ADVERTISEMENT

മുംബൈ നഗരത്തിന്റെ അംബരചുംബികൾക്കിടയിൽ പച്ചത്തുരുത്തായി 250 ഏക്കറിൽ മഹാലക്ഷ്മി റേസ്കോഴ്സ്. പ്രവേശനം കവാടം പിന്നിട്ട് തണൽ മരങ്ങൾക്കിടയിലൂടെ നടന്നെത്തുന്ന വിശാലമൈതാനിയിൽ ഉയർന്ന നാലു പടുകൂറ്റൻ സ്റ്റേജുകൾ. ലോകസംഗീതത്തെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് ഇന്ത്യയിലെത്തിയ ‘ലൊല്ലപലൂസ’ രാജ്യാന്തര ടൂറിങ് സംഗീതോത്സവത്തിനു വേദിയൊരുക്കിയ ഈ നഗരഹൃദയഭൂമി സാക്ഷ്യം വഹിച്ചത് കാണികളുടെ കണ്ണും കാതും മനസ്സും നിറഞ്ഞുതുളുമ്പിയ നിമിഷങ്ങൾക്ക്.

സംഗീതലോകത്തെ അതികായനായ ‘സ്റ്റിങ്’ മുതൽ പുതുതലമുറയുടെ ഹരമായ കൊറിയൻ പോപ് ബാൻഡുകൾ ഉൾപ്പെടെ ഇന്ത്യയിൽ പറന്നെത്തിയപ്പോൾ, രാജ്യത്തും പുറത്തും നിന്നുള്ള സംഗീതപ്രേമികൾ ആ രണ്ടുനാളുകളിൽ മുംബൈയിലേക്കു ചേക്കേറി. മഹാലക്ഷ്മി റേസ്കോഴ്സിന്റെ വിശാലമൈതാനി കുതിരക്കുളമ്പടികൾക്കു പകരം സംഗീതാസ്വാദകരുടെ ചുവടുകൾ നെഞ്ചേറ്റി. സംഗീതത്തിന്റെ പൂരപ്പറമ്പിൽ ചുറ്റിത്തിരിഞ്ഞ് ഇഷ്ടഗായകരെത്തേടി വേദികളിൽ നിന്നു വേദികളിലേക്ക് ആരാധകർ ഒഴുകി. 

മോഹിപ്പിക്കും സംഗീതലോകം

ഏതൊരു സംഗീതോത്സവത്തെയും നിഷ്പ്രഭമാക്കുന്ന ആർട്ടിസ്റ്റ് ലൈനപ്പ് നിരത്തിയാണ് ‘ലൊല്ലപലൂസ 2024 ഇന്ത്യ എഡിഷൻ അവതരിപ്പിച്ചത്. റോക്ക്, പോപ്, ജാസ്, ഹിപ് ഹോപ്, ഇൻഡി പോപ്, ഇലക്ട്രോണിക് തുടങ്ങി വ്യത്യസ്ത സംഗീതധാരകൾ; പ്രശസ്ത രാജ്യാന്തര ബാൻഡുകളായ വൺ റിപ്പബ്ലിക്, ജോനാസ് ബ്രദേഴ്സ്, മെഡുസ, കീൻ, ഹാൽസി, അനൗഷ്ക ശങ്കർ, എറിക് നാം, ദ് റോസ് എന്നിങ്ങനെയുള്ള കലാകാരന്മാർ; എട്ടു ഗ്രാമി പുരസ്കാര ജേതാക്കൾ ഉൾപ്പെടെ 45ൽ ഏറെ ആർട്ടിസ്റ്റുകൾ ഒരുമിച്ചെത്തിയ ഉത്സവമേളം. 

സൗഹൃദച്ചരടിൽ ആരാധക സംഘങ്ങൾ

സംഗീതം ആസ്വദിക്കാൻ പലനാടുകളിൽ നിന്ന് ഓടിയെത്തിയവരെ പരസ്പരം ബന്ധിപ്പിക്കുന്ന കാണാച്ചരടുണ്ട്. കാരണങ്ങളില്ലാതെ തുടങ്ങുന്ന സംസാരങ്ങൾ, ഒരേ മ്യൂസിക് ബാൻഡിനു വേണ്ടി ആവേശം കൊള്ളുമ്പോൾ ഉടലെടുക്കുന്ന സാഹോദര്യം, സൗഹൃദച്ചങ്ങല അങ്ങനെ നീളുന്നു. 

