ADVERTISEMENT

താമ്രപർണി നദിയും അയ്യന്റെ കരുതലും തമിഴകത്ത് ഒരുപോലെയാണ്... ഒരിക്കലും വറ്റില്ല! കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന അഗസ്ത്യമല ജൈവമണ്ഡലത്തിലെ പൊതിഗൈ കുന്നുകളിൽനിന്നു കടലിലേക്കൊഴുകുന്ന നദിയാണു താമ്രപർണി. ആ നദീതീരത്തെ പാറപ്പുറത്താണു നൂറ്റാണ്ടുകൾ പഴക്കമുള്ള, സഹ്യന്റെ മടിത്തട്ടിലെ ആദ്യഭാഗത്തെ ശാസ്താക്ഷേത്രം– പൊൻ സൊരിയും അരുൾമികു സൊരിമുത്തു അയ്യനാർ തിരുക്കോവിൽ. ‘ഒരിക്കലും വറ്റാത്ത അനുഗ്രഹം ചൊരിയുന്നു’ എന്നു കൂടിയാണ് ‘അരുൾമികു’ എന്നതിനർഥം.

പിച്ചയ്യ
പിച്ചയ്യ

തിരുനെൽവേലി ജില്ലയിൽ അംബാസമുദ്രത്തിൽ പാപനാശം, കാരയാർ അണക്കെട്ടുകൾക്കിടയിലെ കാനനക്ഷേത്രം! ശബരിമലയുൾപ്പെടെയുള്ള ശാസ്താ ക്ഷേത്രങ്ങളിൽ മൂലക്ഷേത്രമാണു സൊരിമുത്തു അയ്യനാർ കോവിലെന്ന വിശ്വാസം തമിഴ്നാട്ടിലുണ്ട്. ശബരിമല ദർശനത്തിനായി സൊരി മുത്തു അയ്യനാർ കോവിലിൽനിന്നു മാലയണിഞ്ഞ് അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, പന്തളം, എരുമേലി എന്നീ ക്ഷേത്രങ്ങളും ദർശിച്ചു വേണം എത്തേണ്ടതെന്നും ഇവർ കരുതുന്നു. കാന്തമല ഉൾപ്പെടെ ഏഴു മലകൾ ഉൾപ്പെട്ടതാണു ശബരി തപസ്സനുഷ്ഠിച്ച ശബരീപീഠമെന്നും വിശ്വാസമുണ്ട്.

 കളക്കാട് മുണ്ടൻതുറൈ കടുവസങ്കേതത്തിലാണ് അയ്യനാർ കാവൽദൈവമായി വാഴുന്നത്. പ്രാർഥനകളോടെ ഭക്തർ കെട്ടുന്ന ‘മണി വിഴുങ്ങുന്ന’ മരവും പട്ടവരായർ കോവിലിന്റെ ചുമരിൽ തൂക്കുന്ന ചെരിപ്പുകളും ഒട്ടേറെ കഥകൾ പറയുന്നുണ്ടിവിടെ. തമിഴ്നാട്ടിലെ ആദ്യത്തെ കടുവാസങ്കേതമാണു കളക്കാട് മുണ്ടൻതുറൈ. പശ്ചിമഘട്ടത്തിന്റെ കിഴക്കൻചെരിവുകളിൽ നിന്നാണു താമ്രപർണി ഉൾപ്പെടെയുള്ള നദികൾ ഉദ്ഭവിക്കുന്നത്. പാപനാശത്തുനിന്നു വനമേഖലയിലേക്കുള്ള യാത്രയിൽ ആദ്യമെത്തുന്നതു കടുവാസങ്കേതത്തിലെ പ്രവേശന കവാടത്തിലാണ്.

