ADVERTISEMENT

മക്കളായ ഉദയ്, ഖുസൈയ് എന്നിവരെയും പേരക്കുട്ടി പതിനാലുകാരൻ മുസ്തഫയെയും 2003 ജൂലൈയിൽ അമേരിക്കൻ പട്ടാളം വധിച്ചുവെന്ന ഏറ്റവും ഞെട്ടിക്കുന്ന വാർത്ത സദ്ദാം ഹുസൈൻ കേൾക്കുന്നത് ജന്മദേശമായ തിക്രിത്തിനടുത്ത അദ്ദൗർ എന്ന ഗ്രാമത്തിലെ കൃഷിക്കളത്തിലെ ഒളിസങ്കേതത്തിൽ കഴിയുമ്പോഴാണ്. ഏറെ പ്രയാസപ്പെട്ടാണ് ‘പ്രസിഡന്റിന്റെ’ ചെവിയിൽ ഇക്കാര്യം അറിയിച്ചത്. പത്തു ലക്ഷം പട്ടാളക്കാരുടെ കമാൻഡർ ഇൻ ചീഫായ സദ്ദാമിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ആദ്യമായി കാണുകയായിരുന്നു രക്ഷകനായ അലാ നാമിഖ്. പ്രസിഡന്റ് കരയുന്നത് കാൺകെ അലാ നാമിഖിനത് നോക്കി നിൽക്കാനായില്ല. അയാളുടെ കണ്ണുകളും നിറഞ്ഞൊഴുകി.

2003 മാർച്ചിൽ അധികാരഭ്രഷ്ടനാക്കപ്പെട്ട സദ്ദാം, ഇറാഖിൽ അമേരിക്ക ഇറക്കിയ ഒന്നരലക്ഷം പട്ടാളക്കാരുടെയും അത്യാധുനിക റഡാർ സംവിധാനങ്ങളുടെയും കണ്ണു വെട്ടിച്ച് 235 ദിവസം കഴിഞ്ഞു കൂടിയത് ജന്മദേശമായ തിക്രിത്തിനടുത്ത അൽഔജയിൽ നിന്ന് എട്ടുകിലോമീറ്ററകലെ, ടൈഗ്രിസ് നദീതീരത്തെ അദ്ദൗർ എന്ന കൃഷിക്കളത്തിലെ കിടങ്ങിലാണ്.

അമേരിക്ക 25 ദശലക്ഷം ഡോളർ സദ്ദാമിന്റെ തലയ്ക്കു വിലയിട്ട സമയം. ഇപ്പോൾ അൻപതു പിന്നിട്ട ആ ഇറാഖി കർഷകനെ ഈ ലേഖകൻ ജിദ്ദയിൽ കണ്ടുമുട്ടി, സംസാരിച്ചു. ‘ഹൈഡിങ് സദ്ദാം ഹുസൈൻ’ എന്ന സിനിമയിൽ തന്റെ അനുഭവം വിവരിക്കുന്ന അലാ നാമിഖിന്റെ ജീവിതം വിസ്മയങ്ങൾ നിറഞ്ഞതാണ്. ഡിസംബർ പത്തിന് തിരശീല വീണ മൂന്നാമത് ജിദ്ദ റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലാണ് അലാ നാമിഖ് എന്ന ഇറാഖി പൗരനെ കണ്ടതും സംസാരിച്ചതും.

