അന്റാർട്ടിക്ക വിളിച്ചപ്പോൾ
Mail This Article
അൻപതുകളുടെ അവസാനം. കോട്ടയം കുറുപ്പന്തറ കളത്തുപ്പറമ്പിൽ പൈലോ ജോസഫിന്റെയും അന്നമ്മയുടെയും മകൻ മാത്യു വീട്ടിൽനിന്നു ലോക്കൽ ട്രെയിനിൽ പുറപ്പെട്ടു കോട്ടയം സ്റ്റേഷനിലിറങ്ങും. പിന്നെ ഒരോട്ടമാണ്. സിഎംഎസ് കോളജിലേക്ക്. ജന്തുശാസ്ത്ര ബിരുദ ക്ലാസിൽ സമയത്തെത്താൻ നടത്തിയ ആ ഓട്ടം മാത്യുവിനെ പിന്നീടെത്തിച്ചത് അന്റാർട്ടിക്കയിലാണ്. അന്റാർട്ടിക്കയിലേക്കുള്ള മൂന്നാം പര്യവേഷണ സംഘത്തിലെ ഏക മലയാളി ശാസ്ത്രജ്ഞനായി ഡോ.കെ.ജെ.മാത്യു.
1983 ഡിസംബർ മൂന്നിനു ഞായറാഴ്ച ഗോവ തീരത്തുനിന്നു ഫിൻലൻഡ് കപ്പലായ ‘ഫിൻപൊളാറിസിൽ’ പുറപ്പെട്ട ഇന്ത്യൻ സംഘത്തിൽ മാത്യുവുമുണ്ടായിരുന്നു. ഇന്നു മറ്റൊരു ഡിസംബർ മൂന്ന്. വീണ്ടും ഞായറാഴ്ച. മാത്യുവും സംഘവും പുറപ്പെട്ടതിന്റെ നാൽപതാം വാർഷികം. കൊച്ചി കടവന്ത്രയിലെ വീട്ടിലിരുന്നു ‘മനോരമ’യോടു സംസാരിക്കുമ്പോൾ ഹിമഭൂഖണ്ഡത്തിലെ കൊടുംശൈത്യത്തിന്റെ ഓർമകളിലാണ് 82–ാം വയസ്സിലും ഡോ.മാത്യു. പ്രതിബന്ധങ്ങളുടെയും നേട്ടങ്ങളുടെയും ഓർമകളിലേക്കൊരു മടക്കസഞ്ചാരം.
നിയോഗം
എറണാകുളം മഹാരാജാസ് കോളജിൽ ബിരുദാനന്തര ബിരുദപഠനം. കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞനായി. അന്റാർട്ടിക്ക സമുദ്രത്തിൽ ധാരാളമായി ഉള്ള ‘ക്രിൽ’ എന്ന ജീവികളുൾപ്പെടുന്ന യൂഫോസിഡുകളെ സംബന്ധിച്ച് ആധികാരിക ഗവേഷണം. ഇതിനു കേരള യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച്ഡി നേടി. 1983 മേയിൽ കൊച്ചി സന്ദർശിച്ച കേന്ദ്ര സമുദ്ര വികസന സെക്രട്ടറി ഡോ. സയ്യിദ് സഹൂർ കാസിം ചോദിച്ചു, ‘ക്രില്ലുകളെക്കുറിച്ചു കൂടുതൽ പഠിക്കാൻ അന്റാർട്ടിക്കയിലേക്കു പോകാൻ തയാറാണോ’. 1981–82ൽ ഇന്ത്യയുടെ പ്രഥമ അന്റാർട്ടിക്കാ പര്യവേഷണ സംഘത്തെ നയിച്ചയാളാണു ഡോ.കാസിം.
1983 ഡിസംബർ മുതൽ 1984 മാർച്ച് വരെയായിരുന്നു ഞാനുൾപ്പെട്ട സംഘത്തിന്റെ യാത്ര. ഡോ.ഹർഷ് കെ.ഗുപ്തയായിരുന്നു സംഘത്തലവൻ. 81 പേരുണ്ടായിരുന്നു സംഘത്തിൽ. 16 ശാസ്ത്രജ്ഞർ. സൈനികർ 51. പിന്നെ കപ്പൽ ജീവനക്കാരും. അതിശക്തമായ മഞ്ഞും ശൈത്യവും പരിചയപ്പെടാനും കായികക്ഷമത ഉറപ്പാക്കാനും 1983 സെപ്റ്റംബർ മുതൽ ഹിമാലയത്തിൽ 14,000 അടി ഉയരത്തിൽ പരിശീലനം. ഒക്ടോബർ രണ്ടിനു ഡൽഹിയിൽ മടങ്ങിയെത്തി. പിന്നെ ഗോവ തുറമുഖത്തു സ്നേഹനിർഭരമായ യാത്രയയപ്പ്. ഡോ.കാസിമും രണ്ടാം പര്യവേഷണസംഘത്തിന്റെ തലവൻ വിജയ്കുമാർ റെയ്നയും അവരുടെ സംഘങ്ങളുടെ അനുഭവങ്ങൾ വിശദീകരിച്ചു.
