ADVERTISEMENT

സ്വിറ്റ്സർലൻഡ് എന്നു കേട്ടാൽ ആദ്യം നമ്മുടെ മനസ്സിൽ തെളിയുന്നത് തണുപ്പ്, മഞ്ഞ് മൂടിപ്പുതച്ചുള്ള വസ്ത്രങ്ങൾ എന്നിവയൊക്കെയാവും. എന്നാൽ നമ്മുടെ മേയ്‌മാസം പോലെ ചൂടുപിടിച്ച ഒരു പകലിലേക്കാണു ഞാൻ ചെന്നിറങ്ങിയത്. ആദ്യദിവസം ടേബിൾഫാൻ ഓണാക്കാതെ എനിക്കുറങ്ങാനേ കഴിഞ്ഞില്ല. പിറ്റേന്നു രാവിലെ ഭക്ഷണത്തിനു ചെന്നപ്പോൾ പോളണ്ടിൽ നിന്നുള്ള എഴുത്തുകാരൻ ബാർട്ടോസ് സഡുൽസ്കിയെ പരിചയപ്പെട്ടു. സ്വിസ് കാലാവസ്ഥയെക്കുറിച്ച് പറഞ്ഞുകൊണ്ടാണു ഞങ്ങൾ സംസാരം തുടങ്ങിയത് തന്നെ. ഓഗസ്റ്റിൽ അദ്ദേഹമെത്തുമ്പോൾ സ്വിസിൽ കനത്ത ചൂടായിരുന്നു എന്നും ഒരുദിവസം പോലും നന്നായി ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി. പിന്നെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും ആശങ്കപ്പെട്ടു. അന്നു വൈകിട്ട് ഏ‍ഡിൻബറയിൽ നിന്നുള്ള എഴുത്തുകാരിയും പർവതാരോഹകയുമായ അന്ന ഫ്ലെമിങ്ങിന്റെ ഒരു പ്രഭാഷണം ഉണ്ടായിരുന്നു. പർവതങ്ങളിലെ മഞ്ഞുരുകലിനെക്കുറിച്ചാണ് അവരുടെ പഠനം. അതു ലോകത്തെവിടെയും എന്നതുപോലെ യൂറോപ്യൻ പർവതങ്ങളിലും വളരെയധികം കൂടിയിട്ടുണ്ടെന്ന് വിവിധ കാലങ്ങളിലെ ചിത്രങ്ങൾ കാണിച്ച് അവർ സൂചിപ്പിച്ചു. മോൺട്രീഷേർ ഗ്രാമത്തിൽ തന്റെ ചെറുപ്പകാലത്തൊക്കെ നവംബറിൽ തുടങ്ങുന്ന മഞ്ഞുവീഴ്ച മാർച്ച് വരെ നീളുമായിരുന്നു എന്നും ഇപ്പോൾ ജനവരിയിൽ കഷ്ടിച്ച് ഒരാഴ്ച മഞ്ഞുവീണായാലെന്നും ആ ഗ്രാമത്തിൽ നിന്നുള്ള ഷന്റാൽ ബഫറ്റ് പിന്നെ പറയുകയുണ്ടായി. മാത്രമല്ല ജൂറാപർവതത്തിന്റെ മറുവശത്ത് ഒരു ചെറിയ തടാകമുള്ളത് തണുപ്പു കാലത്ത് തണുത്തുറയുമായിരുന്നു എന്നും അവിടെ ഐസ് സ്‌കേറ്റിങ് ഉൾപ്പെടെയുള്ള ശീതകാല വിനോദങ്ങൾ സംഘടിപ്പിച്ചിരുന്നു എന്നും അതൊന്നും ഇപ്പോഴില്ലെന്നും ഷന്റാൽ ഓർത്തെടുത്തു. കാലാവസ്ഥ മാറിമറിയുന്നതിനെക്കുറിച്ച് നമ്മൾ മാത്രമല്ല ലോകം മുഴുവൻ ആകുലപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ബഷീർ ഫ്രഞ്ചിൽ

