ADVERTISEMENT

അടുത്ത യാത്ര തൊട്ടടുത്ത നഗരമായ ലുസാനിലേക്കായിരുന്നു. പ്രകൃതിമനോഹാരിത ഒന്നുകൊണ്ടുമാത്രം റോമൻ കാലഘട്ടം മുതൽ കുടിയേറ്റക്കാരുടെ സ്വപ്‌നഭൂമികളിലൊന്നാണു ലുസാൻ. ജനീവയിൽ നിന്ന് ഏതാണ്ട് ഒരു മണിക്കൂർ ദൂരമുള്ള ലുസാന്റെ ഇന്നത്തെ പ്രത്യേകത ഒളിംപിക്സ് തലസ്ഥാനം എന്നതുതന്നെ. റെയിൽവേ കവാടത്തിൽ തന്നെ അത് എഴുതി വച്ചിട്ടുമുണ്ട്. അവിടെ വിപുലമായ ഒരു ഒളിംപിക്സ് മ്യൂസിയവുമുണ്ട്. സ്പോർട്സിനെ നെഞ്ചോടു ചേർത്തു പിടിക്കുന്നവരും ഒളിംപിക്‌സിന്റെ ചരിത്രമറിയാൻ താൽപര്യമുള്ളവരും നിശ്ചയമായും സന്ദർശിക്കേണ്ടതാണ് ഈ മ്യൂസിയം. 1924 മുതലുള്ള മെഡലുകൾ, ദീപശിഖകൾ, വേഷങ്ങൾ, കളിയുപകരണങ്ങൾ, ചരിത്രം, ജേതാക്കളുടെ ചിത്രങ്ങൾ, ഒളിംപിക്‌സ് വില്ലേജുകളുടെ ചിത്രങ്ങൾ, പരേഡിന് ഉപയോഗിച്ചിരുന്ന വേഷങ്ങൾ, വിവിധ കാലത്തെ ഭക്ഷണക്രമങ്ങൾ എന്നിങ്ങനെ പലതും അവിടെ മനോഹരമായി ഒരുക്കിയിരിക്കുന്നു.

അവിടെ നിന്നിറങ്ങി ജനീവ തടാകക്കരയിലൂടെ നടന്നു മെട്രോയിൽ കയറി നഗരമധ്യത്തിലെത്തി കത്തീഡ്രലും ചരിത്ര മ്യൂസിയവും ആർട്ട് മ്യൂസിയവും കണ്ടാണു  അടുത്ത സ്ഥലത്തേക്കു നീങ്ങിയത്. സ്വാഭാവികമായും ഓരോ നഗരത്തിന്റെയും വിശദമായ ചരിത്രവും പൈതൃകവും നന്നായി പ്രദർശിപ്പിക്കുന്ന ഇടങ്ങളാണല്ലോ ചരിത്ര മ്യൂസിയങ്ങൾ. ആർട്ട് മ്യൂസിയങ്ങൾ ആവട്ടെ അതിന്റെ ഇന്നത്തെ കലാവാസനകൾ വെളിവാക്കുന്നതും. അത് എല്ലായിടത്തും അങ്ങനെയാണ്. അതുകൊണ്ടാണ് അതെപ്പറ്റി അധികം വിശദമായി ഒന്നും പറയാതെ പോകുന്നത്. എങ്കിലും ഒരു ദേശത്തെ മനസ്സിലാക്കാൻ അവ സന്ദർശിക്കുക വളരെ പ്രധാനമാണു താനും.

അതിനിടയിൽ മൈഗ്രേഷൻ മ്യൂസിയം എന്നൊരു പേരുകണ്ട് ഞാനങ്ങോട്ടു കയറിച്ചെന്നു. പ്രവാസത്തെ സംബന്ധിച്ച് എന്തെങ്കിലും ചിത്രങ്ങളും ചരിത്രരേഖകളും ഒക്കെ കാണാമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. എന്നാൽ അവിടവിടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുറച്ചു മനുഷ്യർ കൂടിയിരിക്കുന്നതു മാത്രമാണ് അവിടെ കണ്ടത്. കൂടുതലും ആഫ്രിക്കൻ വംശജർ. അവിടെക്കണ്ട ഒരു സ്ത്രീയോടു കാര്യം തിരക്കി. അവർ പറഞ്ഞു ‘ഇവരോടു സംസാരിച്ച് പ്രവാസം നൽകുന്ന അനുഭവവും വേദനയും സംഘർഷങ്ങളും മനസ്സിലാക്കാം. ജീവനില്ലാത്ത വസ്തുക്കൾ നൽകുന്നതിനെക്കാൾ തീക്ഷ്ണമായ അനുഭവങ്ങൾ ഇവർ പകർന്നു നൽകും’. ഇവരാണു ജീവിക്കുന്ന മ്യൂസിയങ്ങൾ ! അതൊരു പുതിയ ആശയമായിരുന്നു. നിർഭാഗ്യവശാൽ ഇംഗ്ലിഷ് സംസാരിക്കാൻ അറിയാവുന്നവർ ആരും അക്കൂട്ടത്തിൽ ഇല്ലാതിരുന്നതുകൊണ്ട് എനിക്കവരുടെ അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞില്ല.

