സൈന്യത്തിന് വഴിയെഴുതിയ മാലി
Mail This Article
പൂഞ്ച്: പാക്ക് അധീന മേഖലയിലേക്ക് ഇറങ്ങി നിൽക്കുന്ന ഇന്ത്യൻ മണ്ണ്. മൂന്നു വശവും പാക്കിസ്ഥാനാൽ ചുറ്റപ്പെട്ടയിടം. ഇവിടെ പച്ചയണിഞ്ഞ താഴ്‌വരകളുണ്ട്. തണുപ്പുകാലത്തു മഞ്ഞു പുതച്ചു നിൽക്കുന്ന മലനിരകളുണ്ട്. ഈ കാഴ്ചകൾ പങ്കിടാൻ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ നിയന്ത്രണരേഖയുണ്ട്. സുവർണ സുന്ദര കാലഘട്ടത്തിൽ ബ്രിട്ടിഷുകാർ സംസ്ഥാന പദവി നൽകിയിരുന്ന മണ്ണാണു പൂഞ്ചിലേത്. വിഭജന മുറിപ്പാടിന്റെ നോവിൽ പൂഞ്ചിനും നഷ്ടങ്ങളേറെയുണ്ടായി. ഇന്ത്യയ്ക്കവകാശപ്പെട്ട പൂഞ്ചിന്റെ നല്ലൊരു പങ്ക് പാക്കിസ്ഥാൻ കയ്യടക്കി. അതിന്റെ തീരാത്ത വെടിയൊച്ചകൾ പിന്നെയും പലവട്ടം തുടർന്നു. ഇന്ത്യയിൽ ശേഷിക്കുന്ന പൂഞ്ച് മേഖല കൂടി സ്വന്തമാക്കണമെന്ന മോഹം എക്കാലവും പാക്കിസ്ഥാനുണ്ട്. 1947–ലും 1965ലും അതിനു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
1971ലെ ഇന്ത്യ–പാക്ക് യുദ്ധസമയത്ത് പൂഞ്ച് മേഖലയുടെ ബാക്കി കൂടി കയ്യടക്കുകയെന്ന ലക്ഷ്യവുമായി പതിയിരുന്നവരെ തുരത്തിയതിന്റെ കഥയാണിത്. പാക്കിസ്ഥാൻ നടത്തിയ രഹസ്യനീക്കത്തെ തടഞ്ഞ് പൂഞ്ചിനെ ഇന്ത്യയുടേതാക്കി നിലനിർത്തിയതിനു പിന്നിൽ മാലി ബി എന്ന സാധാരണക്കാരിയുടെ അസാധാരണ ധൈര്യമുണ്ട്. മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും പൂഞ്ചിലും രജൗറിയിലും ഇന്ത്യയെ കാക്കുന്ന പട്ടാളക്കാരുടെ മുന്നിൽ ‘മാലി’യുടെ മുഖം ധൈര്യസ്തംഭമായി തുടരുന്നു.
അതിർത്തിയിലെ ഇന്ത്യൻ സൈനികരുടെ ജീവിതം അടുത്തറിയാൻ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് പബ്ലിക് റിലേഷൻസ് (ഡിപിആർ) സംഘടിപ്പിച്ച ഫോർവേഡ് ഏരിയ ടൂറിനിടെ കേട്ടതാണ് മാലിയുടെ ജീവിതകഥ. കൂടുതലറിയാൻ പൂഞ്ചിലെ അരായി പീരാനിലെ സർപഞ്ച് മുഹമ്മദ് അസ‍്‍ലം ടാൻട്രെയെ ബന്ധപ്പെട്ടപ്പോൾ മാലിയുടെ വ്യക്തിജീവിത വിവരങ്ങൾ കൂടി അദ്ദേഹം പൂരിപ്പിച്ചു.
ആരായിരുന്നു മാലി ബി ?
