ADVERTISEMENT

സ്വന്തമായി വീടും സ്ഥലവുമൊക്കെ ആയപ്പോൾ വിവാഹാലോചനകൾ തുടങ്ങി. ഞാൻ ജോലി ചെയ്യുന്ന പള്ളിക്കമ്മിറ്റിയുടെ ഭാരവാഹികളും എന്റെ അയൽക്കാരും അഭ്യദയകാംക്ഷികളുമായ കുറച്ചു കാരണവന്മാർ ഉണ്ടായിരുന്നു. ഒരു മുസല്യാർ എന്ന നിലയ്ക്കുള്ള സ്നേഹ ബന്ധമായിരുന്നു അവർക്കെന്നോടുണ്ടായിരുന്നത്. അവരാണു  കല്യാണക്കാര്യത്തിൽ മുൻകയ്യെടുത്തത്.

നാടിനടുത്തു തന്നെയുള്ള ഒരു പണ്ഡിത കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയെയാണ് ആദ്യം ആലോചിച്ചത്. എന്റെ സാമ്പത്തികസ്ഥിതി മോശമാണെന്ന കാരണത്താൽ ആ കുടുംബം ആ ആലോചന വേണ്ടെന്നറിയിച്ചു. ഈ അന്വേഷണം  നടത്താൻ പോയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ആളാണ് തവരക്കുന്നൻ  അഹമ്മദ് ഹാജി. പെൺവീട്ടുകാരുടെ മറുപടി അദ്ദേഹത്തെ വിഷമിപ്പിച്ചു. ഇക്കാര്യങ്ങളൊന്നും ഞാൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. 

അഹമ്മദ് ഹാജിക്ക് പൂനൂർ അങ്ങാടിയിൽ തുണിക്കച്ചവടമുണ്ട്. പഠിക്കുന്ന കാലംതൊട്ടേ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. അറിവിനെ സ്നേഹിക്കുന്ന ആളാണ്. പണ്ഡിതരെയും വിദ്യാർഥികളെയും വീട്ടിൽ കൊണ്ടുപോയി സൽക്കരിക്കുന്നതിൽ വലിയ സന്തോഷം കണ്ടെത്തിയിരുന്ന ആളാണ്. എത്രയോ തവണ അദ്ദേഹത്തോടൊപ്പം വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്.

ഒരിക്കൽ  കടയിൽ പോയപ്പോൾ മകൾ സൈനബയെ  നികാഹ് ചെയ്യുന്ന കാര്യം ആലോചിച്ചാലോ എന്ന് അദ്ദേഹം തന്നെ എന്നോടു ചോദിച്ചു. കാലങ്ങളായി അറിയുന്ന ആളുടെ മകൾ എന്ന നിലയിൽ അന്വേഷണത്തിനു ഞാനും സമ്മതം മൂളി. ഉമ്മയോടും അവേലത്ത് തങ്ങളോടും കാര്യങ്ങൾ പറഞ്ഞു. അന്നു പെൺകുട്ടികളെ വീട്ടിൽ പോയി കാണുന്ന പതിവൊന്നുമില്ല.  കുടുംബങ്ങൾ തമ്മിൽ സംസാരിച്ചു. വിവാഹവും  ഉറപ്പിച്ചു. 

അഹമ്മദ് ഹാജിയോട് ഈ വിവാഹാലോചന ആദ്യം മുന്നോട്ടുവച്ചത് തയ്യിൽ സെയ്താലി മുസല്യാർ ആയിരുന്നു. തിരുന്നാവായക്കാരനായ സെയ്താലി മുസല്യാർ കുടുംബ സമേതമാണു പൂനൂരിൽ താമസിച്ചത്. 1920 -30 കാലത്തു താമരശ്ശേരി ഭാഗത്ത് അനേകം സ്‌കൂളുകൾക്ക് തുടക്കംകുറിച്ച വ്യക്തി കൂടിയാണദ്ദേഹം. 