തുടർന്നു ലാവോ (Lavaux) യിലെ മുന്തിരിത്തോപ്പുകളിലേക്കാണു യാത്ര. കലിഫോർണിയയിലെ പ്രസിദ്ധമായ നാപ്പ വാലിയിൽ ഉൾപ്പെടെയുള്ള മുന്തിരിത്തോപ്പുകൾ കണ്ടിട്ടുണ്ടെങ്കിലും ലാവോയിലെ മുന്തിരിത്തോട്ടങ്ങൾക്ക് മറ്റൊരു പ്രത്യേകതയും മനോഹാരിതയുമുണ്ടായിരുന്നു. ലുസാൻ മുതൽ മോണ്‌ട്രേ (Montreux) വരെ 30 കിലോമീറ്റർ ദൂരത്തിൽ നീണ്ടുകിടക്കുന്ന മനോഹരമായ മലഞ്ചെരുവുകളിലാണു കൃഷി നടത്തിയിരിക്കുന്നത്. ടെറസ് മുന്തിരിത്തോപ്പുകൾ എന്നാണത് അറിയപ്പെടുന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ റോമക്കാരുടെ കാലത്ത് ആരംഭിച്ചതാണ് ഈ കൃഷി. ഇന്നത് യുനെസ്കോ പൈതൃക മുന്തിരിത്തോപ്പുകളായി അംഗീകരിച്ച് സംരക്ഷിച്ചു പോരുന്നു. വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താനാവുന്നതല്ല തട്ടുതട്ടുകളായി കിടക്കുന്ന മുന്തിരിത്തോപ്പുകളും ഇടയിലുള്ള ഗ്രാമങ്ങളും തടാകത്തിന് അഭിമുഖമായി നിൽക്കുന്ന വീടുകളും ഇടയിലൂടെയുള്ള റെയിൽപാതയും വളഞ്ഞു പുളഞ്ഞ വഴികളും ഒക്കെ ചേരുന്ന സൗന്ദര്യം. കണ്ട് ആസ്വദിക്കുന്നതിനായി ഒരു മണിക്കൂർ കൊണ്ടു ചുറ്റി സഞ്ചരിക്കാവുന്ന ടോയി ട്രെയിൻ അവിടെ ഒരുക്കിയിട്ടുണ്ട്. അതിന്റെ സഞ്ചാരത്തിൽ ഇടയ്‌ക്ക് ഒരു ഗ്രാമത്തിൽ നിർത്തും. അവിടെ വച്ച് ചരിത്രം പറയും. സൗജന്യമായി വീഞ്ഞു കുടിക്കാൻ തരും. ഏറ്റവും സുന്ദരമായ ചിത്രങ്ങൾ എടുക്കുകയും ചെയ്യാം. മുന്തിരി ശേഖരിക്കുന്നവർ, അതു വീഞ്ഞിനായി പരുവപ്പെടുത്തുന്നവർ, പുളിച്ചതിനു ശേഷമുള്ള മുന്തിരിച്ചണ്ടി മാറ്റുന്നവർ. പടുകൂറ്റൻ വീഞ്ഞു സംഭരണികൾ, വീഞ്ഞു വിൽപന ശാലകൾ... പലതരം കാഴ്ചകൾ. മുന്തിരികൊണ്ടും വീഞ്ഞുകൊണ്ടും മാത്രം ജീവിക്കുന്ന ഒരു സമൂഹമാണ് ലാവോയിലുള്ളത്. ആ ഗ്രാമവീഥികളിലെ ഇളംകാറ്റിൽ നമ്മെ തേടിയെത്തുന്നത് വീഞ്ഞു മണമാണ്.

സന്യാസിമഠവും പുസ്തകോത്സവവും.