ഫൗണ്ടേഷനിലെ എന്റെ ആദ്യദിവസത്തെ പദ്ധതി ലൈബ്രറിയിൽ ഒരു പര്യവേക്ഷണം നടത്തുക എന്നതു തന്നെയായിരുന്നു. അഞ്ചു നിലകളിലായി അത്യുജ്വലമായ ഒരു ലൈബ്രറി. ഭാഷ അടിസ്ഥാനത്തിലാണ് പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒരു പുസ്തകത്തിന്റെ മൂലഭാഷയിലുള്ളത്, ഒപ്പം അതിന്റെ വിവിധ ഭാഷകളിലുള്ള തർജമകൾ എന്നിങ്ങനെയാണ് ആ ക്രമം. ‘ഒറിയാന്റൽ’ എന്ന വിഭാഗത്തിലാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള പുസ്തകങ്ങൾ ഉള്ളത്. പ്രതീക്ഷിച്ച പോലെതന്നെ രബീന്ദ്രനാഥടഗോറും മുൽക്‌രാജ് ആനന്ദും ആർ.കെ.നാരായണനുമൊക്കെ അവിടെയുണ്ട്. ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരുടെ കൂട്ടത്തിൽ നമ്മുടെ സ്വന്തമായ അരുന്ധതി റോയിയെയും ശശി തരൂരിനെയും അനിത നായരെയും മനു ജോസഫിനെയും ജീത് തയിലിനെയും കൂടെ എന്റെ നോവലുകളുടെ ഇംഗ്ലിഷ് പരിഭാഷകളും കണ്ടതു കൂടുതൽ സന്തോഷത്തിനു വക നൽകി. അങ്ങനെ നോക്കിച്ചെല്ലുമ്പോൾ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ദാ ഇരിക്കുന്നു നമ്മുടെ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മൂന്നു പുസ്തകങ്ങൾ. കൂടെ മയ്യഴിപ്പുഴയുമായി എം.മുകുന്ദനും. മലയാളത്തിൽ നിന്നുള്ള പ്രാതിനിധ്യം. അതും ഫ്രഞ്ച് ഭാഷയിൽ. മനസ്സു നിറയാൻ വേറെന്തു വേണം!

ബാക്കി പര്യവേക്ഷണം പിന്നെയാവട്ടെ എന്നു കരുതി പുറത്തിറങ്ങിയപ്പോൾ ഒരാൾ വന്നു സ്വയം പരിചയപ്പെടുത്തി. റോമാനിയയിൽ നിന്നുള്ള നോവലിസ്റ്റ് ഫ്ലോറിൻ ഇർമിയ (Florin Irimia). അദ്ദേഹം കഴിഞ്ഞ വർഷം ഇതേ സമയത്ത് ഞാൻ താമസിക്കുന്ന തടിവീട്ടിൽ ‘റസിഡൻസി‘യായി ഉണ്ടായിരുന്നു. ഇപ്പോൾ ലവിനി (Lavigny) എന്ന സ്ഥലത്തുള്ള മറ്റൊരു റസിഡൻസിയിൽ താമസിക്കുന്നു. പിന്നെ ആദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരനോടു സംസാരിക്കുന്നത് എന്ന സന്തോഷം പങ്കുവച്ചു. പിന്നെ ഇത്തിരി രാഷ്ട്രീയം പറഞ്ഞു. അഴിമതിയിൽ മുങ്ങിക്കുളിച്ച സ്വന്തം രാജ്യത്തിന്റെ ദുസ്ഥിതിയിൽ അരിശം കൊണ്ടു. ചെഷസ്‌ക്യൂ എന്ന മുൻ ഭരണാധികാരിയെ ശപിച്ചു. താറുമാറായ പൊതുഗതാഗത സംവിധാനത്തെക്കുറിച്ച് സങ്കടപ്പെട്ടു. പിന്നെ എല്ലാം ഒരുദിവസം ശരിയാവും എന്ന പ്രതീക്ഷ പങ്കുവച്ചു മടങ്ങി.

