ADVERTISEMENT

14ാം വയസ്സിനുള്ളിൽ വയലിന്റെ തഴമ്പ് മാർട്ടിനയുടെ കഴുത്തിൽ ‘തിണർത്തു’. ഗ്രേഡ് കൂടുന്നതിനനുസരിച്ചു വഴക്കം വരാനുള്ള വലുപ്പം കുഞ്ഞു വിരലുകൾക്കില്ലാത്തതിനാൽ പലപ്പോഴും വിരലിനും നഖത്തിനുമിടയിൽ ചോര പൊടിഞ്ഞു. പല വേദികൾ, പുരസ്കാരങ്ങൾ, ഫെലോഷിപ്... വയലിൻ തന്ത്രികൾ മാർട്ടിനയുടെ വിജയത്തിന്റെ തുടിപ്പുകളായി. വയലിനെ ശരീരത്തിന്റെ ഭാഗമായി കണ്ടാണ് മാർട്ടിനയുടെ ജീവിതം. ഒരിക്കലും വിട്ടകലാത്ത പ്രിയകൂട്ടുകാരിയാണവൾക്കത്. തന്ത്രികൾ മീട്ടി വിരൽതൊട്ടെടുക്കുന്ന ആഴിയും ആകാശവും കാഴ്ചക്കാരിലേക്കു പകരുമ്പോൾ അതിനു സാക്ഷിയായി മാർട്ടിനയുടെ പിതാവ് ചാൾസ് വേദിയുടെ ഓരത്തുണ്ടാകും. മകളെ സംഗീത ലോകത്തിന്റെ നെറുകയിലെത്തിക്കാൻ ഈ പിതാവ് നടത്തുന്ന ശ്രമങ്ങൾ സമാനകളില്ലാത്തതാണ്.

സംഗീതജ്ഞയാകാൻ കൊതിച്ച് ജീവിത പ്രാരബ്ധം കാരണം ഗാനമേളകളിലെ കീബോർഡിസ്റ്റായി ചുരുങ്ങിയയാളാണു കല്ലംപ്ലാക്കൽ ചാൾസ് ദേവസ്യ.  എന്നാൽ ചാൾസിന്റെ മകൾ മാർട്ടിന ഇന്നു സംഗീത ലോകത്തെ അറിയപ്പെടുന്ന പ്രതിഭയാണ്. വയലിൻ വെസ്റ്റേൺ ക്ലാസിക്കലിൽ വിഖ്യാതമായ ലണ്ടനിലെ ട്രിനിറ്റി കോളജിൽ നിന്നു ഫെലോഷിപ് നേടിയതാണ് അവളുടെ ഏറ്റവും പുതിയനേട്ടം. ഫെലോഷിപ് നേടിയ കേരളത്തിലെ ആദ്യയാളും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മാർട്ടിനയാണ്. 14 വയസ്സിൽ വയലിനിൽ ബിരുദാനന്തര ബിരുദമാണ് മാർട്ടിന നേടിയത്. പേരാവൂർ മണത്തണ മടപ്പുരച്ചാലിലെ കല്ലംപ്ലാക്കൽ ചാൾസ് –ഷൈനി ദമ്പതികളുടെ മകൾ മാർട്ടിനയുടെ നേട്ടം പിതാവിനുള്ള സമ്മാനമാണ്.

അച്ഛൻ ചാൾസിനും അമ്മ ഷൈനിക്കുമൊപ്പം മാർട്ടിന
അച്ഛൻ ചാൾസിനും അമ്മ ഷൈനിക്കുമൊപ്പം മാർട്ടിന

മകൾക്കായി ഒരച്ഛൻ

മാർട്ടിനയുടെ നേട്ടങ്ങളെക്കുറിച്ച് പറയുന്നതിനു മുൻപേ അടയാളപ്പെടുത്തേണ്ടത് ചാൾസ് എന്ന പിതാവിനെയാണ്. ചെറുപ്പത്തിൽ തന്നെ കീബോർഡും തബലയും വായിക്കാൻ പഠിച്ച ചാൾസ് മലബാറിലെ ഗാനമേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. തലശ്ശേരി രൂപതയുടെ കീഴിലെ പേരാവൂർ ഫൊറോനയിലെ പള്ളികളിൽ പാട്ടു കുർബാനയ്ക്കു കീബോർഡ് വായിക്കുന്നതും ചാൾസ് തന്നെ. എന്നാൽ സംഗീതത്തെ ജീവനുതുല്യം സ്നേഹിക്കുമ്പോഴും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ചാൾസിന് ആശ്രയം ഓട്ടോറിക്ഷയായിരുന്നു.

കുഞ്ഞായിരിക്കുമ്പോൾ തന്നെ മാർട്ടീന വയലിനോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു തുടങ്ങി. അതോടെ മകളെ വയലിനിസ്റ്റ് ആക്കാനുള്ള ശ്രമങ്ങളും ചാൾസ് ആരംഭിച്ചു. ഏഴാം വയസ്സിൽ ഗായിക സയനോര ഫിലിപ്പിന്റെ പിതാവും വയലിനിസ്റ്റുമായ ഫിലിപ്പ് ഫെർണാണ്ടസിന്റെ ‘രാഗം സ്കൂൾ ഓഫ് മ്യൂസിക്കിൽ’മാർട്ടിനയെ ചേർത്തു. 