കാഴ്ച കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന, ഭൂമിയിലെ സ്വർഗമെന്നു പുറംനാട്ടുകാർ കരുതുന്ന കശ്മീരിലെ കുഗ്രാമങ്ങളിലൊന്നിലെ അനേകം സ്ത്രീകളിൽ ഒരാളുടെ ജീവിതം തന്നെയായിരുന്നു അവർക്കും. ഒന്നോ രണ്ടോ പേർ പുതിയ ജീവിതവഴികൾ തേടി അവിടന്നു പുറത്തു കടക്കുമെന്നല്ലാതെ മിക്കവരുടെയും അവസ്ഥ അന്നുമിന്നും ദുഃഖപൂർണമാണ്. കുന്നിൻ മുകളിലേക്കു കാലികളെ മേയ്ക്കാനുള്ള യാത്ര മാത്രമാണു പലപ്പോഴും അവർ പോകുന്ന വലിയ ദൂരങ്ങൾ.
പലരെയും പോലെ മാലിയുടെയും വിവാഹം നന്നേ ചെറുപ്പത്തിലേ കഴിഞ്ഞു. മാനസിക പ്രശ്നങ്ങളുള്ള ആളായിരുന്നുവത്രേ ഭർത്താവ്. സഹോദരനായ ജലാലുദ്ദീനുമൊന്നിച്ചു പൂഞ്ച് മേഖലയിലെ മാണ്ഡി തെഹ്സിൽ അരായി ഗ്രാമത്തിലെ സ്വന്തം കൂരയിൽ താമസിച്ചു. വീട്ടുകാര്യങ്ങൾ നോക്കും, കാലികളെ മേയ്ക്കാൻ കൊണ്ടുപോകും. ചിലപ്പോഴെല്ലാം നല്ലദൂരം നടക്കണം. കാലികളുമൊന്നിച്ചു നടന്നുതീർത്ത വഴികൾ മിക്കതും അവർക്കു കാണാപ്പാഠമാണ്. വിശേഷിച്ചും ജബ്ബി, പല്ലൻവാലി മേഖലകൾ.
ധോക്കുൾക്കിടയിലെ പുക
കിഴക്കൻ പാക്കിസ്ഥാനെ (പിന്നീടു ബംഗ്ലദേശ്) മോചിപ്പിക്കാനുള്ള ദൗത്യം ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ ഏറ്റെടുത്ത കാലമായിരുന്നു അത്. പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ച് പത്താം ദിനം, 1971ഡിസംബർ 13. തണുപ്പുകാലമാണ്. അന്നു മാലിബിക്ക് 40 വയസ്സ്. കശ്മീരാകെ മഞ്ഞുപുതുച്ചുറങ്ങുന്ന സമയം. കാലികൾക്കു തീറ്റ ശേഖരിക്കാൻ പല്ലൻവാലിയിലേക്കു പോയതാണു മാലി ബി.
ധോക്കുകൾക്കിടയിലൂടെയാണു യാത്ര. നാടോടികളായ ബേക്കർവാൽ ഗോത്രവർഗക്കാർ ഉപയോഗിച്ചിരുന്ന താൽക്കാലിക മൺവീടുകളാണ് ഈ ധോക്കുകൾ. കൊടുംമഞ്ഞുകാലത്ത് ഇതുപേക്ഷിച്ച് അവർ മറ്റൊരിടത്തേക്കു പോകും. അതിലൊന്നിൽ അസാധാരണമായി പുക ഉയരുന്നതു കണ്ടാണ് മാലി ബി പതുങ്ങിച്ചെന്നതും ജനൽപ്പഴുതിലൂടെ അകത്തേക്കു നോക്കിയതും.
ഉള്ളിൽ പട്ടാളക്കാരാണ്. ഒരാൾ തോക്കു തുടച്ചു മിനുക്കുന്നു. മറ്റൊരാൾ ഭക്ഷണം പാകം ചെയ്യുന്നു. ആ സംഘം ഇന്ത്യൻ പട്ടാളക്കാരുടേതല്ല എന്നു തിരിച്ചറിഞ്ഞതോടെ മാലി ബി തല പിൻവലിച്ചു. ആരുടെയും കണ്ണിൽപ്പെടാതെ മറ്റൊരു വഴിയിലൂടെ മുട്ടോളം മഞ്ഞും കടന്ന് താഴ്‌വാരത്തേക്ക് ഓടിയെത്തി.
