ലഷ്കർ വല വിരിക്കുന്നു; ഭീകരരാകാൻ തയാറായി യുഎസിലും യുവാക്കൾ

terrorism
SHARE

വാഷിങ്ടൻ ∙ നിരോധിത ഭീകരസംഘടനയായ ലഷ്കറെ തയിബ അമേരിക്കൻ യുവാക്കളിൽ സ്വാധീനമുറപ്പിച്ചുതുടങ്ങി. രാജ്യത്തിനകത്തു നിന്നു തന്നെ ഭീകരപ്രവർത്തനത്തിലേക്ക് യുവാക്കൾ ആകർഷിക്കപ്പെടുന്നത് സുരക്ഷാ ഏജൻസികളിൽ ഉത്കണ്ഠ ഉണർത്തുന്നു.

ഭീകരസംഘടനയിൽ ചേരുന്നതിനായി പാക്കിസ്ഥാനിലേക്കു പോകാനൊരുങ്ങിയ മൻഹാറ്റൻ സ്വദേശിയായ യുവാവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലേക്കുള്ള വിമാനത്തിൽ കയറാൻ ജോൺ എഫ്. കെന്നഡി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ജീസസ് വിൽഫ്രെഡോ എൻകാർനേഷ്യൻ (29) ആണ് അറസ്റ്റിലായത്. ഇതിനിടെ, ലഷ്കറിൽ ആളെ ചേർക്കുന്നതിനായി ടെക്സസിൽ സമൂഹമാധ്യമങ്ങളിലൂടെ ശ്രമം നടത്തിയ കൈൽ സെവലിനെതിരെ (18) എഫ്ബിഐ കേസെടുത്തു. മുൻപ് അറസ്റ്റിലായവരെപ്പോലെ ഇവർ ദക്ഷിണേഷ്യൻ വംശജരല്ലെന്നതാണ് സർക്കാരിനെ ഞെട്ടിക്കുന്ന കാര്യം.

ലഷ്കറിൽ ചേരണമെന്നും ആളുകളെ കൊല്ലണമെന്നും എൻകാർനേഷ്യൻ തന്റെ കൂട്ടാളിയോടു പറഞ്ഞതായി അറിവായിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നു പരിശീലനം നേടിയശേഷം തിരിച്ചെത്തി ആക്രമണം നടത്താനായിരുന്നു പദ്ധതി. യുഎസ്, യുഎൻ വിലക്കുകളുള്ള ലഷ്കർ ആണ് മുംബൈയിൽ 2008 ൽ 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടത്തിയത്. കിരാതവാസനകൾ മനസ്സിൽ ഉണർത്താനും ആളുകളെ കൊല്ലുന്നതിനുള്ള പരിശീലനം നൽകാനും ഇന്റർനെറ്റും സമൂഹമാധ്യമവും വഴിയാണ് ഇവർ ശ്രമം നടത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA