ADVERTISEMENT

വി.ടി.ഭട്ടതിരിപ്പാട് വെളിപ്പെടുത്തിയില്ല, അധികമാരും അന്വേഷിച്ചതുമില്ല...! കണ്ണീരും കിനാവും എന്ന ആത്മകഥ വായിച്ചവരാരും വി.ടി.ക്ക് അക്ഷര വെളിച്ചം പകർന്ന തിയ്യാടിപ്പെൺകുട്ടിയെ മറക്കില്ല. ‘‘അയ്യപ്പൻകാവിലെ അന്തരീക്ഷത്തിൽ ആ തിയ്യാടി പെൺകുട്ടി കൊളുത്തിത്തന്ന കെടാവിളക്കാണു പിൽക്കാല ജീവിതത്തിൽ എനിക്കു മാർഗനിർദേശം നൽകിയ മഹാജ്യോതിസ്സെന്നോർക്കുമ്പോൾ കൃതജ്ഞത കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു പോകുന്നു.’’ ആത്മകഥയിലെ ഏറ്റവും വൈകാരികമായ മുഹൂർത്തം. എന്നാൽ തിയ്യാടിപ്പെൺകുട്ടി എന്ന വിശേഷണത്തിനപ്പുറം ആരാണവളെന്ന് ആത്മകഥയിലില്ല. ഒരിക്കൽ പോലും തന്റെ ‘ഗുരുനാഥ’യെ അന്വേഷിക്കാനും വി.ടി. തയാറായില്ല. 110 വർഷങ്ങൾക്കിപ്പുറം, വി.ടി.യെ അക്ഷരം പഠിപ്പിച്ച ആ തിയ്യാടി പെൺകുട്ടി ആരെന്നു കണ്ടെത്തിയിരിക്കുകയാണു യോഗക്ഷേമ സഭയുടെ ത്രൈമാസികയായ സ്വസ്തി. ചരിത്രം മറന്ന അവളുടെ പേര് നങ്ങേലി. 1965ൽ മരിച്ചു; ‘കണ്ണീരും കിനാവും’ പുറത്തു വരുന്നതിന് അഞ്ചു വർഷം മുൻപ്...

വി.ടി.ഭട്ടതിരിപ്പാട്
വി.ടി.ഭട്ടതിരിപ്പാട്

വി.ടി. 1970 ൽ എഴുതിയ ആത്മകഥയിൽ ഒരു വരിയിൽ പരാമർശിച്ചു പോയ അവൾ ഒരു അമ്പലവാസി പെൺകുട്ടി മാത്രമായിരുന്നില്ല. തിയ്യാടി സമൂഹത്തിന്റെയും നമ്പൂതിരി സമുദായത്തിന്റെയും ഉന്നമനത്തിനു വിദ്യയുടെ വെളിച്ചം പകരാനുള്ള നിയോഗം അവൾക്കുണ്ടായിരുന്നു. അന്നു നിലനിന്നിരുന്ന വ്യവസ്ഥിതികളെയും മാമൂലുകളെയും മറികടന്നു വിദ്യാഭ്യാസത്തിലൂടെ തലമുറയെ മുന്നോട്ടു നയിക്കാൻ തന്നാലാവുന്നതു നങ്ങേലി ചെയ്തു.

ഫ്ലാഷ് ബാക്ക്

ഷൊർണൂർ റെയിൽവേ ക്വാർട്ടേഴ്സ് റോഡിലൂടെ മൂന്നു കിലോമീറ്ററോളം സഞ്ചരിച്ചാൽ നിളാതീരത്തു മുണ്ടമുക എന്ന ഗ്രാമം. ആത്മകഥയിൽ വി.ടി. വരച്ചിട്ടിരിക്കുന്ന ഗ്രാമത്തിന് ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും കാര്യമായ മാറ്റങ്ങളില്ല. ഭാരതപ്പുഴ വടക്കോട്ടു തിരിയുന്ന വളവിന്റെ തീരത്താണ് വി.ടി. ശാന്തിക്കാരനായി എത്തിയ മുണ്ടമുക അയ്യപ്പൻകാവ്. അയ്യപ്പൻകാവിലെ ചെമ്മൺപാതയിൽ നിന്നു ഭാരതപ്പുഴയിലേക്ക് ഓടിട്ട കുളിക്കടവ്. സായന്തനക്കാറ്റേറ്റ് വി.ടി. മനോരാജ്യം കണ്ടിരുന്ന പടിഞ്ഞാറെ ആൽമരം വീണതൊഴിച്ചാൽ അയ്യപ്പൻ കാവിനും മാറ്റങ്ങളില്ല. ഈ ആലിൻചുവട്ടിൽ ഇരിക്കുമ്പോഴാണു കച്ചത്തോർത്തു മാത്രമുടുത്തു ഓലക്കുടക്കാലിൽ തൂക്കിയിട്ട പുസ്തകസഞ്ചിയുമായി തിയ്യാടി നമ്പ്യാരുടെ ചെറിയ പെൺകുട്ടി സ്കൂളിൽ നിന്നു വന്നത്.