ഒരുദിവസം ഉച്ചയ്ക്കു പോളണ്ടിൽ നിന്നുള്ള ബാർതോസ് സഡുൽസ്‌കി ഒരു കുഞ്ഞു യാത്ര പോയാലോ എന്നൊരാശയം പറഞ്ഞതേയുള്ളൂ. ഞാൻ ചാടി വീണു. കിട്ടുന്ന ഒരവസരവും പാഴക്കരുത് എന്ന ചിന്തയോടെയാണല്ലോ ഞാനവിടെ എത്തിയിരിക്കുന്നത്. ഏതാണ്ട് അരമണിക്കൂർ മാത്രം ദൂരമുള്ള റോമയ്‌ൻ മോണ്ടിയർ എന്ന പുരാതന ഗ്രാമത്തിലേക്കാണു യാത്ര. വെറും 450 പേർ മാത്രം താമസക്കാരായുള്ള ഒരു നിശബ്ദസുന്ദരഗ്രാമമായിരുന്നു അത്. മലയടിവാരത്തിൽ മനോഹരമായ ഒരു ദേവാലയവും ഒരു സന്യാസിമഠവും ഉണ്ട്. എഡി 233നും 256 നും ഇടയിൽ നിർമിച്ചതാണ് അവയെന്ന് അവിടത്തെ രേഖകൾ പറയുന്നു. അതിന്റെ കവാടവും അകത്തളങ്ങളും ദേവാലയത്തിന്റെ മച്ചും ഒക്കെ മധ്യകാലഘട്ടത്തിലെ സഭയുടെ പ്രൗഢി വിളിച്ചു പറയുന്നവയാണ്. അതിന്റെ ചുറ്റുമതിലിനുള്ളിൽ തന്നെയുള്ള ഒരു റസ്റ്ററന്റിൽ നിന്നു ചായ കുടിച്ചാണു ഞങ്ങളിറങ്ങിയത്.

അതിന്റെ മുന്നിലെ കടയിൽ കണ്ട ടീ ഷർട്ട് വളരെ കൗതുകമുള്ളതായിരുന്നു. റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ മുഖം ഹിറ്റ്ലറിന്റെ മുഖത്തോടു ചേർത്തു വരച്ചിരിക്കുന്നു. ‘PUTLER’ എന്നൊരു അടിക്കുറിപ്പും. റഷ്യയിലെ ഇന്നത്തെ ഏകാധിപത്യഭരണകൂടത്തെ ഇതിലും നന്നായി എങ്ങനെയാണു വിമർശിക്കുക?.

തിരിച്ചു വരുന്നവഴി അവിചാരിതമായി ഒരു പുസ്തകോത്സവം കണ്ടു ഞങ്ങൾ അവിടെ വണ്ടി ഒതുക്കി. വിശാലമായ ഒരു ഹാൾ നിറയെ ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിലുള്ള സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ. ഇംഗ്ലിഷ് പുസ്തകങ്ങളില്ലാത്തതിനാൽ പുസ്തകം വാങ്ങാനായില്ല. ആ ഹാളിനു മുന്നിൽ ഒരുക്കിയിട്ടിരുന്ന ഒരു പുസ്തകവണ്ടി മനോഹരമായ ഒരു കാഴ്ചയായിരുന്നു.

