പ്രശംസിച്ചെഴുതി; കേസിൽ ട്രംപ് മാപ്പു നൽകി

Conrad-Black
കോൺറാഡ് ബ്ലാക്
SHARE

വാഷിങ്ടൻ ∙ തന്നെ പുകഴ്‌ത്തി ജീവചരിത്രമെഴുതിയ മുൻ പത്രമുടമയ്ക്കെതിരായ കേസുകളിൽ ശിക്ഷ ഒഴിവാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഷിക്കാഗോ സൺ–ടൈംസ്, ഡെയ്‌ലി ടെലിഗ്രാഫ് ഓഫ് ലണ്ടൻ അടക്കമുള്ള പത്രങ്ങളുടെ ഉടമയായിരുന്ന കോൺറാഡ് ബ്ലാക്കിനാണു പ്രസിഡന്റ് പൂർണ മാപ്പ് നൽകിയത്.

2007 ൽ യുഎസിൽ വിവിധ പണത്തട്ടിപ്പു കേസുകളിൽ ശിക്ഷിക്കപ്പെട്ട ബ്രിട്ടിഷ് പൗരനായ ബ്ലാക് മൂന്നര വർഷം ഫ്ലോറിഡയിൽ തടവിലായിരുന്നു. മറ്റു 2 കേസുകളിൽ വിചാരണ നടക്കുന്നതിനിടെയാണ് പ്രസിഡന്റു മാപ്പ് നൽകിയത്. കഴിഞ്ഞ വർഷമാണ് ബ്ലാക് എഴുതിയ ‘ഡോണൾഡ് ജെ. ട്രംപ്: എ പ്രസിഡന്റ് ലൈക് നോ അതർ’ പ്രസിദ്ധീകരിച്ചത്. തനിക്കു മാപ്പു നൽകിയെന്നു ട്രംപ് ഫോണിൽ വിളിച്ചു പറഞ്ഞതായി ബുധനാഴ്ച പത്രപംക്തിയിൽ ബ്ലാക് എഴുതിയിരുന്നു.

ബിസിനസ് രംഗത്തും രാഷ്ട്രീയ, ചരിത്ര ചിന്തയിലും ബ്ലാക് ശക്തമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും മുൻ പ്രസിഡന്റുമാരായ റൂസ്‌വെൽറ്റിന്റെയും നിക്‌സന്റെയും ജീവചരിത്രമഴുതിയിട്ടുണ്ടെന്നുമാണു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്‌സ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്. ട്രംപിന്റെ ജീവചരിത്രം പരാമർശിച്ചിട്ടില്ല. 2012 ൽ ഫ്ലോറിഡ ജയിലിൽ നിന്നു മോചിതനായശേഷം ബ്ലാക്കിനെ യുഎസിൽനിന്നു നാടുകടത്തിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA