അഫ്ഗാൻ ദേവാലയത്തിന്റെ ഉയിർപ്പ്; ഇന്ത്യക്കാരുടെ സ്മരണയ്ക്കായുള്ള ദേവാലയത്തിന്റെ ചരിത്രകഥ
Mail This Article
പല ഉയിർപ്പുകളുടെ കഥയാണിത്. 185 വർഷം മുൻപ് തങ്ങളാരും കാണാത്തൊരു നാട്ടിൽ പടപൊരുതാൻപോയ പതിനാറായിരത്തോളം ജീവിതങ്ങളിൽ ഒന്നു മാത്രം രക്ഷപ്പെട്ട കഥ. മടങ്ങിവരാത്തവരുടെ സ്മരണയ്ക്കായി ഉയർത്തിയ ദേവാലയത്തിന്റെ കഥ. തകർന്നുപോയ ദേവാലയം വീണ്ടും ഉയിർത്തെഴുന്നേറ്റ കഥ.
1842 ജനുവരി 22
ജലാലാബാദ് കോട്ടയുടെ വാച്ച് ടവറിൽ നിന്ന് അങ്ങകലെ മഞ്ഞുമൂടിയ ഹിന്ദുക്കുഷ് പർവതശിഖരങ്ങളുടെമേൽ ചോരപോലെ ചുവന്ന രശ്മികൾ വീഴ്ത്തി അസ്തമിക്കുന്ന സൂര്യനെ നോക്കിനിന്ന ഇന്ത്യക്കാരായ കാവൽക്കാരാണ് അതു കണ്ടത്. ചക്രവാളസീമയിൽ നിന്നെന്നവണ്ണം സാവധാനം മുടന്തുന്ന കുതിരപ്പുറത്തതാ മേലാസകലം മുറിവേറ്റ് ചോരയിൽ കുതിർന്ന മണ്ണും ചെളിയും പേറി ഒരാൾ വരുന്നു. ദാഹവും വിശപ്പും വേദനയും മൂലം അവശനായ ആൾ ഒടുവിൽ സംസാരിക്കാറായപ്പോൾ സ്വയം പരിചയപ്പെടുത്തി – ഡോ. വില്യം ബ്രൈഡൻ.
അഫ്ഗാൻ ഭൂമിയുടെ ഉടയോനായി വാഴാൻ ബോംബെയിൽ നിന്നു കാബൂളിലേക്ക് ആനപ്പുറത്തേറിപ്പോയ ഷാ ഷൂജയ്ക്കു വേണ്ടി നാടു വെട്ടിപ്പിടിച്ചുകൊടുക്കാൻ ഇന്ത്യയിൽ നിന്നു പോയ പതിനായിരക്കണക്കിന് ഇന്ത്യക്കാരും ബ്രിട്ടിഷുകാരുമായ പടയാളികളിൽ ജീവനോടെ രക്ഷപ്പെട്ട ഏകയാൾ.
അൽപം രാഷ്ട്രീയ ചരിത്രം
ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടിഷുകാരുടെ ചങ്ങാതിയായിരുന്നു അഫ്ഗാൻ അമീർ ഷാ ഷൂജ. ദോസ്ത് മുഹമ്മദിനോടു പൊരുതിത്തോറ്റപ്പോൾ ഇന്ത്യയിൽ അഭയം തേടിയ ഷൂജ കാബൂൾ തിരിച്ചുപിടിക്കാൻ ബ്രിട്ടിഷുകാരുടെ സഹായം അഭ്യർഥിച്ചു. ബ്രിട്ടിഷുകാരുടെ ശത്രുക്കളായ റഷ്യക്കാരുമായി ദോസ്ത് മുഹമ്മദ് ചെങ്ങാത്തത്തിലാണ്, എന്നെ വീണ്ടും അഫ്ഗാൻ രാജാവാക്കൂ, റഷ്യാക്കാർ ഇങ്ങോട്ടു വരാതെ ഞാൻ നോക്കിക്കൊള്ളാം – ഷൂജ പറഞ്ഞു.
