ADVERTISEMENT

കാതിൽ പൂരത്തിന്റെ മേളത്തഴമ്പു വീണ തൃശൂർ ഗഡികളോടു നാലാൾ കേൾക്കെ പാട്ടു പാടണമെന്ന് ആവശ്യപ്പെട്ടാൽ ആ ഗഡി പറയും ‘‘എന്തൂട്ടിന്, ഞങ്ങൾക്കു വേണ്ടി പാടുന്നതു ചേതനയും അവ്ടുത്തെ ക്ടാങ്ങളും ആണ്‌ലോ ഇഷ്ടാ’’ എന്ന്!

തൃശൂർ നഗരത്തിന്റെ ഹൃദയമായ സ്വരാജ് റൗണ്ടിലെ നായ്ക്കനാൽ ജംക്‌ഷനിലുള്ള കെസ് ഭവനിൽ (കുര്യാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റി) പ്രവർത്തിക്കുന്ന ചേതന മ്യൂസിക് അക്കാദമി കേരളത്തിനും ലോകത്തിനും വേണ്ടി പാടിത്തുടങ്ങിയിട്ട് 30 വർഷത്തിലേറെയായി. ഗായകരും സംഗീത സംവിധായകരും പശ്ചാത്തല സംഗീതം ഒരുക്കുന്നവരുമൊക്കയായി ചേതന സമ്മാനിച്ച പ്രതിഭകളാൽ മലയാള സിനിമാമേഖലയും ഇന്ത്യൻ സംഗീതവും ഇന്നു സമ്പന്നമാണ്. രാജ്യത്തിനകത്തും പുറത്തും പ്രശസ്തനായ കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസി മുതൽ നടിയും ഗായികയുമായ അപർണ ബാലമുരളി വരെ ചേതനയിൽ സംഗീത പരിശീലനം നേടി തെളിഞ്ഞവരാണ്. ഇന്നു രാജ്യാന്തര സംഗീതദിനത്തിൽ ചേതനയുടെ പെരുമ പുതിയതും പഴയതുമായ സംഗീത ഉപകരണങ്ങളിലൂടെ അടുത്ത തലമുറയ്ക്കു പരിശീലനത്തിനു വഴിയൊരുക്കി തുടരുന്നു. ജർമനിയിൽ നിർമിച്ച 180 വർഷം പഴക്കമുള്ള അപ്റൈറ്റ് പിയാനോ മുതൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഏറ്റവും പുതിയ ഗ്രാൻഡ് പിയാനോ വരെയുള്ള സംഗീത ഉപകരണങ്ങളാണു ചേതനയിലുള്ളത്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത 8 പുതിയ തിളങ്ങുന്ന അപ്റൈറ്റ് പിയാനോകളും പുതുപുത്തൻ യമഹ സി7 ഗ്രാൻഡ് പിയാനോയുമാണു വിദ്യാർഥികൾക്കു പരിശീലനത്തിനായി സെപ്റ്റംബറിൽ തൃശൂരിലെത്തിയത്. ലണ്ടനിലെ ട്രിനിറ്റി കോളജിലെ സംഗീത പരീക്ഷകൾ നടത്തുന്ന കേരളത്തിലെ കേന്ദ്രങ്ങളിലൊന്നാണു ചേതന മ്യൂസിക് അക്കാദമി. ഇതോടൊപ്പം ചേതനയുടെ ഡയറക്ടറായ ഫാ.തോമസ് ചക്കാലമറ്റത്ത് ട്രിനിറ്റി കോളജിൽ വിശിഷ്ടാംഗത്വമുള്ള സംഗീതജ്ഞനും.

ഒന്നാം രാഗം പാടി...