ശബരിമല ക്ഷേത്രം
ശബരിമല ക്ഷേത്രം

യാത്രാവഴിയിലെ ‘അഗസ്ത്യാർ വെള്ളച്ചാട്ടം’ വിനോദകേന്ദ്രം കൂടിയാണ്. കോവിലിലേക്കാണെങ്കിൽ യാത്രാ പാസ് മാത്രം മതി. പേരുവിവരങ്ങൾ നൽകണം. കാരയാർ അണക്കെട്ടിലേക്കുള്ള വഴിയിലാണു ക്ഷേത്രം. 6 വർഷമായി അണക്കെട്ടിലേക്കു പ്രവേശനമില്ല. പച്ചപ്പിലേക്കു കയറുമ്പോൾ തന്നെ മലനിരകൾ താണ്ടിയൊഴുകുന്ന താമ്രപർണി കാഴ്ചയൊരുക്കും. പാപനാശം നഗരവും താഴെ കാണാം. വഴിയിൽ ഇടതു ഭാഗത്താണ് അഗസ്ത്യാർ വെള്ളച്ചാട്ടം. കുറച്ചുദൂരം പിന്നിട്ടാൽ സൊരിമുത്തു അയ്യനാർ തിരുക്കോവിലെത്തും. താമ്രപർണി നദിയിലെ പാലത്തിലൂടെ വേണം പാറപ്പുറത്തെ ക്ഷേത്രത്തിലെത്താൻ. 

അഗസ്ത്യൻ ഒരുക്കിയ അയ്യനാർ ക്ഷേത്രം

സൊരിമുത്തു അയ്യനാർ എല്ലാവർക്കും കുലദൈവമാണ്. അഗസ്ത്യമഹർഷി പ്രതിഷ്ഠ നടത്തിയെന്നാണു വിശ്വാസം.  പരമശിവന്റെയും പാർവതിയുടെയും വിവാഹത്തിനു ദേവന്മാരും സർവജനങ്ങളും കൈലാസത്തിലേക്കു പോയി. എല്ലാവരും എത്തിയതോടെ വടക്കുഭാഗം താഴ്ന്നു. തെക്കുഭാഗം ഉയർന്നു. ഭൂമി സന്തുലനമാകാൻ ശിവൻ അഗസ്ത്യനെ തെക്കുഭാഗത്തേക്കയച്ചു. അഗസ്ത്യൻ പൊതിഗൈ മലയിലെത്തി താമ്രപർണിയിൽ കുളിച്ചു തീരത്തു യോഗനിഷ്ഠയിലിരുന്നു. അഗസ്ത്യനു ദിവ്യദർശനം ലഭിച്ചു.

കണ്ണു തുറക്കുമ്പോൾ ശാസ്താവ് മഹാലിംഗ പ്രതിഷ്ഠ നടത്തി പൂജിക്കുന്നതു കണ്ടു. അദ്ദേഹത്തെ ചുറ്റി പരിവാര ദേവകളുമുണ്ടായിരുന്നു. അപ്പോൾ ആകാശത്തുനിന്നു ദേവകൾ സ്വർണപ്പൂക്കൾ ചൊരിഞ്ഞു. അങ്ങനെ അഗസ്ത്യൻ സൊരിമുത്തു അയ്യനാരെയും മഹാലിംഗ സ്വാമിയെയും ഇവിടെ പ്രതിഷ്ഠിച്ചെന്നാണു വിശ്വാസം. ആകാശത്തുനിന്നു സ്വർണപ്പൂക്കൾ ചൊരിഞ്ഞ സ്ഥലമായതിനാൽ ‘പൊൻ സൊരി മുത്തു’ എന്ന പേരും ലഭിച്ചു. പിന്നീട് അതു ലോപിച്ചു സൊരി മുത്തു എന്നായി.

ശിവപാർവതിമാരെ വിവാഹ വേഷത്തിൽ കാണാൻ കഴിയാത്ത അഗസ്ത്യമുനിക്ക് ഇരുവരും ആ വേഷത്തിൽ ഇവിടെയെത്തി ദർശനം നൽകിയെന്നും കഥയുണ്ട്. ആദി ഭൂതനാഥ സ്വരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠ. അയ്യപ്പൻ ആയോധനകല പരിശീലിക്കാൻ ഇവിടെ എത്തിയിരുന്നതായി പറയുന്നുണ്ടെന്നു ക്ഷേത്രത്തിലെ പുരോഹിതൻ പിച്ചയ്യ പറഞ്ഞു. അഗസ്ത്യരുടെ ശിക്ഷണത്തിൽ അമ്പും വില്ലും ഉപയോഗിച്ചുള്ള പരിശീലനം നടന്നിരുന്നതായി കേട്ടുകേൾവിയുണ്ട്. അഗസ്ത്യൻ തപസ്സിരുന്നതായി കരുതുന്ന പാറയും ഇവിടെയുണ്ട്. കാലാന്തരത്തിൽ ഈ മേഖല മണ്ണിനടിയിലായത്രേ.