മാർട്ടിന വളർന്നു; ചാൾസിന്റെ സ്വപ്നങ്ങളും

എട്ടാം ഗ്രേഡ് വരെയാണ് രാഗം സ്കൂളിൽ പഠിച്ചത്. എന്നാൽ 5ാം ഗ്രേഡ് മുതലുള്ള പരീക്ഷകൾക്ക് പിയാനോയുടെ പിൻബലം വേണം. അതിനായി തൃശൂർ ചേതന മ്യൂസിക് അക്കാദമിയിലെ വിദ്യാർഥികളാണ് സഹായത്തിനെത്തിയത്. വയലിനിലെ കുഞ്ഞു മാർട്ടിനയുടെ മികവ് അവരിലൂടെ ചേതനയുടെ ‍ഡയറക്ടർ ഫാ. തോമസ് ചക്കാലമറ്റത്ത് കേട്ടറിഞ്ഞു. ആ വായന അടുത്തറിയാനായി ഫാ. തോമസ് നേരിട്ടെത്തി. തുടർന്ന് മാർട്ടിനയ്ക്ക് ചേതനയിലേക്കു ക്ഷണം ലഭിച്ചു. ആ വിളിയുടെ ബലത്തിൽ എടത്തൊട്ടി നവജ്യോതി സീനിയർ സെക്കൻഡറി സ്കൂളിലെ പഠനം അവസാനിപ്പിച്ച് തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലേക്ക് മാർട്ടിനയെ മാറ്റി.

സ്വപ്നങ്ങൾ തേടി

തൃശൂരിലേക്കുള്ള പറിച്ചുനടൽ ചാൾസിനും കുടുംബത്തിനും എളുപ്പമായിരുന്നില്ല. ഏക മകളെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഒരു വശത്ത്, ബാധ്യതകളും സാമ്പത്തിക അസ്ഥിരതയും മറുഭാഗത്ത്. പഠനം മുന്നോട്ടു പോകണമെങ്കിൽ ലക്ഷങ്ങൾ വിലയുള്ള വയലിൻ വേണം. സ്ഥിരമായുള്ള പ്രാക്ടിസ് മുടങ്ങിയാൽ ലക്ഷ്യം പിന്നെയും അകലും. പ്രാക്ടിസ് തുടരണമെങ്കിൽ കീബോർഡുമായി ചാൾസ് ഒപ്പം വേണം. മൂന്നംഗ കുടുംബത്തിന് തൃശൂരിൽ വീടും സൗകര്യങ്ങളും വേണം.

ഒടുവിൽ ഉപജീവനമാർഗമായ ഓട്ടോ വിറ്റ് വയലിൻ വാങ്ങാൻ ചാൾസ് തീരുമാനിച്ചു. മറ്റു ചെലവുകൾക്കു വീടും സ്ഥലവും വിൽക്കാം. ആ പണത്തിന് തൃശൂരിൽ വാടക വീടു കണ്ടെത്തി താമസം മാറാം. എന്നാൽ ചാൾസിന്റെ ഈ തീരുമാനത്തിന് ബന്ധുക്കളും സുഹൃത്തുക്കളും എതിരായി. ആകെയുള്ള സ്ഥലവും കൊച്ചുവീടും വിറ്റ് മകളുടെ സ്വപ്നത്തിനു പിന്നാലെ പോകുന്നതിൽ നിന്നു പിന്തിരിപ്പിക്കാൻ തുടങ്ങി. എന്നാൽ ചാൾസിന്റെയും മാർട്ടിനയുടെയും യാത്രയിൽ പൂർണ പിന്തുണയോടെ ഷൈനി ഒപ്പം നിന്നു. ഒടുവിൽ വീടും സ്ഥലവും ഓട്ടോറിക്ഷയും വിറ്റ് കുടുംബം തൃശൂരിലെത്തി.

സംഗീത സാഗരം; വെല്ലുവിളികളുടെ ചെറുതോണി

2019ലായിരുന്നു ചാൾസും കുടുംബവും തൃശൂരിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. വെളുപ്പിന് 5മുതൽ പ്രാക്ടീസ് തുടങ്ങണം. സ്കൂളിൽ പോകുന്ന സമയം ഇടവേള. വൈകുന്നേരം പഠനസമയം കഴിഞ്ഞാൽ വീണ്ടും പരിശീലനം ആരംഭിക്കും. കൃത്യം 10 മണിക്ക് ഉറങ്ങും. ഈ ദിനചര്യ ചുറ്റുമുള്ളവർക്ക് അസൗകര്യമായി. അതിരാവിലെ മുതലുള്ള വയലിന്റെയും കീബോർഡിന്റെയും ശബ്ദം പരാതികളായി അവർക്കു മുന്നിലെത്തി. വീടു മാറുകയല്ലാതെ മറ്റു വഴിയില്ല. സൗകര്യപ്രദമായ വീടിനായി വീണ്ടും അലച്ചിൽ. 