1964 ഡിസംബർ 13നു ഞായറാഴ്ചയായിരുന്നു വിവാഹം. കോഴിക്കോട്ടെ പ്രസിൽ പോയി കല്യാണക്കത്ത് അച്ചടിപ്പിച്ചു. വെള്ള നിറത്തിലുള്ള പേപ്പറിൽ സ്വണ നിറമുള്ള ബോർഡർ ഒക്കെയുള്ള ചെറിയൊരു കത്ത്. ദർസിലെ കുട്ടികളിൽ ചിലരാണ് കല്യാണം ക്ഷണിക്കാൻ പോയത്. കല്യാണക്കത്തൊക്കെ ധൂർത്തല്ലേ എന്നു ചിലർ ചോദിച്ചുവെന്ന് കുട്ടികൾ വന്നു പറഞ്ഞു. അന്നു കത്തടിക്കുന്ന പതിവൊന്നും ഇല്ല.

അതുകൊണ്ടു ചോദിച്ചതാകും. ഏഴു മഹർ മിസ്‌ലു ആയിരുന്നു മഹ്റായി നിശ്ചയിച്ചിരുന്നത്. ഒരു മഹർ മിസ്‌ലു എന്നാൽ അഞ്ചുറുപ്പിക.  പുതിയാപ്പിളക്ക് ഭാര്യവീട്ടിലായിരുന്നു ഭക്ഷണം. എന്തെങ്കിലും സൗകര്യം കൂടുതൽ ഒരുക്കേണ്ടതുണ്ടോ എന്ന് അഹമ്മദ് ഹാജി ചോദിച്ചു. ധാരാളം കൂട്ടുകാർ ഉള്ളതിനാൽ ഭക്ഷണത്തിനു കുറച്ചധികം ആളുകൾ ഉണ്ടായേക്കുമെന്നു മാത്രം പറഞ്ഞു. അതെത്രയായാലും കുഴപ്പമില്ലെന്നദ്ദേഹം മറുപടിയും നൽകി. 

ഭാര്യവീട്ടിൽ ആദ്യമായെത്തുന്ന പുതിയാപ്പിളക്കു സിഗരറ്റും മുറുക്കാനുമൊക്കെ കൊടുക്കുന്ന ഒരേർപ്പാട് അന്നുണ്ട്. നാട്ടുനടപ്പിന്റെ ഭാഗമാണത്. പിന്നെ, കൈതയോലകൊണ്ട് മെടഞ്ഞുണ്ടാക്കിയ പായയിൽ സ്വീകരിച്ചിരുത്തും. നെയ്ച്ചോറും പോത്തിറച്ചിയുമായിരുന്നു എന്റെ വീട്ടിലെ വിവാഹ സദ്യയിൽ ഉണ്ടായിരുന്നത്. ഉച്ച മുതൽ രാത്രി വരെയായിരുന്നു ചടങ്ങുകൾ.

ഈന്തിന്റെയും പനയുടെയും ഓല കൊണ്ടാണ് പന്തലുണ്ടാക്കിയതും അലങ്കരിച്ചതും. രണ്ടു വീടുകളിലും   ധാരാളം ആളുകൾ വന്നു. രാത്രിയാണു പെണ്ണിനെ കൂട്ടിക്കൊണ്ടുവന്നത്. സൈനബയ്ക്ക് ധരിക്കാൻ ഒരു ബുർഖ വാങ്ങിച്ചിരുന്നു. അന്നത് വലിയ പതിവില്ലാത്ത ഡ്രസ്സാണ്. പെട്മാക്‌സിന്റെ വെളിച്ചത്തിലായിരുന്നു വരവ്. പുതിയാപ്പിളയെ വരവേറ്റുകൊണ്ടു ശിഷ്യന്മാരായ പി.കെ.മുഹ്‌യിദ്ദീൻ മുസല്യാർ അണ്ടോണയും എ.സി.അബ്ദുറഹിമാൻ മുസല്യാർ  കാന്തപുരവും പാട്ടുപാടി. എ.സി. അബ്ദുറഹിമാൻ തന്നെ എഴുതിയ പാട്ടായിരുന്നു അതെന്നാണ് എന്റെ ഓർമ. എ.സി.എ കാന്തപുരം എന്ന പേരിൽ അദ്ദേഹം പാട്ടുകൾ എഴുതാറുണ്ട്. 