ലൊല്ല വേദിയിൽ കൊറിയൻ ബാൻഡിന്റെ സ്റ്റേജ് തേടി നടക്കുന്ന രണ്ടു പെൺകുട്ടികളെ കണ്ടു; സജ്ജനയും അനുഷയും. ബെംഗളൂരുവിൽ നിന്നെത്തിയ യുവ അഭിഭാഷകരാണ്. ദ് റോസ് എന്ന കൊറിയൻ ബാൻഡിന്റെ പ്രകടനം കാണുകയാണ് ലക്ഷ്യം. ആരാധനയുടെ പാരമ്യത്തിൽ കൊറിയൻ താരത്തിന്റെ പേര് നെഞ്ചിൽ എഴുതിച്ചേർത്തത് സജ്ജന കാണിച്ചു തന്നു. അനുഷയാകട്ടെ ഐ മേക്കപ്പിനൊപ്പം കണ്ണിനറ്റത്ത് റോസാപ്പൂക്കൾ വരച്ചു ചേർത്തിട്ടുണ്ട്. 

‘ഞങ്ങൾ ഇന്നലെ രാവിലെയെത്തിയതാണ്. ജോനാസ് ബ്രദേഴ്സിന്റെ കൺസേർട്ടിനു മുന്നിൽ നിന്ന് ‘ജിജു, ജിജാജി എന്നാർത്തു വിളിച്ചു. അവിടെ അതായിരുന്നു ആൾക്കൂട്ടത്തിന്റെ ആവേശം’’. നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവായതിനാൽ നിക്ക് ജോനാസിനെ (ജോനാസ് ബ്രദേഴ്സ്) ഇന്ത്യൻ ആരാധകർ ‘ജിജു’വെന്നു വിളിക്കുന്ന പതിവുണ്ട്. ജിജു എന്നാൽ ഹിന്ദിയിൽ അളിയൻ. 

കൊറിയൻ വേവ്

സംഗീതത്തിനു ഭാഷയും അതിർത്തിയും ഇല്ലെന്നു തെളിയിച്ച് ഓരോ വേദിയിലും കാണികൾ തടിച്ചുകൂടിയെങ്കിലും ആരാധനയുടെ പ്രകടമായ കാഴ്ചകൾ കൊറിയൻ വേദികൾക്കു മുന്നിലായിരുന്നു. യുവതലമുറയുടെ ഹരമായ എറിക് നാമും, ‘ദ് റോസ്’ ബാൻഡുമാണ് ലൊല്ലപലൂസയുടെ ഭാഗമായി ഇന്ത്യയിലെത്തിയത്. 

‘ദ് റോസി’ന്റെ ആരാധകരാകട്ടെ റോസപ്പൂക്കളുടെ ചിത്രമുള്ള വസ്ത്രങ്ങളോ ആക്സസറികളോ ധരിച്ചെത്തി. പലരും കയ്യിൽ പൂക്കളും കരുതിയിരുന്നു. ‘‘വൂസങ്, യുവർ ബർത്ഡേ ട്വിൻ ഈസ് ഹിയർ’’, ‘‘യു ആർ ഹോട്ട്’’, ‘‘ബ്ലാക്ക് റോസ് ലവ് ‌യു... എന്നിങ്ങനെ പറയാനുള്ളവതെല്ലാം എഴുതിച്ചേർത്ത പ്ലക്കാർഡുകളും ബാനറുകളും ഒറ്റയ്ക്കും കൂട്ടമായും ഉയർന്നു. ആരാധകരുടെ ആവേശത്തള്ളലിൽ കൊറിയൻ പോപ് ബാൻഡിന്റെ ഹൃദയം നിറഞ്ഞു; ഗായകൻ വൂ സങ് പാട്ടുകൾക്കിടെ പറഞ്ഞു; ‘‘ഏഴു വർഷം മുമ്പ് ഞങ്ങൾ പാടിത്തുടങ്ങിയ ദിനം പരിപാടി കാണാനെത്തിയത് 15 പേരാണ്. അതിൽ 10 പേരും സുഹൃത്തുക്കളോ പരിചയക്കാരോ ആയിരുന്നു. ഇന്ന് ഈ വേദിയിൽ നിൽക്കുമ്പോൾ ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. സ്നേഹമാണ് ഞങ്ങൾക്കു പങ്കുവയ്ക്കാനുള്ളത്; മുറിവുണക്കുന്ന സ്നേഹമാണ് സംഗീതം ’’

