്ടാൽ! പക്ഷേ, വേണ്ടെന്നു പറയാനും തോന്നിയില്ല. കടലാസ്സും വാങ്ങിയോടി. പ്രേമലേഖനമായിരിക്കും, ഉറപ്പ്. ഡയറിക്കുള്ളിൽ ഒളിപ്പിച്ചു വച്ച് നെഞ്ചിടിപ്പോടെ ഞാൻ തുറന്നുനോക്കി. മഞ്ഞക്കടലാസിൽ കറുത്ത മഷികൊണ്ടു വരച്ച എന്റെ മനോഹരമായ ഒരു ചിത്രം. എനിക്ക് ആ വരയിൽ നിന്നു കണ്ണെടുക്കാൻ തോന്നിയില്ല. എന്നെക്കാൾ എത്രയോ സുന്ദരിയാണു വരയിലെ ഞാൻ! ഞാനാ ചിത്രം ഭദ്രമായി ഒളിച്ചു വച്ചു. അതു വരച്ചു തന്നയാളായിരുന്നു അജിത് നൈനാൻ. ചേട്ടന്റെ കൂട്ടുകാരൻ.

അന്നു വൈകുന്നേരം തൃശൂർ പൂരം എക്സിബിഷൻ കാണാൻ ഞങ്ങളെല്ലാവരും പോയി. ഞാനും അദ്ദേഹവും ഒരുപാടു സംസാരിച്ചു. പിറ്റേന്ന് അദ്ദേഹം മദ്രാസിലേക്കു മടങ്ങിപ്പോവുകയാണ്. ‘‘ചിത്രകല മനസ്സിന് ഒരുപാടു സന്തോഷം നൽകും. ഊർമിളയുടെ ചിത്രമെഴുത്ത് ഞാൻ പ്രോത്സാഹിപ്പിക്കാം. ഞാൻ ചിത്രങ്ങൾ വരച്ചയക്കാം. അതു നോക്കി വരച്ചിട്ട് എനിക്കു തിരിച്ചയച്ചു തരണം’’: അദ്ദേഹം യാത്ര പറഞ്ഞുപോയി.

പത്തു പേജാണ് അജിത് നൈനാൻ അയച്ചിരുന്ന ഏറ്റവും ചെറിയ കത്തിന്റെ വരെ നീളം. ഒരുപാടു സ്നേഹം നിറച്ച കത്തുകൾ. എന്നെ ഓർത്തു വരയ്ക്കുന്ന എന്റെ ചിത്രങ്ങളും. ഒരു ദിവസം പോസ്റ്റുമാനെക്കണ്ട് ഞാൻ ഓടിച്ചെന്നു. എന്നെക്കാൾ മുമ്പ് വല്യച്ഛൻ പോസ്റ്റ്മാന്റെ കൈയിൽ നിന്നു കവർ വാങ്ങി. ആ കത്ത് എന്റെ മുൻപിൽ വച്ചുതന്നെ പൊട്ടിച്ചു വായിച്ചിട്ട് കൽപിച്ചു;. “ഇനി മുതൽ നീ നൈനാന് കത്തുകളെഴുതേണ്ട. വെറുതേ ഒരു മോഹം മനസ്സിലുണ്ടാവേണ്ട. അവർ ക്രിസ്ത്യാനികളാണെന്ന് അറിയാമല്ലോ.’’

എനിക്കു കത്തെഴുതരുതെന്ന് നൈനാനോടുപറയാൻ വല്യച്ഛൻ കിഷോറേട്ടനെ ചുമതലപ്പെടുത്തി.  ‘‘ഞാൻ നിന്നെ സ്നേഹിക്കുന്നു’’ എന്നൊരു വാചകം നൈനാൻ എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല. ഭാവിച്ചിട്ടുമില്ല. പ്രേമപൂർവം ഒരു വരിപോലും എഴുതിയിട്ടില്ല. ജാതി തിരിച്ചേ മോഹങ്ങൾ പോലും നെയ്യാവൂ എന്ന ‘പാഠം’ വല്യച്ഛൻ എന്നെ പഠിപ്പിച്ചു. അപ്പോഴും വരികൾക്കിടയിൽ ഒരു പ്രണയമില്ലേ എന്നു ഞാൻ വെറുതേ സംശയിച്ചു.

ninan
അജിത് നൈനാൻ

2000ലെ ഒരു വർഷാന്ത്യം. ഡൽഹിയിൽ കൊടും തണുപ്പാണ്. കമാനി ഓഡിറ്റോറിയം നിറയെ ആളുകൾ. ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപിൽ ഞാനും ശ്രീകലയും മോഹിനിയാട്ടമാടുകയാണ്. പണ്ഡിറ്റ് രവിശങ്കറും തബല വിദ്വാൻ സാക്കിർ ഹുസൈനും ഞങ്ങളുടെ നൃത്തപരിപാടി കാണാൻ മുൻനിരയിലുണ്ട്. ഞങ്ങൾക്ക് എന്താ ഗമ! ചിലങ്കകൾ കൂടെ പൊട്ടിച്ചിരിച്ചു.