സാമാന്യം ഭേദപ്പെട്ട സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നാണു സൈനബ വരുന്നത്. ഈ വിവാഹത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച്‌   എന്താണു വാപ്പ അവളോടു പറഞ്ഞിട്ടുണ്ടാവുക എന്നറിയില്ല. കാന്തപുരത്തെ മൊയ്‌ല്യാരാണ് പുതിയാപ്പിളയായി വരുന്നതെന്നും ഞാൻ പണമല്ല, ഇൽമാണ്‌ (അറിവാണ്) നോക്കിയതെന്നും മാത്രമാണ് അവളോട് പറഞ്ഞതെന്നു പിന്നീടറിഞ്ഞു. അവളുടെ കല്യാണ പ്രായമായപ്പോഴേ ഒരു  ആലിമിനെ (പണ്ഡിതനെ) പുതിയാപ്പിളയാക്കാൻ വാപ്പ തീരുമാനിച്ചിരുന്നുവത്രെ.

എന്റെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലം കാരണം ആദ്യവിവാഹാലോചന മുടങ്ങിയതു കാരണമാണല്ലോ ഈ ബന്ധത്തിലേക്ക് എത്തിപ്പെട്ടത്. എന്റെ സാമ്പത്തിക  പശ്ചാത്തലം സൂചിപ്പിച്ചുകൊണ്ട് വിവാഹത്തിൽനിന്നു പിന്മാറാൻ പലരും അഹമ്മദ് ഹാജിയെയും പ്രേരിപ്പിച്ചിരുന്നുവെന്നു പിന്നീട് അറിഞ്ഞു. 'നിങ്ങൾ പരസ്പരപം വിവാഹിതരാവുക. നിങ്ങൾ പാവപ്പെട്ടവരാണെങ്കിൽ, അല്ലാഹു അവന്റെ കൃപയിൽ നിന്നു നിങ്ങളെ സഹായിക്കും'  എന്ന് ഖുർആനിൽ  പറയുന്നുണ്ടല്ലോ. പിന്നെയെന്ത് ആശങ്കപ്പെടാൻ? ആ വാഗ്ദാനം മാത്രമായിരുന്നു വിവാഹത്തിലേക്കുള്ള  എന്റെ കൈമുതൽ.

ഖുർആന്റെ ആ വാഗ്ദാനം ബോധ്യപ്പെടുത്തുന്നതായിരുന്നു ഞങ്ങളുടെ വൈവാഹികജീവിതം. എന്റെ ജീവിതത്തിലെ എല്ലാവിധ യാഥാർഥ്യങ്ങളും മനസ്സിലാക്കി പെരുമാറുന്നയാളാണ് സൈനബ. ഞങ്ങൾ തമ്മിൽ ഒരിക്കലും പിണങ്ങേണ്ടി വന്നിട്ടില്ല. ദേഷ്യത്തിൽ ഒരു വാക്കു പോലും പരസ്പരം പറഞ്ഞിട്ടില്ല. ഞാനേറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളിലൊന്നും അവർ ഒരിക്കൽപോലും നീരസം പ്രകടിപ്പിച്ചിട്ടുമില്ല. അതൊക്കെ നമ്മൾ   ചെയ്യേണ്ട കാര്യങ്ങൾ തന്നെയല്ലേ എന്നൊരു സമീപനമാണുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ വിമർശനങ്ങളും ആരോപണങ്ങളും പ്രതിസന്ധികളുമൊന്നും അവരെ തളർത്തിയില്ല.

