ADVERTISEMENT

ഇത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലെ ദേശീയ മ്യൂസിയത്തിലെ സെല്ലാറിന്റെ പടവുകൾ ഇറങ്ങുമ്പോൾ വെളിച്ചം കുറഞ്ഞു കുറഞ്ഞു വന്നു; തണുപ്പ് കൂടിവന്നു. നിലവറയിലെത്തുമ്പോൾ കാലചക്രം ദശലക്ഷക്കണക്കിനു വർഷങ്ങൾ പിന്നോട്ടോടുന്നതു പോലെ. എങ്ങു നോക്കിയാലും ശവപ്പെട്ടികൾ; അതും ചില്ലുകൊണ്ടുള്ളത്. കാലം ഇവിടെ തടവറയിലാണ്. ആദ്യം കാണുന്നത് ഒരു മുതുമുത്തച്ഛൻ പോത്തിന്റെ കീഴ്ത്താടിയെല്ല്. ഇവിടെയുള്ളവരിൽ ഏറ്റവും സീനിയർ. പല്ലിന്റെ വെള്ള നിറമൊക്കെ പോയി കറുപ്പ് കലർന്നിരിക്കുന്നു. പ്രായം 45 ലക്ഷം വർഷത്തിനു മുകളിൽ. തൊട്ടടുത്തു പഞ്ഞിക്കെട്ടു കൊണ്ടുണ്ടാക്കിയതു പോലുള്ള ഒരു കാട്ടുപോത്തിന്റെ തലയോട്ടി. അതിനും 40 ലക്ഷം വർഷത്തോട് അടുത്ത് പഴക്കം.

തൊട്ടടുത്തായി എണ്ണയാട്ടുന്ന ചക്കിന്റെ കുറ്റി പോലിരിക്കുന്ന കറുകറുത്തൊരു രൂപം. ആഫ്രിക്കൻ ആനയുടെ തലയോടാണിത്. 35 ലക്ഷം വർഷത്തിനു മേൽ പഴക്കം. അൽപംകൂടി ഇരുട്ടേറിയ ഭാഗത്താണ് അടുത്ത ചില്ലുകൂട്. ഇതാണ് എഎൽ–288–1 എന്ന് അടയാളപ്പെടുത്തിയ ഭൗതികാവശിഷ്ടം. യൗവ്വനയുക്തയായ ഒരു പെൺകുട്ടിയുടെ അസ്ഥികൂടത്തിന്റെ 40 ശതമാനത്തോളം വരുന്ന അവശിഷ്ടം. ഈ പതിനെട്ടുകാരിയെ ലോകം വിളിക്കുന്നത് ലൂസി. ഇത്യോപ്യയിലെ അഫാർ പ്രവിശ്യയിലെ ഹഡാർ മേഖലയിൽ നിന്ന് അമേരിക്കൻ പുരാവസ്തു ഗവേഷകൻ ‍ഡോ. ഡോണൾ‍ഡ് ജൊഹാൻസൻ കണ്ടെടുത്ത ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇരുകാലിൽ നിവർന്നു നടന്നിരുന്ന സ്ത്രീയെന്നു തിരിച്ചറിഞ്ഞ ജീവിയുടെ അസ്ഥികൂടം.