ഗവർണർ–ജനറൽ ഓക്‌ലൻഡ് പ്രഭു അതിൽ വീണു. തങ്ങളുടെ ഭൂമിയിലൂടെ സൈന്യത്തെ കൊണ്ടുപൊയ്ക്കൊള്ളാൻ പഞ്ചാബ് വാണിരുന്ന മഹാരാജാ രഞ്ജിത് സിങ്ങും സ്വതന്ത്രരായി വാണിരുന്ന സിന്ധിലെ പ്രഭുക്കന്മാരും അനുവദിച്ചു. യാതൊരെതിർപ്പും നേരിടാതെ ഒരു ബ്രിട്ടിഷ് ഇന്ത്യൻ സൈന്യം അഫ്ഗാൻ അതിർത്തി കടന്നു. മലയിടുക്കുകളിലൂടെ കാബൂളിലേക്കുള്ള യാത്രയും ചെറിയ എതിർപ്പുകളൊഴിച്ചാൽ പൊതുവേ സുഗമം.
ഇന്ത്യയിൽ നിന്നു വലിയൊരു സൈന്യം വരുന്നെന്നറിഞ്ഞ ദോസ്ത് മുഹമ്മദ് കാബൂൾ വിട്ടോടി. യാതൊരെതിർപ്പും നേരിടാതെ സൈന്യം കാബൂളിൽ പ്രവേശിച്ചു. ബാല ഹിസ്സാർ കുന്നിലെ കോട്ടയിൽ ഷാ ഷൂജാ ഉപവിഷ്ടനായി. കുന്നിന്റെ താഴ്‌വാരങ്ങളിലും പ്രശാന്തസുന്ദരമായ കാബൂൾ നദിക്കരയിലും ബ്രിട്ടിഷ് ഇന്ത്യൻ സൈന്യം തമ്പടിച്ചുവാണു.
കാബൂളിൽ കാര്യമായ പോരാട്ടമൊന്നുമില്ലെന്നു ബോധ്യമായപ്പോൾ ഓഫിസർമാർ ഇന്ത്യയിൽ നിന്നു തങ്ങളുടെ ഭാര്യമാരെയും മക്കളെയും വരുത്തിത്തുടങ്ങി. കാബൂൾ ദൗത്യം ഒരു സുന്ദരൻ പിക്നിക്കായി.
ചതിക്കു ചോര
പെട്ടെന്നാണു കലാപം പൊട്ടിപ്പുറപ്പെട്ടത്. എവിടെനിന്നോ ഒരു ജനക്കൂട്ടമെത്തി ബ്രിട്ടിഷ് പ്രതിനിധിയായി കാബൂളിൽ നാവബ് ശൈലിയിൽ കഴിഞ്ഞിരുന്ന അലക്സാണ്ടർ ബാർണസിനെ വധിച്ചു. താമസിയാതെ ഒറ്റയ്ക്കും പെട്ടക്കും ഒടുവിൽ കൂട്ടമായും കൊലപാതകങ്ങൾ നഗരത്തിൽ അവിടവിടെ നടന്നുതുടങ്ങി. ശത്രുസൈനികരായി ആരെയും കാണാനില്ല, എല്ലാം ജനക്കൂട്ടക്കൊലകൾ.
മരണസംഖ്യ കൂടി വന്നതോടെ ബ്രിട്ടിഷുകാർ ദോസ്ത് മുഹമ്മദിനെ അന്വേഷിച്ചുതുടങ്ങി. പുത്രൻ അക്ബർ ഖാനെ ദോസ്ത് ചർച്ചയ്ക്കയച്ചു. അഫ്ഗാനികളുടെ ഗോത്രസ്വഭാവം അറിയാത്ത ബ്രിട്ടിഷുകാർക്കു വീണ്ടും തെറ്റി. ചർച്ചകളിൽ ചതിക്കുന്നത് അഫ്ഗാനികളെ സംബന്ധിച്ചിടത്തോളം മാപ്പർഹിക്കാത്ത കുറ്റമാണ്. കാബൂളിൽ നിന്നു പിൻവാങ്ങാൻ തയാറാണെന്നു ബ്രിട്ടിഷുകാർ അറിയിച്ചു. ചർച്ചയ്ക്കിടയിൽ ബ്രിട്ടിഷ് ദൗത്യസംഘനേതാവ് വില്ല്യം മക്നോട്ടൻ നേരത്തെ നൽകിയ ഒരു വാഗ്ദാനം മാറ്റിപ്പറഞ്ഞു. അടുത്ത നിമിഷം അക്ബർഖാന്റെ കഠാര മക്നോട്ടന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി.