അയ്യപ്പൻ കാവിന്റെ പടിഞ്ഞാറെ നടയ്ക്കലുള്ള തിയ്യാടി വീട്ടിലെ ഏഴ് ആങ്ങളമാരുടെ ഏകസഹോദരി. തന്റെ സഞ്ചിയിൽ നിന്ന് ഒരു നോട്ടു പുസ്തകം വലിച്ചെടുത്ത് വി.ടിക്കു മുൻപിലേക്കുനീട്ടി അതിലെ കണക്കൊന്നു പറഞ്ഞു കൊടുക്കാമോയെന്നു ചോദിച്ചു. പുസ്തകത്തിലെ വെളുത്ത കടലാസിൽ കുനിയനുറുമ്പ് അരിച്ചതുപോലെയുള്ള കറുത്ത അക്ഷരങ്ങളിൽ നോക്കി വി.ടി. നിന്നു. യാതൊന്നും മനസ്സിലായില്ല. ലജ്ജകൊണ്ട് കാഴ്ച മങ്ങിപ്പോയ അവസ്ഥ. കുനിഞ്ഞിരുന്നു നെടുവീർപ്പിട്ടു; തനിക്കു അക്ഷരം വായിക്കാൻ പോലും അറിയില്ലല്ലോ എന്നോർത്ത്.

ഇത്തിരിയോളം പോന്ന പെൺകുട്ടിയോടു തനിക്ക് വായിക്കാനറിയില്ല എന്നു പറയാൻ മീശ കുരുത്ത വി.ടിയുടെ ആത്മാഭിമാനം ആദ്യം സമ്മതിച്ചില്ല. ആദ്യമായി മണ്ണിൽ ഹരിശ്രീ ഗണപതയേ നമ: എന്നു കുത്തിവരയ്ക്കേണ്ടി വന്നപ്പോൾ കൈവിരൽ നൊന്തതിനാൽ കവിളിലൂടെ കിനിഞ്ഞിറങ്ങിയ കണ്ണുനീരിന്റെ പുളിപ്പ് അന്നു വീണ്ടും അനുഭവിച്ചു. സ്കൂൾ വിട്ടിട്ടും വീട്ടിൽ എത്താതെ വഴിയിൽ കണ്ടവരോടു സംസാരിച്ചു നിൽക്കുന്ന പെൺകുട്ടിയെ ശാസിച്ച് അമ്മ എത്തിയതോടെ പെൺകുട്ടി വീട്ടിലേക്ക് ഓടി. കുട്ടിയിൽ നിന്നു തൽക്കാലം രക്ഷപ്പെട്ടെങ്കിലും മനസ്സിന്റെ മുറിവ് ഉണങ്ങിയില്ല. 17 വയസ്സ് കഴിഞ്ഞിട്ടും തനിക്ക് വായിക്കാനറിയില്ലെന്ന സത്യം ഉറക്കം വരാത്ത ആ രാത്രി മുഴുവനും അദ്ദേഹത്തെ കുത്തിനോവിച്ചു കൊണ്ടിരുന്നു.