അസ്ഥികൂടം മുഴുവനില്ല, മൊത്തം വരുന്ന അസ്ഥികളുടെ 40 ശതമാനം വരുന്ന എല്ലിൻ കഷണങ്ങൾ. പ്രായം മുപ്പത്തിയൊന്നു ലക്ഷത്തി എൺപതിനായിരം വർഷങ്ങൾക്കുമപ്പുറം. ഇരുകാലി വർഗത്തിന്റെ ശാസ്ത്ര നാമമായ ‘ആസ്ട്രലോ പെത്തിക്കസ്’ പട്ടികയിലെ ഒന്നാം നമ്പറുകാരി. 1970–ലെ ചുട്ടുപഴുത്ത ഒരു ദിവസം, പകലന്തിയോളം അലഞ്ഞിട്ടും ഇത്യോപ്യക്കാരനായ ഫോസിൽ ശേഖരണക്കാരൻ അലമയെഹു അസഫയ്ക്ക് കിട്ടിയത് ഒരു കീഴ്ത്താടിയെല്ല് മാത്രം. ഇത്യോപ്യയിലെ അഫാർ പ്രവിശ്യയിലെ ഹഡാർ പ്രദേശം സമുദ്ര നിരപ്പിൽനിന്നു നൂറ്റൻപതോളം മീറ്റർ താഴ്ന്നു കിടക്കുന്നതാണ്. ലോകത്തിൽ ഏറ്റവും ചൂടു കൂടിയ സ്ഥലം. 40 ലക്ഷത്തിലേറെ വർഷം പഴക്കമുള്ള പലതരം ജീവികളുടെ (ഇരുകാലികളൊഴികെ) ഫോസിലുകൾ ഇവിടെ നിന്നു ലഭിച്ചിട്ടുള്ളതിനാൽ പാലിയോ ആന്ത്രപ്പോളജിസ്റ്റുകൾ ഇവിടം വിട്ടൊഴിഞ്ഞ നേരമില്ല.

തിരച്ചിലിൽ ലഭിച്ച താടിയെല്ലിൽ അണപ്പല്ലുകൾക്കു പുറകിലായി ഒരു വിസ്ഡം ടൂത്തും (വിവേക ദന്തം) ആ കീഴ്ത്താടിയിലുണ്ടായിരുന്നു. കീഴ്ത്താടിയുടെ ഉടമ ഒരു ഇരുകാലിയാണെന്നതിനുപരി പ്രായപൂർത്തിയായ ഒരു ജീവി കൂടിയാണെന്നതിനു തെളിവായിരുന്നു വിസ്ഡം ടൂത്ത്. രണ്ടു കാലിൽ നിവർന്നു നടന്ന ജീവികൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നു എന്നതിന് ആദ്യമായി ലഭിച്ച തെളിവ് ഇതായിരുന്നു. ഹഡാർ ത്രികോണത്തെ മനുഷ്യവർഗത്തിന്റെ കളിത്തൊട്ടിൽ എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ചതിനു കാരണം മുപ്പതു ലക്ഷത്തിനോടടുത്തു വർഷങ്ങൾ പഴക്കമുള്ള ഈ കീഴ്ത്താടിയാണ്. നാലുകാലിൽ നടന്ന വാനരവംശജർ കാലക്രമേണ രണ്ടുകാലിൽ നട്ടെല്ലു നിവർത്തി നടന്നു എന്ന ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന് ഏറ്റവും വലിയ സാധൂകരണമായി ഇത്.

ഈ വിവരം പുറത്തുവന്നതോടെ അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ധാരാളം ഗവേഷകർ അഫാർ പ്രവിശ്യയിലെത്തി. തദ്ദേശീയരായ നരവംശ ശാസ്ത്രജ്ഞന്മാരും വെറുതെയിരുന്നില്ല. ഇവരിൽ പ്രധാനിയായിരുന്നു മൊറെയ്സ് താലിബ്. ഗവേഷണത്തിന് താൻ തന്നെ ഡയറക്ടറായി 1974ന്റെ തുടക്കത്തിൽ ഇന്റർനാഷനൽ ഹഡാർ റിസർച് എക്സ്പെഡിഷൻ എന്ന സംഘടന അദ്ദേഹം രൂപീകരിച്ചു. സഹ ഡയറക്ടർമാരായി അമേരിക്കക്കാരനായ ഡോ. ഡോണൾഡ് ജൊഹാൻസനെയും ഒപ്പം കൂട്ടി. കൂടാതെ ഫ്രാൻസുകാരനായ വെസ് കോപ്പനെയും.

