ADVERTISEMENT

തൃശൂർ പൂരം ഇരമ്പിയാർക്കുകയാണ്. ഇലഞ്ഞിത്തറ മേളം കാലംകയറി നിൽക്കുന്ന സമയം. ആയിരക്കണക്കിനാളുകൾ മാനത്തേക്കു കൈകളുയർത്തി താളമിട്ടു മാനത്തും ഭൂമിയിലുമല്ലാതെ ആറാടി നിൽക്കുന്ന സമയം. മേളം ഇടിമുഴക്കംപോലെ അവസാനിക്കാൻ ഏറെ നേരം ബാക്കിയില്ല. പാണ്ടിമേളത്തിന്റ എല്ലാ സൗന്ദര്യവും രൗദ്രതയും ഇല‍ഞ്ഞിത്തറയിൽ ആടി ഉലയുന്ന മുഹൂർത്തം. പെട്ടെന്നൊരു ആന തളർന്നു വീണു. കൂടെ എഴുന്നള്ളിച്ചു നിർത്തിയിരുന്ന ആനകൾ പരിഭ്രമിച്ചു. തോളോടു തോൾ ചേർന്ന നിന്നിരുന്ന ആയിരങ്ങൾ അലറി ഓടിത്തുടങ്ങി.

മേളക്കാർ മേളം നി‍ർത്തി ചിതറിമാറി. മിനിറ്റുകൾക്കകം ആന എഴുന്നേറ്റു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നവർ. പെട്ടെന്ന് ഇലഞ്ഞിത്തറയിലെ ചെണ്ടയിൽ വീണ്ടും പെരുവനത്തിന്റെ കോലുവീണു. ചിതറിപ്പോയ മേളക്കാർ ഓടി തിരിച്ചെത്തി. രണ്ടു മിനിറ്റിനകം ആ കോൽ പല കോലുകളായി പെരുകി, പെരുകി പെരുവനമായി. എവിടെ വച്ചു പൊട്ടി വീണുവോ അതേ സ്ഥലത്തുവച്ചു മേളം വീണ്ടും കയറിപ്പിടിച്ച് ഇരമ്പിയാർത്തു. തകർന്നുപോയൊരു മേളത്തെ തിരിച്ചു പിടിച്ച അപൂർവ മുഹൂർത്തങ്ങളിലൊന്ന്. പെരുവനം കുട്ടൻ മാരാർ എന്ന മേള പ്രമാണിയുടെ മനക്കരുത്തു സുവർണ ശോഭയായി തെളിഞ്ഞുനിന്ന നിമിഷങ്ങളിലൊന്നായിരുന്നു അത്.

മേളത്തെ തോളിലേറ്റി ഉത്സവപ്പറമ്പിൽനിന്ന് ഉത്സവപ്പറമ്പിലേക്കു നടക്കുന്ന പെരുവനം കുട്ടൻ മാരാർക്കു 70 വയസ്സു തികയുകയാണ്. 46 വർഷം ഇലഞ്ഞിത്തറയിൽ കൊട്ടി, 24 വർഷം പ്രമാണിയായി. 36 വർഷം ഗുരുവായൂരിലും തൃപ്പൂണിത്തുറയിലും പ്രമാണിയായി. ഇപ്പോഴും തൃശൂർ ചേർപ്പ് ഭഗവതി ക്ഷേത്രത്തിലെ അടിയന്തര കൊട്ടുകാരനാണ്. ഒരു ചെണ്ടയുമായി വിളക്കിനു മുന്നിൽ ഭഗവതിയെ എഴുന്നള്ളിക്കുമ്പോൾ മിക്കപ്പോഴും കൊട്ടുന്നതു കുട്ടൻ മാരാരാകും. കഴിവതും ഈ ദിവസസേവ മുടക്കില്ല. ഏത് ഉത്സവപ്പറമ്പിൽനിന്നു വന്നാലും പരമ്പരാഗതമായി കിട്ടിയ ഈ ജോലി വിടാതെ നോക്കും. മലയാള സിനിമയുടെ പുത്തൻ തലമുറ സംഗീതജ്ഞനായ ബിജിബാൽ കുട്ടൻ മാരാരുമായി സംസാരിക്കുന്നു.

അന്നത്തെ കാലത്തെ ചെണ്ട പഠനം?