wild-route
കാട്ടുപാത

കുഞ്ഞുകുഞ്ഞു യാത്രകൾ

എഴുത്താണ് എന്റെ ഈ വരവിന്റെ പ്രധാന അജൻഡണ്ടയെങ്കിലും ഇടവേളകൾ പ്രയോജനപ്പെടുത്തി സ്വിറ്റ്സർലൻഡ് എന്ന രാജ്യം പരമാവധി ചുറ്റിസഞ്ചരിക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഗ്രാമ പരിസരങ്ങളിൽ നിന്നു പതിയെ തുടങ്ങാം വിചാരത്തോടെ എത്തിയ ദിവസം തന്നെ ഞാൻ മോൺട്രിഷേർ ഗ്രാമം ഒന്നു കറങ്ങിക്കണ്ടിരുന്നു. ‘റസിഡൻസി’കളുടെ സൗകര്യാർഥം ഫൗണ്ടേഷൻ കുറച്ച് ഇലക്‌ട്രിക് സൈക്കിളുകൾ വാങ്ങിവച്ചിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും അതെടുത്തു കറങ്ങാം. താൻ പാതി ദൈവം പാതി എന്നു പറയുന്നതുപോലെ പാതി അധ്വാനം നമ്മളും പാതി യന്ത്രവും നിർവഹിക്കണം. കയറ്റം കയറാൻ പോലും ആയാസമില്ല എന്നു സാരം. അടുത്ത ദിവസം ലിസ് (Llsle) എന്ന ഗ്രാമത്തിലേക്കാണു പോയത്. ജൂറാ പർവതത്തിൽ നിന്ന് അടിവാരത്തിലേക്കിറങ്ങി വരുന്ന കാടിന്റെ നടുവിലൂടെയുള്ള വിജനമായ പാത, ഇടയ്ക്കു കൃഷിയിടങ്ങൾ, നീണ്ട പുൽത്തകിടി, അവിടെ മേഞ്ഞുനടക്കുന്ന പശുക്കൂട്ടങ്ങൾ, ആട്ടിൻ പറ്റങ്ങൾ, വേലിക്കുള്ളിൽ ഓടിക്കളിക്കുന്ന കുതിരകൾ. നാലു കിലോമീറ്റർ നീണ്ട ആ സൈക്കിൾയാത്ര തന്നെ മതിയായിരുന്നു ആ ദിവസം ധന്യമായി എന്നു തോന്നാൻ. ലിസ് എന്ന ഗ്രാമമാകട്ടെ എങ്ങോട്ടു ക്യാമറ വച്ചാലും സുന്ദരമായ ദൃശ്യങ്ങൾ മാത്രം പതിയും വിധം മനോഹരമായ ഒരു കുഞ്ഞു പ്രദേശം. ഗ്രാമമധ്യത്തിൽ ഒരു ചെറിയ തടാകം. അതിന്റെ കരയിൽ തണൽമരങ്ങൾ നിറഞ്ഞ മൈതാനം. ഒരു ചെറിയ പള്ളി, റെയിൽവേ സ്റ്റേഷൻ, പോസ്റ്റ് ഓഫിസ്, ചെറിയ സൂപ്പർ മാർക്കറ്റ്, രണ്ട് റസ്റ്ററന്റകൾ, ഒരു സ്കൂൾ, പൊലീസ് സ്റ്റേഷൻ ഒക്കെയുണ്ടെങ്കിലും മനുഷ്യർ മാത്രം അപൂർവ കാഴ്ച. വല്ലപ്പോഴും കടന്നുപോകുന്ന കാറുകളിലോ സൈക്കിളിലോ ആരെയെങ്കിലും കണ്ടെങ്കിലായി.

പിറ്റേന്നു വൈകിട്ട് കാടിനിടയിലൂടെയുള്ള മൺവഴിയിലൂടെ ഞാൻ മലമുകളിലേക്ക് നടന്നു. കുറച്ചു നടന്നപ്പോൾ തന്നെ ശുദ്ധമായ കാടിന്റെ വന്യത തെളിഞ്ഞു വന്നു. മെത്തക്കനത്തിൽ കരിയിലകൾ വീണു കിടക്കുന്ന വഴിയോരം, ചെറിയ കുറ്റിച്ചെടികൾ, നീണ്ട പൈൻ മരങ്ങൾ, കാടകത്തേക്കു നീണ്ടു പോകുന്ന മൺപാത. വല്ലപ്പോഴും ഒരു കിളിയൊച്ച. ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്കു മുൻപ് നമ്മുടെ ദേശം, ഇവിടത്തെ മൺപാതകൾ ഒക്കെ എങ്ങനെയായിരുന്നിരിക്കാം എന്ന് എനിക്കിപ്പോൾ ഊഹിക്കാൻ കഴിയുന്നുണ്ട്. കാളവണ്ടികൾ മാത്രം സഞ്ചരിച്ചിരുന്ന പാതകൾ.