ഇവിടെ പണ്ടു വലിയതോതിൽ വാണിഭം നടന്നിരുന്നു. ഒരിക്കൽ വ്യാപാരത്തിനായി സാധനങ്ങളുമായി എത്തിയവർ കന്നുകാലികളുടെ കാലിനടിയിൽനിന്നു ചോരയൊഴുകുന്നതു കണ്ടു. തുടർന്ന് അശരീരിയും കേട്ടു. അങ്ങനെ ഈ ക്ഷേത്രം വീണ്ടെടുത്തെന്നും പറയപ്പെടുന്നു. അയ്യനാർ മനക്കോലത്തിൽ പൂർണ, പുഷ്കല സമേതനായി വാണരുളുന്ന ക്ഷേത്രമാണിത്. മഹാലിംഗം, സങ്കിലി ഭൂതത്താർ, ബ്രഹ്മരക്ഷസി, തലവായ്മാടൻ, തൂസിമാടൻ, പട്ടവരായർ, അഗസ്ത്യർ, പേച്ചിയമ്മൻ, സുടലൈമാടൻ, ഇരുളപ്പൻ, ഇരുളമ്മൻ, കരടിമാടസാമി, മൊട്ടയാർ, പാതാളകണ്ടികൈ, കുംഭമണി തുടങ്ങിയ പ്രതിഷ്ഠകളുമുണ്ട്.

ശിങ്കംപട്ടി ജമീൻ

ശിങ്കംപട്ടി രാജാവിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഒന്നാണു സൊരിമുത്തു അയ്യനാർ കോവിൽ. എല്ലാ വർഷവും ആടി മാസത്തിൽ അമാവാസി നാളിലെ ഉത്സവത്തിൽ രാജാവ് ഉടവാൾ സഹിതം രാജവേഷത്തിൽ കോവിലിൽ എത്തുന്ന ചടങ്ങുണ്ട്. ടി.എൻ.എസ്.മുരുകദാസ് തീർഥപതിയായിരുന്നു അവസാനത്തെ രാജാവ്. ക്ഷേത്രത്തിൽ രാജാവിനു താമസിക്കാനായി രാജാ ബംഗ്ലാവുണ്ട്. ഈ പ്രദേശം പണ്ടു കേരളത്തിന്റെ ഭാഗമായിരുന്നെന്നും കരുതുന്നു. കായംകുളം യുദ്ധത്തിൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ തമിഴ്നാട്ടിലെ മറവപ്പടയുടെ സഹായം തേടിയിരുന്നു.

അതിന്റെ തലവനായിരുന്നു പൊന്നുപാണ്ഡ്യ തേവർ. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണു കായംകുളം രാജാവിനെ നേരിട്ടത്. പിന്നീട്, കായംകുളം രാജാവിന്റെ സഹോദരൻ രാജാവായി. അദ്ദേഹവുമായും ശക്തമായ യുദ്ധമുണ്ടായി. പൊന്നുപാണ്ഡ്യ തേവരുടെ മകനാണ് അതിനു നേതൃത്വം നൽകിയത്. ആ യുദ്ധത്തിൽ തിരുവിതാംകൂർ വിജയിച്ചു. അതിന്റെ പ്രതിഫലമായി പൊന്നുപാണ്ഡ്യ തേവർക്കു പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ഭാഗത്തു ഭൂമി പതിച്ചു നൽകി. അതിലുൾപ്പെടുന്നതാണ് ഇന്നത്തെ മാഞ്ചോല എസ്റ്റേറ്റും കടുവാസങ്കേതവുമെന്നു ചരിത്രകാരൻ ഡോ.എം.ജി.ശശിഭൂഷൺ പറഞ്ഞു.

