ADVERTISEMENT

ഭൂമിയുടെ ശ്വാസകോശമെന്നാണു തെക്കൻ അമേരിക്കയിലെ ഇടതൂർന്ന ആമസോൺ മഴക്കാടുകൾ അറിയപ്പെടുന്നത്. ബ്രസീലിൽ ഭൂരിഭാഗവും തൊട്ടടുത്തുള്ള ചില രാജ്യങ്ങളിൽ ബാക്കി ഭാഗവും സ്ഥിതി ചെയ്യുന്ന ഈ മഴക്കാടുകൾ ഗംഭീരമായ ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. വിഭിന്നമായ സംസ്‌കാരങ്ങളും ഭാഷകളുമുള്ള അനേകം ഗോത്രവർഗങ്ങൾ ഇവിടെ ജീവിക്കുന്നു.

ഇക്കൂട്ടത്തിലൊരു ഗോത്രമാണു ജുമ. ആമസോണിലെ മറ്റു പല ഗോത്രങ്ങളെയും പോലെ പുരുഷാധിപത്യം ശക്തമായി നിലനിന്നിരുന്ന ഒരു ഗോത്രം. കൊടിയ പ്രകൃതിചൂഷണവും പിടിച്ചടക്കലുകളും ഇന്നും തുടർക്കഥയായ ആമസോണിലെ കെണികളിൽ ഒടുങ്ങേണ്ടതായിരുന്നു ഈ ഗോത്രം. എന്നാൽ മറയാനൊരുങ്ങിയ ആ ഗോത്രത്തിന്റെ വിധി മറ്റൊന്നായി മാറി. അതിജീവനത്തിന്റെ നദി അവർ പതിയെ തുഴഞ്ഞുകൊണ്ടിരിക്കുകയാണ്.

ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തുള്ള ജുമ തദ്ദേശ ഗോത്രമേഖല ഇന്നു വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്നു. പ്രൗഢഗംഭീരമായ ആമസോൺ നദിയുടെ കൈവഴികളിലൊന്നായ അസുവ നദിക്കരയിലെ അവരുടെ ഗ്രാമം  പച്ചപിടിക്കുന്നു. നദികളിൽ ഗോത്രജനത മീൻപിടിക്കുന്നു.  തെളിഞ്ഞ വെള്ളത്തിൽ കുട്ടികൾ മുങ്ങാംകുഴിയിടുന്നു. വീടുകളിൽ മരച്ചീനി ഉണക്കിപ്പൊടിച്ച് ഭക്ഷണമുണ്ടാക്കുന്നു. പുതിയ സാങ്കേതികവിദ്യകളും ഇവർക്കു പരിചിതം. ജനറേറ്ററുകളിൽനിന്നുള്ള വൈദ്യുതിയിൽ ചാർജ് ചെയ്ത മൊബൈൽഫോണിൽ വാട്‌സാപ് സന്ദേശങ്ങൾ നോക്കുന്നവരുമുണ്ട്. ഇതിനെല്ലാം ഗോത്രം നന്ദി പറയുന്നതു മൂന്നു സ്ത്രീകളോടാണ്. മാൻഡെ, ബോറിയ, മെയ്‌റ്റെ എന്നീ സഹോദരിമാർ; ജുമയുടെ ആദിമാതാക്കൾ.

പനയോല മെടഞ്ഞു കൊട്ടയുണ്ടാക്കുന്ന മാൻ‍ഡെ
പനയോല മെടഞ്ഞു കൊട്ടയുണ്ടാക്കുന്ന മാൻ‍ഡെ

ജുമയുടെ സങ്കടക്കഥ

കൊച്ചി നഗരത്തിന്റെ ഒന്നരയിരട്ടി വിസ്തീർണമുള്ള മേഖലയാണ് ജുമ ഗോത്രവർഗമേഖല. ആമസോണിലെ പഴയകാല സസ്യജാലങ്ങൾ കൂട്ടമായി വളരുന്ന ഇടങ്ങളിലൊന്നാണിത്. ആമസോണാസ് സംസ്ഥാനത്തിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന ഈ മേഖലയിലെത്താൻ തൊട്ടടുത്ത റോഡിൽ നിന്ന് രണ്ടു മണിക്കൂർ ബോട്ട് യാത്ര നടത്തണം. ആമസോണിലെ മറ്റു പല ഗോത്രങ്ങളെയും നാമാവശേഷമാക്കിയ വനംകൊള്ളക്കാരുടെയും ഭൂമി കയ്യേറ്റക്കാരുടെയും അനധികൃത സോയാബീൻ കൃഷിക്കാരുടെയും കഴുകൻ കണ്ണുകൾ ജുമയിലേക്കും നീണ്ടിട്ടുണ്ട്. അതിനാൽ തന്നെ ജുമയിലെ ഈ ഗോത്രനിവാസികളുടേതു വെറുമൊരു ജീവിതമല്ല, പോരാട്ടം കൂടിയാണ്. ധാരാളം മാനങ്ങളുള്ള ആ പോരാട്ടത്തിലേക്കു ലോക പരിസ്ഥിതി രംഗവും  ശ്രദ്ധ നൽകുന്നു.

പൊതുജനശ്രദ്ധയിലേക്ക് എത്തുന്നതിനു മുൻപ് ജുമഗോത്രത്തിൽ പതിനയ്യായിരത്തിലധികം അംഗങ്ങളുണ്ടായിരുന്നു. ബ്രസീൽ ചരിത്രത്തിന്റെ ഭാഗമായ കുടിയേറ്റം പല ഗോത്രങ്ങളെയും നാശോന്മുഖമാക്കി. ജുമയിലും ഇതു സംഭവിച്ചു. വിദേശ കുടിയേറ്റക്കാരെ ജുമഗോത്രം ശക്തമായി എതിർത്തിരുന്നു. എതിർപ്പിനെ ശക്തികൊണ്ടാണു പലപ്പോഴും എതിരാളികൾ നേരിട്ടത്. ഗോത്രത്തിലുള്ളവരെ പലപ്പോഴും കൂട്ടക്കുരുതി നടത്തി.‌ ഇത്തരത്തിലുള്ള വംശഹത്യകളിൽ അവസാനത്തേത് 1964ലാണ് നടന്നത്. 60 പേരാണ് അന്നു കൊല്ലപ്പെട്ടത്. ഈ കൂട്ടക്കൊലയെ അതിജീവിച്ചയാളാണ് അരൂക.

അവസാന പുരുഷൻ

അരൂകയ്ക്ക് അന്നത്തെ വംശഹത്യയിൽ  പിതാവിനെ നഷ്ടമായി. കുടിയേറ്റക്കാർ ആമസോണിൽ കൊണ്ടുവന്ന മലേറിയ എന്ന വിപത്തിൽപെട്ട് അരുകയുടെ മാതാവും പിന്നീടു മരിച്ചു. 1998ൽ ജുമ ഗോത്രം വെറും ആറംഗങ്ങളായി ചുരുങ്ങി. ബ്രസീലിന്റെ ഗോത്രക്ഷേമവകുപ്പായ ഫുനായി ഇവരെ ഉരിയു വോവോ എന്ന സമീപഗ്രാമത്തിലേക്കു മാറ്റി. ഉരിയു വോവോക്കാർക്കും ജുമയ്ക്കും ഒരേ ഭാഷയാണ്; കവാഹിമ.

ഭാഷയൊന്നെങ്കിലും സംസ്‌കാരങ്ങൾ വിഭിന്നം. പുതിയ ഗ്രാമത്തിലെത്തി അരൂകയുൾപ്പെടെയുള്ളവർ അവിടെ ജീവിക്കാൻ പണിപ്പെട്ടു. അരൂകയുടെ സഹോദരിയും സഹോദരീഭർത്താവും ജന്മനാട് വിട്ടുവന്ന വിഷാദത്തിൽ മരിച്ചു. ഇതെല്ലാമായപ്പോഴാണ് തന്റെ മൂന്നു പെൺമക്കളുമായി ജുമയിലേക്കു തിരികെപ്പോകാൻ അരൂക തീരുമാനിക്കുന്നത്. ഫുനായി അധികൃതരോടു നിരന്തരം സമ്മർദം ചെലുത്തി അവർ ഗ്രാമത്തിലേക്കു തിരികെയെത്തി. ഇതോടെ ജുമ ഗോത്രത്തിൽ  നാലുപേരായി . അവസാന ഗോത്രപുരുഷനായി അരൂക അറിയപ്പെട്ടു തുടങ്ങി. 

