ADVERTISEMENT

കഥകളിക്കോപ്പുകളും ചെണ്ടനിർമാണ വസ്തുക്കളും നിറഞ്ഞിരിക്കുന്ന മുറ്റം. വീട്ടിൽ കയറിയാലോ, ഒരു മുറിയിൽ അൻപതോളം ചെണ്ടകൾ. മറ്റൊരു മുറി നിറയെ കാവടികൾ, കഥകളിവേഷങ്ങൾ. തൃശൂർ അന്നമനടയിലെ ശിവൻ ആശാന്റെ വീട്ടിലെ കാഴ്ചകളാണിത്.

1930ൽ കേരള കലാമണ്ഡലം ആരംഭിക്കുന്നതിനും മുൻപുള്ള കഥകളി പാരമ്പര്യവും ചരിത്രവുമുണ്ട് ആശാന്റെ കുടുംബത്തിന്. ഒരു നൂറ്റാണ്ടു മുൻപ് കഥകളി സവർണരിൽ മാത്രം ഒതുങ്ങിനിന്നപ്പോൾ, കുഡുംബി സമുദായത്തിൽപ്പെട്ട ശിവന്റെ മുത്തച്ഛൻ സന്ദപ്പൻ എന്ന കലാസ്നേഹിക്ക് കഥകളിയോടു തോന്നിയ ആരാധനയാണ് ഇന്ന് അന്നമനടയ്ക്കും കാട്ടൂക്കാരൻ കുടുംബത്തിനും സ്വന്തമായ കഥകളി ചരിത്രം.

ജീവിതചര്യയായി കഥകളി

1917ൽ ശിവരാത്രി നാളിൽ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ഉത്സവം കാണാനിറങ്ങിയപ്പോൾ കാട്ടൂക്കാരൻ ചാന്തു സന്ദപ്പൻ വിചാരിച്ചിട്ടുണ്ടാവില്ല, ഈയൊരു രാത്രി തന്റെ ജീവിതവും ലക്ഷ്യവും മാറ്റിമറിക്കുമെന്ന്. ഉത്സവപ്പറമ്പിൽ കഥകളി കണ്ടിരുന്നപ്പോളാണ് അവിചാരിതമായ ചില ചിന്തകളെത്തിയത്– ‘കഥകളി എന്തുകൊണ്ട് കുഡുംബി സമുദായക്കാർക്കും അവതരിപ്പിച്ചുകൂടാ?’ സന്ദപ്പനിലുണർന്ന ചോദ്യം വളരെ പെട്ടെന്നു തന്നെ അതിന്റെ ഉത്തരങ്ങൾ കണ്ടെത്തി. അതിനായി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. ഏഴിക്കരയിലുള്ള പത്മനാഭൻ നായർ എന്ന കഥകളി ആശാനെ കണ്ടെത്തിയതും സഹോദരങ്ങളും മക്കളുമടക്കം 22 പേർ ആശാനിൽനിന്ന് 16 കഥകളു‍‍ടെ ചൊല്ലിയാട്ടം പഠിച്ചതുമൊക്കെ അതിന്റെ ബാക്കിപത്രമാണ്. 1920ൽ അരങ്ങേറ്റത്തോടൊപ്പം തന്നെ കഥകളി യോഗവും വിലയ്ക്കെടുത്ത് പരിപാടികൾ ഏറ്റു. അവതരണവും തുടങ്ങി.

sivan
ശിവൻ

തിരുവഞ്ചിക്കുളം മൂപ്പന്റെ കഥകളി

1921 ഉത്സവകാലത്ത് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ തൃപ്പൂണിത്തുറ രാജാവിന്റെ മുൻപിൽ യാദൃശ്ചികമായി കഥകളി അവതരിപ്പിച്ചു. പരിപാടി ഇഷ്ടപ്പെട്ട രാജാവ് പുതിയ യോഗത്തിനു ചുക്കാൻ പിടിച്ച സന്ദപ്പനെ ‘തിരുവഞ്ചിക്കുളം മൂപ്പനാക്കി’. രാജാവിന്റെ മുൻപിൽ 1922 മുതൽ 1936 വരെ മുടങ്ങാതെ കഥകളി അവതരിപ്പിച്ചു. പിന്നീടു ഭരണമാറ്റം ഉണ്ടായെങ്കിലും ഒട്ടുമിക്ക ക്ഷേത്രങ്ങളിലും തിരുവ‍ഞ്ചിക്കുളം മൂപ്പന്റെ നേതൃത്വത്തിൽ തന്നെ കഥകളി ചൊല്ലിയാടി.