കാര്യം ആദ്യം പറഞ്ഞതു സഹോദരനായ ജലാലുദ്ദീനോട്. അദ്ദേഹമതു ഗൗരവത്തിലെടുത്തില്ലെന്നു മാത്രമല്ല ആരോടും മിണ്ടരുതെന്നു ചട്ടം കെട്ടുക കൂടി ചെയ്തു. അല്ലെങ്കിൽ തന്നെ പ്രശ്നസങ്കീർണമാണ് അവിടെ ജീവിതം. ഇത്തരം ഇടപെടലുകൾ കൂടുതൽ കുഴപ്പങ്ങളിലേക്ക് എത്തിക്കുമെന്ന ഭയം പലരെയും ഇവിടെ ഇപ്പോഴും നിശ്ശബ്ദരാക്കുന്നു.
എന്നാൽ, മാലിക്ക് അതു കഴിയുമായിരുന്നില്ല. അക്കാലത്തെ സർപഞ്ചായ (പഞ്ചായത്ത് പ്രസിഡന്റ്) മിർ ഹുസൈനെ അവർ സമീപിച്ചു. സുഖമില്ലാത്തതു കൊണ്ട് മാലി സഹായം തേടി വരുകയാണെന്നാണ് അദ്ദേഹം കരുതിയത്. പല്ലൻവാലിയിലെ ധോക്കിൽ കണ്ട കാഴ്ചയെക്കുറിച്ച് ഒറ്റശ്വാസത്തിൽ പറഞ്ഞു. എന്തെങ്കിലും ഉടനടി ചെയ്യണമെന്ന യാചനയും അവർ മിർ ഹുസൈന്റെ മുന്നിൽ വച്ചു. എന്നാലത്, യുദ്ധകാലമാണെന്നു ബോധ്യമുള്ളതു കൊണ്ട് ഇടപെടുന്നത് ആപത്താകാമെന്ന് അദ്ദേഹം കരുതി.
പിന്നെയും മുന്നോട്ട്
ഭയംകൊണ്ട് പലരും മാറിനിന്നപ്പോൾ, മഞ്ഞു പുതച്ച വഴികളിലൂടെ അവർ കലായ് ഭാഗത്തേക്കു പോയി. അവിടെ ഇന്ത്യൻ സൈനികരുണ്ടെന്ന് അവർക്കറിയാം. മണ്ഡി ഭാഗത്ത് എത്തിയപ്പോൾ ഐടിബിപിയുടെ ചെറിയൊരു ഡിറ്റാച്ച്മെന്റ് കണ്ടു. ആശ്വാസമെന്നു കരുതിയെങ്കിലും ഭാഷ അടുത്ത പ്രശ്നമായി. മാലി ബി സംസാരിക്കുന്നതു ഗോജ്‍രി ഭാഷയാണ്. ഐടിപിബിപി പോസ്റ്റിലുണ്ടായിരുന്നവർ തന്നെ ഹിന്ദിയും ഗോജ്‍രിയും അറിയുന്നൊരാളെ കണ്ടെത്തി മാലി പറയുന്നതു മനസ്സിലാക്കാൻ ശ്രമിച്ചു. സംഗതി ഗുരുതരമെന്നു തോന്നിയതോടെ അവർ മാലിയെ അടുത്തുള്ള ആർമി യൂണിറ്റിലേക്കു കൊണ്ടുപോയി.
ജീപ്പിന്റെ മുൻ സീറ്റിൽ
സിഖ് ബറ്റാലിയനാണ് ആ മേഖലയിൽ ഉണ്ടായിരുന്നത്. പരിഭാഷകരുടെ സഹായത്തോടെ മാലി ബി പറയുന്നതു മനസ്സിലാക്കുമ്പോൾ, കമാൻഡിങ് ഓഫിസർക്ക് അപകടം മനസ്സിലായി. അദ്ദേഹം യൂണിറ്റിനെ സജ്ജമാക്കി. വഴി കാട്ടിക്കൊടുക്കാൻ ഞാൻ വരാമെന്നറിയിച്ച് മാലി പട്ടാളക്കാർക്കൊപ്പം നിന്നു. മഞ്ഞും ഇരുട്ടും പ്രതിബന്ധമായി നിന്ന ആ രാത്രിയിൽ പട്ടാള ജീപ്പിന്റെ മുൻസീറ്റിൽ അവർ ഇരുന്നു. പാക്ക് സംഘം നിലയുറപ്പിച്ച ധോക്കുകളെ ലക്ഷ്യമാക്കി മാലി കാട്ടിക്കൊടുത്ത വഴിയിലൂടെ ഇന്ത്യൻ സൈന്യം പുറപ്പെട്ടു. ഇന്ത്യൻ കലാൾപ്പട നടത്തിയ സൈനിക നീക്കത്തിൽ ധോക്കുകൾ കേന്ദ്രീകരിച്ചിരുന്ന 20–30 പേരടങ്ങുന്ന സംഘത്തെ ആദ്യം കീഴ്പ്പെടുത്തി.