പതിനാലു വർഷം ആരോടും പറയാതെ മനസ്സിൽ സൂക്ഷിച്ച ആ ജീവിതകഥയെ എങ്ങനെ സിനിമയാക്കാമെന്ന ചിന്തയിൽ നിന്നാണ് കുർദിഷ്- നോർവീജിയൻ ചലച്ചിത്രകാരൻ ഹൽഖൗത്ത് മുസ്തഫയുടെ പ്രതിഭയിൽ ഹൈഡിങ് സദ്ദാം ഹുസൈൻ എന്ന ഫീച്ചർ- ഡോക്യുമെന്ററി രൂപം കൊള്ളുന്നത്. എൽ ക്ലാസിക്കോ, റെഡ് ഹാർട്ട് എന്നീ സിനിമകളിലൂടെ പ്രസിദ്ധനായ മുസ്തഫയുടെ കുടുംബത്തിന് ഇറാഖ് വിട്ട് നോർവീജിയയിൽ അഭയം തേടേണ്ടി വന്നത് സദ്ദാം ഹുസൈന്റെ കുർദിഷ് വേട്ടയുടെയും കൂട്ടക്കുരുതിയുടെയും ഫലമായാണ്. സദ്ദാം പിടിക്കപ്പെട്ടതിനെത്തുടർന്ന് ആ സംഭവത്തിന്റെ പിന്നാലെ അന്വേഷണവുമായി മുസ്തഫ അലഞ്ഞു. രണ്ടു വർഷത്തിനു ശേഷമാണ് അലാ നാമിഖ് എന്ന സാധാരണക്കാരനായ ഇറാഖി ഗ്രാമീണനാണ് സദ്ദാമിനെ ഒളിവിൽ താമസിപ്പിച്ചതെന്ന വിവരമറിയുന്നത്.

ഖൈസ് എന്ന മൂത്ത സഹോദരനാണ് അല നാമിഖിനോട് ഒരു അതിഥിയുണ്ടെന്നും കുറച്ചുനാൾ അദ്ദേഹത്തെ ഇവിടെ താമസിപ്പിക്കണമെന്നും ആവശ്യപ്പെട്ടത്. അതിഥി ആരാണെന്നോ എവിടെ നിന്നാണെന്നോ അലാ അന്വേഷിച്ചില്ല. സന്ധ്യക്ക് ഖൈസിനൊപ്പം അജ്ഞാതനായ ഈ അതിഥി, അലായുടെ കൃഷിക്കളത്തിലെത്തി. അവിടെ ഇരുൾ വീണുതുടങ്ങിയിരുന്നു. സലാം പറഞ്ഞെത്തിയ അതിഥിയുടെ മുഖത്തേക്ക് അലാ സൂക്ഷിച്ചുനോക്കി. സംഭ്രമത്തോടെ പിന്നെയും പിന്നെയും അയാളുടെ നേർക്ക് നോട്ടമെറിഞ്ഞു. വിശ്വസിക്കാനാകുന്നില്ല. മുഖം വ്യക്തമായതോടെ അലാ നാമിഖ് ഞെട്ടിത്തരിച്ചു നിന്നു. ഇതു പ്രിയപ്പെട്ട റഈസാണല്ലോ? (റഈസ് എന്നാൽ പ്രസിഡന്റ്).

saddam-hussain
1) സംവിധായകൻ ഹല്‍ഖൗത്ത് മുസ്തഫയും അലാ നാമിഖും (വലത്) 2) വിചാരണയ്ക്കിടെ കോടതിയിൽ സദ്ദാം ഹുസൈൻ. (2006, ഫെബ്രുവരി 13)

കൂടുതലൊന്നും ആലോചിച്ചില്ല. അതിഥിയെ അലാ ഹൃദയപൂർവം ഏറ്റെടുത്തു. സൽക്കരിച്ചു. ഭക്ഷണം വിളമ്പി. കൃഷിക്കളത്തിൽ വിളഞ്ഞ പഴങ്ങൾ നൽകി. നിസ്‌കരിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു. ഓതാൻ ഖുർആൻ കൊടുത്തു. കൃഷിക്കളത്തിൽ അലാ മാത്രമേ ഇപ്പോൾ താമസിക്കുന്നുള്ളു. കുടുംബം കുറച്ചു ദൂരെയാണ്. അവരോടു തനിക്കൊരു വിരുന്നുകാരനുണ്ടെന്നു മാത്രമേ പറഞ്ഞുള്ളൂ. പ്രസിഡന്റ് സദ്ദാം ഹുസൈനെയാണ് ഒളിവിൽ താമസിപ്പിക്കുന്നതെന്ന് അലാ നാമിഖിനു പുറമേ സഹോദരൻ ഖൈസിനും സദ്ദാമിന്റെ വലംകൈയും ബാത്ത് പാർട്ടി നേതാവുമായ മുഹമ്മദ് ഇബ്രാഹിമിനും മാത്രമേ അറിയാമായിരുന്നുള്ളൂ.