എന്തു പ്രതിസന്ധികളുണ്ടായാലും എല്ലാം തെളിഞ്ഞു വരും എന്നൊരുറപ്പായിരുന്നു അവർക്ക്.  അതെനിക്കു  തന്ന ഊർജ്ജം വളരെ വലുതായിരുന്നു താനും. സൈനബയുടെ  ഉമ്മ നല്ല പാചകക്കാരിയാണ്. അതിന്റെ കൈപ്പുണ്യം അവർക്കുമുണ്ട്. മാംസാഹാരം ഒന്നും കഴിക്കില്ലെങ്കിലും എല്ലാം നന്നായി പാചകം ചെയ്യും. അവളുടെ ഭക്ഷണശീലം തന്നെയാണ് കുട്ടികൾക്കും. മൗലൂദിനും ബന്ധുവീടുകളിലും അയല്പക്കങ്ങളിലും കല്യാണത്തിനോ മറ്റു പരിപാടികൾക്കോ പോയാൽ ഉമ്മയും മക്കളും പരിപ്പു കറിയുണ്ടോ എന്നന്വേഷിക്കും.

അവളോടുള്ള എന്റെ ഏറ്റവും വലിയ കടപ്പാട് നമസ്കാരത്തിൽ പുലർത്തുന്ന നിഷ്കർഷയാണ്. സ്ഥാപനത്തിന്റെയും സംഘടനയുടെയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത ശേഷം ആഴ്ചയിലൊരിക്കലൊക്കെയാണ് വീട്ടിൽ പോവുക. അതും ദീർഘ ദൂര യാത്രകൾക്ക് ശേഷം. ഞാൻ ഉറങ്ങിപ്പോയാലും തഹജ്ജുദിന്റെ സമയമാകുമ്പോൾ (പുലർച്ചെ സുബ്ഹി ബാങ്കിനു മുൻപുള്ള നമസ്കാരം) വിളിച്ചുണർത്തും. വിവാഹത്തിന്റെ ആദ്യദിവസം മുതൽ തുടങ്ങിയ ശീലമാണത്. അന്നു ഞാൻ നമസ്കരിക്കുന്നത് കണ്ടപ്പോൾ അതേ കുറിച്ചുള്ള വിശദശാംശങ്ങൾ ചോദിച്ചു. തഹജ്ജുദ് പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പറഞ്ഞുകൊടുത്തു.

അതിൽ പിന്നെ ഒരിക്കൽ പോലും അവർ തഹജ്ജുദിൽ വീഴ്ച വരുത്തിയിട്ടില്ല. പല ദിക്റുകളുടെയും ഇജാസത്ത് ചോദിച്ചു വാങ്ങുകയും അവ പതിവാക്കുകയും ചെയ്യും. പൂനൂർ ആശുപത്രിയിൽ പ്രസവത്തിനു വരുന്നവർ മന്ത്രിക്കാൻ വീട്ടിൽ വരും. മിക്ക  ദിവസങ്ങളിലും ഞാനവിടെ ഉണ്ടാവില്ല, വരുന്നവർ മടങ്ങിപ്പോകേണ്ടി വരും. അപ്പോൾ വരുന്നവർ സൈനബയോട് മന്ത്രിച്ചു കൊടുക്കാൻ പറയും. ഈ വിവരം പറഞ്ഞപ്പോൾ ഞാനവൾക്ക് മന്ത്രിക്കാനുള്ള ഇജാസത്തും നൽകി.    

വീട്ടിൽനിന്നു രാവിലെ പുറപ്പെട്ടാൽ രാത്രി വൈകിയേ ഞാൻ തിരിച്ചെത്തുകയുള്ളൂ. അതിനിടയിൽ ആകെ ഒഴിഞ്ഞു കിട്ടുന്ന സമയം  പുലർച്ച നേരമാണ്.  വീട്ടുകാര്യങ്ങളൊക്കെ ഈ നാലുമണി സമയത്താണ് പറയാറ്. കുടുംബത്തിൽ നടക്കുന്ന കല്യാണങ്ങൾ, മറ്റു ചടങ്ങുകൾ എല്ലാം സൈനബ ഓർത്തു പറയും. ഓരോയിടത്തും കൊടുക്കേണ്ട പൈസ കവറിലിട്ടു കൊടുക്കും. ഒരിക്കൽ ശൈഖുനാ സി.എം. മടവൂർ വീട്ടിൽ വന്നു. സംസാരിക്കുന്നതിനിടെ വീട്ടുകാരിയില്ലേ എന്നു ചോദിച്ചു. ചായ ഉണ്ടാക്കുകയാണ് എന്നു ഞാൻ മറുപടി പറഞ്ഞു.