അന്നൊന്നും ഇന്നത്തപ്പോലെ എല്ലാവരും ചേർന്നിരുന്ന പഠിക്കുന്ന സമ്പ്രദായമില്ല. അമ്പലത്തിൽ നിത്യവിശേഷത്തിനു അച്ഛൻ കൂടെ കൊണ്ടുപോകും. കൂടെ നടന്നു കൊട്ടണം. കുറച്ചു ദിവസം കഴിയുമ്പോൾ തനിയെ പോയി കൊട്ടാൻ പറയും. പിന്നെ മേളത്തിനും കൂടെ കൊണ്ടുപോകും. ആദ്യം താളം പിടിക്കാൻ കൂടെ നിർത്തും. അങ്ങനെ കുറച്ചു കാലം കഴിയുമ്പോൾ മു‍ൻനിരയിലേക്കു വരാം. ഇതിനിടയിൽ വീട്ടിൽ പുളിമുട്ടികൊണ്ടു കല്ലിൽ അച്ഛനു സമയമുള്ളപ്പോൾ കൊട്ടി പഠിപ്പിക്കും. അച്ഛൻ സ്ഥലത്തുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ ദിവസവും പുളിമുട്ടിയിൽ കൊട്ടിപ്പഠിക്കണം. അച്ഛൻ പെരുവനം അപ്പുമാരാർതന്നെയാണ് ആദ്യ ഗുരു.

കൊട്ടുതന്നെയായിരുന്നോ ജീവിത ലക്ഷ്യം?

അത്തരം ലക്ഷ്യമോ പറഞ്ഞു തരാൻ ആളോ ഇല്ലായിരുന്നു. കൊട്ടുകൊണ്ടു ജീവിക്കാൻ പറ്റാത്ത കാലമായിരുന്നു അത്. അമ്പലത്തിൽനിന്നു മിക്ക കഴകക്കാർക്കും പടച്ചോറു കിട്ടും. അതിലാണു ജീവിതം. അതുകൊണ്ടുതന്നെ ടൈപ്പ് റൈറ്റിങ്ങും ഷോർട് ഹാ‍ൻഡും പഠിപ്പിച്ച് എന്തെങ്കിലും ജോലിക്കു വിടാനാണ് അച്ഛൻ ആഗ്രഹിച്ചത്. പെരുവനം സിഎ‍ൻഎൻ സ്കൂളിൽ ക്ലാർക്കായി ജോലിയും കിട്ടി. ജോലിയും വരുമാനവും ഉറപ്പായപ്പോഴാണ് അച്ഛൻ തായമ്പക പഠിപ്പിക്കാൻ തീരുമാനിച്ചത്. ബന്ധുവായ കുമരപുരം അപ്പുമാരായിരുന്നു ഗുരു. അദ്ദേഹം വീട്ടിൽ വന്നു താമസിച്ചാണു പഠിപ്പിച്ചത്. ശ്രീനാരായണ പുരം അപ്പുമാരാരിൽനിന്നു കഥകളി പുറപ്പാടും മേളപ്പദവും പഠിച്ചു. പക്ഷേ കഥകളി അരങ്ങേറ്റത്തിനു മാത്രമേ ഞാൻ കൊട്ടിയിട്ടുള്ളു. പക്ഷേ അരങ്ങേറിയതു മറക്കാനാകില്ല. കലാമണ്ഡലം മേജർ സെറ്റ് കഥകളിക്കൊപ്പമാണ് ആദ്യം കൊട്ടിയത്. കൃഷ്ണൻകുട്ടി പൊതുവാൾ, അപ്പുക്കുട്ടി പൊതുവാൾ, രാമൻകുട്ടിയാശാൻ, പത്മനാഭനാശാൻ തുടങ്ങി വലിയവരെല്ലാം നിരന്ന കളിയായിരുന്നു അത്. മേളത്തിനും കഥകളിക്കും കൂടി പോകാ‍ൻ പറ്റാത്തതിനാൽ കഥകളി വിട്ടു. തായമ്പകയ്ക്കും അപൂർവമായേ പോയിട്ടുള്ളു.

ആദ്യമായി മേളം കൊട്ടിയത് ?.

