ADVERTISEMENT

പോർവിമാനങ്ങളിലേറി പതിച്ചെടുത്ത ആകാശത്തിനും അപ്പുറമുള്ള അനന്തചക്രവാളം കീഴടക്കാനുള്ള പരിശീലനത്തിലാണ് ഇന്ത്യൻ വ്യോമസേനയുടെ 4 ടെസ്റ്റ് പൈലറ്റുമാർ. ഗഗൻയാൻ ദൗത്യത്തിലേറി ബഹിരാകാശത്ത് പുതിയ ഇന്ത്യൻ ചരിത്രമെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഗ്രൂപ്പ് ക്യാപ്റ്റന്മാരായ പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബി.നായർ, അജിത് കൃഷ്ണൻ, അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാംശു ശുക്ല എന്നിവർ. 

ഇവർക്ക് അറബിക്കടലിലെന്താണു കാര്യം? 2025 അവസാനത്തോടെ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ ദൗത്യത്തിലെ സഞ്ചാരികളെ വഹിക്കുന്ന പേടകം  (ക്ര്യൂ മൊഡ്യൂൾ) ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച ശേഷം തിരിച്ചിറങ്ങുന്നത് പാരഷൂട്ടുകളുടെ സഹായത്തോടെ അറബിക്കടലിലാണ്. ഇതിന്റെ ഭാഗമായുള്ള പരിശീലനം കൊച്ചിയിൽ ഉൾപ്പെടെ നടക്കുന്നുണ്ട്. 

അതേസമയം അടിയന്തര സാഹചര്യമുണ്ടായാൽ സഞ്ചാരികൾക്ക് ഇറങ്ങാൻ രാജ്യാന്തര സമുദ്രഭൂപടത്തിൽ 48 സുരക്ഷിത സ്ഥാനങ്ങളാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇസ്റോ കണ്ടെത്തിയിരിക്കുന്നത്. അതിശൈത്യ, അത്യുഷ്ണ സാഹചര്യങ്ങളെ മാത്രമല്ല ആഴക്കടലിനെയും അതിജീവിച്ചു വേണം സഞ്ചാരികൾക്ക് തിരിച്ചെത്താൻ.

ഗഗൻയാൻ ഏകോപിപ്പിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ ഉൾപ്പെടെ ഇസ്റോയ്ക്കു കീഴിലെ വിവിധ കേന്ദങ്ങൾ,  ഇന്ത്യൻ വ്യോമസേനയ്ക്കു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്പേസ് മെഡിസിൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, പ്രതിരോധ ഗവേഷണ വികസന കേന്ദ്രമായ ഡിആർഡിഒയ്ക്കു കീഴിലെ ഡിഫൻസ് ഫുഡ് റിസർച് ലബോറട്ടറി‌, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി തുടങ്ങി ഒരു പിടി സ്ഥാപങ്ങളുണ്ട് ദൗത്യത്തിനു പിന്നിൽ. റഷ്യയിലെ യൂറി ഗഗാറിൻ കോസ്മോനോട്ട് ട്രെയിനിങ് സെന്ററും (ജിസിടിസി), യുഎസ് ബഹിരാകാശ ഏജൻസിയായ നാസയും പരിശീലന സഹായം നൽകുന്നു. 

അമൂല്യനിധികൾ നാലു പേർ

2000–3000 മണിക്കൂർ വരെ പോർവിമാനം പറത്തി പരിചയമുള്ള ഈ ടെസ്റ്റ് പൈലറ്റുമാർ സേനയുടെ അമൂല്യ സ്വത്താണ്. ഇതിലൊന്നോ രണ്ടോ പേരെ സുരക്ഷിതമായി ഭ്രമണപഥത്തിലെത്തിച്ച്  തിരിച്ചെത്തിക്കുന്ന ദൗത്യമാകും ഇസ്റോ നിർവഹിക്കുന്നത്.   