രാത്രി എട്ടുമണിയോടെ കേരളാ ഹൗസിൽ തിരിച്ചെത്തി. അവിടെ ഒരു മലയാളി ക്ലബ്ബിന്റെ പുതുവൽസര ആഘോഷം നടക്കുന്നു. അവിടെയും മുഖ്യാതിഥിയായി പോകേണ്ടി വന്നു. ഓർമയിൽ നിന്ന് ഒരു കവിത നീട്ടിച്ചൊല്ലി. ഒരു വിധം മുറിയിൽ മടങ്ങിയെത്തി. നേരത്തേ കിടക്കണം എന്നു കരുതിയതാണ്. സമയം പന്ത്രണ്ടായി. 

ഓർമയിൽ സൂക്ഷിക്കാൻ എനിക്കും കൂട്ടുകാരിക്കും ഒരു ജനുവരി ഒന്ന് വേണം. അതിനുവേണ്ടി പിറ്റേന്നു താജ്മഹൽ കാണാൻ പോകാനാണു തീരുമാനം. ബസ് രാവിലെ അഞ്ചുമണിക്കെത്തും. ലൈറ്റണച്ചു കിടന്നു. ഉടനെതന്നെ മുറിയിലെ ഫോൺ ബെല്ലടിച്ചു. റിസപ്ഷനിൽ നിന്നാണ്. ഒരാൾ കാണാൻ വന്നിരിക്കുന്നു. താഴേക്കു വരണം. ആരാണെന്നു ഞാൻ തിരക്കി. എന്തോ ഒരു പേരു പറഞ്ഞു. എനിക്കു സത്യത്തിൽ വ്യക്തമായില്ല. ശല്യം! ഈ അർധരാത്രിയിൽ... കിട്ടിയ ഒരു ഷോളെടുത്തു പുതച്ചു. സ്റ്റിക്കർ പൊട്ട് നെറ്റിയിൽ വച്ചു താഴേക്കു ചെന്നു. മുഖപരിചയം തോന്നി. ഈശ്വരാ..! അജിത് നൈനാൻ മാത്യു. പ്രശസ്ത കാർട്ടൂണിസ്റ്റ്. അദ്ഭുതവും ആവേശവും കൊണ്ട് ഞങ്ങൾ പരിസരം മറന്നു കെട്ടിപ്പിടിച്ചു. റോസാപുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു കേക്ക് എനിക്കു സമ്മാനിച്ചിട്ട് അദ്ദേഹം പറഞ്ഞു : ഇനി ഡൽഹിക്കുവരുമ്പോൾ നേരത്തേ അറിയിക്കണം. ഈ സുന്ദരിയെ കാണാൻ എന്റെ ഭാര്യയും രണ്ടു പെൺകുട്ടികളും കാത്തിരിക്കുന്നുണ്ട്.

വർഷങ്ങൾക്കു ശേഷം ഇന്ത്യ ടുഡേയും ടൈംസ് ഓഫ് ഇന്ത്യയും ഒക്കെ മറിച്ചുനോക്കുമ്പോൾ കാർട്ടൂൺസ് ബൈ അജിത് നൈനാൻ മാത്യു എന്നു കാണുമ്പോൾ എന്റെ മനസ്സൊന്നു തുടിക്കും. ഞങ്ങളുടെ സൗഹൃദം കുടംബത്തിലേക്കും വളർന്നു. എന്റെ മകൾ ഉത്തര പഠനശേഷം ടൈംസിലാണ് ഇന്റേൺഷിപ്പ് ചെയ്തത്. നൈനാനാണ് എല്ലാ സഹായവും ചെയ്തത്. അവൾക്കു നല്ല ഭക്ഷണം വാങ്ങിക്കൊടുത്തും സിനിമകൾ കാണിച്ചും അദ്ദേഹം ഡൽഹി പരിചയപ്പെടുത്തിക്കൊടുത്തു. നൈനാന്റെ കാർട്ടൂൺ പുസ്തകം ഉണ്ണിയേട്ടനും കൊടുത്തു.

എനിക്ക് ഇംഗ്ലിഷ് കാർട്ടൂൺ വായിച്ചാൽ വലിയ പിടിയൊന്നും കിട്ടില്ല. പ്രത്യേകിച്ച് രാഷ്ട്രീയം. കാർട്ടൂണിസ്റ്റിന്റെ ടെൻഷൻ നിറഞ്ഞ ലോകം ഡൽഹിയിലെത്തുമ്പോൾ അടുത്തു കണ്ടു. പുകവലിച്ച് തള്ളി ബാൽക്കണിയിലൂടെ നടക്കുന്ന നൈനാൻ എന്റെ മുന്നിലുണ്ട്. ഡൽഹി ജീവിതമവസാനിപ്പിച്ച് മൈസൂരുവിലേക്ക് മാറിയ കാര്യവും പറഞ്ഞു. ഉത്തരയുടെ ഡാൻസ് പ്രോഗ്രാം ഉണ്ടെങ്കിൽ എല്ലാവരും കൂടി വീട്ടിൽ വരണമെന്നു ക്ഷണിച്ചു.

അജിത് നൈനാൻ ഈ ലോകത്തു നിന്നു മാഞ്ഞുപോയ ഈ ദിവസങ്ങളിൽ പഴയ ചിത്രങ്ങൾ കൺനിറയെ കണ്ടും, കത്തുകൾ വീണ്ടും വീണ്ടും വായിച്ചും ‍ഞാൻ ആ ഹൃദയരേഖകൾ വീണ്ടും പരതുന്നു.

English Summary : Sunday special about Urmila Unni's memories with Ajit Nainan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com