ADVERTISEMENT

ഇത്രയും ദിവസങ്ങൾ എഴുത്തും ചെറിയ ചെറിയ യാത്രയുമായി സ്വിറ്റ്സർലൻഡിൽത്തന്നെ കഴിഞ്ഞു കൂടിയെങ്കിൽ അവസാനത്തെ ഒരാഴ്ച അയൽരാജ്യമായ ഇറ്റലിയിലേക്കു യാത്ര ചെയ്യാനായിരുന്നു തീരുമാനം. അവിടുത്തെ പ്രധാന നഗരങ്ങളായ റോമിലും വെനീസിലും നേരത്തേ പോയിട്ടുള്ളതിനായി ഇത്തവണ താരതമേന്യ ചരിത്രപ്രാധാന്യമുള്ള മിലാനും ഫ്ലോറൻസും പരിസരപ്രദേശങ്ങളുമാണു തിരഞ്ഞെടുന്നത്. ഫൗണ്ടേഷന് അടുത്ത നഗരമായ ലുസാനിൽ നിന്നു മിലാനിലേക്ക് അതിവേഗ ട്രെയിനുണ്ട്. എവിടെയും ഇറങ്ങിക്കയറേണ്ടതില്ല.

വെറും മൂന്നര മണിക്കൂർ യാത്രാദൂരമാണ് മിലാനിലേക്കുള്ളത്. മഞ്ഞുമൂടിയ കൊടുമുടികൾ, തടാകങ്ങൾ, പൈൻ വൃക്ഷങ്ങൾ നിരനിരയായി നിൽക്കുന്ന മലയോരങ്ങൾ, തുരങ്കങ്ങൾ. പാലങ്ങൾ. ആൽപ്സ് പർവതനിരകളുടെ താഴ്‌വാരങ്ങൾ ചുറ്റിയുള്ള ആ യാത്ര അതുവരെയുള്ള യാത്രകളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. സ്വിസ് അതിർത്തി വിട്ടതോടെ അതുവരെയുണ്ടായിരുന്ന തണുപ്പ് അഴിഞ്ഞു പോകുന്നതും കാലാവസ്ഥ ഇളം ചൂടിലേക്കു വഴി മാറുന്നതും ഞാനറിഞ്ഞു. പാലക്കാടൻ ചുരം കടന്നു ട്രെയിൻ തമിഴ്‌നാട്ടിലേക്കു പ്രവേശിക്കും പോലെയായിരുന്നു അത്. അന്നു സായംകാലത്ത് ഞാൻ മിലാൻ സെൻട്രൽ എന്ന സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുമ്പോൾ എന്റെ സ്ഥിരം സഹസഞ്ചാരി റഷീദ് അറയ്ക്കൽ ദോഹയിൽ നിന്ന് അവിടെയെത്തി. പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളൊന്നിച്ച് കാറിലാണ് ഇറ്റലിയുടെ ഭൂപ്രകൃതിയും നിർമിതികളും സ്മാരകങ്ങളും കണ്ടാസ്വദിച്ചത്.

മിലാനിലെ പ്രധാന കാഴ്ച മിലാൻ കത്തീഡ്രൽ അല്ലാതെ മറ്റൊന്നുമല്ല.1386 ൽ തുടങ്ങി 1965 വരെ നീണ്ട ആറു നൂറ്റാണ്ടുകൾ എടുത്താണ് ഇറ്റലിയിലെ ഏറ്റവും വലിയ ഈ ദേവാലയം പൂർത്തിയാക്കിയത്. (സെന്റ്. പീറ്റേഴ്സ് ബസിലിക്ക റോമിലാണ് എന്നതുകൊണ്ടാണ് ‘ഇറ്റലിയിലെ എറ്റവും വലിയ’ എന്ന പദവി ഇതിനു കിട്ടുന്നത് എന്നോർക്കുക.) ബ്രമാൻതെയും ഡ വീഞ്ചിയും ഉൾപ്പെടെ എഴുപതോളം ലോകോത്തര ശിൽപികളുടെയും എൻജിനീയറുമാരുടെയും കൈയ്യൊപ്പ് ആ ദേവാലയ നിർമിതിയിൽ പതിഞ്ഞിട്ടുണ്ട്. അത്രയധികം വിസ്‌മയത്തോടെയല്ലാതെ നമുക്കതിന്റെ മുന്നിൽ നിൽക്കുക സാധ്യമല്ല. മാർബിൾ വിരിച്ച തറകൾ, കൂറ്റൻ തൂണുകൾ, ശിൽപചാതുര്യം വിളിച്ചു പറയുന്ന മച്ച്, കൊത്തുപണി കൊണ്ട് സമ്പന്നമായ വാതിലുകൾ. ഉജ്ജ്വലമായി ഒരുക്കിയ മൂന്നു പ്രധാന അൽത്താരകൾ. ഇറ്റലിയിലെ ഏറ്റവും വലിയ ഓർഗൻ സെന്റ്.