ഇറാഖിന്റെ ആകാശത്തിനു ചുറ്റും പോർവിമാനങ്ങൾ കഴുകൻ കണ്ണുകളുമായി സദ്ദാമിനെത്തേടി വട്ടംചുറ്റി. അലാ തന്റെ മുറ്റത്തൊരു കുഴി കുത്തി. എട്ടടി നീളവും അഞ്ചടി വീതിയുമുള്ള മൺഗുഹ. പ്രാണവായു ലഭിക്കുന്ന വിധം ഗുഹയ്ക്കു മുകളിൽ വിരിഞ്ഞ പൂക്കളുള്ള ചെടിച്ചട്ടികൾ വച്ചു മൂടി. സദ്ദാമിനെ സദാ 'റഈസ് ' എന്നു തന്നെയാണ് അലാ വിളിച്ചുപോന്നത്. നീണ്ടു ജട കുത്തിയ സദ്ദാമിന്റെ മുടി മുറിക്കുന്നതും താടി ഷേവ് ചെയ്ത് കൊടുക്കുന്നതും സോപ്പ് തേച്ച് കുളിപ്പിക്കുന്നതുമെല്ലാം അലാ നാമിഖ്. അസുഖം വരുമ്പോൾ നാടൻ ചികിൽസ നൽകുന്നതും അലാ. വിശ്വസ്തനായ കെയർടേക്കറായി പെരുമാറുമ്പോൾ അലാ ആത്മാർഥമായും കരുതി, ഇന്നല്ലെങ്കിൽ നാളെ ഇതേ റഈസ് തന്നെ ഇറാഖിന്റെ ഭരണത്തിൽ തിരിച്ചുവരുമ്പോൾ താനായിരിക്കും അദ്ദേഹത്തിന്റെ വലംകൈ!

പ്രധാനമന്ത്രിയായും പ്രസിഡന്റായും ഇരുപത്തഞ്ചു വർഷം അടക്കിവാണ, ഇറാഖിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത ഭരണാധികാരിയെയാണ് ആരുടെയും കണ്ണിൽപ്പെടാതെ താൻ സംരക്ഷിച്ചതെന്ന് അഭിമാനത്തോടെ അലാ പറയുമ്പോൾ ആ മിഴികളിൽ സദാ കണ്ണീർത്തിളക്കമുണ്ട്. ഹൈഡിങ് സദ്ദാം ഹുസൈൻ എന്ന സിനിമയിൽ അലാ നാമിഖ് തന്നെ യഥാർഥ സംഭവം പറയുകയാണ്. രാജ്യസുരക്ഷയോർത്ത് അലായെ നോർവെയിൽ കൊണ്ടുപോയാണ് ഈ രംഗങ്ങളത്രയും ചിത്രീകരിച്ചതെന്നു സംവിധായകൻ പറയുന്നുണ്ട്.