1972ലും 1973ലും ഡോ. ജൊഹാൻസൻ ഇവിടം സന്ദർശിച്ചിരുന്നു. മാത്രമല്ല ഫോസിലായി മാറിയ ഒരു കാൽമുട്ടുചിരട്ടയും സമീപത്തു നിന്നായി ഒരു കാലെല്ലിന്റെ ഭാഗവും അദ്ദേഹത്തിനു കിട്ടി. മുട്ടുചിരട്ടയെ പാദവുമായി ബന്ധിപ്പിക്കുന്ന രണ്ട് എല്ലുകളിൽ മുൻവശത്തു കാണുന്ന ടിബിയ എല്ല് (Tibia bone) ആയിരുന്നു അത്. ഇത് ഇരുകാലികളിൽ മാത്രം കാണുന്ന ഒന്നാണ്. അത് അദ്ദേഹം തിരിച്ചറിഞ്ഞെങ്കിലും മറ്റു യാതൊരു ഫോസിലുകളും ആ പ്രദേശത്തു നിന്നു കണ്ടുകിട്ടിയിരുന്നില്ല. 1974 നവംബർ 14ന് പതിവു പോലെ ജൊഹാൻസനും കൂട്ടാളിയും താഴ്ചയുള്ള പ്രദേശത്തു തിരഞ്ഞു. അവിടെ ചെളിയും മണ്ണും പാറക്കഷണങ്ങളും അടിഞ്ഞുകൂടി കിടപ്പുണ്ടായിരുന്നു. തന്റെ സഹപ്രവർത്തകർ രണ്ടു തവണ പര്യവേഷണം നടത്തിയ സ്ഥലമായിരുന്നു അത്. എങ്കിലും അവിടെ ഒന്നിറങ്ങി നോക്കാൻ അവർ തീരുമാനിച്ചു.

കീഴ്ത്താടിയും അടുത്തു തന്നെയായി ഒരു കൈത്തണ്ടയെല്ലും കണ്ടു. ഒരു തലയോട്ടിയുടെ അവശിഷ്ടവും കണ്ടെത്തി. ഒരു താടിയുടെ കഴ, ഒരു തുടയെല്ല് എന്നിവയെല്ലാം കിട്ടി. കാറ്റഗറിക്കലായി AL-288-1 എന്ന നമ്പറിട്ട അസ്ഥികൂടത്തിന് ലൂസി എന്നു പേരിട്ടു. ആദ്യ ദിവസം തന്നെ ടിബിയ ബോണിന്റെ സാന്നിധ്യം ഇതൊരു ഇരുകാലി ജീവിയാണെന്ന് ഉറപ്പിച്ചിരുന്നു. ഇടുപ്പെല്ലിന്റെ മുൻവശം (Sub Pubic) കൂടിച്ചേർന്നുണ്ടാകുന്ന ആംഗിൾ 90 ഡിഗ്രിക്ക് തൊട്ടു മുകളിലാണെന്നും കണ്ടെത്തി. അതുകൊണ്ടു തന്നെ ഇതൊരു സ്ത്രീയാണെന്നും ഉറപ്പിച്ചു. പുരുഷന്മാരിൽ ഈ കോൺ പരമാവധി 82 ഡിഗ്രിവരെ വരാം. സ്ത്രീകളിൽ പ്രസവത്തിനു വഴിയൊരുക്കാൻ പ്രകൃതിയുടെ സൂത്രപ്പണിയാണത്രെ ഇത്. ഇരുകാലിയായതിനാൽ ആസ്ട്രെലോ പിത്തക്കസ് വർഗത്തിൽപെട്ടതായിരുന്നു.