ആയിരത്തിൽ നിന്ന് ഒരുവൻ മാത്രം
ചർച്ചകളിലൂടെ സന്ധിയുണ്ടാക്കി പിൻവാങ്ങാനൊരുങ്ങിയവർ ഫലത്തിൽ കാബൂൾ വിട്ടോടുകയായിരുന്നു. 4500 സൈനികരും 12000 പരിചാരകരും സ്ത്രീകളും കുട്ടികളുമാണ് 1842 ജനുവരി 6–ന് കാബൂളിൽ നിന്നു പുറപ്പെട്ടത്. മലയിടുക്കളിലുടെ ഇറങ്ങിപ്പോകുന്നവരെ മലമുകളിൽ നിന്ന് ഉരുളൻ കല്ലുകൾ ഉരുട്ടിയിട്ടും പീരങ്കിവെടിവച്ചും അഫ്ഗാനികൾ കൊന്നൊടുക്കി. പലരെയും തടവുകാരായിപ്പിടിച്ച് അടിമകളായി വിറ്റു.
കൂട്ടത്തിൽ പറയട്ടെ. തടവുകാരായി പിടിക്കപ്പെട്ട സ്ത്രീകളെയും കുട്ടികളെയും അഫ്ഗാനികൾ സുരക്ഷിതരായി പാർപ്പിച്ച് പിന്നീട് ബ്രിട്ടിഷുകാർക്കു കൈമാറുകയായിരുന്നു. ബ്രിട്ടിഷ് കമാൻഡർ ജനറൽ സെയലിന്റെ ഭാര്യപോലും ഒരു പോറലുമേൽക്കാതെ തിരിച്ചെത്തി.
ഡോ. ബ്രൈഡനൊഴികെ പുരുഷന്മാരെല്ലാം കൊല്ലപ്പെട്ടു. ബ്രൈഡനെ മനപ്പൂർവം വെറുതേ വിട്ടതാണെന്നാണ് ഇന്നും വിശ്വസിക്കുന്നത്; അഫ്ഗാനിസ്ഥാൻ ആക്രമിച്ചാൽ നേരിടാവുന്ന ഭവിഷ്യത്ത് എന്താണെന്ന് ബ്രിട്ടിഷ്–ഇന്ത്യൻ ഭരണാധികാരികൾക്ക് വിശദീകരിച്ചുകൊടുക്കാൻ.
പള്ളി ഉയരുന്നു
ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നു യുദ്ധദുരന്തങ്ങളിലെ ആദ്യത്തേതായാണ് ഒന്നാം അഫ്ഗാൻ യുദ്ധത്തെ വിശേഷിപ്പിക്കുന്നത്. 1914–15–ൽ ഒന്നാം ലോകയുദ്ധത്തിനിടയിൽ മെസപ്പട്ടേമിയയിൽ നേരിട്ട പരാജയമായിരുന്നു അടുത്തത്. ആദ്യദുരന്തത്തിന്റെ നൂറാം വാർഷികത്തിൽ സിംഗപ്പൂരിലും മലയായിലും നേരിട്ടതായിരുന്നു മൂന്നാമത്തേത്. മൂന്നിലും കൊല്ലപ്പെട്ട ഭൂരിപക്ഷവും ഇന്ത്യക്കാർ.
കാബൂളിലേക്കു പോയവരിൽ മിക്കവരും ബോംബെയിലെ ക്യാംപിൽ നിന്നുള്ളവർ. അവരുടെ ഓർമയ്ക്കായി ചെറിയൊരു ഓല മേഞ്ഞ പള്ളിയാണ് ആദ്യം ബോംബെയിലെ കൊളാബയിൽ ഉയർന്നുവന്നത്. ക്യാംപിൽ ചാപ്ലിൻ ആയിരുന്ന റവ.ജോർജ് പീഗോ, അതുപോരെന്നും കൊല്ലപ്പെട്ടവരുടെ പേരു കൊത്തിവയ്ക്കാവുന്നത്ര വലിയൊരു പള്ളി യൂറോപ്യൻ ശൈലിയിൽ പണിയണമെന്നും വാദിച്ചു. ഒടുവിൽ 1847–ൽ ബോംബെ മുനിസിപ്പൽ എൻജിനിയർ ഹെൻറി കോണിബേർ തയാറാക്കിയ ഡിസൈനിലാണു പള്ളി നിർമിച്ചത്. 1847 ഡിസംബർ 4–ന് ബോംബെ ഗവർണർ ജോർജ് റസ്സൽ ക്ലാർക്ക് തറക്കല്ലിട്ടു.