കപ്പൽ
മഞ്ഞുപാളികളെ കീറിമുറിച്ചും തകർത്തും മുന്നേറാനുള്ള ശേഷിയുള്ള കപ്പൽ വേണം അന്റാർട്ടിക്കയിലേക്കുള്ള യാത്രയ്ക്ക്. ഫിൻലൻഡിൽനിന്നു പര്യവേഷണദൗത്യത്തിനായി വാടകയ്ക്കെടുത്തതായിരുന്നു ‘ഫിൻപൊളാറിസ്’. 3 ഹെലികോപ്റ്ററുകളും ആയിരത്തിലേറെ ടൺ സാധനസാമഗ്രികളും സൈനിക വാഹനങ്ങളുമെല്ലാം വഹിക്കുന്ന കപ്പലിന്റെ ഏറ്റവും അടിത്തട്ടിലാണു സംഘാംഗങ്ങൾക്കു താമസിക്കാനുള്ള ഇടം. അവിടെനിന്നു 92 പടികൾ കയറിയാലേ ഏറ്റവും മുകൾത്തട്ടിലെത്താനാകൂ.
അന്റാർട്ടിക്ക
ഹിമഭൂഖണ്ഡത്തിൽ സൂര്യാസ്തമയമില്ലാത്ത സമയമാണു ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലം. മാർച്ചിനു ശേഷമേ അസ്തമയമുണ്ടാകൂ. ആദ്യത്തെ അസ്തമയം നീളുക ഏതാനും മിനിറ്റുകൾ. 98 ശതമാനവും മഞ്ഞുമൂടിക്കിടക്കുന്ന ഭൂഖണ്ഡം. ഇന്ത്യയും ചൈനയും ചേർന്നാലുള്ളതിനെക്കാൾ വലുപ്പം. ശൈത്യകാലത്തു മൈനസ് 20 ഡിഗ്രി മുതൽ മൈനസ് 65 ഡിഗ്രി വരെയാണു തണുപ്പ്. വസന്തത്തിലും ഗ്രീഷ്മത്തിലും ചില രാത്രികളിൽ ചക്രവാളങ്ങളിൽ വിവിധ നിറങ്ങളിൽ കാണപ്പെടുന്ന ‘അറോറ’യെന്ന മനോഹര പ്രകാശധാരയുടെ കാഴ്ചപോലെ ബ്ലിസാർഡ് എന്ന ഹിമകൊടുങ്കാറ്റ് പോലുള്ള അപകടാവസ്ഥയുമുണ്ട് അന്റാർട്ടിക്കയിൽ. യാത്രയ്ക്കു ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ ഭര്യ അന്നമ്മ മാത്യുവിന്റെ അനുമതി ലഭിക്കുമോ എന്നതായിരുന്നു ആദ്യ ആശങ്ക. പക്ഷേ, ‘രാജ്യത്തിനായുള്ള വലിയ കാര്യമായതിനാൽ ഞാൻ എതിരു നിൽക്കില്ല’എന്ന മറുപടി അദ്ഭുതപ്പെടുത്തി.
നേട്ടങ്ങൾ
ഡോ. കാസിമിന്റെ നേതൃത്വത്തിൽ 1981ൽ പോയ ആദ്യസംഘത്തിന്റെ യാത്ര തികച്ചും പരീക്ഷണാർഥമായിരുന്നു. 10 ദിവസം മാത്രമാണു ചെലവിട്ടതെങ്കിലും അവർ ഷിർമാർക്കർ എന്ന മലനിരകൾ കണ്ടെത്തി ദക്ഷിണ ഗംഗോത്രിയെന്ന പേരു നൽകി. 1982ൽ പോയ രണ്ടാം സംഘത്തിന്റെ പര്യവേഷണം രണ്ടു മാസം നീണ്ടു. ‘അന്റാർട്ടിക്കയിൽ ഇന്ത്യയുടെ പ്രഥമ സ്ഥിരം സ്റ്റേഷൻ നിർമിച്ചതാണു ഞാനുൾപ്പെട്ട സംഘത്തിന്റെ വലിയ നേട്ടം. കപ്പലടുത്ത തീരത്തുനിനിന്നു 15 മൈൽ അകലെയായിരുന്നു ബേസ് ക്യാംപ്. അവിടെനിന്ന് 75 മൈൽ അകലെയാണു ദക്ഷിണ ഗംഗോത്രി. അവിടെയാണു സ്ഥിരം സ്റ്റേഷൻ നിർമിച്ചത്. സ്വന്തമായി സ്റ്റേഷൻ നിർമിച്ച നേട്ടവുമായി ഇന്ത്യ അന്റാർട്ടിക്കാ കരാറിന്റെ ഭാഗമായി.’
