ADVERTISEMENT

ഉന്നം പിഴയ്ക്കാത്ത ഷൂട്ടർ എന്ന നിലയിൽ കായികരംഗത്തുമാത്രമല്ല, മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ കാൽനൂറ്റാണ്ടു കാലം ലോക്സഭയിലും നിറഞ്ഞുനിന്ന ബിക്കാനിറിന്റെ അവസാനത്തെ മഹാരാജാവ് ഡോ. കാർണി സിങ്ങിന്റെ പ്രതിഭയ്ക്ക് ഇന്നും പത്തരമാറ്റ് തിളക്കം. ബിക്കാനീർ മഹാരാജാവായിരുന്ന ഗംഗ സിങ്ങിന്റെ ചെറുമകനായി 1924 ഏപ്രിൽ 21നാണ് കാർണി സിങ്ങിന്റെ ജനനം.  പിതാവ് ലെഫ്. ജന.സാദുൽ സിങ്ജി ബഹാദൂർ അന്നു ബിക്കാനിർ രാജകുമാരനായിരുന്നു. കാർണിയുടെ ജനനം ബിക്കാനിർ ചരിത്രമാക്കി. ദിവസങ്ങൾ നീണ്ട ആഘോഷത്തിന് കൊട്ടാരം വേദിയായി.

ബിക്കാനിർ ഭരിക്കുന്ന മഹാരാജാവിന് ഒരു ആൺകുട്ടി ചെറുമകനായി ജനിച്ചത് 100 വർഷത്തിനിടയിൽ ആദ്യമായിരുന്നു. ആയിരം തടവുകാരെയാണ് അന്നു മോചിപ്പിച്ചത്. മുത്തച്ഛനിൽനിന്നും അച്ഛനിൽനിന്നു ഷൂട്ടിങ്ങിന്റെ ബാലപാഠങ്ങൾ പഠിച്ചു. മുത്തച്ഛൻ ഗംഗ സിങ്ങിനൊപ്പം രണ്ടാം ലോകയുദ്ധത്തിൽ കാർണി പങ്കെടുത്തു. പിതാവിന്റെ മരണത്തോടെ, 1950ൽ മഹാരാജാവായി അവരോധിക്കപ്പെട്ടു. 1952ലെ പ്രഥമ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിക്കാനിർ മണ്ഡലത്തിൽനിന്നു സ്വതന്ത്രനായി വിജയം. രാഷ്ട്രീയപാർട്ടികളുടെ പിന്തുണയില്ലാതെ 5 തവണ സ്വതന്ത്രനായി മൽസരിച്ച കാർണി തുടർച്ചയായി 25 വർഷമാണ് (1952–77) എംപിയായത്.

ഇതിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഷൂട്ടിങ് താരങ്ങളിൽ ഒരാളായി കാർണി സിങ് മാറി. 1961, 1962, 1966, 1967, 1969 ലോക ഷൂട്ടിങ് ചാംപ്യൻഷിപ്പുകളിൽ മൽസരിച്ചു. 1962ൽ കെയ്‌റോയിൽ (ക്ലേ പീജിയൻ വിഭാഗം) വെള്ളി മെഡൽ നേടിയതോടെ ലോക ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവായി. 1960, 1964, 1968, 1972, 1980 ഒളിംപിക്‌സുകളിൽ പങ്കെടുത്തു. അർജുന അവാർഡ് ഏർപ്പെടുത്തിയ 1961ൽ തന്നെ ജേതാവായി.

പതിനേഴു വർഷം (1960–77) ദേശീയ ഷൂട്ടിങ് ചാംപ്യനായിരുന്നു. രണ്ടാമത് ഏഷ്യൻ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ (സോൾ, 1971) സ്വർണം നേടി. 1974 ഏഷ്യൻ ഗെയിംസിൽ (ടെഹ്‌റാൻ) ഒരു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി. 1982ലെ ഡൽഹി ഏഷ്യാഡിൽ ഇന്ത്യൻ പതാകയേന്തിയതും കാർണി സിങ് തന്നെ. അക്കുറി ടീം ഇനത്തിൽ ഒരു വെള്ളി മെഡലും കഴുത്തിലണിഞ്ഞു. തന്റെ ഷൂട്ടിങ് അനുഭവങ്ങളെ കോർത്തിണക്കി അദ്ദേഹം എഴുതിയ ‘ഫ്രം റോം ടു മോസ്‌കോ’ ഏറെ പ്രശസ്‌തമായ പുസ്‌തകമാണ്.

1977ൽ പാർലമെന്ററി രാഷ്ട്രീയത്തോട് വിടചൊല്ലി. 1988 സെപ്റ്റംബർ ആറിന് ന്യൂഡൽഹിയിൽ 64–ാം വയസ്സിൽ മരണം. പിതാവിന്റെ പാത പിൻപറ്റി അദ്ദേഹത്തിന്റെ മകൾ രാജ്യശ്രീ കുമാരിയും മികച്ചൊരു ഷൂട്ടറായി. അവർക്കും അർജുന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

English Summary:

Sunday Special about Karni Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com