ദേവമാതാ പ്രൊവിൻസിന്റെ സ്വപ്ന പദ്ധതികളൊന്നായിരുന്നു കമ്യൂണിക്കേഷൻ ടു ഹേസൻ എജ്യുക്കേഷനൽ, ടെക്നോളജിക്കൽ, ആർട്ടിസ്റ്റിക് ആൻഡ് നാഷനൽ അഡ്വാൻസ്മെന്റ്. ഇതിന്റെ ചുരുക്കെഴുത്താണു ചേതന (CHETANA). 1986-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണു കലാ–സാംസ്കാരിക–വിദ്യാഭ്യാസ സംരംഭമായ ചേതന പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി ഇന്നു തൃശൂർ കേന്ദ്രമായി 7 വിദ്യാഭ്യാസ–പരിശീലന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

1992–ലാണു ചേതന മ്യൂസിക് അക്കാദമി പ്രവർത്തനം തുടങ്ങിയത്. ഫാ.ജോൺ ഇടപ്പള്ളിയായിരുന്നു പ്രഥമ ഡയറക്ടർ. കർണാട്ടിക്, ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീത മേഖലകളിൽ യുവതലമുറയ്ക്കു പരിശീലനം നൽകുക എന്നതായിരുന്നു ലക്ഷ്യം. പ്രവർത്തനം തുടങ്ങി മൂന്നാം വർഷം 1995–ൽ ചേതന അക്കാദമി ലണ്ടൻ ട്രിനിറ്റി കോളജിന്റെ സംഗീത പരീക്ഷാകേന്ദ്രമായി അംഗീകാരം നേടി. ഇപ്പോൾ വർഷം മുന്നൂറിലേറെ വിദ്യാർഥികളാണു ഇവിടെ പരിശീലനം നേടി ട്രിനിറ്റി സംഗീത സർട്ടിഫിക്കറ്റിനുള്ള പരീക്ഷയെഴുതുന്നത്. പിയാനോ, ഇലക്ട്രോണിക് കീബോർഡ്, വയലിൻ, ഗിറ്റാർ, ഡ്രംസ്, തബല എന്നിവയിലാണു പ്രധാന പരിശീലനം. ഇതോടൊപ്പം പാശ്ചാത്യ, കർണാട്ടിക് സംഗീത ക്ലാസുകളും (വോക്കൽസ്) നൽകുന്നു. പാട്ടു കേട്ടുപഠിക്കാനും ഉപകരണങ്ങൾ പരിശീലിക്കാനുമുള്ള പ്രത്യേക ക്ലാസ് മുറികളും ലൈബ്രറിയും അക്കാദമിയിലുണ്ട്. പഴയകാല ഓഡിയോ–വിഡിയോ കസെറ്റുകൾ, സിഡികൾ, സംഗീത മാസികകൾ, ജേണലുകൾ എന്നിവയാൽ ലൈബ്രറി സമ്പന്നമാണ്.

കാന്താ...ഞാനും വരാം...