ഈ വർഷം അവസാനത്തോടെ 4 പേർക്കും നാസയുടെ ടെക്സസിലെ ജോൺസൺ സ്പേസ് സെന്ററിൽ പരിശീലനം നൽകും. ഇതിലൊരാൾക്കു മുന്നിൽ രാജ്യാന്തര ബഹിരാകാശ നിലയമായ ഐഎസ്എസും വാതിൽ തുറക്കും. 

4 പതിറ്റാണ്ടിനിപ്പുറവും റഷ്യൻ സഹായം

1984ൽ ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ സഞ്ചാരി റിട്ട.വിങ് കമാൻഡർ രാകേഷ് ശർമയെ പരീശീലിപ്പിച്ച മോസ്കോ സ്റ്റാർ സിറ്റിയിലെ യൂറി ഗഗാറിൻ കോസ്മോനോട്ട് ട്രെയിനിങ് സെന്റർ തന്നെയാണ് ഗഗൻയാൻ സഞ്ചാരികൾക്കും 2020 ഫെബ്രുവരി മുതൽ 13 മാസത്തെ പരിശീലനം നൽകിയത്. കടലിലെ പ്രതികൂല സാഹചര്യങ്ങളെ കൂടാതെ പർവതം, വനം, ചതുപ്പ്, മരുഭൂമി, ധ്രുവമേഖല തുടങ്ങി എവിടെ സഞ്ചാര പേടകം ഇറക്കേണ്ടി വന്നാലും അതിജീവിക്കാനായി അനുകരണ മാതൃകകൾ ( സിമുലേറ്ററുകൾ) ഉപയോഗിച്ചുള്ള പരിശീലനമാണിവിടെ ലഭിച്ചത്. സഞ്ചാരികൾക്ക് സുരക്ഷയൊരുക്കുന്ന സ്പേസ് സ്യൂട്ട് നൽകുന്നത് റഷ്യൻ കമ്പനിയായ സ്വെസ്ദയാണ്. ക്ര്യൂ മൊഡ്യൂളിലെ ജീവൻരക്ഷാ സന്നാഹങ്ങളും റഷ്യയുടേതു തന്നെ. 

പ്രായോഗിക പാഠങ്ങൾ

റഷ്യയിലെ പരിശീലനത്തിനു ശേഷം 2021ൽ ഇന്ത്യയിലേക്കു മടങ്ങിയ നിയുക്ത സഞ്ചാരികൾക്ക് ബെംഗളൂരുവിലെ ഇസ്റോ ആസ്ഥാനമായ അന്തരീക്ഷ് ഭവനിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിലും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും (ഐഐഎസ് സി) തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ  ഒരുക്കിയിരുന്നു. ദൗത്യത്തിന്റെ ഫ്ലൈറ്റ് സംവിധാനങ്ങളെ കുറിച്ചുള്ള എൻജിനീയറിങ് പഠന സെഷനുകളും 218 ക്ലാസ് റൂം ലക്ചറുകളും 75 കായിക പരിശീലന സെഷനുകളും ഉൾപ്പെടെ 39 ആഴ്ചകളിലായി ഇവിടങ്ങളിൽ ഒരുക്കിയത്. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററും (വിഎസ്എസ് സി), ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമൊക്കെ സന്ദർശിച്ച ഇവർ വിദഗ്ധരുമായി സംവദിച്ചു. 

വ്യോമാരോഗ്യ പരിശീലനം

വ്യോമാരോഗ്യ രംഗത്തെ പരീശീലനം, വൈമാനികരുടെ ആരോഗ്യശേഷി അവലോകനം, ഇവരുടെ പ്രവർത്തന പരിതസ്ഥിതി പഠനം (എർഗോണോമിക്സ്) തുടങ്ങിയവയാണ് സിവിൽ, മിലിറ്ററി ഏവിയേഷൻ രംഗത്തെ മികച്ച കൺസൽറ്റൻസിയായ ബെംഗളൂരു വിമാനപുരയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്പേസ് മെഡിസിൻ (ഐഎഎം) കൈകാര്യം ചെയ്യുന്നത്. 