‘അവരാണോ ഇവിടെ ചായ ഉണ്ടാക്കുന്നത്?’ ശൈഖുനാ സിഎം മൂന്നു തവണ ആവർത്തിച്ചു ചോദിച്ചു. ചോദ്യത്തിന്റെ ശൈലിയിൽ  തന്നെ അൽപ്പം കടുപ്പം  ഉണ്ടായിരുന്നു. ഉടനെ ഒരു ജോലിക്കാരിയെ ഏർപ്പാട് ചെയ്തു. അതിൽപിന്നെ ഒരിക്കൽ പോലും സഹായികൾ വീട്ടിൽ നിന്ന് ഒഴിഞ്ഞിട്ടില്ല.  വീട്ടിലെ കാര്യങ്ങളുടെ മേൽനോട്ടം മുഴുവനും സൈനബയാണ്  നിർവഹിക്കുന്നത്. എല്ലാ കാര്യങ്ങളും എഴുതി സൂക്ഷിക്കുന്ന ഒരു നോട്ട് ബുക്ക് ഉണ്ടവർക്ക്.

കുടുംബത്തിലെ ജനനം, മരണം, തേങ്ങയുടെയും അടയ്ക്കയുടെയും കണക്ക്, വാങ്ങിയ  സാധനങ്ങൾ, ചെലവഴിച്ച പൈസ  എല്ലാം അതിൽ കൃത്യമായി എഴുതി സൂക്ഷിച്ചിട്ടുണ്ടാകും. ഞാൻ ചോദിച്ചിട്ടോ എന്നെ കാണിക്കാൻ വേണ്ടിയോ അല്ല അവരത് ചെയ്യുന്നത്.  ശീലത്തിന്റെ ഭാഗമാണ്. കച്ചവടക്കാരനായ ഉപ്പയിൽ നിന്നു കിട്ടിയ  സ്വഭാവമാണത്. നെല്ലു കുത്താനും അരിപൊടിക്കാനുമൊക്കെ ഏർപ്പാട് ചെയ്യുന്നതും മകൻ ഹകീമിനെ എല്ലാ ആഴ്ചയും റേഷൻ വാങ്ങാൻ പറഞ്ഞയയ്ക്കുന്നതുമൊക്കെ അവർ തന്നെ. 

കല്യാണം കഴിഞ്ഞ ആദ്യകാലങ്ങളിൽ  സൈനബ അവരുടെ വീട്ടിൽ തന്നെയാണ് അധികവും താമസിച്ചത്. കാന്തപുരത്തെ സ്വന്തമായ  വീടുണ്ടാക്കിയ ശേഷമാണ് അവരെ വീട്ടിലേക്കു കൊണ്ടുവന്നത്. മക്കയിലേക്കും മദീനയിലേക്കും ഞങ്ങളൊരുമിച്ചു പല തവണ  യാത്ര ചെയ്തു. ഒരിക്കൽ ബൈത്തുൽ മുഖദ്ദസിലേക്കും അജ്മീറിലേക്കും ഏർവാടിയിലേക്കും പോയി. ഒന്നിച്ചല്ലാത്ത യാത്രകൾ കഴിഞ്ഞു വരുമ്പോൾ എന്തെങ്കിലും ഹദിയ (സമ്മാനം) അവൾക്ക് വാങ്ങി വയ്ക്കും. വസ്ത്രങ്ങളോ അത്തറോ ആണ് അധികവും വാങ്ങുക.