പാശ്ചാത്യ സംഗീത വിദ്യാഭ്യാസം പകർന്നു നൽകുന്ന ദക്ഷിണേന്ത്യയിലെയും കേരളത്തിലെയും പ്രമുഖരിൽ ഒരാളാണു ചേതനയുടെ ഡയറക്ടർ ഫാ.തോമസ് ചക്കാലമറ്റത്ത്. കൊമേഴ്സിൽ ബിരുദാനന്തര ബിരുദവും ഫിലോസഫിയിലും തിയോളജിയിലും ബിരുദവും സ്വന്തം. പാശ്ചാത്യ സംഗീതത്തിൽ എട്ടാം ഗ്രേഡും ഡിപ്ലോമകളും കർണാട്ടിക് വീണയിൽ ഹയർ തലവും ഫാ.തോമസ് നേടിയിട്ടുണ്ട്. ചേതന പദ്ധതിക്കു തുടക്കമിട്ട ഫാ.ജോൺ ഇടപ്പള്ളി തന്നെയാണു മ്യൂസിക് അക്കാദമിയുടെയും ഹരിശ്രീ കുറിച്ചതെങ്കിലും ഉടൻ തന്നെ ഫാ.തോമസ് സാരഥ്യം ഏറ്റെടുത്തു. ഇരിങ്ങാലക്കുട വൈന്തല സ്വദേശികളായ ചക്കാലമറ്റത്ത് കല്ലൻ കൊച്ചാപ്പുവിന്റെയും റോസയുടെയും മകനാണു ഫാ.തോമസ്. 9–ാം ക്ലാസിനു ശേഷം സിഎംഐ സഭയിൽ വൈദിക പഠനത്തിനു ചേർന്നു. സ്കൂൾ പഠന കാലത്താണു ഹാർമോണിയത്തിലും കീബോർഡും പരിശീലനം തുടങ്ങിയത്. എൽത്തുരുത്ത് സെന്റ് അലോഷ്യസ് സ്കൂളിൽ വിദ്യാർഥിയായിരിക്കെ സംഗീതോപകരണ മത്സരത്തിൽ ആദ്യ വിജയം. തുടർന്ന് എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലും സർവകലാശാല തലത്തിലും സംഗീത രംഗത്തു മത്സരിച്ചു. ബെംഗളൂരു ധർമാരാമിൽ ദൈവശാസ്ത്ര പഠനത്തിനെത്തിയപ്പോഴേക്കും ഫാ.തോമസ് കീബോർഡിൽ വിദഗ്ധനായി. ബെംഗളൂരുവിൽ കർണാടക സർക്കാരിന്റെ സംഗീത വിഭാഗത്തിനു കീഴിൽ വീണ പഠിക്കാൻ അവസരം കിട്ടിയതും വഴിത്തിരിവായി. 1987–ലാണു സന്യാസ സ്വീകരണം. അതിനു ശേഷമാണു പിയാനോ പഠനം. ചെന്നൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പിയാനോ വിദഗ്ധൻ ഹാൻഡൽ മാനുവലിന്റെ ശിഷ്യത്വം ഇരട്ടി മധുരമായി. പത്മഭൂഷൺ നൽകി രാജ്യം ആദരിച്ച സംഗീത പ്രതിഭയുടെ കീഴിൽ പിയാനോ പഠനത്തിനു തുടക്കമിട്ടതു ചേതനയ്ക്കും അനുഗ്രഹമായി. തുടർന്നു ട്രിനിറ്റി കോളജിന്റെ പരീക്ഷയെഴുതാനുള്ള പരിശീലനത്തിനു പുതുച്ചേരിയിലെത്തി. ഈ സംഗീത വഴികളിലെല്ലാം സഞ്ചരിച്ച ശേഷം ചേതന മ്യൂസിക് അക്കാദമി തുടങ്ങിയ 1992–ലാണു ഫാ.തോമസ് തൃശൂരിൽ തിരിച്ചെത്തിയത്. ഇതേ വർഷം തന്നെ ഫാ.ജോൺ ഇടപ്പള്ളിയിൽ നിന്നു സംഗീത ചേതനയുടെ നേതൃത്വവും അദ്ദേഹം ഏറ്റെടുത്തു.

കിനാവിലെ...ജനാലകൾ...

ട്രിനിറ്റി കോളജ് വിശിഷ്ടാംഗത്വം നൽകി ആദരിച്ച സിഎംഐ സന്യാസ സഭാംഗമാണു ചേതനയുടെ ഡയറക്ടറായ ഫാ.തോമസ് ചക്കാലമറ്റത്ത്. 2019 ഡിസംബർ 5ന് ട്രിനിറ്റി കോളജ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 5 പേർക്കാണു ‘മെംബർ ഓഫ് ട്രിനിറ്റി കോളജ്’ എന്ന അപൂർവ ബഹുമതി സമ്മാനിച്ചത്. അതിൽ ഏഷ്യയിൽ നിന്നുള്ള ഒരേയൊരാളാണു ഫാ.തോമസ്. ഇന്ത്യയിൽ ഫാ.തോമസ് സംഗീത വിദ്യാഭ്യാസത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം. ഇന്ത്യയിൽ നിന്നു ലോക പ്രശസ്ത വയലിനിസ്റ്റ് എൽ.സുബ്രഹ്മണ്യം, സിത്താർ വിദഗ്ധൻ രവിശങ്കർ തുടങ്ങിയവർക്കു നേരത്തേ ട്രിനിറ്റി കോളജിന്റെ വിശിഷ്ടാംഗത്വം ലഭിച്ചിട്ടുണ്ട്.