നേട്ടങ്ങളിലേക്ക്..

ഫാ. തോമസ് ചക്കാലമറ്റത്തിന്റെ കീഴിൽ മ്യൂസിക് പഠിക്കുന്ന മാർട്ടിന, ഇന്ത്യയിലെ പ്രശസ്ത വയലിനിസ്റ്റുകളിലൊരാളായ കരോൾ ജോർജിന്റെ (കൊച്ചി) കീഴിലാണ് വയലിൻ പഠനം നടത്തുന്നത്. ഡിപ്ലോമകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അത്യാധുനിക വയലിൻ അവൾക്ക് ആവശ്യമായി വന്നു. കുടുംബസുഹൃത്ത് കൂടിയായ മാനന്തവാടി രൂപതയിലെ ഫാ. പോൾ‌ ഇടയകൊണ്ടാട്ട് ജർമൻ വയലിൻ സമ്മാനമായി നൽകി. തന്റെ സ്വപ്നങ്ങൾക്കു പിന്തുണയായി നിന്ന മാതാപിതാക്കളുടെ സഹനം മനസ്സിലാക്കിയ മാർട്ടിന രാപകലില്ലാതെ പ്രാക്ടിസ് ചെയ്തു. 14 വയസ്സിൽ വയലിന്റെ തഴമ്പ് അവളുടെ കഴുത്തിൽ ‘തിണർത്തു’.

കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ അവധി ദിവസങ്ങളിൽ വയലിനുമായി അവളും പരിപാടികൾക്ക് പോയിത്തുടങ്ങി. രാവന്തിയോളം കീബോർഡ് വായിച്ച്, ചെലവു ചുരുക്കി മിച്ചം പിടിച്ച തുകയിൽ നിന്ന് നല്ലൊരു വയലിൻ ചാൾസ് മകൾക്ക് സമ്മാനമായി വാങ്ങി നൽകി. ഒടുവിൽ വിഖ്യാതമായ ലണ്ടനിലെ ട്രിനിറ്റി കോളജിൽനിന്ന് വയലിനിലെ എട്ട്‌ ഗ്രേഡുകളും പൂർത്തിയാക്കി മൂന്ന് ഡിപ്ലോമകൾ ഡിസ്റ്റിങ്‌ഷനോടെ പാസായി ഫെലോഷിപ് നേടിയ ഇന്ത്യയിലെ പ്രായംകുറഞ്ഞ വയലിനിസ്റ്റായി മാർട്ടീന പിതാവിന് പ്രതിഫലം തിരികെ നൽകി.

ഇഷ്ടം വെസ്റ്റേൺ ക്ലാസിക്കൽ

11 രാജ്യങ്ങളിൽനിന്നുള്ള ആർട്ടിസ്റ്റുകളുടെ ഓർക്കെസ്ട്രയായ സൗത്ത് ഏഷ്യൻ സിംഫണിയിലെ പ്രായംകുറഞ്ഞ വയലിനിസ്റ്റായ മാർട്ടിന വയലിനിൽ സ്വന്തമായി ഒരു ട്യൂണും കണ്ടെത്തിയിട്ടുണ്ട്. 2022-ലെ ഓൾ ഇന്ത്യ കോൺബ്രിയോ വയലിൻ മത്സരം, 2023-ലെ ഓൾ ഇന്ത്യ കോൺബ്രിയോ സീനിയർ വയലിൻ മത്സരം ഇവയിലും ഒന്നാം സ്ഥാനം നേടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 100 പേരാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. ആറുപേരുള്ള സെമിയും നാലുപേർ ഉൾപ്പെടുന്ന ഫൈനലും മറികടന്നാണ് മാർട്ടിന ഒന്നാമതെത്തിയത്. വിവിധ ചാനലുകളിലും സ്റ്റേജുകളിലും വയലിനുമായെത്തി.

വെസ്റ്റേൺ ക്ലാസിക്കൽ വായിക്കാനാണ് മാർട്ടിനയ്ക്ക് ഏറെയിഷ്ടം. മെൻഡൽസൺ, ബാക്, മൊസാർട്ട്, ബിഥോവൻ, ചൈകോവ്സ്കി, പഗനിനി എന്നിവരുടെ കൺസേർട്ടുകളും സിംഫണികളും വായിക്കാൻ ഇഷ്ടമാണ്. ഇപ്പോൾ ട്രിനിറ്റി ലാബൻ കൺസർവേറ്റോയർ ഓഫ് മ്യൂസിക്‌ സ്ട്രിങ്‌ ഡിപ്പാർട്മെന്റ് ഹെഡ് പ്രഫസർ നിക് പെൻഡിൽബറിയുടെയും പ്രഫ. ജാൻ ഷ്മോൾകിന്റെയും മാസ്റ്റർ ക്ലാസ് ലഭിക്കുന്നുണ്ട്. വലുതാകുമ്പോൾ വിദേശത്ത് പോയി വയലിൻ കൂടുതൽ പഠിക്കണമെന്നതാണ് മാർട്ടിനയുടെ ആഗ്രഹം. ‌

English Summary:

Sunday Special about violinist Martina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com