പൊന്നുപാണ്ഡ്യ തേവരുടെ പിൻഗാമിയാണു ശിങ്കംപെട്ടി ജമീൻ. കാലാന്തരത്തിൽ ഭൂമിയുടെ വിസ്‌തൃതി വളരെയേറെ ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.  എന്നാൽ, യുദ്ധകാലത്ത് തമിഴ്‌നാട്ടിൽനിന്ന് എത്തിയ യുവരാജാവ് കൊല്ലപ്പെട്ടതിനെത്തുടർന്നു മാർത്താണ്ഡവർമ ‘രക്തദാനം’ എന്ന പേരിൽ ഈ സ്ഥലം കൈമാറിയതാണെന്നും പറയുന്നുണ്ട്. യുവരാജാവ് കൊല്ലപ്പെട്ടതിനു പകരമായി, നാട്ടിലെ ജനങ്ങൾക്ക് ഉപയോഗിക്കാനായി ഈ ഭൂമി വിട്ടുകൊടുക്കുകയായിരുന്നെന്നു ടി.എൻ.എസ്.മുരുകദാസ് തീർഥപതി പറഞ്ഞിരുന്നതായി കോയമ്പത്തൂരിലെ പ്രഭാഷകനും ഒട്ടേറെ ശാസ്താ പുസ്തകങ്ങളുടെ രചയിതാവുമായ ഡോ.അരവിന്ദ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു.

ഒരിക്കൽ കുംഭാഭിഷകത്തിനിടെ പുനഃപ്രതിഷ്ഠയ്ക്കായി വിഗ്രഹം മാറ്റിയപ്പോൾ അഷ്ടബന്ധനത്തിനു താഴെ കണ്ട ശാസ്താ യന്ത്രങ്ങളിൽ മലയാള ലിപികൾ  കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ജമീൻ ഭരണത്തിനുശേഷം ഈ ഭൂമിയെല്ലാം സർക്കാർ ഏറ്റെടുത്തു. മാതാപിതാക്കളായ കാർത്തിക തിരുനാൾ ലക്ഷ്മി ബായി തമ്പുരാട്ടിയുടെയും ഗോദവർമ രാജാവിന്റെയും വിവാഹത്തിനു ശിങ്കംപട്ടി ജമീൻദാർ അതിഥിയായി വന്നിട്ടുണ്ടെന്നു മകൾ പൂയം തിരുനാൾ ഗൗരി പാർവതി ബായി പറഞ്ഞു.

അമ്മാവൻ ചിത്തിര തിരുനാൾ രാമവർമ മഹാരാജാവ് ഇതിനെക്കുറിച്ചു പറഞ്ഞിരുന്നതായി അവർ ഓർക്കുന്നു. സിങ്കംപട്ടി ജമീനെക്കുറിച്ച് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ പലവട്ടം പ്രതിപാദിച്ചിരുന്നതായി ചരിത്രകാരി എസ്. ഉമാമഹേശ്വരി പറഞ്ഞു. സിങ്കംപട്ടി യുമായി നല്ല ബന്ധത്തിലായിരുന്നു. ജമീൻദാറിന്റെ ചിത്രങ്ങൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നതായും അവർ പറഞ്ഞു.

പട്ടവരായർ കോവിലിൽ ‌ഭക്തർ തൂക്കിയിട്ട ചെരിപ്പുകൾ.
പട്ടവരായർ കോവിലിൽ ‌ഭക്തർ തൂക്കിയിട്ട ചെരിപ്പുകൾ.

കാണിക്കയായി ചെരിപ്പ്, കാവലായി പട്ടവരായർ

പട്ടവരായരുടെ പ്രതിഷ്ഠയും സൊരിമുത്തു അയ്യനാർ കോവിലിനു സമീപമുണ്ട്. പട്ടവരായർക്കാണു കാണിക്കയായി ചെരിപ്പ് സമർപ്പിക്കുന്നത്. ഉന്നതകുലത്തിൽ പിറന്ന ‘മുത്തുപട്ടൻ’ വീടുവിട്ട് എത്തിയതു കേരളത്തിലായിരുന്നു. രാജാവ് അദ്ദേഹത്തെ തന്റെ ഉപദേശകനാക്കി. പിന്നാലെ സഹോദരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വീട്ടിലേക്കു വരണമെന്നു നിർബന്ധിച്ചു. തിരിച്ചു വരുമ്പോൾ താമ്രപർണി നദിയുടെ തീരത്തു വിശ്രമിച്ചു.