പിറ്റേ ദിവസം തന്നെ പത്തുവയസ്സിലേറെ പ്രായമാകാത്ത ആ തിയ്യാടിപ്പെൺകുട്ടിയുടെ ശിഷ്യത്വം വി.ടി. സ്വീകരിച്ചു. ഒരു സ്ലേറ്റിൽ 51 അക്ഷരങ്ങളും അവൾ എഴുതി നൽകി. ലോകം കൂർക്കം വലിച്ചുറങ്ങുന്ന രാത്രികളിൽ വി.ടി. 51 അക്ഷരങ്ങളും ഉരുവിട്ടുകൊണ്ടിരുന്നു. വിറയാർന്ന കൈവിരൽ കൊണ്ടു വീണ്ടും വീണ്ടും കുത്തിക്കുറിച്ചു. പണപ്പായസത്തിനു ശർക്കര പൊതിഞ്ഞു കൊണ്ടുവന്ന കടലാസ് എടുത്തു വായിക്കാൻ ശ്രമിച്ചു. ഒരു മൃഗത്തിന്റെ ചിത്രമുള്ള പരസ്യത്തിൽ വലിയ അക്ഷരത്തിൽ അച്ചടിച്ചിരുന്ന തലക്കെട്ട് ആദ്യമായി പണിപ്പെട്ടു കൂട്ടിവായിച്ചപ്പോൾ തന്റെ മനസ്സിൽ നിന്നൊരു ആഹ്ലാദധ്വനി വിനിർഗളിക്കുകയുണ്ടായെന്നു വി.ടി. വെളിപ്പെടുത്തുന്നു. ‘മാൻമാർക്ക് കുട’ എന്ന ആ വാചകം രാത്രിയിൽ ഉറക്കെ ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.

മുണ്ടമുക അയ്യപ്പൻകാവിലെ ചെമ്മൺ പാതയിൽനിന്ന് ഭാരതപുഴയിലേക്ക്  ഓടിട്ട പുഴക്കടവ്.
മുണ്ടമുക അയ്യപ്പൻകാവിലെ ചെമ്മൺ പാതയിൽനിന്ന് ഭാരതപുഴയിലേക്ക് ഓടിട്ട പുഴക്കടവ്.

നങ്ങേലിക്കുട്ടി പകർന്ന വിദ്യ കൊണ്ട് പുതുലോകത്തേക്കു നടന്ന വി.ടി. പിന്നെ മലയാളത്തിനൊപ്പം ഇംഗ്ലിഷും പഠിച്ചു. പെരിന്തൽമണ്ണ ഹൈസ്കൂളിലും എടക്കുന്നി നമ്പൂതിരി വിദ്യാലയത്തിലും ചേർന്നെങ്കിലും ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. 1923 ൽ യോഗക്ഷേമം കമ്പനിയിൽ ക്ലാർക്കായി ജോലി ചെയ്തു. പ്രൂഫ് റീഡർ ജോലിയും ചെയ്തതോടെ സാഹിത്യവുമായി അടുത്തു. നിരന്തരമായ വായനയിലൂടെയും പഠനത്തിലൂടെയും ഭാഷയെ കൈപ്പിടിയിലൊതുക്കി. സാഹിത്യത്തിന്റെയും എഴുത്തിന്റെയും രഹസ്യങ്ങൾ മനഃപാഠമാക്കിയ അദ്ദേഹം സ്വന്തമായ ഭാഷാശൈലിയും സൃഷ്ടിച്ചു. വൈദികക്രിയ പഠിച്ച് അമ്പലത്തിൽ മാത്രം കഴിഞ്ഞിരുന്ന വി.ടി. നങ്ങേലിയിലൂടെ അറിവിന്റെ ലോകത്തേക്ക് എത്തിയതോടെയാണ് സാമൂഹിക മാറ്റങ്ങൾക്കായി മുന്നിട്ടിറങ്ങിയത്. തന്റെ ജീവിതം പൂണൂലിൽ മാത്രം കെട്ടിയിടേണ്ടതല്ലെന്ന് അദ്ദേഹം തീരുമാനിച്ചു. വിളക്കുപോലെ വീടിനുള്ളിൽ മാത്രം കത്തി കെട്ടണഞ്ഞു പോയ്ക്കൊണ്ടിരുന്ന നമ്പൂതിരി സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്കെത്തിക്കാൻ വി.ടി. നാടകത്തെയാണു കൂട്ടുപിടിച്ചത്.

ഓലക്കുട മറവിൽനിന്ന് സ്കൂളിലേക്ക്

അയ്യപ്പൻകാവിലെ പ്രധാന വഴിപാടാണ് തിയ്യാട്ട്. ശനിദോഷവും തടസ്സങ്ങളും മാറാനാണ് ഈ അനുഷ്ഠാനം. അയ്യപ്പൻകാവിന്റെ പടിഞ്ഞാറു തന്നെ ഇതിനായി തിയ്യാടി ശങ്കരൻ നമ്പ്യാരും കുടുംബവും താമസിച്ചു. 8 കുട്ടികളാണ് തിയ്യാടി നമ്പ്യാർക്കും ഇട്ടിച്ചിരി മരുവോളമ്മയ്ക്കും. തിയ്യാടി അന്തർജനങ്ങളെ മരുവോളമ്മ എന്നാണു വിളിച്ചിരുന്നത്. ഓലക്കുട കൊണ്ടു മുഖം മറച്ചു മാത്രം പുറത്തിറങ്ങിയിരുന്നവർ.