നടക്കുംതോറും  കാട് കൂടുതൽ ഉള്ളിലേക്കു വിളിക്കുംപോലെ ഒരനുഭവം. മരുഭൂമിക്ക് അങ്ങനെ ഒരു സ്വഭാവമുണ്ട്. കടലിനും അങ്ങനെയൊരു സ്വഭാവമുണ്ട്. ഇപ്പോൾ കാടിനും അതുണ്ട് എന്നു തിരിച്ചറിയുന്നു. അതു നമ്മെ ഉള്ളിലേക്കു വലിച്ചുകൊണ്ടേയിരിക്കും. എങ്കിലും കുറെ നടന്നപ്പോൾ ഉള്ളിലൊരു ഭയം. വല്ല വന്യജീവികളും ഉണ്ടാകുമോ.? കാടിനുള്ളിൽ നിന്ന് ഒരു കരടിയിറങ്ങി വന്നാൽ.... എന്നിട്ടും ആ ഭയത്തെ മറികടന്നു ഞാൻ പിന്നെയും ആ കാട്ടിനുള്ളിലേക്കു നടന്നുകൊണ്ടേയിരുന്നു. അത്രയായിരുന്നു അനുനിമിഷം പുതിയതാവുന്ന ആ കാഴ്ച, ആ വശ്യത. വൈകിട്ട് ആറരയായി. രാത്രിയാവാൻ ഇനിയും രണ്ടു മണിക്കൂർ കൂടി വേണം. കാടായതുകൊണ്ടാവാം കാറ്റിനു നേർത്ത തണുപ്പ്. ഞാൻ ആ രാജ്യത്തെത്തിയ സമയം കൊള്ളാം. ഒരു മാസം കൂടി കഴിഞ്ഞാൽ ഇങ്ങനെയൊരു നടത്തം ആലോചിക്കാൻ പോലും പറ്റാത്തത്ര മഞ്ഞു വീഴ്ചയുണ്ടാവും. പിന്നെയും കുറെക്കൂടി നടന്നിട്ടാണ് ഞാൻ മടങ്ങിയത്. തിരിച്ച് താഴ്‌വാരത്തിൽ എത്താറായപ്പോൾ ഒരു വൃദ്ധൻ തന്റെ നായ്ക്കുട്ടിയെയും പിടിച്ച് എതിരെ വരുന്നു. അദ്ദേഹം ആഹ്ലാദത്തോടെ എന്നെ കൈവീശിക്കാണിച്ച് ഉള്ളിലേക്കു നടന്നു.

നാട്ടിലെ ശബ്‌ദകോലാഹലങ്ങളിൽ നിന്നു ചെല്ലുന്ന ഒരാൾക്കു പെട്ടെന്നു താങ്ങാനാകാത്ത ഒരു വിജനതയും നിശബ്ദതയുമാണ് ഈ ഗ്രാമപ്രദേശങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വണ്ടികളുടെ ഹോണടി, മൈക്ക്, പാട്ട് ഒന്നുമില്ല. പ്രകൃതിയുടെ ശബ്ദങ്ങൾ മാത്രം. അത് ആഗ്രഹിക്കുന്നവർക്കും ആസ്വദിക്കാൻ കഴിയാവുന്നവർക്കും ആ ഗ്രാമങ്ങൾ ഭൂമിയിലെ സ്വർഗം തന്നെയാണ്.