നദിക്കരയിൽ രണ്ടു സ്ത്രീകൾ പാട്ടുപാടുന്നതു കണ്ട മുത്തുപട്ടൻ അവരിൽ ആകൃഷ്ടനായി. തിമ്മക്ക, ബൊമ്മക്ക എന്നീ പെൺകുട്ടികളെ വിവാഹം ചെയ്തുതരാൻ അവരുടെ അച്ഛൻ ‘വാലപകട’യോട് ആവശ്യപ്പെട്ടു. എന്നാൽ, തങ്ങൾ താഴ്ന്ന ജാതിയായതിനാൽ പറ്റില്ലെന്നായിരുന്നു മറുപടി. മുത്തുപട്ടനെ ഒഴിവാക്കാനായി വാലപകട അയാളോടു ചെരിപ്പ് തയ്ക്കാൻ ആവശ്യപ്പെട്ടു. ഉന്നതകുലത്തിന്റെ വേഷങ്ങളഴിച്ചു മുത്തുപട്ടൻ അംബാസമുദ്രത്തിലെ ചന്തയിൽ പോയി തോൽ വാങ്ങിവന്നു.

41ാം ദിവസം അദ്ദേഹം തുന്നിയ ചെരിപ്പ് പാപനാശത്തിലെ പെൺകുട്ടികളുടെ വീടിനു മുന്നിൽ കെട്ടിയിട്ടു. ഒടുവിൽ വാലപകട പെൺകുട്ടികളെ മുത്തുപട്ടനു വിവാഹം ചെയ്തുകൊടുത്തു. ആടു മേയ്ക്കലും വയലിനു കാവൽ നോക്കലും തുടങ്ങി എല്ലാ ജോലികളും മുത്തുപട്ടൻ ഏറ്റെടുത്തു. ഇതിനിടെ കന്നുകാലികൾ മോഷണം പോയി. അന്വേഷിച്ചെത്തിയ മുത്തുപട്ടൻ താമ്രപർണിയിൽ കുത്തേറ്റു മരിച്ചു. ഇതറിഞ്ഞ തിമ്മക്കയും ബൊമ്മക്കയും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. അതിനുള്ള അനുവാദം തേടി ശിങ്കംപട്ടി ജമീന്റെ അടുത്തെത്തി.

പിന്നീട്, മുത്തുപട്ടൻ മരിച്ചുവീണിടത്തു തിമ്മക്കയും ബൊമ്മക്കയും ജീവൻ വെടിഞ്ഞെന്നാണു കഥയെന്നു തിരുനെൽവേലിയിലെ ഫോക്‌ലോറിസ്റ്റ് ഡോ.രാമചന്ദ്രൻ പറഞ്ഞു. തിമ്മക്കയും ബൊമ്മക്കയും ‘സുന്ദരനാച്ചി’ എന്ന ഉന്നതകുല സ്ത്രീക്കുണ്ടായ മക്കളായിരുന്നെന്നും പറയുന്നുണ്ട്. നദിയിലൂടെ ഒഴുകിയെത്തിയ കുട്ടികളെ വാലപകട എടുത്തുവളർത്തിയെന്നാണു കേൾവി. മുത്തുപട്ടന് അഗസ്ത്യൻ ദർശനം നൽകി തന്റെയരികിൽ ഇരിപ്പിടം നൽകിയെന്നാണു വിശ്വാസം. മുത്തുപട്ടൻ, പട്ടവരായർ എന്ന പേരിൽ പൊതിഗൈ മലയ്ക്കും നാടിനും കാവലായി കുടികൊള്ളുന്നു.