നെക്സ സ്റ്റേജിൽ ഒറ്റയാൾ ബാൻഡുമായി എറിക് നാമിന്റെ പ്രകടനം ആരാധകരെ ഇളക്കിമറിച്ചു. ‘ഞാനിവിടെ വരുന്നത് രണ്ടാം തവണയാണ്. ഏതാനും മാസം മുൻപ് ഹൈദരാബാദിൽ വന്നു. മുംൈബയിൽ ആദ്യമാണ്. ഞാനിനിയും ഇവിടെ വരേണ്ടേ, നിങ്ങൾ പറയൂ’’ എറിക്കിന്റെ ചോദ്യത്തിന് ആർത്തുവിളിച്ചാണ് സദസ്സ് ഉത്തരം നൽകിയത്. 

ഹൃദയം തൊട്ട് സംഗീതമാന്ത്രികർ

ബ്രിട്ടിഷ് സംഗീതജ്ഞയെന്ന പേരിൽ അറിയപ്പെട്ടാലും പണ്ഡിറ്റ് രവിശങ്കറിന്റെ മകൾ ഇന്ത്യയ്ക്കു സ്വന്തമാണല്ലോ. സിത്താറിന്റെ തന്ത്രികളിൽ അനൗഷ്ക ശങ്കറിന്റെ മാന്ത്രികവിരലുകൾ സംഗീതത്തിന്റെ കുളിർമഴ പെയ്യിക്കുമ്പോൾ, മുംബൈ നഗരം വേനൽചൂട് മറന്നു. തന്റെ പ്രകടനത്തിനൊപ്പം വേദിയിൽ നൃത്തം ചെയ്യാൻ രണ്ടു യുവകലാകാരികൾക്ക് അവസരം നൽകിയും അവർ ആസ്വാദകരുടെ ഹൃദയം കവർന്നു. ഹൂപ്പ് നൃത്തവുമായി ശ്രദ്ധനേടിയ മലയാളിപ്പെൺകുട്ടി എഷ്നയായിരുന്നു അവരിലൊരാൾ. 

തന്റെ പ്രകടനം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോൾ മറ്റൊരു ബാൻഡിനു വേണ്ടി അതിഥിയായി വേദിയിലെത്തിയും അനൗഷ്ക കയ്യടി നേടി. പ്രശസ്ത ഇംഗ്ലിഷ് റോക്ക് ബാൻഡായ ‘കീൻ’ പരിപാടി അവതരിപ്പിക്കുന്ന വേദിയിലാണ് അനൗഷ്ക സിത്താർ വായിച്ചത്. ‘‘വെറും ഒരു മണിക്കൂർ മുമ്പാണ് ഇതിനുള്ള ക്ഷണമെത്തിയതെങ്കിലും സംഗീതം എത്ര ലളിതവും സുന്ദരവുമാണെന്ന ഓർപ്പെടുത്തലാകുന്നു ഇത്തരം നിമിഷങ്ങൾ’’ , അനൗഷ്ക പിന്നീടു പറഞ്ഞു.

ഒരേയൊരു സ്റ്റിങ്

പല തലമുറ സംഗീതജ്ഞരും പല പ്രായത്തിൽപെട്ട കാണികളും നിറഞ്ഞ വേദിയിൽ ഏവരും ഉറ്റുനോക്കിയത് എഴുപത്തിരണ്ടുകാരനായ സോളോ സംഗീതകാരനെ– എക്കാലത്തെയും പ്രിയ സ്റ്റിങ്! ലൊല്ലപലൂസയുടെ രണ്ടു ദിനരാത്രം നീണ്ട ഉത്സവത്തിന് കലാശമായി സ്റ്റിങ്ങിന്റെ പ്രകടനം. വേദിയിലെത്തി മറാഠി ഭാഷയിൽ സുഖമാണോയെന്ന് തിരക്കിയെങ്കിലും പിന്നീടു സംസാരമുണ്ടായില്ല; ഒന്നരമണിക്കൂറിൽ ഒന്നൊന്നായി 16 ഹിറ്റ് ഗാനങ്ങളായിരുന്നു പകരം. പഴയതലമുറയെ ഗൃഹാതുരതയിൽ ആവേശം കൊള്ളിച്ചും പുതിയ കാണികളെ അദ്ഭുത പരതന്ത്രരാക്കിയും ആ പ്രകടനം തീരുമ്പോൾ വീണ്ടും വീണ്ടും എന്നാർത്തുവിളിച്ചു ആരാധകർ. 

English Summary:

Sunday Special about Lollapalooza Music Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com