ജനീവയിലെ നാഗസ്വരം

ആദ്യ ദിവസം വിമാനത്താവളത്തിലിറങ്ങി നേരെ ട്രെയിൻ പിടിച്ച് ഗ്രാമത്തിലേക്കു പോന്നതല്ലാതെ പിന്നെ നഗരത്തിലേക്കൊന്നും ഇറങ്ങിയിരുന്നില്ല. സഹവാസികളിൽ ചിലർ ഒരുദിവസം ജനീവയ്‌ക്കു പോകുന്നു എന്നു കേട്ടപ്പോൾ ഞാനും കൂടെച്ചാടി. അതൊരു കാർ യാത്രയായിരുന്നു. ജനീവ തടാകവും ആൽപ്സ് പർവതനിരകളും മുന്തിരിത്തോപ്പുകളും ഓരേ കാഴ്ചയിൽ വരുന്ന സ്വിസ് ഗ്രാമീണ സൗന്ദര്യം കൂടുതൽ ആസ്വദിക്കാനായത് ആ യാത്രയിലാണ്. വാരാന്ത്യമായതുകൊണ്ട് ട്രാഫിക് കാണുമെന്ന് സംശയിച്ചെങ്കിലും ജനീവ നഗരം അങ്ങനെ ഞങ്ങളെ ബുദ്ധിമുട്ടിച്ചില്ല. അവിടെ എത്തുന്ന ഏതൊരു സഞ്ചാരിയും ആദ്യം പോകുന്നത് യുഎന്നിന്റെ ആസ്ഥാനമന്ദിരം കാണാനാവും. എന്നാൽ അവിടത്തെ ഫ്ലീ മാർക്കറ്റ് എന്നു വിളിക്കുന്ന, ഉപയോഗിച്ച വസ്‌തുക്കൾ വിൽക്കുന്ന ഒരു വാരാന്ത്യ ചന്തയിലേക്കാണു ഞങ്ങളാദ്യം പോയത്. വിശാലമായ ഒരു മൈതാനത്ത് അനേകം താൽക്കാലിക ടെന്റുകൾ ഒരുക്കിയിരിക്കുന്നു. അതിനിടയിലൂടെ നടക്കുമ്പോൾ അവിടെ വിൽക്കാത്തതായി ഒന്നുമില്ല എന്നു തോന്നി. വായിച്ചു തീർന്ന പുസ്‌തകങ്ങൾ, പഴയ മാഗസിനുകൾ, വിളമ്പി കൊതിതീർന്ന പാത്രങ്ങൾ, ഇരുന്നു മടുത്ത സോഫ സെറ്റുകൾ, ഇട്ടു മുഷിഞ്ഞ ഉടുപ്പുകൾ, കത്തികൾ, വിളക്കുകൾ, ചിത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടൈപ്പ് റൈറ്ററുകൾ, വാച്ചുകൾ, ക്ലോക്കുകൾ, പുൽവെട്ടികൾ, കത്രികകൾ എന്തിന്, ഇട്ടു തേഞ്ഞുപോയ ഷൂസുകൾ അവരെ അവിടെ വിൽപനയ്ക്കു വച്ചിട്ടുണ്ടായിരുന്നു. നിറയെ ആളുകൾ അതിനിടയിലൂടെ നടന്നു സാധനങ്ങൾ വാങ്ങുന്നു. ഇത്ര സമ്പന്നമായ രാജ്യത്ത് ഈ പഴയ വസ്തുക്കൾ വാങ്ങുന്നതിന് ആളുകൾക്ക് ഇത്ര കമ്പമോ എന്ന് അദ്ഭുതപ്പെട്ടു നടക്കുമ്പോൾ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു ആർക്കിടെക്റ്റ് പഴയ ഒരു തൂക്കു വിളക്ക് കണ്ടു ചാടി‍വീണു. എന്നുമാത്രമല്ല ഒരു വില പേശൽ പോലുമില്ലാതെ കച്ചവടക്കാരൻ ചോദിച്ചത്രയും പണം കൊടുത്ത് അതു വാങ്ങുകയും ചെയ്‌തു. അതു സാമാന്യം വലിയ തുകയായിരുന്നു. എന്തിനാണ് ഇത്ര ആവേശത്തോടെ അതു വാങ്ങിയതെന്നു ചോദിച്ചപ്പോൾ അദ്ദേഹം മൊബൈൽ തുറന്നു പഴയ സാധനങ്ങൾ വിൽക്കുന്ന വെബ്സൈറ്റിൽ അതിനിട്ടിരിക്കുന്ന വില ഞങ്ങളെ കാണിച്ചു. അദ്ദേഹം കൊടുത്തതിന്റെ നൂറിരട്ടിയാണ് അതിന്റെ വില എന്നു കണ്ടു ഞങ്ങൾ ഞെട്ടിപ്പോയി. അതായത് അദ്ദേഹം ഇരുനൂറു കൊടുത്തെങ്കിൽ അതിന്റെ വില ഇരുപതിനായിരം ആയിരുന്നു. പഴയ വസ്തുക്കൾ ശേഖരിക്കുന്നതിൽ അപാരമായ കമ്പമുള്ള ഒട്ടേറെ മനുഷ്യരുണ്ട്. അവരിലൊരാൾക്കു പത്തിരട്ടി വിലയ്ക്ക് കൊടുത്താലും എനിക്കു ലാഭം. അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. എന്തുകൊണ്ടാണ് ആ മാർക്കറ്റ് ഇത്ര സജീവമായിരിക്കുന്നതെന്ന് എനിക്കപ്പോഴാണ‌ു പിടികിട്ടിയത്.