പ്രീഫാബ്രിക്കേറ്റഡ് ഉൽപന്നങ്ങൾ ഉപയോഗിച്ചു മഞ്ഞിനു മുകളിൽ രണ്ടുനില സ്റ്റേഷൻ നിർമിച്ചതു രണ്ടു മാസമെടുത്താണ്. കപ്പലിൽനിന്നു ഹെലികോപ്റ്ററിൽ തൂക്കിയാണു സാധനസാമഗ്രികൾ നിർമാണസ്ഥലത്തേക്കെത്തിച്ചത്. ഗവേഷണാവശ്യത്തിനുള്ള ഈ സ്റ്റേഷൻ ദേശീയപതാക നാട്ടി 1984 ഫെബ്രുവരി 24ന് ഉദ്ഘാടനം ചെയ്തു. പത്തിലേറെ വർഷം നിലനിന്നു ഈ കെട്ടിടം. പിന്നീടാണ് 1989ൽ ഇന്ത്യ ‘മൈത്രി’ എന്ന പുതിയ സ്റ്റേഷൻ നിർമിച്ചത്. ഞങ്ങൾ മാർച്ചിൽ മടങ്ങിയപ്പോൾ പത്തംഗ സംഘത്തെ ഒരു വർഷം മുഴുവൻ താമസിക്കാൻ അവിടെയാക്കി. അന്റാർട്ടിക്കയോടു വിടപറഞ്ഞ 1984 മാർച്ച് ഒന്നിന് അവരോടുള്ള യാത്രപറച്ചിൽ വികാരനിർഭരമായിരുന്നു.
പ്രതിബന്ധങ്ങൾ?
ധ്രുവപ്രദേശത്തെ അതിശൈത്യം. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ്. ഇളകിമറിയുന്ന കടൽ. എല്ലാം മറികടന്നു ഞങ്ങൾക്ക് അവിടെ വലിയ ഗവേഷണനേട്ടങ്ങളുണ്ടാക്കാനായി. കട്ടിയുള്ള മഞ്ഞുപാളികളിൽപെട്ടു കപ്പൽ അപകടത്തെ നേരിട്ട സംഭവങ്ങളുണ്ടായി. പ്രത്യേക ‘സർവൈവൽ സ്യൂട്ടുകളാണു ശൈത്യത്തെ നേരിടാൻ തുണയായത്. തൂവലുകളും മറ്റും നിറച്ചുണ്ടാക്കിയ സ്ലീപ്പിങ് ബാഗുകൾ തണുപ്പറിയാത്ത ഉറക്കത്തിനുതകി.
ഹെലികോപ്റ്റർ അപകടം?
1983 ഡിസംബർ 29. വലിയ ഞെട്ടലുണ്ടാക്കിയ ദിനം. കപ്പലിൽനിന്നു നിർമാണസാമഗ്രികൾ തൂക്കിയെടുക്കുകയായിരുന്ന വ്യോമസേനയുടെ ‘പ്രതാപ്’ ഹെലികോപ്ടർ കടലിൽ വീണു. ഗവേഷണത്തിനാവശ്യമായ സാംപിളുകൾ ശേഖരിക്കുകയായിരുന്നു ഞാൻ. സംഘത്തലവൻ ഡോ.ഗുപ്തയും സഹായത്തിനുണ്ടായിരുന്നു. കപ്പലിൽനിന്ന് 50 മീറ്ററോളം അകലെ കടലിൽ കീഴ്മേൽ മറിഞ്ഞുകിടക്കുന്നു ഹെലികോപ്റ്റർ. അതിലുണ്ടായിരുന്ന 5 പേരും അതിനു മുകളിൽ കയറി നിൽക്കുന്നു. ഉടൻ നാവികസേനയുടെ ചേതക് ഹെലികോപ്ടർ രക്ഷാപ്രവർത്തനത്തിനിറങ്ങി. ഹെലികോപ്ടർ പറപ്പിച്ചിരുന്ന വിങ് കമാൻഡർ മധോക്കിനു സാരമായ പരുക്കുണ്ടായിരുന്നു.
വ്യക്തിപരമായ നേട്ടം?