തിയ്യാടി പെൺകുട്ടികൾ പൊതുവേ പുറത്തിറങ്ങാറില്ലെങ്കിലും നങ്ങേലി സ്കൂളിൽ പോയി. മുണ്ടായ എൽപി സ്കൂളിൽ നിന്നു നാലാം ക്ലാസ് ജയിച്ചു. ആദ്യമായി സമുദായത്തിൽ നിന്ന് സ്കൂളിൽ പോയി പഠിച്ചതും നങ്ങേലിയാണ്. ഷൊർണൂർ ഗണേഷ്ഗിരി മലയാളം സ്കൂളിൽ നിന്ന് ആറാം ക്ലാസ് വിജയിച്ചപ്പോൾത്തന്നെ വീട്ടുകാർ വിവാഹം നടത്തി. കേശവനമ്പ്യാരുടെ ഭാര്യയായി പെരുമ്പിലാവിലുള്ള തിയ്യാടി കുടുംബത്തിൽ  എത്തി. അന്നു തിയ്യാടി പെൺകുട്ടികളെ വിവാഹം കഴിച്ചയച്ചാൽ പിന്നെ സ്വന്തം വീട്ടിൽ അവകാശം ഒന്നുമില്ല.

തിയ്യാടി പെൺകുട്ടിയുടെ ജീവിതം

സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരനുമായി വി.ടിയെ ജനം അറിഞ്ഞപ്പോഴും നങ്ങേലിയെ തിയ്യാടി പെൺകുട്ടി മാത്രമായിട്ടാണു മലയാളി അറിഞ്ഞത്. നങ്ങേലിയുടെ ഇളയ മകൻ വടക്കാഞ്ചേരിയിൽ താമസിക്കുന്ന ഡോ.ശങ്കരൻകുട്ടിയുടെ മനസ്സിൽ അമ്മ പറഞ്ഞു കൊടുത്ത ജീവിത കഥകൾ ഇന്നും മായാതെയുണ്ട്. തിയ്യാടി സമുദായത്തിൽ നിന്ന് ആദ്യമായി പഠിച്ച പെൺകുട്ടിയായ നങ്ങേലി ജീവിത പ്രാരബ്ധങ്ങൾക്കിടയിലും മക്കളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ ചെലുത്തി. 5 മക്കളായിരുന്നു നങ്ങേലിക്ക്. പഠിച്ചു മിടുക്കരാകണമെന്ന ഒറ്റ സന്ദേശം മാത്രമാണ് അവർ കുട്ടികൾക്ക് നൽകിയത്. കുട്ടികൾ സ്വയംപര്യാപ്തത നേടണം. പാരമ്പര്യ ജോലികൾ മാത്രം ചെയ്താൽ പോരെന്ന് ഇടയ്ക്കിടെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.  

നങ്ങേലിയുടെ മൂത്തമകൾ അമ്മിണി മരുവോളമ്മ ആദ്യം പത്താം ക്ലാസ് പാസായി സർക്കാർ ജോലി നേടിയ തിയ്യാടി പെൺകുട്ടിയാണ്. അഞ്ചു വർഷത്തെ ഇടവേളകളിൽ സരസ്വതി, തങ്കമണി എന്നീ പെൺകുട്ടികൾക്കു കൂടി നങ്ങേലി ജൻമം നൽകി.  മൂന്നു പെൺമക്കൾ ജനിച്ചതോടെ തറവാട്ടിലുള്ളവർ നങ്ങേലിയെ കുറ്റപ്പെടുത്തുന്നതും കളിയാക്കുന്നതും പതിവായി. 