കിഴക്കൻ പാക്കിസ്ഥാന്റെ തലസ്ഥാനമായ ധാക്ക ഇന്ത്യൻ സൈന്യം വളഞ്ഞു തുടങ്ങിയ അതേ സമയത്ത്, ഇന്ത്യയുടെ കൈവശമുള്ള പൂഞ്ച് നഗരം പിടിച്ചടക്കുന്നതിനുള്ള വലിയ പദ്ധതിയായിരുന്നു പടിഞ്ഞാറൻ പാക്കിസ്ഥാൻ സൈന്യത്തിന്റേത്. നേരത്തേ തന്നെ പൂഞ്ച് മേഖലയിൽ പാക്കിസ്ഥാനു കണ്ണുണ്ടായിരുന്നു. തന്ത്രപ്രധാനമായ ഹാജിപുർ പാസ് 1965–ലെ യുദ്ധത്തിൽ പാക്കിസ്ഥാനു നഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ പൂഞ്ച് മേഖലയിലൂടെയുള്ള ഇന്ത്യയുടെ ഏതു നീക്കത്തെയും പാക്കിസ്ഥാൻ ഭയപ്പാടോടെ കണ്ടു. സുപ്രധാനമായ പൂഞ്ച് മേഖലയിൽ പൂർണ ആധിപത്യമുറപ്പിക്കുകയെന്നതു പാക്കിസ്ഥാനെ സംബന്ധിച്ചു പ്രധാനമായി.
ഇന്ത്യൻ സൈന്യം നിലയുറപ്പിച്ച സ്ഥലത്തു നിന്നു മാറി പിൻവശത്തുകൂടി ചെറു സംഘമായി ആളെ അയയ്ക്കുകയും ഇതു വിജയകരമായാൽ പിന്നാലെ വൻ സൈനികസംഘത്തെ അയയ്ക്കുകയും അതുവഴി പൂഞ്ച് പിടിച്ചെടുക്കുകയുമായിരുന്നു തന്ത്രമെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായി. കാട്ടുവഴികളിലൂടെ പതുങ്ങിയും ഓടകളിൽ ഒളിച്ചും എത്തിയ പാക്ക് സംഘത്തിന്റെ നുഴഞ്ഞുകയറ്റ വഴികൾ പൂർണമായും അടച്ച ഇന്ത്യൻ സൈന്യം പൂഞ്ച് മേഖലയ്ക്കു പോറൽ ഏൽക്കാതെ കാത്തു. തുടക്കത്തിലേ കീഴ്പ്പെടുത്താനുള്ള ശ്രമം വിജയിച്ചത് ഇന്ത്യയ്ക്ക് പല കാര്യങ്ങളിൽ നേട്ടമായി. കൂടുതൽ സൈനികശേഷി പോലും ഉപയോഗിക്കാതെ പൂഞ്ച് ഇന്ത്യയുടേതായി നിലനിന്നു. ബംഗ്ലദേശിന്റെ വിമോചനത്തിന് ഇന്ത്യ ഏറ്റെടുത്ത ദൗത്യം ദ്രുതനീക്കങ്ങളിലൂടെ ഏറെക്കുറെ വിജയവഴിയിലെത്തിയതിനോട് അനുബന്ധിച്ചായിരുന്നു പൂഞ്ചിൽ നിന്നുള്ള ശുഭവാർത്ത.