ബർത്തലോമിയോ, മഡോണ തുടങ്ങി ഒട്ടേറ ശിൽപങ്ങൾ, രൂപങ്ങൾ. ചിത്രങ്ങൾ. അങ്ങനെ എന്തെല്ലാം. എത്ര സമയമെടുത്തു കാണുന്നു എന്നതിനനുസരിച്ചിരിക്കും ഓരോന്നിന്റെയും സൂക്ഷ്‌മതയും പൂർണതയും ബോധ്യപ്പെടുക. ഓട്ടപ്രദിക്ഷണത്തിൽ അതിന്റെ മനോഹാരിതയുടെ ഒരംശം മാത്രമാവും നമ്മുടെ കണ്ണിൽപ്പെടുക. ക്രിസ്തുവിനെ കുരിശിൽ തറയ്ക്കാൻ ഉപയോഗിച്ചത് എന്നു കരുതുന്ന ആണികളിൽ ഒന്ന് ഈ ദേവാലയത്തിലെ അൾത്താരയ്ക്കു മുകളിൽ സൂക്ഷിച്ചിട്ടുണ്ട്. എല്ലാവർഷവും സെപ്‌റ്റംബർ 14ന് ഇതു പുറത്തെടുത്ത് കാണിക്കുന്നത് ഈ ദേവാലയത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ്. സമ്പന്നമായ ഉൾഭാഗം മാത്രമല്ല, കത്തീഡ്രലിന്റെ മേൽക്കൂരയിൽ കയറിയും നമുക്ക് അതിന്റെ ശിൽപ ചാതുര്യം ആസ്വദിക്കാം. നീണ്ട നിരയിൽ നിൽക്കാനുള്ള ക്ഷമയുണ്ടാവണം എന്നു മാത്രം. ലിഫ്റ്റിലോ പടികയറിയോ നമുക്കവിടെ എത്താം. അത്രമേൽ ഉയരത്തിൽ നിന്ന് മിലാൻ നഗരം കാണുക മാത്രമല്ല ദേവാലയത്തിന്റെ ഓരോ സ്തൂപങ്ങളിലും കൊത്തിയിരിക്കുന്ന വ്യത്യസ്ത തരം ശിൽപങ്ങൾ അടുത്തു കാണാൻ കൂടി അതുപകരിക്കും.

നാലു മണിക്കൂറിൽ അധികം സമയമെടുത്താണ് ഞങ്ങൾ ആ ദേവാലയം കണ്ടതെങ്കിലും അതിന്റെ ഒരംശം പോലും നേരാവണ്ണം കാണാൻ കഴിഞ്ഞില്ലല്ലോ എന്നൊരു ഖേദത്തോടെയാണ് അവിടെ നിന്നിറങ്ങിയത്. അപ്പോഴേക്കും നഗരം സജീവമായിക്കഴിഞ്ഞിരുന്നു. പലതരം സംഗീതോപകരണ വാദകർ, പാട്ടുകാർ, നർത്തകർ, ചിത്രകാരന്മാർ ഒക്കെ ദേവാലയത്തിനു മുന്നിലെ വിശാലമായ ചത്വരത്തിൽ ഒത്തുകൂടി പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നു. എല്ലാം കാണാൻ നിരവധി സഞ്ചാരികൾ ചുറ്റിനും. കുറെനേരം അതും ആസ്വദിച്ചാണ് ഞങ്ങൾ മടങ്ങിയത്.

മിലാനിൽ നഷ്ടപ്പെടുത്താൻ പാടില്ലാത്ത മറ്റൊരു പ്രധാനപ്പെട്ട കാഴ്ച ഡ വീഞ്ചിയുടെ വിഖ്യാതമായ ‘അന്ത്യ അത്താഴ’മാണ്. ഡൊമിനിക്കൻ കോൺവെന്റായ സാന്താ മറിയയിലാണ് അത് ആലേഖനം ചെയ്‌തിട്ടുള്ളത്. 1495 നും 1498നും ഇടയിൽ വരച്ച ആ ചിത്രം കാലപ്പഴക്കത്താൽ മങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രൗഢിയോടെ അതിന്റെ ഭിത്തിയിലുണ്ട്. അതിന്റെ ചരിത്രപ്രാധാന്യം ഒന്നുകൊണ്ടുതന്നെ ഒരുദിവസം വളരെ കുറച്ചുപേർക്ക് മാത്രമാണ് അവിടെ പ്രവേശനം. പിറ്റേന്ന് അതികാലത്ത് തന്നെ അതിന്റെ മുന്നിൽ ഹാജരായെങ്കിലും ഏറ്റവും കുറഞ്ഞത് രണ്ടു മാസം മുൻപെങ്കിലും ബുക്ക് ചെയ്യാതെ നിങ്ങൾക്കിതു കാണാമെന്ന് ആഗ്രഹിക്കുക പോലും വേണ്ടെന്ന് പറഞ്ഞ് അവിടത്തെ സെക്യൂരിറ്റി ഞങ്ങളെ നിരാശയോടെ മടക്കി അയച്ചു.

എന്നാൽ അതിന്റെ ഡിജിറ്റൽ രൂപത്തിലുള്ള ഒരു പുനരാവിഷ്കരണം മറ്റൊരു ചെറിയ ഡ വീഞ്ചി മ്യൂസിയത്തിൽ കാണാൻ കഴിയും. കാലപ്പഴക്കത്താൽ മങ്ങുന്നതിനു മുൻപ് ആ ചിത്രം എങ്ങനെയായിരുന്നു എന്നാണ് ആ ഡിജിറ്റൽ പുനരാവിഷ്കരണം നമുക്കു കാണിച്ചു തരുന്നത്. തൽ‌ക്കാലം അതുകണ്ട് സമാശ്വസിക്കാനേ വകയുണ്ടായിരുന്നുള്ളൂ. ആ മ്യൂസിയത്തിൽ ഡ വീഞ്ചിയുടെ കണ്ടുപിടിത്തങ്ങളുടെ മറ്റൊരു വലിയ ശേഖരമുണ്ട്. ഒരു ചിത്രകാരൻ എന്ന നിലയിലാണ് അദ്ദേഹത്തെ ലോകം ആദരിക്കുന്നതെങ്കിലും ശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ നേട്ടങ്ങൾ അദ്ഭുതത്തോടെ മനസ്സിലാക്കാൻ ആ മ്യൂസിയം സഹായിക്കും.

മിലാൻ യാത്രയിൽ നഷ്ടപ്പെടുത്താൻ പാടില്ലാത്ത മറ്റൊരിടം ലിയാനാർഡോ ഡി വീഞ്ചി നാഷനൽ സയൻസ് മ്യൂസിയമാണ്. ഇന്നത്തെ ശാസ്‌ത്ര വളർച്ചയുടെ ഓരോ പടവുകളും നമുക്കവിടെ ദർശിക്കാനാവും. അടുക്കള ഉപകരണങ്ങളുടെയും ടിവിയുടെയും റേഡിയോയുടെയും കംപ്യൂട്ടറിന്റെയും ജനറേറ്ററിന്റെയും പരിണാമത്തിന്റെ പല ഘട്ടങ്ങൾ മാത്രമല്ല പായക്കപ്പലും ആവി എൻജിനും തുടങ്ങി ഒരു യഥാർഥ മുങ്ങിക്കപ്പൽ തന്നെ അതിന്റെ അങ്കണത്തിൽ പ്രദർശനത്തിനു വച്ചിട്ടുണ്ട്. അവിടെ ഒട്ടേറെ മാതാപിതാക്കൾ കൊച്ചുകുട്ടികളെ കൊണ്ടുവന്ന് ഒരോന്നും വിശദീകരിച്ച് ശാസ്‌ത്രത്തിൽ അടിത്തറയുണ്ടാക്കി കൊടുക്കുന്നത് കണ്ടപ്പോൾ വലിയ ആദരം തോന്നി. മിലാനിൽ ആസ്വദിച്ച മറ്റൊരു കാഴ്ച അവിടത്തെ ഒപ്പേറ ഹൗസാണ്. ഹാളിലെ ഇരിപ്പിടങ്ങൾക്ക് പുറമേ ആറു നിലകളിലായി അർധ വൃത്താകൃതിയിലുള്ള ക്യുബിക്കളുകളും കാഴ്ചക്കായി ഒരുക്കിയിരിക്കുന്ന ഒരു വലിയ ഒപ്പേറ ഹൗസാണത്. അവിടുത്തെ ഫുൾ ഷോയ്‌ക്ക് വലിയ ഫീസാണെങ്കിലും ദിവസത്തിൽ രണ്ടു തവണ നടത്തുന്ന സംഗീത പ്രദർശനം കാണാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു.