glacier-2
ഗ്ലേസിയർ 3000

മഞ്ഞുമലയിലേക്ക്

സ്വിറ്റ്സർലൻഡിൽ പോയിട്ട് മഞ്ഞുമല കണ്ടില്ലെങ്കിൽ പിന്നെ എന്താണ് ആ യാത്രയുടെ ഗുണം?. സ്വിസിലും ഫ്രാൻസിലുമായി പ്രശസ്തമായ പല മഞ്ഞുമലകളും ഉണ്ടെങ്കിലും ഞാൻ തിരഞ്ഞെടുത്തത് എനിക്ക് എളുപ്പം എത്തിപ്പെടാനാവുന്ന ഗ്ലേസിയർ 3000 ആണ്. എളുപ്പം എന്ന് ഒറ്റവാക്കിൽ പറഞ്ഞെങ്കിലും അത്ര എളുപ്പമായിരുന്നില്ല അത്. താമസസ്ഥലത്തു നിന്നു മൂന്നു ട്രെയിനുകൾ മാറിക്കയറി ഏജിൽ എന്ന സ്ഥലത്ത് ആദ്യം ഇറങ്ങണം. അവിടെ നിന്ന് ഊട്ടിയിലേക്കുള്ളതുപോലെ മലകൾ കയറിപ്പോകുന്ന ഒരു കൊച്ചു ട്രെയിനിൽ ഡയബ്ലർട്ടെ എന്ന സ്ഥലത്തേക്ക്. ആ യാത്ര മാത്രം ഏതാണ്ട് ഒരു മണിക്കൂർ സമയമുണ്ട്. എന്നാൽ അതൊട്ടും മടുപ്പിക്കുന്നതും മുഷിപ്പിക്കുന്നതുമായിരുന്നില്ല. തുരങ്കങ്ങൾ, തടിപ്പാലങ്ങൾ, കുന്നിൻ ചെരിവുകൾ, കൃഷിയിടങ്ങൾ, മുന്തിരിപ്പാടങ്ങൾ, പൈൻ കാടുകൾ, നീരൊഴുക്കുകൾ, വെള്ളച്ചാട്ടങ്ങൾ, ചെറുഗ്രാമങ്ങൾ എന്നിവയൊക്കെ കണ്ടാസ്വദിച്ചു പോകാവുന്ന ഒരു യാത്രയായിരുന്നു അത്. സ്വിസ് സൗന്ദര്യം എന്താണെന്നു നമുക്ക് ഒരിക്കൽക്കൂടി മനസ്സിലാക്കിത്തരുന്ന യാത്ര. മഞ്ഞുമല കണ്ടില്ലെങ്കിൽ പോലും സാരമില്ലെന്നു തോന്നും മട്ടിൽ അതു മനസ്സു നിറച്ചുകളഞ്ഞു.

ലെ ഡയബ്ലർട്ടെയിൽ നിന്നു ബസ് പിടിച്ചു മലയടിവാരത്തിൽ എത്തണം. തുടർ യാത്ര കേബിൾ കാറിലാണ്. ചെങ്കുത്തായ മലമുകളിലേക്ക്. വഴിയറിയാത്ത, ഭാഷ അറിയാത്ത ഒരു ദേശത്ത് എങ്ങനെ ഇവിടെയൊക്കെയെത്തുന്നു എന്നു ചോദിച്ചാൽ, മുറിയിലിരുന്ന് ഇന്റർനെറ്റ് മുഴുവൻ പരതി പോകേണ്ട വഴികൾ, കയറേണ്ട ട്രെയിനുകൾ, അതെത്തുന്ന പ്ലാറ്റ്ഫോം, പുറപ്പെടുന്ന സമയം, ബസിന്റെ നമ്പർ, അതിന്റെ ചാർജ്, ഒക്കെ നോക്കി വച്ചിട്ടാണ് പോകുന്നത്. അല്ലെങ്കിൽ പെട്ടുപോകും എന്നുറപ്പ്.

മഞ്ഞുകാലം തുടങ്ങിയിട്ടില്ലാത്തതിനാൽ താഴെ നിന്നുള്ള നോട്ടത്തിലൊന്നും മഞ്ഞിന്റെ ഒരു കണികപോലും കാണാനുണ്ടായിരുന്നില്ല. വെറുതേ പാഴും ശൂന്യവുമായി കിടക്കുന്ന മലകൾ കണ്ടു മടങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണു നമുക്കു ഭീമമെന്നു തോന്നുന്ന ഒരു ഫീസ് കൊടുത്ത് കേബിൾ കാറിലേക്കു കയറുന്നത്. ചൈനയിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾ എനിക്കൊപ്പമുണ്ടായിരുന്നു. കേബിൾ കാർ ആദ്യം ഒരു സ്റ്റേഷനിലെത്തും. അവിടെ നിന്നു മറ്റൊന്നിലേക്കു മാറിക്കയറി വേണം തുടർയാത്ര. താഴെ നിന്നു നോക്കിയപ്പോൾ വളരെ ചെറിയദൂരം എന്നു തോന്നിയെങ്കിലും മുകളിലെത്തി താഴേക്കു നോക്കിയപ്പോഴാണ് എത്തപ്പെട്ട ഉയരം ബോധ്യപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നു 3000 മീറ്റർ ഉയരത്തിലാണ് എത്തിയിക്കുന്നത്. അതുകൊണ്ടാണ് ആ മഞ്ഞുമലയ്ക്ക് ഗ്ലേസിയർ 3000 എന്നു പേരു നൽകിയിരിക്കുന്നതും.