അന്തരീക്ഷ ഉയരങ്ങൾ കീഴടക്കുമ്പോഴുള്ള രോഗാവസ്ഥകളെ കുറിച്ചും പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ഗവേഷണം നടത്തുന്ന ഹൈ ഓൾട്ടിറ്റ്യൂഡ് ഫിസിയോളജി ആൻഡ് ഹൈപ്പർബാറിക് മെഡിസിൻ വിഭാഗമാണ് സഞ്ചാരികളുടെ വ്യോമാരോഗ്യ പരിശോധന ഏകോപിപ്പിച്ചത്.

രാകേഷ് ശർമയ്ക്ക് ബഹിരാകാശത്ത് ഒഴുകി നടക്കാൻ പരിശീലനം നൽകിയ റഷ്യയുടെ സഹായത്തോടെ സജ്ജീകരിച്ച മൈക്രോ ഗ്രാവിറ്റി സിമുലേറ്റർ ഇപ്പോഴും ഇവിടെ പ്രവർത്തന സജ്ജമാണ്. 

സിമുലേറ്റർ പരിശീലനം 

രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ ഏജൻസികളുടെ സഹായത്തോടെയാണു ഗഗൻയാൻ സഞ്ചാരികളുടെ പരിശീലനത്തിനായുള്ള സിമുലേറ്ററുകൾ സജ്ജീകരിച്ചത്. ദൗത്യത്തിനിടെ സംഭവിക്കാനിടയുള്ള ശാരീരിക വെല്ലുവിളികളെ നേരിടാൻ പരിശീലിപ്പിക്കുന്ന ഡൈനാമിക് ട്രെയിനിങ് സിമുലേറ്റർ (ഡിടിഎസ്) ഫ്രാൻസിന്റെ തെയിൽസ് അലീനിയ സ്പേസാണ് നൽകിയത്. യാത്രയ്ക്കിടെ വേഗത്തിലും ദിശയിലും വരുന്ന മാറ്റങ്ങളെയും ആഘാതങ്ങളെയും ശബ്ദപ്രകമ്പനങ്ങളെയും അതിജീവിക്കാനാണ് ഡിടിഎസ് പരിശീലിപ്പിക്കുന്നത്. 

ക്ര്യൂ മോഡ്യൂളിനുള്ളിൽ ഇരുന്ന് ദൗത്യം നിയന്ത്രിക്കാനുള്ള  മിഷൻ കൺട്രോൾ കൺസോളുമായി ബന്ധപ്പെട്ട ഇലക്ട്രിക്കൽ, മെക്കാനിക്കൽ സംവിധാനങ്ങൾ പരിചയപ്പെടുത്തുന്ന ഇൻഡിപെൻഡന്റ് ട്രെയിനിങ് സിമുലേറ്റർ (ഐടിഎസ്) ഒരുക്കിയത് ലാർസൻ ആൻഡ് ടൂബ്രോയാണ് (എൽ ആൻഡ് ടി).

പേടകത്തിനുള്ളിലെ കൺട്രോൾ പാനലുകളുമായി സംവദിക്കാനും ഡിസ്പ്ലേകളിൽ നിന്നുള്ള തത്സമയ ഡേറ്റ വായിക്കാനുമുള്ള പരിശീലനം നൽകിയ വെർച്വൽ റിയാലിറ്റി ട്രെയിനിങ് സിമുലേറ്ററും (വിആർടിഎസ്), പേടകത്തിനുള്ളിലെ അതേ അന്തരീക്ഷം പുനസൃഷ്ടിച്ചുള്ള സ്റ്റാറ്റിക് മോക്ക് അപ്പ് സിമുലേറ്ററും (എസ്എംഎസ്) സജ്ജീകരിച്ചതും ഇന്ത്യൻ സ്ഥാപനങ്ങൾ തന്നെയാണ്. 

ഇതിനു പുറമേ ബഹിരാകാശത്തു സഞ്ചാരികളുടെ ആശയവിനിമയത്തിനും സാങ്കേതിക വിവരങ്ങൾ ലഭ്യമാക്കാനും സഹായിക്കുന്ന ‘സഖി’ (സ്പേസ് ബോൺ അസിസ്റ്റന്റ് ആൻഡ് നോളജ് ഹബ് ഫോർ ക്ര്യൂ ഇന്ററാക്ഷൻ) എന്ന ആപ്പ് തിരുവനന്തപുരം വിഎസ്എസ്‌സി വികസിപ്പിച്ചിട്ടുണ്ട്. 