തറവാടിന്റെ അവകാശം നിലനിർത്താൻ ആൺകുട്ടി ജനിക്കാത്തത് നങ്ങേലിയുടെ കുഴപ്പം കൊണ്ടാണെന്നായിരുന്നു അവരുടെ വിശ്വാസം. എന്നാൽ ജനിച്ച പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായിരുന്നു നങ്ങേലിയുടെ ശ്രമം. ഓലക്കുടയുടെ മറവിൽ ജീവിച്ച പെൺകുട്ടികളെ സ്കൂളിൽ അയയ്ക്കാൻ പലരും മടിച്ചു. ആർത്തവം തുടങ്ങിയാൽ അപ്പോൾത്തന്നെ വിവാഹം കഴിപ്പിച്ചയയ്ക്കും. എന്നാൽ അമ്മിണിയുടെ കാര്യത്തിൽ നാട്ടുനടപ്പു തെറ്റി. ഇതിനിടയിൽ കേശവനും അഞ്ചാമത്തെ മകനായി ശങ്കരൻകുട്ടിയും ജനിച്ചു. ശങ്കരൻ കുട്ടിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് അമ്മിണി പത്താം ക്ലാസ് വിജയിക്കുന്നത്.

തുടർന്നു പഠിക്കണമെന്ന ആഗ്രഹം അമ്മിണി മുന്നോട്ടു വച്ചപ്പോൾ സമുദായംഗങ്ങൾ വിലക്കി. വിവാഹം കഴിക്കാത്ത പെൺകുട്ടികളെ തറവാട്ടിൽ നിന്നു മാറ്റി നിർത്താൻ കഴിയില്ലത്രേ. അമ്മിണിയാകട്ടെ സർക്കാർ ജോലി കിട്ടിയിട്ടു മതി വിവാഹം എന്ന വാശിയിലും. തൃശൂരിലെ കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിയിൽ ആറു മാസത്തെ മിഡ് വൈഫ് കോഴ്സ് പാസായാൽ വേഗം ജോലി കിട്ടുമെന്നതിനാൽ അവിടെ പോയി പഠിക്കണമന്ന് അമ്മിണിക്കു വാശി. പ്രസവ വേളയിൽ ഗർഭിണികൾക്കും ഡോക്ടർമാർക്കും സഹായിയായിട്ടാണ് ജോലി ചെയ്യേണ്ടത്. വേലൻ, മണ്ണാൻ, പാണൻ തുടങ്ങിയ സമുദായത്തിലെ സ്ത്രീകൾ പാരമ്പര്യമായി ചെയ്യുന്ന വയറ്റാട്ടി എന്ന ജോലിക്ക് അമ്പലവാസി പെൺകുട്ടിയെ അയയ്ക്കാൻ കഴിയില്ലെന്ന വാശിയിൽ സമുദായത്തിലെ കാരണവന്മാരും നിന്നു. എന്നാൽ മകൾക്ക് സർക്കാർ ജോലി നേടിക്കൊടുക്കുക എന്ന ഉറച്ച തീരുമാനമാണു നങ്ങേലി കൈക്കൊണ്ടത്. ഇതോടെ മകൾക്കു കൂട്ടിനു തൃശൂരിലേക്കു പോകാനും നങ്ങേലി ഒരുങ്ങി. മൂന്നു വയസ്സ് മാത്രമുള്ള ഇളയ മകൻ ശങ്കരൻ കുട്ടിയുമായി തൃശൂരിലെ വരവൂർ കപ്ലിങ്ങാട്ടു മനയിലെ അന്തഃപുരത്തിന്റെ ഭാഗമായ ഒരു മുറിയിൽ ആദ്യദിവസങ്ങളിൽ ഇവർ താമസിച്ചു. നിലത്തു പായ വിരിച്ച് അമ്മിണിയുടെയും നങ്ങേലിയുടെയും നടുവിൽ കിടന്ന് ശങ്കരൻ കുട്ടി വളർന്നു. വരവൂരിലെ ആരോഗ്യ ഉപകേന്ദ്രത്തിൻ അമ്മിണിക്കു ജോലി കിട്ടി. ശങ്കരൻ കുട്ടിക്ക് 5 വയസ്സ് തികയുന്നതു വരെ നങ്ങേലിക്കൊപ്പമായിരുന്നു താമസം. പിന്നീട് തറവാട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് അവിടെ നിർത്തി പഠിപ്പിച്ചു. കോഴിക്കോട് പൊലീസ് മേധാവിയുടെ ഓഫിസിൽ വയർലസ് ഓപ്പറേറ്ററായി ജോലിയുള്ള ആളെ അമ്മിണി വിവാഹം കഴിച്ചു. സരസ്വതിയും തങ്കമണിയും ഏഴാം ക്ലാസ് വരെ പഠിച്ചു. കേശവൻ കുട്ടി ബിഎസ്​സി ബോട്ടണി ബിരുദം നേടി സർക്കാർ ജോലിയിൽ പ്രവേശിച്ചു.