library-text
മോൺട്രിഷേറിലെ ലൈബ്രററിയിൽബഷീറിന്റെ പുസ്തകങ്ങൾ

ആ മൈതാനത്തോടു ചേർന്ന് സ്വിസിലെ ഏറ്റവും വലിയ സർക്കസ് കമ്പനിയായ ‘KNIE’ യുടെ വലിയ തമ്പ് ഉയർന്നിരിക്കുന്നു. നൂറു വർഷത്തെ പാരമ്പര്യമുള്ള കമ്പനിയാണത്. അവരുടെ കോംപൗണ്ടിൽ കിടക്കുന്ന ലോറികൾ, കാരവനുകൾ, ട്രക്കുകൾ എന്നിവയുടെ എണ്ണം എന്നെ അതിശയിപ്പിച്ചു. അതും അസാമാന്യ വൃത്തിയുള്ള പോഷ് വാഹനങ്ങൾ. നമ്മുടെ തമ്പുകളിലെ ദുരിതപൂർണമായ ജീവിതം ഒരു നിമിഷത്തേക്ക് എന്റെ മനസ്സിൽ തെളിഞ്ഞുവന്നു. അന്നു സർക്കസ് പ്രകടനം ഉണ്ടായിരുന്നെങ്കിൽ നിശ്ചയമായും അതു കണ്ടേ ഞാൻ ജനീവയിൽ നിന്നു മടങ്ങുമായിരുന്നുള്ളൂ. നിർഭാഗ്യവശാൽ പിറ്റേന്നായിരുന്നു അതിന്റെ തുടക്കം.

അതുകഴിഞ്ഞ് ഞങ്ങൾ പോയത് ജനീവയിലെ പ്രശസ്‌തമായ എത്‌നിക് മ്യൂസിയം കാണാനാണ്. ഒട്ടേറെ രാജ്യങ്ങളിൽ നിന്നുള്ള വസ്തുക്കൾ അവിടെ ശേഖരിച്ചിട്ടുണ്ട്. അതിൽ നമ്മുടെ നാദസ്വരം, തിമില, നന്തുണി എന്നിവ കണ്ടത് എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദം പകർന്നു. 1991 ൽ കേരളത്തിലെത്തി ശേഖരിച്ചത് എന്നവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. തൃശൂർ പി. ഗോവിന്ദൻ കുട്ടി, മുടിയാട്ട് വിദഗ്ധൻ പാഴൂർ നാരായണമാരാർ, സംഗീതജ്ഞനായ കെ.കെ.രവീന്ദ്രൻ എന്നിവരാണ് അതിനു സഹായിച്ചത് എന്നും അവിടെ എഴുതി വച്ചിട്ടുണ്ട്. അതുകൂടാതെ പല പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച ഹിന്ദു ദേവന്മാരുടെ പ്രതിമകൾ, ബുദ്ധശിൽപങ്ങൾ, വിവിധ തരം കുരിശുകൾ, മുഗൾ വസ്ത്രങ്ങൾ എന്നിവയൊക്കെ അവിടെ കണ്ടു.

അതിനെക്കാളൊക്കെ എന്നെ ആഹ്ലാദിപ്പിച്ചത് ആ മ്യൂസിയത്തിലെ താൽക്കാലിക പ്രദർശനമായ Being(s) Together ആയിരുന്നു. മനുഷ്യനും മൃഗങ്ങളും പ്രകൃതിയും തമ്മിലുണ്ടാവേണ്ട പാരസ്പര്യത്തെക്കുറിച്ചാണ് ആ പ്രദർശനം. വിവിധ പ്രദേശങ്ങളിലെ പശുക്കൾ, നായ്ക്കൾ, ചെന്നായ്ക്കൾ, കീടങ്ങൾ എന്നിവകളെക്കുറിച്ചൊക്കെ വിശദമായി പഠിക്കുകയും അവയ്‌ക്കു വേണ്ടി ജീവിക്കുകയും ചെയ്യുന്ന ചില വ്യക്തികളെ പരിചയപ്പെടുത്തുന്ന ഒരു പ്രദർശനം കൂടിയായിരുന്നു അത്. അവരോടൊപ്പമുള്ള അഭിമുഖങ്ങൾ അടങ്ങിയ വിഡിയോ, അവരുടെ അന്വേഷണങ്ങൾ, കണ്ടെത്തലുകൾ, നിർദേശങ്ങൾ ഒക്കെ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ജനീവയിൽ മറ്റൊരിടവും കാണാൻ നിൽക്കാതെ ഞങ്ങൾ ഉച്ചയ്ക്കു തന്നെ മടങ്ങി. കാരണം അതിലും പ്രധാനപ്പെട്ട ഒരിടത്തേക്കു ഞങ്ങൾക്ക് അന്നുതന്നെ പോകാനുണ്ടായിരുന്നു.

English Summary:

Sunday Special about benyamin's Europe journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com