രാജ്യത്തിന്റെ ആദരമുദ്ര
അന്നും അതിനു ശേഷവും മാലി ബി ഒരു സാധാരണ സ്ത്രീയായിരുന്നു. അവരുടെ ധീരത എക്കാലവും ഇന്ത്യൻ സൈന്യത്തിനു പ്രചോദനമായി. യുദ്ധകാലത്തെ ധീരതയ്ക്കുള്ള വീർ ചക്ര പുരസ്കാരം ഇവർക്കു നൽകാനുള്ള ശുപാർശ പോലും ഉയർന്നു. എന്നാൽ, അന്നത്തെ ഇന്ദിരാ ഗാന്ധി സർക്കാർ അവരെ പത്മശ്രീ പുരസ്കാരം നൽകി ആദരിക്കുകയായിരുന്നു. 1972 ഓഗസ്റ്റ് 25നു രാഷ്ട്രപതി വി.വി. ഗിരി പത്മശ്രീ പുരസ്കാരം സമ്മാനിച്ചു.
ചെറിയ പെൻഷൻ തുകയുമായി പിന്നെയും അവർ കുറെക്കാലം ജീവിച്ചു. കഷ്ടപ്പാടുകൾ വന്ന ഘട്ടത്തിലെല്ലാം സൈനിക ഉദ്യോഗസ്ഥർ അവരുടെ കരം പിടിച്ചു. റേഷനും മറ്റു സഹായങ്ങളും നൽകി. സൈനിക ഇടപെടലിൽ പ്രാദേശിക ഭരണകൂടത്തിൽ നിന്നു ചെറു സഹായങ്ങൾ കിട്ടി; മരണം വരെയും.
2001 നവംബർ അഞ്ചിനാണ് മാലി ബി രോഗബാധിതയായി മരിച്ചത്. 22 വർഷത്തിനു ശേഷം അവരുടെ ജീവിതകഥയ്ക്ക് എന്തു പ്രസക്തിയെന്നല്ലേ?. രജൗരി കുന്നിൽ ഇന്ത്യൻ സൈന്യം സജ്ജമാക്കിയ ‘ഹാൾ ഓഫ് ഫെയിം’ എന്ന മന്ദിരത്തിൽ അതിനുള്ള ഉത്തരമുണ്ട്. രജൗരിയെയും പൂഞ്ചിനെയും കാത്ത സൈനികരുടെ ചിത്രങ്ങളും അവശേഷിപ്പുകളും വിവരണങ്ങളും ഇന്ത്യൻ സേന അവിടെ നിധിപോലെ സൂക്ഷിച്ചിരിക്കുന്നതു കാണാം. ആ ധീര സൈനികർക്കൊപ്പം മാലിയെന്ന സാധാരണക്കാരിയുടെ ജീവിതരേഖ ഇന്ത്യൻ സേന അടയാളപ്പെടുത്തിവച്ചിരിക്കുന്നു.!
ഇന്ത്യ–പാക്ക് നിയന്ത്രണ രേഖയിൽ നിന്ന് ഏറെ അകലെയല്ലാതെ നിലകൊള്ളുന്ന പൂഞ്ച് മാണ്ഡിയിലെ സർക്കാർ കോളജിനു മാലിബിയുടെ പേരിട്ടത് കഴിഞ്ഞ വർഷമാണ്. പതിറ്റാണ്ടുകൾ പലതു കഴിഞ്ഞിട്ടും അവർ കാട്ടിയ ധീരതയോടുള്ള കടപ്പാടിനു പകരമാകാത്തതു പോലെ...