സൈനബാക്കും മക്കൾക്കും  അർഹതപ്പെട്ട സമയങ്ങൾ  കവർന്നെടുത്താണ്  ഞാൻ പല സാമൂഹിക  പ്രവർത്തനങ്ങൾക്കും ഇറങ്ങിത്തിരിക്കാറുള്ളത്. അതിലൊന്നും ഒരിക്കലും അവർ പരാതി പറഞ്ഞില്ല. വീട്ടിലെ അസൗകര്യങ്ങളെക്കുറിച്ചു വേവലാതിപ്പെട്ടില്ല..  പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന വീട്ടിൽ 1975- 76 കാലത്താണ്  വൈദ്യതി കണക്‌ഷൻ  കിട്ടുന്നത്. 1980കളുടെ തുടക്കത്തിൽ കോഴിക്കോട്ടു നിന്ന് ഒരു സെക്കൻഡ് ഹാൻഡ് ഫാൻ വാങ്ങി വന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട്.  ബഹ്റൈനിൽ നിന്നു വന്ന ഒരാളുടെ കയ്യിൽ നിന്നും വാങ്ങിയതാണ് ക്രോംപ്ടന്റെ ആ ഫാൻ.

കോഴിക്കോട് നിന്നും ബസ്സിൽ കയറ്റിയാണത് പൂനൂരിൽ  എത്തിച്ചത്. ഇതേപോലെ ബസ്സിൽ കയറ്റിയാണ് വീട്ടിലേക്ക് ആദ്യമായി രണ്ടു കസേരകൾ ഞാനും മകൻ ഹകീമും ചേർന്ന്  കോഴിക്കോട്ടു നിന്നു വാങ്ങിക്കൊണ്ടുവന്നതും. നിങ്ങളിൽ ഏറ്റവും മികച്ചവർ ഭാര്യയോട്  ഏറ്റവും നന്നായി പെരുമാറുന്നവരാണ് എന്നാണല്ലോ ഹദീസ് (പ്രവാചകവചനം). ആ ഹദീസിൽ  വാഗ്ദാനം ചെയ്ത പദവി നേടിയെടുക്കുക എന്നതാണ് ഭർത്താവ് എന്ന നിലയിലുള്ള എന്റെ കടമ. സൈനബയുടെയടുത്ത് വിജയിച്ചാലല്ലേ അതിനു കഴിയുകയുള്ളൂ.

ജീവിതത്തിൽ അവളെടുത്ത ക്ഷമയും  വിട്ടുവീഴ്ചകളുമാണ് എന്റെ പൊതുപ്രവർത്തനങ്ങളെ ഒരർഥത്തിൽ എളുപ്പമുള്ളതാക്കിയത്.  സമൂഹത്തെ സേവിക്കണം എന്ന വിശാലമായ ആഗ്രഹം ഉള്ളവർക്കേ അതിനു കഴിയൂ.  സൈനബയ്ക്ക് അതുണ്ട്. സ്വന്തം മക്കൾക്ക് മാത്രമല്ല അടുത്തറിയുന്നവർക്കെലാം അവർ  ഉമ്മച്ചി ആയി മാറിയത് അങ്ങനെയൊരു സമീപനം  ഉള്ളതുകൊണ്ടാണ്. അതിനു ഞാനവരോട് എപ്പോഴും കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഭൂമിയിൽ വച്ച് അതിനുള്ള കടപ്പാട് തീർക്കാൻ ഞാൻ അശക്തനാണ്.

ഞാനെന്തൊരു നന്മയിൽ പങ്കാളിയാകുമ്പോഴും  അതവർക്ക് കൂടിയുള്ളതാണെന്നു മനസ്സിൽ കരുതും.  പണമായി കൊടുക്കുന്ന സഹായമാണെങ്കിൽ അതിൽ അവരെ കൂടി പങ്കാളിയാക്കും. അവരുടെ പേരിൽ സ്വദഖ (ദാനം) ചെയ്യാൻ വേണ്ടി ഒരു തുക മാറ്റിവയ്ക്കും. പരലോകത്തെത്തുമ്പോൾ സൈനബക്കു വേണ്ടിയുള്ള എന്റെ കരുതലും സമ്മാനവുമാണത്.

(കാന്തപുരത്തിന്റെ ആത്മകഥ ‘വിശ്വാസപൂർവം’ ഈ മാസാവസാനം കോഴിക്കോട്ട് പ്രകാശനം ചെയ്യും)

English Summary:

Life Story of Kanthapuram AP Aboobacker Musliyar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com