പൂരങ്ങടെ പൂരമുള്ളൊരു നാട്...

ഒട്ടേറെ സംഗീത പ്രഭികളെയാണു ചേതന കഴിഞ്ഞ 30 വർഷത്തിനിടെ സംഗീത ലോകത്തിനു സമ്മാനിച്ചത്. ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, മുംബൈ തുടങ്ങിയ വൻ നഗരങ്ങളിലും ട്രിനിറ്റി പരീക്ഷയ്ക്കുള്ള സ്ഥാപനങ്ങളുണ്ട്. ഈ കേന്ദ്രങ്ങളിൽ നിന്നു അയ്യായിരത്തിലേറെ കുട്ടികൾ പ്രതിവർഷം ട്രിനിറ്റി കോളജിന്റെ പരീക്ഷകളെഴുതുമ്പോൾ ചേതനയുടേത് അഞ്ഞൂറിൽ കവിയാറില്ല. എന്നാൽ പഠിച്ചിറങ്ങുന്ന സംഗീത പ്രതിഭകളെക്കൊണ്ടാണു ചേതന ശ്രദ്ധേയമാകുന്നത്. പതിമൂന്നാം വയസ്സിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും വേഗത്തിൽ പിയാനോയിലെ ഉയർന്ന ബിരുദം നേടിയ വ്യക്തിയും ഈ ബിരുദം നേടുന്ന പ്രായം കുറഞ്ഞ കുട്ടിയുമായിരുന്ന മിലൻ മനോജ്, പതിമൂന്നാം വയസ്സിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും വേഗത്തിൽ വയലിനിൽ ഉയർന്ന ബിരുദം നേടിയ മർട്ടിന ചാൾസ്, ഗ്രാമി സംഗീത പുരസ്കാരം നേടിയിട്ടുള്ള രാജ്യാന്തര വയലിനിസ്റ്റ് മനോജ് ജോർജ്, സംഗീത സംവിധായകനായ അൽഫോൻസ് ജോസഫ്, വിഖ്യാത പിയാനിസ്റ്റ് റാൽഫിൻ സ്റ്റീഫൻ, കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസി, ഗായകരായ ഫ്രാങ്കോ, ഗായത്രി അശോകൻ, ജോബ് കുര്യൻ, പിയാനിസ്റ്റ് ഫ്രിജോ ഫ്രാൻസിസ്, യുവ സംഗീതജ്ഞൻ എം.അമൽ ആന്റണി, ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന സിനിമയിൽ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച വില്യം ഫ്രാൻസിസ്, വെറ്ററൻ സംഗീതജ്ഞൻ ജക്കോബി, രാജേഷ് ദാസ്, ഷോമി ഡേവിസ്, സംഗീത് പവിത്രൻ, റോബിൻ തോമസ്, വിവേക് സന്തോഷ്, അങ്കിത ഗണപതി, വയലിനിസ്റ്റ് ഫ്രാൻസിസ് സേവ്യർ, ശരത് സുബ്രഹ്മണ്യൻ കല്ലെട്ടിൽ, ഹെൻറി കുരുവിള, അറിയപ്പെടുന്ന ഡ്രമർമാരായ ദീപക്, ഡേവിഡ്, മാത്യു, പാശ്ചാത്യ ക്ലാസിക്കൽ വയലിനിസ്റ്റുകളിൽ ശ്രദ്ധേയനായ കാരൾ ജോർജ്, നടിയും ഗായികയുമായ അപർണ ബാലമുരളി തുടങ്ങിയവർ മുതൽ ഇക്കൊല്ലം യുഎസിലെ ബോസ്റ്റണിലുള്ള ബർക്കിലി കോളജ് ഓഫ് മ്യൂസിക്കിൽ പ്രവേശനം നേടിയ ആന്റണി ജിബി വരെ നീളുന്നു ചേതനയുടെയും ഫാ.തോമസിന്റെയും ശിഷ്യ സമ്പത്ത്. പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഉടൻ തന്നെ തൃശൂരിൽ രാജ്യാന്തര മ്യൂസിക് കൺസർവേറ്ററി (സംഗീത സ്കൂൾ) സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

മാണിക്യ മലരായ...