കാണാതായ യാക്കിന്റെ വഴിയിലെ ശത്രുസൈന്യം
കൺമുന്നിൽ കണ്ടത് മാതൃരാജ്യത്തിന് അപകടമാകുമെന്ന് അറിഞ്ഞു പട്ടാളത്തെ അറിയിച്ചതാണ് മാലി ബിയുടെ ധീരത. രാജ്യം പത്മശ്രീയുടെ ആദരമുദ്ര അവരെ അണിയിച്ചതും അതുകൊണ്ടു തന്നെ. എന്നാൽ, താഴ്‌വരകളിൽ കാലിയേയും യാക്കിനെയും മേയ്ക്കാൻ എത്തുന്നവർ പലപ്പോഴും ഇന്ത്യൻ സൈനികരുടെ കണ്ണും കാതുമാകാറുണ്ട്. അതിലൊരു വിവരം പാക്കിസ്ഥാനെതിരായ വലിയ യുദ്ധത്തിലേക്കും ശത്രുരാജ്യത്തിനു മേൽ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിനും വഴിയൊരുക്കി. ആ കഥ ഇങ്ങനെ:
1999-ലെ വേനൽക്കാലമായിരുന്നു അത്. മഞ്ഞ് ആ വർഷം അൽപം നേരത്തേ ഉരുകിത്തുടങ്ങിയിരുന്നു. ബടാലിക് മേഖലയിലെ ഗർഖൊൻ ഗ്രാമക്കാരായ താഷി നംഗ്യാലും ട്രെസിങ് മൊറൂപ്പും പതിവുപോലെ യാക്കുകളെ മേയാൻ വിട്ടിരുന്നു. അതിലൊന്നിനെ കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിനിടെ ബടാലിക് കുന്നിൻമുകളിലെ അസാധാരണമായ ആളനക്കം അവരുടെ കണ്ണിലുടക്കി. ഇരുവരും ചിന്താക്കുഴപ്പത്തിലായി. മഞ്ഞുരുകൽ നേരത്തേയാണ്. പതിവനുസരിച്ച് ഇന്ത്യൻ സൈനികർ എത്താൻ ഇനിയും ദിവസങ്ങളെടുക്കേണ്ടതാണ്. ആരായാരിക്കുമത്?
താഷിയും ട്രെസിങ്ങും താഴ്‌വാരമിറങ്ങി കുന്നിൻ മുകളിൽ കണ്ട കാഴ്ച സൈനിക ഉദ്യോഗസ്ഥരോടു പറഞ്ഞു. പതിവില്ലാത്ത കാഴ്ച കണ്ട സ്ഥലം ദൂരെ നിന്നു കാട്ടിക്കൊടുക്കാൻ സൈനികരുടെ പട്രോൾ സംഘത്തിനൊപ്പം താഷി തന്നെ പോയി. സൈനിക ഓഫിസുകളുടെ തലപ്പത്തേക്കു വിവരം പാഞ്ഞു. ജാഗ്രതയോടെയുള്ള നീക്കങ്ങൾക്കിടെ, മേഖലയിലുടനീളം പട്രോളിങ്ങിനു നിർദേശം വന്നു. ബടാലിക്കിൽ നിന്നു വിഭിന്നമായി മറ്റു മേഖലകളിൽ മഞ്ഞുരുകിയിരുന്നില്ല.
അതുകൊണ്ടു തന്നെ പട്രോളിങ്ങും ദുർഘടമായി. വഴിതെറ്റിയ സംഘം വല്ലതുമാകുമോയെന്ന തോന്നൽ ബാക്കിയായതിനാൽ ഇന്ത്യൻ സേന അപ്പോഴും സംയമനം പാലിച്ചു. നിയന്ത്രണരേഖയിൽ അത്തരം സംഭവങ്ങൾ പതിവായിരുന്നു. ചായ കൊടുത്തും താക്കീതു ചെയ്തും വിട്ടയയ്ക്കുകയാണു മിക്കപ്പോഴും രീതി. എന്നാൽ, ശൈത്യം കൊടുമ്പിരിക്കൊണ്ടിരിക്കെ ഇന്ത്യൻ സൈനിക യൂണിറ്റുകൾ പിൻവാങ്ങിയ കുന്നിൻ മുകളിലേക്കു പാക്ക് പട്ടാളം എത്തിയെന്ന വിവരം കൂടുതൽ ഇടങ്ങളിൽ നിന്ന് എത്തിത്തുടങ്ങി.
എന്നുമാത്രമല്ല, ഇന്ത്യൻ പട്രോൾ സംഘങ്ങൾക്കു നേരെ അവർ വെടിയുതിർക്കുന്നുവെന്ന വിവരം കൂടി ഇന്ത്യൻ സേനയ്ക്കു ലഭിച്ചു. തുടർവിവരങ്ങളും സംഭവങ്ങളും സ്ഥിതി മാറ്റി. മേഖല സംഘർഷഭരിതമായി. പിന്നീടതു 2 മാസം നീണ്ട കൊടുമ്പിരിക്കൊണ്ട യുദ്ധമായി. ആ പോരാട്ടവും ഇന്ത്യൻ വിജയവും കാർഗിൽ യുദ്ധമെന്നു ചരിത്രം രേഖപ്പെടുത്തി.