കപ്പ് നിറയെ ആനന്ദം

Mail This Article
‘സമനിരപ്പാർന്ന ഒരു ഭൂമിക്കഷ്ണം. ചുറ്റും കുറെ കെട്ടിടങ്ങൾ..’– പ്രശസ്ത ഓസ്ട്രേലിയൻ ക്രിക്കറ്റ് കമന്റേറ്ററായ റിച്ചി ബെനോ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾക്കു നൽകിയ വിശേഷണം ഇങ്ങനെ. കല്ലും മണ്ണും മാത്രമാണ് ഗിസയിലെ പിരമിഡ് എങ്കിൽ, പൊളിഞ്ഞ കൽക്കെട്ടാണ് റോമിലെ കൊളോസിയമെങ്കിൽ ബെനോ പറഞ്ഞതു ശരിയാണ്!
ബെനോയുടെ ഭാവന എത്ര ലുബ്ധം എന്ന് ഇന്ത്യയിലെ ഏതൊരു ക്രിക്കറ്റ് ആരാധകനും പറയും. വാങ്കഡെ അവർക്കു ചർച്ച് ഗേറ്റിലെ ഒരു സ്റ്റേഡിയം മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിന്റെ തിരുമുറ്റം തന്നെയാണ്. ഈഡൻ ഗാർഡൻസ് കൊൽക്കത്ത മൈതാനിലെ ബ്രിട്ടിഷ് ശേഷിപ്പ് അല്ല, ചരിത്ര വിജയങ്ങളുടെ പൂന്തോട്ടമാണ്!
വാങ്കഡെയും ഈഡനും പിന്നിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജൈത്രയാത്ര ഇതാ സബർമതി നദീതീരത്തു വന്നു നിൽക്കുന്നു. ഭൂമിയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ഇന്ത്യൻ ടീം ഓസ്ട്രേലിയയെ നേരിടുമ്പോൾ മഹാത്മാഗാന്ധിയുടെ ഒരു വാക്യം അവരുടെ മനസ്സിലൂടെ കടന്നു പോകും– ഡൂ ഓർ ഡൈ! വിദേശവസ്ത്ര ബഹിഷ്കരണത്തിന്റെ മന്ത്രങ്ങൾ ഗാന്ധി ഉരുവിട്ട തീരത്ത് ക്രിക്കറ്റ് എന്ന ‘ബ്രിട്ടിഷ് കളി’യിലെ ലോകകിരീടത്തിനായി ഇന്ത്യക്കാരും ഓസ്ട്രേലിയക്കാരും മത്സരിക്കും.
40 വർഷം മുൻപ് ലോകത്തിനു മുന്നിൽ ഒരു ആശ്ചര്യചിഹ്നം വരച്ചാണ് ഇംഗ്ലിഷ് മണ്ണിൽ ഇന്ത്യ ആദ്യമായി ലോകകിരീടം ചൂടിയത്. 28 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ മണ്ണിൽ അതൊരു സുന്ദരമായ ആവർത്തനമായി. ഒരിക്കൽക്കൂടി ലോകകിരീടത്തിനു മുഖാമുഖം നിൽക്കുമ്പോൾ ടീം ഇന്ത്യയ്ക്കു കിരീടം ഒരു അവകാശം പോലെയാണ്. തുടർജയങ്ങളുടെ തിളക്കത്തിന്, ഉജ്വലസെഞ്ചറികളുടെ പകിട്ടിന് ഒരു തിലകക്കുറി.
‘എനിക്ക് ക്രിക്കറ്റ് അറിയില്ല. പക്ഷേ സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ ഞാനത് കാണാൻ ശ്രമിക്കാറുണ്ട്. ആ സമയത്ത് എന്റെ രാജ്യത്തിന്റെ സാമ്പത്തിക ഉൽപാദനം താഴേയ്ക്കു പോകുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയണം’. ഇന്ത്യക്കാരുടെ എല്ലാം മറന്നുള്ള ക്രിക്കറ്റ് പ്രേമത്തിന് ഈ സർട്ടിഫിക്കറ്റ് നൽകിയതു മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയാണ്. ഒരു ലക്ഷത്തോളം കാണികൾ മൈതാനത്തേക്കും നൂറു കോടിയിലേറെ കണ്ണുകൾ സ്ക്രീനിലേക്കും ഉറ്റുനോക്കിയിരിക്കുന്ന ഇന്ന് നമ്മുടെ ‘ആനന്ദോൽപാദനം’ മുകളിലേക്കു തന്നെ പോകട്ടെ. കളി തീരുമ്പോൾ വിജയാഹ്ലാദം മുഴങ്ങുന്ന ഒരു സിക്സർ പറക്കട്ടെ..!