ഇരുവശത്തായി തിമ്മക്കയും ബൊമ്മക്കയുമുണ്ട്. കാലിന്റെ പ്രശ്നങ്ങൾക്കും ശരീരവേദന മാറാനും ഭക്തർ പട്ടവരായർക്കു മുന്നിൽ സമർപ്പിക്കുന്നതു ചെരിപ്പുകളാണ്. പട്ടവരായർ കോവിലിന്റെ ചുമരിലാണു ചെരിപ്പുകൾ തൂക്കിയിടുന്നത്. ഇത്തരത്തിൽ തൂക്കുന്ന ചെരിപ്പുകൾ പട്ടവരായർ കാട്ടിൽ പോകുമ്പോൾ ഉപയോഗിക്കുന്നെന്നാണു വിശ്വാസം. 

ആടി അമാവാസി ഉത്സവം

കോവിലിലെ പ്രധാന ഉത്സവമാണ് ആടി അമാവാസി ഉത്സവം. പഴയ വാണിഭകാലത്തിന്റെ ഓർമപുതുക്കൽ കൂടിയാണു രണ്ടാഴ്ച നീളുന്ന ആഘോഷം. പതിനായിരക്കണക്കിനു തീർഥാടകർക്കു താമസിക്കാൻ കാട്ടിൽ താൽക്കാലിക കൂടാരങ്ങൾ നിർമിച്ചു വാടകയ്ക്കു നൽകും. ഭക്തർ ഇവിടെ വിരിവയ്ക്കും. കോവിലിൽ ഉത്സവ സമയം പ്രവർത്തിക്കുന്നതിനായി ആശുപത്രിക്കെട്ടിടങ്ങളുമുണ്ട്. പിച്ചയ്യയും ഇസക്കിയുമാണ് ഇപ്പോൾ ക്ഷേത്രത്തിലെ പുരോഹിതർ. രാവിലെയും വൈകിട്ടുമാണു ക്ഷേത്രത്തിലെ പൂജ. കറുത്ത വാവിനു മൂന്നു ദിവസം രാവിലെ 5.30 മുതൽ വൈകിട്ട് ഏഴു മണി വരെ ക്ഷേത്രം തുറക്കും. ശബരിമല സീസൺ സമയത്തും ഇതേ സമയം പാലിക്കും.

താമ്രപർണി നദിക്കരയിൽ മണി വിഴുങ്ങും മരം
താമ്രപർണി നദിക്കരയിൽ മണി വിഴുങ്ങും മരം

മണി വിഴുങ്ങും മരം

അഗസ്ത്യൻ തപസ്സനുഷ്ഠിച്ച പാറയ്ക്കു മുന്നിലെ ‘മണി മരത്തിനും’ പ്രത്യേകതകളുണ്ട്. കോവിലിൽ വഴിപാടായി മണി നേരാറുണ്ട്. നദീതീരത്തെ കൂറ്റൻ ‘ഇലപൈ’ മരത്തിലാണു മണികൾ അടിച്ചുതറയ്ക്കുന്നത്. എത്ര വലിയ മണിയായാലും മരം അതിനെ വിഴുങ്ങുമെന്നാണു വിശ്വാസം. ഭക്തർ മരത്തിൽ അടിച്ചുറപ്പിക്കുന്ന മണി, അടുത്ത വർഷം വരുമ്പോൾ ഉള്ളിലേക്കു ഞെരുങ്ങിയിട്ടുണ്ടാകും.  ഭഗവാൻ തന്റെ പ്രാർഥന സ്വീകരിച്ചെന്നാണ് ഇതിനർഥമെന്നും പറയുന്നു. മരത്തിന്റെ മുന്നിൽനിന്നു നോക്കിയാൽ ആനയുടെ മുഖവും നാലു കാലുകളും ദൃശ്യമാകും. ഉദ്ദിഷ്ട കാര്യപ്രാപ്തിക്കു ചങ്ങല കെ‍ാണ്ടു സ്വന്തം ശരീരത്തിൽ അടിക്കുന്നതും കോവിലിലെ പ്രധാന വഴിപാടാണ്. 

English Summary:

Sunday Special about Sorimuthu Ayyanar Kovil in Tamil nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com