ചെരിഞ്ഞ ഗോപുരം

ഞങ്ങളുടെ അടുത്ത സന്ദർശനസ്ഥലം പിസയിലെ ചെരിഞ്ഞ ഗോപുരമായിരുന്നു. വിയന്നയിൽ നിന്നു വന്ന ഒരു മലയാളി കുടുംബത്തെ കണ്ടു. ഇത്തിരി വെയിൽ കാണാൻ വന്നു എന്നാണ് ആ യാത്രയെക്കുറിച്ച് അവർ പറഞ്ഞത്. സദാ മൂടിക്കെട്ടിക്കിടക്കുന്ന ആകാശം മനസ്സിൽ നിറയ്ക്കുന്ന മ്ലാനാവസ്ഥ ഒരു പക്ഷേ നമ്മൾ കേരളീയർക്കു മനസ്സിലാവുകയേയില്ല. വെയിൽ അനുഭവിക്കാൻ വേണ്ടി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യവും നമുക്കു പരിചിതമല്ല.

പിസ കത്തീഡ്രലിന്റെ മണി കെട്ടാൻ പണിത ഒരു ഗോപുരമാണ് ഇന്നത്തെ പ്രശസ്‌തമായ ചരിഞ്ഞ കെട്ടിടം. 1172 ൽ അതിന്റെ പണി തുടങ്ങിയപ്പോൾ തന്നെ പിഴവ് കണ്ടെത്തിയതിനാൽ അതന്ന് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ നൂറു വർഷത്തിനു ശേഷം 1272 ൽ ആ ചരിവ് നിലനിർത്തിക്കൊണ്ടുതന്നെ പണി പുനരാരംഭിക്കുകയും പിന്നൊരു 100 വർഷം കൊണ്ട് 1372 ൽ പൂർത്തിയാക്കുകയുമായിരുന്നു. പിന്നെ ഏഴു നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ഇപ്പോഴും അതിന്റെ സൗന്ദര്യത്തിനും ബലത്തിനും ഒരു കോട്ടവും സംഭവിച്ചിട്ടില്ല.

ഏഴുനിലകളുള്ള ചുറ്റുഗോവേണിയിലൂടെ ഗോപുരത്തിന്റെ മുകളിലേക്കുള്ള കയറ്റം ഇത്തിരി കഠിനമെന്നു തോന്നുമെങ്കിലും ആ ഉയരത്തിൽ നിന്നുകൊണ്ട് കൂറ്റൻ മണികളും കത്തീഡ്രലും സമീപപ്രദേശങ്ങളും കാണുന്നത് ഒരപൂർവനുഭവമാണ്. ഗോപുരം മാത്രമല്ല അതിനൊപ്പമുള്ള കത്തീഡ്രലും കാണേണ്ട അനുഭവമാണ്. ഇറ്റലിയിലെ ഓരോ ദേവാലയങ്ങളും എത്രയധികം വ്യത്യസ്തവും ശിൽപ ചാതുര്യം കൊണ്ട് മനോഹരവുമായണെന്ന് അത് നമുക്കു മനസ്സിലാക്കിത്തരും. അന്നത്തെ പരിമിതമായ സാങ്കേതിക സൗകര്യങ്ങളിൽ നിന്നുകൊണ്ട് ഇത്തരം മഹനീയ സൃഷ്ടികൾ നടത്തിയ ശിൽപികളെ എത്ര നമിച്ചാലാണു മതിവരുക.