തിയ്യാടി സമുദായത്തിൽ നിന്ന് ആദ്യ ഡോക്ടർ

പത്താം ക്ലാസിൽ ഫസ്റ്റ് ക്ലാസോടെ പാസായ ശങ്കരൻ കുട്ടി തൃശൂർ സെന്റ് തോമസ് കോളജിൽ നിന്ന് പ്രീ യൂണിവേഴ്സിറ്റി പാസായി. ബിഎസ്​സി കെമിസ്ട്രിക്ക് കോളജിൽ ചേർന്നു. നാട്ടിലെ സർക്കാർ വിദ്യാലയത്തിൽ പ്യൂൺ ജോലി നേടി പാരമ്പര്യ തൊഴിലുമായി തറവാട്ടിൽത്തന്നെ നിൽക്കാനായിരുന്നു കാരണവൻമാരുടെ നിർദേശം. ഇതിനിടെ 1965ൽ നങ്ങേലി വിടപറഞ്ഞു. എന്നാൽ, അവർ കൊളുത്തിയ വിദ്യാദീപം ശങ്കരൻകുട്ടിയിൽ അണയാതെ കത്തുകയായിരുന്നു.

ബിഎസ്​സിക്ക് കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കോടെയാണു ശങ്കരൻകുട്ടി വിജയിച്ചത്. ഓപ്പോൾ അമ്മിണിക്കുട്ടി ഡോക്ടർക്ക് അസിസ്റ്റന്റായി ജോലി ചെയ്യുന്നതു കണ്ടു വളർന്ന ശങ്കരന്റെ മനസ്സിൽ പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിനു പ്രവേശനം നേടി. ജോലിക്കു പോകാതെ പഠിച്ചു കൊണ്ടിരുന്ന ശങ്കരൻകുട്ടിയുടെ ഫീസ് അടയ്ക്കാൻ അച്ഛൻ തയാറായില്ല. ജോലിയുള്ള സഹോദരങ്ങളാണു ശങ്കരൻകുട്ടിക്കു പഠിക്കാനുള്ള പണം നൽകിയത്. എംബിബിഎസ് വിജയിച്ച ശേഷം പ്രഫഷനൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക ജോലിയിൽ പ്രവേശിച്ചു. ഇതിനിടയിൽ എംഎസിനു പോണ്ടിച്ചേരി ജിപ്മറിൽ അപേക്ഷ സമർപ്പിച്ചു. 6 പേരുടെ വേക്കൻസിയിലേക്ക് എഴുത്തുപരീക്ഷയ്ക്കു ശേഷം 60 പേരെ ഇന്റർവ്യൂ നടത്തി.

3–ാം റാങ്കോടെ ജിപ്മറിൽ എംഎസിനു പ്രവേശനം നേടി. എംഎസിനു ശേഷം യുഎ‍സിൽ ജോലി ശരിയായെങ്കിലും നാട്ടുകാരെ സേവിക്കണമെന്ന താൽപര്യത്തിൽ ജോലി വേണ്ടെന്നു വച്ചു. വടക്കഞ്ചേരി താലൂക്ക് ആശുപത്രിയിൽ നാട്ടുകാരുടെ സ്വന്തം ഡോക്ടറായി ജോലി ആരംഭിച്ചു. 2011ൽ വിരമിച്ച ശേഷവും വീട്ടിൽ പരിശോധന നടത്തുന്നുണ്ട്. രാവിലെ ആറു മണി മുതൽ രോഗികൾക്കു വേണ്ടി വീട് തുറന്നിട്ടിരിക്കും. ഡോക്ടറെ കാണുന്നതിനു പ്രത്യേക ഫീസുകളും വാങ്ങാറില്ല. ഭാര്യ ശോഭനയുമൊത്ത് റിട്ടയർമെന്റ് ജീവിതം നയിക്കുന്നു. ഡോ.ശങ്കരൻകുട്ടി തിയ്യാട്ടും അവതരിപ്പിക്കാറുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ ഇവരുടെ 3 മക്കളും വിദേശത്താണ്. നങ്ങേലി പകർന്ന വിദ്യയുടെ വെളിച്ചം ഇന്നും മുന്നോട്ടു നയിക്കുന്നു, തലമുറകളിലൂടെ...

English Summary:

Writeup about story Nangeli writtenby VT Bhattathiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com