1968ൽ പെരുവനം നടവഴിയിൽ അച്ഛനൊപ്പമാണ് ആദ്യം മുൻനിരയിൽ നിന്നു മേളം കൊട്ടിയത്. പെരുവനം നടവഴി മേളത്തിനായി ഉണ്ടാക്കിയ തിയറ്റർപോലെയാണ്. ഏഴ് ആനകൾക്കു നിരന്നു നിൽക്കാൻ പറ്റുന്ന വഴിയുടെ ഇരുവശത്തും ഒരാൾ പൊക്കത്തിൽ തിണ്ടാണ്. അതിനു മുകളിൽ ഗാലറിയിലെന്നപോലെ ജനം മേളം കാണുക. ജനത്തിന്റെ ഉയരംകൂടി കൂട്ടിയാൽ ഇരുവശത്തും 10 അടിയോളം ഉയരമുള്ള മതിലുള്ള ഒരു ഓഡിറ്റോറിയം. ഇവരിൽ തട്ടി ശബ്ദം പ്രതിധ്വനിക്കും. താഴെ നടവഴയിലും ആളുണ്ടാകും. വല്ലാത്ത അക്കസ്റ്റിക്സാണ് ഇവിടെയുള്ളത്. നിരന്നു നിൽക്കുന്ന ആനകൾപോലും ശബ്ദത്തെ തടഞ്ഞ് ഈ വഴിയിലേക്ക് തിരിച്ചു വിടുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാണ്ടിയും പഞ്ചാരിയുമെല്ലാം പിറന്നതും വളർന്നതും ഈ നടവഴിയിലാണെന്നു വിശ്വസിക്കുന്ന ഏറെപ്പേരുണ്ട്. അത് അസത്യമാകാൻ സാധ്യതയില്ല. പെരുവനംപോലെ മേളക്കാരുള്ള നാട് വേറെ ഇല്ല. ചേർപ്പ് ഭഗവതിക്കു പാണ്ടി, പഞ്ചാരി, ചെമ്പട, അടന്ത എന്നീ മേളങ്ങൾ കൊട്ടണം. സ്വാഭാവികമായും അവിടെ പഠിച്ചു വളരുന്ന കൊട്ടുകാർ ഇതെല്ലാം കേട്ടു പഠിക്കും.

പെരുവനത്തിനു പുറത്തേക്കു വന്നതും വളർന്നതും എങ്ങനെയാണ്?

കോഴിക്കോട് തളി ഉത്സവത്തിനു പോയതാകും ആദ്യത്തെ ദൂരയാത്ര. അന്ന് ഏഴിലോ എട്ടിലോ പഠിക്കുകയാണ്. വലംതല ചെണ്ടയിലെ താളക്കാരനായാണു പോയത്. അച്ഛന്റെ അമ്മാവൻ പെരുവനം നാരായണ മാരാരായിരുന്നു പ്രമാണി. അച്ഛനും കൂടെ ഉണ്ടായിരുന്നു.

അച്ഛനും പെരുവനത്തെ പ്രമാണിമാർക്കും തൃപ്പൂണിത്തുറയിലും ഗുരുവായൂരിലുമെല്ലാം കൊട്ടുണ്ടായിരുന്നു. അവർക്കൊപ്പമാണു പുറം യാത്രയും കൊട്ടും തുടങ്ങിയത്. പഠനം മുടങ്ങാതെ നോക്കണമെന്നു മാത്രമായിരുന്നു നിബന്ധന. സ്കൂളിൽ പഠിക്കുന്ന കാലത്തു ചേർപ്പു ക്ഷേത്രത്തിലെയോ പെരുവനം ക്ഷേത്രത്തിലെയോ അടിയന്തര കൊട്ടുകഴിഞ്ഞാണു ക്ലാസിലെത്തുക. പൂജ വൈകിയാൽ സ്കൂളിലെത്തുന്നതും വൈകും. കൊട്ടു കഴിഞ്ഞാൽ മുണ്ട് ചെണ്ടയിൽ ഊരിയിട്ടു അമ്പലത്തിൽനിന്നുതന്നെ ട്രൗസറിട്ട് ഓട്ടമാണ്. വൈകി വരുന്ന കുട്ടികളെ കാത്ത് എം.എസ്.മാഷ് വരാന്തയിലുണ്ടാകും. ചന്തിക്കു ചൂരൽകൊണ്ടൊരു തട്ടുണ്ട്. ഞാൻ അമ്പലത്തിൽനിന്നു വരികയാണെന്ന് അറിയുന്നതുകൊണ്ടു തട്ടിനു ശക്തി കുറയും. എന്നാലും ക്ലാസിൽ എഴുന്നേൽപ്പിച്ചു നിർത്തും.

