ADVERTISEMENT

കൊളംബോ ∙ എൽടിടിഇയുമായുള്ള രൂക്ഷമായ ആഭ്യന്തരയുദ്ധം അവസാനിച്ച ശേഷം കൊളംബോയിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലത്തേത്. 10 വർഷത്തെ ശാന്തതയ്ക്കുശേഷം കൊളംബോ വീണ്ടും ചോരക്കളമായി. ആദ്യ ആറു സ്ഫോടനങ്ങൾക്കുശേഷം ഉച്ച കഴിഞ്ഞ് 2 സ്ഫോടനങ്ങൾ കൂടിയുണ്ടായി. ഇതിൽ രണ്ടെണ്ണം ചാവേറുകൾ പൊട്ടിത്തെറിച്ചതാണ്. 

രാവിലെ 8.45ന് ഈസ്റ്റർ ആരാധനയ്ക്കിടെ, കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയിലും നഗോംബോ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും ബട്ടിക്കലോവയിലെ സിയോൻ ചർച്ചിലുമായിരുന്നു ആദ്യ സ്ഫോടനങ്ങൾ. ശ്രീലങ്ക ദേശീയ പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുളള സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുണ്ട്. അൻപതിലേറെപ്പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ മേൽക്കൂര തകർന്നു.

പിന്നാലെ കൊളംബോയിലെ വിദേശസഞ്ചാരികളുടെ താമസകേന്ദ്രങ്ങളായ ഷാങ്ഗ്രില, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ പഞ്ചനക്ഷത്രഹോട്ടലുകളിലും ഉഗ്ര സ്ഫോടനങ്ങളുണ്ടായി. സിനമൺ റസ്റ്ററന്റിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉച്ച കഴിഞ്ഞു കൊളംബോയുടെ തെക്കൻ മേഖലയിലെ ദേശീയ മൃഗശാലയ്ക്കു സമീപമായിരുന്നു ഏഴാം സ്ഫോടനം. ഇതിൽ 2 പേർ മരിച്ചു. 

പിന്നാലെ കൊളംബോയുടെ വടക്കൻമേഖലയിൽ പൊലീസ് ഒരു വീട്ടിൽ പരിശോധനയ്ക്കു ചെന്നപ്പോഴായിരുന്നു എട്ടാം സ്ഫോടനം. ഇവിടെ ചാവേർ ഉൾപ്പെടെ 2 പേർ മരിച്ചു. 

ആസൂത്രിതമായ സ്ഫോടനപരമ്പരകൾക്കു പിന്നിൽ ആരാണെന്നു കണ്ടെത്തിയിട്ടില്ല .ഒരു സംഘടനയും ഉത്തരവാദിത്തമേറ്റിട്ടില്ല. പ്രത്യേക തമിഴ് രാജ്യത്തിനു വേണ്ടി പോരാടിയ എൽടിടിഇയുടെ (ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം) ചാവേർ സ്ഫോടനങ്ങൾ ആഭ്യന്തരയുദ്ധകാലത്തു പതിവായിരുന്നു. മൂന്നു ദശകം നീണ്ട വംശീയകലാപത്തിനൊടുവിൽ 2009 ലാണു ശ്രീലങ്കൻ സൈന്യം തമിഴ് പുലികളെ ഇല്ലായ്മ ചെയ്തത്.

അതീവജാഗ്രത, നിശാനിയമം 

കൊളംബോ രാജ്യാന്തര വിമാനത്താവളത്തിൽ വൻസുരക്ഷ ഏർപ്പെടുത്തി. നിശാനിയമം പ്രഖ്യാപിച്ച നഗരം സുരക്ഷാസേനയുടെ നിയന്ത്രണത്തിലായി. എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കി. അവധിയിലുള്ള ഡോക്ടർമാരോടും നഴ്സുമാരോടും ആരോഗ്യപ്രവർത്തകരോടും അടിയന്തരമായി ജോലിക്കു ഹാജരാകാൻ നിർദേശിച്ചു. സർവകലാശാലകൾക്ക് അവധി നൽകി. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ അധ്യക്ഷതയിൽ ദേശീയ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേർന്നു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നു കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷനും അറിയിച്ചു. 

കേരളത്തിൽനിന്ന് മെഡിക്കൽ സംഘം 

തിരുവനന്തപുരം ∙ കൊളംബോയിലേക്കു പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കാൻ കേരളം ആലോചിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യ മന്ത്രി 15 അംഗ മെഡിക്കൽ സംഘം രൂപീകരിച്ചു. തുടർനടപടികൾക്കായി വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

അപലപിച്ച് മാർപാപ്പ 

വത്തിക്കാൻ സിറ്റി ∙ ഈസ്റ്റർ ഞായറാഴ്ചയിൽ ശ്രീലങ്കയിൽ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു ഫ്രാൻസിസ് മാർപാപ്പ. ശ്രീലങ്കയിലെ ആക്രമണത്തിന് ഇരകളായവർക്കു വേണ്ടി പ്രാർഥിക്കുന്നുവെന്ന് ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രസംഗിക്കവേ മാർപാപ്പ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com