ബോംബെയിലെ ഇന്ത്യക്കാരായ പൗരമുഖ്യന്മാരും സഹായിച്ചു. പാഴ്സി ബിസിനസുകാരനായ കോവസ്ജി ജഹാംഗിർ മാത്രം 7500 രൂപയാണ് സംഭാവന ചെയ്തത്. ഇന്നും പ്രസിദ്ധമായ ജെ.ജെ സ്കൂൾ ഓഫ് ആർട്ടിലെ വിദ്യാർഥികളാണ് ശിൽപി വില്യം ബട്ടർഫിൽഡിനോടൊപ്പം അലങ്കാരടൈലുകൾ തയാറാക്കിയത്. പള്ളിയിലെ സ്റ്റെയ്ൻഡ് ഗ്ലാസ് ജനാലകൾ വില്ല്യം വെയ്ൽസ് തയാറാക്കി. ഇംഗ്ലണ്ടിൽ നിന്നു കൊണ്ടുവന്ന എട്ടു കൂറ്റൻ മണികളാണു പള്ളിയുടെ മറ്റൊരു ആകർഷണീയത. 1858 ജനുവരി 7–ന് ബോംബെ ബിഷപ്് ജോൺ ഹാർഡിങ്, അഫ്ഗാൻ ചർച്ച് എന്ന് വിളിക്കുന്ന സെന്റ് ജോൺ ദ് ഇവാൻജലിസ്റ്റ് പള്ളിയുടെ കൂദാശ നടത്തി.
തകർച്ചയും ഉയിർപ്പും
ബ്രിട്ടിഷുകാർ പോയതോടെ ആംഗ്ലിക്കൻ സഭയുടെ കീഴിലുള്ള പള്ളിയുടെ കാര്യം അവതാളത്തിലായി. ഒടുവിൽ മുംബെയിലെ ചരിത്രകുതുകികളുടെ നിർബന്ധത്തിനു വഴങ്ങി സംസ്ഥാന സർക്കാർ 2004–ൽ പള്ളി ചെറിയ തോതിൽ പുതുക്കിപ്പണിതെങ്കിലും താമസിയാതെ വീണ്ടും അവഗണനയിലേക്കും തകർച്ചയിലേക്കും വഴുതിപ്പോയി.
ഒടുവിൽ രണ്ടുവർഷം മുൻപ് വേൾഡ് മോനുമെന്റ്സ് ഫണ്ട് ഇന്ത്യ എന്ന സംഘടനയാണു പഴയ പ്രതാപത്തിലേക്കു പള്ളിയെ തിരിച്ചുകൊണ്ടുവരാൻ മുൻകൈയെടുത്തത്. ചരിത്രസ്മാരകങ്ങൾ പുനരുദ്ധരിക്കുന്നതിൽ വിദഗ്ധരായ കീർത്തിദാ ഉൺവാലയും സ്വാതി ചന്ദ്ഗാഡ്കറും ചേർന്ന് ഫണ്ടിന്റെ സഹായത്തോടെ പുനരുദ്ധരിച്ച പള്ളി ഈ മാസം മൂന്നിന് വീണ്ടും സന്ദർശകർക്കും വിശ്വാസികൾക്കുമായി തുറന്നു.
ബ്രൈഡനോടൊപ്പം പടപൊരുതാൻ പോയി അഫ്ഗാൻ ഭൂമിയിൽ ജീവത്യാഗം ചെയ്ത ആയിരക്കണക്കിന് പടയാളികളുടെ പേരുകളും പള്ളിഭിത്തികളിലും പള്ളിനിലത്തും ഇന്നും മായാതെ കിടക്കുന്നു.