മേളത്തിനു നേതൃത്വം നൽകുന്ന പെരുവനം കുട്ടൻമാരാൻ
മേളത്തിനു നേതൃത്വം നൽകുന്ന പെരുവനം കുട്ടൻമാരാൻ

കൊട്ടുകാരനെന്ന നിലയിൽ അറിയപ്പെടാൻ തുടങ്ങിയതിന്റെ സന്തോഷം തോന്നിയത് എപ്പോഴാണ്?

ജോലിക്കാലത്ത് ശമ്പളബിൽ മാറാൻ ട്രഷറിയിൽ പോകുമ്പോ‍ൾ വലിയ ക്യൂ ഉണ്ടെങ്കിലും എനിക്കു പരിഗണന കിട്ടും. കലാകാരനു കിട്ടുന്ന ബഹുമാനമാണത്. ടിവി വന്നതോടെ ആളുകൾ മുഖം തിരിച്ചറിയാൻ തുടങ്ങി. കേരളത്തിൽ ദൂരദർശന്റെ ഉദ്ഘാടനത്തിനു വലിയ കൊട്ടുകാർക്കൊപ്പം ഇടയ്ക്ക കൊട്ടി ഞാനും നിന്നിട്ടുണ്ട്. എവിടെച്ചെന്നാലും നമുക്കു സ്നേഹവും ബഹുമാനവും കിട്ടും. അതാണു കലാകാരനായതിലുള്ള മെച്ചം. തിരിച്ചറിയുന്നതും വലിയ ആളുകൾ അഭിനന്ദിക്കുന്നതുമെല്ലാം സന്തോഷമാണ്.

ചെണ്ടയെ അസുരവാദ്യമെന്നാണു വിളിക്കുന്നത്. കൊട്ടുമ്പോൾ അതു തോന്നിയിട്ടുണ്ടോ?

അസുരവാദ്യമെന്നു പറയുന്നതു ദുഷ്ടനായ അസുരൻ എന്ന നിലയിലല്ല. സാധാരണ മനുഷ്യനെക്കാൾ വലുതാണല്ലോ അസുരൻ. സാധാരണ വാദ്യത്തെക്കാൾ വലുതെന്നേ അർഥമുള്ളൂ. അതിന്റെ ശബ്ദ ഗാംഭീര്യത്തെയാണ് അതു സൂചിപ്പിക്കുന്നത്. അല്ലാതെ അലർച്ചയെയല്ല. അയാളൊരു പുലിയാണെന്നു തൃശൂരുകാർ സാധാരണ പറയാറുണ്ട്. അതിനർഥം അയാൾ മൃഗമാണെന്നല്ല. കരുത്തനാണ് എന്ന പോസിറ്റീവ് അർഥത്തിലാണ്. 18 വാദ്യവും ചെണ്ടയ്ക്കു താഴെയെന്നു പറയാറില്ലേ?. ചെണ്ട ലയ വാദ്യമാണ്. ഓരോ സ്ഥലത്തു കോലുവീഴുമ്പോഴും ഓരോ ശബ്ദമാണ്. ചെണ്ടയിൽ കുഴ മറിഞ്ഞു കൊട്ടുക എന്നൊരു രീതിയുണ്ട്. കൈക്കുഴ തിരിച്ചുകൊണ്ടു കൊട്ടുന്ന രീതിയാണിത്. കുഴ മറിയുമ്പോൾ കോല് ചെണ്ടയുടെ പല ഭാഗത്താണു വീഴുക. ധാരാളം ചെണ്ടകളുടെ ലയമാണു മേളം.

പരിചയം പോലുമില്ലാത്ത എത്രയോ പേർ കൂടെനിന്നു പലപ്പോഴും കൊട്ടും. അവരെ എങ്ങനെയാണ് നിയന്ത്രിക്കുന്നത്?

