ADVERTISEMENT

24 വർഷം മുൻപ്, നെടുമ്പാശേരി വിമാനത്താവളം ചിറകുവരിച്ച് പറന്നുയരാൻ തയാറെടുക്കുന്ന സമയം. വിമാനത്താവളത്തിനകത്തും പുറത്തും രാപകലില്ലാതെ ഓടിനടന്നു ജോലി ചെയ്യുന്ന കുറെ ചെറുപ്പക്കാർ. യാത്രക്കാരുമായി വിമാനം നെടുമ്പാശേരിയുടെ മണ്ണിൽ തൊടുന്ന നിമിഷത്തിനായുള്ള അവസാന തയാറെടുപ്പിലാണ് അവരെല്ലാം.

1999 മേയ് 25, ഇന്ത്യൻ എയർലൈൻസ് ഗോവ– കൊച്ചി വിമാനം (ബോയിങ് 737) നെടുമ്പാശേരിയിലേക്കു പറന്നിറങ്ങാൻ നിമിഷങ്ങൾ മാത്രം. എയർ ട്രാഫിക് കൺട്രോൾ റൂമിൽ (എടിസി) സന്തോഷവും ആകാംക്ഷയും നിറഞ്ഞ മനസ്സോടെ എയർ ട്രാഫിക് കൺട്രോളർ പ്രസന്നകുമാർ. നിമിഷങ്ങൾക്കകം പിറക്കാൻ പോകുന്ന ചരിത്രമുഹൂർത്തത്തിന്റെ പിരിമുറക്കം അവിടെ കൂടിനിന്ന മുഖങ്ങളിൽ വ്യക്തം. ആകാശപാതയിൽ നിന്നു റൺവേയിൽ ഇറങ്ങാനുള്ള അനുമതി തേടി വിമാനത്തിന്റെ ക്യാപ്റ്റന്റെ സന്ദേശമെത്തുന്നു. ‘ഓൾ ക്ലിയർ’ എന്നു പറഞ്ഞു പ്രസന്നകുമാർ അന്നത്തെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എച്ച്.എസ് ഗോലയുടെ മുഖത്തേക്കു നോക്കി. ‘പ്ലീസ് പ്രൊസീഡ്’ എന്നു ഗോല. വാക്കാലുള്ള അനുമതിയോടെ അങ്ങനെ ആദ്യ വിമാനം നെടുമ്പാശേരിയുടെ മണ്ണിൽ തൊടുമ്പോൾ അതിൽ പങ്കാളിയാകാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് ഇപ്പോഴും പ്രസന്നകുമാർ.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നു കാണുന്ന രീതിയിലുള്ള കാര്യക്ഷമമായ എടിസി സംവിധാനം സ്ഥാപിക്കുന്നതു മുതൽ അതിനെ കുറ്റമറ്റ രീതിയിൽ പ്രവർത്തന സജ്ജമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് പന്തളം സ്വദേശിയായ കെ.എൻ പ്രസന്നകുമാർ. നെടുമ്പാശേരി വിമാനത്താവളം ആരംഭിക്കുന്ന സമയത്ത് എടിസി ഇൻചാർജ് ആയിട്ടായിരുന്നു നിയമനം. ഒപ്പം എയർട്രാഫിക് കൺട്രോളർമാർക്കു പരിശീലനവുമായി ടീം സജ്ജമാകുന്നതു വരെ മൂന്നു മാസത്തോളം നെടുമ്പാശേരിയിൽ ആദ്യഘട്ടത്തിൽ ജോലി ചെയ്തു. 1989ൽ ഏയ്റോഡ്രോം ഓഫിസറായി ജോലിയിൽ കയറിയ പ്രസന്നകുമാർ, 60–ാം വയസ്സിൽ ജോലിയിൽ നിന്നു വിരമിക്കുമ്പോൾ നാഗ്പുർ വിമാനത്താവളത്തിൽ എയർട്രാഫിക് മാനേജ്മെന്റ് ജനറൽ മാനേജരായിരുന്നു. എയർപോർട്ട് അതോറിറ്റി ഓവറോൾ ഇൻചാർജ് ആയും ജോലി ചെയ്തിട്ടുണ്ട്.

എറണാകുളം കിഴക്കമ്പലത്തിനടുത്ത് കടമ്പ്രയാറിലെ കോൺഫിഡന്റ് ആംപർ വില്ലയിൽ വിശ്രമജീവിതം ആസ്വദിക്കുമ്പോൾ വലിയ ഉത്തരവാദിത്തമുള്ള ജോലി അപകടങ്ങളില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് പ്രസന്നകുമാറിന്റെ മനസ്സിൽ. ഒപ്പം സ്വന്തം നാട്ടിൽ രാജ്യാന്തര നിലവാരത്തിലുള്ള വിമാനത്താവളം സജ്ജമാക്കിയ സംഘത്തിലെ ഒരാളായതിന്റെ സന്തോഷവും. കൂടുതൽ വിമാനത്താവളങ്ങളും വിമാനങ്ങളും കേരളത്തിൽ വരണമെന്നു തന്നെയാണ് പ്രസന്നകുമാറിന്റെ അഭിപ്രായം. കൊച്ചി, ചെന്നൈ, വാരാണസി, മംഗളൂരു, ഹൈദരാബാദിലെ സിവിൽ ഏവിയേഷൻ പരിശീലന കേന്ദ്രം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇതിനോടകം ഇരുന്നൂറോളം എടിസി ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചിട്ടുണ്ട്.