എൻഐഎഫ്ടി  ഗ്രൗണ്ട് സ്യൂട്ട്

കടും നീലയും ഇളം നീലയും കലർന്ന ഗ്രൗണ്ട് യൂണിഫോം സ്യൂട്ട് വികസിപ്പിച്ചത് ബെംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് (എൻഐഎഫ്ടി ). ടോപ് ഗൺ സിനിമകളിലെ ടോം ക്രൂസിന്റെ സ്യൂട്ടാണ് ഡിസൈനു പിന്നിലെ പ്രചോദനം. .

ബഹിരാകാശത്തും ബിരിയാണി

ബഹിരാകാശത്തു കഴിക്കാൻ രാകേഷ് ശർമയ്ക്ക് ഫ്രീസ്ഡ് ഡ്രൈയിങ് ടെക്നോളജി മാംഗോ ബാറും ജ്യൂസും തയാറാക്കിയ പ്രതിരോധ വകുപ്പിനു കീഴിലെ ഒരു സ്ഥാപനമുണ്ട് മൈസൂരു സിദ്ധാർഥനഗറിൽ. ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി (ഡിഎഫ്ആർഎൽ). ‘ഇന്റർമീഡിയറ്റ് മോയിസ്ചർ ഫുഡ്’ സാങ്കേതികവിദ്യയിലൂടെ ഡിഎഫ്ആർഎൽ തയാറാക്കിയ ബഹിരാകാശ ഭക്ഷണത്തിന്റെ രാജ്യാന്തര ഗുണമേന്മ എൺപതുകളിൽ റഷ്യൻ ലാബുകൾ പോലും പരീക്ഷിച്ചറിഞ്ഞതാണ്. 

ഇക്കുറി ഗഗൻയാൻ സഞ്ചാരികൾക്കു കഴിക്കാൻ ഉപ്പുമാവും ഇഡ്ഡലിയും ചപ്പാത്തിയും പുലാവും ദാലും തുടങ്ങി ബിരിയാണിയും ചിക്കൻ കുറുമയും വരെ തയാറാക്കുന്നതും ഡിഎഫ്ആർഎല്ലാണ്.

സഞ്ചാരി പിന്നാലെ 

‘വ്യോമമിത്ര’ എന്ന റോബട്ടിനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത് ഉൾപ്പെടെ 2 ആളില്ലാ പരീക്ഷണ ദൗത്യങ്ങൾ കൂടി ഈ വർഷം നിർവഹിച്ചാൽ ഗഗൻയാൻ ദൗത്യത്തിനു കളമൊരുങ്ങും.

ഗഗൻയാൻ ക്ര്യൂ മൊഡ്യൂളിൽ 2 പേരെ ഉൾക്കൊള്ളിക്കാനാണ് നിലവിൽ സൗകര്യമൊരുക്കുന്നത്. ഇതിൽ ചിലപ്പോൾ ഒരാൾക്കേ ആദ്യ ദൗത്യത്തിൽ അവസരമുണ്ടാകൂ എന്ന് ഇസ്റോ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കിയിട്ടുണ്ട്. 

ഇതൊരു കാത്തിരിപ്പാണ്. റഷ്യയ്ക്കും യുഎസിനും ചൈനയ്ക്കും ശേഷം ബഹിരാകാശത്തേക്ക് സ്വന്തമായി സഞ്ചാരികളെ അയച്ച നേട്ടം കൈവരിക്കുന്ന രാജ്യമാകാനുള്ള വെമ്പൽ. 2035ൽ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം സാക്ഷാത്കരിക്കാനും 2040ൽ ഇന്ത്യൻ സഞ്ചാരിക്ക് ചന്ദ്രനിൽ കാലുകുത്താനുമുള്ള ദൗത്യങ്ങളിലേക്കുള്ള ചവിട്ടുപടി. 

English Summary:

Sunday special about Gaganyaan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com