അധികം സഞ്ചാരികൾ പൊതുവേ തിരഞ്ഞെടുക്കാത്ത ലൂക്ക എന്ന പട്ടണത്തിലേക്കാണു ഞങ്ങൾ പിന്നീടു വണ്ടിയോടിച്ചത്. പിസയിൽ നിന്ന് വെറും 20 കിലോമീറ്റർ മാത്രം ദൂരമേ ലൂക്കയിലേക്കുള്ളൂ. വർഷം തോറും നടക്കുന്ന ‘കോമിക് & ഗെയിം ഫെസ്റ്റിവലാണ്’ ലൂക്ക എന്ന പുരാതന നഗരത്തിലെ ലോക ശ്രദ്ധയാകർഷിക്കുന്ന ഘടകം. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കോമിക് ഫെസ്റ്റിവലാണത്. ഞങ്ങൾ ചെന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അഞ്ചുദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ആരംഭിക്കുന്നത്. കോമിക്, കാർട്ടൂൺ ഫിലിമുകളുടെ ആരാധകരായ കൗമാരക്കാരുടെ ആഘോഷദിവസങ്ങളാണത്. അന്നുതന്നെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ വേഷം ധരിച്ച കുട്ടികൾ നഗരത്തിലൂടെ ചുറ്റിയടിച്ചു നടക്കുന്നുണ്ടായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡിസ്‌നി, പ്രൈം അടക്കമുള്ള ലോകോത്തര കാർട്ടൂൺ നിർമാതാക്കളുടെ പ്രദർശന, വിൽപന ശാലകൾ ഉയർന്നിരിക്കുന്നു. അതിന്റെയെല്ലാം മുന്നിൽ പടുകൂറ്റൻ കാർട്ടൂൺ കഥാപാത്രങ്ങൾ തല ഉയർത്തി നിൽക്കുന്നു.

കോമിക് ഫെസ്റ്റിവലല്ല, പുരാതന കോട്ടയും ഇഴപിരിഞ്ഞു പോകുന്ന ഗല്ലികളും കെട്ടിടങ്ങളും നഗര ചത്വരവും ശുദ്ധജലമൊഴുകുന്ന കനാലുകളും ദേവാലയങ്ങളും ഭക്ഷണ ശാലകളും ഒക്കെയാവും സാധാരണ സഞ്ചാരികളെ ലൂക്കയിലേക്ക് ആകർഷിക്കുന്നത്. പ്രസിദ്ധ ഇറ്റാലിയൻ സംഗീതജ്ഞനായ ജിയോകോമോ പുച്ചിനിയുടെ ജന്മസ്ഥലം എന്ന ഖ്യാതി കൂടി ലൂക്കയ്ക്കുണ്ട്. അദ്ദേഹത്തിന്റെ ഒരു പ്രതിമ നമുക്ക് നഗര ചത്വരത്തിൽ കാണാൻ കഴിയും. മധ്യകാലത്തെ ആ ഉയരമുള്ള കെട്ടിടങ്ങൾക്കിടയിലെ ഗല്ലികളിലൂടെയുള്ള നടത്തം നിശ്ചയമായും വ്യത്യസ്തമായ ഒരനുഭവം തന്നെയാണ്.

ഞങ്ങളുടെ അടുത്ത സ്ഥലം സിയന്ന ആയിരുന്നു. ലൂക്കയ്ക്ക് സമാനമായ ഒരു മധ്യകാല നഗരമാണ് സിയന്നയും. കുന്നിൻ മുകളിലുള്ള കോട്ടയും പഴയ നഗരവും നഗരചത്വരവുമാണ് പ്രധാന ആകർഷണം. ഇറ്റലിയിലെ പ്രസിദ്ധമായ ടസ്‌കാനി വീഞ്ഞിന്റെ പ്രധാന കേന്ദ്രമാണത്. ലോകത്തിലെ എറ്റവും പഴയ ബാങ്കായ Monte dei Paschi ന്റെയും ലോകത്തിൽ തന്നെ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച യൂണിവേഴ്‌സിറ്റിയായ സിയന്ന യൂണിവേഴ്സിറ്റിയുടെയും ആസ്ഥാനം കൂടിയാണ് ഈ നഗരം. നഗരചത്വരത്തിൽ രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന കുതിരയോട്ട മത്സരവും ഇവിടത്തെ പ്രധാന ആകർഷണമാണ്. (തുടരും)

English Summary:

Sunday Special about Benyamin's Europe journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com