ലക്ഷ്യം ആണവനിരായുധീകരണം: ട്രംപ് – കിം രണ്ടാം ഉച്ചകോടി വിയറ്റ്നാമിൽ

Donald Trump, Kim Jong Un
SHARE

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ്രടംപും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാംവട്ട കൂടിക്കാഴ്ച 27, 28 തീയതികളിൽ വിയറ്റ്നാമിൽ. ചരിത്രം കുറിച്ച ആദ്യ ഉച്ചകോടി കഴിഞ്ഞ വർഷം സിംഗപ്പുരിലായിരുന്നു. രണ്ടാം ഉച്ചകോടിയുടെ വിവരം ട്രംപ് യുഎസ് കോൺഗ്രസിലാണു പ്രഖ്യാപിച്ചത്. വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലോ തീരദേശ ടൂറിസം നഗരമായ ഡാ നാങ്ങിലോ ആയിരിക്കും ഉച്ചകോടിയെന്നു കരുതുന്നു. യുഎസിനും ഉത്തരകൊറിയയ്ക്കും നയതന്ത്ര ബന്ധമുള്ള രാജ്യമാണ് വിയറ്റ്നാം.

ഉത്തരകൊറിയയുടെ ആണവനിരായുധീകരണ പ്രക്രിയയ്ക്കു തുടക്കമിടാനുള്ള ചർച്ചകളാണ് വിയറ്റ്നാമിലുണ്ടാവുക. സിംഗപ്പുർ കൂടിക്കാഴ്ചയ്ക്കു ശേഷം ആണവ, മിസൈൽ പരീക്ഷണങ്ങളൊന്നും ഉത്തരകൊറിയ നടത്തിയിട്ടില്ലെങ്കിലും കൈവശമുള്ള ആണവായുധ ശേഖരം നശിപ്പിക്കാൻ അവർ സമ്മതിച്ചിട്ടില്ല. കിമ്മുമായി നല്ല ബന്ധമാണെന്നും കൊറിയയുടെ മിസൈൽ വിക്ഷേപണങ്ങളും ആണവപരീക്ഷണങ്ങളും 15 മാസമായി നിർത്തിയിരിക്കുകയാണെന്നും ട്രംപ് യുഎസ് കോൺഗ്രസിൽ പറഞ്ഞു. ഉത്തരകൊറിയയുമായുള്ള ചർച്ച തന്റെ നേട്ടമായും എടുത്തുകാട്ടി. ‘ഞാൻ അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ നമ്മൾ (യുഎസ്) ഇപ്പോൾ കൊറിയയുമായി വലിയൊരു യുദ്ധത്തിലായിരുന്നേനെ’ – ട്രംപ് പറഞ്ഞു.

മിസൈൽ സംവിധാനങ്ങൾ വിമാനത്താവളങ്ങളിൽ ഒളിപ്പിച്ചു: യുഎൻ

ഉത്തരകൊറിയയുടെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ അതേപടി നിലവിലുണ്ടെന്നും യുഎസ് ആക്രമണം ഭയന്ന് അവ വിമാനത്താവളങ്ങളിലും മറ്റുമായി ഒളിപ്പിച്ചിരിക്കുകയാണെന്നും യുഎൻ വിദഗ്ധ സംഘം. ആണവ പരീക്ഷണങ്ങളുടെ പേരിൽ ഉത്തരകൊറിയയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഫലപ്രദമല്ലെന്നും അതിനെ മറികടന്ന് അവർ എണ്ണ ഉൾപ്പെടെ ഇറക്കുമതി ചെയ്യുകയും കൽക്കരി വിൽക്കുകയും ആയുധശേഖരണം നടത്തുകയും ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ് രഹസ്യാന്വേഷണ ഏജൻസികളും നേരത്തെ ഇതേ നിഗമനത്തിൽ എത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA