സ്നേഹത്തിന്റെ ഒന്നാം സാക്ഷി
![christmas-card-drawing-of-smitha-and-shajith ഓയൂരിലെ പെൺകുഞ്ഞിനു സമ്മാനിക്കാൻ സ്മിതയും ഷജിത്തും ചേർന്നു വരച്ച ക്രിസ്മസ് കാർഡ്.](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/12/23/christmas-card-drawing-of-smitha-and-shajith.jpg?w=1120&h=583)
Mail This Article
ഓണത്തുമ്പിയുടെ ചിറകുള്ള ഒരുകൂട്ടം മനുഷ്യർ ഒരുപെൺകുഞ്ഞിനെത്തേടി ചുറ്റും പറക്കുന്നതു സ്മിതയും ഷജിത്തും തിരിച്ചറിഞ്ഞു. ചിറകുള്ള മനുഷ്യർക്കിടയിലിരുന്ന് അവർ നൂറുകണക്കിനു രേഖാചിത്രങ്ങൾ വരച്ചു. അവസാനം അവർക്കും മനസ്സിലായി; വലിയ ചിറകുമായി അവരും പറക്കുകയാണെന്ന്.
ഒടുവിൽ എല്ലാവരും ആ കുഞ്ഞിന്റെ അടുത്തെത്തി. അതായിരുന്നു അവരുടെ സന്തോഷത്തിന്റെ ഉറവിടം. നക്ഷത്രങ്ങൾ കാവലായ ആ രാത്രി മറഞ്ഞു. കൊല്ലം ഓയൂരിലെ ആറു വയസ്സുകാരിയെ പിറ്റേന്ന് ഉച്ചയോടെ കേരളം തേടിക്കണ്ടെത്തിയ സ്നേഹത്തിന്റെ പുൽക്കൂട്– കൊല്ലത്തെ ആശ്രാമം മൈതാനം. കാവൽമാലാഖമാരായ നവംബറിലെ ആ പൗർണമി രാത്രിയെക്കുറിച്ചു സ്മിതയും ഷജിത്തും വാതോരാതെ പറഞ്ഞു. തുമ്പിച്ചിറകുള്ള മനുഷ്യരെപ്പറ്റി.
എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയുടെ വരാന്തയിലിരുന്ന് അവരതു വരച്ചു, അതൊരു ക്രിസ്മസ് കാർഡായി... കൊല്ലം നീരാവിലെ അറിയപ്പെടുന്ന കലാദമ്പതികളായ ആർ.ബി.ഷജിത്തും സ്മിത എം.ബാബുവും ഇന്ന് നിങ്ങളീ ലേഖനം വായിക്കുമ്പോൾ ഓയൂരിലെ വീട്ടിലെത്തി ഈ ക്രിസ്മസ് കാർഡും സമ്മാനപ്പൊതികളും ആ കുഞ്ഞിനു കൊടുത്തു കഴിഞ്ഞിരിക്കും.
തെക്കൻ കേരളത്തിലെ കയറുപിരി തൊഴിലിടങ്ങളുടെ പേരാണ് ‘പാക്കളം’. ഈ പേരിൽ ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കുന്ന കലാപ്രദർശനത്തിനു വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു അന്നു സ്മിതയും ഷജിത്തും. മുപ്പതിലധികം ചിത്രങ്ങൾ പൂർത്തിയാക്കണം. അതിനിടയിലാണ് കൊല്ലം അസി. പൊലീസ് കമ്മിഷണർ എ. പ്രദീപ്കുമാറിന്റെ വിളി വരുന്നത് ‘ ഒരു കുറ്റാന്വേഷണത്തിന്റെ ഭാഗമായി പൊലീസിനു നിങ്ങളുടെ സഹായം വേണം...’ ഇരുവരുടെയും സുഹൃത്തും പുസ്തക പ്രസാധകനുമായ വിനോദ് റെസ്പോൺസിന്റെ കയ്യിൽ നിന്നു ഫോൺ നമ്പർ വാങ്ങിയാണ് വിളി. ..
‘‘ ഓയൂരിലെ പെൺകുഞ്ഞിനെ മോചനദ്രവ്യത്തിനു വേണ്ടി തട്ടിക്കൊണ്ടുപോയ വാർത്ത കേട്ട് അന്നു ഞങ്ങൾ സങ്കടപ്പെട്ടിരിക്കുകയായിരുന്നു... നമ്മൾക്കും കുഞ്ഞുങ്ങളുള്ളതല്ലേ? അപ്പോഴാണു പ്രദീപ് സാർ ഞങ്ങളുടെ വീട്ടിലേക്കു വന്നത്, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പ്രതികളെ നേരിട്ടു കണ്ട ചിലരുണ്ട്. അവരുടെ വിവരണം കേട്ടു നിങ്ങൾ പ്രതികളുടെ രേഖാചിത്രം വരയ്ക്കണം.’’ കലയും സങ്കടവും ജീവിതവും പ്രതീക്ഷയും കുറ്റാന്വേഷണവും കയറുപോലെ മനസ്സിൽ ഇഴപിരിഞ്ഞു.
‘‘ കലാകാരന്മാരായല്ല അന്നു രാത്രി ഞങ്ങൾ എണ്ണമില്ലാത്ത മനുഷ്യമുഖങ്ങൾ വരച്ചത്. ശരിക്കും ആ കുഞ്ഞിന്റെ അമ്മയും അച്ഛനുമായാണ്.’’
പറയുമ്പോൾ സ്മിതയുടെ കണ്ണുകൾ തിളക്കതോടെ നനഞ്ഞു.
‘‘ ശരിക്കും, ഞങ്ങൾക്കതു വിവരിക്കാൻ കഴിയാത്ത അനുഭവമാണ്, അന്നു രാത്രി 12 മണിക്കു തുടങ്ങിയതാണു പടം വര, വിവരണം കേട്ടു സ്മിത പേപ്പറിൽ പകർത്തിയ രേഖാചിത്രങ്ങൾ സ്കാൻ ചെയ്ത് ടാബിൽ മാറ്റങ്ങൾ വരുത്തി അവരെ കാണിച്ചു കൊണ്ടേയിരുന്നു.
![artist-shajith-and-smitha ഷജിത്തും സ്മിതയും](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
പറഞ്ഞു കേട്ട വിവരങ്ങൾ വച്ചു വരച്ചപ്പോൾ ഒന്നും അത്രയ്ക്കു ശരിയാവുന്നില്ല, വീട്ടിൽ കൂടെയിരുന്ന പൊലീസുകാരുടെ മുഖം മ്ലാനമാവുന്നതു കണ്ടപ്പോൾ വിഷമം തോന്നി. കൂടുതൽ ആവേശത്തോടെ ഞങ്ങൾ വരച്ചു കൊണ്ടേയിരുന്നു. അധികം വൈകാതെ തന്നെ, മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതിയെന്നു സംശയിക്കുന്ന സ്ത്രീയുടേത് ഉൾപ്പെടെ രണ്ടു ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിടാൻ പൊലീസിനു കഴിഞ്ഞു. അവരായിരുന്നില്ല പ്രതികളെന്നു പിന്നീട് വ്യക്തമായി. ആശ്രാമം മൈതാനത്ത് കണ്ടെത്തിയ ശേഷം കുഞ്ഞിന്റെ വിവരണം കേട്ടു മൂന്നു പേരുടെ മുഖങ്ങൾ കൂടി വരച്ചു. അവരാണ് ഇപ്പോൾ അറസ്റ്റിലായ പ്രതികൾ.
നമ്മളെ പോലെയല്ല കുഞ്ഞുങ്ങൾ, കാണുന്ന വ്യക്തികളെ, കേൾക്കുന്ന കാര്യങ്ങളെ അവരുടെ മനസ്സ് ബ്ലോട്ടിങ് പേപ്പർ കണക്കേ ഒപ്പിയെടുത്ത് ഓർത്തുവയ്ക്കും. കൃത്യമായിരുന്നു കുഞ്ഞിന്റെ വിവരണം. . പിന്നീടെല്ലാം നമ്മൾ കണ്ടതും വായിച്ചതുമായ വാർത്ത. മൂന്നു തവണ കേരള ലളിതകലാ അക്കാദമി പുരസ്കാരം നേടിയിട്ടുള്ള കലാപ്രവർത്തകരാണു കണ്ണൂർ മലപ്പട്ടം സ്വദേശി ഷജിത്തും കൊല്ലം നീരാവിൽ കൊച്ചുവരമ്പേൽ സ്മിതയും. അന്നൊന്നും ലഭിക്കാത്ത സ്നേഹവും അംഗീകാരവുമാണു കേരളത്തിലെ പൊതുസമൂഹവും മാധ്യമങ്ങളും ആ ഒറ്റരാത്രി കൊണ്ടു നൽകിയതെന്നു ഷജിത്ത്.
‘‘പാക്കളം എക്സിബിഷന്റെ ആദ്യ രണ്ടു ദിവസം കലാസ്വാദകർ മാത്രമാണു സ്മിതയുടെ പ്രദർശനം കാണാനെത്തിയത്. ഓയൂർ കേസിൽ കുറ്റാന്വേഷണത്തിനു സഹായിച്ച രേഖാചിത്രങ്ങൾ വരച്ച സ്മിതയുടെ കലാപ്രദർശനമെന്നു മനോരമയിൽ വാർത്ത വന്നതോടെ നാടിന്റെ സാഹോദര്യമാണു ഞങ്ങളെ അവിടെ വരവേറ്റത്. കുഞ്ഞിനെ കണ്ടെത്തിയ ശേഷം പൊലീസ് ഞങ്ങളെ വിക്ടോറിയ ആശുപത്രിയിലെത്തിച്ചപ്പോൾ കണ്ട കാഴ്ച സന്തോഷിപ്പിച്ചു. പിന്നിട്ട രാത്രിയിലെ ഭീതിയും ആശങ്കകളും മറികടന്നു കുഞ്ഞ് ചിത്രങ്ങൾ വരച്ചു കൊണ്ടിരിക്കുകയായിരുന്നു. അവളുടെ ഭീതിയൊക്കെ എങ്ങോ പോയ്മറഞ്ഞിരിക്കുന്നു’’. കലാധ്യാപിക കൂടിയായ സ്മിത മണിക്കൂറുകളോളം ആ കുഞ്ഞിനൊപ്പം കളിച്ചു ചിരിച്ചു, ചിത്രങ്ങൾ വരച്ചു. അന്വേഷണം പ്രതികളിലേക്കെത്താൻ സഹായിച്ച മൂന്നു രേഖാചിത്രങ്ങളിലേക്ക് ആ കുഞ്ഞ് അവരെ നയിച്ചു കൊണ്ടുപോയ രീതി അത്ഭുതപ്പെടുത്തിയെന്നു സ്മിതയും ഷജിത്തും പറയുന്നു.
ആശുപത്രിയിൽ കുട്ടിയെ താമസിപ്പിച്ചിരുന്നിടത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഐ.വി. ആശ ഉൾപ്പെടെയുള്ള പൊലീസ് സംഘമാണ്. അവിടെ നിന്നാണു കുട്ടിയെ ക്രിസ്‌മസിനു കാണാൻ പോകാമെന്ന ആശയം ഉരുത്തിരിഞ്ഞത്. അവൾക്കു വേണ്ടി ക്രിസ്‌മസ് കാർഡ് ആ നിമിഷം മുതൽ മനസ്സിൽ വരച്ചു തുടങ്ങിയെന്നു സ്മിതയും ഷജിത്തും പറയുന്നു. ദർബാർ ഹാൾ ആർട്ട് ഗാലറിയിലെ പ്രദർശനത്തിനിടയിൽ അതു കടലാസിലേക്കു പകർത്തുകയും ചെയ്തു.
തുമ്പിയുടെ ചിറകു മുളച്ച കുറെ നല്ല മാലാഖ മനുഷ്യരും കൈയ്യിൽ ഉണ്ണിയേശുവിനെ കരുതലോടെ ചേർത്തു പിടിച്ച പെൺകുഞ്ഞും. അവളുടെ പേരും ചിത്രവും ഇനി പ്രസിദ്ധീകരിക്കരുതെന്നു ബാലാവകാശ കമ്മിഷന്റെ നിർദേശമുണ്ടെങ്കിലും. നമ്മളാരും ആ പേരും ആ മുഖവും മറന്നിട്ടില്ല. മനുഷ്യസ്നേഹത്തിന്റെ ഈ കേസ് ഡയറിയിൽ അവൾ, പേരില്ലാത്ത ഒന്നാം സാക്ഷിയാണ്.