ഇഷ്ടവിഷയമായ ‘ക്രില്ലുകളെ’ അടുത്തറിയാനും ഗവേഷണം നടത്തി റിപ്പോർട്ടുകൾ തയാറാക്കാനും സാധിച്ചതാണു വ്യക്തിപരമായ വലിയ നേട്ടം. സമുദ്ര മത്സ്യസമ്പത്തിൽ ഏറ്റവുമധികം വരും ക്രില്ലുകൾ. തിമിംഗലങ്ങളുടെയും പെൻഗ്വിനുകളുടെയും പ്രിയപ്പെട്ട ആഹാരം. ഗവേഷണമികവിനു രാജ്യം എനിക്കു ജവാഹർലാൽ നെഹ്റു പുരസ്കാരം നൽകി.
എന്റെ മറ്റൊരു ഹോബിയായ പക്ഷിനിരീക്ഷണത്തിനും സാധിച്ചു. ലോകത്തെ ഏറ്റവും വലിയ പക്ഷികളിൽപെടുന്ന അൽബാട്രോസിന്റേതടക്കം ഹിമമേഖലയിലെ ഒട്ടേറെ അപൂർവ പക്ഷികളുടെ ചിത്രങ്ങൾ പകർത്താനായി. കുണുങ്ങിവരുന്ന പെൻഗ്വിനുകളെ അടുത്തറിഞ്ഞ യാത്രയായിരുന്നു അത്. തൊട്ടടുത്തുവരെ അവയെത്തും. എന്നാൽ തൊടാൻ സമ്മതിക്കാതെ മാറിക്കളയും.
യാത്രാവിവരണം?
തിരിച്ചെത്തിയ ശേഷം ‘അന്റാർട്ടിക്കയിലേക്ക് ഒരു സാഹസിക യാത്ര’ എന്ന സെമി സയന്റിഫിക് യാത്രാവിവരണം രചിച്ചു. അന്റാർട്ടിക്ക ദൗത്യത്തിനു തുടക്കമിട്ട പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കാണു പുസ്തകം സമർപ്പിച്ചത്. സമുദ്രവികസന വകുപ്പു പ്രസിദ്ധീകരിച്ച ഗവേഷണ പുസ്തകത്തിൽ 5 പേപ്പറുകൾ എഴുതാൻ എനിക്കു സാധിച്ചു.
വരവേൽപ്
1984 മാർച്ച് ഒന്നിനായിരുന്നു മടക്കം. മാർച്ച് 29നു ഗോവയിൽ കപ്പലിറങ്ങിയത് ആഹ്ലാദവും ആവേശവും തിരതല്ലിയ സ്വീകരണത്തിലേക്കായിരുന്നു. ആരതിയുഴിഞ്ഞും മുദ്രാവാക്യങ്ങളുയർത്തിയുമുള്ള വരവേൽപ്. പെൻഗ്വിന്റെ രൂപമാണു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സമ്മാനിച്ചത്. യാത്രയിൽ കണ്ടെത്തിയ വിവരങ്ങളെക്കുറിച്ചു പിന്നീടു പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി നിർദേശങ്ങളും അഭിപ്രായങ്ങളും സഹിതം എഴുതി അറിയിക്കാൻ പറഞ്ഞ് എനിക്കു കത്തെഴുതി. മലയാളം പത്രങ്ങളെല്ലാം വലിയതോതിൽ ആഘോഷിച്ച വാർത്താതാരമായിരുന്നു അക്കാലത്തു ഞാൻ.
ഇന്ത്യയെപ്പോലൊരു രാജ്യം ഇത്രയൊക്കെ മുതൽമുടക്കി അന്റാർട്ടിക്കാ പര്യവേഷണം നടത്തണോ എന്നു ചോദിച്ചാൽ ‘സംശയമെന്ത്’ എന്ന മറുചോദ്യമാണു ഡോ.മാത്യുവിന്റെ പ്രതികരണം. ശാസ്ത്ര–സാങ്കേതിക–ഗവേഷണരംഗങ്ങളുടെ മുൻനിരയിൽ സ്ഥാനമുറപ്പിക്കേണ്ടതു രാജ്യാന്തരതലത്തിൽ ഏറെ പ്രധാനമാണ്. അതു നമ്മുടെ യശസ്സുയർത്തും. ഇന്നും ഇന്ത്യ അന്റാർട്ടിക്കാ ദൗത്യസംഘങ്ങളെ അയയ്ക്കുന്നുണ്ട്. എന്നാൽ ഞങ്ങൾ പോയ കാലത്തേതുപോലെ ദുഷ്കരമല്ല ഇന്നു കാര്യങ്ങൾ–അദ്ദേഹം പറയുന്നു.