വരുന്നവർക്ക് എല്ലാം മേളം കൊട്ടി പരിചയം കാണും. എത്ര നേരം കൊട്ടണമെന്നും എങ്ങനെ മേളം കയറിക്കയറി പോകണമെന്നും തീരുമാനിക്കുന്നതു പ്രമാണിയാണ്. മറ്റു പല വാദ്യ ഘോഷങ്ങളെയുംപോലെ ഒരു താളവട്ടം കഴിയുമ്പോ‍ൾ കാലം കയറ്റുക എന്ന രീതി മേളത്തിലില്ല. കാലം കയറുന്നത് അറിയരുത് എന്നാണു പറയുക. പ്രമാണിയുടെ നേരെ മുന്നിലാണു കുഴലുകാർ നിൽക്കുക. അവരുമായാണ് ആദ്യം കമ്യൂണിക്കേറ്റു ചെയ്യുക. മുന്നോട്ട് ആഞ്ഞുനിന്നു കുഴൽ പ്രമാണി പ്രത്യേക തരത്തിൽ ചുറ്റിയാൽ അതിർഥം കാലം മാറുകയായി എന്നാണ്. പ്രമാണി ഇടത്തോട്ടോ വലത്തോട്ടോ നോക്കി സഹ ചെണ്ടക്കാർക്കും ഈ സിഗ്നൽ നൽകും. ആ നോട്ടംകൊണ്ടുതന്നെ അവർക്ക് കാലം മാറുന്നു എന്ന് അറിയാനാകും. മേളത്തിനു വേഗം കൂടാതെ നോക്കേണ്ടതു പ്രമാണിയുടെ ചുമതലയാണ്. മേളം തുടങ്ങി കാലം നിരത്തുക എന്നു പറയും. അതുതന്നെ എത്ര നേരം ഈ മേളം കൊട്ടും എന്നതിന്റെ അറിയിപ്പാണ്. ഇലഞ്ഞിത്തറ മേളം എപ്പോൾ തുടങ്ങിയാലും 4.29ന് അവസാനിക്കണം. മേളം ആകാശ വാണിയിൽ ലൈവാണ്. 4.30 ഡൽഹി റിലെ തുടങ്ങിയാൽ ലൈവ് നിർത്തണം. പാതി വഴിയിൽ കേൾവിക്കാരെ വിടാനാകില്ലല്ലോ. അതുകൊണ്ടു തുടങ്ങാൻ വൈകിയാലും അവസാനിക്കുന്നതു മാറാനാകില്ല. അതു പ്രമാണിയുടെ നിയന്ത്രണത്തിൽ മാത്രം നടക്കുന്ന കാര്യമാണ്. മാത്രമല്ല പ്രമാണി ഓർക്കസ്ട്ര കണ്ടക്ടറാണ്. കണ്ടക്ടർ തന്നെ വാദ്യം വായിക്കുന്ന ഒരു ഓർക്കസ്ട്രയും ലോകത്തിലില്ല.

അമ്മയ്ക്ക് (തൃശൂർ തൃക്കൂർ മാക്കോത്ത് ഗൗരി മാരസ്യാർ.) കൊട്ടറിയാമായിരുന്നോ?

കൊട്ടി കണ്ടിട്ടില്ല. തീർച്ചയായും അറിയാമായിരിക്കും. പെരുവനത്തെ എല്ലാ സ്ത്രീകൾക്കും കൊട്ടിനെക്കുറിച്ചറിയാം. പൂരത്തിന് അവർ താളം പിടിക്കുന്നതു കണ്ടിട്ടില്ലേ. വീട്ടിൽ മിക്ക ദിവസവും താളം പിടിക്കലും കൊട്ടു പഠിക്കലും ഉണ്ടാകുമ്പോൾ ആരും അതു പഠിച്ചു പോകും. പല്ലാവൂർ അപ്പുമാരാർ അദ്ദേഹത്തിന്റെ വീടിനടുത്തുള്ള അമ്പലത്തിൽ തായമ്പക കൊട്ടാൻ എത്തുമെന്നു പറഞ്ഞുവെങ്കിലും എത്തിയില്ല എന്നാരോ അദ്ദേഹത്തിന്റെ അമ്മയോടു പറഞ്ഞു. 

വീടിനടുത്താണെങ്കിൽ കൊട്ടു കഴിയുമ്പോൾ ഒരു ഗ്ലാസ് പാൽ അമ്മ കൊടുത്തയയ്ക്കുമായിരുന്നത്രെ. വേറെ ആരോ കൊട്ടുന്നുവെന്നാണു പറഞ്ഞത്. കൊട്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അമ്മ ഒരു തൂക്കു പാത്രത്തിൽ പാൽ എടുത്തു വരാന്തയിൽ വച്ചിട്ട് കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞു. കൊട്ടിൽനിന്ന് അമ്മ മകനെ തിരിച്ചറിഞ്ഞു.