ഏറെ സങ്കീർണമായ റൺവേയുള്ള മംഗളൂരു വിമാനത്താവളത്തിൽ എടിസി തുടങ്ങുന്നതിലും മുഖ്യ പങ്കുവഹിച്ചത് പ്രസന്നകുമാറാണ്. അവിടെ സീനിയർ ഏയ്റോഡ്രോം മാനേജരുടെ ചുമതലയായിരുന്നു. 2011ൽ ഇന്ത്യയിലാദ്യമായി മംഗളൂരു, തിരുവനന്തപുരം, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളുടെ എയർസ്പേസ് ചേർത്തുള്ള എയർസ്പേസ് ഇന്റഗ്രേഷൻ വരുമ്പോൾ ചെന്നൈ വിമാനത്താവളത്തിൽ ട്രെയിനിങ് ഇൻ ചാർജ് ആയിരുന്നു അദ്ദേഹം.

ഉത്തരവാദിത്തം പ്രധാനം

ക്ഷമ, പെട്ടെന്നു തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, ഓർമശക്തി, മനക്കണ്ണിൽ കാര്യങ്ങൾ ഗണിക്കാനുള്ള ശേഷി തുടങ്ങി ഒട്ടേറെ മികവുകൾ വേണ്ട ജോലിയാണ് എയർ ട്രാഫിക് കൺട്രോളറുടേതെന്ന് പ്രസന്നകുമാർ. ‘‘നൂറുകണക്കിനു ജീവൻ സംരക്ഷിക്കേണ്ട വലിയ ചുമതലയുള്ളതിനാൽ ഉത്തരവാദിത്തം അതിപ്രധാനമാണ്. ആ കസേരയിൽ ഇരിക്കുമ്പോഴുള്ള പിരിമുറുക്കം ചെറുതല്ല. നിർദിഷ്ട ആകാശപാതയിലൂടെ പോകുന്ന എല്ലാ വിമാനങ്ങളും നിരീക്ഷിച്ച് വേണ്ട നിർദേശങ്ങൾ കൊടുക്കണം. 

    ചെറിയ പിഴവുപോലും വലിയ അപകടത്തിനു കാരണമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും എണ്ണത്തിൽ കുറവാണ്. 

ഇന്ത്യയിലെ എടിസിയുടെ കാര്യക്ഷമതയെയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്’’– അദ്ദേഹം പറഞ്ഞു.

ഒട്ടേറെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഇപ്പോൾ എയർട്രാഫിക് നിയന്ത്രണമെങ്കിലും മനസ്സിലെ ഉൾക്കാഴ്ചക്കൊണ്ടു നിർദേശങ്ങൾ നൽകുന്ന രീതി പരിശീലനത്തിൽ ഇപ്പോഴും തുടരുന്നു. സാങ്കേതികവിദ്യ ഒരു നിമിഷത്തേക്കു നിന്നു പോയാലും മനുഷ്യ സംവിധാനം പ്രവർത്തിക്കണം എന്നുള്ളതുകൊണ്ടാണ് ഈ രീതിയിൽ ഇപ്പോഴും പരിശീലനം. രണ്ടു വിമാനങ്ങൾ ഒരു ദിശയിൽ വന്നാൽ ഏതു വിമാനം താഴ്ന്നു പറക്കണം, എത്ര അടി താഴണം തുടങ്ങിയ നിർദേശങ്ങൾ മനസ്സിൽ കണക്കൂകൂട്ടി കൃത്യമായി കൈമാറുന്നിടത്താണ് ഒരു എയർ ട്രാഫിക് കൺട്രോളറുടെ വിജയമെന്നും പ്രസന്നകുമാർ പറയുന്നു.

എടിസി എന്നും വെല്ലുവിളി

‘‘വ്യത്യസ്ത ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള ഇന്ത്യയിൽ എയർട്രാഫിക് കൺട്രോളർ ജോലി വലിയ വെല്ലുവിളി തന്നെയാണ്. ഇന്ത്യയിലെ ഓരോ വിമാനത്താവളത്തിനും ഓരോ തരത്തിലുള്ള പ്രതിസന്ധികളുണ്ട്. ചെന്നൈ, നാഗ്പുർ, ഡൽഹി വിമാനത്താവളങ്ങളിൽ എയർട്രാഫിക് വളരെ കൂടുതലാണ്. ഒരു സമയം ഒട്ടേറെ എയർക്രാഫ്റ്റുകൾക്കു നിർദേശം കൈമാറണം. ഭൂപ്രകൃതിയുടെ കാര്യത്തിൽ മംഗളൂരുവും വാരാണസിയും എടിസിക്ക് തലവേദന സൃഷ്ടിക്കുന്ന സ്ഥലങ്ങളാണ്. ഒരു ഭാഗം കടലും മറുഭാഗം വലിയ മലനിരകളുമുള്ള നെടുമ്പാശേരി വിമാനത്താവളത്തിൽ പലപ്പോഴും വില്ലനാകുന്നത് കാറ്റാണ്’’– പ്രസന്നകുമാറിന്റെ വാക്കുകളിൽ അനുഭവത്തിന്റെ തെളിമയുണ്ട്.

 ഒരു വർഷം നീളുന്ന കഠിന പരിശീലനത്തിലൂടെയാണ് ഒരാൾ എയർ ട്രാഫിക് കൺട്രോളർ ലൈസൻസ് നേടുന്നത്. തുടക്കകാലത്ത് 12 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യേണ്ട സ്ഥിതിയായിരുന്നു.

പന്തളം എൻഎസ്എസ് കോളജ്, കോഴഞ്ചേരി സെന്റ്. തോമസ് കോളജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ പ്രസന്നകുമാർ ബിഎഡും എംഎഡും നേടിയ ശേഷമാണ് എടിസി പരീക്ഷയെഴുതി ജോലിയിൽ കയറുന്നത്. ഭാര്യ അമ്പിളി. മകൻ നവനീത് യുഎസിലാണ്.

English Summary:

Sunday Special about Prasannakumar's presence in air traffic control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com