‘‘അതൊരു ചെറിയ സ്പെസിമാനായിരുന്നു. ആസ്ട്രലോപിത്തക്കസ് വർഗത്തിൽ അതിനെപ്പെടുത്താൻ കാരണം അതിന്റെ തലച്ചോറിന്റെ വലുപ്പമാണ്. തലച്ചോറിനെ സംരക്ഷിക്കുന്ന ആൻസിപ്പിറ്റൽ അസ്ഥിയിൽ (Occipital bone)നിന്ന് അത് അനുമാനിക്കാം. ആ എല്ലിന്റെ ആർക്കിന്നിടയിലേക്ക് നെല്ലിക്കയുടെ വലുപ്പത്തിൽ കവിഞ്ഞതൊന്നും അവിടെ ഉൾക്കൊള്ളിക്കാനാവില്ല. അതുപോലെ പല്ലിന്റെ പ്രത്യേകതകളും. സ്റ്റേബിൾ ഐസോടോപ് ടെസ്റ്റുകളിൽ നിന്ന് ലൂസി പുല്ലും ഇലകളും മധുരമുള്ള പഴങ്ങളും ധാരാളമായി കഴിച്ചിരുന്നുവെന്ന് തെളിവ് കിട്ടി. കൂടാതെ പ്രീ മോളാർ (അണപ്പല്ല്) പല്ലുകളുടെ സാന്നിധ്യവും. ഇതിൽനിന്ന് എല്ലാം മനസ്സിലാവുന്നത് അതുവരെ കണ്ടെടുത്ത ഫോസിലുകളിൽനിന്നും മനസ്സിലാക്കിയ ജീവി വർഗങ്ങളിൽനിന്നും ലൂസി തികച്ചും വ്യത്യസ്തയായിരുന്നു എന്നാണ്. ഔദ്യോഗികമായി ഇതു സ്ഥിരീകരിക്കുന്നത് 1977 ഡിസംബർ 31–നാണ്. ലൂസിയെ കണ്ടെടുത്ത അഫാർ പ്രദേശത്തിന്റെ സ്മരണ കൂടി നിലനിർത്താൻ ഈ വംശത്തിന് ആസ്ട്രലോപിത്തിക്കസ് അഫാറെൻസിസ് എന്നു നാമകരണം ചെയ്തു.’’ ഡോണൾഡ് ജോൺസൻ പറയുന്നു. അങ്ങിനെയാണു പുതിയ ജീവി വർഗത്തിന്റെ ഒന്നാമത്തെ കണ്ണി ലൂസി ആവുന്നത്. അതിനുശേഷം മാത്രമാണ് മനുഷ്യ ചരിത്രമുള്ളത്.

രണ്ടുകാലിൽ നിൽക്കാനും അനായാസം നടക്കാനും ലൂസിക്കു സാധിക്കുമായിരുന്നു. കൂടാതെ രണ്ടു കാലുകളും ചേർത്തു വച്ചാൽ ഇരുകാൽമുട്ടുകളും തമ്മിൽ തൊടുന്ന 'Valgus knee' ലൂസിയിലും കാണപ്പെട്ടു. ഇത് ആധുനിക മനുഷ്യന്റെ കാൽമുട്ടിനു സമാനമാണ്. ലൂസിയുടെ കാൽമുട്ടിന്റെ മറ്റൊരു പ്രത്യേകത ജോയിന്റിന്റെ ഉപരിതലത്തിന് ഇണങ്ങും വിധമുള്ള ഇന്റർഫെയ്സാണ് എല്ലുകൾക്ക് ഉണ്ടായിരുന്നത്. ഇത് ഒറ്റക്കാലിൽ നിൽക്കാൻ സഹായിക്കും. കൂടാതെ കാൽമുട്ട് തെന്നിപ്പോകാതിരിക്കാൻ Patellar lip എന്ന മൃദുകലയും കാൽമുട്ടിലുണ്ടായിരുന്നു.