വീണ്ടും തളിരിടൽ

ബോറിയ, മാൻഡെ, മെയ്റ്റ എന്നിവരായിരുന്നു അരൂകയുടെ പെൺമക്കൾ. ജൻമനാട്ടിലെ തങ്ങളുടെ യൗവ്വന കാലയളവിൽതന്നെ ജുമ ഗോത്രത്തെ തിരികെക്കൊണ്ടുവരണമെന്നും ജന്മനാടിനെ സംരക്ഷിക്കണമെന്നും ഇവർ തീരുമാനമെടുത്തിരുന്നു.  ഗോത്രത്തിന്റെ നേതൃസ്ഥാനം മാൻഡെ ഏറ്റെടുത്തു. ഇത്തരമൊരു ചുമതല ഏറ്റെടുക്കുന്ന ആദ്യ ജുമ വനിതയായി അവർ.  മറ്റു രണ്ട് സഹോദരിമാരും അരൂകയും മാൻഡെയെ പ്രോത്സാഹിപ്പിച്ചു. എന്നാൽ ചുറ്റുമുള്ള ഗോത്രനേതാക്കൾ പരിഹാസവും പുച്ഛവുമാണു പ്രകടിപ്പിച്ചത്.

പെണ്ണായ നീ എന്തിനിങ്ങനെയൊരു സാഹസം ചെയ്യുന്നു എന്നതാണു തനിക്കു നേരെയുയർന്ന ചോദ്യമെന്നു മാൻഡെ പറയുന്നു. ആ അവഗണനയെ മാൻഡെ വകവച്ചില്ല. അരൂകയുടെ അമ്പിന്റെയും വില്ലിന്റെയും ചിത്രം അഭിമാനചിഹ്നമായി മാൻഡെ കയ്യിൽ പച്ചകുത്തി. മറ്റുള്ള ഗോത്രങ്ങളിലെ പുരുഷൻമാരെ വിവാഹം കഴിക്കാൻ മാൻഡെയും സഹോദരിമാരും തീരുമാനിച്ചു. മുൻപ് ഇങ്ങനെ വിവാഹം നടന്നാൽ പിതാവിന്റെ ഗോത്രത്തിലേക്കാണു കുട്ടികൾ പോവുക.

പക്ഷേ, മാൻഡെയുടെയും ബോറിയയുടെയും മെയ്റ്റയുടെയും മക്കൾ ജുമ ഗോത്രമായാണു സ്വയം കണക്കാക്കിയത്. അങ്ങനെ നാലുപേരുള്ള ഗോത്രം ഇന്ന് 24 പേരായി മാറി. മൂന്നു സഹോദരിമാരുടെയും മക്കളുൾപ്പെടെയാണിത്. 2021ൽ അരൂക കോവിഡ് ബാധിതനായി മരിച്ചു. ലോകമെമ്പാടും അതു വാർത്തയായി. എന്നാൽ നശിച്ചുപോകുമെന്നു കരുതപ്പെട്ട അരൂകയുടെ വംശാവലി നിലനിൽക്കുന്നു. ഒരു പതിറ്റാണ്ടോളം മാൻഡെ ജുമ ഗോത്രത്തിന്റെ തലൈവിയായി. ജുമ ഉൾപ്പെടെ അനേകം പ്രാചീന ഗോത്രങ്ങളുടെ ഭാഷയായ കവാഹിമയെക്കുറിച്ച് പഠനങ്ങൾ നടത്താനായി അവർ മുന്നിട്ടിറങ്ങി.

ഇതിനായി പ്രശസ്തനായ ഒരു ബ്രസീലിയൻ ഭാഷാപണ്ഡിതനെ നിയോഗിച്ചു. കവാഹിമ ഭാഷയുടെ വ്യാകരണവും കഥകളും മറ്റു സവിശേഷതകളുമൊക്കെ ഡിജിറ്റൽ രൂപത്തിൽ എല്ലാവർക്കും ലഭ്യമായ രീതിയിൽ അപ്‌ലോഡ് ചെയ്തു. ആമസോണിലെ ഈ ആദിമഭാഷയെ സംരക്ഷിക്കുന്നതിൽ വളരെ നിർണായകമായ ഒരു പടവായിരുന്നു ഇത്. ഈ സഹോദരിമാരുടെ മക്കളാണ് ഇന്നു ഗോത്രം. ജുമയുടെ ജന്മനാടിന്റെ അതിർത്തികൾ ഇവർ സംരക്ഷിക്കുന്നു. തദ്ദേശീയമായി ഉണ്ടാക്കുന്ന ചെറുവള്ളങ്ങളിൽ ഇവർ ചുറ്റിക്കറങ്ങി അനധികൃത കടന്നുകയറ്റക്കാർക്കുമേൽ ശക്തമായ ജാഗ്രത പുലർത്തുന്നു.

English Summary:

Sunday Special about Juma tribe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com