കൃഷിഭൂമിയിലെ കൊച്ചുകളപ്പുരയിലും അതിന്റെ മുറ്റത്തെ മണ്ണ് വെട്ടിയുണ്ടാക്കിയ കബറിടം പോലെയുള്ള കിടങ്ങിലും സദ്ദാം എങ്ങനെ ഇത്രയും നാൾ കഴിഞ്ഞുകൂടിയെന്നതിന്റെ പൊരുൾ തേടി സംവിധായകൻ മുസ്തഫ 25 മാസം അലഞ്ഞുനടന്നു. ആയിടയ്ക്ക് വാഷിങ്ടൻ പോസ്റ്റിലെ ഒരു വാർത്തയിൽ നിന്നാണ് അലാ നാമിഖ് എന്ന പേരു കണ്ടത്. മുസ്തഫ, ആ പേരിന്റെ ഉടമയെത്തേടി ഒരു കൊല്ലം നടന്നു. അമേരിക്കൻ ഭടൻ ലിൻഡെയോടൊപ്പം അലാ നാമിഖ് എന്ന തടവുകാരന്റെ പടം  ചില അമേരിക്കൻ പത്രങ്ങളിൽ അച്ചടിച്ചത് മുസ്തഫയ്ക്ക് സഹായകമായി.

ഒടുവിൽ അലായെ കണ്ടെത്തി. പക്ഷേ അദ്ദേഹം ഒന്നും സംസാരിച്ചില്ല. കൂടുതലൊന്നും പറയാൻ താൽപര്യം കാട്ടിയതുമില്ല. സദ്ദാമിന് അഭയം കൊടുത്തതിന്റെ പേരിൽ രണ്ടു വർഷം അലാ ജയിൽ ശിക്ഷ അനുഭവിച്ചു. കുപ്രസിദ്ധമായ അബുഗാരിബ് ജയിലിലെ കൊടിയ പീഡനങ്ങൾക്കും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ഇരമ്പിയ ആഗോള പ്രതിഷേധത്തെത്തുടർന്ന് ജയിൽ അടച്ചുപൂട്ടേണ്ടി വന്നപ്പോഴാണ് അലായ്ക്കു മോചനം ലഭിച്ചത്. പുറത്തു വന്ന സമയത്താണ് ‌അലായെ മുസ്തഫ കാണുന്നത്. 235 നാൾ തന്റെ പ്രസിഡന്റിനെ ചേർത്തു നിർത്തിയ അലാ നാമിഖ് ഒരു പക്ഷേ, അബുഗാരിബ് ജയിൽ അടച്ചില്ലായിരുന്നുവെങ്കിൽ ഇന്നു ജീവനോടെയിരിക്കുമോ എന്ന കാര്യം സംശയമാണെന്നും സംവിധായകൻ പറയുന്നുണ്ട്.

തിക്രിത്ത് ഗ്രാമത്തിലെ കൃഷിക്കളത്തിലേക്ക് അപൂർവമായി എത്തുന്ന സന്ദർശകനാണ് മുഹമ്മദ് ഇബ്രാഹിം. അയാൾ കൊണ്ടുവന്ന ചില കടലാസുകൾ സദ്ദാം വായിക്കുകയും ഒപ്പ് വയ്ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പഴയൊരു ടേപ്പ്‌റിക്കാർഡറിൽ സദ്ദാമിന്റെ പ്രസംഗം റിക്കാർഡ് ചെയ്ത് പുറത്തു വിട്ടത് പിറ്റേന്ന് ഇറാഖിലെ ജനങ്ങൾ കേട്ട് അദ്ഭുതം കൊള്ളുന്നുണ്ട്. വീണ്ടും അധികാരത്തിൽ താൻ തിരിച്ചെത്തുമെന്നു തന്നെയാണ് അവസാനം വരെ സദ്ദാം വിശ്വസിച്ചിരുന്നതെന്ന് ആ വാക്കുകളിൽ നിന്നറിയാം. ആയിടയ്ക്കാണ് മുഹമ്മദ് ഇബ്രാഹിം പിടിയിലാകുന്നതും സദ്ദാം എവിടെയെന്ന ചോദ്യത്തിന് അയാളിൽ നിന്നുള്ള ഉത്തരം സേനകൾക്കു ലഭിക്കുന്നതും. ഓപ്പറേഷൻ റെഡ് ഡോൺ എന്നു പേരിട്ടാണു സദ്ദാമിനു വേണ്ടി അമേരിക്കയുടെ തിരച്ചിൽ ശക്തമാക്കിയത്. അലാ നാമിഖ് സജ്ജീകരിച്ച മൺഗുഹയെ പിന്നീട് അമേരിക്കൻ സൈന്യം 'സ്‌പൈഡർ ഹോൾ ' എന്നും വിളിച്ചു.

saddam-hussain-2
ഒളിസങ്കേതത്തിൽ നിന്ന് സദ്ദാം പിടിയിലായപ്പോൾ.