സന്ദപ്പൻ തന്നെ അടുത്ത രണ്ടു തലമുറകളുടെയും അരങ്ങേറ്റം നടത്തി. കഥകളി അവതരണത്തോടൊപ്പം കഥകളി അധ്യാപനവും കുടുംബം ഏറ്റെടുത്തു. ആദ്യകാലങ്ങളിൽ കുഡുംബി സമുദായത്തിൽപ്പെട്ടവരാണ് പഠിക്കാൻ വന്നിരുന്നതെങ്കിലും പിന്നീട് എല്ലാവരിലേക്കും ഈ കഥകളി സംഘം വളർന്നു. 1959ൽ സന്ദപ്പന്റെ മരണശേഷം തിരുവ‍ഞ്ചിക്കുളം മൂപ്പന്റെ കഥകളി സംഘം കാട്ടൂക്കാരൻ ചാന്തു സന്ദപ്പൻ മെമ്മോറിയൽ (കെസിഎസ്എം) ആയി.

പിന്നീടുള്ള തലമുറയിൽ കുടുംബത്തിലെ സ്ത്രീകൾ ഉൾപ്പെടെ കഥകളിയിലേക്കു പ്രവേശിക്കുകയും ചെയ്തു. കാലക്രമേണ നാട്യസംഘത്തിന്റെ നേതൃത്വം ശിവനിലുമെത്തിച്ചേർന്നു.

വേദിയിൽനിന്ന് നിർമാണത്തിലേക്ക്

എന്തുകൊണ്ട് ആഭരണങ്ങൾ സ്വന്തമായി നിർമിച്ചുകൂടാ എന്നു ശിവനു തോന്നി. ഓരോ ഘട്ടങ്ങളായി 7 മാസം കൊണ്ട് വേണ്ട ആഭരണങ്ങളും മറ്റു വസ്തുക്കളും നിർമിച്ചു. അങ്ങനെ അവതരണം, അധ്യാപനം ഇതിനുപുറമേ കഥകളി വസ്തുക്കളുടെ നിർമാണവും കെസിഎസ്എമ്മിന്റെ തട്ടകമാക്കി മാറ്റി.

ശിവനും മക്കളായ പ്രദീപും കാർത്തികേയനും സഹോദരങ്ങളും അവരുടെ മക്കളുമാണ് ഇപ്പോൾ സംഘത്തിലുള്ളത്. ഒപ്പം കുറച്ചു ശിഷ്യന്മാരുമുണ്ട്. കഥകളിക്കുള്ള ആവശ്യകത ഈ കാലഘട്ടത്തിൽ കുറയുന്നതിനാൽ പരിപാടിയുടെ എണ്ണത്തിലും ആ കുറവ് ഇവർ നേരിടുന്നുണ്ട്. അതോടൊപ്പം ചെണ്ടമേളം, ശിങ്കാരിമേളം, കാവടിയാട്ടം തുടങ്ങിയവയും ഏറ്റെടുത്തു നടത്തുന്നു.

ചെണ്ടയിലെ മേളപ്പെരുമയും സ്വന്തം

പാട്ടും ചമയവുമൊക്കെ കഥകളി അവതരണത്തിനൊപ്പം തങ്ങളിൽ പറ്റിച്ചേർന്നതു പോലെ കഥകളിയുടെ ഭാഗമായ ചെണ്ടയുടെ നിർമാണവും കുടുംബം ഏറ്റെടുത്തു. ഇളയ മകൻ കാർത്തികേയനാണു പൂർണമായും ചെണ്ട നിർമാണത്തിൽ ഏർപ്പെട്ടിരുക്കുന്നത്. ചെണ്ട നിർമിച്ച് വിൽക്കുന്നതിനൊപ്പം വാടകയ്ക്കും കൊടുക്കുന്നുണ്ട്.

പ്രായത്തിന്റേതായ അവശതകൾ ശിവനെ അലട്ടുന്നുണ്ടെങ്കിലും പരിപാടി ഏറ്റുകഴിഞ്ഞാൽ സംഘത്തിനൊപ്പം അരങ്ങിൽ പാട്ടുപാടാൻ താൻ തന്നെ കയറും എന്ന വാശിയാണ്. പൂർവികരിലൂടെ തന്നിലേക്ക് എത്തപ്പെട്ട കഥകളി എന്ന ‘കുടുംബ കലയെ’ സ്വന്തം ഉത്തരവാദിത്വമായി കണ്ട് ഇപ്പോഴും സ്നേഹിക്കുകയാണ് ശിവൻ എന്ന എൺപതുകാരൻ.

English Summary:

Sunday special about Shivan Ashan's house in Annamanada, Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com