ശാസ്ത്രീയത പറഞ്ഞു കൊടുക്കലും പരിശീലനത്തിന് അവസരം നൽകലും അല്ല ചേതനയിലെ രീതി. പഠിക്കാനെത്തുന്ന ഓരോ വിദ്യാർഥിയുടെയും സർഗശേഷി അളന്നറിഞ്ഞ് അതനുസരിച്ചു വേണ്ട ആഴത്തിലും പരപ്പിലും അറിവും പരിശീലനവും പകരുന്ന പഠന രീതിയാണിവിടെ. വിദ്യാർഥികൾക്കു ഏതു സമയത്തും സംഗീത ഉപകരണങ്ങളിൽ പരിശീലനം നടത്താം. ഇതിനായി 36 പ്രത്യേക ക്ലാസ് മുറികൾ ചേതനയിലുണ്ട്. ഇതോടൊപ്പം ശബ്ദ ക്രമീകരണം നടത്താൻ കഴിയുന്ന ഹാളും. പഠിക്കാനാഗ്രഹമുള്ളരെ മാത്രം സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക, അത്തരക്കാർക്കു പഠിക്കാൻ പരമാവധി സൗകര്യം ഒരുക്കുക എന്നതാണു ചേതനയുടെ ആപ്തവാക്യം. ഇതിനായി സംഗീതം ജീവിതചര്യയാക്കിയ ഇരുപതോളം അധ്യാപകരാണു ചേതനയിലുള്ളത്. പഠിച്ചു കഴിഞ്ഞാൽ ചേതനയുമായുള്ള വിദ്യാർഥികളുടെ ബന്ധം അവസാനിക്കുന്നില്ല. അധ്യാപകരായി, കലാപ്രകടനം നടത്തുന്നവരായി, സംഗീത സ്ഥാപനങ്ങൾ ആരംഭിക്കുന്നവരായി വിദ്യാർഥികൾ ജീവിതത്തിലും സംഗീത മേഖലയിലും കാലുറപ്പിക്കുന്നു. ഓട്ടിസവും സെറിബ്രൽ പാൾസിയും ബാധിച്ച ഭിന്നശേഷിക്കാരെയും മുതിർന്ന പൗരൻമാരെയും ചേതനയിൽ പരിശീലിപ്പിക്കുന്നുണ്ട്. ചേതനയിൽ കുട്ടികളെ സംഗീതം പരിശീലിപ്പിക്കുന്നതിനായി കുടുംബസമേതം ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ഒട്ടേറെപ്പേർ തൃശൂരിൽ വന്നു താമസിക്കുന്നത് ഇപ്പോഴും തുടരുന്നു. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിയുടെ മകൻ ഷോൺ സ്റ്റീഫൻ ദേവസിയും ചേതനയിൽ സംഗീത പരിശീലനത്തിനു ചേരുകയാണ്.

തൃശൂരിലെ ചേതന മ്യൂസിക് അക്കാദമിയിൽ ഇലക്ട്രോണിക് കീബോർഡുകളിലും പിയാനോയിലും പരിശീലനം നടത്തുന്ന വിദ്യാർഥികൾ. ഗ്രാൻഡ് ബൊഹീമിയ പിയാനോയും ചിത്രത്തിൽ കാണാം.