ലൂസിയുടെ തുടയെല്ലിന്റെയും കാൽത്തണ്ടയെല്ലിന്റെയും നീളത്തിന്റെ അനുപാതം 84.6 ശതമാനമാണ്. മനുഷ്യരിൽ ഇത് 71.8%, അതായത് പിൽക്കാല മനുഷ്യരിൽ നിന്നു ചെറിയൊരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ആധുനിക മനുഷ്യനെ അപേക്ഷിച്ച് കൈകൾക്ക് അൽപം നീളക്കൂടുതലുണ്ടായിരുന്നു. ഈ നീളക്കൂടുതൽ മരം കയറാനും ചില്ലയിൽ തൂങ്ങി ആടാനും മറ്റും ലൂസിയെ സഹായിച്ചിട്ടുണ്ടാകണം. രണ്ടുകാലിൽ നടന്നെന്നു കരുതി ഒരുപാട് ദൂരമൊന്നും നടക്കുന്ന വർഗമായിരുന്നില്ല. ഭൂമിയിൽ കഴിയുന്നതിനെക്കാൾ കൂടുതൽ മരങ്ങളിലാണ് ഇവ കഴിഞ്ഞിരുന്നത്. ഇതിനു കാരണം മാർജ്ജാര വംശ ജീവികളുടെ ആക്രമണത്തെ ഭയന്നതാണ്. വളരെ ഉയരത്തിൽ പോലും കയറാനുള്ള മെയ്‌വഴക്കം ഇവയ്ക്കുണ്ടായിരുന്നു. ലൂസിയുടെ തോളെല്ലിൽ കാണപ്പെട്ട വിള്ളൽ ഉയരത്തിൽനിന്നു വീണതുകൊണ്ടാകാമെന്നും ഇത് മരണകാരണമാകാമെന്നും ഒരു വാദമുണ്ട്. മറ്റു മാംസഭോജികളാൽ കൊല്ലപ്പെട്ടു എന്ന് മറ്റൊരു വാദവുമുണ്ട്.

നട്ടെല്ലിൽ വാതം, തേയ്മാനം തുടങ്ങി ചില ഡീ ജനറേറ്റീവ് രോഗങ്ങൾ ഉള്ളതായിരുന്നു എന്ന് ഫിസിഷ്യൻമാർ രേഖപ്പെടുത്തിയിരിക്കുന്നു. എന്തായാലും പൂർണവളർച്ച നേടിയ ശേഷമാണ് ലൂസി ഇഹലോകവാസം വെടിഞ്ഞത്. ഇപ്പോൾ ഇത്യോപ്യൻ നാഷനൽ മ്യൂസിയത്തിന്റെ നിലവറയിൽ ചില്ലുകൂട്ടിൽ അരണ്ട വെളിച്ചത്തിൽ സ്വസ്ഥമായിരിക്കുന്നു. അമിത വെളിച്ചം എല്ലിനു കേടുണ്ടാക്കുമെന്ന വിശ്വാസത്തിൽ ഫ്ലാഷ് ഉപയോഗിക്കുന്നതു പോലും നിരോധിച്ചിരിക്കുന്നു. ലൂസിയുടെ ചില്ലുകൂടാരത്തിന് തൊട്ടടുത്തു മറ്റൊരു ചില്ലുകൂട്ടിൽ മൂന്നു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ലൂസിയുടേതിനെക്കാൾ വ്യക്തതയുള്ള ഒരു ഫോസിലും ഉണ്ട്. 2000ത്തിൽ അഫാറിലെ ഡിക്ക എന്ന സ്ഥലത്തുനിന്ന് ലഭിച്ചതാണ് ഇത്. ഡിഐകെ– 1/1.  തുടക്കത്തിൽ ലൂസി ബേബി എന്നാണ് ഇവളെ വിളിച്ചിരുന്നത്. എന്നാൽ ഇവൾ ചില്ലറക്കാരിയല്ല. ലൂസിയെക്കാൾ 1,20,000 വയസ്സിനു മൂത്തതാണിവൾ. ഇപ്പോൾ ഇവൾ അറിയപ്പെടുന്നത് സമാധാനം എന്നർഥം വരുന്ന ഗ്രീക്ക് ഭാഷയിലെ ‘സെലാം’ (Selam) എന്നാണ്. മനുഷ്യനുമായുള്ള സാമ്യം ലൂസിയെക്കാൾ കുറവായതിനാൽ ലൂസി തന്നെ മിന്നും താരം. 

English Summary:

Sunday Special about story of the first woman fossil |

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com