2003 മാർച്ച് 20

കൃഷിക്കളത്തിനു മീതെ വിമാനങ്ങൾ തലങ്ങും വിലങ്ങും പറന്നു. സാറ്റലൈറ്റ് സംവിധാനം അലാ നാമിഖിന്റെ ഫാം ഹൗസിലേക്ക് പട്ടാളത്തിനു വഴികാണിച്ചു. മലിനജല ടാങ്കുകളുടെ രൂപത്തിലാണ് കുന്നും മലയും താണ്ടി പട്ടാളവണ്ടികൾ കുതിച്ചെത്തിയത്. നേതാവിനെ പൊന്നുപോലെ കാത്ത അലാ നാമിഖിനും അടി പതറുകയാണ്. ഇരച്ചെത്തിയ പട്ടാളം. മുകളിൽ ഇരമ്പിവന്ന വിമാനങ്ങൾ. 

ഒന്നരലക്ഷം പട്ടാളക്കാരും തിക്രിത്ത് ലക്ഷ്യമാക്കിയെത്തുന്നു. അവരുടെ ഓപ്പറേഷൻ വിജയം കാണുകയാണ്. 2003 ഡിസംബർ 13ന് അലി നാമിഖിന്റെ കൃഷിക്കളത്തിലെ മൺഗുഹയിൽ നിന്ന് അമേരിക്കൻ ഭടന്മാർ സദ്ദാമിനെ പിടികൂടി. പട്ടാളത്തിനു വഴികാട്ടിയായി. കൈകളിൽ വിലങ്ങു വീണ മുഹമ്മദ് ഇബ്രാഹിമുമുണ്ടായിരുന്നു. ഒളികേന്ദ്രമറിയുന്ന മുഹമ്മദ് ഇബ്രാഹിം ഒറ്റുകാരനായോ? സിനിമയിൽ പക്ഷേ അതെക്കുറിച്ച് പറയുന്നില്ല.

- എല്ലാം അവസാനിച്ചു. റഈസിന്റെ കാര്യമോർക്കുമ്പോഴാണ് എനിക്ക് പേടി. എട്ടുമാസം അതീവശ്രദ്ധയോടെ സംരക്ഷിച്ചുപോന്ന പ്രസിഡന്റ് പരാജയപ്പെട്ട പോരാളിയായി മടങ്ങുന്നു. കൈവിലങ്ങുകളുമായി റഈസ് നീങ്ങുന്നത് കാൺകെ, പട്ടാളവണ്ടിയിലേക്ക് തള്ളപ്പെട്ട അലാ നാമിഖ് കരഞ്ഞു. തിക്രിത്തിലെ മസ്‌റ (കൃഷിക്കളം) ഇപ്പോഴുണ്ടോ എന്നു ചോദിച്ചപ്പോൾ അലാ പൊട്ടിച്ചിരിച്ചു. പിന്നെ പറഞ്ഞു. ലാ, ഖത്താ... നഷ്ടപ്പെട്ടുപോയി. അതെ, സദ്ദാമിനൊപ്പം, ഇറാഖിന്റെ ചരിത്രത്തോടൊപ്പം, അമേരിക്ക പേരിട്ട കൃഷിഫാമിലെ സ്‌പൈഡർ ഹോളും മണ്ണോടു ചേർന്നു.

English Summary:

Ala Namiq, an Iraqi farmer says about Saddam Hussein

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com