ഗ്രാൻഡ് പിയാനോ മുതൽ ഡ്രംസ് വരെ

ഒരു കീബോർഡ്, രണ്ടു വീതം തബലയും വയലിനും. ഇത്രയുമായി തുടങ്ങിയ ചേതനയിൽ ഇന്ന് ഒട്ടേറെ സംഗീത ഉപകരണങ്ങൾ വിദ്യാർഥികൾക്കു പരിശീലനത്തിനുണ്ട്. 2 ഗ്രാൻഡ് പിയാനോ, 11 അപ്റൈറ്റ് പിയാനോ, 16 ഇലക്ട്രിക്കൽ പിയാനോ എന്നിവയടക്കം ആകെ 29 പിയാനോകൾ, 40 ഇലക്ട്രോണിക് കീബോർഡുകൾ, വയലിൻ, ഗിറ്റാർ, 4 ഡ്രംസ് സെറ്റ് എന്നിങ്ങനെ പോകുന്ന ചേതനയിലെ ഇന്നത്തെ സംഗീത ഉപകരണങ്ങളുടെ പട്ടിക. ജപ്പാനിലെ യമഹ കമ്പനി സെപ്റ്റംബർ ആദ്യ വാരം ‌ചേതനയ്ക്കു സമ്മാനിച്ചതാണു സി7 ഗ്രാൻഡ് പിയാനോ. വിപണിയിൽ 70 ലക്ഷം രൂപ വില വരും. സിംഗപ്പൂരിൽ നിന്ന് ഇറക്കുമതി ചെയ്ത പഴയ ചെക്കോസ്ലൊവാക്യയിൽ നിർമിച്ച ബൊഹീമിയ ഗ്രാൻഡ് പിയാനോയാണു മറ്റൊരു അമൂല്യനിധി. 2005–ലാണു ബൊഹീമിയൻ പിയാനോ ചേതനയിലെത്തിച്ചത്. 1995–ൽ ഉത്തരേന്ത്യയിൽ നിന്ന് എത്തിച്ച 180 വർഷം പഴക്കമുള്ള ജർമനിയിൽ നിർമിച്ച അപ്റൈറ്റ് പിയാനോയും ചേതനയ്ക്കു സ്വന്തമാണ്. ജർമനിയിലെ ഹാംബർഗിലെ എം.എഫ്. റേച്ചൽസ് ആൻഡ് കമ്പനി നിർമിച്ചതാണിത്. ഇതോടൊപ്പം ഡെന്മാർക്കിലെ രാജ്ഞി ഉപയോഗിച്ചിരുന്നിനു സമാനമായ ഒരു പിയാനോയും ചേതനയുടെ കരുതൽ ശേഖരത്തിലുണ്ട്. ഈ പിയാനോയിൽ As Used By H.M Queen Ingrid of Denmark എന്ന് മുദ്ര ചെയ്തിട്ടുണ്ട്. 1994–ൽ സിംഗപ്പൂരിൽ നിന്നു വാങ്ങിയ ഡ്രംസ് സെറ്റും പരിശീലനത്തിന് ഉപയോഗിക്കുന്നുണ്ട്. 

രാജ്യാന്തര സംഗീത ദിനം

സംഗീതലോകത്തെ പ്രതിഭകൾക്കുള്ള ദിനമാണ് ഒക്ടോബർ ഒന്ന്– രാജ്യാന്തര സംഗീത ദിനം (International Music Day). 1975 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. ലോകപ്രശസ്ത സംഗീതജ്ഞനായ യെഹൂദി മെനൂഹിനാണു രാജ്യാന്തര സംഗീത ദിനം സംബന്ധിച്ച് ആദ്യ പ്രഖ്യാപനം നടത്തിയത്. തുടർന്നു ലോക ജനതയ്ക്കിടയിൽ സമാധാനവും സൗഹൃദവും നിലനിൽക്കാൻ വേണ്ടി യുനെസ്കോ ദിനാചരണത്തിനു തുടക്കമിട്ടു. ലോക സംഗീത ദിനം (World Music Day) ജൂൺ 21നാണ്. 

English Summary : Writeup about Chethana music academy Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com