ഇത്രയേറെ പ്രശസ്ത ക്ഷേത്രങ്ങളിലെ പ്രമാണം കൊട്ടുന്നതു മാനസിക പിരിമുറുക്കം ഉണ്ടാക്കുമോ?

ഒരോ പ്രമാണവും തേടിയെത്തിയതു നിമിത്തം പോലെയാണ്. ഗുരുവായൂർ ഉത്സവത്തിനു 1992ൽ മേളക്കാരില്ലാത്ത സ്ഥിതി വന്നു. സ്വാഭാവികമായും പെരുവനത്തുള്ളവരെ തേടി ദേവസ്വം എത്തി. 1982 മുതൽ ഞാൻ ദശമി വിളക്കിനു ഗുരുവായൂരിൽ കൊട്ടാറുണ്ടായിരുന്നു. 19992ൽ ആദ്യമായി ഉത്സവത്തിനു പ്രമാണം കൊട്ടി. രാവിലെ പ‍ഞ്ചാരിയും വൈകിട്ടു മറ്റുമേളങ്ങളോ കൊട്ടണമെന്നാണു ഗുരുവായൂരിലെ ചിട്ട. 19992ൽ ഞാനവിടെ പ്രമാണം കൊട്ടി. 

തൃശൂർ പൂരം, ഇരിങ്ങാലക്കുട, ചോറ്റാനിക്കര, തൃപ്പൂണിത്തുറ, എറണാകുളത്തപ്പൻ, കോഴിക്കോട് തളി, പാലക്കാട്ടെ കൊടുന്തരപ്പള്ളിടയക്കമുള്ള മേളങ്ങൾ. കൂടൽമാണിക്യം, പെരുവനം, ആറാട്ടുപുഴ എന്നിവിടങ്ങളിലെല്ലാം വർഷങ്ങളായി പ്രമാണമുണ്ട്. ഓരോ സ്ഥലത്തും ഓരോ രീതിയാണ്. അതറിയുന്നതുകൊണ്ടു പ്രയാസമില്ല. ഇതൊരു ടീം വർക്കാണ്. അതിനെ സ്നേഹപൂർവം നയിക്കുക മാത്രമാണു ചെയ്യുന്നത്. കൂടെയുള്ള പലരും വലിയ കൊട്ടുകാരാണെന്നു ഞാ‍ൻ ഓർക്കാറുണ്ട്. 

പൂരത്തിന് എത്രയോ കൊല്ലം എനിക്കൊപ്പം കൊട്ടിയ കേളത്ത് അരവിന്ദാക്ഷൻ പ്രഗത്ഭനായ മേളക്കാരനാണ്. വലിയവർക്കു കീഴെ നിന്നും കൂടെനിന്നും കൊട്ടാനായി എന്നതു മാത്രാണു ഇതുവരെയുള്ള സമ്പാദ്യം. പെരുവനം അപ്പുമാരാർ, കുമരപുരം അപ്പുമാരാർ, ചക്കംകുളം അപ്പുമാരാർ, ത‍ൃപ്പേക്കുളം അച്യുതമാരാർ, മഠത്തിൽ ഗോപാല മാരാർ, മഠത്തിൽ നാരായണ മാരാർ തുടങ്ങി എത്രയോ വലിയ ഗുരുക്കന്മാരുടെ കണ്ണിയിൽ പെരുവനത്തു ജനിക്കാനായതു ഭാഗ്യം. അതേ പ്രവൃത്തി ചെയ്യാനായതും ഭാഗ്യം. വന്ന ബഹുമതികളെല്ലാം ഈ പരമ്പരയുടെ ഭാഗമായതിന്റെ ബഹുമതിയാണ്. അതുകൊണ്ടുതന്നെ പിരിമുറുക്കത്തിന്റെ കാര്യമില്ല. ഞാൻ വലിയൊരു പരമ്പരയിലെ കണ്ണിയായി എന്ന ധൈര്യം എപ്പോഴും കൂടെയുണ്ട്. 

English Summary:

Sunday Special about Peruvanam Kuttan Marar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com