കേബിൾ കാർ ഉയർന്നു ചെല്ലുന്നതിനനുസരിച്ച് അവിടവിടെ മഞ്ഞുശിഖരങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. എങ്കിലും പൂർണമായും മുകളിലെത്തി മലയുടെ മറുവശത്തേക്കു നോക്കുമ്പോഴാണ് ഒരു വലിയ മഞ്ഞുപാടം കണ്ണിൽ നിറയുന്നത്. എതിർവശത്തു നിന്നു നോക്കിയാൽ അവിടെ അങ്ങനെയൊന്നുണ്ടെന്ന് ഊഹിക്കാൻ പോലും ആകുമായിരുന്നില്ല. നല്ല തണുപ്പ് കാലമായാൽ സ്കീയിങ് ഉൾപ്പെടെയുള്ള മഞ്ഞുവിനോദങ്ങൾ അവിടെ ഉണ്ടെങ്കിലും അപ്പോൾ രണ്ടു കൊടുമുടികൾ തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലൂടെയും മഞ്ഞുപാളിയിലൂടെയുമുള്ള നടത്തമാണ് പ്രധാനമായും ഉണ്ടായിരുന്നത്. തൂക്കുപാലത്തിൽ നിന്നു നോക്കിയാൽ പരിസരങ്ങളിലുള്ള ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട പർവതങ്ങളും കൊടുമുടികളും ഏറ്റവും മനോഹരമായി കാണാൻ കഴിയുമായിരുന്നു. ഉയരപ്പേടിയുള്ളവർക്ക് ആ നടത്തം അത്ര സുഖകരമായിരിക്കില്ല.

glacier
ലാവോയിലെ മുന്തിരിത്തോപ്പുകൾ

പിന്നെ താഴെ ഇറങ്ങി നമുക്ക് യഥേഷ്ടം മഞ്ഞുപാളികൾക്ക് മുകളിലൂടെ നടക്കാം. അതിനുതകുന്ന ഷൂസ് ഒക്കെ ധരിച്ചു പോയിരുന്നതിനാൽ അതൊട്ടും അപകടകരമായിരുന്നില്ല. ദൂരം നിശ്ചയിക്കുന്നതിൽ അവിടെയും ഞാൻ അൽപം പരാജയപ്പെട്ടു. കണ്ടപ്പോൾ മറുപുറത്തെത്താൻ കുറച്ചു നടന്നാൽ മതിയെന്നു തോന്നും എന്നാൽ രണ്ടുമണിക്കൂർ ദൂരം ഒരേദിശയിൽ നടന്നിട്ടാണ് എനിക്കതിന്റെ മറുപുറത്ത് എത്താൻ കഴിഞ്ഞത്. കടലും കാടും മരുഭൂമിയും പോലെയാണു മഞ്ഞും എന്ന് അന്നു മനസ്സിലായി. ഇറങ്ങി നടന്നാൽ തിരിച്ചുവരാനേ തോന്നില്ല. പുതമഞ്ഞിൽ ചവിട്ടിയും ഇടയ്ക്ക് അതു വാരി ആകാശത്തേക്കെറിഞ്ഞും മഞ്ഞുപാളികൾക്കിടയിലൂടെ ഊറിവരുന്ന തെളിനീരുകണ്ടാസ്വദിച്ചും ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ് ഞാൻ നടന്നത്. അതുകൊണ്ട് അങ്ങോട്ടുള്ള ദൂരം അറിഞ്ഞില്ല. തിരിച്ചും അത്രദൂരം നടക്കാനുണ്ടല്ലോ എന്നോർത്തപ്പോഴാണു പ്രയാസം.

അതിനിടയിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു കുടുംബത്തെ കണ്ടു. അതുവരെയുള്ള യാത്രയിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ കുടുംബത്തെ കണ്ടുമുട്ടുന്നത്. ആ മഞ്ഞുമലയുടെ മുകളിൽ വച്ച് ഒരു ഇന്ത്യക്കാരനെ കണ്ടതിൽ അവർക്കും സന്തോഷം. അന്യദേശത്ത് സ്വന്തം ദേശക്കാരെ കാണുമ്പോഴുള്ള ആഹ്ലാദം ഒന്നു വേറെ തന്നെയാണ്. സെൽഫി എടുത്തുമടുത്ത എനിക്കും ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ കൊതിച്ചു നടന്ന അവർക്കും ആ കൂടിക്കാഴ്ച കൂടുതൽ സന്തോഷകരമായി. ആവശ്യത്തിലധികം ഫോട്ടോ പരസ്പരം എടുത്തുകൊടുത്തിട്ടാണു ഞങ്ങൾ പിരിഞ്ഞത്.

English Summary:

Sunday Special about Benyamin's Europe journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com